എൻ കാതലെ: ഭാഗം 44

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ വർണയെ നോക്കി മുറ്റത്തേക്ക് ഇറങ്ങിയതും ഉമ്മറത്തെ സ്റ്റേപ്പിലായി ഭദ്രയും ശിലുവും ഇരിക്കുന്നു. വർണ മുറ്റത്ത് വച്ചിരിക്കുന്ന ചെടി ചട്ടികളിലെ പൂവുകളെ കുറിച്ച് നിന്ന് ക്ലാസ് എടുക്കുകയാണ്. " ഇത് വെറും രണ്ട് ചെടിയല്ലാ ദത്താ. നമ്മുടെ മക്കളാ "പണ്ട് സനൂപിന്റെ പെങ്ങൾ വർണയുടെ ചെടികൾ നശിപ്പിച്ചപ്പോൾ അവൾ പരാതി പറഞ്ഞ് കരഞ്ഞത് ദത്തന് ഓർമ വന്നു. വർണ കാര്യമായ ക്ലാസ്സെടുക്കലിൽ ആണ് ഭദ്രയും ശിലുവും താടിക്ക് കൈ കൊടുത്ത് അതെല്ലാം കേൾക്കുന്നുണ്ട്. " ഇത്തിരി സ്ഥലം തന്നാൽ അടിയനു കൂടി ഇരിക്കാമായിരുന്നു. " അത് പറഞ്ഞ് ദത്തൻ ഭദ്രയുടേയും ശിലുവിന്റെയും ഇടയിൽ കയറി ഇരുന്നു. "നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നേ. എന്നേ എന്താ ആദ്യമായിട്ട് കാണുകയാണോ " ശിലുവിന്റെയും ഭദ്രയുടേയും നോട്ടം കണ്ട് ദത്തൻ ചോദിച്ചതും രണ്ടു പേരും കരച്ചിലോടെ ദത്തന്റെ തോളിലേക്ക് ചാഞ്ഞു. "അയ്യേ ... ഇതെന്താ നിങ്ങൾ കരയുന്നേ. നിങ്ങളുടെ ഇടയിൽ കയറി ഇരുന്നത് കൊണ്ടാണോ. എന്നാ ഞാൻ പോയേക്കാം. സയാമിസിസ് ഇരട്ടകൾ കരയണ്ട " അത് കേട്ടതും രണ്ടു പേരും അവനെ കൂർപ്പിച്ച് നോക്കി. "സോറി എട്ടാ . ഞങ്ങൾ .. ഞങ്ങൾ പേടിച്ചിട്ടാ എട്ടനോട് മിണ്ടാൻ വരാതെ ഇരുന്നത്" ഭദ്ര തേങ്ങി കൊണ്ട് പറഞ്ഞു.

" അതൊന്നും സാരില്യ. എന്റെ കുട്ടികൾ ആദ്യം കണ്ണ് തുടച്ചേ " " ഈ വീട്ടിൽ വന്നിട്ട് ഇത്രയും ദിവസമായിട്ടും എട്ടന് ഇന്നാണോ ഞങ്ങളെ ഓർമ വന്നത് " ശിലു കണ്ണു തുടച്ച് പരാതി പറഞ്ഞു. "സോറി എന്റെ ശിലു മോളേ ..ഞാൻ കരുതി നിങ്ങൾക്കും എന്നോട് ദേഷ്യമാണെന്ന് വെറുപ്പാണെന്ന് . " " ഞങ്ങൾക്ക് അങ്ങനെ എട്ടനെ വെറുക്കാൻ പറ്റോ. ചെറുപ്പം മുതൽ ഞങ്ങൾ കണ്ടു വളർന്നതല്ലേ ഈ ദേവേട്ടനെ . ആ എട്ടൻ തെറ്റ് ചെയ്യില്ലാ എന്ന് ഞങ്ങൾക്ക് അറിയാം" "പക്ഷേ ഇവിടെയുള്ള എല്ലാവരും എനിക്ക് എതിരായിരുന്നുല്ലോ. അതൊക്കെ കണ്ടും കേട്ടും നിങ്ങൾക്കും എന്നോട് ദേഷ്യമാണെന്ന് തെറ്റിദ്ധരിച്ചു. പിന്നെ ഇന്നലെ ദേ .. ഇവൾ പറഞ്ഞപ്പോഴാ ഞാൻ നിങ്ങളുടെ സങ്കടത്തെ പറ്റി അറിഞ്ഞത് " അത് പറഞ്ഞ് ദത്തൻ വർണയെ നോക്കി. അവളുടെ ആ നിൽപ് കണ്ടപ്പോൾ തന്നെ ദത്തന് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. അവൾ ദത്ത നേയും അവന്റെ അടുത്തിരിക്കുന്ന ശിലുവിനേയും ഭദ്രയേയും മാറി മാറി നോക്കി. മുഖം വീർപ്പിച്ചാണ് നിൽപ്പ്. " ഇതെന്താ നിനക്ക് പറ്റിയത് "

