എൻ കാതലെ: ഭാഗം 65

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" കള്ളം പറയുന്നോടി പുന്നാര മോളേ ... നിനക്ക് എന്നേ കണ്ടിട്ട് എന്താ പൊട്ടനെ പോലെ തോന്നുന്നുണ്ടോ " ധ്രുവി വീണ്ടും അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ആ അടിയുടെ ആഘാതത്തിൽ പാർവതി താഴേക്ക് ഊർന്നിരുന്നു പോയി. "ഇനിയും തല്ലല്ലേ ധ്രുവി. ഞാൻ പറഞ്ഞത് സത്യമാ . ഞാൻ അല്ല അവളെ അതിന്റെ ഉള്ളിൽ അടച്ചിട്ടത് "കവിളിൽ കൈ കൊണ്ട് പൊത്തി പിടിച്ച് കരയുന്ന പാർവതിയെ കണ്ട് ധ്രുവിയുടെ നെഞ്ച് പിടഞ്ഞു. പക്ഷേ അതിനേക്കാൾ വലുതായിരുന്നു വർണയെ കാണാതായപ്പോഴുള്ള ദത്തന്റെ സങ്കടം "പിന്നെ എങ്ങനാടി വർണ സ്റ്റോർ റൂമിനുള്ളിൽ ഉള്ളത് നീ അറിഞ്ഞത് " ധ്രുവി അവളുടെ മുന്നിലായി മുട്ടുകുത്തി ഇരുന്നു. " അവൾ ആ റൂമിനുള്ളിൽ നിൽക്കുന്നത് ഞാൻ കണ്ടതാ . കാറ്റത്ത് ആ ഡോർ അടയുന്നതും ഞാൻ കണ്ടതാ . പക്ഷേ ഞാൻ ആരൊടും പറഞ്ഞില്ല. ഒരു നിമിഷത്തേക്ക് ഞാൻ സ്വാർത്ഥയായി പോയി. ആ നിമിഷം എന്റെ മനസിൽ ദേവേട്ടന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ആ ദേവേട്ടൻ തന്നെ അവളെ കാണാതെ അലറി കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലാ " പാർവതി മുഖം പൊത്തി കൊണ്ട് കരഞ്ഞു. "നിനക്ക് എത്രയൊക്കെ പറഞ്ഞിട്ടും മനസിലാവുന്നില്ലേ . ദേവൻ .. അവൻ വർണയുടെ മാത്രമാ . അവിടെ നിനക്ക് സ്ഥാനമില്ല.

നീ ഒരു മനുഷ്യനാണോ .. ആ റൂമിൽ കടന്ന് വർണക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലാേ. നിനക്ക് പിന്നെ ജീവിതത്തിൽ ഒരു സമാധാനം കിട്ടുമോ. ദേവൻ നിന്റെ വെറുതെ വിടും എന്ന് തോന്നുന്നുണ്ടോ ഇനിയെങ്കിലും മനസിലെ ഇഗോയും ദേഷ്യവും വാശിയും ഒക്കെ മാറ്റി വച്ച് കോമൺ സെൻസ് വച്ച് ഒന്ന് ആലോചിച്ച് നോക്ക്. നീ എത്ര വലിയ തെറ്റാ ചെയ്തത് എന്ന്. " അത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന പാർവതിയെ കാണുന്തോറും ധ്രുവിയുടെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചു. " നിന്നോടൊന്നും എത്ര പറഞ്ഞു