എൻ കാതലെ: ഭാഗം 56

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഡോറിന്റെ അരികിൽ എത്തിയതും വർണ അതേ പോലെ തിരികെ വന്നു. അവൾ അവന്റെ നെറ്റിയിലും കവിളിലും ആയി പടർന്ന സിന്ദൂരം തുടച്ച് അലങ്കോലമായ അവന്റെ മുടി ഒതുക്കി വച്ചു. ശേഷം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. കുറച്ച് നേരം അവർ പരസ്പരം അകന്ന് മാറാതെ അങ്ങനെ തന്നെ നിന്നു. " ദത്താ ഞാൻ പോവാ ട്ടോ " അവനോട് പറഞ്ഞ് വർണ താഴേക്ക് പോയി. * വർണ താഴേ അടുക്കളയിൽ വന്നപ്പോൾ കറിക്ക് അരിയുന്ന ശിലുവിനേയും തേങ്ങ ചിരവുന്ന ഭദ്രയേയും ആണ് കാണുന്നത്. "വർണ മോളേ .." വർണയെ കണ്ടതും അവർ രണ്ട് പേരും ഒരേ താളത്തിൽ ദയനീയമായി വിളിച്ചു. " ഇതെന്താ രണ്ടു പേർക്കും പതിവില്ലാത്ത ശീലങ്ങൾ ഒക്കെ " വർണ ചിരിച്ചു കൊണ്ട് അവരുടെ അരികിലേക്ക് വന്നു. " പഠിക്കേണ്ട കാലത്ത് പാവം നിഷ്കളങ്കയായ 2 പെൺകുട്ടികളെ നാല് അടുക്കള ചുമരിനുള്ളിൽ തളച്ചിടാൻ നോക്കുന്ന ബൂർഷാസി ചെറിയമ്മയോട് ചോദിക്ക് വർണ " " ഡീ .. ആരാടി നിങ്ങളെ അടുക്കളയിൽ തളച്ചിട്ടത് " കറി ഇളക്കുന്ന ചെറിയമ്മ തവി അവൾക്ക് നേരെ ഓങ്ങി കൊണ്ട് ചോദിച്ചു. "വേറാര് . അമ്മ തന്നെ. മാങ്ങ മുറിച്ചു തരാൻ പറഞ്ഞ് വന്ന ഞങ്ങളെ കൊണ്ട് പണിയെടുപ്പിച്ച് കൊല്ലാൻ നോക്കിയത് അമ്മയല്ലേ ...." "പിന്നെ ..ഒരു തേങ്ങ ചിരവുമ്പോഴേക്കും നീ അങ്ങ് മരിക്കുകയല്ലേ ..."

"ശരിക്കും എന്താ സംഭവം. മാങ്ങ മുറിച്ച് ഉപ്പും മുളകും എടുത്തിട്ട് വരാം എന്ന് പറഞ്ഞ് പോയത് അല്ലേ നിങ്ങൾ ...." "അതെ. ഞങ്ങൾ ഈ അമ്മയോട് ഈ മാങ്ങ ഒന്നു മുറിച്ച് ഇത്തിരി മുളകും ഉപ്പും ഇട്ട് തരാൻ പറഞ്ഞതിന് ഞങ്ങളെ ചീത്ത പറഞ്ഞു. പോരാത്തതിന് ഈ തേങ്ങയും, ഉപ്പേരിക്കുള്ള പച്ചക്കറിയും റെഡിയാക്കി തന്നിട്ട് പോയാ മതി എന്ന് പറഞ്ഞു..." ഭദ്ര " എടീ കള്ളി.. അങ്ങനെയാണോ ഉണ്ടായേ.... ഇവള് മാര് ഞാൻ പണി ചെയ്യുന്നതിനിടയിൽ വന്ന് മാങ്ങ മുറിച്ച് തരണമെന്ന് പറഞ്ഞു. അപ്പോ ഞാൻ പണിതിരക്കിൽ ആണ് . കുറച്ച് കഴിയട്ടെ എന്ന് പറഞ്ഞു. അപ്പോ ഇവളുടെ ഒരു ആജ്ഞ 5 മിനിറ്റിനുള്ളിൽ മുറിച്ച് കൊടുക്കണം പോലും . ഞാനെന്താ ഇവളുടെ വേലക്കാരിയോ പറയുമ്പോഴേക്കും അങ്ങ് ചെയ്ത് കൊടുക്കാൻ .... അതുകൊണ്ടാ ഞാൻ രണ്ടാൾക്കും ഓരോ പണികൾ ചെയ്യാൻ കൊടുത്തത്. പഠിക്കുന്ന പിള്ളേർ അല്ലേ എന്ന് വിചാരിച്ച് കുറച്ച് സൗകര്യം കൊടുത്തപ്പോൾ തലയിൽ കയറുന്നോ... അതങ്ങനെ വിട്ട് കൊടുക്കാൻ പറ്റത്തില്ലല്ലോ " ചെറിയമ്മ പറയുന്നത് കേട്ട് വർണ അവർ രണ്ടുപേരെയും നോക്കി ആക്കി ചിരിച്ചു. "അമ്മേ ഞങ്ങളെ കൊണ്ട് മാത്രമെന്താ പണിയെടുപ്പിക്കുന്നേ. അവൾക്കും ഒരു ജോലി കൊടുക്ക്. എനിക്കും ഒരു ജോലി താ എന്ന് പറഞ്ഞ് പാവം നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.."

