എൻ കാതലെ: ഭാഗം 8

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഇവളെ നമ്മുടെ കൂട്ടത്തിൽ കൂട്ടണ്ട അനു മോളേ .. ഇവൾ ആള് ശരിയല്ലാ... സാർ ക്ലാസ് എടുക്കുമ്പോൾ ലക്ച്ചർ നോട്ട് എഴുതിയെടുക്കുന്നത് കണ്ടില്ലേ " ലഞ്ച് ബ്രേക്ക് ആയതും വർണയെ നോക്കി വേണി പറഞ്ഞു. " അത് ശരിയാ .. പഠിപ്പികൾ ഒന്നും നമ്മുടെ കൂട്ടത്തിൽ വേണ്ടാ.." " ദേ ... അനാവശ്യം പറഞ്ഞാലുണ്ടല്ലോ. ഞാൻ വെറെന്തിങ്കിലും ചെയ്തു എന്നൊക്കെ പറഞ്ഞാ ക്ഷമിക്കും. പക്ഷേ പഠിച്ചു എന്നെങ്ങാനും പറഞ്ഞാലുണ്ടല്ലോ " "പിന്നെ നീ എന്താ സാർ ക്ലാസ് എടുക്കുമ്പോ ചെയ്യ്തിരുന്നേ " " ഞാൻ എന്റെ ഈ മാസത്തെ economic planning നടത്തുകയായിരുന്നു. " അത് പറഞ്ഞ് വർണ എഴുതിയിരുന്ന ബുക്ക് അവരുടെ മുന്നിലേക്ക് വച്ച് കൊടുത്തു. " അടുത്ത മാസം പത്താം തിയതിയാണ് ഫീസ് അടക്കേണ്ടത്. ഞാൻ ഈ മാസം ലാസ്റ്റ് അല്ലേ ജോലിക്ക് കയറിയത്. അപ്പോ എനിക്ക് അടുത്ത മാസം അവസാനം അല്ലേ സാലറി കിട്ടൂ. അപ്പോ ഫീ എങ്ങനെ അടക്കും " " ഇതാണോ ഇത്ര വലിയ കാര്യം. നമ്മുക്ക് ഓണറോട് കാര്യങ്ങൾ പറഞ്ഞ് സാലറി മുൻ കൂട്ടി വാങ്ങിക്കാം.

ഓണർ കുറച്ച് മനസാക്ഷിയൊക്കെ ഉള്ള കൂട്ടത്തിലാണ് " അനു പറഞ്ഞു. " എന്നാലും ബാക്കി 7000 എങ്ങനെ ഉണ്ടാക്കും" വേണി ചോദിച്ചു. " അത് ശരിയാണ് ഒരു മാസത്തെ സാലറി അല്ലേ നമ്മുക്ക് മുൻകൂട്ടി വാങ്ങാൻ പറ്റൂ. ബാക്കി എന്ത് ചെയ്യും. " " അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്. രണ്ടായിരം എന്റെ കൈയ്യിലുണ്ട്. അത് അന്ന് വീട്ടിൽ പോയപ്പോൾ അമ്മായി തന്നതാ . ബാക്കി പിന്നെ എന്റെ ഒരു മോതിരം ഉണ്ട് അത് പണയം വക്കാം. " " 8000 + 2000 + 5000 = 15000..okay set.. " വർണ ബുക്കിൽ എഴുതി കൊണ്ട് പറഞ്ഞു. "ബാക്കി ചർച്ച ഇനി ഫുഡിങ്ങിനു ശേഷം " അവർ പാത്രവുമായി സ്ഥിരം സ്ഥലത്തേക്ക് നടന്നു. "എടീ .. വർണേ ഒന്ന് പതിയെ കഴിക്ക് ... ആരും കൊണ്ടു പോവില്ല. " വർണ കഴിക്കുന്നത് കണ്ട് വേണി പറഞ്ഞു. "ഒന്നു പോയേടീ.. ഹോട്ടലിലെ ഫുഡ് കഴിച്ച് മടുത്തു മനുഷ്യന് " " അപ്പോ നിന്റെ വീട്ടിൽ ഫുഡ് വക്കില്ലേ " "പിന്നെ .. വക്കാൻ വല്ലതും വേണ്ട. കുറേ പാത്രങ്ങൾ ഉണ്ട് വേറെ ഒന്നും ഇല്ല. ഒരു കിണർ ഉള്ളത് കൊണ്ട് വെള്ളം പുറത്തു നിന്നും വാങ്ങണ്ട അത്ര തന്നെ "

" ഹോട്ടൽ ഫുഡ് കഴിച്ച് നിനക്ക് മടുക്കില്ലേ." "പിന്നല്ലാതെ ..വേറെ വഴിയില്ലാത്ത കാരണം കഴിക്കുക തന്നെ " " നമ്മുക്ക് പോകുമ്പോൾ കുറച്ച് സാധനങ്ങൾ വാങ്ങിക്കാം " അനു പറഞ്ഞു. "അതെ.. സാധനം വാങ്ങിച്ചിട്ട് പൈസക്ക് പകരം നിന്നെ അവിടെ പണയം വക്കാം. :" വർണ ചിരിച്ച് കൊണ്ട് പറഞ്ഞു. " അനു കാര്യമായിട്ടാ പറഞ്ഞത്.. നമ്മുക്ക് പോകുമ്പോൾ നിനക്ക് അത്യവശ്യമുള്ളത് വാങ്ങിക്കാം. പൈസയുടെ കാര്യം നീ ആലോചിക്കണ്ട" "പിന്നെ പൈസ കൊടുക്കാതെ സാധനങ്ങൾ കിട്ടുമോ " " ഞങ്ങൾ എല്ലാ മാസവും അവസാനം അടിച്ച് പൊളിക്കാൻ മിച്ചം വക്കുന്ന കുറച്ച് പൈസ ഉണ്ട് .തൽക്കാലം അത് എടുക്കാം " "എയ്..അതൊന്നും വേണ്ടടി . " " വെറുതെ ഒന്നും അല്ല . സാലറി കിട്ടി കഴിഞ്ഞ് ഞങ്ങൾ പറയുന്ന സാധനം നീ വാങ്ങി തരണം എനിക്ക് ബിരിയാണി മതി നിനക്കോ വേണി ... " "എനിക്ക് പൊറോട്ടയും ബീഫും " അവർ ചിരിയോടെ പറഞ്ഞതും വർണ അവർ ഇരുവരെയും കെട്ടി പിടിച്ചു. വെറും രണ്ടു ദിവസത്തെ പരിചയം കൊണ്ടു പോലും അവർ ഇങ്ങനെ സ്നേഹിക്കുന്നു.

