എൻ കാതലെ: ഭാഗം 58

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തന് എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല. അവന് എങ്ങനെയെങ്കിലും വർണയെ കാണണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ ആണെങ്കിൽ തന്റെ രണ്ടു കാലും കൈയ്യും പാർത്ഥിയുടേയും ദത്തന്റെയും മേൽ ഇട്ടാണ് ഉറക്കം. ഉറക്കത്തിൽ എന്തോക്കെയോ പിറുപിറുക്കുന്നുണ്ട്. " ഓഹ് ഇതിനെ കൊണ്ട് മനുഷ്യൻ തോറ്റു" ദത്തൻ തന്റെ മേലുള്ള ശ്രീയുടെ കയ്യും കാലും എടുത്തു മാറ്റി തിരിഞ്ഞു കിടന്നതും മുന്നിൽ ഒരു രൂപം അടുത്തേക്ക് വരുന്നു. " ദത്താ.. " കറുത്ത രൂപം കണ്ട് ദത്തൻ ഒന്ന് ഞെട്ടി... "അമ്മേ ..." അവൻ ബെഡിൽ നിന്ന് ചാടി എണീറ്റതും വർണ അവന്റെ വാ പൊത്തി പിടിച്ചു. " ദത്താ ഒച്ചവക്കല്ലേ .. ഇത് ഞാനാ " അവൾ അടക്കി പിടിച്ച ശബ്ദത്തിൽ പറഞ്ഞതും ദത്തൻ ബെഡിൽ നിന്നും എണീറ്റു. " നീ എന്താ ഇവിടെ.. നിന്നോട് ഞാൻ ഭദ്രയുടെ റൂമിൽ കിടക്കാൻ അല്ലേ പറഞ്ഞത്. നിന്നെ പുറത്ത് പോകാൻ സമ്മതിക്കരുത് എന്ന് അവരോട് പറഞ്ഞതും ആണല്ലോ " ദത്തൻ പതിഞ്ഞ ശബ്ദത്തത്തിൽ ചോദിച്ചതും വർണ ദത്തന്റെ ചെവിയുടെ അടുത്തേക്ക് കുനിഞ്ഞു നിന്നു.

" ഒന്ന് ഉറങ്ങി എണീറ്റപ്പോൾ നിന്നെ കാണാതെ എനിക്ക് സങ്കടം വന്നു. ഞാൻ ഇങ്ങോട്ട് വരാൻ എണീറ്റപ്പോൾ ആ ശിലു സമ്മതിച്ചില്ല ദത്താ . അവസാനം അവള് ഉറങ്ങുന്ന വരെ കാത്തിരുന്നു. എന്നിട്ട് ഞാൻ ഇവിടേക്ക് എണീറ്റ് വന്നതാ" " ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു. " ദത്തൻ പതിയെ ബെഡിൽ നിന്നും താഴേ ഇറങ്ങി ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി. ഇത് കണ്ട് ശ്രീരാഗിന്റെ അപ്പുറത്ത് കിടന്ന പാർത്ഥിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അവൻ പതിയെ ഫോൺ എടുത്ത് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു. * "നിനക്ക് എന്നേ കാണാതെ സങ്കടം വന്നില്ലേ ദത്താ " മുകളിലെ നീളൻ വരാന്തയിലെ ചെയറിൽ ഇരിക്കുന്ന ദത്തന്റെ മടിയിൽ ഇരിക്കുന്ന വർണ ചോദിച്ചു. "എയ് ഇല്ലാല്ലോ " " ഒരു തരി പോലും " " ഇല്ല. മാത്രമല്ലാ ഞാൻ നല്ല സുഖമായി കിടന്നുറങ്ങായിരുന്നു. അതിന്റെ ഇടയിൽ വന്ന് നീയാണ് ശല്യപ്പെടുത്തിയത്. " ദത്തൻ അവളുടെ തോളിൽ താടി കുത്തി കൊണ്ട് പറഞ്ഞു. " എന്നാ നീ പോയി ഉറങ്ങിക്കോ. ഞാൻ ശല്യം ചെയ്യാൻ വരുന്നില്ല. " അത് പറഞ്ഞ് അവൾ ദേഷ്യത്തിൽ എണീറ്റതും ദത്തൻ കള്ള ചിരിയോടെ അവളുടെ വയറിലൂടെ കൈ ചേർത്ത് തന്റെ മടിയിലേക്ക് തന്നെ ഇരുത്തി.