"അത് സാരില്യ അവൾ അവിടെ വെറുതെ നിന്നോട്ടെ.. " ഞാനോ എപ്പോ എന്ന ഭാവത്തിൽ നിൽക്കുന്ന വർണയെ നോക്കി ചെറിയമ്മ പറഞ്ഞു. " അല്ലെങ്കിലും ഈ വീട്ടിൽ പണ്ടു മുതൽ അങ്ങനെയാണല്ലോ. ഓരോരുത്തർക്കും ഓരോ നിയമം. ആകെ ഉള്ള ഒരു അമ്മ ദത്തുപുത്രിയെ ശരണം എന്ന് പറഞ്ഞ് നടക്കുന്നു. പിന്നെ ഉള്ള ഒരു ചെറിയമ്മക്ക് ഇപ്പോ പുതിയ മരുമകളെ കിട്ടിയപ്പോൾ എന്നേ വേണ്ട. " ശിലു പരിഭവത്തോടെ പറഞ്ഞു. "വർണ മോളേ ... പോയി ആ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകി വച്ചേ " ശിലുവിന്റെ സംസാരം താങ്ങാനാവാതെ ചെറിയമ്മ പറഞ്ഞു. വർണ ശിലുവിനെ നോക്കി ഒന്ന് കണ്ണുരുട്ടി പാത്രങ്ങൾ കഴുകാൻ തുടങ്ങി. അത് കണ്ട് ഭദ്രയും ശിലുവും പൊട്ടി ചിരിച്ചു. * . "നല്ല പുളി ഉണ്ടല്ലേ " വർണ മാങ്ങ വായിലേക്ക് ഇട്ടതും മുഖം ചുളിച്ചു. പണികൾ കഴിഞ്ഞ് അടുക്കളയിലെ വുഡൻ ഡെയ്നിങ്ങ് ടേബിളിൽ ഇരുന്ന് മാങ്ങ കഴിക്കുകയാണ് ശിലുവും ഭദ്രയും വർണ യും. ശിലുവും ഭദ്രയും ചെയറിലും വർണ ടേബിളിനു മുകളിലും ആയാണ് ഇരിക്കുന്നത്. ചെറിയമ്മയെ അന്വോഷിച്ച് വന്ന മാലതി അമ്മായി ഇതു കണ്ട് അവരുടെ അരികിലേക്ക് വന്നു. " ഇതെന്താ മാങ്ങ തിന്നാൻ...." "നിങ്ങൾ എന്താ പ്രെഗ്നന്റ് ആണോ ..എന്നല്ലേ അമ്മായി ചോദിക്കാൻ വരുന്നത് " മാലതി പറയുന്നതിന് ഇടയിൽ കയറി ശിലു ചോദിച്ചു.

