എൻ കാതലെ: ഭാഗം 50

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുകയാണ്. അവന്റെ മടിയിലായി അവന്റെ നെഞ്ചിലേക്ക് ചാരി വർണയും ഇരിക്കുന്നുണ്ട്. " ദത്താ.." "മ്മ്.." " ദത്താ..." "എന്താടീ..." "നമ്മൾ എന്നാ തിരിച്ച് പോവാ " "അതെന്താ അങ്ങനെ ഒരു ചോദ്യം. നിനക്ക് ഇവിടെ മടുത്തോ" "എയ് ഇല്ല ദത്താ. അടുത്ത മാസം എനിക്ക് ക്ലാസ് തുടങ്ങുമല്ലോ. ഇനി പത്ത് പതിനഞ്ച് ദിവസം അല്ലേ ഉള്ളൂ. നിനക്ക് ഇവിടെ ബിസിനസ് തിരക്ക് ആണല്ലോ... അപ്പോ.." "അപ്പോ.." "അപ്പോ ഞാൻ പഠിപ്പ് നിർത്തിയാലോ എന്ന് ആലോചിക്കായിരുന്നു. പി ജി ഇന്ന് വരും നാളെ പോകും. പക്ഷേ പപ്പടെ ബിസിനസ് അങ്ങനെ അല്ലല്ലോ. അതോണ്ട് ഞാൻ പഠിപ്പ് നിർത്താം. പപ്പയുടെ സന്തോഷം ഇല്ലാതാക്കിയിട്ടുള്ള പിജിയൊന്നും നമ്മുക്ക് വേണ്ട ദത്താ " " അത് ശരിയാണ്. നമ്മുക്ക് വലുത് പപ്പയുടെ സന്തോഷം അല്ലേ. പക്ഷേ ഒരു പ്രശ്നം ഉണ്ട്. ഇവിടെ പെൺകുട്ടികൾ വെറുതെ ഇരിക്കുന്നത് പപ്പക്ക് ഇഷ്ടമല്ലാ. ഒന്നെങ്കിൽ ജോലി അല്ലെങ്കിൽ പഠിക്കാ നിനക്ക് പഠിക്കാൻ താൽപര്യം ഇല്ലാത്ത സ്ഥിതിക്ക് ജോലിക്ക് പോവേണ്ടി വരും.

നിന്റെ കോളിഫിക്കേഷൻ വച്ച് നോക്കുമ്പോൾ നിനക്ക് വല്ല വർക്ക് സൈറ്റിലായിരിക്കും പണി. സിമിന്റും കല്ലും മണലും ഒക്കെ എറ്റി എന്റെ കുട്ടീടെ ഈ കുഞ്ഞി കൈയ്യിന്റെ ചന്തം ഒക്കെ പോകുന്ന കാര്യം ആലോചിക്കുമ്പോഴാ എനിക്ക് സങ്കടം. സാരില്യ നമ്മുടെ പപ്പക്ക് വേണ്ടി അല്ലേ ലെ . " ദത്തൻ പറയുന്നത് കേട്ട് വർണയുടെ മുഖം ആകെ മാറി. "നീ ശരിക്കും പറഞ്ഞതാണോ ദത്താ" "ആന്നേ . ഞാൻ എന്തിനാ വെറുതെ പറയുന്നേ " " ദത്താ ഇപ്പോഴാ ഞാൻ ഒരു കാര്യം ഓർത്തത്. ഞാൻ പെട്ടെന്ന് ഒരു ദിവസം പഠിപ്പ് നിർത്തിയാ അത് വേണിക്കും അനുവിനും സങ്കടം ആവും . അത് അവരുടെ പഠിപ്പിനെ ബാധിക്കും. അവരുടെ മാർക്ക് കുറഞ്ഞ് അവരുടെ ഭാവി ഞാൻ കാരണം ഇല്ലാതാവില്ലേ." "അതിന് നിങ്ങൾ എപ്പോഴാ പഠിച്ചിട്ടുണ്ടത് " " ദത്താ വേണ്ടാട്ടോ. എന്നേയും എന്റെ പിള്ളേരേയും അങ്ങനെ അടച്ച് ആക്ഷേപിക്കണ്ട . ഇന്നത്തെ കാലത്ത് സപ്ലി ഇല്ലാത്ത എന്ത് ഡിഗ്രി ലൈഫ്. അതോക്കെ ഞങ്ങൾ കോഴ്സ് കംപ്ലീറ്റാവുന്നതിന് മുൻപേ എഴുതിയെടുക്കും " " എഴുതി എടുത്തിരിക്കണം "