" ഇവടെ ഒരാള് തൊണ്ട പൊട്ടി ഇക്കണ്ട ചെടികളെ കുറിച്ച് പറയുമ്പോൾ നിങ്ങൾ അവിടെ സെന്റി സീൻ അഭിനയിച്ച് കൊണ്ട് ഇരിക്കാ. ലോകത്ത് ഇങ്ങനെ ഒരു ആങ്ങളയും പെങ്ങമാരും ഇല്ലാത്ത പോലെ" " ഇവൾക്ക് അസൂയ ആണ് എട്ടാ " "പിന്നെ എനിക്ക് എന്തിന് ആസൂയാ. നിങ്ങൾ അടുത്ത് ഇരിക്കുകയോ കെട്ടിപ്പിടിക്കുകയോ കരയുകയോ ചിരിക്കുകയോ എന്താ വച്ചാ ചെയ്യ് എനിക്കെന്താ .." അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു "അപ്പോ അതാണ് കാര്യം. ഏട്ടൻ ഞങ്ങളുടെ അടുത്ത് ഇരിക്കുന്നതും സംസാരിക്കുന്നതും ഇവൾക്ക് ഇഷ്ടമില്ല .ഇതിനെയാണ് പച്ച മലയാളത്തിൽ കുശുമ്പ് എന്ന് പറയുന്നത് " ഭദ്ര പറഞ്ഞതും വർണയുടെ മുഖം ഒന്നുകൂടി വീർത്തു . "കുശുമ്പോ... എനിക്കോ... പിന്നെ എനിക്ക് കുശുമ്പ് തോന്നാൻ മാത്രം എന്താ ഇവിടെ ഉള്ളത് . ആഹ്...ഇപ്പോഴാ എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. ദത്താ... നീ ഒന്നിങ്ങ് വന്നേ... ഒരു കാര്യമുണ്ട്..." വർണ്ണ ദത്തൻ്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു . "എന്ത് കാര്യം ..."അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ശിലു ചോദിച്ചു . "അതൊക്കെയുണ്ട് ...വാ ദത്താ..."അവൾ വീണ്ടും ദത്തൻ്റെ കൈ പിടിച്ചു വലിച്ചു . ദത്തൻ ഇരുന്നിടത്തുനിന്ന് എണീക്കാൻ നിന്നതും ശിലുവും ഭദ്രയും അതിന് സമ്മതിച്ചില്ല .

"എന്താ കാര്യം എന്ന് പറഞ്ഞിട്ടേ ഏട്ടനേ ഇവിടെ നിന്നും ഞങ്ങൾ വിടൂ..."ഭദ്ര തീർത്തു പറഞ്ഞു "അത് ...അത്... പിന്നെ ...എനിക്ക് അസൈമെൻറ് ഏഴുതാൻ ഉണ്ട് .അതാ ..." "നിനക്ക് അസൈമെൻറ് എഴുതാൻ എന്തിനാ ഏട്ടൻ വരുന്നേ..." "എന്നേ ഒരാള് ഹെൽപ്പ് ചെയ്യാൻ വേണം." അവൾ വീണ്ടും ദത്തൻ്റെ കൈപിടിച്ച് വലിച്ചു . "ഇത് ഇവളുടെ അടവാണ് . ഏട്ടനേ കൊണ്ടുപോകാൻ വേണ്ടി. ഇത്രയും നേരം ഇല്ലാത്ത അസൈൻമെൻറ് ഇവൾക്ക് ഇത്ര പെട്ടെന്ന് എങ്ങനെ വന്നു .പറ്റില്ല വർണ്ണ .. ഞങ്ങൾ സമ്മതിക്കില്ല " " ദത്താ നീ വരുമോ ഇല്ലയോ." " എട്ടാ ഏട്ടൻ പോകുമോ " ഒരുഭാഗത്ത് വർണ്ണയും മറുഭാഗത്ത് ശിലുവും ഭദ്രയും .ദത്തൻ ആകെ പെട്ട അവസ്ഥയിലാണ് . "ഒരു 5 മിനിറ്റ്... നിങ്ങൾ ഇവിടെ ഇരിക്ക്... ഞാൻ ഇവളുടെ കൂടെ പോയി ഇപ്പോ തന്നെ തിരികെ വരാം " ദത്തൻ ഒത്തുതീർപ്പ് എന്നപോലെ പറഞ്ഞു . "അപ്പോ ഇവളെ കിട്ടിയപ്പോ ഏട്ടന് ഞങ്ങളെ വേണ്ട അല്ലേ..." ശിലുവും ഭദ്രയും ഒരേ സ്വരത്തിൽ ചോദിച്ചു . "അതെ ...അങ്ങനെ ഏങ്കിൽ അങ്ങനെ ..." വർണ. "അത് നീയല്ല .ഏട്ടനാണ് പറയേണ്ടത്. പിന്നെ നിന്റെ ഭർത്താവ് ആവുന്നതിനു മുൻപേ ഞങ്ങളുടെ എട്ടനാണ് ഇത്. അപ്പോ പ്രയോറിറ്റി ഞങ്ങൾക്കാ..." " പിന്നെ .... അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി .ഞാൻ സമ്മതിക്കില്ല .

നിങ്ങളുടെ ഭാവം കണ്ടാൽ ലോകത്ത് വേറെ ആർക്കും ഏട്ടൻ ഇല്ലാത്തതുപോലെ ആണല്ലോ " " അതിന് നിനക്ക് എട്ടൻ ഇല്ലലോ ." ശിലുവും വിട്ടുകൊടുത്തില്ല . അത് കേട്ടതും വർണയ്ക്ക് തിരികെ പറയാൻ ഉത്തരം ഉണ്ടായിരുന്നില്ല. "ഇൻസൾട്ടിങ്ങ് .... എന്നെ നിർത്തി അങ്ങ് അപമാനിക്കുകയാണല്ലേ നിങ്ങൾ . നോക്കിക്കോ ഇതിന് ഞാൻ ഒരു പ്രതികാരം ചെയ്തിരിക്കും മാത്രമല്ല ഒരു ഏട്ടനേ കൊണ്ടുവന്ന് നിങ്ങളുടെ മുന്നിൽ നിർത്തിയില്ലെങ്കിൽ ഈ വർണ്ണയുടെ പേര് പട്ടിക്ക് ഇട്ടോ. വർണ്ണ വെല്ലു വിളിച്ചുകൊണ്ട് പറഞ്ഞു. " പിന്നെ നീ പറയുമ്പോഴേക്കും ഓടിവരാൻ കടയിൽ എടുത്തു വെച്ചിരിക്കുകയാണല്ലേ എട്ടൻമാരെ . പിന്നെ പട്ടിക്ക് ഒക്കെ വർണ എന്ന് പേരിടുന്നത് ബോർ അല്ലേ. അതിനും ഉണ്ടാവുമല്ലോ ഇത്തിരി നാണവും മാനവുമൊക്കെ " ഭദ്ര അത് പറഞ്ഞു നാവു വായിലേക്ക് ഇട്ടതും മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നതും ഒരുമിച്ചായിരുന്നു. "നോക്കിക്കോ ഇതിനു ഞാൻ പകരം ചോദിക്കും " വർണ്ണ കണ്ണ് നിറച്ചു കൊണ്ടാണ് അത് പറഞ്ഞത് .അതുകണ്ട് ഭദ്രയും ശിലുവും ഒന്ന് ഞെട്ടി .