" അതിന് മാങ്ങ തിന്നാൻ പ്രെഗ്നന്റ് ആവണം എന്നൊന്നും ഇല്ലാ അമ്മായി... ഇതൊക്കെ പണ്ടത്തെ സീരിയൽ ഡയലോഗാ മാറ്റി പിടിക്ക് അമ്മായി.." ഭദ്ര. "ദേ പിള്ളേരെ കുറച്ച് ദിവസമായി നിങ്ങളുടെ നാവിന് കുറച്ച് നീട്ടം കൂടുന്നുണ്ട്. മര്യാദക്ക് ഒതുങ്ങിക്കോ. ദേ ഇവളെ കണ്ടിട്ടാണ് നെഗളിക്കുന്നത് എങ്കിൽ അത് വേണ്ടാ. ഇവൾ ഈ തറവാട്ടിൽ അധിക കാലം വാഴില്ല. ഞാൻ വാഴിക്കില്ലാ...." " ദേ പെണ്ണും പിള്ളേ ഒരു കാര്യവും ഇല്ലാത്ത എന്റെ മെക്കിട്ട് കേറാൻ വന്നാലുണ്ടല്ലോ നിങ്ങൾ ഈ വർണയുടെ തനി സ്വഭാവം കാണും .." വർണ മാലതിക്ക് നേരെ കൈ ചൂണ്ടി. "ഡീ ... ഇതിനുള്ള മറുപടി ഞാൻ പറയില്ല. പ്രവർത്തിച്ചു കാണിച്ചു തരും " മാലതി ഭീഷണി സ്വരത്തിൽ പറഞ്ഞ് ഗ്യാസ് സ്റ്റവ്നു അരികിലേക്ക് നടന്നു. പാത്രങ്ങളിലായി വച്ചിരിക്കുന്ന കറികളിൽ എല്ലാം ഉപ്പും മുളകും നോക്കുകയാണ് കക്ഷി. എങ്കിലും കണ്ണും കാതും മറ്റു മൂന്നു പേരുടെ നേർക്കാണ്. "എനിക്ക് വേണ്ടാ ട്ടോ ഇത്. എന്തോരു പുളിയാ ഇത് .." വർണ മാങ്ങ തിരിച്ച് പാത്രത്തിലേക്ക് തന്നെ ഇട്ടു. " അതൊന്നും പറഞ്ഞാ പറ്റില്ല. നീ മാങ്ങ വേണം എന്ന് പറഞ്ഞ് വാശി പിടിച്ച കാരണം അല്ലേ ദത്തേട്ടൻ നിനക്ക് വേണ്ടി മാങ്ങ കൊണ്ടുവന്നത്. ഈ സമയത്ത് ഇങ്ങനെ ഓരോ ആഗ്രഹങ്ങൾ ഒക്കെ തോന്നും " ശിലു പറഞ്ഞതും അമ്മായിയുടെ കയ്യിൽ നിന്നും തവി താഴേക്ക് വീണു.

" എ..എന്താ നീ പറഞ്ഞേ.." മാലതി പതർച്ചയോടെ ചോദിച്ചു. "ഈ അമ്മായിടെ ഒരു കാര്യം. മൂന്ന് പെറ്റ അമ്മായിയോട് ഇതൊക്കെ കല്യാണം കഴിയാത്ത ഞങ്ങൾ തന്നെ പറഞ്ഞ് തരണോ..." "എന്ത് കാര്യം..." "എടീ വർണേ അപ്പോ നീ വിശേഷത്തിന്റെ കാര്യം അമ്മായിയോട് പറഞ്ഞില്ലേ " ഭദ്ര വർണയെ നോക്കി. "വിശേഷമോ ..എന്ത് വിശേഷം .. " വർണക്ക് ഒന്നും മനസിലായില്ല. "എടീ വിശേഷം ... " ഭദ്ര ഒന്നു കൂടി ഉറപ്പിച്ച് പറഞ്ഞു. "ആഹ്.. ഓഹ്...ആ.. വിശേഷം .. അ...അത് ... ദത്തൻ പറഞ്ഞു ഇപ്പോ ആരോടും പറയണ്ടാ. എല്ലാവർക്കും ഒരു സർപ്രെയ്സ് ആയിക്കോട്ടെ എന്ന് .. " വർണ അത് പറഞ്ഞതും ഫ്രിജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുന്ന ദത്തൻ വെള്ളം തലയിൽ കയറി ചുമക്കാൻ തുടങ്ങി. "എല്ലാം ഒപ്പിച്ച് വച്ചിട്ട് കൊച്ചു കള്ളൻ അവിടെ മറഞ്ഞ് നിക്കാ. ഇങ്ങോട്ട് വാ എട്ടാ .." ശിലു പറഞ്ഞതും ഞെട്ടൽ മാറാതെ ദത്തൻ ചുമച്ചു കൊണ്ട് തന്നെ അവരുടെ അടുത്തേക്ക് വന്നു. ഇപ്പോ വന്നതു കൊണ്ട് കുറച്ച് മുൻപ് അവിടെ നടന്ന കാര്യമൊന്നും ദത്തൻ കേട്ടിരുന്നില്ല. അവൻ വർണയുടെ അരികിൽ വന്നു നിന്നു. " ഇത് ഈ ഭദ്ര അപ്പച്ചിടെ വക .. " ഭദ്ര ഒരു മാങ്ങാ കഷ്ണം എടുത്ത് അവളുടെ വായിലേക്ക് വച്ചു. ദത്തനും അമ്മായിയും ശരിക്കും കിളി പോയ അവസ്ഥയിൽ ആയിരുന്നു. " ഇവർ പറഞ്ഞത് ശരിയാണോ ദേവാ.."

