എൻ കാതലെ: ഭാഗം 9

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നീ ആരുടെ അമ്മയെ കെട്ടിക്കാൻ പോയതാടി ഈ മഴയത്ത്. സമയം എത്രയായി എന്നാ വിചാരം " ദത്തൻ അവളെ കണ്ടതും അലറി. "അത് ..അത് മഴയത്ത് കുട ഉണ്ടായിരുന്നില്ല. ഉള്ള ഒരു കുടയിൽ ഞങ്ങൾ മൂന്നു പേരും കൂടി വന്നപ്പോഴേക്കും ബസ് പോയി. മറ്റേ ബസ് കാണാനും ഇല്ല. " " ആ ബസ് ഇന്നില്ല. നിന്റെ കൂടെ ഉള്ളവർ എവിടേ " " ദാ " അവൾ അപ്പുറത്തെ ബസ്റ്റോപ്പിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. "വാ . " അത് പറഞ്ഞ് ദത്തൻ ബുള്ളറ്റ് അങ്ങോട്ട് തിരിച്ചു. പിന്നിൽ വർണ നടന്നും വന്നു. " ബസ് ഇന്നില്ലാ. അടുത്ത ബസ് വരുമ്പോഴേക്കും നേരം വൈകും.നിങ്ങൾക്ക് ഞാൻ ഒരു ഓട്ടോ പിടിച്ച് തരട്ടെ " ദത്തൻ അവരോട് ചോദിച്ചു. " അത് ചേട്ടന് ബുദ്ധിമുട്ടാവില്ലേ. ഞങ്ങൾ അടുത്ത ബസിന് വരാം " ഇത്രയും നേരം ദത്തൻ എന്ന് പറഞ്ഞ് നടന്നിരുന്ന വേണി പെട്ടെന്ന് അത് ചേട്ടൻ എന്ന് ആക്കിയത് കേട്ട് വർണ അന്തം വിട്ടു. " അത് സാരമില്ലാ. സമയത്ത് കണ്ടില്ലെങ്കിൽ വീട്ടിൽ ഉള്ളവർ പേടിക്കും. ഞാൻ പോയി ഒരു ഓട്ടോ വിളിച്ചിട്ട് വരാം "

" ഇനി ദത്തേട്ടൻ ഓട്ടോ പോയി വിളിച്ച് ഓട്ടോ വന്ന് വീട്ടിൽ എത്തുമ്പോൾ നേരം ഒരുപാട് ആവില്ലേ. ഞങ്ങൾ ചേട്ടന്റെ വണ്ടിയിൽ വന്നോട്ടേ " അനു ചോദിച്ചു. "എന്റെ ഒപ്പം വന്നാ നിങ്ങൾ ആകെ മഴ നനയും " " അത് സാരില്ല്യാ. ഞങ്ങൾക്ക് മഴ നനഞ്ഞ് പോകാൻ ഇഷ്ടമാ " അനു പറയുന്നത് കേട്ട് ദത്തൻ ചിരിച്ചു. "ഇയാൾക്ക് ഇങ്ങനെ ചിരിക്കാൻ ഒക്കെ അറിയുമോ. ഇത് ഞാൻ ആണ് ചോദിച്ചതെങ്കിൽ ചീത്ത പറഞ്ഞ് എന്റെ ചെവി പൊട്ടിച്ചേനേ. അവൾ പറഞ്ഞാൽ ചിരിക്കുന്നു. അല്ലെങ്കിലും മുറ്റത്തെ ജാസ്മിൻന് സ്മെൽ ഇല്ലാലോ " (വർണ ആത്മാ) " എന്നാ കയറിക്കോ " ദത്തൻ ചിരിയോടെ പറഞ്ഞു. "നമ്മുക്ക് മഴ നനഞ് പോവേണ്ട വല്ല ആവശ്യവും ഉണ്ടോ . ഓട്ടോയിൽ പോയാ പോരെ " വർണ ചോദിച്ചു. "നിനക്ക് എന്താ പെണ്ണേ . നാട്ടിൽ ഓരോ പെൺ പിള്ളേർ ദത്തന്റെ വണ്ടിയിൽ ഒന്ന് തൊടാൻ കൊതിച്ച് നടക്കാ. അപ്പോ അതിൽ കയറാൻ ഒരു അവസരം കിട്ടുമ്പോ കളയണോ. നീ വരുന്നില്ലെങ്കിൽ വരണ്ട. കുടയുണ്ടല്ലോ. അതും പിടിച്ച് നടന്ന് വന്നോ "വേണി . "അയ്യടി മനമേ... അങ്ങനെ നിങ്ങൾ മാത്രം വണ്ടിയിൽ കയറി സുഖിക്കണ്ട. " അത് പറഞ്ഞ് കുട മടക്കി വർണ ദത്തന്റെ വണ്ടിയിൽ കയറി. അവൾക്കു പിന്നിൽ അനുവും വേണിയും കയറിയതും ദത്തൻ വണ്ടി മുന്നോട്ട് എടുത്ത്.