"എന്റെ കുഞ്ഞിനെ കാണാതെ ഈ ദത്തൻ എങ്ങനാടാ ഉറങ്ങാ .നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കാതെ എനിക്ക് കിടക്കാൻ പറ്റുമോ .നിന്റെ അടുത്തേക്ക് ഞാൻ വരാൻ നിൽക്കായിരുന്നു. അപ്പോഴേക്കും എന്റെ കുട്ടി എന്റെ അടുത്തേക്ക് എത്തി " " ശരിക്കും " അവൾ കണ്ണു കൾ വിടർത്തി ചോദിച്ചു. "അതെടാ "ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് ഇരുത്തിയതും വർണ അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ച് രണ്ട് കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു. ഇരുവരുടേയും ഹൃദയമിടിപ്പു പോലും ഒന്നായ നിമിഷം. ഇരുവരും ഒന്നും മിണ്ടാതെ ഇരുന്നു. കുറച്ച് കഴിഞ്ഞതും അവന്റെ നെഞ്ചിൽ കടന്ന് വർണ ഉറങ്ങിയിരുന്നു. ദത്തൻ ഇരു കൈകൾ കൊണ്ടും അവളെ എടുത്ത് റൂമിലേക്ക് നടന്നു. വർണയെ ബെഡിൽ കിടത്തി ദത്തൻ വന്ന് ഡോർ ലോക്ക് ചെയ്ത് അവളുടെ അരികിൽ കിടന്നു. വർണയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ പതിയെ ഉറങ്ങി. * രാവിലെ എല്ലാവരും ഭക്ഷണം കഴിക്കുകയാണ്.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോകാൻ എന്ന് ദത്തൻ പറഞ്ഞിരുന്നു. പക്ഷേ ദർശനങ്ങൾ സ്പെഷ്യൽ ക്ലാസ്സ് ഉള്ളതിനാൽ അവൾ വരുന്നില്ലാ എന്നും വർണയോട് ഇഷ്ടമുള്ളത് ദർശനക്കായി സെലക്റ്റ് ചെയ്യാനും പറഞ്ഞു. " എന്നാ ഞാൻ ഇറങ്ങാ ട്ടോ " ദർശന തിരക്കിട്ട് പറഞ്ഞു കൊണ്ട് ചെറിയമ്മ കൊണ്ടുവന്നു തന്ന ലഞ്ച് ബോക്സും ബോട്ടിലും സൈഡ് ബാഗിലേക്ക് വച്ചു. " ഇവളെ സ്കൂളിൽ ആക്കിയിട്ട് വേണം എനിക്ക് ഓഫീസിൽ പോവാൻ . അതു കൊണ്ട് ഞാനും ഇറങ്ങാ " രാഗ് ദർശനക്കൊപ്പം പുറത്തേക്ക് ഇറങ്ങി. "ഇവന് ഇപ്പോ കുറച്ച് ദിവസമായി ഇതിൽ കുത്തി കളിച്ച് നടക്കാനെ സമയം ഉള്ളൂ. സംതിങ്ങ് ഫിഷി ... " ഫോണിൽ നോക്കി സ്റ്റയർ ഇറങ്ങി വരുന്ന പാർത്ഥിയെ കണ്ട് ശ്രീരാഗ് അടുത്തിരിക്കുന്ന ദത്തനോട് പറഞ്ഞു. "എടാ എട്ടാ അതിന് നിന്നെ പോലെ കാട്ടു കോഴിയല്ല പാർത്ഥിയേട്ടൻ " അത് കേട്ടതും ഭദ്ര പറഞ്ഞു. " കാട്ടു കോഴി നിന്റെ മറ്റവൻ ആടി " " നീ പോടാ തവള കണ്ണാ " "എടീ നിന്നേ " ശ്രീ കൈയ്യിൽ കിട്ടിയ പഴത്തിന്റെ തൊലിയെടുത്ത് ഭദ്രയെ എറിഞ്ഞു. "മോനേ നീ ഒന്നും കഴിക്കുന്നില്ലേ ..."