അതാലോചിച്ച് വർണയുടെ കണ്ണുകൾ നിറഞ്ഞു. "അയ്യേ .. വർണ കുട്ടി കരയാ " വേണി അവളുടെ കണ്ണു തുടച്ചു " കരയുകയോ ഞാനോ ..അതിന് ഞാൻ സീരിയൽ നായികയല്ലാ .ഇത് വർണ്ണയാ . വർണാ ദേവ ദത്തൻ " "പിന്നെ എന്തിനാ നിന്റെ കണ്ണു നിറഞ്ഞേ " അനു " അത് പിന്നെ ഉള്ള മുളക് എല്ലാം കറിയിൽ ഇട്ടാൽ കഴിക്കുന്ന ആളുടെ കണ്ണ് നിറയില്ലേ എരിഞ്ഞിട്ട് " " മമ്. മമ്.. നടക്കട്ടെ നടക്കട്ടെ. ഇപ്പോ അങ്ങനെയൊക്കെയായി കാര്യങ്ങൾ. വർണാ ദേവദത്തൻ "വേണി കളിയാക്കാൻ തുടങ്ങി. * വൈകുന്നേരം തിരിച്ച് വരുമ്പോൾ അവൾ അത്യവശ്യമായ ചില സാധനങ്ങൾ വാങ്ങി. കാര്യം എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ന്യൂജനറേഷൻ പിള്ളേർക്ക് പലചരക്ക് സാധനങ്ങളും പിടിച്ച് റോഡിലൂടെ നടക്കാൻ കുറച്ച് മടിയാണ്. അതുകൊണ്ട് സാധാനങ്ങൾ എല്ലാം വാങ്ങി അവർ മൂന്നുപേരുടേയും ബാഗിൽ നിറച്ചു. ബസ് സ്റ്റോപ്പിൽ ഇറങ്ങി സിപ്പപ്പും വാങ്ങിച്ച് വരുമ്പോഴാണ് തങ്ങൾക്കു നേരെ ദത്തൻ ബുള്ളറ്റിൽ വരുന്നത്.

വർണയെ ഒന്ന് മൈന്റ് പോലും ചെയ്യാതെ ദത്തൻ അവരെ കടന്ന് പോയതും വർണ തിരിച്ച് അവന്റെ ബുള്ളറ്റിനു പിന്നാലെ ഓടി. ബാക്കിൽ ഓടി വരുന്ന വർണയെ വണ്ടിയുടെ മിററിലൂടെ കണ്ടതും ദത്തൻ വേഗം വണ്ടി നിർത്തി. അവൾ ഒരു കിതപ്പോടെ അവന്റെ മുന്നിൽ വന്ന് നിന്നു. "ദ .. ദത്താ.. വൈകു... വൈകുന്നേരം വരുമ്പോൾ ..." വർണക്ക് കിതച്ച് കൊണ്ട് സംസാരിക്കാൻ പോലും പറ്റുന്നില്ല. "എന്തോന്ന്..." അവൻ മനസിലാവാതെ ചോദിച്ചു. "വൈകുന്നേരം വരുമ്പോൾ പരിപ്പുവട വേണ്ട. അത് കഴിച്ച് മടുത്തു. പഴം പൊരി മതി" ദത്തൻ തിരികെ എന്തെങ്കിലും പറയുന്നതിനു മുൻപേ അവൾ കൂട്ടുക്കാരികളുടെ അരികിലേക്ക് ഓടി ഇനിയും അവിടെ നിന്നാൽ ദത്തന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും എന്ന് അവൾക്ക് അറിയാമായിരുന്നു. ** അവർ മൂന്നുപേരും നേരെ പോയത് വർണയുടെ വീട്ടിലേക്ക് ആയിരുന്നു . "അപ്പോ ഇതാണ് നമ്മുടെ വർണ്ണ കുട്ടിയുടെ വീട് ..അല്ലേ..." അനു വീട് നോക്കി കൊണ്ട് പറഞ്ഞു. " അതെ...ഇതാണ് എൻ്റെ കൊട്ടാരം ...."

