എൻ കാതലെ: ഭാഗം 46

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

വർണ എണീക്കുമ്പോഴേക്കും സമയം 9 മണി കഴിഞ്ഞിരുന്നു. അവൾ ബാത്ത്റൂമിൽ കയറി ഫ്രഷായി റൂമിന് പുറത്തേക്ക് ഇറങ്ങി. താഴെ മുത്തശി പത്രം വായിച്ച് ഇരിക്കുകയാണ്. അടുത്തായി തന്നെ വേറെ പത്രം വായിച്ച് ഭദ്രയും ശിലുവും ഇരിക്കുന്നുണ്ട്. മുത്തശി അടുത്തുള്ളതിനാൽ വർണ നേരെ അടുക്കളയിലേക്ക് ചെന്നു. പാത്രം കഴുകുന്ന ചെറിയമ്മയെ അവൾ പിന്നിൽ നിന്നും വട്ടം പിടിച്ചു. "ആഹ് എണീറ്റോ . ചായ എടുക്കട്ടെ " ചെറിയമ്മ ചോദിച്ചതും അവൾ തലയാട്ടി. പാതി കഴുകിയ പാത്രങ്ങൾ സിങ്കിൽ തന്നെ ഇട്ട് ചെറിയമ്മ ചായ എടുക്കാൻ ഗ്യാസിന് അരികിലേക്ക് നടന്നു. വർണ സിങ്കിൽ ഉള്ള പാത്രങ്ങൾ കഴുകാൻ തുടങ്ങി. ചെറിയമ്മ വേണ്ടാ എന്ന് പറഞ്ഞു എങ്കിലും അവൾ കേട്ടില്ല. ചെറിയമ്മ തന്ന ചായയും കുടിച്ച് വർണ കൗണ്ടർ ടോപ്പിൽ കയറി ഇരുന്നു. അപ്പോഴേക്കും ഭദ്രയും ശിലുവും അടുക്കളയിലേക്ക് എത്തിയിരുന്നു.

"നിങ്ങൾക്ക് ഇന്ന് ക്ലാസ് ഇല്ലേ " " ഇല്ല. കോളേജിൽ ഫങ്ങ്ഷൻ ആണ് " "എന്നിട്ട് നിങ്ങൾ പോയില്ലേ " " എയ് ഞങ്ങൾ അതിനൊന്നും പോവാറില്ല. " " അതെന്താ പോവാത്തത്. ഇതൊക്കെ ഒരു രസം അല്ലേ " "പിന്നേ രസം അല്ലാ സാമ്പാറാണ്. അവിടെ ഇന്ന് കളർ ഡ്രസ്സാണ്. പോരാത്തതിന് ഡ്രസ്സ് കോഡും ഉണ്ട് . മുത്തശ്ശി ആണെങ്കിൽ അതൊന്നും ഇട്ട് ഈ പടി പുറത്ത് കടക്കാൻ സമ്മതിക്കില്ല. " " ഓഹോ അങ്ങനെയാണോ കാര്യങ്ങൾ എന്നാ നിങ്ങൾ പോവണ്ടാ ...." അത് പറഞ്ഞ് അവൾ ചായ കുടിക്കാൻ തുടങ്ങി. ചെറിയമ്മ ഡെയ്നിങ്ങ് ടേബിളിൽ ഭക്ഷണം എടുത്ത് വച്ച് അവരെ കഴിക്കാനായി വിളിച്ചു. "വർണ വരുന്നില്ലേ കഴിക്കാൻ .. "ശിലു ചോദിച്ചു " ഇല്ല. ഞാൻ പല്ലു തേച്ചിട്ടില്ലാ " " പല്ലു തേക്കാതെയാണോ നീ ചായ കുടിക്കുന്നേ " " ഓഹ് പിന്നെ പല്ലു തേച്ചിട്ട് മാത്രമേ ചായ കുടിക്കാൻ പാടു എന്ന് നിയമം ഒന്നും ഇല്ലാലോ. നിങ്ങൾ പോയി കഴിക്ക്. ഞാൻ പല്ല് തേക്കട്ടെ "

