എൻ കാതലെ: ഭാഗം 6

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

സമൂഹ വിവാഹത്തിൽ ഒരു പെൺകുട്ടിയുടെ വിവാഹം മുടങ്ങിയാൽ അത് അവരുടെ അഭിമാനത്തിന് ക്ഷതം സംഭവിക്കും. അതില്ലാതാക്കാനാണ് വർണയെ ഞാൻ കല്യാണം കഴിച്ചത്. പകരമായി എനിക്കാവശ്യമുള്ള പണം തരുകയും ചെയ്തു. കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസിലാക്കി അവളെ തിരികെ പറഞ്ഞയക്കണം എന്ന് കരുതിയതാണ്. പക്ഷേ അവളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അതിന് തോന്നിയില്ല. അവൾ പഠിച്ച് ഒരു ജോലി കിട്ടുന്നവരെ ഇവിടെ നിൽക്കട്ടെ എന്ന് കരുതി . പക്ഷേ ഇപ്പോൾ കാര്യങ്ങൾ കൈവിട്ട പോലെ അവളുടെ കണ്ണിലെവിടേയോ തന്നോടുള്ള ഒരു സ്നേഹത്തിന്റെ തിളക്കം അവനും കണ്ടിരുന്നു. എന്തായാലും പൈസക്ക് വേണ്ടിയാണ് കല്യാണം നടത്തിയത് എന്നറിഞ്ഞാൽ അവൾ തന്നെ വെറുക്കും.അവൻ ഓരോന്ന് ഓർത്ത് അകത്തു നിന്നും ഒരു തോർത്ത് എടുത്ത് പുഴ കടവിലേക്ക് നടന്നു.

അവിടെ കൽ പടവിൽ താടിക്ക് കൈയ്യും കൊടുത്ത് വർണ ഇരിക്കുന്നുണ്ട്. "ഡീ നിന്നോട് ഞാൻ പല തവണ പറഞ്ഞു നേരം ഇരുട്ടായിൽ പുറത്ത് ഇറങ്ങി ഇരിക്കരുത് എന്ന് " അത് പറഞ്ഞ് അവൻ വെള്ളത്തിലേക്ക് ഇറങ്ങി. വർണ അത് ശ്രദ്ധിക്കാതെ അവിടെ തന്നെ ഇരുന്നു. താടിക്ക് കൈ കൊടുത്ത് അവൾ എന്തോ കാര്യമായ ആലോചനയിലാണ്. "നിനക്ക് എന്താ പറഞ്ഞാ മനസിലാവില്ലേ. ഇരുന്ന് സ്വപ്നം കാണാതെ അകത്ത് കയറി പോടീ " അവൻ അലറി. " അലറണ്ട . പതിയെ പറഞ്ഞാ മതി. എനിക്ക് ചെവി കേൾക്കും. " പിന്നീട് അവൾ എന്ത് പറഞ്ഞാലും കേൾക്കില്ലാ എന്ന് അറിയാവുന്നത് കൊണ്ട് ദത്തൻ ഒന്നും മിണ്ടിയില്ലാ. " ദത്താ നമ്മുക്ക് ഒരു ദിവസം ചന്തുവിന്റെ അമ്മയെ കാണാൻ പോവണം. ആ ചേച്ചി കാരണമല്ലേ എനിക്ക് നിങ്ങളെ കിട്ടിയത് " അത് കേട്ട് ദത്തൻ അവളെ അന്തം വിട്ട് നോക്കി. "എനിക്ക് എല്ലാ കാര്യങ്ങളും അറിയാം ചന്തു എന്നോട് പറഞ്ഞിട്ടുണ്ട് " " പിന്നെ നീ എന്തിനാ കരഞ്ഞത് " അവൻ സംശയത്തോടെ ചോദിച്ചു