ദത്തൻ ഒന്നു കൂടി തറപ്പിച്ചു പറഞ്ഞു. " ദത്താ.." "എന്താടാ " " നമ്മൾ പിരിഞ്ഞ് നിൽക്കേണ്ടി വരുമോ " " ഇല്ലാടാ . ഇനിയും പത്ത് പതിനഞ്ച് ദിവസം ഉണ്ടല്ലോ. ഞാൻ ഒന്ന് ആലോചിക്കട്ടെ. ഇപ്പോ എന്റെ കുട്ടി കിടന്ന് ഉറങ്ങിക്കോ. "ദത്തൻ അവളെ ബെഡിലേക്ക് എടുത്തു കിടത്തി. ഒപ്പം അവനും കിടന്നു. "കുഞ്ഞേ ഞാൻ നാളെ കൂടി ഓഫീസിൽ പോവും ട്ടോ. ഒരു മീറ്റിങ്ങ് ഉണ്ട് " " നീ ഇന്നു കൂടിയേ പോവൂ എന്നല്ലേ പറഞ്ഞേ " "അതെ പക്ഷേ കുറച്ച് വർക്ക് ഉണ്ടടാ . അതാ . നാളെ കൂടി കഴിഞ്ഞാ പിന്നെ എന്നും ഞാൻ ഇവിടെ ഉണ്ടാകും" "നാളെ പോവണം എന്ന് നിർബന്ധം ആണോ " " അത്യവശ്യം ആയതു കൊണ്ടല്ലേ. അല്ലെങ്കിൽ എന്റെ കൊച്ചിനെ പിരിഞ്ഞ് ഞാൻ എവിടെക്കെങ്കിലും പോവുമോ " "മ്മ് " അവൾ മനസില്ലാ മനസോടെ ഒന്ന് മൂളി ദത്തനെ ചുറ്റി പിടിച്ചു കിടന്നു. ദത്തനും അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി ദത്തൻ ഉറങ്ങി. **" രാവിലെ ദത്തൻ എഴുന്നേൽക്കുന്നതിന് ഒപ്പം തന്നെ വർണയും എണീറ്റു. അവന്റെ ഷർട്ട് അയൺ ചെയ്തതും ഇട്ടു കൊടുത്തതും അവൾ തന്നെയാണ്.

എട്ട് മണി കഴിഞ്ഞതും ദത്തൻ ഓഫീസിലേക്ക് ഇറങ്ങി. ഒപ്പം പാർവതിയും. ദത്തനെ പറഞ്ഞയച്ച് വർണ അകത്തേക്ക് വരുമ്പോൾ ചെറിയമ്മ എങ്ങോട്ടോ പോവാൻ റെഡിയാവുകയാണ്. "ആഹ് ന്റെ കുട്ടി എണീറ്റോ . എന്താ പതിവില്ലാതെ ഈ സമയത്ത് " ചെറിയമ്മ അതിശയത്തിൽ ചോദിച്ചു. " ഞാൻ ദത്തനെ പറഞ്ഞയക്കാൻ വേണ്ടി എണീറ്റതാ . ചെറിയമ്മ ഇത് എവിടേക്കാ " " ഞാൻ വീട് വരെ പോവാ . വൈകുന്നേരം ആവുമ്പോഴേക്കും തിരികെ വരാം ട്ടോ " "അവിടെ ആരൊക്കെ ഇണ്ട് " "അവിടെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. അതോണ്ട് ഇടക്ക് ഞാൻ അവിടെ പോയി വരും" " എന്നാ ഇനി പോവുമ്പോ എന്നേ കൂടി കൊണ്ടുപോവോ " " അതിനെന്താ കൊണ്ടുപോവാലോ . എന്നാ ചെറിയമ്മ ഇറങ്ങാട്ടോ" അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് ചെറിയമ്മ പുറത്തേക്ക് പോയി. വർണ റൂമിൽ പോയി കിടന്നു എങ്കിലും അവൾക്ക് ഉറക്കം വരാത്തതു കൊണ്ട് വീണ്ടും താഴേക്ക് വന്നു. ഭദ്രയും ശിലുവും കേളേജിൽ പോവാൻ റെഡിയാവുകയാണ്.