"ദത്തേട്ടാ നല്ല സ്പീഡിൽ പോവണേ .പിന്നെ ആ കവലയിൽ എത്തുമ്പോൾ ഒന്ന് സ്പീഡ് കുറച്ചേക്ക് . എല്ലാവരും ഒന്ന് കാണട്ടെ" അനു പറഞ്ഞതും ദത്തൻ ചിരിച്ചു കൊണ്ട് തലയാട്ടി. "ഡീ നീ ഇത്ര മുറുക്കെ പിടിക്കണ്ട കാര്യം ഒന്നും ഇല്ല. നീ നടുവിൽ അല്ലേ ഇരിക്കുന്നേ .അപ്പോ താഴെ വീഴില്ല. " വേണി പതിയെ പറഞ്ഞപ്പോഴാണ് താൻ ദത്തനെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചാണ് ഇരിക്കുന്നത് എന്ന് വർണയും ഓർത്തത്.. " അത് സാരില്ല്യാ. അങ്ങേര് സഹിച്ചോളും . വർഷത്തിലൊരിക്കലേ ഇങ്ങനെ ഒരു ചാൻസ് കിട്ടു. അത് ഞാൻ മുതലെടുക്കും. വർണ എന്നാ സുമ്മാവാ " അവൾ ദത്തന്റെ പുറത്ത് തല ചായ്ച്ച് വച്ചു. " ഇവൻ എത് പെർഫ്യൂമാ യൂസ് ചെയ്യുന്നത്. എന്ത് നല്ല മണമാ " അവൾ മനസിൽ ഓർത്തു. പകുതി ദൂരം എത്തിയപ്പോഴേക്കും അവർ മുഴുവനായി നനഞ്ഞിരുന്നു. കവലയിൽ ഉള്ള ആളുകൾ എല്ലാവരും അത്ഭുതത്തോടെ അവരെ നോക്കുയാണ്.

അത് കണ്ട് അനുവും വേണിയും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒരു ലോഡ് പുഛം മുഖത്ത് വാരി വിതറി. വർണയും ഒട്ടും മോശം വരുത്തിയില്ലാ. മുന്നിന്റെയും ഇരുപ്പ് കണ്ടാൽ ആന പുറത്ത് വരുന്ന എക്സ്പ്രഷൻ ആണ് മുഖത്ത്. അനുവിനേയും വേണിയേയും വീട്ടിൽ ആക്കിയ ശേഷം അവർ വീട്ടിൽ എത്തി. ദത്തൻ വേഗം അകത്തു പോയി ഡ്രസ്സ് മാറ്റി. വർണ തോർത്ത് കൊണ്ട് തല തോർത്തി മുടി കെട്ടി വച്ചു. ബാഗ് നനഞ്ഞിട്ടുണ്ട്. പക്ഷേ ബുക്കുകൾ നനഞ്ഞിട്ടില്ല. ബാഗിലെ സാധനങ്ങൾ എല്ലാം പുറത്ത് വച്ച് ബാഗ് ഉണങ്ങാനായി വച്ചു. അപ്പോഴേക്കും ദത്തൻ ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നിരുന്നു. "നീയെന്ത ഇത്ര നേരം ആയിട്ടും ഡ്രസ്സ് മാറ്റില്ലേ " " ഇല്ലാ എന്തായാലും നനഞ്ഞു. അപ്പോ മഴ ഒന്ന് കുറഞ്ഞിട്ട് കുളിച്ചിട്ട് ഡ്രസ്സ് മാറ്റാം എന്ന് കരുതി. " " മര്യാദക്ക് അകത്ത് പോയി നനഞ്ഞ ഡ്രസ്സ് മാറ്റടി . അവള് നാട്ടുക്കാർക്ക് ഫ്രീ ഷോ കാണിക്കാൻ നിൽക്കാ " " ഈ കാലനെ കൊണ്ട് ഞാൻ തോറ്റു" അവൾ വേഗം അകത്തേക്ക് ഓടി. പോയി ഡ്രസ്സ് മാറ്റി. പുറത്തു നിന്നുള്ള സംസാരം കേട്ട് വർണ ജനലിലൂടെ നോക്കുമ്പോൾ മുറ്റത്ത് അമ്മായി നിൽക്കുന്നു. "അമ്മായി.." അവൾ ഓടി ചെന്ന് അവരെ കെട്ടി പിടിച്ചു. " മോളേ" .... "ആമി ചേച്ചി വന്നില്ലേ "

" ഇല്ല. ഞാൻ ഇവിടെ സരിതടെ വീട്ടിൽ കുറി പൈസ അടക്കാൻ വന്നതാ .അങ്ങോട്ട് പോകുമ്പോൾ ഇവിടെ ആരെയും കണ്ടില്ല. വീട് പൂട്ടി ഇട്ടിരിക്കുന്നു. അതാ തിരിച്ച് വരുമ്പോൾ കയറിയത്. "അമ്മായി വാ " അവൾ അവരെയും വിളിച്ച് അകത്തേക്ക് കയറി. ദത്തൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവർ തിരിച്ചും . "അമ്മായി ഇരിക്ക് .ഞാൻ ചായ എടുക്കാം " അത് പറഞ്ഞ് വർണ അകത്തേക്ക് പോയി. "മോന് സുഖമല്ലേ. ഇന്നലെ വീട്ടിൽ വന്നപ്പോൾ ഒന്നും ചോദിക്കാൻ പറ്റീല്ല " അവർ തിണ്ണയിലിരുന്ന് കൊണ്ട് ചോദിച്ചു. " അത് പിന്നെ ഇന്നലെ കുറച്ച് തിരക്ക് ഉണ്ടായിരുന്നു. അതാ പെട്ടെന്ന് ഇറങ്ങിയത് അഭിജിത്ത് നാട്ടിൽ വരാറില്ലേ " ദത്തൻ അത് ചോദിച്ചതും അവരുടെ മുഖം ഒന്ന് മങ്ങി. "വർണയുടെ കല്യാണം കഴിഞ്ഞ് പിറ്റേന്ന് പോയതാ . പിന്നെ വന്നിട്ടില്ല. ചിലപ്പോ ഇനി ഉത്സവത്തിനു വരും." "അമ്മായി ചായ റെഡി " അവൾ രണ്ടു കൈയ്യിലും ഓരോ ചായ ഗ്ലാസ് കൊണ്ടു വന്നു ഒന്ന് ദത്തനും ഒന്ന് അമ്മായിക്കും കൊടുത്തു. "നീ ചോറും കറിയും ഒക്കെ വക്കാൻ പഠിച്ചോ "