. " അത് പിന്നെ ഇത്രയും സുന്ദരിയും, സുമുഖയും , സുശീലയുമായ എനിക്ക് വേണ്ടി നീ വെറും 30000 രൂപ വാങ്ങിയപ്പോൾ എനിക്കത് സഹിച്ചില്ല. കുറഞ്ഞത് ഒരു അഞ്ച് ലക്ഷമെങ്കിലും ഞാൻ പ്രതീക്ഷിച്ചു. പോട്ടെ ഒരു ലക്ഷമെങ്കിലും. അത്രയും വാങ്ങിച്ചെങ്കിൽ നമ്മുക്കിപ്പോൾ അടിച്ച് പൊളിച്ച് ജീവിക്കാമായിരുന്നു. " "പിന്നെ ഈ തീപ്പെട്ടി കൊള്ളിക്ക് 30000 കിട്ടിയത് തന്നെ ഭാഗ്യം എന്ന് വിചാരിക്ക് " " ഡോ... താൻ എന്നേ അത്രക്കു കൊച്ചാക്കുകയൊന്നും വേണ്ടാ. കാണാൻ ചെറുതാണെങ്കിലും എന്നേ കാണാൻ ക്യൂട്ട് ആണെന്ന് കുറേ പേർ പറഞ്ഞിട്ടുണ്ട്. എന്നേ ഭാര്യയായി കിട്ടിയത് നിന്റെ ഭാഗ്യമാണ് ദത്താ" അവൾ കാര്യമായി പറയുന്നത് കേട്ട് ദത്തൻ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ്. "എന്താണ് ഭാര്യയും ഭർത്താവും കൂടി കുളി കടവിൽ ഒരു റൊമാൻസ് " അപ്പുറത്തെ കടവിൽ ഇരുന്ന് സനൂപ് ചോദിച്ചു. "അതെന്താ ചേട്ടാ ഞങ്ങൾക്കിവിടെ ഇരുന്ന് റൊമാൻസിച്ചുടെ . ചേട്ടന് ലൈവായി കാണണമെങ്കിൽ ദാ ഇവിടെ വന്നിരിക്ക് " വർണ അടുത്തുള്ള പുൽത്തിട്ടയിലേക്ക് നോക്കി പറഞ്ഞതും സനൂപ് കടവിൽ നിന്നും കയറി പോയി.

"മനുഷ്യനെ വെറുതെ നാണം കെടുത്താതെ അകത്ത് കയറി പോടീ പുല്ലേ " ദത്തൻ അലറി. "ഇല്ല ദത്താ ഞാൻ ഇവിടെ ഇരിക്കും " " നാണമില്ലെടി നിനക്ക് ഒരാൾ കുളിക്കുന്നതും നോക്കി ഇരിക്കാൻ " " ഇല്ല... നിങ്ങളുടെ ഒപ്പം കൂടി എനിക്ക് നാണവും മാനവും ഇത്തിരി കുറവാ എന്തേ .... " " ഇരുന്ന് കുളിസീൻ പിടിക്കാതെ എണീറ്റ് പോവടി " " ഇല്ല മോനേ ഞാൻ പോവില്ല. ഈ നാട്ടിലെ മറ്റു പെൺപിള്ളേർക്ക് കിട്ടാത്ത ഭാഗ്യമല്ലേ എനിക്ക് കിട്ടിയത് .അതോണ്ട് ഞാൻ നിന്റെ കുളി ഇരുന്ന് കണ്ടിട്ടെ പോവത്തുള്ളു" അത് കേട്ട് ദത്തൻ അവളെ ദേഷ്യത്തിലാെന്ന് നോക്കിയ ശേഷം വേഗം കുളിച്ച് കയറി. * ഉച്ചക്ക് അലക്കിയ ദത്തന്റെ ഷർട്ടുകൾ എല്ലാം മടക്കി വക്കുകയായിരുന്നു വർണ " കാര്യം കള്ളു കുടിയനും തെമ്മാടിയും ഒക്കെ ആണെങ്കിലും ഇടുന്ന ഷർട്ട് ഒക്കെ സൂപ്പർ ആണ് " അവൾ ഷർട്ടുകൾ മടക്കുന്നതിനിടയിൽ മനസിലോർത്തു. ഡ്രസ്സ് അലമാറയിൽ എടുത്ത് വച്ച് നാളെ ക്ലാസിലേക്ക് പോവാനുള്ള ബുക്കും ബാഗും എല്ലാം ഒതുക്കി വച്ചു. ശേഷം ഉമ്മറത്തേക്ക് നടന്നപ്പോൾ തിണ്ണയിലായി ഫോണും നോക്കി ദത്തൻ ഇരിക്കുന്നുണ്ട്.