തന്നിട്ടും കാര്യമില്ല. ഇതിനെയൊക്കെ സ്നേഹിച്ച് നന്നാക്കാൻ നോക്കിയ എന്നേ പറഞ്ഞാ മതിയല്ലോ " അവൻ ദേഷ്യത്തിൽ വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി. * "കുഞ്ഞേ ... ഒരുപാട് പേടിച്ചോടാ " ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുന്ന ദത്തൻ തന്റെ മടിയിൽ ഇരിക്കുന്ന വർണയെ നെഞ്ചോട് ചേർത്ത് കൊണ്ട് ചോദിച്ചു. താളം തെറ്റിയ അവന്റെ ഹൃദയമിടിപ്പിൽ നിന്നും തന്നെ കാണാതായപ്പോൾ ദത്തൻ എത്രത്തോളം പേടിച്ചിരുന്നു എന്ന് വർണക്കും മനസിലായി. "ഇല്ല ദത്താ. എനിക്ക് അറിയാമായിരുന്നു നീ വരും എന്ന്. " അവന്റെ നെഞ്ചിൽ തല ചേർത്ത് വച്ചവൾ പറഞ്ഞു. " എന്നേ അത്രക്കും വിശ്വാസം ആണോ "

" എന്നേക്കാൾ എറെ . ഈ ലോകത്ത് എനിക്ക് ഏറ്റവും വിശ്വാസം നിന്നെയാണ്. ഞാൻ ഇല്ലാതെ നിനക്ക് ഒരു നിമിഷം പോലും പറ്റില്ലാന്ന് എനിക്ക് അറിയാം. ഇതിപ്പോ എന്നേക്കാൾ കൂടുതൽ പേടിച്ചത് നീയാണല്ലോ " വർണ തിരിഞ്ഞ് അവന് മുഖത്തിന് നേരെയായി ഇരുന്നു. "നീ കരഞ്ഞോ ദത്താ. നീ ഒരുപാട് പേടിച്ചോ" അവന്റെ കണ്ണുകളുടെ മുകളിലൂടെ വിരലോടിച്ചു കൊണ്ട് വർണ ചോദിച്ചു. "കുറച്ച് നേരത്തേക്ക് ആണെങ്കിലും നിന്നെ കാണാതായപ്പോൾ എന്റെ ജീവൻ പോയടി. ഞാൻ .. എ. . . എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയി ഒരു നിമിഷം . ശിലു നീ കുളത്തിനരികിലേക്ക് പോയി കാണുമോ എന്ന് പറഞ്ഞപ്പോൾ എന്റെ ശ്വാസം വരെ നിലച്ച് പോയി. കുളത്തിനരികിൽ എത്തി നീ അവിടേക്ക് പോയിട്ടില്ലാ എന്ന് ഉറപ്പിക്കുന്നത് വരെ ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. " അത് പറയുമ്പോൾ ദത്തന്റെ കണ്ണുകളും നിറഞ്ഞിരുന്നു. സ്വരം ഇടറിയിരുന്നു. "ഈ കുറച്ച് സമയം കൊണ്ട് നിന്റെ കോലം കെട്ടുപോയല്ലോടാ. എന്താ ഇത് . എന്നേ കാണാതായാൽ ഇതാണ് അവസ്ഥയെങ്കിൽ ഞാൻ നിന്നേ ഉപേക്ഷിച്ച് പോയാ എന്തായിരിക്കും അവസ്ഥ " വർണ തമാശയിൽ പറഞ്ഞ് അവന്റെ അലങ്കോലമായ മുടിയെല്ലാം ശരിയാക്കാൻ തുടങ്ങി. ദത്തന്റെ പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ചു.