അവർ പറഞ്ഞത് വർണയ്ക്ക് അത്രയും സങ്കടമായി എന്നവർ കരുതി. പക്ഷേ വർണ്ണയുടെ ഒരു സൈക്കോളജിക്കൽ മൂവ്മെന്റാണത് എന്ന് ദത്തനു മാത്രമേ അറിയാമായിരുന്നുള്ളൂ . ജീപ്പിൽ നിന്നും ഇറങ്ങിവന്ന പാർത്ഥി കാണുന്നത് ഉമ്മറത്തെ സ്റ്റെപ്പിൽ ഇരിക്കുന്ന ദത്തനേയും ഭദ്രയെയും ശിലുവിനെയും ആണ് . അവരുടെ മുന്നിൽ ആയി വർണ കണ്ണുനിറച്ച് നിൽക്കുന്നുമുണ്ട്. അതുകണ്ട് പാർത്ഥി അവളുടെ അരികിലേക്ക് നടന്നു. "എന്താ ഇവിടെ ....കുട്ടി എന്തിനാ കരയുന്നേ "പാർത്ഥി വർണയെ നോക്കി ചോദിച്ചതും അവൾ ഒന്നുകൂടി കണ്ണുനിറച്ച് അവനെ നോക്കി. "ഇവർ രണ്ടുപേരും എന്നെ കളിയാക്കി . അതിന് ഇവനും കൂട്ടുനിന്നു. " അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞതും പാർത്ഥി ശിലുവിനെയും ഭദ്രയേയും ഒന്ന് തറപ്പിച്ചു നോക്കി . "ഞങ്ങളോ ... എപ്പോ.." അവരിരുവരും ഒരേസ്വരത്തിൽ പറഞ്ഞു . "അതെ... നിങ്ങൾ തന്നെ.... എനിക്ക് ഏട്ടൻ ഇല്ല എന്നു പറഞ്ഞു കളിയാക്കിയില്ലേ .കടയിൽ പോയി വാങ്ങിക്കാൻ പറ്റുന്നതല്ല എന്ന് പറഞ്ഞില്ലേ ." അവിടെ എന്നാണ് നടക്കുന്നതെന്ന് മനസ്സിലാവാതെ നിൽക്കുകയാണ് പാർത്ഥി . "പാർത്ഥി എട്ടൻ എന്റെ എട്ടനാവുമോ.." വർണ അവന്റെ കൈയ്യിൽ ചുറ്റി പിടിച്ച് ചോദിച്ചതും ദത്തൻ ഒഴിച്ച് ബാക്കി മൂന്നു പേരും ഞെട്ടി. " പറ എട്ടാ .."

വർണ അവന്റെ കൈയ്യിൽ കുലുക്കി വീണ്ടും ചോദിച്ചതും അവന്റെ മുഖത്തെ ഞെട്ടൽ മാറി ഒരു പുഞ്ചിരി തെളിഞ്ഞു. "മ്മ് " അവൻ ഒന്ന് മൂളിയതും ഭദ്രയുടേയും ശിലുവിന്റെയും കിളികൾ എല്ലാം പറന്നു പോയി. ദത്തൻ ഇപ്പോൾ ദേഷ്യക്കാരൻ ആണെങ്കിലും പണ്ടൊക്കെ പാവം ആയിരുന്നു. തങ്ങളുടെ പൊട്ടത്തരങ്ങൾക്കും കുറുമ്പിനും ഒക്കെ കൂട്ടുനിൽക്കുന്നവൻ. പക്ഷേ പാർത്ഥി അങ്ങനെയല്ല. ഗൗരവക്കാരൻ ആണ് . അവനെ സ്റ്റേഷനിൽ അറിയപ്പെടുന്നത് തന്നെ ചെകുത്താൻ എന്നാണ്. അവനോട് നേരെ നിന്ന് സംസാരിക്കാൻ പാർവതിക്കു പോലും ചെറിയ ഭയമുണ്ട്. അങ്ങനെയുള്ള പാർത്ഥിയുടെ അടുത്ത് വർണ ഒരു കൂസലും ഇല്ലാതെ സംസാരിക്കുന്നത് കണ്ട് അവർക്ക് അത്ഭുതമായിരുന്നു. എന്നാൽ ദത്തൻ ഇതെല്ലാം മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നു. വർണ യുടെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും മനസിലാക്കിയെടുക്കുന്ന ദത്തൻ അവളുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പ്രവൃത്തി പ്രതീക്ഷില്ലെങ്കിലേ അത്ഭുതം ഉള്ളൂ. തന്റെ പിടിവാശി നേടാൻ അവൾ ഏത് കുരുട്ടുബുദ്ധിയും പ്രയോഗിക്കും എന്ന് അവളുടെ ദത്തന് അറിയാം. "കണ്ടോ ഇപ്പോ എങ്ങനെയുണ്ട്. നിങ്ങൾ എന്നേ കളിയാക്കിയിട്ട് 10 മിനിറ്റ് തികച്ചായില്ല. അപ്പോഴേക്കും കണ്ടില്ലേ ഞാൻ ഒരു എട്ടനെ കണ്ടുപിടിച്ചത്.