"ഇന്ന് ദത്തൻ തമ്പുരാൻ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നില്ലേ ആവോ " അവൾ പിറുപിറുത്തു കൊണ്ട് ദത്തന്റെ അരികിൽ ചെന്നിരുന്നു. ദത്തൻ അവളെ ഒന്ന് നോക്കിയ ശേഷം വീണ്ടും ഫോണിലേക്ക് നോക്കിയിരുന്നു. "ഇന്നെന്താ ദത്താ നീ എവിടേക്കും പോകുന്നില്ലേ .നന്നാവാൻ തിരുമാനിച്ചോ " അവൾ ദത്തന് ഓപ്പോസിറ്റ് തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു. " ഞാൻ ഇപ്പോ പുറത്ത് പോവാത്തതാണോ പ്രശ്നം .എന്നാ പോയേക്കാം. " " എയ് അങ്ങനെയല്ലാ. സാധാരണ കള്ളും കുടിച്ച് നട്ടപാതിരാത്രിക്ക് നാല് കാലിലാണല്ലോ വരവ്. ഇന്ന് നല്ല കുട്ടിയായി ഇരിക്കുന്നത് കണ്ടപ്പോൾ വെറുതെ ചോദിച്ചതാ " " ഇന്ന് ഒന്നാം തിയതി ആയിട്ട് നിന്റെ മറ്റവൻ തുറന്നു വച്ചിട്ടുണ്ടോ ബാറ്" " ദേ ...നീ ഇത് പലവട്ടമായി എന്റെ മറ്റവനെ വിളിക്കുന്നു. ഇനിയെങ്ങാനും നീ അങ്ങനെ പറഞ്ഞാൽ ഈ വർണ യുടെ തനി സ്വഭാവം ദത്തൻ കാണും " അവൾ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

"എന്റെ നേരെ കൈ ചൂണ്ടി സംസാരിക്കുന്നോ *@₹## മോളേ" അവൻ അവളുടെ വിരൽ പിടിച്ച് തിരിച്ചു. "എടാ വൃത്തി കേട്ടവനെ .നീ എന്നേ തെറി വിളിക്കുന്നോ . നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ " അത് പറഞ്ഞ് വർണ അവന്റെ ചെവി പിടിച്ച് തിരിച്ചു. " വിടടി. എടി പുല്ലേ ..എന്റെ ചെവിയിൽ നിന്നും വിടാൻ " ദത്തൻ വേദന കൊണ്ട് അലറി. "ഇല്ല. നീ സോറി പറ എന്നാ ഞാൻ വിടാം" "നിനക്ക് പറഞ്ഞാൽ മനസിലാവില്ലെടി. " അത് പറഞ്ഞ് അവളുടെ കഴുത്തിന് കുത്തി പിടിച്ചു കൊണ്ട് അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി. ഒരു നിമിഷം വർണയും ഞെട്ടി. "വെറുതെ എന്നോട്ട് കളിക്കാൻ നിൽക്കണ്ട. നീ വിചാരിക്കുന്ന പോലെ ഒരാളല്ലാ ഞാൻ " അത് പറയുമ്പോഴും പതിയെ മാത്രമേ ദത്തൻ അവളുടെ കഴുത്തിൽ പിടിച്ചിരുന്നുള്ളു. എന്നാൽ അതേ സമയം വർണ അത്ഭുതത്തോടെ അവനെ നോക്കുകയായിരുന്നു. അവനെ അത്രയടുത്ത് അവൾ ആദ്യമായാണ് കണ്ടിരുന്നത്.