ഒപ്പം അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. "അങ്ങനെ പെട്ടെന്ന് ഒരു ദിവസം എന്നേ നീ ഉപേക്ഷിച്ച് പോവോ ... ഏഹ് ..പോവോന്ന്... " " അത് ... അത് ..ഞാൻ .. ഞാൻ വെറുതെ പറഞ്ഞതാ .. ദ.. ദത്താ" അവന്റെ പെട്ടെന്നുള്ള രൂപമാറ്റത്തിൽ വർണ പേടിച്ചു പോയി. "ഇനി മേലാൽ വെറുതെയാണെങ്കിലും ഈ വക തമാശകൾ പറയരുത്....പിന്നെ ... അങ്ങനെ നീ വിചാരിച്ചാൽ മാത്രം എന്ന വിട്ട് നിനക്ക് പോകാൻ കഴിയില്ല. ഞാൻ കൂടി വിചാരിക്കണം. എന്റെ അവസാന ശ്വാസം എന്റെ ശരീരത്തിൽ നിന്നും വിട്ട് അകലുന്ന വരെ നീ എപ്പോഴും ദാ ഇങ്ങനെ എന്റെ കൂടെ ഉണ്ടാകും" ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ഇറുക്കെ ചേർത്ത് പിടിച്ചു. " ഒന്ന് പതിയെ ദത്താ.. നീ ഇങ്ങനെയൊക്കെ കെട്ടിപിടിച്ചാ എന്റെ ശ്വാസം ഇപ്പോ തന്നെ പോവും " വർണ കളിയോടെ പറഞ്ഞതും ദത്തൻ ഒരു കള്ള ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. അവൻ വർണയുടെ മുഖത്തിന് നേരെയായി വന്നതും ഡോറിൽ ആരോ നോക്ക് ചെയ്തു. ദത്തൻ വർണയെ മടിയിൽ നിന്നും ബെഡിലേക്ക് ഇറക്കി ഇരുത്തി നേരെ ചെന്ന് വാതിൽ തുറന്നു . പാർവതിയായിരുന്നു അത്. അവൾ പാതി തുറന്ന വാതിൽ മുഴുവനായി തുറന്ന് അകത്തേക്ക് കയറി. ശേഷം വിതുമ്പി കൊണ്ട് വർണയുടെ അരികിൽ വന്ന് അവളെ ഇറുക്കി പുണർന്നു.

ഒപ്പം പാർവതി വല്ലാതെ കരയുന്നുണ്ടായിരുന്നു. അത് കണ്ട് ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു ദത്തൻ "എന്താ ചേച്ചി ... എന്തിനാ ഇങ്ങനെ കരയുന്നേ..എന്താ ഉണ്ടായേ " വർണ അവളെ തന്റെ മേൽ നിന്നും പിടിച്ചു മാറ്റാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. കുറച്ച് നേരത്തിനു ശേഷം പാർവതി അവളിൽ നിന്നും അകന്ന് മാറി. പാർവതിയുടെ കണ്ണീരിനാൽ വർണയുടെ തോൾ മുഴുവൻ നന്നഞ്ഞ് കുതിർന്നിരുന്നു. "മോള് ഒരുപാട് പേടിച്ചോ... ആ ഇരുട്ടിൽ ... ഒറ്റക്ക് .. ഒരുപാട് പേടിച്ചു അല്ലേ " അവളുടെ മുഖം കൈയിലെടുത്ത് പാർവതി ചോദിച്ചു. "ഇല്ല ചേച്ചി . അപ്പോഴേക്കും എല്ലാവരും വന്നല്ലോ. എനിക്ക് കുഴപ്പമൊന്നും ഇല്ല. " "നിനക്ക് ഇരുട്ട് പേടിയാണെന്ന് അന്നൊരു ദിവസം ഭദ്രയോട് നീ പറയുന്നത് ഞാൻ കേട്ടിരുന്നതാ. എനിക്ക് അറിയാമായിരുന്നു നിനക്ക് ഇരുട്ടത്ത് ഒറ്റക്ക് പേടിയാ എന്ന്. എന്നിട്ടും ഞാൻ .. ഞാൻ നിന്നെ ... " "പാർവതി ... "പിന്നിൽ നിന്നുള്ള അലർച്ച കേട്ട് പാർവതിയും വർണയും ഒരു പോലെ ഞെട്ടി. വാതിലിനരികിൽ നിൽക്കുന്ന ധ്രുവി വേഗത്തിൽ വന്ന് പാർവതിയുടെ കൈ പിടിച്ച് വലിച്ച് പുറത്തേക്ക് നടന്നു. ധ്രുവി നേരെ പോയത് തന്റെ റൂമിലേക്ക് ആണ് . അവൻ അവളെ ബെഡിലേക്ക് തള്ളിയിട്ടു. "എന്ത് ഭാവിച്ചാടീ നീ അവിടെ വച്ച് അങ്ങനെ ഓരോന്ന് എഴുന്നള്ളിക്കാൻ നിന്നത്.