" കുറച്ചൊക്കെ പഠിച്ച് വരുന്നു. എന്റെ ചെടികൾ ഒക്കെ എന്ത് പറയുന്നു. എന്നും നനക്കുന്നുണ്ടല്ലോലേ ." "നനക്കുന്ന കാര്യമൊക്കെ കണക്കാ .ഞാൻ വൈകുന്നേരം വരുമ്പോഴേക്കും ഒരു നേരമാവും. പിന്നെ ഉള്ളത് ആമിയാണ് അവൾ വല്ലപ്പോഴും നനച്ചാൽ ആയി. ഒന്ന് രണ്ടെണ്ണം ഒക്കെ ഉണങ്ങി പോയി " "പാവം . എന്നേ കാണാതെ ആയിരിക്കും " " അടുത്ത മാസം അമ്മായി വരുമ്പോൾ ഇങ്ങോടേക്ക് കൊണ്ടു വരാം. ചെടികൾ ഒക്കെ നോക്കാൻ അവിടെ ആർക്കാ നേരം " " വേണ്ടാ. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഞാൻ അത് വഴി വരാം" കുറച്ച് നേരം അവർ ഓരോന്ന് സംസാരിച്ച് ഇരുന്നു. ദത്തൻ തന്റെ ഫോണിലും നോക്കി ഇരുന്നു. " എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ .ഇപ്പോ മഴ ഒന്ന് നിന്നിട്ടുണ്ട് .ഇനിയും വൈകിയാൽ വീടെത്താൻ ഇരുട്ടാവും " അവർ ദത്തനെ നോക്കി പറഞ്ഞു. " എ..ന്നാ . ശ.. രി " ദത്തന് മറുപടി പോലും പറയാൻ കഴിയാതെ തുമ്മാൻ തുടങ്ങി. "എന്താ മോനേ വയ്യേ " അമ്മായി ആവലാതിയോടെ ചോദിച്ചു "എയ് കുഴപ്പമില്ല .ചെറുതായി മഴ നനഞ്ഞു അതാ "

" നന്നായി ഒന്ന് ആവി പിടിച്ചിൽ മതി. അല്ലാ നീ മഴയൊന്നും കൊണ്ടില്ലാലോ. മുറ്റത്ത് മഴ പെയ്താൽ മതി അപ്പോഴേക്കും ഇവൾക്ക് പനി വരും. മഴക്കാലം തുടങ്ങിയാൽ ഞാൻ വീടിനു പുറത്തു പോലും ഇറങ്ങാൻ സമ്മതിക്കില്ല " " ഇല്ലാ ..ഞാൻ മഴയൊന്നും നനഞ്ഞില്ല. " അത് പറഞ്ഞ് കഴിഞ്ഞതും വർണയും തുമ്മാൻ തുടങ്ങി. " ഞാൻ പറഞ്ഞില്ലേ .മഴ കണ്ടാ മതി അപ്പോഴേക്കും പെണ്ണിന് വയ്യാതെ ആവും . വാ ഞാൻ എന്തായാലും ആവി പിടിക്കാൻ വെള്ളം ചൂടാക്കി തരാം " അത് പറഞ്ഞ് അമ്മായി അവളെ വിളിച്ച് അടുക്കളയിലേക്ക് നടന്നു. അമ്മായി ഒരു പാത്രത്തിൽ വെള്ളം പിടിച്ച് അടുപ്പത്ത് വച്ചു. അതെല്ലാം നോക്കി വർണ സ്ലാമ്പിനു മുകളിൽ ഇരുന്നു. "മോൾക്ക് ഞാൻ 2000 രൂപ തന്നത് നീ ദത്തനോട് പറഞ്ഞോ " "മ്മ് പറഞ്ഞു. " " അപ്പോ അവൻ ഇന്നലെ വെറുതെ വന്നതല്ലാലേ . എനിക്കും തോന്നി " "എന്താ അമ്മായി "

" അവൻ നിന്നോട് ഒന്നും പറഞ്ഞില്ലേ " " ഇല്ല " " ഇന്നലെ സന്ധ്യ നേരത്ത് അവൻ വീട്ടിൽ വന്നിരുന്നു. കുറച്ച് സാധനങ്ങളും പച്ചക്കറിയും ഒക്കെ ആയിട്ടാ വന്നത്. അത് കണ്ടിട്ട് ഞാനും ഒന്ന് ഞെട്ടി. ഇവിടേക്ക് സാധനങ്ങൾ വാങ്ങിച്ചപ്പോൾ കൂട്ടത്തിൽ വീട്ടിലേക്ക് കൂടി വാങ്ങിയതാ എന്നാ പറഞ്ഞത്. ഇറങ്ങാൻ നേരം 2000 രൂപ എനിക്ക് തരുകയും ചെയ്തു. " " ഞാൻ ഇന്നലെയാ അമ്മായി പൈസ തന്ന കാര്യം ദത്തനോട് പറഞ്ഞത് എന്നേ കുറേ ചീത്ത പറഞ്ഞു. " " അത് സാരില്ല. അവൻ പാവമാ തോന്നുന്നു. എന്റെ കുട്ടിക്ക് ഇവിടെ സുഖമാണോ " "അതെ അമ്മായി ..ദേ .. വെള്ളം തിളച്ചു " അവൾ അടുപ്പിലേക്ക് നോക്കി പറഞ്ഞു. " ഞാൻ മോളേ കാണാൻ മാത്രമല്ല ഒരു സാധനം തരാൻ കൂടിയാണ് വന്നത് " അത് പറഞ്ഞ് അമ്മായി പേഴ്സിൽ നിന്നും ഒരു കുഞ്ഞു ചെയിൻ പുറത്തെടുത്തു. " ഇത് എന്താ അമ്മായി " " ഒരു സ്വർണ ചെയിൻ ആണ് . ലോൺ അടച്ചപ്പോൾ ബാക്കി വന്ന പൈസ കൊണ്ട് എടുത്തതാ .ന്റെ കുട്ടിക്ക് സ്വർണം ആയിട്ട് ഒന്നും തരാൻ പറ്റില്ലാ ലോ "