വർണയുടെ പിടക്കുന്ന മിഴികളാണ് താൻ എന്താ ചെയ്തത് എന്ന ബോധം ദത്തനും ഉണ്ടായത്. അവന്റെ ഒരു കൈ അവളുടെ കഴുത്തിലും മറ്റെ കൈ ഇടുപ്പിലുമായിരിന്നു. അവൻ പെട്ടെന്ന് അവളിൽ നിന്നും അകന്ന് മാറി. വർണ ഒന്ന് അനങ്ങാൻ പോലുമാവാതെ അവനെ തന്നെ നോക്കി ചുമരിൽ ചാരി നിന്നു. "മിഴിച്ച് നിൽക്കാതെ അകത്ത് കയറി പോടി " അവൻ അലറിയതും വർണ അകത്തേക്ക് ഓടി. "വർണേ നിനക്ക് എന്താ പറ്റിയത്." അവന്റെ കൈയ്യിലെ ചൂട് കഴുത്തിൽ നിന്നും ഇടുപ്പിൽ നിന്നും മാറിയിട്ടില്ലായിരുന്നു. അവൾ നേരെ ബെഡിലേക്ക് കിടന്നു. ** കുറേ കഴിഞ്ഞ് ദത്തൻ ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് അവൾ ഉറക്കം ഉണർന്നത്. പിന്നീട് അവൾക്ക് ദത്തന്റെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല. എന്തൊക്കെയൊ കഴിച്ചെന്നു വരുത്തി അവൾ റൂമിൽ വന്നു കിടന്നു. "വർണേ നീ എന്തിനാ ഇങ്ങനെ ബ്ലേഷടിക്കുന്നേ. അവൻ ആ കാര്യങ്ങൾ എപ്പോഴോ മറന്നു കാണും. ഞാൻ ഇപ്പോഴും അതാലോയിച്ച് നാണിച്ച് ഇരിക്കുന്നു. ഈ സങ്കടവും നാണവും നിന്റെ മുഖത്തിന് തീരെ ചേരില്ല വർണ "

അവൾ സ്വയം ഓരോന്ന് പറഞ്ഞ് മനസിനെ ശരിയാക്കി. കുറേ നേരം കടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ വർണ എഴുന്നേറ്റ് റൂമിന് പുറത്തേക്ക് ഇറങ്ങി. "രാത്രി പുറത്ത് ഇറങ്ങിയാൽ അവൻ എന്റെ കാല് തല്ലിയൊടിക്കും എന്നാ പറഞ്ഞിരിക്കുന്നത് " അവൾ ജനൽ വഴി പുറത്ത് നോക്കുമ്പോൾ ദത്തൻ സ്ഥിരം ഇരിക്കുന്ന സ്ഥലത്ത് അവനെ കാണാനില്ല. വർണ പതിയെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നതും വാതിലിനു കുറുകെയായി ചെയർ ഇട്ട് ദത്തൻ അവിടെ ഇരിക്കുന്നുണ്ട്. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കിയതും വർണ ഒന്ന് പരുങ്ങി. "എന്താടീ..." അവൻ ഗൗരവത്തിൽ ചോദിച്ചു. " ഒന്നൂല്ല"....അത് പറഞ്ഞ് അവൾ അകത്തേക്ക് ഓടി. ദത്തൻ ഫോൺ നോക്കി കുറേ നേരം ഇരുന്നു. പക്ഷേ ഉറക്കം മാത്രം വരുന്നില്ല. പുറത്ത് മഞ്ഞുള്ളതു കൊണ്ട് നല്ല തണുപ്പാണ്. അവൻ സാധാരണ കുടിച്ച് ബോധമില്ലാതെ വരുമ്പോൾ ഈ തണുപ്പോന്നും അറിഞ്ഞിരുന്നില്ല. പക്ഷ ഇന്ന് തണുപ്പ് സഹിക്കാൻ പറ്റുന്നില്ല. അവൻ ചെറിയ ഒരു മടിയോടെ ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്ത് കയറി.