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്ന പാർത്ഥിയോട് ദത്തന്റെ അമ്മ ചോദിച്ചു. "വേണ്ട അമ്മായി. ഞാൻ പുറത്ത് നിന്നും കഴിച്ചോളാം. ഇപ്പോ തന്നെ ലേറ്റ് ആയി. " പാർത്ഥി ഫോണിൽ നിന്നും തല ഉയർത്താതെ തന്നെ പറഞ്ഞ് പുറത്തേക്ക് പോയി. അപ്പോഴേക്കും പാർവതി താഴേക്ക് വന്നിരുന്നു. അവൾ ചെയറിൽ ഇരുന്നതും ദത്തന്റെ അമ്മ വേഗം വന്ന് അവൾക്ക് പ്ലേറ്റിലേക്ക് പുട്ടും കറിയും വിളമ്പി . ശേഷം അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. അത് കണ്ടതും അത്രയും നേരം ചിരിച്ച് കളിച്ച് ഇരുന്നിരുന്ന വർണയുടേയും ശിലുവിന്റെയും മുഖം മങ്ങി. ശിലു ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു. ഇടക്ക് തല ചരിച്ച് വർണയെ ഒന്ന് നോക്കിയപ്പോൾ അവളും ഏറെ കുറേ അതെ അവസ്ഥയിൽ തന്നെയാണ്. അത് കണ്ടപ്പോൾ ശിലുവിനും കുറച്ച് സമാധാനം ആയി. ഭദ്രയാണെങ്കിൽ ഇതാെന്നും തന്നെ ബാധിക്കുന്ന കാര്യമല്ലാ എന്ന രീതിയിൽ പുട്ടി കഴിക്കുന്ന തിരക്കിൽ ആണ്. "ശിലു നിനക്ക് ചെറിയ അസൂയ തോന്നുന്നുണ്ടാേ " വർണ അവൾക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചു. "മ്മ്.. നിനക്കോ " " കുറച്ച് " " ഈ പിള്ളേരുടെ ഒരു കാര്യം. ഭക്ഷണം കഴിക്കുമ്പോൾ പോലും ഒന്ന് വാ അടച്ച് വക്കില്ല. എന്നിട്ട് കോഴി കൊത്തുന്ന പോലെ കുറച്ച് കഴിച്ചിട്ട് പോവും "

അത് പറഞ്ഞ് ചെറിയമ്മ ശിലുവിന്റെ പ്ലേറ്റ് എടുത്ത് അതിൽ നിന്നും വർണക്കും ശിലവിനും വാരി കൊടുക്കാൻ തുടങ്ങി. "അതേയ് ... ഇവിടെ നിങ്ങളുടെ ഒരു മകൾ കൂടി ഇരിക്കുന്നത് ഇടക്ക് ഓർത്താ മതി. ഞാൻ എന്താ തവിട് കൊടുത്ത് വാങ്ങിച്ചതാണോ " ഭദ്ര ചെറിയമ്മക്ക് നേരെ വാ കാണിച്ചു കൊണ്ടു പറഞ്ഞതും ചെറിയമ്മ കുറച്ച് പുട്ട് എടുത്ത് അവളുടെ വായിലേക്ക് വച്ചു കൊടുത്തു. ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ ദത്തൻ ഇരിക്കുമ്പോഴാണ് ശ്രീ ദത്തന്റെ തോളിൽ തട്ടിയത്. "എടാ കുറച്ച് മുൻപ് പാർത്ഥിയുടെ കാര്യം പറഞ്ഞത് സിരിയസ് ആയിട്ടാ. അവന് എന്തൊക്കെയോ ചുറ്റി കളികൾ ഉണ്ട്. " "പിന്നെ ..അങ്ങനെ ഒന്നും ഇല്ല. അത് അവന്റെ വല്ല ഫ്രണ്ട്സും ആയിരിക്കും " " ഫ്രണ്ട് ആണെങ്കിൽ എന്തിനാ നമ്മൾ എന്തെങ്കിലും ചോദിക്കുമ്പോൾ അവൻ ഉരുണ്ടു കളിക്കുന്നേ. എന്റെ ബലമായ സംശയം അവനും ആ ലക്ഷ്യയും ആയി ഇപ്പോഴും എന്തോ റിലേഷൻ ഉണ്ട് എന്നാ നമ്മളോട് ഒക്കെ ഒന്നും ഇല്ലാ എന്ന് പറയുന്നുണ്ടെങ്കിലും ചിലപ്പോ അണ്ടർ ഗ്രവുണ്ട് വഴി ഇപ്പോഴും രണ്ടും ലൈൻ വലിക്കുന്നുണ്ടങ്കിലോ.. "