വർണ എന്നാ സുമ്മാവാ " അവരെ നോക്കി ഒന്ന് പുച്ഛിച്ച ശേഷം വർണ പാർത്ഥിയുടെ കൈയ്യും പിടിച്ച് അകത്തേക്ക് നടന്നു. "എട്ടൻ എന്തിനാ അവൾ പറയുന്നത് കേട്ട് ഇങ്ങനെ ഇളിച്ചു ഇരുന്നേ. എട്ടന് അവളെ ചീത്ത പറയാമായിരുന്നില്ലേ . കണ്ടില്ലേ കയ്യും പിടിച്ചുള്ള പോക്ക് " ശിലു കുശുബിൽ പറഞ്ഞു. "എന്റെ അനിയത്തിമാർക്ക് അസൂയ തീരെ ഇല്ലാത്തത് എന്തായാലും നന്നായി " ദത്തൻ അവരെ കളിയാക്കി. "വർണ പാർത്ഥിയുടെ കൈയ്യും പിടിച്ച് അകത്തേക്ക് വരുമ്പോൾ ദത്തന്റെ അമ്മ ഹാളിൽ നിൽക്കുന്നുണ്ടായിരുന്നു. അവരെ ഒരുമിച്ചു കണ്ടതും അമ്മ ദേഷ്യത്തിൽ അടുക്കളയിലേക്ക് പോയി. "ചായ എടുക്കട്ടെ പാർത്ഥി എട്ടാ " " വേണ്ടാ. ഞാൻ പോയി ഒന്ന് ഫ്രഷാവട്ടെ " വർണ അവന്റെ കൈയ്യിലെ പിടി വിട്ടതും പാർത്ഥി സ്റ്റയർ കയറി മുകളിലേക്ക് നടന്നു. ശേഷം വർണയെ ഒന്ന് തിരിഞ്ഞ് നോക്കി. " ഞാൻ ദേവന്റെ ശത്രുവല്ലേ . അവനെ ചതിക്കാൻ കൂട്ടു നിന്നവൻ അല്ലേ. എന്നിട്ട് വർണ എന്തിനാ എന്നോട് ഈ അടുപ്പം കാണിക്കുന്നേ " പാർത്ഥി തിരിഞ്ഞ് നിന്ന് സംശയത്തോടെ ചോദിച്ചു. " അതിന് കാരണം ഒന്നേ ഉള്ളൂ. പാർത്ഥിയേട്ടനും ദത്തന്റെ ചേരയല്ലേ . ഇവിടേക്ക് വരുമ്പോൾ ദത്തൻ പറഞ്ഞത് ആരെയും കണ്ണടച്ച് വിശ്വാസിക്കരുത്. എല്ലാവരോടും ഒരു അകലം പാലിക്കണം എന്നാണ്.

അല്ലാതെ അവൻ ആരോടും മിണ്ടരുത് എന്നോ സംസാരിക്കരുത് എന്നാേ പറഞ്ഞിട്ടില്ല. പിന്നെ എട്ടനും ദത്തനും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ട്. പക്ഷേ ഈ നിമിഷം വരെ പാർത്ഥിയേട്ടൻ നല്ല രീതിയിലെ എന്നോട് പെരുമാറിയിട്ടുള്ളൂ " അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി. " ഇതൊക്കെ എന്റെ അഭിനയം ആണെങ്കിലോ . നിന്നെ ചതിക്കാൻ വേണ്ടി ഞാനും കൂട്ടുനിൽക്കുന്നുണ്ടെങ്കിലോ..." " ഈ കുട്ടികളി കളിച്ച് നടക്കുന്നു എങ്കിലും എനിക്ക് കുറച്ച് ബുദ്ധിയും വിവരവും ഒക്കെ ഉണ്ട്. നല്ലത് എത് ചതി എത് എന്നൊക്കെ എനിക്ക് തിരിച്ചറിയാം. പിന്നെ എന്റെ ദത്തൻ കൂടെയുള്ളപ്പോ എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. ഇനി എനിക്കെന്തെങ്കിലും പറ്റിയാൽ ചോദിക്കാനും പറയാനും എനിക്ക് ആൾക്കാരൊക്കെ ഉണ്ട്. നാട്ടിൽ നിന്നും എന്റെ വേണിയും അനുവും ഒരു വരവ് വരും" പാർത്ഥി കാണുകയായിരുന്നു അവളിലെ മാറ്റം. ഇത്രയും നേരം കുട്ടിയായിരുന്നവൾ ഇപ്പോൾ മെച്വുരിറ്റിയോടെ സംസാരിക്കുന്നത്. ദത്തനിൽ അവൾക്കുള്ള വിശ്വാസം അവളുടെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നത്.