അമ്മായി അവനെ നോക്കി ചോദിച്ചതും ദത്തൻ അതെ എന്നും അല്ലാ എന്നും അർത്ഥത്തിൽ തലയാട്ടി. അമ്മായി വർണയെ രൂക്ഷമായി ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടന്നു. ശേഷം പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞ് വന്നു. " നാലഞ്ച് ദിവസം മുൻപ് നീയല്ലേ വയറു വേദനയാണെന്ന് പറഞ്ഞ് കരഞ്ഞു നിലവിളിച്ചത്. അപ്പോ ദേ ഇവൻ പറഞ്ഞു നിനക്ക് പിരിയഡ്സ് ആണെന്ന് . അപ്പോ എങ്ങനെ നീ പ്രെഗ്നന്റ് ആവും " അമ്മായി സംശയത്തോടെ ചോദിച്ചതും ദത്തൻ ഒഴിച്ച് ബാക്കി മൂന്നു പേരും പൊട്ടി ചിരിച്ചു. "അമ്മായിക്ക് ആദ്യം അത് കത്തിയില്ലാലെ. ട്യൂബ് ലൈറ്റ് ആണല്ലോ തെറ്റുപറയാൻ പറ്റില്ല. പാവം അമ്മായി കുറച്ച് നേരത്തേക്ക് ആണെങ്കിലും ഞെട്ടി പണ്ടാരമടങ്ങി. " ഭദ്ര ചിരിച്ച് കൊണ്ട് പറഞ്ഞതും മാലതി ചവിട്ടി തുള്ളി പുറത്തേക്ക് പോയി. "എട്ടൻ ഒരുപാടങ്ങ് ചിരിക്കണ്ട . എട്ടനും ഒന്ന് ഞെട്ടിയത് ഞാൻ നല്ല വ്യക്തമായി കണ്ടു " ഭദ്ര പറഞ്ഞതും ദത്തൻ ഒന്ന് പരുങ്ങി. " ദത്താ മാങ്ങ വേണോ " വർണ പെട്ടെന്ന് വിഷയം മാറ്റാനായി പറഞ്ഞു. "എയ് വേണ്ടാ. ഇത് എന്റെ വിശേഷം ഉള്ള ഭാര്യ തന്നെ കഴിച്ചോ " ഒരു കോൾ വന്നതും ദത്തൻ ഫോണും കൊണ്ട് പുറത്തേക്ക് പോയി. "എടി ഇനി ശരിക്കും വല്ല വിശേഷം ...'' " നിന്നേ ഞാനിന്ന് ....." വർണ ശിലുവിനെ തല്ലാനായി പിന്നാലെ ഓടി. കൂടെ ഭദ്രയും ...

മൂന്നും കൂടെ നേരെ ചെന്ന് പെട്ടെത് മുത്തശ്ശിയുടെ മുന്നിലാണ്. "നിങ്ങൾക്ക് പഠിക്കാൻ ഒന്നും ഇല്ലേ .." മുത്തശി ഭദ്രയേയും ശിലുവിനേയും നോക്കി ചോദിച്ചു. "ഉണ്ട് മുത്തശ്ശി. പോവാ " അത് പറഞ്ഞ് അവർ റൂമിലേക്ക് നടന്നു. "വർണ അവിടെ നിന്നേ . നിങ്ങൾ റൂമിലേക്ക് പോയ്ക്കോ " അവർ രണ്ടു പേരും വർണയെ ഒന്ന് നോക്കി റൂമിലേക്ക് പോയി. "നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്രമാസമായി .." "രണ്ട് മാസം " " എത് ക്ഷേത്രത്തിൽ വച്ചായിരുന്നു. " " ക്ഷേത്രത്തിൽ അല്ല. സമൂഹ വിവാഹം ആയിരുന്നു. " "മ്മ്.. ഇവിടെ നിൽക്ക് . ഞാനിപ്പോ വരാം " ഒന്ന് അമർത്തി മൂളി മുത്തശ്ശി റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞതും കയ്യിൽ ഒരു മാലയും ആയി മുത്തശ്ശി തിരികെ വന്നു. "ഈ തറവാട്ടിൽ പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേ പോലെ തുടർന്നു പോകണം എന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും അത് തെറ്റിക്കാൻ ഞാൻ സമ്മതിക്കില്ല. ഇവിടെ നിനക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇഷ്ടമുള്ള രീതിയിൽ പെരുമാറാം. മറ്റാരെയും ഞാൻ അതിന് സമ്മതിച്ചിട്ടില്ല. നിനക്ക് ഇങ്ങനെ ഒരു ഇളവ് തരാൻ കാരണം ദേവനെ ആലോചിച്ചാണ്. അവന് നിന്നോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ്. എന്ന് വച്ച് എല്ലാം നിന്റെ ഇഷ്ടത്തിന് വിട്ട് തരാൻ കഴിയില്ല.