മുറിയിൽ വർണ നല്ല ഉറക്കത്തിലാണ് എന്ന് കണ്ടതും അവൻ ശബ്ദമുണ്ടാക്കാതെ അലമാറയിൽ നിന്നും ഒരു ബെഡ് ഷീറ്റും പുതപ്പും എടുത്തു. നിലത്ത് ബെഡ് ഷീറ്റ് വിരിച്ച് അവൻ താഴെ കിടന്നു. തണുപ്പുക്കാരണം തല വഴി പുതപ്പിട്ടു എപ്പോഴോ അവൻ ഉറങ്ങി. ** അടുത്ത വീട്ടിൽ നിന്നും കോഴി കൂവുന്ന ശബ്ദം കേട്ടതും വർണ കണ്ണു തുറന്നു. നേരം വെളുക്കുന്നേ ഉള്ളൂ. ചെറിയ ഒരു വെളിച്ചം ഉണ്ടെങ്കിലും കണ്ണ് ശരിക്ക് കാണുന്നില്ല. നല്ല തണുപ്പുള്ളതിനാൽ പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു കൂടിയതും അവൾ ഞെട്ടി എണീറ്റു. ഇന്ന് കോളേജിൽ പോവണം. ആരോടെങ്കിലും പറഞ്ഞ് ഒരു പാർട്ട് ടൈം ജോലിയും ശരിയാക്കണം. കോളേജിലേക്ക് 8.30 ന്റെ ബസിനാണ് പോവേണ്ടത് . ബസ്റ്റോപിലേക്ക് 15 മിനിറ്റ് ദൂരം ഉണ്ട്. 10 മണിക്കാണ് കോളേജ് ടൈം എങ്കിലും നേരത്തെ പോയി എന്തെങ്കിലും കടയിൽ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിക്കണം. അവൾ മനസിൽ ഓരോന്ന് ആലോചിച്ച് കൊണ്ട് എണീറ്റ് ലൈറ്റിടാനായി മുന്നോട്ട് നടന്നതും കാലിൽ എന്തോ തട്ടി ആരുടേയോ മേൽ ചെന്നാണ് വീണത്.

"അയ്യോ .." വർണ അലറി "അമ്മേ" :.. ദത്തന്റെ നിലവിളി കേട്ടപ്പോൾ വർണക്ക് പകുതി സമാധാനമായി.ദത്തൻ വേഗം ഫോൺ തപ്പി പിടിച്ച് ഫോണിലെ ഫ്ലാഷ് ഓൺ ചെയ്യ്തു. "നീ രാവിലെ മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ ടീ " അവൻ അവളുടെ മുഖത്തേക്ക് ഫ്ളാഷ് അടിച്ചു കൊണ്ട് ചോദിച്ചു. " അതങ്ങ് മാറ്റി പിടിക്ക് മനുഷ്യാ .എന്റെ കണ്ണ് " അത് പറഞ്ഞ് വർണ ഫോൺ മാറ്റി പിടിച്ചു. ശേഷം അവന്റെ മേൽ നിന്നും എണീറ്റ് ലൈറ്റ് ഇട്ടു. "എനിക്കറിയോ നിങ്ങൾ ഇവിടെ വന്ന് കിടക്കും എന്ന്. ഞാൻ ലൈറ്റ് ഇടാൻ വേണ്ടി എണീറ്റതായിരുന്നു. " വർണ അവനെ നോക്കി പറഞ്ഞ് അലമാറയിൽ നിന്നും തന്റെ ഡ്രസ്സ് എടുത്ത് പുറത്തേക്ക് പോയി. അവൾ പോയതും ദത്തൻ നേരെ ബെഡിൽ കയറി കിടന്നു. അവളുടെ തലയിൽ തേച്ചിരുന്ന എണ്ണയുടെ മണം ആ ബെഡ് ഷീറ്റിൽ നിറഞ്ഞു നിന്നിരുന്നു. * വർണ ഡ്രസ്സ് തിണ്ണയുടെ മുകളിൽ വച്ച് മുറ്റത്തേക്ക് ഇറങ്ങി. മുറ്റമെല്ലാം അടിച്ച് വൃത്തിയാക്കി കുളിക്കാനായി കുളിമുറിയിൽ വെള്ളം നിറച്ചു വച്ചു. തലേ ദിവസത്തെ ഒന്ന് രണ്ട് പാത്രങ്ങളും കഴുകി വച്ച ശേഷം കുളിക്കാൻ കയറി.