പാർത്ഥി ഒന്നും മിണ്ടാതെ വീണ്ടും സ്റ്റയർ കയറി മുകളിലേക്ക് നടന്നു. "ഇത്രയും മാസ് ഡയലോഗ് പറഞ്ഞിട്ട് എന്താ ചേട്ടൻ ഒരു മൈന്റും ഇല്ലാതെ മിണ്ടാതെ പോകുന്നേ " പിന്നിൽ നിന്നും വർണയുടെ ശബ്ദം കേട്ട് പാർത്ഥിക്ക് ചിരി വന്നു. "ഇപ്പോഴാണ് നീ ശരിക്കും എന്റെ അനിയത്തി ആയത് " പുഞ്ചിരിയോടെ പറഞ്ഞ് പാർത്ഥി മുകളിലേക്ക് പോയി. അവനു പിന്നാലെ വർണയും അവളുടെ റൂമിലേക്ക് പോയി. ഇതെല്ലാം കണ്ട് നിന്ന ഒരാൾ ദേഷ്യത്തിൽ ഫോണുമായി റൂമിലേക്ക് നടന്നു. ശേഷം ഒരാൾക്ക് കോൾ ചെയ്യ്തു. " അധികം വൈകരുത്. എത്രയും പെട്ടെന്ന് നീ ഇവിടെ എത്തണം. കാര്യങ്ങൾ എല്ലാം കൈ വിട്ട് പോകുകയാണ്. " അത് പറഞ്ഞ് ആ വ്യക്തി ഫോൺ കട്ട് ചെയ്തു. * ദത്തൻ ശിലുവിനോടും ഭദ്രയോടും കുറച്ച് നേരം സംസാരിച്ച് ഇരുന്നു. അപ്പോഴും അവന്റെ മനസ് മുഴുവൻ വർണയായിരുന്നു. അവൾ എവിടെയായിരിക്കും. എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്തയാണ് അവന്റെ മനസിൽ . " ഞാൻ ഇപ്പോ വരാം ട്ടോ. കുറച്ച് അത്യവശ്യ വർക്കുകൾ ചെയ്തു തീർക്കാൻ ഉണ്ട് . " ദത്തൻ പറഞ്ഞ് സ്റ്റേപ്പിൽ നിന്നും എണീറ്റു. " എട്ടാ കുറച്ച് മുൻപ് വർണയെ ദേഷ്യം പിടിപ്പിക്കാൻ ഞങ്ങൾ അങ്ങനെയൊക്കെ വെറുതെ പറഞ്ഞതാ ട്ടോ.

അവളോട് അതൊന്നും കാര്യമാക്കി എടുക്കല്ലേ എന്ന് പറയണേ" ഭദ്ര " അവൾ അതൊക്കെ അപ്പോഴേ മറന്നു കാണും . കുറച്ച് അസൂയയും കുശുമ്പും ഉണ്ടെന്നേ ഉള്ളൂ. ആളൊരു മണ്ടിയാ" ശിലു പറഞ്ഞു. "ശിലൂ വേണ്ടാ ട്ടോ ..ന്റെ കുഞ്ഞിനെ വെറുതെ കളിയാക്കിയാലുണ്ടല്ലോ... ആഹ്" ദത്തൻ "എട്ടന് അവളെ ഒരുപാട് ഇഷ്ടമാണല്ലേ. അവൾക്കും തിരിച്ച് അങ്ങനെ തന്നെയാണ്. . പക്ഷേ അവളെ ഈ വീട്ടിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ലാ എട്ടാ . നമ്മുടെ അമ്മയുടേയും അപ്പച്ചിയുടേയും മുത്തശിയുടേയും സ്വഭാവം എട്ടന് അറിയുന്നതല്ലേ . അമ്മ ഇതുവരെ അവളെ ഒന്ന് സ്നേഹത്തോടെ നോക്കിയിട്ടില്ല. ഒന്ന് സംസാരിച്ചിട്ടില്ല. " " അതൊന്നും സാരില്യ. ന്റെ കുട്ടിക്ക് ഞാൻ ഇല്ലേ കൂട്ടിന് . അത് മതി. പിന്നെ അവൾ നിങ്ങൾ വിചാരിക്കുന്ന പോലെ ഒരു കുട്ടിയല്ല. മനസിൽ എന്തേങ്കിലും വിചാരിച്ചാൽ അത് നടത്തിയെടുത്തിരിക്കും. കുറച്ച് മുൻപത്തെ കാര്യം തന്നെ കണ്ടില്ലേ. നിങ്ങൾക്ക് ഒരു കാര്യമറിയോ അവൾക്ക് അച്ഛനും അമ്മയും ഇല്ല. അവളുടെ ചെറുപ്പത്തിൽ തന്നെ അവർ മരിച്ചു. പിന്നെ അവളെ വളർത്തിയത് അവളു അമ്മായി ആണ്. അതുകൊണ്ട് ഈ വീടും വീട്ടുക്കാരും എന്റെ കുട്ടിക്ക് ഒരു പുതിയ അനുഭവം ആയിരിക്കും അവൾ ആദ്യമായി ഈ വീട്ടിലേക്ക് വന്ന ദിവസം അവൾക്ക് കൂട്ടായി ഉണ്ടായിരുന്നത് ചെറിയമ്മ മാത്രമായിരുന്നു.

പക്ഷേ ഇപ്പോഴോ . അവൾ ഓരോരുത്തരെയായി കറക്കി എടുത്തത് കണ്ടില്ലേ " ദത്തൻ ചിരിയോടെ പറഞ്ഞു. " എട്ടനേയും അവൾ അങ്ങനെ കറക്കി വീഴ്ത്തിയത് ആണല്ലേ " ശിലു ചോദിച്ചതും ദത്തൻ ഒന്ന് ചിരിച്ചു. " അത് പിന്നെ ചോദിക്കാനുണ്ടോ . എട്ടനേയും വർണയേയും കൂടി നോക്കുമ്പോൾ രണ്ടു പേരും എന്റേർലി ഡിഫറന്റ് ആണ് . അങ്ങനെ നോക്കുമ്പോൾ തന്നെ അറിയാം വർണ എട്ടനെ വളച്ചൊടിച്ച് കുപ്പിയിൽ ആക്കിയതാണെന്ന് " ഭദ്ര പറഞ്ഞു. "നിങ്ങൾ പറഞ്ഞ് പറഞ്ഞ് ഇത് എവിടേക്കാ കയറി പോകുന്നേ. പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക്" അത് പറഞ്ഞ് ദത്തൻ അകത്തേക്ക് പോയി. "എട്ടന്റെ ആ ചമ്മിയ ചിരി നോക്കിയേ ഭദ്രേ " അവൻ പോകുന്നത് നോക്കി ശിലു കളിയാക്കി. * ദത്തൻ താഴേയെല്ലാം വർണയെ അന്വോഷിച്ചു എങ്കിലും അവളെ കാണാനില്ല. അതു കൊണ്ട് ദത്തൻ നേരെ റൂമിലേക്ക് നടന്നു. ചാരി ഇട്ട വാതിൽ തുറന്ന് ദത്തൻ അകത്ത് കയറി. വർണ ജനലിനരികിൽ അകലേക്ക് നോക്കി നോക്കി നിൽക്കുകയാണ്. റൂമിൽ ഇരുട്ട് ആണെങ്കിലും പുറത്തു നിന്നുള്ള നിലാ വെളിച്ചത്തിൽ അവളുടെ മുഖം വ്യക്തമായി ദത്തന് കാണാം. കാര്യമായ എന്തോ ആലോചനയിൽ ആണ് കക്ഷി. ദത്തൻ ശബ്ദമുണ്ടാക്കാതെ ചെന്ന് പിന്നിൽ നിന്നും അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് നിന്നു.