അവർ പോകുന്ന വരെ വർണ അവരുടെ കൂടെ നടന്നു. ശേഷം സമയം മുന്നോട്ട് പോകുന്തോറും ഓരോരുത്തരായി പോവാൻ തുടങ്ങി. പാർത്ഥിയും , ശ്രീരാഗും, ദർശനയും കൂടി പോയതും വർണക്ക് ആകെ ബോറടിക്കാൻ തുടങ്ങിയിരുന്നു. മുത്തശ്ശിയും , അമ്മയും മാലതിയും മാത്രമാണ് ഇപ്പോ വീട്ടിൽ ഉള്ളൂ. കുറേ നേരം അവൾ മുത്തശ്ശിയുടേയും അമ്മയുടേയും പിന്നാലെ ചുറ്റി പറ്റി നിന്നു. അമ്മ സ്ഥിരം മൗന വ്യതത്തിലായതിനാൽ വർണ ചോദിക്കുന്നതിന് മൊത്തം ഒരു തലയാട്ടല്ലോ മൂളലോ മാത്രമേ ഉള്ളൂ. മുത്തശിയാണെങ്കിൽ വർണ പറയുന്ന ചില കാര്യങ്ങൾ ഇഷ്ട്ടപ്പെടാത്തതു കൊണ്ട് അവളെ കണ്ണുരുട്ടി പേടിപ്പിക്കും. പിന്നെ ഉള്ളത് മാലതിയാണ്. വർണക്ക് മാലതിയേയും മാലതിക്ക് വർണയേയും കണ്ണിനു നേരെ കണ്ടുടാ . അതുകൊണ്ട് അവർ പരസ്പരം മൈന്റ് ചെയ്യാറില്ലാ. ആകെ മനസിനും ശരീരത്തിനും ഒരു സുഖമില്ലാത്ത പോലെ .രാവിലത്തെ ഫുഡ് കഴിച്ച് കഴിഞ്ഞ് വർണ അതുകൊണ്ട് മുറിയിലേക്ക് കയറി പോയി. *

രാവിലെ വന്നതും ഒരു മീറ്റിങ്ങിന് കയറിയതാണ്. 2 മണിയായി മീറ്റിങ്ങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ . കാമ്പിനിൽ എത്തി ഫോൺ എടുത്ത് നോക്കുമ്പോൾ അഞ്ചാറ് മിസ് കോൾ ഉണ്ട്. നോക്കിയപ്പോൾ അമ്മയുടെ നമ്പറിൽ നിന്നും ആണ്. പതിവില്ലാത്ത ഒരു കോൾ ആയതു കൊണ്ട് ദത്തൻ വേഗം തിരിച്ച് വിളിക്കാനായി നിന്നും വീണ്ടും അമ്മയുടെ കോൾ വന്നിരുന്നു. "നീ എവിടെയായിരുന്നു ദേവാ. ഞാൻ എത്ര നേരമായി വിളിക്കുന്നു. " " ഞാൻ ഓഫീസിലെ സ്റ്റാഫുകളുമായി ഒരു മീറ്റിങ്ങിലായിരുന്നു. ഇപ്പോഴാ കാമ്പിനിൽ എത്തിയത്. അപ്പോഴാ കോൾ കണ്ടത് " " നീ ഒന്ന് വേഗം വന്നേ. ഈ കുട്ടി ദാ ഇവിടെ ഇരുന്നു കരയാ . എന്താ കാര്യം എന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. "അമ്മ വേവലാതിയോടെ പറഞ്ഞു. "ആ ഫോൺ ഇങ്ങ് താ ദേവി " മുത്തശി അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി. " ദേവാ. ഒരു പത്ത് മണി വരെ കുട്ടി എന്റെ കൂടെ ഉണ്ടായിരുന്നതാ. എന്തോ എഴുതാൻ ഉണ്ട് എന്ന് പറഞ്ഞിട്ട് റൂമിലേക്ക് പോയി. ഇത്ര നേരം ആയിട്ടും താഴേക്ക് കാണാതായപ്പോ ഞാൻ വന്ന് നോക്കിയതാ .