"ഇതുവഴി പല തവണ പോയിട്ടുണ്ടെങ്കിലും ഇതിന് അകത്തോട്ട് ആദ്യമായിട്ടാ കയറുന്നേ.. കാരണം ദത്തനെ പേടിച്ച് ഒരാളു പോലും ഈ വീടിന്റെ പടി ചവിട്ടില്ല." വേണി പറഞ്ഞു. വർണ്ണ ചെടി ചട്ടിയിൽ നിന്നും താക്കോൽ എടുത്ത് വാതിൽ തുറന്നു അകത്തു കയറി. " ഇതെന്താടി പ്രേതഭവനമോ.." അകത്തേക്ക് കയറിയതും വേണി ചോദിച്ചു. " ഇതൊന്നുമായിരുന്നില്ല മക്കളേ ..ഇതിലും അപ്പുറം ആയിരുന്നു. ഒരുവിധം ഞാൻ ഒതുക്കി വെച്ചതാ "അവൾ അകത്തേക്കു കയറി ബാഗ് ബെഡിൽ ഇട്ടു. " ബാഗിലെ സാധനങ്ങളെല്ലാം എവിടെയോ വക്കുക. നല്ല വെയിറ്റ് "അനു ചോദിച്ചു "അത് അടുക്കളയിൽ വയ്ക്കാം". അത് പറഞ്ഞ് അവർ അവിടേക്ക് നടന്നു. ബാഗിലെ സാധനങ്ങളെല്ലാം പുറത്തുവെച്ചു. " എന്നാ നമുക്ക് പാലു കാച്ചിയാലോ " വർണ്ണ ചോദിച്ചു. " തൽക്കാലം കാച്ചാൻ പാലില്ല . നമുക്ക് കട്ടൻചായ കാച്ചാം."അതുപറഞ്ഞ് വേണി ചായ പാത്രമെടുത്ത് വെള്ളം നിറച്ചു. അപ്പോഴേക്കും അനു അടുപ്പ് കത്തിച്ചു. "നിന്റെ വീട്ടിൽ വന്നിട്ട് ഞങ്ങളെക്കൊണ്ട് നീ പണിയെടുക്കുകയാണല്ലേടി"

സ്ലബിനു മുകളിൽ കയറി ഇരിക്കുന്ന വർണ്ണയെ നോക്കി അവർ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു കാണിച്ചു. വേണി തന്നെയാണ് മൂന്നുപേർക്കും ഉള്ള കട്ടൻ ചായ ഉണ്ടാക്കിയത്.ചായ എല്ലാം കുടിച്ചു കഴിഞ്ഞു അവർ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി. വർണയുടെ വീടിന് മുൻപേ ഒരു പത്ത് വീട് അപ്പുറത്ത് ആയാണ് anuvinteയും വേണിയുടെയും വീട്. അവർ പോയതും വർണ്ണ വേഗം കുളിക്കാനായി ബാത്റൂമിലേക്ക് കയറി. സമയം കുറെ കഴിഞ്ഞിട്ടും ദത്തൻ വന്നിരുന്നില്ല .വിളക്ക് വെച്ച് അവൾ ദത്തനെ നോക്കി ഉമ്മറത്ത് തന്നെ ഇരുന്നു. " ഇവൻ എന്താ ഇത്ര നേരമായിട്ടും വരാത്തെ . ഇനി പഴം പൊരി കൊണ്ടുവരാൻ മറക്കുമോ എന്തോ " താടിക്ക് കൈയ്യും കൊടുത്ത് അവൾ പടിക്കൽ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ദത്തന്റെ ബുള്ളറ്റ് മുറ്റത്ത് വന്നു നിന്നതും അവൾ പുറത്തേക്ക് ഓടിയിറങ്ങി.

"നീയിത് എവിടെയായിരുന്നു ദത്താ. ഞാൻ എത്ര നേരമായീന്നോ വെയ്റ്റ് ചെയ്യുന്നു. ഞാൻ പറഞ്ഞ സാധനം കിട്ടിയോ " അവൾ ആകാംഷയോടെ ചോദിച്ചു. "എന്ത് സാധനം " ദത്തൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി. "ദേ ദത്താ അറിയാത്ത പോലെ അഭിനയിക്കല്ലേ. എവിടെ പഴം പൊരി " "പിന്നേ. എനിക്ക് അതല്ലേ പണി. നീ പറഞ്ഞതൊക്കെ വാങ്ങിച്ച് തരാൻ ഞാനാരാ നിന്റെ തന്തയോ " " വാങ്ങിച്ച് തരാൻ തന്ത ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നോട് പറയുമോ . എന്താ നിന്റെ കൈയിലെ കവറിൽ . " അവളുടെ മുഖത്തെ ആകാംഷ കണ്ട് ദത്തന് ചിരി വന്നിരുന്നു. വർണ കയ്യിലെ കവർ വാങ്ങിക്കാൻ നിന്നതും അവൻ അത് ഉയർത്തി പിടിച്ചു. വർണ അത് ചാടി പിടിക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ല. " ദത്താ വെറുതെ കളിപ്പിക്കാതെ അതിങ്ങ് തന്നെ " അവൾ കുറെ ശ്രമിച്ചെങ്കിലും പിടിക്കാൻ കിട്ടുന്നില്ല. "ഈ വർണ അങ്ങനെയൊന്നും തോറ്റു തരില്ല ദേവ ദത്താ" അവൾ വേഗം ദത്തന്റെ ബുള്ളറ്റിൽ നിന്നും കീ എടുത്തു.

" ഞാൻ 5 വരെ എണ്ണും .അതിനുള്ളിൽ കവർ തന്നില്ലെങ്കിൽ പിന്നെ ബുള്ളറ്റിന്റെ കീ നീ പുഴയിൽ നിന്നും മുങ്ങി തപ്പി എടുക്കേണ്ടി വരും" അവൾ കീ വീശി കൊണ്ട് പറഞ്ഞതും അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന ദത്തന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു. ബോധം ഇല്ലാത്ത പെണ്ണാണ്. കീ എങ്ങാനും പുഴയിൽ ഇട്ടാൽ തിരഞ്ഞ് കണ്ടുപിടിക്കാൻ പോലും ബുദ്ധിമുട്ടാണ്. വിട്ടു കൊടുക്കുന്നതാ ബുദ്ധി . "അയ്യോ ... പൊന്നേ.. ചതിക്കല്ലേടി .. നീ പറഞ്ഞ സാധനം ഞാൻ വാങ്ങിച്ചിട്ടുണ്ട് " ദത്തൻ കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി. "കുറച്ച് മുൻപ് ഇതൊന്നും ആയിരുന്നില്ലല്ലോ എന്തായിരുന്നു നിന്റെ അഹങ്കാരം .ഇന്നലെ നീ എന്നേ വഴക്ക് പറഞ്ഞില്ലേ നീന്റെ ചെണ്ട എടുത്തതിന് . ഞാൻ തൊട്ടാ അത് ഉരുകി പോകുമോ " " അത് ഇന്നലെ കഴിഞ്ഞ കാര്യമല്ലേ. നീ അതങ്ങ് മറന്നേക്ക് . ദാ ഇത് വാങ്ങീട്ട് ആ കീ ഇങ്ങ് താ" " ഞാനൊന്ന് ആലോചിക്കട്ടെ .. നിനക്ക് കീ തരണോ വേണ്ടയോ എന്ന് " അവൾ കീ വിരലിൽ കറക്കി കൊണ്ട് പറഞ്ഞു. "ദത്തന്റെ പൊന്നു മോളല്ലേ . ആ കീ ഇങ്ങ് താ"