വർണ ഒന്ന് അവനെ നോക്കിയ ശേഷം പുറത്തേക്ക് തന്നെ മുഖം തിരിച്ചു. "എന്താ ദത്തന്റെ കുഞ്ഞിന് പറ്റിയത്. മുഖത്ത് ഒരു മ്ലാനതാ " അവളുടെ പിൻ കഴുത്തിൽ മുഖം ഉരസി കൊണ്ട് ദത്തൻ ചോദിച്ചു. " ദത്താ നമ്മുക്ക് നാളെ മേമന ഇല്ലത്തെ ബ്രഹ്മദത്തൻ നമ്പൂതിരിയെ കാണാൻ പോയാലോ " " അതാരാ " ദത്തൻ മനസിലാവാതെ ചോദിച്ചു. "ആരാ , എന്താ , എവിടേയാ എന്നോന്നും എനിക്ക് അറിയില്ല. ഈ സിനിമയിൽ കേട്ടുള്ള പരിചയമേ എനിക്ക് ഉള്ളൂ. നമ്മുക്ക് ആരോടെങ്കിലും അന്വേഷിക്കാം " സീരിയസ് ആയി പറയുന്ന വർണയെ കണ്ട് ദത്തന് ചിരി വന്നെങ്കിലും അവൻ അത് കടിച്ചു പിടിച്ചു. "അല്ലാ എന്തിനാ ഇപ്പോ ന്റെ കുട്ടി നമ്പൂതിരിയെ കാണാൻ പോകുന്നേ " " ബാധ ഒഴിപ്പിക്കാൻ " " ബാധയോ ." "മ്മ്. ഈ സിനിമയിൽ ഒക്കെ വല്ല പ്രേതമോ ബാധയോ കയറിയാൽ അങ്ങനെയുള്ള നമ്പൂതിരിമാർ അല്ലേ ഒഴിപ്പിച്ചു കൊടുക്കാ " വർണ നിഷ്കളങ്കമായി പറയുന്നത് കേട്ട് ദത്തൻ പൊട്ടി ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരിച്ച് അവന്റെ കണ്ണിൽ നിന്നും വെള്ളം വരെ വന്നു. " ഞാൻ ഇവിടെ സിരിയസായി ഒരു കാര്യം പറയുമ്പോൾ നിന്റെ മറ്റേടത്തെ ഒരു കോപ്പിലെ ചിരിയുണ്ടല്ലോ ദത്താ... എനിക്ക് ദേഷ്യം വരുന്നുണ്ട് " വർണ കലിപ്പോടെ പറഞ്ഞതും ദത്തൻ വാ പൊത്തി പിടിച്ച് നിന്നു.

"അല്ലാ ആർക്കാ ഇപ്പോ ഇവിടെ ബാധ കയറിയത് " ദത്തൻ സംശയത്തോടെ ചോദിച്ചു. "വേറെ ആർക്കാ എനിക്ക് തന്നെ. ഇന്നലെ മുതൽ എനിക്ക് എന്തോക്കെയോ അബ്നോർമാലിറ്റി ഫീൽ ചെയ്യുന്നുണ്ട് " "അതെല്ലാം നിനക്ക് താേന്നുന്നത് ആണ് . നീ നോർമൽ ആണ് " " അല്ല ദത്താ. എന്തോ കുഴപ്പം ഉണ്ട്. എനിക്ക് വെറുതെ ദേഷ്യം വരാ ദത്താ. നിന്നോട് ആരും അടുക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല. ശിലുവും ഭദ്രയും നിന്റെ അടുത്ത് ഇരുന്നപ്പോൾ നീ അവരെ ചേർത്ത് പിടിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. അവൾ നീ അവരുടെ മാത്രം എട്ടൻ എന്ന് പറഞ്ഞപ്പോൾ അവരുടെ ഇടയിൽ നിന്നും എണീപ്പിച്ച് എന്റെ മാത്രമാ എന്ന് പറയാൻ തോന്നി. എനിക്ക് എന്താ ഇങ്ങനെയൊക്കെ തോന്നുന്നത്. അത് തെറ്റല്ലേ ദത്താ. അവർ നിന്റെ അനിയത്തിമാർ അല്ലേ. അപ്പോ അവർ സ്നേഹിക്കുന്നതിന് ഞാൻ ദേഷ്യപ്പെടാൻ പാടില്ല. ഞാൻ എന്താ ഇങ്ങനെ . എനിക്ക് പേടിയാവാ ദത്താ. ഇതുവരെ ഇല്ലാത്ത ഓരോ കാര്യങ്ങളാ ഇപ്പോ തോന്നുന്നത്. പാടത്ത് നിന്നും തോട്ടിൽ നിന്നും ഓരോന്ന് എടുത്ത് കൊണ്ടു വന്നപ്പോൾ തന്നെ ദർശന എട്ടത്തി പറഞ്ഞതാ വേണ്ടാ വേണ്ടാ എന്ന് . ആരോ അതിൽ കൂടോത്രം ചെയ്തതാ . അത് ഞാൻ എടുത്ത് കൊണ്ടുവന്ന കാരണമാ എനിക്ക് ഇങ്ങനെയൊക്കെ " ഇതെല്ലാം കൂടി കേട്ടതും അത്രയും നേരം അടക്കി വച്ചിരുന്ന എല്ലാ ചിരിയും കൂടെ പുറത്തേക്ക് വന്നിരുന്നു. അവൻ ചിരിച്ച് ചിരിച്ച് ബെഡിലേക്ക് വീണു .