" അതൊന്നും വേണ്ട. ഈ പൈസ ഇല്ലാത്ത സമയത്ത് എന്തിനാ ആവശ്യം ഇല്ലാതെ ഇതൊക്കെ വാങ്ങിയത് " " ഇത് അമ്മായിടെ സന്തോഷത്തിനാ" അത് പറഞ്ഞ് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. "ദത്തൻ " അവൾ അമ്മായിയെ തടഞ്ഞു കൊണ്ട് പേടിയോടെ പറഞ്ഞു. "അവനോട് ഞാൻ പറഞ്ഞോളാം എന്റെ കുട്ടിക്ക് ഞാൻ ഒരു മാല വാങ്ങിച്ചതിന് അവൻ എന്നേ ചീത്ത പറയുമോ എന്ന് എനിക്ക് ഒന്നറിയണം " അമ്മായി ചിരിയോടെ അടുപ്പത്ത് നിന്നും വെള്ളം ഇറക്കി. അതുമായി ഉമ്മറത്തേക്ക് നടന്നു. പിന്നാലെ വർണയും " ദത്താ... . ദാ വെള്ളം.. ആവി പിടിക്ക് . തുമ്മലും ജലദോഷവും മാറും .എന്നാ ഞാൻ ഇറങ്ങാ ട്ടോ പിന്നെ ഞാൻ ഇവൾക്ക് ഒരു മാല കൊടുത്തിട്ടുണ്ട്. ഇനി അതിന് ഇവളെ വഴക്ക് പറയണ്ട. എന്റെ മോളായതിന് ശേഷം ആണ് ഇവൾ നിന്റെ ഭാര്യ ആയത്. അപ്പോ ഇവളിൽ എനിക്കും അവകാശങ്ങൾ ഉണ്ട് . "അമ്മായി ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി. മഴ മുഴുവൻ പോയി. അവൾ അമ്മായിയെ യാത്രയാക്കാൻ പടി വരെ ചെന്നു. അവർ പോകുന്നത് നോക്കി കുറച്ച് നേരം ദത്തൻ ഉമ്മറത്ത് ഇരുന്നു. ശേഷം അകത്ത് പോയി ഒരു പുതപ്പ് എടുത്ത് കൊണ്ട് വന്ന് നിലത്തിരുന്ന് ആവി പിടിക്കാൻ തുടങ്ങി. " ദത്താ...."

അവൾ പുതപ്പിനുള്ളിലൂടെ ഉള്ളിലേക്ക് തലയിട്ടു കൊണ്ട് വിളിച്ചു. "എന്താടീ " " ഞാനും ഉണ്ട് ആവി പിടിക്കാൻ എനിക്കും ജലദോഷമാ " അവൾ ചിരിയോടെ പറഞ്ഞ് പുതപ്പിന്റെ ഉള്ളിലേക്ക് കയറി. "നീ ഇന്നലെ ആമി ചേച്ചിടെ വീട്ടിൽ പോയിരുന്നു ലെ. അമ്മായി പറഞ്ഞു. " " നീ എന്തിനാ ഞാൻ വഴക്ക് പറഞ്ഞതൊക്കെ അവരോട് പറഞ്ഞത് " " ഞാൻ പറഞ്ഞതല്ലാ ദത്താ .അമ്മായി പറയിപ്പിച്ചതാ " അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു. *** " ഇവളിത് എവിടെ പോയി. സമയം പത്തു മണി കഴിഞ്ഞല്ലോ. അല്ലെങ്കിൽ ഒരായിരം വട്ടം ദത്താ . ദത്താ...എന്ന് പിന്നാലെ വിളിച്ച് നടക്കും " കുറേ നേരം ആയിട്ടും വർണയെ പുറത്ത് കാണാതെ ആയപ്പോൾ ദത്തൻ മുറിയിലേക്ക് വന്നു. "ഡീ .. എണീക്ക് " പുതച്ച് മൂടി ഉറങ്ങുന്ന വർണയെ അവൻ തട്ടി വിളിച്ചു. "ഡി കളിക്കാതെ എണീക്ക്.. എനിക്ക് ദേഷ്യം വരുന്നുണ്ട് " പക്ഷേ വർണ എണീക്കുന്നില്ല. "വർണ .. വർണാ കണ്ണ് തുറക്ക് "