" നീ ഒന്ന് പോയേ ശ്രീ. നാളെ ലക്ഷ്യയുടെ കല്യാണമാ " " ഇനി ചിലപ്പോ നാളെ രാവിലെ കല്യാണ സാരിയിൽ രണ്ടും കൂടി ഒളിച്ചോടാൻ ആണെങ്കിലോ പ്ലാൻ ചെയ്തത് എങ്കിലോ. അതാണല്ലോ ഇപ്പോഴത്തെ ഒരു ട്രൻന്റ്...." "നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ പാർത്ഥി അങ്ങനെയൊന്നും ചെയ്യില്ല.." അവൻ നിസാരം മട്ടിൽ പറഞ്ഞ് കഴിക്കാൻ തുടങ്ങി. "ഇനി എങ്ങാനും ചിലപ്പോ ... " " ഒരു എങ്ങാനും ഇല്ലാ . നീ വല്ലതും കഴിച്ച് വേഗം ഓഫീസിൽ പോകാൻ നോക്കിക്കേ... അല്ലാ ഒരു കാര്യം ഞാൻ ഇപ്പോഴാ ഓർത്തത്.... ആരാ നിന്റെ മനസ് കാണാതെ പോയവൾ .. " ദത്തൻ അത് ചോദിച്ചതും ശ്രീ ഒന്നും മനസിലാവാതെ ദത്തന്റെ മുഖത്തേക്ക് നോക്കി. "ഏതവൾ " " അതു തന്നാ ഞാനും ചോദിക്കുന്നേ. നീ ഇന്നലെ കുടിച്ച് ബോധമില്ലാതെ എന്തോക്കെയോ പറഞ്ഞിരുന്നു. എതവളോ ചതിച്ചുന്നോ, മനസിലാക്കിയില്ലാ എന്നോ ...എന്താ കാര്യം.. ആരാ ആള് " " എയ് അങ്ങ.. അങ്ങനെ ഒന്നും ഇല്ലടാ . ഞാൻ എതോ ഷോർട്ട് ഫിലിം കണ്ടിട്ട് ഇമോഷണൽ ആയതാ. കുടിച്ചപ്പോൾ ആ ഹീറോ ഞാൻ ആണ് എന്ന് കരുതി. " " നീയാരാ തിളക്കത്തിലെ സലിം കുമാറോ ...." ദത്തൻ ചിരിയോടെ ചോദിച്ചു.

"അല്ലടാ ....എന്ന് നിന്റെ മൊയ്തീനിലെ അപ്പു എട്ടൻ " അവൻ ചിരിയോടെ പറഞ്ഞ് കഴിച്ച് എണീറ്റു. " അപ്പോ നിന്റെ കാഞ്ചനമാല ആരാ " " ഞാൻ വെറുതെ പറഞ്ഞതാ ദേവ . എനിക്ക് ഒന്നും ഇല്ല . " അത് പറഞ്ഞ് അവൻ കൈ കഴുകാനായി പോയി. ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. അത് ആരും അറിയാതെ ഇരിക്കാൻ അവൻ മുഖം കഴുകി ആർക്കും മുഖം കൊടുക്കാതെ റൂമിലേക്ക് കയറി പോയി. പാർവതിക്ക് ഭക്ഷണം കൊടുക്കുന്നതിനിടയിൽ അമ്മ ചെറിയമ്മയെ നോക്കി കണ്ണു കൊണ്ട് എന്തോ കാണിച്ചു. ചെറിയമ്മ പറയാം എന്ന അർത്ഥത്തിൽ തലയാട്ടി ദത്തന്റെ നേരെ തിരിഞ്ഞു. " ദേവാ..നിങ്ങൾ എപ്പോഴാ ഇറങ്ങുന്നേ " " ഭക്ഷണം കഴിച്ച് കഴിഞ്ഞാ ഞങ്ങൾ റെഡിയായി ഇറങ്ങും " " എന്നാ ഇവരുടെയൊപ്പം പാറുമോളെ കൂടെ കൂട്ടണേ . മോൾക്കും ഡ്രസ്സ് എടുക്കണം. " "മ്മ് " ദത്തൻ ഒന്ന് മൂളി കഴിക്കൽ നിർത്തി എണീറ്റ് പോയി. ശിലുവും ഭദ്രയും ഇനി അവളെ കൂടി സഹിക്കണം അല്ലാേ എന്ന് ആലോചിച്ച് ഇരുന്നു.

" ഇത് പോരെ ഭദ്ര " മുന്നിൽ നിരത്തി വച്ചിരിക്കുന്ന സാരികളിൽ ഒന്ന് സെലക്റ്റ് ചെയ്ത് വച്ച് പാർവതി ചോദിച്ചു. റെഡ് കളറിൽ ഗോൾഡൺ വർക്ക് ചെയ്തിട്ടുള്ള ഒരു സാരിയായിരുന്നു അത്. ഭദ്രക്കും ശീലുവിനും ആ സാരി ഒരുപാട് ഇഷ്ടമായിരുന്നു. "എനിക്ക് ഇഷ്ടായി " ശിലു " എനിക്കും അതെ " ഭദ്ര " വർണ എന്താ ഒന്നും മിണ്ടാത്തെ " അതിൽ ഒന്നും ശ്രദ്ധിക്കാതെ നിൽക്കുന്ന വർണയെ നോക്കി പാർവതി ചോദിച്ചു. "സാരി നല്ല ഭംഗിയുണ്ട്. പക്ഷേ ഇത് എടുക്കാൻ സമ്മതിക്കില്ല. " അവൾ ചെറിയ കുട്ടികളെ പോലെ പറഞ്ഞതും പാർവതിക്ക് ചിരി വന്നു. "നിനക്ക് ഇഷ്ടമായെങ്കിൽ എടുക്ക് വർണ മോളേ . എട്ടനോട് ഞങ്ങൾ പറയാം" അത് പറഞ്ഞ് ശിലു ചുറ്റിനും ദത്തനെ തിരഞ്ഞു. "ദേവേട്ടാ ഒന്നിങ്ങ് വാ" ശിലു ഉറക്കെ വിളിച്ചതും ധ്രുവിയോട് സംസാരിച്ച് നിൽക്കുന്ന ദത്തൻ അവരെ തിരിഞ്ഞ് നോക്കി. ശേഷം അവരുടെ അടുത്തേക്ക് വന്നു. ഒപ്പം ധ്രുവിയും. " ധ്രുവിയേട്ടൻ എന്താ ഇവിടെ ഡ്രസ്സ് എടുക്കാൻ വന്നതാണോ " "ആഹ്. നാളെ കല്യാണം അല്ലേ.