ചിരി ഒന്ന് നിർത്തി വർണയെ നോക്കുമ്പോൾ അവന് വീണ്ടും ചിരി വരും. അത് കണ്ട് വർണ ചെവി പൊത്തി പിടിച്ച് വീണ്ടും ജനലിനു പുറത്തേക്ക് നോക്കി നിന്നു. ചിരി ഒന്ന് അടങ്ങിയതും ദത്തൻ പതിയെ വർണയുടെ അരികിലേക്ക് വന്നു. അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി. അവളുടെ മുഖം കൈയ്യിലെടുത്തു. "ന്റെ കുഞ്ഞിന് ഒന്നും ഇല്ല. നിനക്ക് കുശുമ്പിന്റെയും അസൂയയുടേയും ചെറിയ ഒരു അസ്കിത ഉള്ളതു കൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്. എന്റെ കുട്ടി ഒരു കാര്യം എപ്പോഴും ഓർത്തു വക്കണം. ഇനി നമ്മുടെ ജീവിതത്തിലേക്ക് ആരൊക്കെ വന്നാലും എന്റെ മനസിൽ അവരുടെയൊക്കെ സ്ഥാനം എന്റെ ദേവൂട്ടിടെ താഴേ ആയിരിക്കും. ഈ ലോകത്ത് ഇന്ന് ദേവദത്തൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ്. ആ സ്നേഹം നിന്നിൽ തുടങ്ങി നിന്നിൽ തന്നെയേ അവസാനിക്കൂ .അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും. എന്റെ സ്നേഹത്തിന്റെയും , സങ്കടത്തിന്റെയും , ദേഷ്യത്തിന്റെയും എക്സ്ട്രീം ലെവൽ ഞാൻ നിന്നോട് മാത്രമേ പ്രകടിപ്പിക്കൂ. ന്റെ കുട്ടിക്ക് മനസിലായോ " "മ്മ്.." വർണ തലയാട്ടി . അത് കണ്ട് ദത്തൻ അവളുടെ നെറുകയിൽ ആയി ചുണ്ടുകൾ ചേർത്തു. "അവിടെയല്ലാ ദത്താ ഇവിടെ " അവൾ ചുണ്ടിൽ തൊട്ടു കൊണ്ട് പറഞ്ഞു.

ശേഷം അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു.ദത്തൻ ഒരു കള്ള ചിരിയോടെ അവളുടെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു. " എന്നാ ഇനി ആ ബാധ ഒഴിപ്പിക്കാൻ പോവണോ. നിർബന്ധം ആണെങ്കിൽ ഞാൻ ഒഴിപ്പിച്ച് തരാം " അവൻ അവളുടെ കവിളിൽ കടിച്ചു കൊണ്ട് ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു. "പോടാ തെണ്ടി " അത് പറഞ്ഞ് അവൾ തിരിഞ്ഞ് പുറത്തേക്ക് തന്നെ നോക്കി നിന്നു. ദത്തൻ അവളെ പിന്നിൽ നിന്നും ഇറുക്കെ പുണർന്ന് താടി അവളുടെ തോളിൽ ഊന്നി നിന്നു. "ആഹ്... " വർണ പെട്ടെന്ന് എരി വലിച്ചതും ദത്തൻ അവളുടെ തോളിൽ നിന്നും തല ഉയർത്തി. "എന്താ " " ഒന്നുല്യ " " പറ വർണ " അവന്റെ സ്വരം കടുത്തിരുന്നു. "ഒന്നുല്യ ദത്താ. ഞാൻ പെട്ടെന്ന് എന്തോ ഓർത്തതാ " അവൾ പുറത്തേക്ക് നോട്ടം പായിച്ചു കൊണ്ട് പറഞ്ഞു. ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി താൻ താടി ഊന്നി നിന്ന ഭാഗത്തെ തോളിലെ ഡ്രസ്സ് അല്പം നീക്കി. "ഓഹ് സോറി ..ഞാൻ .. ഞാൻ ഓർത്തില്ലാ " അവൻ അവളുടെ തോളിലെ തിണർത്ത പാടിലേക്ക് നോക്കി പറഞ്ഞു. " ഒരുപാട് വേദനിച്ചോ കുഞ്ഞേ . ഞാൻ അപ്പോഴത്തെ ഒരു അവസ്ഥയിൽ ഛേ.. " താൻ കടിച്ച പാടിൽ ഊതി കൊണ്ട് ദത്തൻ പറഞ്ഞു. അവൻ വേഗം തന്നെ ചെന്ന് റൂമിലെ ലൈറ്റ് ഓൺ ചെയ്തു.