അവൾ അവളുടെ മുഖത്ത് തട്ടി വിളിച്ചതും പൊള്ളുന്ന പനി " മുറ്റത്ത് മഴ പെയ്താൽ മതി അപ്പോഴേക്കും ഇവൾക്ക് പനി വരും. മഴക്കാലം തുടങ്ങിയാൽ ഞാൻ വീടിനു പുറത്തു പോലും ഇറങ്ങാൻ സമ്മതിക്കില്ല " അമ്മായിയുടെ വാക്കുകൾ അവന് ഓർമ വന്നു. "കുഞ്ഞേ കണ്ണു തുറക്കടി.. ഞാനാ വിളിക്കുന്നേ..." അവൻ ഒരുപാട് തവണ വിളിച്ചെങ്കിലും വർണ കണ്ണു തുറന്നില്ല. അവൾ വേഗം തന്റെ കൂട്ടുക്കാരനെ വിളിച്ച് ഓട്ടോയുമായി വരാൻ പറഞ്ഞു. അവൻ അവളെ താങ്ങിയെടുത്ത് പുറത്തേക്ക് ഓടി. കുറച്ച് കഴിഞ്ഞതും കൂട്ടുക്കാരൻ ഓട്ടോയുമായി വന്നു. "വേഗം ഹോസ്പിറ്റലിലേക്ക് വിട് " അവൻ വർണയെ തന്റെ മടിയിലേക്ക് കടത്തി കൊണ്ട് പറഞ്ഞു. വണ്ടി വേഗം മുന്നോട്ട് എടുത്തു. "എടാ ഈ കൊച്ചിന് ബോധം ഇല്ലല്ലോ. നീ അതിനെ വല്ലതും ചെയ്തോ " വണ്ടി ഓടിക്കുന്നവൻ പേടിയോടെ ചോദിച്ചു. " അനാവശ്യം പറയാതെടാ ഊളേ .അവൾ പനി കൂടി ബോധം പോയതാ . കിടന്ന് ചിലക്കാതെ വേഗം വണ്ടി ഓടിക്കാൻ നോക്ക്" വേഗം തന്നെ അവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി. **

വർണ കണ്ണു തുറന്ന് നോക്കുമ്പോൾ മുകളിൽ കറങ്ങുന്ന ഫാൻ ആണ് കാണുന്നത്. താൻ ഹോസ്പിറ്റലിലാണ് എന്ന് അവൾക്ക് മനസിലായി. ബെഡിൽ നിന്നും എഴുന്നേറ്റ് ഇരിക്കാൻ നോക്കിയതും ഇടതു കൈയ്യിൽ എന്തോ കുത്തി കയറുന്ന വേദന തോന്നി. നോക്കുമ്പോൾ ഡ്രിപ്പ് ഇട്ടിരിക്കുകയാണ്. "ആഹ്. എഴുന്നേറ്റോ " ഒരു നേഴ്സ് അകത്തേക്ക് വന്നു കൊണ്ട് ചോദിച്ചതും വർണ ഒന്ന് പുഞ്ചിരിച്ചു. "പനിയൊക്കെ കുറഞ്ഞല്ലോ. ഇവിടെ വരുമ്പോൾ കുട്ടിക്ക് ബോധം ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഇവിടെ നടന്ന ബഹളങ്ങൾ ഒന്നും അറിഞ്ഞില്ലാ അല്ലേ " നഴ്സ് അവളുടെ കൈയ്യിലെ ഡ്രിപ്പിന്റെ നീഡിൽ വലിച്ചുരിയതും അവൾ ഒന്ന് പിടഞ്ഞു. "പേടിക്കണ്ട . ഡ്രിപ്പ് കഴിഞ്ഞു. നാളെ രാവിലെ ഡോക്ടർ വന്നാൽ ഡിസ്സ്റ്റാർജ് ആവാം. തന്റെ ഭർത്താവ് ഇവിടെ എന്തോരു ബഹളം ആയിരുന്നു. ഡോക്ടറെ പിടിച്ച് അടിച്ചില്ലന്നെ ഉള്ളൂ. അവസാനം ആരൊക്കെയോ സമാധാനിപ്പിച്ച് പുറത്ത് കൊണ്ടുപോയി ഇരുത്തി.

തനിക്ക് ഡ്രിപ്പ് ഇട്ട് ഡോക്ടർ പോയപ്പോൾ അകത്ത് ദാ ഇവിടെ കുറേ നേരം ഇരുന്നു. ഒരു ആയിരം വട്ടമെങ്കിലും സ്റ്റാഫ് റൂമിൽ വന്ന് തനിക്ക് എന്താ ബോധം വരാത്തെ എന്ന് ചോദിച്ചു കാണും . അവസാനം ഞാൻ ചീത്ത പറഞ്ഞപ്പോഴാ അവിടെ ചെന്ന് ഇരുന്നത്. തനിക്ക് ബോധം വന്നപ്പോഴേക്കും ആൾ ഉറങ്ങി പോയി. " ബൈസ്റ്റാന്ററിന്റെ ബെഡിൽ കിടന്നുറങ്ങുന്ന ദത്തനെ നോക്കി നേഴ്സ് ചിരിയോടെ പറഞ്ഞു. " ഞാൻ ഇനി നാളെ രാവിലെ വരാം. കുട്ടി റെസ്റ്റ് എടുത്തോളു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സ്റ്റാഫ് റൂമിലേക്ക് വന്നാ മതി. ഞാൻ അവിടെ ഉണ്ടാകും" അത് പറഞ്ഞ് നേഴ്സ് പോയതും വർണ നേരെ പോയി ഡോർ ലോക്ക് ചെയ്ത് ദത്തന്റെ അരികിൽ വന്നിരുന്നു. "നിനക്ക് എന്നേ ഇഷ്ടമാണോ ദത്താ" ഉറങ്ങുന്ന ദത്തനെ നോക്കി അവൾ ചോദിച്ചു. അലങ്കോലമായി മുഖത്തേക്ക് വീണു കിടക്കുന്ന അവന്റെ മുടി ശരിക്ക് വച്ചു. ശേഷം അവന്റെ അരികിലായി അവളും കിടന്നു. "എനിക്ക് നിന്നെ ഇഷ്ടമാ ദത്താ .പക്ഷേ അത് എന്ത് ഇഷ്ടമാ എന്നെനിക്ക് അറിയില്ലാ.