ദത്തന്റെ ആ ഡയലോഗിൽ വർണ്ണ മൂക്കും കുത്തി വീണു. കൈയ്യിലുള്ള കീ ബുള്ളറ്റിൽ തിരികെ വച്ച് ദത്തന്റെ കയ്യിൽ നിന്നും കവർ വാങ്ങി അകത്തേക്ക് നടന്നു. ശേഷം വീണ്ടും അവന്റെ അരികിലേക്ക് തിരിച്ച് വന്നതും ദത്തൻ എന്താ എന്ന രീതിയിൽ അവളെ നോക്കി. "ദത്തന്റെ പൊന്നു മോള് .ആ വാക്ക് എനിക്കങ്ങ് ഇഷ്ടപ്പെട്ടു അതാ കീ തിരിച്ച് തന്നത്. ഇനിയും നീ എന്റെ ഹൈറ്റിനെ കളിയാക്കിയാ ശരിക്കും ഞാൻ നിന്റെ കീ പുഴയിൽ കളയും . വർണ എന്നാ സുമ്മാവാ " അത് പറഞ്ഞ് അവൾ അകത്തേക്ക് ഓടി . അവളുടെ സംസാരവും ചിരിയും ഓട്ടവും കണ്ട് അവനും ചിരി വന്നു. അവൻ നേരെ തോർത്ത് എടുത്ത് കുളിക്കാൻ പോയി. കുളി കഴിഞ്ഞ് വന്ന് ഡ്രസ്സ് മാറ്റി ഫോണും എടുത്ത് ഉമ്മറത്തെ ചെയറിൽ വന്നിരുന്നു. " ദത്താ..." വർണ നീട്ടി വിളിച്ചതും അവൻ ഫോണിൽ നിന്നും തല ഉയർത്തി നോക്കി.

ഒരു കയ്യിൽ പഴം പൊരിയും മറ്റേ കയ്യിൽ കട്ടൻ ചായയുമായി നിൽക്കുന്ന വർണ . അവൾ ഒരു കൈയ്യിലെ പഴം പൊരി അടങ്ങിയ പ്ലേറ്റ് തിണ്ണയിൽ വച്ചു. മറ്റേ കയ്യിലെ പ്ലേറ്റിൽ വച്ചിരിക്കുന്ന 2 ഗ്ലസുകളിൽ ഒന്ന് എടുത്ത് ദത്തന് കൊടുത്തു. " ഇത് എവിടുന്നാ " അവൻ ചായ ഗ്ലാസ് വാങ്ങി കൊണ്ട് ചോദിച്ചു. " ഇത് ഞാൻ ഉണ്ടാക്കിയതാ" "അതല്ലാ ഞാൻ ചോദിച്ചത് .ഇത് ഉണ്ടാക്കാനുള്ള സാധനങ്ങൾ എവിടുന്നാ എന്നാ . " " ഞങ്ങൾ വാങ്ങിച്ചു. " " ഞങ്ങളോ " " ആഹ്.. ഞാനും .. അനുവും വേണിയും " " അതിന് നിനക്കെവിടുന്നാ കാശ് " അനുവും വേണിയും തന്നതാണ് എന്ന് പറഞ്ഞാൽ അവർക്ക് എവിടുന്നാ കാശ് എന്ന് ചോദിക്കും .അപ്പോ പാർട്ട് ടൈം ജോലിയുടെ കാര്യം പറയേണ്ടി വരും. ഈ കാലന് എന്തൊക്കെ അറിയണം .കിട്ടിയ ചായ കുടിച്ച് മിണ്ടാതെ ഇരുന്നാ പോരെ . "ഡീ നിന്നോടാ ഞാൻ ചോദിച്ചേ . എവിടുന്ന പൈസ എന്ന് " അത് ദത്തൻ കുറച്ച് ഗൗരവത്തിലാണ് ചോദിച്ചത്. " അത് ഞാനന്ന് വീട്ടിൽ പോയപ്പോൾ അമ്മായി പൈസ തന്നിരുന്നു. അതുകൊണ്ട് വാങ്ങിയതാ" "നിന്നോട് ആരാ പൈസ വാങ്ങിക്കാൻ പറഞ്ഞത് "