ശേഷം ഡ്രേയിൽ നിന്നും ഒയിൻമെന്റ് എടുത്ത് അവളുടെ അരികിലേക്ക് വന്നു. ദത്തൻ ചൂണ്ടുവിരലിൽ കുറച്ച് മരുന്നാക്കി അവളുടെ തോളിൽ പുരട്ടാൻ നിന്നതും വർണ അത് തടഞ്ഞു. "വേണ്ടാ. അതങ്ങനെ കിടന്നോട്ടെ " "നിനക്ക് എന്താ വട്ടുണ്ടോ . കൈ മാറ്റ് മരുന്ന് വക്കട്ടെ " "മ്മ് ചെറിയ വട്ട് ഉണ്ടെന്ന് കൂട്ടിക്കോ. ദേവദത്തൻ എന്ന ഭ്രാന്ത്.." അവൾ പറയുന്നത് കേട്ട് ദത്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അവൻ കൈയിലെ മെഡിസിൻ ടേബിളിൽ കൊണ്ടുപോയി വച്ച് അവളുടെ അരികിലേക്ക് തന്നെ വന്നു. അവളെ ചുമരിലേക്ക് ചേർത്തി നിർത്തി ദത്തൻ അവളുടെ തോളിലെ തിണർത്ത പാടിൽ ചുണ്ടുകൾ ചേർത്തു. "For every day, I miss you. For every hour, I need you. For every minute, I feel you. For every second, I want you. Forever, i love you." ദത്തൻ അവളെ ഇറുക്കി പുണർന്നു കൊണ്ട് പറഞ്ഞു. "എനിക്ക് ഇങ്ങനെയൊന്നും പറയാൻ അറിയില്ല ദത്താ. പക്ഷേ എനിക്ക് നിന്നേ ഒരുപാട് ഇഷ്മാണ്. എന്നേക്കാൾ ഏറെ നിന്നേ ഞാൻ സ്നേഹിക്കുന്നുണ്ട്. വിശ്വാസിക്കുന്നുണ്ട് " അവൾ നിഷ്കളങ്കതയോടെ പറയുന്നത് കേട്ട് ദത്തന് അവനോട് വല്ലാത്ത വാത്സല്യം തോന്നി അതിലുപരി പ്രണയവും. ദത്തൻ അവളുടെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. അവളുടെ ഹ്യദയത്തിന്റെ അടിതട്ടിലേക്ക് വരെ അത് ആഴ്ന്നിറങ്ങിയിരുന്നു.

അവളെ ചുംബിച്ച് കൊതി തീരാതെ ദത്തൻ വീണ്ടും വീണ്ടും അവളുടെ അധരങ്ങളെ നുകർന്നെടുത്തു. പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തതും ഇരുവരും പരസ്പരം അകന്ന് മാറി. രാഗിന്റെ കോൾ ആയിരുന്നു അത്. വേഗം താഴേക്ക് വരാൻ പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു. ദത്തൻ വർണയുടെ മുഖം തന്റെ കൈ കൊണ്ട് അമർത്തി തുടച്ചു. ശേഷം അവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു. അവർ താഴേ എത്തുമ്പോൾ വീട്ടിലുള്ള എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. വർണ നേരെ ഭദ്രയുടേയും ശിലുവിന്റെയും ഇടയിൽ കയറി ഇരുന്നു.ദത്തൻ പപ്പയുടെ അരികിലും. "നാളെ മുതൽ ദേവൻ ഓഫീസിൽ വരാൻ തുടങ്ങുകയാണ്. ഒപ്പം പാർവതിയും ഉണ്ടാകും" പപ്പ സംസാരത്തിന് തുടക്കമിട്ടു. "ഓഫീസിൽ വരുന്നത് ഒക്കെ കൊള്ളാം. തകർന്നുകൊണ്ടിരിക്കുന്ന കമ്പനി ഒന്ന് പച്ചപിടിച്ച് കണ്ടാൽ മതി. ദേവൻ കമ്പനിയിൽ ജോയിൻ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ കാരണമാണ് അല്ലെങ്കിൽ എന്ന product manufacturing and exporting ഞങ്ങൾ ഒരുമിച്ച് ആക്കിയേനേ " ചന്ദ്രശേഖരൻ പുഛത്തോടെ പറഞ്ഞു. "നിങ്ങൾ നിങ്ങളുടെ കമ്പനി നോക്കി നടത്തിയാൽ മതി എന്റെ കാര്യങ്ങളിൽ ഇടപെടാനോ ഉപദേശം തരാനോ വരേണ്ട " ദത്തനും മറുപടി പറഞ്ഞു.

"അതെ നിന്റെ കാര്യങ്ങളിൽ എല്ലാം ഇടപെടാത്ത തന്നിഷ്ടത്തിന് നടത്തിയത് കൊണ്ടാണല്ലോ നീ ഇപ്പോ ഈ അവസ്ഥയിൽ ആയത്. പഴയത് ഒന്നും എന്നേ കൊണ്ട് പറയിപ്പിക്കണ്ട" ചന്ദ്രശേഖർ വേണം വച്ച് ഒരു വഴക്കിന് തുടക്കമിടുകയായിരുന്നു. "താൻ പറയടോ ഞാൻ കേൾക്കട്ടെ . അതിനുള്ള ഉത്തരവും ഞാൻ ചൂടോടേ തരാം. താൻ പറയുന്നതെല്ലാം കേട്ട് ഒന്നും എതിർക്കാതെ നിൽക്കുന്ന പഴയ ദേവ ദത്തൻ അല്ലാ ഞാൻ എന്ന ഓർമ വേണം " "നീയെന്താ എന്നേ ഭീഷണിപ്പെടുത്തുകയാണോ. ആരോടാ സംസാരിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ നിനക്ക് . കണ്ണികണ്ട തെരുവ് പിള്ളേരുടെ കൂടെ ആയിരുന്നില്ലേ മൂന്നാല് കൊല്ലത്തെ സഹവാസം. അപ്പോ അത്ര സംസ്കാരം ഒക്കെ പ്രതീക്ഷിച്ചാ മതി ." "അതെടോ എനിക്ക് കുറച്ച് സഠസ്കാരം കുറവാ. പിന്നേ നിങ്ങളേ പോലുള്ള ....മാരോട് സംസ്സാരിക്കുമ്പോൾ ഇത്രയൊക്കെ നിലവാരം മതി " " ദേവാ.... നീ എന്താ പറഞ്ഞേ " മുത്തശ്ശി ദേഷ്യത്തിൽ ചോദിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story