എന്നേ കാണുമ്പോഴോക്കെ കടിച്ച് കീറാൻ വരുന്നത് കൊണ്ടല്ലേ ഞാനും നിന്റെ പിന്നാലെ നടന്നു വെറുപ്പിക്കുന്നേ " അത് പറഞ്ഞ് അവൾ ദത്തന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. ഉറക്കത്തിൽ എപ്പോഴോ അവനും അവളെ ഇരു കൈകൾ കൊണ്ട് തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു. അതിൽ അവൾക്ക് ഇതുവരെ കിട്ടാത്തെ അച്ഛന്റെയും , അമ്മയുടേയും എട്ടന്റെയും സംരക്ഷണം ഉണ്ടായിരുന്നു. * നെഞ്ചിൽ വല്ലാത്ത ചൂടനുഭവപ്പെട്ടപ്പോഴാണ് ദത്തൻ കണ്ണു തുറന്നത്. നോക്കുമ്പോൾ തന്റെ അരികിൽ കിടക്കുന്ന വർണ . അവൻ ഒരു പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. പെട്ടെന്നാണ് അവന് സ്ഥലകാല ബോധം വന്നത് അവൻ വർണയെ തന്നിൽ നിന്ന് അടർത്തി മാറ്റിയതും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് അവനെ വീണ്ടും കെട്ടി പിടിച്ചു. അവൻ വീണ്ടും അടർത്തി മാറ്റാൻ ശ്രമിച്ചു എങ്കിലും വർണ സമ്മതിക്കുന്നില്ല. "ഡീ ... " ദത്തൻ തന്റെ അവസാനത്തെ അടവ് ആയ കട്ട കലിപ്പ് പുറത്തെടുത്തു. " അലറണ്ടാ ദത്താ എനിക്ക് ചെവി കേൾക്കും "

അവൾ കണ്ണടച്ച് കിടന്നു കൊണ്ട് തന്നെ പറഞ്ഞു. ചുമരിന്റെ അരികിലാണ് ദത്തൻ കിടക്കുന്നത് അതുകൊണ്ട് അവളുടെ പിടി വിടാതെ അവന് എഴുന്നേൽക്കാനും കഴിഞ്ഞില്ല. " വിടടി എനിക്ക് പോവണം" " ഇല്ല വിടില്ല. " " ഇല്ലെങ്കിൽ നിന്നെ ഞാൻ ചവിട്ടി താഴേ ഇടും " " ഞാൻ താഴേ വീഴുകയാണെങ്കിലും നിന്നേയും കൊണ്ടേ വീഴൂ " "പ്ലീസ് വർണ എഴുന്നേറ്റ് മാറ്. എനിക്കൊന്ന് ഫ്രഷാവണം " "അങ്ങനെ വഴിക്ക് വാ. അപ്പോ മോന് മര്യാദക്ക് സംസാരിക്കാൻ അറിയാം അല്ലേ. എന്നാ ഞാൻ പറയുന്ന കാര്യം ചെയ്താൽ ഞാൻ വിടാം" "എന്ത് കാര്യം " " തേൻമാവിൻ കൊമ്പത്ത് സിനിമയിൽ ശോഭന മോഹലാലിനോട് ചോദിക്കുന്ന ഒരു സാധനം ഇല്ലേ അത് " " നീ മനുഷ്യന് മനസിലാക്കുന്ന ഭാഷയിൽ പറയടി " "മുദ്ധുഗൗ, ഉമ്മ, കിസ്, ചുംബനം " "എന്ത് "അവൾ പറയുന്നത് കേട്ട് ദത്തൻ ഞെട്ടി. "നീ ഇങ്ങനെ ഞെട്ടാൻ ഞാൻ നിന്റെ രണ്ട് പിള്ളേരെ ഒന്നും ചോദിച്ചില്ലല്ലോ. ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ " " നിനക്ക് എന്താ പനി പിടിച്ചപ്പോ വട്ടായോ. എണീറ്റ് മാറടി അവിടന്ന് "

അവൻ അലറി . "സോറി മോനേ . ദാ ഇവിടെ ഒരു ഉമ്മ തരാതെ ഞാൻ നിന്നെ വിടില്ല" അവൾ നെറ്റിയിൽ തൊട്ടു കൊണ്ടു പറഞ്ഞു. "എടീ ആരോ വിളിക്കുന്നുണ്ട്. പോയി ഡോറ് തുറക്കട്ടെ ചിലപ്പോൾ ഡോക്ടർ ആയിരിക്കും " ഡോറിൽ ആരോ നോക്ക് ചെയ്യുന്നത് കേട്ട് ദത്തൻ ദയനീയമായി പറഞ്ഞു. " ഞാൻ പറയുന്നത് അനുസരിച്ചാൽ വിടാം" അവളും ഒട്ടും വിട്ടു കൊടുത്തില്ല. "ദേ... ആരോ വന്നിരിക്കുന്നു. " അവൻ ജനലിനരികിലേക്ക് കൈ ചൂണ്ടി പറഞ്ഞതും വർണയും അങ്ങോട്ട് നോക്കി. അതേ സമയം ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് ചുമരിന്റെ സൈഡിലേക്ക് മറിച്ചിട്ടു. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് വർണക്കും മനസിലായില്ല. ദത്തൻ അവളെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. ഡോക്ടറായിരുന്നു അത്. " ഇതെന്താ പേഷ്യന്റ് ബൈസ്റ്റാന്ററിന്റെ ബെഡിൽ കിടക്കുന്നേ " " അത് അവിടെ കിടന്ന് ബോറടിച്ചപ്പോൾ അവൾ ഇവിടെ വന്ന് കിടന്നതാ" അന്തംവിട്ട് ഇരിക്കുന്ന വർണയെ നോക്കി ദത്തനാണ് അത് പറഞ്ഞത്.