സത്യം എങ്ങാനും ദേവൻ അറിഞ്ഞാൽ പിന്നെ എന്താ സംഭവിക്കുക എന്ന് പറയാൻ പോലും പറ്റില്ല. ചെയേണ്ടത് എല്ലാം ചെയ്ത് വച്ചിട്ട് അവസാനം അവൾടെ അമ്മൂമ്മടെ ഒരു കുബസാരത്തിന് പോയിരിക്കുന്നു. ഞാൻ കറക്റ്റ് സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കിൽ അവൻ നിന്നെ പച്ചക്ക് കത്തിച്ചേനേ അവന്റെ പ്രാണൻ വച്ചാ കുറച്ച് നേരത്തേക്ക് ആണെങ്കിൽ പോലും നീ കളിച്ചത്. നീ ചെയ്ത മറ്റ് തെറ്റുകൾ അവൻ ക്ഷമിച്ചാലും ഇത് മാത്രം അവൻ ക്ഷമിക്കില്ല. "ധ്രുവി ദേഷ്യത്തിൽ അടിമുടി വിറച്ചു. " ഞാൻ പൊറുക്കാൻ പറ്റാത്ത തെറ്റ് അല്ലേ ധ്രുവി ചെയ്തത്. എനിക്ക് ദേവേട്ടനെ ഇഷ്ടമാണ് എന്ന് വച്ച് വർണയുടെ ജീവൻ അപകടത്തിൽ ആക്കുന്ന കാര്യങ്ങൾ ചെയ്യാൻപാടുമോ . ദൈവം പോലും എന്നോട് പൊറുക്കില്ലാ ധ്രുവി. വർണ അത്രക്കും പാവമാ. നിനക്ക് ഒരു കാര്യം അറിയോ .. ആ ഡോർ ലോക്ക് ആവുന്നതിന് മുൻപേ ഞാൻ പുറത്ത് നിൽക്കുന്നത് വർണ കണ്ടത് ആണ്. ഡോർ ഓപൺ ആവാതെ ഇരുന്നപ്പോൾ അവൾ എന്നേ ഒരുപാട് വിളിച്ചിട്ടുണ്ടാവില്ലേ. രക്ഷിക്ക് ചേച്ചി എന്ന് കരഞ്ഞ് പറഞ്ഞിട്ടുണ്ടാവില്ലേ. എന്നിട്ട് ഞാൻ എന്താ ചെയ്തത്... ഒന്നും അറിയാത്ത പോലെ നിങ്ങളുടെ അടുത്ത് വന്ന് ഇരുന്നു. പേടിച്ചിട്ടുണ്ടാവില്ലേ ആ പാവം ഒരുപാട് . എന്നിട്ടും അതിനെ കുറിച്ച് അവൾ ആരൊടും ഒന്നും പറഞ്ഞില്ല.

പാപിയാ ധ്രുവി ഞാൻ " പാർവതി മുഖം പൊത്തി കരയാൻ തുടങ്ങിയതും ധ്രുവി വന്ന് അവളെ ഇറുക്കെ പുണർന്നു. " ഇങ്ങനെ കരയല്ലേടാ . നീ അറിയാതെ ചെയ്തത് അല്ലേ. അപ്പോഴത്തെ ഒരു ബുദ്ധിമോശം അങ്ങനെ കണ്ടാ മതി. അത് മറന്നേക്ക് " ധ്രുവി അവളുടെ തലയിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു. പാർവതി അവനെ കെട്ടിപിടിച്ച് ധ്രുവിയുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നു . അവൾക്കും അപ്പോൾ ചേർത്ത് പിടിക്കാൻ ഓരാളെ തന്നെ ആയിരുന്നു ആവശ്യം. അവൾ തന്റെ സങ്കടങ്ങൾ എല്ലാം ധ്രുവിയുടെ നെഞ്ചിൽ കരഞ്ഞ് തീർത്തു. * "സത്യം പറയടി പുല്ലേ .... അവൾ അല്ലേ... അവൾ അല്ലേ നിന്നേ സ്റ്റോർ റൂമിൽ അടച്ചിട്ടത് " ദത്തൻ ദേഷ്യത്തിൽ അലറി . "അല്ല ദത്താ. പാർവതി ചേച്ചി അല്ല. " " ആർക്ക് വേണ്ടിയാടീ നീ ഈ കള്ളം പറയുന്നേ. ആ ₹*#@ മോൾക്ക് വേണ്ടിയോ . ഞാൻ എന്റെ ക്ഷമ നശിച്ച് നിൽക്കാ . മര്യാദക്ക് സത്യം പറയുന്നതാ നിനക്ക് നല്ലത്..." അവൻ കയ്യിലുള്ള ഫോൺ ദേഷ്യത്തിൽ താഴേ എറിഞ്ഞു പൊട്ടിച്ചു. " ചേച്ചി അല്ല. കാറ്റത്താ ഡോർ അടഞ്ഞത്. ചേച്ചി അല്ല " " വീണ്ടും വീണ്ടും അതേ കള്ളം പറയുന്നോ . പിന്നെ എന്തിനാടി അവൾ വന്ന് കരഞ്ഞ് നിന്നെ കെട്ടിപിടിച്ചതും അങ്ങനെയൊക്കെ പറഞ്ഞതും . വെറുതെ എന്റെ കൈയ്യിന്റെ ചൂടറിയാൻ നീ നിൽക്കണ്ട ...."

ദത്തൻ അവൾക്ക് നേരെ കൈ ഉയർത്തി കൊണ്ട് പറഞ്ഞു. ബെഡിൽ ഇരിക്കുന്ന വർണ ഇരു കണ്ണുകളും അടച്ച് കൈ കൊണ്ട് മുഖം മറച്ചു വച്ചു. " ഞാനാണേ സത്യം... എന്റെ ദത്തനാണേ സത്യം.... അമ്മയും അച്ഛനും ആണേ സത്യം... ഡോർ കാറ്റത്ത് അടഞ്ഞതാ . അത് പാർവതി ചേച്ചി കണ്ടു. പക്ഷേ അത് ശ്രദ്ധിക്കാതെ ചേച്ചി പോയി. പിന്നെ എന്നേ കാണാതെ എല്ലാവരും പേടിച്ചപ്പോൾ ആയിരിക്കും ഞാൻ സ്റ്റോർ റൂമിൽ ഉള്ള കാര്യം പറഞ്ഞത്. അതിന്റെ കുറ്റബോധം കാരണം ആയിരിക്കും അങ്ങനെ പറഞ്ഞത്. ഇങ്ങനെ ദേഷ്യപ്പെടല്ലേ ദത്താ എനിക്ക് പേടിയാവാ " അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി പതിയെ ദത്തനെ കണ്ണ് തുറന്നു നോക്കി. ദേഷ്യത്തിൽ അടിമുടി വിറച്ച് നിൽക്കുകയായിരുന്നു അവൻ . "ആ പുന്നാരമോൾക്ക് ഇതിനുള്ളത് കൊടുത്തിട്ട് തന്നെ കാര്യം " ദത്തൻ ചെന്ന് ഡോർ തുറക്കാൻ നിന്നതും വർണ പിന്നാലെ ചെന്ന് അവനെ കെട്ടിപിടിച്ചു. " വഴക്കിന് പോവല്ലേ ദത്താ. ആ ചേച്ചി അറിയാതെ ചെയ്തത് ആയിരിക്കും. അതിന് ആ ചേച്ചിക്ക് നല്ല സങ്കടവും ഉണ്ട്. ക്ഷമിച്ചേക്ക് ദത്താ പ്ലീസ് ... " " നീ ആരാടി ഗാന്ധിജിയോ.. അതോ മതർ തേരസയോ . അവൾക്ക് അല്ലാ ആദ്യം നിനക്കിട്ട് ആണ് ഒന്ന് പൊട്ടിക്കേണ്ടത്. പാർവതി വന്ന് ഇങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നു എങ്കിൽ ഞാൻ ഇതിനെ കുറിച്ച് അറിയുമായിരുന്നോ.