അപ്പോ ദാ ഇവിടെ ഇരുന്നു കരയുന്നു. എന്താ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല. നീ ഒന്ന് വേഗം വന്നേ. എപ്പോ തുടങ്ങിയ കരച്ചിൽ ആണെന്നോ " മുത്തശ്ശി പറയുന്നത് കേട്ട് ദത്തൻ ക്യാമ്പിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി . അവന്റെ പോക്ക് കണ്ട് ഓഫീസിലെ സ്റ്റാഫ് എല്ലാം പരസ്പരം നോക്കി. വീട്ടിലേക്കുള്ള ഡ്രൈവിൽ ദത്തന്റെ മനസ് ആകെ കലങ്ങി മറയുകയായിരുന്നു. ചെറിയമ്മ ഇന്ന് തറവാട്ടിൽ പോകും എന്ന് പറഞ്ഞിരുന്നു. അവൾ ഇന്ന് ഒറ്റക്ക് ആകും എന്ന് അറിഞ്ഞിട്ടും ഓഫീസിലേക്ക് വരാൻ തോന്നിയ നേരത്തെ അവൻ സ്വയം പഴിച്ചു. വീട്ടിൽ എത്തിയതും കാറിൽ നിന്നും ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു മുറിയിലേക്ക്. മുറിയിൽ അമ്മയും മാലതി അമ്മായിയും മുത്തശിയും ഉണ്ട്. മുത്തശി അവളുടെ അരികിൽ ഇരുന്ന് എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ടെങ്കിലും അവൾ ഒന്നും മിണ്ടുന്നില്ല. ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് മുഖം മുട്ടിലേക്ക് ചേർത്ത് വച്ച് കരയുന്ന അവളെ കണ്ട് ദത്തന്റെ ഉള്ളൊന്ന് പിടഞ്ഞു. "കുഞ്ഞേ " ദത്തൻ അവളുടെ അരികിൽ വന്നിരുന്നു.

അവന്റെ വിളി കേട്ട് വർണ തല ഉയർത്തി നോക്കിയതും മുന്നിൽ ഇരിക്കുന്ന ദത്തനെ കണ്ട് അവളുടെ സങ്കടം ഒന്നുകൂടെ കൂടി " ദത്താ..." അവൾ വിതുമ്പി കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് മുഖം ചേർത്തു. " ഒന്നുല്ലാട്ടോ... " ദത്തൻ അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് ആശ്വസിപ്പിച്ചു. "എന്താ ഈ കുട്ടിക്ക് പറ്റിയത്. എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല. "അമ്മ ഒന്നും മനസിലാവാതെ ചോദിച്ചു. " വയറു വേദനയാണ്.... പിരിഡ്സ് ആവുമ്പോൾ ഇവൾക്ക് ഇങ്ങനെ ആവാറുണ്ട് " ദത്തൻ അവളുടെ പുറത്ത് തട്ടി കൊണ്ട് തന്നെ പറഞ്ഞു. " ഇതിനാണോ ഇങ്ങനെ കിടന്ന് മോങ്ങിയത്. ഞാൻ വിചാരിച്ചു ഇവളുടെ ആരെങ്കിലും മരിച്ചു എന്ന് . ഇതൊക്കെ എല്ലാ പെൺകുട്ടികൾക്കും എല്ലാ മാസവും ഉണ്ടാവുന്നതാണ്. അതിന് ഇത്ര കരയേണ്ട കാര്യമൊന്നും ഇല്ല. " " എന്റെ കൈയ്യിന്റെ ചൂടറിയില്ലെങ്കിൽ ഇറങ്ങി പോക്കോണം എന്റെ റൂമിൽ നിന്നും " അതൊരു അലർച്ചയായിരുന്നു. അവന്റെ ശബ്ദത്തിലെ തീഷ്ണതയിൽ വർണ പോലും ഒന്ന് വിറച്ച് പോയി. അമ്മായി പേടിച്ച് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി. " ഡോക്ടറുടെ അടുത്ത് പോവണോ ദേവാ. ശിലുവിനും ഇങ്ങനെ ഉണ്ടാകാറുണ്ട് ഇടക്ക് . "