ദേവന്റെ ചെറിയ മുത്തശ്ശി നിന്റെ താലിയേയും സിന്ദൂരത്തേയും കുറച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞ് മാറാൻ വേണ്ടി മാത്രമാണ് ഇപ്പോഴത്തെ കുട്ടികളുടെ ഇഷ്ട്ടങ്ങൾ അല്ലേ അത് എന്ന് ഞാൻ പറഞ്ഞത്. നീ ഇവിടെ നിൽക്കുന്ന കാലത്തോളം ഇവിടത്തെ ചില ചിട്ട വട്ടങ്ങൾ അംഗീകരിച്ചേ മതിയാവു. ഞാൻ പറഞ്ഞ് വരുന്നത് എന്താണെന്ന് നിനക്ക് മനസിലാവുന്നുണ്ടോ ..." "മ്മ് " അവൾ തലയാട്ടി. "ഈ താലി സിന്ദൂരം എന്ന് പറയുന്നത് ഒളിച്ചു മറച്ചു വക്കേണ്ട ഒന്നല്ല. നിങ്ങൾക്ക് അതിൽ വിശ്വാസം കാണില്ല. പക്ഷേ എനിക്ക് വിശ്വാസം ഉണ്ട്. അതുകൊണ്ട് പുറത്തുള്ളവരെ കൊണ്ട് ഈ തറവാട്ടിലെ മരുകളായിട്ട് പറയിപ്പിക്കരുത്. നിന്റെ താലി ദാ ഈ മാലയിലേക്ക് ഇട്ടേക്ക്. " മുത്തശ്ശി കെയ്യിലെ അത്യവശ്യം വലിപ്പം ഉള്ള ഒരു ചെയിൻ അവളുടെ കയ്യിലേക്ക് വച്ചു. "അയ്യോ ..ഇതൊന്നും വേണ്ടാ മുത്തശി . എന്റേൽ ഉണ്ട് " അവൾ കഴുത്തിലെ മാല കാണിച്ച് പറഞ്ഞ് ആ ചെയിൻ തിരികെ മുത്തശ്ശിയുടെ കയ്യിലേക്ക് തന്നെ വച്ചു. അപ്പോഴേക്കും ചെറിയമ്മയും അവിടേക്ക് വന്നിരുന്നു. "ഇത്രയും വലിയ തറവാട്ടിലെ എന്റെ പേരകുട്ടിയുടെ ഭാര്യ ഇത്ര ചെറിയ മാല ഇട്ട് നടക്കുന്നത് എനിക്ക് കുറച്ചിലാണ് " അവൾ ആ മാല വാങ്ങാനായി മുത്തശ്ശി പറഞ്ഞു. " വാങ്ങിച്ചോ മോളേ മുത്തശി തരുന്നത് അല്ലേ " ചെറിയമ്മയും മുത്തശ്ശിയെ പിൻ താങ്ങി.