നീ എന്നോട് പറയുമായിരുന്നോ. നോക്ക് വർണാ ... വെറെന്തും ഞാൻ സഹിക്കും. പക്ഷേ ചതി അത് ഞാൻ പൊറുക്കില്ല. അത് നീയാണെങ്കിൽ പോലും . " അവൻ ഡോർ തുറന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ചു എങ്കിലും വർണ അവന്റെ മേലുള്ള പിടി വിടുന്നില്ല. " മര്യാദക്ക് കൈ എടുക്ക് വർണാ . എന്റെ ദേഷ്യം വെറുതെ കൂട്ടാൻ നിൽക്കണ്ടാ. അത് നിനക്ക് തന്നെയായിരിക്കും ദോഷം . പഴയ ദത്തനെ നീ ആയിട്ട് പുറത്ത് എടുപ്പിക്കണ്ടാ " " വഴക്ക് വേണ്ടാ ദത്താ. എന്നോട് സ്നേഹം ഉണ്ടെങ്കിൽ നീ പോവില്ലാ " വർണ അത് പറഞ്ഞതും ഡോറിന്റെ ലോക്ക് അഴിക്കാൻ നിന്ന ദത്തന്റെ കൈ നിശ്ചലമായി. അവൻ തന്റെ മേലുള്ള വർണയുടെ കൈകൾ ദേഷ്യത്തിൽ എടുത്ത് മാറ്റി ബെഡിൽ വന്നിരുന്നു. " ദത്താ" വർണ അവന്റെ അരികിൽ ഇരുന്ന് തോളിൽ തട്ടി വിളിച്ചു. "എന്റെ മേൽ തൊട്ട് പോവരുത് " അവൻ ദേഷ്യത്തിൽ വർണയുടെ കൈ തട്ടി. എണീറ്റ് ജനലിനരികിൽ പുറത്തേക്ക് നോക്കി നിന്നു. " ഞാൻ തൊടും..ന്റെ യാ" അവൾ അവനെ പിന്നിൽ നിന്നും ചുറ്റി പിടിച്ചു. "എന്റെ കൈയ്യിൽ നിന്നും വാങ്ങിക്കണ്ടെങ്കിൽ അടുത്ത് നിന്നും മാറി നിൽക്കുന്നതാ നിനക്ക് നല്ലത് " അത് കേട്ടതും വർണ അവന്റെ പുറത്ത് മുഖം ചേർത്ത് പതിയെ കടിച്ചു. "ഡി... "

ദത്തൻ അലറികൊണ്ട് തിരിഞ്ഞതും വർണ അവനെ ഇറുക്കെ പുണർന്ന് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. "അയ്യോ തല്ലല്ലേ ദത്താ. നിന്റെ കൈയ്യിൽ നിന്നും എനിക്ക് ഒന്ന് കിട്ടിയാ പിന്നെ ബാക്കി ഞാൻ പറയണ്ടല്ലോ " ദത്തൻ ഉയർന്ന് വരുന്ന ദേഷ്യം നിയന്ത്രിക്കാൻ കണ്ണുകൾ അടച്ച് നിന്നു. സാധാരണ എപ്പോഴും തന്നെ ചേർത്ത് പിടിക്കാറുള്ള കൈകൾ നിശ്ചലമാണ് എന്ന് കണ്ടതും വർണക്ക് വല്ലാതെ സങ്കടം തോന്നി. " എന്നോട് ദേഷ്യമാണോ ദത്താ" ദത്തൻ ഒന്നും മിണ്ടിയില്ല. അവൾ ദത്തനു മേലെയുള്ള കൈകൾ അയച്ചു. ശേഷം ബെഡിൽ വന്ന് ഇരുന്നു. ദത്തനും ഒന്നു മിണ്ടാതെ ജനലിന്റെ അരികിലേക്ക് തിരിഞ്ഞ് പുറത്തേക്ക് നോക്കി നിന്നു. അതു കൂടെ ആയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ബെഡിലേക്ക് കിടന്ന് തലയണയിൽ മുഖം