" നോക്കട്ടെ . കുറവില്ലെങ്കിൽ പോകാം " ദത്തൻ ഗൗരവത്തിൽ പറഞ്ഞ് വർണയെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ച് കണ്ണുകൾ അടച്ചിരുന്നു. മുത്തശിയും അമ്മയും അത് കണ്ട് പുറത്തേക്ക് പോയി. "മാലതി ചേച്ചി എന്താ അമ്മേ ഇങ്ങനെ . ഒരു മനസാക്ഷി ഇല്ലാതെ സംസാരിക്കുന്നേ. ദേവൻ വർണക്ക് വയ്യാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ചേച്ചിക്ക് വേണ്ടത് കിട്ടുമായിരുന്നു. " " ഞാനെന്ത് പറയാനാ ...രണ്ട് ആങ്ങളമാരുടേയും പുന്നാര പെങ്ങൾ ആയിരുന്നില്ലേ. ലാളിച്ചു വഷളാക്കി . അല്ലാ പാറുവിന്റെ അവസ്ഥ ഇപ്പോ എന്താ . അതുപോലെയല്ലേ വരൂ അവളുടെ അമ്മയും " "എന്റെ പാറു മോള് ഇങ്ങനെയൊന്നും അല്ല. പക്ഷേ മാലതി ചേച്ചി ... എല്ലാ പെൺകുട്ടികൾക്കും ഇത് മാസാമാസം ഉണ്ടാകുന്നതാണെങ്കിലും എല്ലാവർക്കും ഒരെ പോലെ ആയിരക്കണം എന്നില്ല. ഇവിടെ വന്നിട്ട് ആ കുട്ടിയെ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോഴോക്കെ ചിരിച്ച് നിന്നിട്ടല്ലേ ഉള്ളൂ. ആ കുട്ടി ഇന്നിങ്ങനെ ഇരുന്ന് കരയുമ്പോൾ തന്നെ മനസിലാക്കി കൂടെ എത്രത്തോളം വേദന എടുത്തിട്ടായിരിക്കും എന്ന് . "അമ്മ അത് പറഞ്ഞ് താഴേക്ക് പോയി. അമ്മ പോകുന്നത് നോക്കി മുത്തശ്ശി ഒന്ന് നെടു വീർപ്പിട്ടു. അമ്മ നേരെ പോയത് അടുക്കളയിലേക്ക് ആണ്.

പച്ച മരുന്നുകളും മറ്റും ഇട്ട് ഒരു കഷായം ഉണ്ടാക്കി. ഒരു ഹോട്ട് ബാഗുമായി അമ്മ ദത്തന്റെ റൂമിലേക്ക് നടന്നു. വർണ അപ്പോഴും അതേ ഇരുപ്പിൽ ഇരിക്കുകയാണ്. ദത്തൻ അവളുടെ നെറുകയിൽ തലോടുകയും ചെയ്യുന്നുണ്ട്. "ദേവാ... ഇത് കുടിച്ചാ വേദന കുറയും " കയ്യിലുള്ള ഗ്ലാസും , ഹോട്ട് ബാഗും മേശ പുറത്ത് വച്ച് അമ്മ പുറത്തേക്ക് തന്നെ പോയി. "കുഞ്ഞേ ..." " മമ്" അവൾ പതിയെ ഒന്ന് മൂളി " " ഒന്നൂല്യടാ . വേഗം മാറും ട്ടോ " അവൻ അവളെ പതിയെ തന്നിൽ നിന്നും അടർത്തി മാറ്റി ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുത്തി. ശേഷം എഴുന്നേറ്റ് ചെന്ന് ഡോർ ലോക്ക് ചെയ്തു. ടേബിളിൽ അമ്മ കൊണ്ടുവന്ന ഗ്ലാസ് എടുത്ത് വർണയുടെ അടുത്ത് വന്നിരുന്നു. വർണ ആ ഗ്ലാസിലേക്കും ദത്തന്റെ മുഖത്തേക്കും മാറി മാറി നോക്കി. " ഇത് കുടിച്ചാലെ വേഗം മാറൂ. ദത്തന്റെ പൊന്നല്ലേ . കുടിക്ക് " ദത്തന്റെ ആ ഒറ്റ ഡയലോഗിൽ വർണ ഫ്ളാറ്റ് . കഷായത്തിന്റെ കയപ്പ് പോലും വകവക്കാതെ അത് ഒറ്റയടിക്ക് കുടിച്ചു തീർത്തു. "That's my girl.... " ദത്തൻ അവളുടെ ചുണ്ടിലായി ഒന്ന് അമർത്തി ചുംബിച്ചതും അവൻ മുഖം ചുളിച്ചു കൊണ്ട് വർണയെ നോക്കി. "എന്താ ഒരു കയപ്പ് " ദത്തൻ മുഖം ചുളിച്ച് കൊണ്ട് തന്നെ ചോദിച്ചു.