അപ്പോ ഒരു ഷർട്ട് എടുക്കാം എന്ന് കരുതി വന്നതാ. അപ്പോ ദാ ഇവൻ ഇവിടെ നിൽക്കുന്നു. " ധ്രുവി ദത്തന്റെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു. "ദേവേട്ടാ വർണക്ക് ഞങ്ങൾ സാരി എടുക്കെട്ടെ "ശിലു ചോദിച്ചതും സംശയത്തോടെ ദത്തന്റെ നെറ്റി ചുളിഞ്ഞു. "സാരിയോ " "അതെ എട്ടാ . ഞങ്ങൾക്ക് നാല് പേർക്കും സാരി ഇഷ്ടമായി. അപ്പോ വർണ പറയാ സാരി എടുക്കാൻ എട്ടൻ സമ്മതിക്കില്ലാ എന്ന് " "എന്റെ കുട്ടിക്ക് സാരി വേണേ " ദത്തൻ തല ചരിച്ച് വർണയെ നോക്കിയതും വർണ വേണ്ടാ എന്ന രീതിയിൽ തലയാട്ടി. "എടീ വഞ്ചകി. നീ ഒറ്റയടിക്ക് മറുകണ്ടം ചാടിയല്ലേ ടീ ദുഷ്ടേ " ശിലു പല്ലുകടിച്ചു. "നമ്മുക്ക് വേറെ ഡ്രസ്സുകൾ ഒന്ന് നോക്കാം. എന്നിട്ടും ഈ സാരി തന്നെയാണ് ബെറ്റർ എങ്കിൽ ഇത് തന്നെ എടുക്കാം " ദത്തൻ അവരെയും കൊണ്ട് അടുത്ത സെക്ഷനിലേക്ക് നടന്നു. "പാറു ചേച്ചി വാ " വർണ്ണ വിളിച്ചു. "നിങ്ങൾ സെലക്ട് ചെയ്തോ ഞാൻ വന്നോളാം " പാർവതി അത് പറഞ്ഞ് താൽപര്യം ഇല്ലാതെ കുറച്ച് അപ്പുറത്തുള്ള നിരത്തിയിട്ട ചെയറിൽ ആയി ഇരുന്നു. അവളുടെ കണ്ണ് ഇടക്ക് ദത്തനു മേലും അവന്റെ കൈയ്യിൽ പിടിച്ച് നിൽക്കുന്ന വർണക്കു മേലും പാറി വീണു. "എത്രയൊക്കെ ശ്രമിച്ചിട്ടും ദേവേട്ടനെ മറക്കാൻ പറ്റുന്നില്ല.