" ഞാൻ വേണ്ടാ എന്ന് പറഞ്ഞതാ. പക്ഷേ അമ്മായി കേട്ടില്ല" "മ്മ്... " ദത്തൻ ഗൗരവത്തിൽ ഒന്ന് മുളി കൊണ്ട് ചായ ഒന്ന് കുടിച്ചു നോക്കി. വർണ തിണ്ണയിൽ ചമ്രം പടിഞ്ഞ് ഇരുന്ന് ചായ കയ്യിലെടുത്തു. ദത്തൻ ഇടം കണ്ണിട്ട് അവളെ ഒന്ന് നോക്കി. ചായ ഒരു സിപ്പ് എടുത്തതും അവൾ അപ്പോ തന്നെ മുറ്റത്തേക്ക് തുപ്പി. "അയ്യേ ... ഇതെന്താ ഇങ്ങനെ കയക്കുന്നേ " " അത് എന്നോടാണോ ചോദിക്കുന്നേ നീ അല്ലേ ഉണ്ടാക്കിയത് " ദത്തൻ ചിരി കടിച്ചു പിടിച്ച് പറഞ്ഞു. "പക്ഷേ എന്തോ ഒരു കുഴപ്പം . ഇനി ചായ പൊടിയുടെ കുഴപ്പം ആണോ. എയ് അങ്ങനെ വരാൻ സാധ്യതയില്ലാ .കുറച്ച് മുൻപ് കുടിച്ചപ്പോ കുഴപ്പിമില്ലായിരുന്നു. " "നിനക്ക് ശരിക്കും ചായ ഉണ്ടാക്കാൻ അറിയില്ലേ " ദത്തൻ ചോദിച്ചു. "ചായ ഉണ്ടാക്കാൻ അറിയാം പക്ഷേ കട്ടൻ ചായ അറിയില്ല. അവിടെ അമ്മായിടെ വീട്ടിൽ പാൽ ചായ ആണ്. 2ഗ്ലാസ് വെള്ളം, 2 ഗ്ലാസ് പാല്, 8 സ്പൂൺ പഞ്ചസാര, 3 സ്പൂൺ ചായല . അവിടെ നാല് പേർക്കും ഞാനാ ചായ ഉണ്ടാക്കാ ഇവിടെ നമ്മൾ 2 പേരല്ലേ ഉള്ളൂ. അപ്പോ 2 ഗ്ലാസ് വെള്ളം . 4 സ്പൂൺ പഞ്ചസാര, ഒന്നര സ്പൂൺ ചായല"

" ഒന്നര സ്പൂണോ . കട്ടൻ ചായയിൽ ആരെങ്കിലും ഇത്രം ചായല ഇടുമോ. നീയൊക്കെ എത് കോളേജിലാ പഠിക്കുന്നേ കഷ്ടം" "അതിന് കോളേജിൽ ചായ വക്കാനല്ലാ പഠിപ്പിക്കുന്നത് " അത് പറഞ്ഞ് അവൾ ചായ ഗ്ലാസ്സും എടുത്ത് അകത്തേക്ക് പോയി. ദത്തൻ തന്റെ ഗ്ലാസ് അടുക്കളയിൽ വക്കാൻ പോകുമ്പോൾ വർണ അടുക്കളയിലെ പടിയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്നു. "ഡീ " .... "എന്തേ ..." "നിനക്ക് അവർ എത്ര രൂപേയാ തന്നത് " " ആര് .." "നിന്റെ അമ്മായി " " 2000 . എന്തേ " " ഒന്നുല്ല " അത് പറഞ്ഞ് അവൻ പുറത്തേക്ക് പോയി. * അര മണിക്കൂർ കഴിഞ്ഞതും കയ്യിൽ രണ്ടു മൂന്നു കവറുമായി അവൻ തിരികെ വന്നു. അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ ആയിരുന്നു അത്. "ഇനി നീ ആരുടെ കൈയ്യിൽ നിന്നെങ്ങാനും പൈസ വാങ്ങി എന്ന് ഞാൻ അറിഞ്ഞാൽ നിന്റെ കയ്യും കാലും തല്ലിയൊടിച്ച് ഒരു മൂലക്ക് ഇരുത്തും ഞാൻ .ഇനി ആര് നിർബന്ധിച്ചാലും വേണ്ടാ എന്ന് പറയണം .. കേട്ടല്ലോ.."" ദത്തൻ അലറിയതും അവൾ തലയാട്ടി. അവൻ വേഗം തന്നെ വണ്ടിയും എടുത്ത് പുറത്തേക്ക് പോയി.

വർണക്ക് രാത്രിയിലേക്കുള്ള ഫുഡും അതിൽ ഉണ്ടായിരുന്നു. ദത്തനെ കുറേ നേരം കാത്തിരുന്നു എങ്കിലും അവൻ വന്നില്ല. അതുകൊണ്ട് വർണ ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. * " ദത്താ... ദത്താ..." വർണയുടെ വിളി കേട്ടാണ് അവൻ രാവിലെ ഉറക്കം ഉണർന്നത്. കുളിച്ച് തലയിൽ തോർത്ത് കെട്ടി പുഞ്ചിരിയോടെ നിൽക്കുന്ന വർണ . "ചായ" പുഞ്ചിരിയോടെ അവൾ ദത്തന് ഗ്ലാസ് നീട്ടി. "എനിക്കൊന്നും വേണ്ടാ നിന്റെ വാട്ട ചായ " " ഇത് ഇന്നലത്തെ പോലയല്ലടാ നല്ല ചായയാ. ഞാൻ രാവിലെ കേശവേട്ടനോട് ചോദിച്ചിട്ടാ ഉണ്ടാക്കിയത് .നല്ലതാ ഒന്ന് കുടിച്ച് നോക്ക്" അത് പറഞ്ഞ് വർണ ഗ്ലാസ് അവന്റെ ചുണ്ടോട് ചേർത്തു. " നിൽക്ക് ..ഞാൻ ബ്രഷ് ചെയ്തിട്ടില്ല. " അവൻ ചായ ഗ്ലാസ് വാങ്ങി തിണ്ണയിൽ വച്ച് പുറത്തേക്ക് ഇറങ്ങി. " ഓഹ് പിന്നെ പല്ലു തേച്ചാലെ മഹാന് ചായ ഇറങ്ങു. ഞാനൊക്കെ രാവിലെ പല്ലു തേക്കാതെ ചായ കുടിക്കും ലോ "