കുളി കഴിഞ്ഞ് തന്റെ ഡ്രസ്സും ദത്തന്റെ ഇന്നലത്തെ ഡ്രസ്സും എടുത്ത് പുഴ കടവിലേക്ക് നടന്നു. തുണികൾ അലക്കി അഴയിൽ വിരിച്ച് ഉമ്മറത്ത് വരുമ്പോൾ ദത്തൻ തിണ്ണയിൽ ഫോണും പിടിച്ച് ഇരിക്കുന്നുണ്ട്. അവൾ ദത്തനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവൻ മൈന്റ് ചെയ്തില്ല. അവനെ നോക്കി കോക്രി കാണിച്ച് അവൾ അകത്തേക്ക് പോയി. യൂണിഫോമിൽ അവളെ കണ്ടപ്പോൾ വർണ ഒന്നു കൂടി ചെറുതായ പോലെ ദത്തന് തോന്നി. " ഇവൾക്ക് വീട്ടിൽ ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ ആവോ . കാറ്റടിച്ചാൽ പറന്നു പോകും തിപ്പെട്ടി കൊള്ളി " ദത്തൻ അവൾ പോകുന്നത് നോക്കി മനസിൽ പറഞ്ഞു. കുറച്ച് കഴിഞ്ഞതും അവൾ റെഡിയായി ബാഗും എടുത്ത് ഉമ്മറത്തേക്ക് വന്നു. ദത്തൻ അപ്പോഴും ഫോണിൽ നോക്കി ഇരിക്കുകയാണ്. "ദത്താ ഇന്ന് മുതൽ ഞാൻ കോളേജിൽ പോവാട്ടോ. നീ പുറത്ത് പോകുമ്പോൾ വാതിൽ പൂട്ടിയിട്ട് പോവണേ . കീ ചെടി ചട്ടിയിൽ വച്ചാ മതി. പിന്നെ വീട് അലങ്കോലമാക്കി ഇടരുത്. ഞാൻ കഷ്ടപ്പെട്ട് ഒതുക്കി വച്ചതാ "

അവൾ ബാഗ് തോളിൽ തൂക്കി കൊണ്ട് പറഞ്ഞു. " നീ എങ്ങനെയാ പോവുന്നേ " " ബസ്സിൽ ... " " എത് ബസിൽ " " ഉണ്ണികൃഷ്ണയിൽ " " വൈകുന്നേരമോ " " ചോലക്കലിൽ " " മ്മ്... സൂക്ഷിച്ച് പോ" അവൻ ഗൗരവത്തിൽ പറഞ്ഞ് അകത്തേക്ക് നടന്നു. അലമാറയിൽ നിന്ന് ഒരു തോർത്തു എടുത്ത് പുറത്തേക്ക് വരുമ്പോഴും അവൾ അവിടെ തന്നെ നിൽക്കുകയാണ്. "നീ ഇത്ര നേരമായിട്ടും പോയില്ലേ " അവൻ സംശയത്തോടെ ചോദിച്ചു. "ഇല്ല " "എന്തേ " ദത്തൻ അത് ചോദിച്ചതും വർണ അവനെ ഇറുക്കെ കെട്ടി പിടിച്ചു. " ഞാൻ പോയി വരാവേ. ബയ് ദത്താ" അത് പറഞ്ഞ് അവൾ പുറത്തേക്ക് ഓടി. പടിക്ക് പുറത്തേക്ക് ഇറങ്ങിയ വർണ തിരിഞ്ഞ് നോക്കുമ്പോൾ ദത്തൻ അന്തം വിട്ട് ആ നിൽപ്പ് തന്നെ നിൽക്കുകയായിരുന്നു. "എനിക്ക് അറിയാടാ തെമ്മാടി വിരട്ടൽ ഒന്നും നിന്റെ അടുത്ത് നടക്കില്ലാ എന്ന് .നിന്നെ മെരുക്കാനുള്ള എക വഴി ഇതാണ്. അത് നീയായിട്ട് തന്നെ എനിക്ക് പറഞ്ഞു തന്നു." അവൾ ചിരിയോടെ പറഞ്ഞ് മുന്നോട്ട് നടന്നു. ഇത്രയും കാലം കോളേജിലെ എന്റെ ഫീസ് അടച്ചിരുന്നത് അഭിയേട്ടനായിരുന്നു.