ഒരുപാട് ഇഷ്ടമാ. ചെറുപ്പം മുതൽ മനസിൽ പതിഞ്ഞ പേര്. എനിക്ക് ദേവേട്ടനോട് ഉള്ള സ്നേഹം എട്ടന് തിരികെ ഉണ്ടായിരുന്നില്ല. പക്ഷേ എൻഗേജ്മെന്റിനു ശേഷം എട്ടൻ എന്നേ സ്നേഹിച്ചിരുന്നു. " അവൾ തന്റെ മോതിര വിരലിലേക്ക് ഒന്ന് നോക്കി. ഇപ്പോ ആ വിരൽ ശൂന്യമാണ്. ദേവേട്ടൻ പോയിട്ട് അതു അഴിച്ചു മാറ്റിയിരുന്നില്ല. എട്ടന്റെ കല്യണം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ അത് ഉപേഷിച്ചില്ല. പക്ഷേ പാർത്ഥിയേട്ടൻ ബലം പ്രയോഗിച്ച് അത് ഊരിയെടുത്തു. അതും അന്ന് വർണ എന്റെ കാല് പിടിച്ച് കരഞ്ഞ ദിവസം. പാർത്ഥിയേട്ടനോട് അന്ന് അഴിച്ച് മാറ്റരുത് എന്ന് ഒരുപാട് അപേക്ഷിച്ച് പറഞ്ഞതാ. പക്ഷേ കേട്ടില്ല. എട്ടൻ അന്നാണ് ആദ്യമായി എന്നോട് ദേഷ്യപ്പെടുന്നത് പോലും. വർണയെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അതിനേക്കാൾ ഇഷ്ടം ദേവേട്ടനോടാണ്. അങ്ങനെ പെട്ടെന്ന് ഒന്നും വിട്ടു കൊടുക്കാൻ തോന്നുന്നില്ല. " " പാലക്കൽ തറവാട്ടിലെ പാർവതി തമ്പുരാട്ടി ഒറ്റക്ക് ഇരുന്ന് വല്യ ആലോചനയിൽ ആണല്ലോ " ശബ്ദം കേട്ട് പാർവതി മുഖം ഉയർത്തി നോക്കിയതും തൊട്ടടുത്ത ചെയറിൽ ഇരിക്കുന്ന ധ്രുവി. "എനിക്ക് ഞാൻ തോന്നിയ കാര്യങ്ങൾ ആലോചിക്കും. അത് താൻ അന്വേഷിക്കാൻ നിൽക്കണ്ടാ "

അത് പറഞ്ഞ് അവൾ തിരിഞ്ഞ് ഇരുന്ന് ഫോൺ നോക്കാൻ തുടങ്ങി. "എയ് അങ്ങനെ പറയല്ലേ തമ്പുരാട്ടി" ധ്രുവി എണീറ്റ് അവളുടെ ഇടത് സൈഡിൽ വന്ന് അവൾക്ക് നേരെ ഇരുന്നു. "തനിക്ക് എന്താടോ വേണ്ടത്. എനിക്ക് കുറച്ച് സമാധാനം താ" "എനിക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചാ തരുമോ " അവൻ ഒരു പുഛ ചിരിയിൽ ചോദിച്ചു. "വർണം നാലഞ്ച് കഴിഞ്ഞില്ലേ. എന്നിട്ടും തന്റെ ഈ എന്നേ കാണുമ്പോൾ ഉള്ള ചൊറിയൻ സ്വഭാവം മാറിയില്ലേടോ " " ഇല്ലാലോ. പാർവതി തമ്പുരാട്ടി മാറ്റി തരുമോ " "എടോ എനിക്ക് ഒരു വഴക്കിന് തീരെ താൽപര്യം ഇല്ല. ദയവ് ചെയ്ത് കുറച്ച് സമാധാനം താ . പ്ലീസ് " പാർവതി ഇരു കൈകളും കൂപ്പി കൊണ്ട് പറഞ്ഞു. " അമ്പോ... ഇതെന്താ പ്ലാറ്റിനം റിങ്ങോ " കൈകൂപ്പി പിടിച്ച പാർവതിയുടെ ഇടതു കൈയ്യിലെ ചെറുവിരലിലെ റിങ്ങ് കണ്ട് ധ്രുവി ചോദിച്ചു. "ആണെങ്കിലും അല്ലെങ്കിലും തനിക്ക് നഷ്ടം ഒന്നും ഇല്ലാലോ " അവൾ ദേഷ്യത്തിൽ പറഞ്ഞു. "oh ... Sorry... I'm really sorry... തറവാട്ടിലെ രാജകുമാരി ആണല്ലോ. അപ്പോ മിനിമം ഒരു പ്ലാറ്റിനം എങ്കിലും വേണമല്ലോ. ഞാൻ ഒന്ന് നോക്കട്ടെ " ധ്രുവി അത് പറയലും അവളുടെ ചെറു വിരലിൽ നിന്ന് മോതിരം അഴിക്കലും കഴിഞ്ഞിരുന്നു.