അവൾ പുറു പിറുത്തു കൊണ്ട് പുഴ കടവിലേക്ക് നടന്നു. തന്റെയും ദത്തന്റെയും ഡ്രസ്സുകൾ അലക്കി അഴയിൽ വിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്ന് നിന്നത്. അവൾ ബാക്കിയുള്ള തുണികൾ കൂടി വിരിച്ച ശേഷം ഉമ്മറത്തേക്ക് നടന്നു. " ദേവാ " ഓട്ടോയിൽ നിന്നും ഇറങ്ങിയ ഒരു സ്ത്രീ ഓടി വന്ന് അവനെ കെട്ടിപിടിച്ചു. "കോകിലെ .. നീയെന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ. കൊച്ചിയിലെ നിങ്ങളുടെ ട്രൂപ്പിന്റെ പ്രോഗ്രാം ഒക്കെ കഴിഞ്ഞോ " "അതെന്താടാ ദേവാ എനിക്ക് പറഞ്ഞിട്ട് വേണോ നിന്റെ വീട്ടിലേക്ക് വരാൻ . കൊച്ചിയിലെ പ്രോഗ്രാം കഴിഞ്ഞു. ഇനി തിരുവനന്തപുരത്തു കൂടി ഉണ്ട്. അടുത്ത മാസം ഉത്സവം അല്ലേ അതു കഴിഞ്ഞിട്ടെ പോവുന്നുള്ളൂ. " "അതെന്തായാലും നന്നായി. ഇപ്രവശ്യവും നിന്റെ ഗാന മേള വേണം. എന്നാലെ ഉത്സവം തകർക്കു " " അതൊക്കെ അവിടെ നിൽക്കട്ടെ നിന്റെ കല്യാണം കഴിഞ്ഞു എന്ന് കേട്ടു. എവിടെ നിന്റെ ഭാര്യ. അവളെ കാണാനും കൂടിയാ ഞാൻ വന്നത് " അത് കേട്ടതും വീടിന്റെ സൈഡിലായി നിന്നിരുന്ന വർണ ഒന്നും അറിയാത്ത പോലെ ഉമ്മറത്തേക്ക് വന്നു.

" ഇത് ഏതാ കൊച്ച്. കെട്ടി ഒരു കൊച്ചുള്ള പെണ്ണിനെയാണോ നീ കെട്ടിയത് ദേവാ " കോകില വർണയെ നോക്കി ചോദിച്ചു. "ഇതാണ് വർണ " " എഹ് ... ഇതാണോ നിന്റെ ഭാര്യ. ഇതിന് എണീറ്റ് നിക്കാൻ പോലും ജീവനില്ലല്ലോ. സ്കൂൾ കുട്ടിയെ ആണോടാ നീ കെട്ടിയത്. ഇതിപ്പോ നിങ്ങൾ രണ്ടു പേരും റോഡിലൂടെ നടന്ന് പോകുമ്പോൾ എട്ടനും അനിയത്തിയേയും പോലെ ഉണ്ടാകും" കോകില കളിയാക്കി പറഞ്ഞതും ഏതോ വലിയ തമാശ കേട്ട പോലെ ദത്തൻ ഉറക്കെ ചിരിച്ചു. വർണ ദേഷ്യത്തിൽ അവർ രണ്ടു പേരെയും ഒന്ന് നോക്കി കൊണ്ട് അകത്തേക്ക് പോയി. "ഈ പെണ്ണും പിള്ളക്ക് ഇവിടെ എന്താ കാര്യം. അവളുടെ ഒരു തമാശ .എനിക്ക് എന്താ ഒരു കുറവ്. കണ്ടാൽ പ്രായം തോന്നിക്കില്ലാ എന്നല്ലേ ഉള്ളു. അത് നല്ലതല്ലേ " അവൾ പിറുപിറുത്തു കൊണ്ട് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. " ഇന്ന് മുതൽ സാധാരണ കഴിക്കുന്ന ഫുഡിന്റെ ഇരട്ടി കഴിക്കണം. എന്നിട്ട് തടി വക്കണം. പിന്നെ ഒരു ഹൈ ഹീൽ ചെരുപ്പും വാങ്ങിക്കണം " അവൾ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കണ്ണാടിയിൽ നോക്കി മനസിൽ ഉറപ്പിച്ചു. *

" എങ്ങനെയുണ്ട് ദത്താ എന്റെ അഭിനയം സൂപ്പർ അല്ലേ " കോകില പതിയെ ചോദിച്ചു. " കുഴപ്പമില്ലാ പക്ഷേ നിന്റെ ദേവൻ വിളി കുറച്ച് ഓവറായിരുന്നു. " " ഇതെങ്ങാനും എന്റെ ജിത്തു എട്ടൻ അറിഞ്ഞാൽ എന്നേ കൊല്ലും " " എയ്.. ഞാൻ അവനോട് പറഞ്ഞോളാം " " ഇവർ വന്നിട്ട് കുറെ നേരം ആയിലോ . ഇനി ഇവിടെ സ്ഥിരം താമസമാക്കാനാണോ പരിപാടി " വർണ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു. ദത്തനും കോകിലും തിണ്ണയിൽ അടുത്തടുത്ത് ഇരുന്ന് കാര്യമായ എന്തോ സംസാരത്തിലാണ്. ഇടക്ക് ചിരിക്കുകയും ചെയ്യുന്നുണ്ട്. " ഇവർ എന്താ പോവാത്തെ. എനിക്കാണെങ്കിൽ ഇറങ്ങാൻ സമയമായി. ഇതിനെ ഇവിടെ ഒറ്റക്കാക്കി പോകാനും തോന്നുന്നില്ല. " അവൾ രണ്ടും കൽപ്പിച്ച് പുറത്തേക്ക് വന്നു. "ദത്തൻ ഒന്ന് അകത്തോട്ട് വാ" അവൾ ഗൗരവത്തിൽ പറഞ്ഞു. "എന്താ കാര്യം "