" കഷായത്തിന്റെ കയപ്പാണ് " " ഇതിന് ഇത്രയും കയപ്പ് ഉണ്ടായിരുന്നോ " " മമ്" അവൾ തലയാട്ടി. "സാരില്യ. വേഗം മാറാൻ വേണ്ടിയല്ലേ " ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി. ശേഷം ഗ്ലാസ് ടേബിളിൽ വച്ച് ഹോട്ട് ബാഗുമായി അവളുടെ അരികിലേക്ക് വന്നു. വർണ ഇട്ടിരിക്കുന്ന ടി ഷർട്ട് കുറച്ച് മുകളിലേക്കായി കയറ്റി വച്ച ശേഷം ദത്തൻ ഹോട്ട് ബാഗ് അവളുടെ വയറിലേക്ക് വച്ചു. വയറിൽ ചൂട് തട്ടിയതും അവൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി. അവൾ ദത്തനെ തന്നെ നോക്കി കുറച്ച് നേരം കിടന്നു. "ഇപ്പോ കുറവ് ഉണ്ടാേ " "മ്മ് " അവൾ ഒന്ന് മൂളി. ദത്തൻ അവളുടെ വയറിൽ നിന്നും ഹോട്ട് ബാഗ് എടുത്ത് ടേബിളിൽ തന്നെ കൊണ്ടു വച്ചു. ശേഷം ഇട്ടിരിക്കുന്ന ഷർട്ട് അഴിച്ച് ചെയറിൽ ഇട്ട് വർണയുടെ കാലിന്റെ അരികിൽ വന്നിരുന്നു. പാന്റ് അൽപം കയറ്റി വച്ച് കാല് തടവി കൊടുക്കാൻ തുടങ്ങി. "വേണ്ട ദത്താ. കാല് വേദന അധികം ഇല്ല " പക്ഷേ അവൻ അത് കാര്യമാക്കാതെ കാല് തടവി കൊണ്ടിരുന്നു. ദത്തനെ തന്നെ നോക്കി കിടന്ന് വർണയുടെ കണ്ണുകൾ അടഞ്ഞ് പോയി. വയറിൽ ചുടുനിശ്വാസം തട്ടിയതും വർണ കണ്ണുകൾ വലിച്ച് തുറന്നു. തന്റെ വയറിൽ മുഖം പൂഴ്ത്തി കിടക്കുകയാണ് ദത്തൻ .