" എന്നാ ഞാൻ ദത്തനോട് ഒന്ന് ചോദിക്കട്ടെ ... " " അതിന്റെ ആവശ്യമില്ല. ഇത് ഞാൻ എന്റെ പേരകുട്ടിക്ക് സ്നേഹത്തോടെ തരുന്നതാണ്. അതിന് മറ്റുള്ളവരുടെ സമ്മതം ആവശ്യമില്ല. " " ആവശ്യമുണ്ട്..." ഇതെല്ലാം കേട്ട് വന്ന ദത്തൻ ഉറക്കെ പറഞ്ഞു. "ഇവൾ എന്റെ ഭാര്യയാണ്. അതിൽ കൂടുതൽ ഒരു ബന്ധവും ഇവളുമായി ഈ തറവാട്ടിലെ ആർക്കും വേണ്ടാ. പിന്നെ എന്റെ ഭാര്യക്ക് മാല വേണം എങ്കിൽ അത് വാങ്ങി കൊടുക്കാൻ ഞാനുണ്ട്. " " ദേവാ..." മുത്തശി വിളിച്ചു. "ദേവൻ അല്ലാ . ദേവദത്തൻ ... എനിക്കും ഇവൾക്കും ഈ തറവാട്ടിലെ ചില്ലി കാശ് പോലും വേണ്ട. ഇവളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാൻ ഞാൻ നല്ല അന്തസായി ജോലി എടുക്കുന്നുണ്ട്. " " ഇവൻ ദേഷ്യത്തിൽ ഇങ്ങനെ ഓരോന്ന് പറയും. മോള് അതൊന്നും കാര്യമാക്കണ്ട . മുത്തശി സ്നേഹത്തോടെ തരുന്നത് അല്ലേ. അത് വാങ്ങിക്ക് " ചെറിയമ്മ പറയുന്നത് കേട്ട് വർണ ദത്തനേയും മുത്തശിയേയും മാറി മാറി നോക്കി. ദത്തന്റെ മുഖത്ത് ദേഷ്യം ആണെങ്കിൽ മുത്തശിയുടെ മുഖത്ത് പ്രതീക്ഷയായിരുന്നു. " വാങ്ങ് മോളേ" "സോറി മുത്തശി . എനിക്ക് വേണ്ടാ..." അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു. " അവൾക്ക് വേണ്ടാ എന്ന് പറഞ്ഞത് കേട്ടല്ലോ " ദത്തൻ " നീ അതിനെ ഇങ്ങനെ നോക്കി പേടിപ്പിച്ചാൽ അവൾ എങ്ങനാ വേണം എന്ന് പറയാ.

നിന്റെ വാശി നീ വെറുതെ അവളുടെ മേൽ അടിച്ച് ഏൽപ്പിക്കാൻ നോക്കല്ലേ ദേവാ " ചെറിയമ്മ ചെറിയ ദേഷ്യത്തിലാണ് പറഞ്ഞത്. " ആണോടീ ... എന്നേ പേടിച്ചിട്ട് ആണോ നീ അത് വേണ്ടാ എന്ന് പറഞ്ഞേ... ആണോടീ ... പറയാൻ ... " ദത്തൻ അലറി " അല്ല. എനിക്ക് നിന്നെ പേടിയൊന്നും ഇല്ല. ഞാൻ എന്തിനാ നിന്നെ പേടിക്കുന്നേ.. ശരിക്കും എനിക്ക് വേണ്ടാത്തത് കൊണ്ടാ " അവൾ നിഷ്കളങ്കമായി പറഞ്ഞതും മുത്തശിയും ചെറിയമ്മയും ചിരിച്ചു. ദത്തൻ ആണെങ്കിൽ അവളുടെ പറച്ചിൽ കേട്ട് ആകെ ചമ്മി നാറി ഒരു പരിവം ആയി. "വാ " ദത്തൻ അവളുടെ കൈ പിടിച്ച് വലിച്ച് റൂമിലേക്ക് നടന്നു. സ്റ്റയർ കയറി പോകുന്ന വഴി വർണ മുത്തശിയെ ഒന്നു തിരിഞ്ഞു നോക്കി. മുത്തശി സാരില്യ എന്ന രീതിയിൽ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദത്തൻ അവളെ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടുവന്നു. ശേഷം ഡോർ ലോക്ക് ചെയ്തു. "നീ എന്ത് പണിയാടി കാണിച്ചേ . അവരുടെ മുന്നിൽ വച്ച് നീ എന്തിനാ നിനക്ക് എന്നേ പേടിയില്ലാ എന്ന് പറഞ്ഞത് " ദത്തൻ പല്ലുകടിച്ചു കൊണ്ട് ചോദിച്ചു. "പിന്നെ ഞാൻ എന്ത് പറയണം. എനിക്ക് നിന്നെയല്ലാ നിനക്ക് എന്നേയാണ് പേടിയെന്നോ. ഈ താടിയും മീശയും, ഈ മസിലും ഹൈറ്റും ഒക്കെ ഉണ്ടെങ്കിലും ഭാര്യയെ പേടിയാണ് എന്ന് അവരോട് പറഞ്ഞാൽ നിന്റെ ഉള്ള വില കൂടി പോകും എന്ന് കരുതിയാ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്....ഹും എനിക്ക് നിന്നേ പേടി പോലും " വർണ പുഛത്തോടെ ബെഡിൽ വന്നിരുന്നു.