വർണ ചായ കപ്പ് കഴുകി വച്ച് റൂമിലേക്ക് പോയി. പല്ല് തേച്ച് ഫ്രഷായി വർണ താഴേക്ക് വരുമ്പോഴേക്കും എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞിരുന്നു. വർണ അടുക്കളയിലേക്ക് പോയി. അവിടെ ഭദ്രയും ശിലുവും ഉണ്ടായിരുന്നു. "ദച്ചു എട്ടത്തി സ്കൂളിൽ പോയോ ചെറിയമ്മേ " അവൾ പ്ലേറ്റിലേക്ക് ചപ്പാത്തി വച്ച് കറി ഒഴിച്ചു കൊണ്ട് ചോദിച്ചു. "മ്മ് പോയി. ദർശനയും, പാർത്ഥിയും , ശ്രീയും, രാഗും എല്ലാവരും പോയി. " " നീ കുളിച്ചില്ലേ. നിന്റെ പോക്ക് കണ്ടപ്പോൾ ഞാൻ കരുതി കുളിയൊക്കെ കഴിഞ്ഞേ ഇനി താഴേക്ക് വരു എന്ന് " " കുളിക്കേ. അതും ഇത്രയും നേരത്തെയോ . നല്ല കഥയായി . ക്ലാസില്ലാത്ത ദിവസം ഞാൻ ഉച്ചക്കെ കുളിക്കൂ " വർണ കഴിച്ചു കൊണ്ട് പറഞ്ഞു. " ദാ ഇത് പറമ്പിലുള്ളവർക്ക് കൊണ്ടു കൊടുത്തിട്ട് വാ" ചെറിയമ്മ രണ്ട് പാത്രം ശിലുവിന്റെയും ഭദ്രയുടേയും കൈയ്യിലേക്ക് വച്ചു കൊടുത്തു. "നിങ്ങൾ എവിടേക്കാ "

" പറമ്പിൽ തെങ്ങും , വാഴയും നനക്കാൻ പണിക്കാർ വന്നിട്ടുണ്ട്. അവർക്ക് ചായ കൊണ്ടു കൊടുക്കാനാ " " എന്നാ ഞാനും ഉണ്ട് " വർണ വേഗം പ്ലേറ്റിലെ ഭക്ഷണം കഴിച്ച് തീർത്ത് ഭദ്രയുടേയും ശിലുവിന്റെയും ഒപ്പം പറമ്പിലേക്ക് ഓടി . പണിക്കാർക്ക് ചായ കൊടുത്ത ശേഷം വർണയും ഭദ്രയും ശിലുവും പറമ്പിലൂടെ ഓടി നടക്കാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് മൂന്നും വീട്ടിൽ എത്തുമ്പോഴേക്കും മൂന്നും ചളിയിൽ കുളിച്ചിരുന്നു. മുൻപ് ഒരു നല്ല അനുഭവം ഉള്ളത് കൊണ്ട് വർണ കൈയ്യിലേയും കാലിലേയും ചളിയെല്ലാം കഴുകി കളഞ്ഞാണ് അകത്ത് കയറിയത്. റൂമിൽ വന്ന് വേഗം കുളിച്ചു. ഇന്നലത്തെ പോലെ ഒരു പട്ടുപാവാട എടുത്തിട്ടു. ഭദ്രയുടേയും ശീലുവിന്റെയും റൂമിലേക്ക് വന്നപ്പോൾ രണ്ടും നല്ല പഠിപ്പിൽ ആണ്. അവർ തന്റെ പഠിപ്പിനെ കുറിച്ച് എന്തെങ്കിലും ചോദിക്കും എന്നതു കൊണ്ട് വർണ അവരുടേ റൂമിലേക്ക് പോയില്ല ഉച്ചവരെ ചെറിയമ്മയെ ചുറ്റി പറ്റി നിന്നു. ഉച്ച കഴിഞ്ഞ് വേണിയേയും അനുവിനേയും ആമി ചേച്ചിയേയും വിളിച്ച് സംസാരിച്ചു. കുറച്ച് നേരം കിടന്നുറങ്ങി.

വൈകുന്നേരം ചായ കുടി കഴിഞ്ഞ് മൂന്നുപേരും ദർശനയെ കാത്ത് ഉമ്മറത്ത് ഇരുന്നു. അവൾ വന്നതും മൂന്നും അവളുടെ പിന്നാലെ കൂടി. എന്നത്തേയും പോലെ വൈകുന്നേരം വിളക്ക് വച്ചു. പക്ഷേ വർണ മിണ്ടാതെ ഇരിക്കുകയാണ് ചെയ്തത്. അതു കഴിഞ്ഞ് ദത്തനെ കാത്ത് ഇരിക്കാൻ തുടങ്ങി. വൈകുന്നേരം വരും എന്ന് പറഞ്ഞ് ഇത്രയും നേരം അവനെ കാണാത്ത പരിഭവത്തിലായിരുന്നു അവൾ. അതിന്റെ ഭാഗമായി ചെറിയമ്മയുടേ പിന്നാലെ കുറേ പരാതി പറഞ്ഞ് നടന്നു. അവസാനം ഒരു സമാധാനം തരാതെ ആയപ്പോൾ ചെറിയമ്മ വർണയെ റൂമിലേക്ക് തന്നെ ഓടിച്ചു വിട്ടു. റൂമിൽ വന്ന അവൾ അസൈൻമെന്റ് എഴുതാൻ തുടങ്ങി. ഭദ്രയുടേയും ശിലുവിന്റെയും പിന്നാലെ എഴുതി തരാൻ പറഞ്ഞ് കുറേ നടന്നു എങ്കിലും രണ്ടും എഴുതി തരില്ലാ എന്ന് തീർത്തു പറഞ്ഞു. അതിന്റെ വാശിയിൽ സ്വന്തമായി എഴുതും എന്ന് വെല്ല് വിളിച്ചാണ് അവൾ റൂമിലേക്ക് വന്നതു പോലും. വർണ മടിയോടെ അസെൻമെന്റ് എഴുതാൻ തുടങ്ങി. *