" പറയാം നീ വാ " അത് പറഞ്ഞ് വർണ അകത്തേക്ക് പോയി പിന്നാലെ ദത്തനും . "എന്താ കാര്യം. വേഗം പറ .എനിക്ക് കുറച്ച് തിരക്കുണ്ട് " " ആ പെണ്ണുപിള്ളയോട് എന്നേ വെറുതെ ചൊറിയാൻ വരണ്ടാ എന്ന് പറഞ്ഞേക്ക് . എനിക്ക് ആവശ്യത്തിനുള്ള തടിയും , ഹൈറ്റും ഉണ്ട്. ഞങ്ങൾ ന്യൂ ജനറേഷൻ അല്ലെങ്കിലും കണ്ടാൽ പ്രായം തോന്നിക്കില്ല. പിന്നെ xiao qi, situ mo ഒക്കെ ഷോട്ട് ആണല്ലോ. പക്ഷേ നല്ല ക്യൂട്ട് അല്ലേ " " അതിന് അതൊക്കെ ആരാ " ദത്തൻ അന്തം വിട്ട് ചോദിച്ചു. "നിനക്ക് xiao qi, situ mo അറിയില്ലാ. ഇവർ ഒക്കെ കൊറിയൻ ഡ്രാമ ആക്ട്രസ് ആണ് . My girlfriend is an alien ലെ നായികയാണ് xiao qi. Put Your Head on My Shoulder ലെ നായികയാണ് situ mo. ഇതൊന്നും അറിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ സാധനം ഇങ്ങനെ കൈയ്യിൽ പിടിച്ചു കൊണ്ട് നടക്കുന്നേ " ഫോണിൽ തൊട്ട് കൊണ്ട് വർണ പറഞ്ഞു. " ഇത് പറയാനാണോ നീ എന്നെ ഇവിടേക്ക് വിളിപ്പിച്ചത് " " അല്ലാ ...ഞാൻ പോവാ കോളേജിലേക്ക് . ഞാൻ വരുന്ന വരെ നല്ല കുട്ടിയായി ഇരിക്കണേ" അത് പറഞ്ഞ് വർണ അവനെ കെട്ടി പിടിച്ചു.

"ആ സാധനത്തിനോട് വേഗം പോകാൻ പറഞ്ഞേക്ക് " അത് പറഞ്ഞ് ബാഗും എടുത്ത് വർണ പുറത്തേക്ക് പോയി. ഇറങ്ങാൻ നേരം കോകിലയെ ഒന്ന് നോക്കി പേടിപ്പിക്കാനും അവൾ മറന്നില്ലാ " എന്തിനാടാ ആ കൊച്ചിനെ ഇങ്ങനെ വട്ടു പിടിപ്പിക്കുന്നേ. കാണുമ്പോ തന്നെ അറിയാം ഒരു പാവമാണെന്ന് " തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്ന വർണയെ കണ്ട് കോകില പറഞ്ഞു. "പാവം ..അതും അവള് .അവളെ വച്ച് നോക്കുമ്പോൾ ഞാനാണ് പാവം .അവളുടെ തനി സ്വഭാവം നിനക്ക് അറിയാഞ്ഞിട്ടാ " "പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് അവളെ ഇവിടെ നിർത്തുന്നേ " " അത് പിന്നെ അവൾക്ക് പോകാൻ വേറെ ഒരു ഇടം ഇല്ലാത്തതു കൊണ്ടാ " " എന്നാ നിനക്ക് അവളെ ഹോസ്റ്റലിൽ ആക്കാമായിരുന്നില്ലേ " " അപ്പോ എനിക്ക് അങ്ങനെയൊന്നും തോന്നിയില്ല. " " സത്യം പറ ദത്താ നിനക്ക് അവളെ ഇഷ്ടമാണോ " " അല്ല .." " എന്നാ ഇനി ഇഷ്ടപ്പെട്ടു കൂടെ" " പറ്റില്ല. എന്റെ എല്ലാ കാര്യവും അറിയുന്ന നീ തന്നെ ഇത് പറയണം കോകില . " "പഴയ കാര്യങ്ങൾ നിനക്ക് മറന്നു കൂടെ ദത്താ" "പഴയത് മറന്നാൽ പിന്നെ ഈ ദത്തൻ ഇല്ല.

വർണ ഇവിടെ നിന്നോട്ടെ. അതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല . അവൾ ഇവിടെ ഉള്ള കാലത്തോളം അവളുടെ കാര്യങ്ങൾ ഞാൻ നോക്കും. " പിന്നെ കോകില അതിനെ കുറിച്ച് ഒന്ന് പറയാൻ നിന്നില്ലാ. ** " ആ കോകില കാരണം എന്റെ സമയവും പോയി. " അവൾ വേഗത്തിൽ മുന്നോട്ട് നടന്നു. അനുവിന്റെ വീടിനു മുന്നിൽ വേണിയും അനുവും കാത്തു നിൽക്കുന്നുണ്ടായിരുന്നു. വർണയുടെ മുഖം കണ്ട് എന്താ കാര്യം എന്ന് അവർ ഇരുവരും അന്വോഷിച്ചു എങ്കിലും അവൾ ഒന്നുമില്ലാ എന്ന് പറഞ്ഞു. അവർ മൂന്നു പേരും ബസ്റ്റോപ്പിലെത്തി ബസ് കാത്തു നിൽക്കുമ്പോഴാണ് ബുള്ളറ്റിൽ പോകുന്ന ദത്തനെ കണ്ടത് അവന് പിന്നിൽ അവന്റെ തോളിൽ കൈ വച്ച് കോകിലയും ഇരിക്കുന്നുണ്ട്. " അപ്പോ അതാണ് കാര്യം...എന്താ ഉണ്ടായത് എന്ന് പറ വർണ മോളേ" വേണി അവർ പോകുന്നത് നോക്കി ചോദിച്ചു. വർണ നടന്ന കാര്യങ്ങൾ എല്ലാം അനുവിനോടും വേണിയൊടും തുറന്നു പറഞ്ഞു. "ഇതാണോ കാര്യം. നീ വിഷമിക്കാതെ എന്റെ വർണേ . കോകിലയെ നമ്മുക്ക് ഒതുക്കാം " അനു പറഞ്ഞു.