ഡോക്ടർ ഒരു പുഞ്ചിരിയോടെ അവളെ പരിശോധിക്കാൻ തുടങ്ങി "പനി കുറവുണ്ട് അതിനാൽ ഇന്ന് ഡിസ്സ്റ്റാർജ് ചെയ്യാം വീട്ടിൽ പോയി റെസ്റ്റ് എടുത്താ മതി. പിന്നെ ബോഡി നല്ല വീക്കാണ്. ഫുഡ് കറക്റ്റ് ആയി കഴിക്കുന്നില്ലാ. അതാ ചെറിയ പനി വരുമ്പോഴേക്കും ഇങ്ങനെ ബോധം പോവുന്നത്. ഞാൻ കുറച്ച് വൈറ്റമിൻ ടാബ്ലറ്റ് എഴുതി തരാം " അത് പറഞ്ഞ് ഡോക്ടർ പോയി. "വർണ എന്താ നിന്റെ ഉദേശം " അവൻ ബെഡിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. "എനിക്ക് വയ്യാ ദത്താ കുറച്ച് നേരം കിടക്കണം " അവൾ ബെഡിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു. ശരിക്കും ഒരു ഉമ്മ മിസ്സായതിന്റെ സങ്കടത്തിൽ ആയിരുന്നു അവൾ. "ആ ഡോക്ടർ വന്നില്ലായിരുന്നു എങ്കിൽ ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞ് ഒരു ഉമ്മ വാങ്ങുമായിരുന്നു. ഇതിപ്പോ ഉമ്മ കിട്ടിയതും ഇല്ല. ദത്തന്റെ മുന്നിൽ ഉള്ള വിലയും പോയി ... " അവൾ തിരിഞ്ഞ് കിടന്നു കൊണ്ട് പിറുപിറുത്തു. * പത്ത് മണിയോടു കൂടി വർണയെ ഡിസ്ചാർജ് ചെയ്തു. അവൾ വീട്ടിലേത്തിയതും നേരെ ബെഡിലേക്ക് കിടന്നു. ഉച്ചയായപ്പോഴാണ് വർണ ഉറക്കം ഉണർന്നത്.

കണ്ണു തുറന്ന് നോക്കിയതും മുന്നിലായി ഒരു ചെയറിൽ കോകില ഇരിക്കുന്നു വർണ ബെഡിൽ എണീറ്റ് ഇരുന്നതും കോകില ഫോണിൽ നിന്നും തല ഉയർത്തി നോക്കി. "ആഹ് എണീറ്റോ . ടാബ്ലെറ്റ് കഴിക്കാനുള്ളതല്ലേ. കഞ്ഞി എടുക്കട്ടെ " കോകില ചോദിച്ചു " വേണ്ടാ " " കഞ്ഞി ഞാൻ ഉണ്ടാക്കിട്ടുണ്ട്. ഞാൻ വേഗം എടുത്തിട്ട് വരാം " " എനിക്ക് വേണ്ടാ എന്നല്ലേ പറഞ്ഞത് " അത് കേട്ടതും കോകില ഫോൺ എടുത്ത് ആരെയോ വിളിച്ചു. " ടാ ദത്താ .നിന്റെ കെട്ട്യോൾക്ക് കഴിക്കാൻ ഒന്നും വേണ്ടാ എന്ന് . എനിക്ക് ദേഷ്യം വന്നാൽ ഞാൻ എല്ലാം വലിച്ചെറിഞ്ഞ് എന്റെ വീട്ടിലേക്ക് പോകും പുല്ല്" കോകില ദേഷ്യത്തിൽ പറഞ്ഞു. "ന്നാ ദത്തനാ.." ഫോൺ വർണക്ക് നേരെ നീട്ടി കൊണ്ട് കോകില പറഞ്ഞു. അവൾ ഫോൺ വാങ്ങി . "എന്താ വർണ ഫുഡ് കഴിക്കാത്തത്. ശരിക്ക് പനി മറിയിട്ടില്ല എന്നറിഞ്ഞുടേ " " നീ എവിടെയാ ദത്താ" " ഞാൻ ഒരു അത്യവശ്യത്തിന് പുറത്ത് വന്നിരിക്കാ. നീ ഫുഡും മെഡിസിനുമൊക്കെ കഴിക്ക്. ഞാൻ വൈകുന്നേരം ആവുമ്പോഴേക്കും എത്താം " "മ്മ് " അവൾ ഒന്ന് മൂളി.