ഓഫീസിൽ നിന്നും ഇറങ്ങിയതും ദത്തന്റെ മനസ് എങ്ങനെയെങ്കിലും വർണയുടെ അരികിൽ എത്താൻ കൊതിക്കുകയായിരുന്നു. കാറിനേക്കാൾ വേഗത്തിൽ അവന്റെ മനസ് മുന്നോട്ട് ചലിച്ചിരുന്നു. വീട്ടിൽ എത്തിയതും ദത്തൻ വേഗം കാറിൽ നിന്നും ഇറങ്ങി. "ഈ ഫയൽ എല്ലാം ചെക്ക് ചെയ്ത് എനിക്ക് ഉടനെ എത്തിക്കണം " അവൻ കൈയ്യിലുള്ള ഫയൽ പാർവതിക്ക് നൽകി. "ശരി ദേവേട്ടാ . ഞാൻ ചെയ്യാം " അത് കേട്ടും ദത്തൻ അവളെ രൂക്ഷമായി നോക്കി. ശേഷം റൂമിലേക്ക് നടന്നു. "ഈ ഫയൽ വേഗം തന്നെ ക്ലിയർ ചെയ്ത് ദത്തേട്ടന് കൊടുക്കണം. അപ്പോ ദേവേട്ടന് സന്തോഷം ആകും . എന്നോടുള്ള ദേഷ്യം കുറയും " പാർവതി ഫയലുമായി റൂമിലേക്ക് വേഗത്തിൽ നടന്നു. ഡ്രസ്സ് പോലും മാറാതെ അവൾ ഫയലുകൾ നോക്കി ബെഡിലേക്ക് ഇരുന്നു. * പാതി ചാരി ഇട്ട വാതിൽ തുറന്ന ദത്തൻ കാണുന്നത് ബെഡിൽ ഇരുന്നു എഴുതുന്ന വർണയെ ആണ്. ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ എഴുത്ത് നിർത്തി തല ഉയർത്തി. മുന്നിൽ നിൽക്കുന്ന ദത്തനെ കണ്ടതും അവളുടെ മുഖം വിടർന്നു.

" ദത്താ.." അവൾ ബെഡിൽ നിന്നും ചാടി ഇറങ്ങി ഓടി അവന്റെ മേലേക്ക് കയറി. " ഒന്ന് പതിയെ പെണ്ണേ " ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും താങ്ങി പിടിച്ചു. " I miss you daa" വർണ ദത്തന്റെ കവിളിൽ ആയി ഉമ്മ വച്ചു. അത് കേട്ട് ദത്തൻ ഒന്ന് പുഞ്ചിരിച്ചു. " ഞാൻ നിന്റെ ഭർത്താവാണ് എന്ന് ഇടക്ക് എങ്കിലും ഓർക്കുന്നത് ഒന്ന് നന്നായിരിക്കും " അവളുടെ വിളി കേട്ട് ദത്തൻ പറഞ്ഞു. " ഞാൻ ഇനിയും വിളിക്കും. എന്താടാ നീ ചെയ്യാ" അവൾ അവനെ നോക്കി പേടിപ്പിച്ചു. "എന്റെ പൊന്നോ . ഞാൻ വെറുതെ പറഞ്ഞതാ . ഇനി അതിന്റ പേരിൽ നോക്കി പേടിപ്പിക്കണ്ട" ദത്തൻ അവളെ താഴെ ഇറക്കി നിർത്തി. "എന്റെ കുട്ടി ഇവിടെ നിൽക്ക് . ഞാൻ പോയി കുളിച്ച് ഫ്രഷായി വരാം" അത് പറഞ്ഞ് ദത്തൻ ടവലും എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story