പിന്നെ ഓരോ ചളിയും തമാശയും പറഞ്ഞ് അനുവും വേണിയും അവളുടെ മൂഡോഫ് മാറ്റി. ** " ദത്താ നല്ല മഴ വരുന്നുണ്ട്. വിട്ടിലേക്ക് പോകാം " വൈകുന്നേരം കലുങ്കിൽ ഇരിക്കുമ്പോൾ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. "അതേടാ ..നല്ല മഴ വരുന്നുണ്ട്. വേഗം വീട്ടിലെത്താൻ നോക്കാം " " നിങ്ങൾ വിട്ടോടാ. ഞാൻ കുറച്ചു കഴിഞ്ഞേ വരുന്നുള്ളു " അത് കേട്ടതും ബാക്കി എല്ലാവരും പോയി. മഴ ചെറുതായി പെയ്യാൻ തുടങ്ങിയതും ദത്തൻ ചായ കടയിലേക്ക് കയറി നിന്നു. വർണ വരുന്ന ബസ് വന്നിട്ടും അതിൽ അവൾ ഉണ്ടായിരുന്നില്ല. "ഇവൾ ഇത് എവിടെ പോയി. ബസ് വന്നല്ലോ. സാധാരണ ഈ ബസിൽ വരേണ്ടതാണല്ലോ. ഇനി രാവിലത്തെ ദേഷ്യത്തിൽ പിണങ്ങി എവിടെയെങ്കിലും ഇരിക്കുന്നതാണോ " അവൻ ഓരോന്ന് ആലോചിച്ച് ബസ്റ്റോപിലേക്ക് നോക്കി ഇരുന്നു. " അടുത്ത ബസ് ഇന്ന് വരില്ല. അത് പഞ്ചറായിട്ട് റോഡിൽ കിടക്കുകയാണ്.

ഇനി അഞ്ചരയുടെ ബസ് ആണ് ഉള്ളത് " ചായ കടയിൽ ഇരുന്ന് ആരോ പറയുന്നത് കേട്ടതും ദത്തൻ നേരെ പുറത്തേക്ക് ഇറങ്ങി. വണ്ടിയെടുത്ത് മുന്നോട്ട് ചീറി പാഞ്ഞു. * "എന്താടി അടുത്ത ബസ് കാണാനില്ലലോ " അനു പറഞ്ഞു. "ഇനി ചിലപ്പോ മഴക്കാരണം ആ ബസ് പോയി കാണും " " നമ്മുക്ക് ഒരു ഓട്ടോ വിളിച്ച് പോയാലോ "വേണി " ഓട്ടോ സ്റ്റാന്റിലേക്ക് ഇവിടുന്ന് ദൂരം ഉണ്ട്. ഈ ഒരു കുടയിൽ നമ്മൾ മൂന്നും അവിടെ എത്തുമ്പോഴേക്കും ആകെ നനയും " " അടുത്ത ബസ് വരട്ടെ .വീട്ടിൽ പോയിട്ട് മല മറക്കുന്ന പണിയൊന്നും ഇല്ലല്ലോ " അവൾ മൂന്നു പേരും ചളിയും പറഞ്ഞ് മഴ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ചും നിന്നു. ദത്തൻ നേരെ പോയത് വർണയുടെ കോളേജിലേക്കാണ്. കോളേജ് ഗേറ്റ് പൂട്ടിയിട്ടുണ്ട്. കോളേജിന് മുന്നിൽ ഉള്ള ബസ്റ്റോപ്പിൽ കുറച്ച് കുട്ടികൾ നിൽക്കുന്നുണ്ട് പക്ഷേ അതിൽ വർണ ഇല്ല. ദത്തൻ വണ്ടി തിരിച്ചു. വരുന്ന വഴിയിൽ എല്ലാം വർണയെ തിരഞ്ഞു കൊണ്ടിരുന്നു. "ഈ പെണ്ണ് ഇത് എവിടെ പോയി ഈശ്വരാ . വിളിക്കാൻ ഒരു ഫോൺ പോലും ഇല്ലല്ലോ "

ദത്തൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി. "എടീ വർണേ അത് നിന്റെ കെട്ട്യോൻ അല്ലേടി " റോഡിലേക്ക് നോക്കി വേണി പറഞ്ഞു. "അതെ ഇവൻ എന്താ ഈ മഴയത്ത് ഇവിടെ " " ചിലപ്പോ നിന്നെ അന്വേഷിച്ച് വന്നതായിരിക്കും " അനു . "പിന്നെ .. അവൻ എന്നേ അന്വേഷിച്ച് വരുകയോ . നടക്കുന്നത് വല്ലതും പറയ് " " നീ എന്തായാലും ഒന്ന് പോയി ചോദിക്കടി. " അനു അവളെ തള്ളി കൊണ്ട് പറഞ്ഞു. വർണ അനുവിന്റെ കൈയ്യിലെ കുടയും വാങ്ങി റോഡിലേക്ക് ഇറങ്ങി. റോഡിന്റെ അപ്പുറത്താണ് ദത്തൻ നിൽക്കുന്നത്. അവൾ റോഡ് ക്രോസ് ചെയ്ത് അപ്പുറം കടന്നു. "നീ ആരുടെ അമ്മയെ കെട്ടിക്കാൻ പോയതാടി ഈ മഴയത്ത്. സമയം എത്രയായി എന്നാ വിചാരം " ദത്തൻ അവളെ കണ്ടതും അലറി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story