അതിനു പിന്നിൽ ഒരു ദുരുദ്ദേശം ഉണ്ടായിരുന്നെങ്കില്ലും ഫീസിന്റെ കാര്യം ആലോചിച്ച് പേടിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇനി എന്ത് ചെയ്യും എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടുപിടിക്കണം. രണ്ട് മാസം കൂടുമ്പോൾ 15000 രൂപ കോളേജിൽ ഫീ ആയി അടക്കണം. ഈ മാസം പേടിക്കണ്ട. പക്ഷേ അടുത്തമാസം എന്തായാലും അടക്കണം. ദത്തനോട് ചോദിച്ചിട്ടും കാര്യം ഇല്ല. അവന്റെ കൈയ്യിൽ എവിടേയാ ഇത്രക്കും പണം. എനിക്ക് വേണ്ടി ഇപ്പോ തന്നെ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അമ്മായി തന്ന രണ്ടായിരം രൂപ ഉള്ളതു കൊണ്ട് ബസിനു പോകാൻ പൈസ ഉണ്ട്. അല്ലെങ്കിൽ അതും അവനോട് ചോദിക്കേണ്ടി വരുമായിരുന്നു. ഓരോന്ന് ആലോചിച്ച് മുന്നോട്ട് പോകുമ്പോഴാണ് ദത്തന്റെ ബുള്ളറ്റ് ചീറി പാഞ്ഞ് പോയത്. " ഇവൻ ആർക്ക് വായ് ഗുളിക വാങ്ങാനാ ഇങ്ങനെ പോകുന്നേ. വാതിൽ പൂട്ടിയോ എന്തോ " ** ബസ് സ്റ്റോപ്പിലെത്തി കുറച്ച് കഴിഞ്ഞതും ബസ് വന്നു. വലിയ തിരക്കൊന്നും ബസിൽ ഇല്ല. അവൾ നേരെ സൈഡ് സീറ്റിലായി ഇരുന്നു. കണ്ടക്ടർ അരികിലേക്ക് വന്നതും അവൾ കൈയ്യിലെ പത്ത് രൂപ നോട്ട് അയാൾക്ക് നേരെ നീട്ടി. "പൈസ വേണ്ടാ. ഒരു മാസത്തേക്കുള്ള ബസ് പൈസ ദത്തൻ തന്നിട്ടുണ്ട് " അത് പറഞ്ഞ് അയാൾ പോയി.

ബസിലെ മറ്റു യാത്രക്കാരുടെ നോട്ടം തനിക്ക് നേരയാണ് എന്ന് മനസിലായതും അവൾ പുറത്തേക്ക് നോക്കി ഇരുന്നു. മനസിൽ സന്തോഷം വന്നു നിറയുന്ന പോലെ. അതിന്റെ അടയാളമായി ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ** പല കടകളിലും ജോലി ഒഴിവ് ചോദിച്ചെങ്കിലും എവിടേയും സ്റ്റാഫിനെ ആവശ്യമില്ല. അതുകൊണ്ട് അവൾ നേരെ കോളേജിലേക്ക് നടന്നു. കോളേജ് ഗേറ്റ് കടന്ന് അകത്ത് കയറിയതും അവളുടെ മനസിൽ ഒരു പേടി നിറഞ്ഞു. വീടിനടുത്തുള്ള കുറച്ചു പേർ ഈ കോളേജിൽ പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദത്തനെ കല്യാണം കഴിച്ച കാര്യം എല്ലാവരും അറിഞ്ഞിരിക്കും എസ്പെഷ്യലി ക്രൈം പാർട്ട്ണേഴ്സ് . മിക്കവാറും അവർ തന്നെ ഗാങ്ങിൽ നിന്നും പുറത്താക്കിയിട്ടുണ്ടാവും .അവൾ ക്ലാസിലേക്ക് കയറിയതും എല്ലാവരും അത്ഭുത ജീവിയെ നോക്കുന്ന പോലെ അവളെ അവളെ നോക്കി. മുന്നിൽ തന്നെ ക്രൈം പാർട്ട്നേഴ്സിലെ ഒമ്പത് പേരും നിൽക്കുന്നുണ്ട്. അവൾ അവരെ മൈന്റ് ചെയ്യാതെ ക്ലാസിലേക്ക് കയറി. "വർണ അവിടെ ഒന്ന് നിന്നേ " കൂട്ടത്തിൽ ഒരുത്തൻ വിളിച്ചതു അവൾ ഒന്ന് തിരിഞ്ഞ് നോക്കി. " ഒരു ഗുണ്ടയുമായി നിന്റെ കല്യാണം കഴിഞ്ഞ കാര്യം ഞങ്ങൾ അറിഞ്ഞു.