"നീ എന്താടീ ഇങ്ങനെ . ഒന്നല്ലെങ്കിലും ഞാൻ നിന്റെ ഭർത്താവല്ലേ. പേടി ഇല്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ പേടിയുള്ള പോലെ ഒന്ന് അഭിനയിച്ചോടെ ...." "പിന്നെ ... ഒന്ന് പോയെ... ഒരു വല്യ ഭർത്താവ് വന്നിരിക്കുന്നു. " വർണ അത് പറയലും ദത്തൻ കാറ്റു പോലെ വന്ന് അവളെ ബെഡിലേക്ക് മറിച്ചിട്ടതും ഒരുമിച്ചായിരുന്നു. "എന്താടി നിനക്ക് എന്നേ ഒരു പുഛം ..എഹ് ... നിനക്ക് എന്നേ പേടിയില്ലാ ലെ ... പേടിപ്പിച്ച് തരട്ടെ ഞാൻ ...." ദത്തൻ അവളുടെ മുകളിൽ ഇരു കൈകളും കുത്തി നിന്നു. വർണ ഒന്ന് പതറി എങ്കിലും അത് മറച്ചു വച്ച് അവനെ ഒന്ന് പുഛിച്ചു. അത് കണ്ട് ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. അവൾ ഒന്ന് വിറച്ചു എങ്കിലും പിന്നീട് ഒന്നും മിണ്ടാതെ കിടന്നു. ദത്തൻ അവളുടെ കഴുത്താകെ മുഖം കൊണ്ട് തഴുകി എങ്കിലും വർണ കണ്ണുകൾ ഇറുക്കി അടച്ച് കിടന്നു. " അപ്പോ നിനക്ക് എന്നേ പേടി ഇല്ലാ . അല്ലേ " ദത്തൻ അത് പറഞ്ഞ് അവളുടെ നെറ്റിയിലെ വിയർപ്പ് തന്റെ ചൂണ്ടു വിരൽ കൊണ്ട് തുടച്ചു. ശേഷം പതിയെ അവളുടെ മുഖത്തു കൂടെ വിരൽ ഓടിച്ച് അവളുടെ കഴുത്തിലൂടെ തഴുകി ഇറങ്ങി അവളുടെ വയറിൽ വന്നു നിന്നു. അവന്റെ കൈ പതിയെ അവളുടെ ടോപ്പിനുള്ളിലൂടെ അണിവയറിൽ സ്പർശിച്ചതും അവൾ ഞെട്ടി കണ്ണുകൾ തുറന്നു. "വേ .. വേണ്ടാ ദത്താ.." "വേണം ദത്താ..."

അവൻ ഒരു പ്രത്യേക താളത്തിൽ പറഞ്ഞ് അവളുടെ ടോപ്പ് ഉയർത്തി അണിവയറിൽ മുഖം ചേർത്തു. അവിടെ അമർത്തി ചുംബിച്ചു. "മതി.. മതി ദത്താ.." "അയ്യടാ..അല്ലെങ്കിലും ഇത്രയെ ഉള്ളൂ " അത് പറഞ്ഞ് ദത്തൻ അവളുടെ ടോപ്പ് ശരിയാക്കി അവളുടെ മാറിൽ തല വച്ച് കിടന്നു. "അല്ലാ നീ ഇപ്പോ എന്താ എന്നും പട്ടുപാവാടാ. ഇത് നിനക്ക് ഇഷ്ടമല്ലലോ ...." അവൻ എന്തോ ഓർത്ത പോലെ തല അല്പം ഉയത്തി അവളെ നോക്കി ചോദിച്ചു. " അത് ..അത് പിന്നെ " വർണ ആകെ തപ്പി തടഞ്ഞു. " അത് ..പിന്നെ .." ദത്തൻ അവളുടെ മേൽ നിന്നും എണീറ്റ് ബെഡിൽ ഇരുന്നു. ശേഷം വർണയേയും എണീപ്പിച്ച് തനിക്ക് നേരെ ഇരുത്തി. "പറയ്..