" ഫോൺ കോകിലക്ക് കൊടുക്ക് " ഫോൺ കോകില വാങ്ങി. ദത്തൻ എന്തൊക്കെയോ പറഞ്ഞ് കോൾ കട്ട് ചെയ്യ്തു. " ഓഹ്...കെട്ട്യോന്റെ ശബ്ദം കേട്ടാലെ പുന്നാര ഭാര്യക്ക് എന്തെങ്കിലും ഇറങ്ങുത്തുളളൂ " കോകില പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് നടന്നു. വർണ കഞ്ഞി കുടിച്ച് വീണ്ടും ഒന്ന് കിടന്നുറങ്ങി. വൈകുന്നേരം ആയി എണീക്കുമ്പോൾ . കോകില അടുക്കളയിൽ കഞ്ഞിയോ എന്തൊ ഉണ്ടാക്കുകയാണ്. വർണ നേരെ മുറ്റത്തേക്ക് ഇറങ്ങി. അവൾ പുഴ കടവിലേക്ക് നടന്ന് കൽപ്പടവിൽ ഇരുന്നു. ദത്തൻ വീട്ടിൽ വരുമ്പോൾ റൂമിൽ വർണ ഇല്ല . അടുക്കളയിൽ കോകില നിൽക്കുന്നത് കണ്ട് അവിടേക്ക് വന്നു. " അവൾ എവിടെ ... " " ആഹ് നീ വന്നോ. അവൾ അവിടെ പുഴക്കരയിൽ ഇരിക്കുന്നുണ്ട്. നീ വന്നത് അറിഞ്ഞിട്ടില്ലാ തോന്നുന്നു. " "പിന്നെ പനിയൊന്നും വന്നില്ലാലോ " " എയ് ഇല്ലാ .. എന്നാ ഞാൻ ഇറങ്ങാ . പോകുന്ന വഴി ജിത്തുവേട്ടനെ ഒന്ന് കാണണം. പിന്നെ രാത്രിയിലേക്കുള്ള കഞ്ഞി ഉണ്ടാക്കിട്ടുണ്ട് " " കല്യാണത്തിന് മുൻപുള്ള ഈ കാണൽ അത്ര നല്ലതല്ലാ പെങ്ങളെ " ദത്തൻ ചിരിയോടെ പറഞു.

" ആയിക്കോട്ടെ ആങ്ങളെ ഉത്തരവ് " കോകില ചിരിയോടെ പുറത്തേക്ക് പോയതും ദത്തൻ പുഴ കടവിലേക്ക് നടന്നു. വർണ കാര്യമായ എന്തോ ആലോചനയിലാണ്. താൻ വന്നതൊന്നും അറിഞ്ഞിട്ടില്ല. " ദത്താ" അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. " ഞാൻ വന്നത് നിനക്ക് എങ്ങനെ മസിലായി.."" " അതൊക്കെ മനസിലായി. നീ ഹിന്ദി സീരിയൽ ഒന്നും കണ്ടിട്ടില്ലേ. നായകൻ വരുമ്പോൾ നായികക്ക് അത് മനസിലാവും കാറ്റു വീശും , മുടി പറക്കും ഹൃദയം ഹൈ സ്പീഡിൽ ഇടിക്കും " " നീയതിന് സീരിയൽ കാണുമോ " " ഹിന്ദി സീരിയൽ കാണുമായിരുന്നു. മൗനം സമ്മതം 1, 2, 3, 4, 5, പ്രിയമാനസം , മധുബാല, സ്വയംവരം, പ്രണയ വർണ്ണങ്ങൾ ... " " മതി.. മതി.. നിർത്ത് ഇവിടെ നല്ല തണുപ്പാണ് അകത്തേക്ക് പോവാൻ നോക്ക്" "ആ പെണ്ണുപിള്ള പോയോ" "ആര് " " ആ വാനമ്പാടി കോകില " "നിനക്ക് എന്താ അവളോട് ഇത്ര ദേഷ്യം. " " എനിക്കതിനെ കണ്ണെടുത്താ കണ്ടൂടാ. നിന്നോട് ആരാ അവരെ വീട്ടിൽ വിളിച്ചു വരുത്താൻ പറഞ്ഞത് " " എനിക്ക് അത്യവശ്യമായി പുറത്തു പോകേണ്ട കാര്യം ഉണ്ടായിരുന്നു.

പനിച്ച് വിറച്ചു കിടക്കുന്ന നിന്നേ ഒറ്റക്കാക്കി ഞാൻ എങ്ങനെ പോവാനാ. അതുകൊണ്ടാ അവളെ വിളിച്ചത് " "അതിന് കോകില യെ മാത്രമേ കിട്ടുള്ളൂ .ഈ നാട്ടിൽ വേറെ ആരും ഇല്ലേ " " പെണ്ണായിട്ട് എനിക്ക് ഇവിടെ പരിചയമുള്ളത് അവളെ മാത്രമാ " "അതെങ്ങനെയാ അവളെ മാത്രം നിനക്ക് പരിചയം " " അവൾ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. " അത് പറഞ്ഞ് ദത്തൻ വീട്ടിലേക്ക് നടന്നു. " ക്ലസ്മേറ്റോ " അവൾ അവനു പിന്നാലെ നടന്നു. "മ്മ്. ഞാനും കോകിലയും കോളേജിൽ ഒരുമിച്ചായിരുന്നു. " " അതിന് നിങ്ങൾ കോളേജിൽ ഒക്കെ പോയിട്ടുണ്ടോ " "അതെന്താ നിനക്ക് തറവാട്ട് സ്വത്തായി കിട്ടിയത് ആണോ കോളേജ് . എനിക്കും പൊയ്കൂടേ " കോകില കോളേജിൽ പഠിച്ചിരുന്നത് വർണക്ക് അറിയാമായിരുന്നു. പക്ഷേ ദത്തന്റെ കാര്യം അവൾക്ക് വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല. " അപ്പോ നിങ്ങൾ ഏതു വരെ പഠിച്ചു " " പി ജി " " പി.ജി ഏതാ എടുത്തേ " " MSC maths..." "Maths...." അത് കേട്ട് വർണയുടെ കിളികൾ എല്ലാം പറന്നു പോയിരുന്നു. "അതെന്താ ഞാൻ maths എടുത്താ പൊങ്ങില്ലേ. വായും പൊളിച്ച് നിൽക്കാതെ അകത്ത് കയറി പോവടി കുരുട്ടേ" അത് പറഞ്ഞ് ദത്തൻ റൂമിലേക്ക് പോയി ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story