അങ്ങനെ ഒരുത്തനെ വിവാഹം കഴിച്ച നിന്നെ ഇനി ഞങ്ങളുടെ കൂടെ കൂട്ടാൻ ചെറിയ ഒരു ബുദ്ധിമുട്ടുണ്ട് ഞങ്ങൾക്ക് " കൂട്ടത്തിലൊരുവൾ പറഞ്ഞു. "Thank God.... ഇത് ഞാൻ എങ്ങനെ നിങ്ങളോട് പറയും എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ദത്തേട്ടൻ പറഞ്ഞ ഒരേ ഒരു കാര്യം നിങ്ങളെ പോലെ തെണ്ടി തിരിഞ് നടക്കുന്നവരുടെ കൂടെ കൂട്ടുക്കൂടാതെ മര്യാദക്ക് നാലക്ഷരം പഠിക്കാൻ ആണ്. അതുകൊണ്ട് നിങ്ങളുടെ ഗ്രൂപ്പിൽ കണ്ടിന്യൂ ചെയ്യാൻ എനിക്ക് തീരെ താൽപര്യമില്ല " വർണ അത് പറഞ്ഞ് ലാസ്റ്റ് ബെഞ്ചിൽ ഒറ്റക്ക് വന്നിരുന്നു. അവരോട് അങ്ങനെയൊക്കെ പറഞെങ്കിലും വർണക്കും മനസിൽ നല്ല വിഷമം ഉണ്ടായിരുന്നു. ഒരു കാര്യം നോക്കിയാൽ അവരെ തെണ്ടി പിള്ളേർ എന്ന് പറയാൻ തനിക്ക് ഒരു അവകാശവും ഇല്ല. ഒരാഴ്ച്ച മുൻപ് വരെ അവരുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നല്ലോ. ഇനി ക്ലാസിലെ മറ്റുള്ളവരും തന്നോട് അടുക്കാൻ വരില്ലാ എന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം ഈ ഒരു കൊല്ലം ക്രൈം പാർട്ട്ണേഴ്സിനൊപ്പം കൂടി എല്ലാവരെയും കുറേ ദ്രോഹിച്ചിട്ടുണ്ട്. അതിനാൽ തന്റെ ഈ അവസ്ഥയിൽ അവരും സന്തോഷിക്കും ഓരോന്ന് ആലോചിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഇന്ന് കോളേജിലേക്ക് വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നി പോയി. താൻ കരയുന്നത് മറ്റാരും കാണാതെ ഇരിക്കാൻ അവൾ ബെഞ്ചിൽ തല വച്ച് കിടന്നു. കുറച്ച് കഴിഞ്ഞതും അടുത്ത് ആരോ വന്നിരിക്കുന്ന പോലെ തോന്നിയെങ്കിലും അവൾ അങ്ങനെ തന്നെ കിടന്നു. "താങ്കളുടെ പേസ്റ്റിൽ ഉപ്പുണ്ടോ " വർണ ശബ്ദം കേട്ട് തല ഉയർത്തി നോക്കി. " ചോദിച്ചത് കേട്ടില്ലേ... താങ്കളുടെ പേസ്റ്റിൽ ഉപ്പുണ്ടോ എന്ന് " അടുത്തിരിക്കുന്ന പെൺകുട്ടി അവളോടായി ചോദിച്ചു. "ഉപ്പില്ല.. മുളകുണ്ട് എന്തേ .." വർണ തിരിച്ച് പറഞ്ഞു. "എന്നാ എനിക്ക് രണ്ട് പക്കറ്റ് . " " എനിക്കും വേണം... Kitchen treasure മതി നമ്മുടെ മഞ്ജു ചേച്ചിടെ . kitchen treasure നല്ലതിനായി വിശക്കു ." വർണയുടെ അപ്പുറത്ത് വന്നിരുന്നു കൊണ്ട് മറ്റൊരു കുട്ടി പറഞ്ഞു. "എടി പൊട്ടി നീ പറഞ്ഞത് തെറ്റാ.kitchen treasure നല്ലതാണ് വിശ്വാസിക്കാം എന്നാ . Eastern ആണ് നല്ലതിനായി വിശക്കു എന്ന് " മറ്റെ കുട്ടി പറഞ്ഞു. എന്നാൽ അതേ സമയം അവർ തമ്മിലുള്ള സംസാരം കേട്ട് അന്തം വിട്ടിരിക്കുകയായിരുന്നു വർണ ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story