അത് പിന്നെ .." "അത്.. എനിക്ക് ഇപ്പോ ഈ ഡ്രസ്സാ ഇഷ്ടം .." "നീ ആരോടാ കള്ളം പറയുന്നേ. എനിക്കറിയാം കാരണം. എനിക്ക് ഇഷ്ടം നിന്റെ പഴയ ആ ഡ്രസ്സാ . ആ ടി ഷർട്ട് ... " ദത്തൻ അവന്റെ പതിവ് കള്ള ചിരിയിൽ പറഞ്ഞു. "എന്റെ കുട്ടി ഓടി പോയി ഡ്രസ്സ് മാറ്റീട്ട് വാ" അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഒതുക്കി വച്ച് ദത്തൻ പറഞ്ഞു. "വേണ്ട ദത്താ ഇത് മതി. ഇതാണ് നല്ലത് " " നീ പോയി മാറ്റുന്നോ. അതോ ഞാൻ മാറ്റി തരണോ.." ദത്തൻ അവളുടെ ഡ്രസ്സിൽ പിടിച്ച് ചോദിച്ചതും വർണ വേഗം ബെഡിൽ നിന്നും ഇറങ്ങി കബോഡിൽ നിന്നും ഒരു ടി ഷർട്ടും ഷോട്ട് പാൻസും എടുത്തു. "നീ വേണെങ്കിൽ ഇവിടെ നിന്ന് ചെയ്ഞ്ച് ചെയ്തോ. ഞാൻ കണ്ണടച്ച് ഇരുന്നോളാം..." ദത്തൻ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്ന് പറഞ്ഞു. "അയ്യട.. അത് മോന് ബുദ്ധിമുട്ടാവില്ലേ.."

"എയ്.. എനിക്ക് എന്ത് ബുദ്ധിമുട്ട്. ഞാൻ വേണെങ്കിൽ ഹെൽപ്പ് ചെയ്യുകയും ചെയ്യാം " "പോടാ വഷളാ ..." വർണ ഡ്രസ്സുമായി നേരെ ബാത്ത്റൂമിലേക്ക് കയറി. * വർണ ഡ്രസ്സ് മാറി ഇറങ്ങുമ്പോൾ ദത്തൻ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. "ആഹ് ഇപ്പോ എന്റെ കുഞ്ഞ് മിടുക്കി കുട്ടി ആയല്ലോ..." ദത്തൻ അവളെ കൈ നീട്ടി തന്റെ അരികിലേക്ക് വിളിച്ചു. വർണ നേരെ അവന്റെ മടിയിലേക്ക് ഇരുന്ന് അവന്റെ തോളിലൂടെ കൈ ഇട്ട് അവന് അഭിമുഖമായി ഇരുന്നു. ശേഷം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ദത്തൻ ഇരു കൈകൾ കൊണ്ടും അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. " ദത്താ..." "മ്മ്.... പറയടാ..." " ചിലപ്പോഴോക്കെ എനിക്ക് തോന്നും നമ്മുടെ ആ പഴയ വീടാ രസം എന്ന്. നമ്മൾ മാത്രം...." അവന്റെ നെഞ്ചിലേക്ക് തല വച്ച് അവൾ പറഞ്ഞു. "എന്റെ കുട്ടീനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് സങ്കടപ്പെടുത്തിയോ ..." " ഇല്ല ദത്താ" "പിന്നെ എന്താ ഇങ്ങനെ തോന്നൽ : " " ആവോ അറിയില്ല..." "നമ്മൾ എന്തായാലും ഇവിടെ അധികകാലം നിൽക്കില്ലടാ . കുറച്ച് കഴിഞ്ഞാ ഞാൻ എന്റെ കുട്ടിനേം കൊണ്ട് ഇവിടുന്ന് പോവില്ലേ. വേറെ ഒരു വീട്ടിലേക്ക്. അവിടെ എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി. വേറെ ആരും വേണ്ടാ " ദത്തൻ അവളുടെ ചുണ്ടിലേക്ക് തന്റെ അധരങ്ങൾ ചേർത്തു. അവളുടെ കീഴ് ചുണ്ടിനെ നുണഞ്ഞെടുത്തു.ദത്തൻ അവളുടെ ചുണ്ടിൽ കടിച്ചതും വേദന കൊണ്ട് അവൾ അവന്റെ മുടിയിൽ കോർത്ത് വലിച്ചു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story