അവളുടെ വിരലിൽ റിങ്ങ് കുറച്ച് ലൂസ് ആയിരുന്നു. അതുകൊണ്ട് വേഗം തന്നെ അത് അഴിച്ചെടുക്കാൻ ധ്രുവിക്ക് പറ്റി. "എന്റെ റിങ്ങ് തിരികെ താടാ പട്ടി " അവൾ ദേഷ്യത്തിൽ അലറി. "ആഹ് പാർവതി തമ്പുരാട്ടി ഫോം ആയല്ലോ. ഇതാണ് എന്റെ പഴയ ആ പാർവതി തമ്പുരാട്ടി. ഒന്നു പറഞ്ഞാൽ നാല് തിരികെ പറയും. എന്റെ സുന്ദരിയായ ശത്രു " ചിരിയോടെ ധ്രുവി പറഞ്ഞതും പാർവതിയുടെ ദേഷ്യം ഒന്നു കൂടി വർദ്ധിച്ചു. "എന്റെ റിങ്ങ് തിരികെ തരാൻ അല്ലേടാ പറഞ്ഞേ " അവന്റെ കൈയ്യിൽ നിന്നും റിങ്ങ് തട്ടി പറിക്കാൻ നോക്കി എങ്കിലും പാർവതിക്ക് കഴിഞ്ഞില്ല. " ഞാൻ ഇതൊന്ന് നോക്കട്ടെ പെണ്ണേ . ഞാൻ ഒന്ന് നോക്കി എന്ന് വച്ച് നിന്റെ പ്ലാറ്റിനം ഉരുകി പോകത്തൊന്നും ഇല്ലാ " " ടാ ..." പാർവതി വിരൽ ചൂണ്ടി എന്തോ പറയാൻ നിന്നതും ഒരു പെൺകുട്ടി പാർവതിയെ വിളിച്ചു. "പാറു " കയ്യിൽ ഒരു കുഞ്ഞും മറ്റൊരു കുഞ്ഞിനെ എടുത്തും ആ പെൺകുട്ടി പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു. "എടീ പാറു. ഇത് വലിയ സർപ്രെയ്സ് ആയി പോയല്ലോ " " ആയിഷാ നീയെന്താ ഇവിടെ " പാറുവിന്റെ മുഖത്തും അത്ഭുതം നിറഞ്ഞു.

" ഞാൻ ഇവിടെ എന്റെ പേരിൽ ഒരു പുഷ്പാഞ്ജലി കഴിക്കാൻ വന്നതാ... എന്തിനാടി എല്ലാവരും ഇവിടെ വരുക. ഡ്രസ്സ് എടുക്കാൻ അല്ലേ പിന്നെന്തിനാ ഇങ്ങനെ ഒരു ചോദ്യം.." "അതല്ലടി . നീ കോഴ്സ് പോലും കംപ്ലീറ്റ് ചെയ്യാതെ ഹസ്ബന്റിന്റെ ഒപ്പം കുവൈറ്റിൽ പോയത് അല്ലേ. അപ്പോ പെട്ടെന്ന് ഇവിടെ വച്ച് കണ്ടപ്പോൾ : .." " ഞാൻ ലീവിന് വന്നതാടി. അടുത്ത ആഴ്ച്ച തിരികെ പോവും. നീ ഇപ്പോ എന്താ ചെയ്യുന്നേ " " ഞാൻ തറവാട്ടിലെ തന്നെ കംമ്പനിയിൽ കയറി. ഇപ്പോ exporting ൽ വർക്ക് ചെയ്യാ നീയോ " " ഞാൻ അവിടെ ഇക്കടെ ബിസിനസിൽ സഹായിക്കുന്നു. ഇത് എന്റെ മക്കളാ. മൂത്തത് ഇഷാൻ. രണ്ടാമത്തത് പെൺകുട്ടിയാ. പേര് hiza. നിന്റെ കല്യാണം കഴിഞ്ഞോ" ആയിഷ ചോദിച്ചും പാർവതി എന്ത് പറയണം എന്നറിയാതെ നിന്നു. "എനിക്ക് ഓർമയുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ഉള്ള നിന്റെ മുറച്ചെറുക്കന്റെ കാര്യം. അയാളുടെ പേര് പറഞ്ഞ് നിന്റെ പിറകെ നടന്ന എത്ര പിള്ളേരെയാ നീ ഓടിച്ചു വിട്ടിട്ടുള്ളത് " ആയിഷ ചിരിയോടെ പറഞ്ഞിട്ടും പാർവതി ഒന്നും മിണ്ടിയില്ല. "എന്തായിരുന്നു ആ ചേട്ടന്റെ പേര്. ദേവ അങ്ങനെ എന്തോ അല്ലേ. കല്യാണം കഴിഞ്ഞോ . എന്നായിരുന്നു."