ചേർത്ത് കിടന്നു. "സോറി" കുറച്ച് കഴിഞ്ഞതും ദത്തൻ അവളുടെ അടുത്ത് കിടന്ന് അവളുടെ കാതിൽ ആയി പറഞ്ഞു. വർണ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നതും അവളുടെ പിൻകഴുത്തിൽ ഉമ്മ വച്ച് അവൻ എണീറ്റ് വാതിൽ തുറന്ന് പുറത്തേക്ക് പോയി. * "എന്താടാ ഇവിടെ ഒറ്റക്ക് ഇരിക്കുന്നേ " ഉമ്മത്തെ തൂണിൽ ചാരി ഇരിക്കുന്ന ദത്തന്റെ അരികിൽ ധ്രുവി വന്ന് ഇരുന്നു. "എന്താ നീ ഇതിനെ കുറിച്ച് എന്നോട് പറയാതെ ഇരുന്നത്. "അകലേക്ക് നോക്കി ദത്തൻ ഗൗരവത്തിൽ ചോദിച്ചു. "എടാ അത് അവൾക്ക് അറിയാതെ ഒരു അബദ്ധം പറ്റിയതാടാ . നീ ഈ ഒരു പ്രാ... " " ഞാൻ ചോദിച്ചത് പാർവതിയുടെ കാര്യം അല്ലാ. നിന്റെ കാര്യം ആണ് . എത്ര നാളായി ...."

" ദേവാ നീ എന്താ പറയുന്നേ. എനിക്ക് മനസിലാവുന്നില്ല. " "നിനക്ക് പാർവതിയെ ഇഷ്ടമാണ്. അത് ഇന്ന് പെട്ടെന്ന് ഒരു ദിവസം ഉണ്ടായത് അല്ലാ എന്ന് ചിന്തിക്കാനുള്ള ബുദ്ധി എനിക്ക് ഉണ്ട്. എന്താ ഈ കാര്യം നീ എന്നോട് പറയാതെ ഇരുന്നത്. എനിക്ക് പല തവണ സംശയം തോന്നിയിരുന്നു. പിന്നെ കരുതി അത് എന്റെ തോനലുകൾ ആയിരിക്കും എന്ന്. പക്ഷേ അല്ലാ അതായിരുന്നു സത്യം..." "എടാ ഞാൻ നിന്നോട് എല്ലാം തുറന്നു പറയണം എന്ന് കരുതിയത് ആയിരിന്നു . പക്ഷേ അതിനുള്ള ധെര്യം ഉണ്ടായിരുന്നില്ല. "ധുവി പണ്ട് പാർവതിയോട് തോന്നിയ ഇഷ്ടം മുതൽ കുറച്ച് മുൻപ് വരെയുള്ള കാര്യങ്ങൾ ദത്തനോട് അവൻ തുറന്ന് പറഞ്ഞു. ദത്തൻ അതെല്ലാം മൂളി കേൾക്കുക മാത്രമാണ് ചെയ്തത്. "എടാ പാർവതി ചെയ്തതിന് ഞാൻ സോറി പറയാ. അവൾ അറിയാതെ ചെയ്തതാടാ . ക്ഷമിച്ചേക്ക് അവളോട് . ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല. എന്റെ സ്നേഹം കൊണ്ട് ഞാൻ അവളെ ശരിയാക്കും. " " സോറി ഒന്നും വേണ്ടടാ . ഞാൻ നാളെ അവളേയും കൊണ്ട് പോവാ . എനിക്ക് വയ്യാ ഇനി ഒരു റിസ്ക് എടുക്കാൻ . എനിക്ക് എന്റെ കുട്ടിയാ വലുത് . നീ കണ്ടത് അല്ലേ. കുറച്ച് സമയം കൊണ്ട് തന്നെ ഞാൻ ഒരുപാട് പേടിച്ചു. എനിക്ക് അവളും അവൾക്ക് ഞാനും മാത്രം മതി. എനിക്കും അതാണ് ഇഷ്ടം" ദത്തൻ അകലേക്ക് നോക്കി കൊണ്ട് തന്നെ പറഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story