അവന്റെ ചുടു ശ്വാസം തട്ടുന്നതിനനുസരിച്ച് വർണയുടെ ശരീരമാകെ ഒരു വിറയൽ പടർന്നു. "എന്താടി " അത് മനസിലാക്കിയ ദത്തൻ അവളെ തല ഉയർത്തി നോക്കി ചോദിച്ചു. " അത് ... അത് പിന്നെ " " ഏത് പിന്നെ ... " " അത് ..അത് എനിക്ക് എന്തോ പോലെ തോന്നാ " "എന്ത് പോലെ " അവൻ തന്റെ സ്ഥിരം കള്ള ചിരിയോടെ ചോദിച്ചു. " അത് എനിക്ക് ആകെ ഒരു ... ഒന്നുല്യ " അവൾ പറഞ്ഞ് വന്നത് നിർത്തി. " ഒന്ന് ഉറങ്ങി എണീറ്റാ വേദന കുറയും. ഉറങ്ങിക്കോ" അത് പറഞ്ഞ് അവൻ വീണ്ടും അവളുടെ വയറിലേക്ക് മുഖം ചേർത്ത് തന്നെ കിടന്നു. വർണ അവന്റെ മുടിയിഴയിലൂടെ പതിയെ തലോടി കൊണ്ടിരുന്നു. വർണ ഉറങ്ങി എന്ന് മനസിലായതും ദത്തൻ അവളിൽ നിന്നും എണീറ്റു. ശേഷം അവളുടെ ടി ഷർട്ട് ശരിക്ക് ആക്കി അവളുടെ അരികിൽ കിടന്നു. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് തന്നിലേക്ക് ചേർത്ത് പിടിച്ച് കിടന്നു. * ഡോറിൽ ഉള്ള തട്ട് കേട്ടാണ് ദത്തൻ കണ്ണു തുറന്നത്. വർണ നല്ല ഉറക്കത്തിലാണ്. അവളുടെ ചുണ്ടിൽ ഒന്ന് ഉമ്മ വച്ച് അവൾ ബെഡിൽ നിന്നും എണീറ്റു. സമയം മൂന്നു മണി കഴിഞ്ഞു. അവൻ അഴിച്ചിട്ട ഷർട്ട് എടുത്ത് ഇട്ട് ചെന്ന് വാതിൽ തുറന്നു.

ചെറിയമ്മ ആയിരുന്നു അത്. മുഖത്ത് വല്ലാതെ പരിഭ്രമം നിറഞ്ഞിട്ടുണ്ട്. "വർണ എവിടെ . അവൾക്ക് ഇപ്പോ എങ്ങനെയുണ്ട്. ചേച്ചി വിളിച്ച് പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. അപ്പോ തന്നെ ഇങ്ങോട്ടേക്ക് തിരിച്ചു. " ചെറിയമ്മ ദത്തനെ മറി കടന്ന് അകത്തേക്ക് കയറി. ഉറങ്ങുന്ന വർണയുടെ അരികിൽ വന്നിരുന്ന് പതിയെ അവളുടെ നെറ്റിയിൽ തലോടി. "മോൾക്ക് വയ്യാ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് പോവില്ലായിരുന്നു. ഞാൻ പോവുമ്പോൾ മോൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ചേച്ചി വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ച് പോയി. വർണക്ക് എപ്പോഴും നല്ല വയറു വേദന ഉണ്ടാകാറുണ്ടോ " "മ്മ് ഉണ്ടാകാറുണ്ട്. ചെറിയമ്മ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം." ദത്തൻ ഒരു ടവലും ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് കയറി. കുളിക്കുന്നതിനിടയിൽ റൂമിൽ നിന്നും നല്ല ബഹളം കേട്ടിരുന്നു. അതിൽ നിന്നും ഭദ്രയും ശിലുവും ക്ലാസ് കഴിഞ്ഞ് വന്നതാണ് എന്ന് മനസിലായി. ദത്തൻ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ചെറിയമ്മ റൂമിൽ ഉണ്ടായിരുന്നില്ല. ബെഡിൽ വർണ ഉറങ്ങുന്നുണ്ട്. അവളുടെ അപ്പുറത്തും ഇപ്പുറത്തും ആയി ശിലുവും ഭദ്രയും കിടക്കുന്നുണ്ട്. മൂന്നും കൂടെ കെട്ടിപിടിച്ച് കിടക്കുന്നത് കണ്ട് ദത്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. യൂണിഫോം മാറ്റാതെയാണ് രണ്ടിന്റെയും കിടപ്പ്. അവൻ കൈയ്യിലെ ടവൽ ചെയറിനു മുകളിൽ വിരിച്ച് ഡോർ ചാരി പുറത്തേക്ക് ഇറങ്ങി പോയി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story