" ദേവ അല്ലാ . ധ്രുവിക് എന്നാ . എൻഗേജ്മെന്റ് കഴിഞ്ഞു. കല്യണം അടുത്ത് തന്നെ ഉണ്ടാകും" അടുത്ത് നിൽക്കുന്ന ധ്രുവി പറയുന്നത് കേട്ട് പാർപതി ന്തെട്ടി "അയ്യോ സോറി . വർഷം കുറച്ച് കഴിഞ്ഞല്ലോ. അതോണ്ട് പേര് മാറി പോയതാ. പിന്നെ ഫോട്ടോയും കണ്ടിട്ടില്ല. അപ്പോ ആ ആള് ഈ ചേട്ടൻ ആയിരുന്നു അല്ലേ . എന്താ എട്ടൻ ചെയ്യുന്നേ " " ഞാൻ ഡോക്ടർ ആണ്. ബംഗ്ലൂർ ആയിരുന്നു. ഇപ്പോ ഇവിടെ അടുത്ത ഹോസ്പിറ്റലിലേക്ക് മാറി " " ആണോ okay. നീ ഇപ്പോ നമ്മുടെ പഴയ പിള്ളേരും ആയി കോണ്ടാക്ട് ഉണ്ടാേ." " ഇല്ലട " " എന്നാ ശരി. ഞാൻ പോവാട്ടോ. കുറച്ച് തിരക്ക് ഉണ്ട്. പിന്നെ കല്യാണത്തിന് വിളിക്കണം ട്ടോ. ഞാൻ നാട്ടിൽ ഉണ്ടെങ്കിൽ വരാം " " തീർച്ചയായും വിളിക്കാം " ധ്രുവി പുഞ്ചിരിയോടെ പറഞ്ഞു. ആയിഷ യാത്ര പറഞ്ഞ് പോയതും പാർവതി ദേഷ്യത്തോടെ അവന് നേരെ തിരിഞ്ഞു. " ടോ ആരുടെ ആടോ എൻഗേജ്മെന്റ് കഴിഞ്ഞത്. താൻ ആരാടോ എന്റെ ... താൻ എന്തിനാ കല്യാണത്തിന് അവളോട് വിളിക്കാം എന്ന് പറഞ്ഞത് " അവൾ ആകെ ദേഷ്യത്തിൽ വിറക്കുകയായിരുന്നു. " ഒന്ന് നിർത്തി നിർത്തി പറ എന്റെ പാറു തമ്പുരാട്ടി. ഒറ്റ ശ്വാസത്തിൽ ഇങ്ങനെ പറഞ്ഞാ ശ്വാസം കിട്ടാതെ നീ തട്ടി പോവും "

" തന്റെ ഈ കളിയാക്കിയുള്ള സംസാരം കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് " അവൾ ദേഷ്യം അടക്കി പറഞ്ഞു. "Hey cool baby... ഇങ്ങനെ ടെംബർ ആവാതെ. നിനക്ക് എന്താ അറിയേണ്ടത്. ആരുടേയാ എൻഗേജ്മെന്റ് കഴിഞ്ഞത് എന്നല്ലേ . നമ്മുടെ രണ്ടു പേരുടേയും . ദാ ഇപ്പോ .. ഇവിടെ വച്ച് ... ഈ നിമിഷത്തിൽ " ധ്രുവി അവളുടെ ആ മോതിരം അവളുടെ മോതിര വിരലിൽ ഇട്ടു. "എടാ താൻ എന്താ കാണിച്ചേ ...എന്താ കാണിച്ചേന്ന് ... " അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദിച്ചു. "നിനക്ക് എന്താ കണ്ണു കണ്ടുടേ . ഞാൻ നിന്റെ കയ്യിൽ റിങ്ങ് ഇട്ടു. " " അത് എന്തിനാ എന്നാ ചോദിച്ചത്. ഈ വിരലിൽ ഈ റിങ്ങ് ടൈറ്റ് ആയ കാരണം ആണ് ഞാൻ ചെറു വിരലിൽ ഇട്ടത്. ഇനി ഞാൻ ഇത് എങ്ങനെ അഴിക്കും " അവൾ ദേഷ്യത്തിൽ തന്നെ മോതിരം അഴിക്കാൻ ശ്രമിച്ചു എങ്കിലും കഴിയുന്നില്ല. അത് കണ്ട് ധ്രുവി അവളെ തടഞ്ഞു. "അഴിച്ച് മാറ്റാൻ വേണ്ടിയല്ലാ ഞാൻ ഇത് ഇട്ടത്. പിന്നെ നീ എന്താ കുറച്ച് മുൻപേ ചോദിച്ചേതാൻ ആരാടോ എന്റെ ... താൻ എന്തിനാ കല്യാണത്തിന് അവളോട് വിളിക്കാം എന്ന് പറഞ്ഞത് എന്ന് . അതിനുള്ള ഉത്തരം ഞാൻ പറയുനില്ല. എന്റെ പാറു തമ്പുരാട്ടിക്ക് പ്രവർത്തിച്ച് കാണിക്കാം " പോക്കറ്റിൽ റിങ്ങ് ചെയ്യുന്ന ഫോൺ അറ്റന്റ് ചെയ്ത് ധ്രുവി പുറത്തേക്ക് പോയി. എന്നാൽ അതെ സമയം അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ, അവന്റെ ഈ ഭാവമാറ്റം മനസിലാവാതെ ഇരിക്കുകയായിരുന്നു പാർവതി.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story