എൻ കാതലെ: ഭാഗം 90

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

പിറ്റേന്ന് രാവിലെ ധ്രുവി ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങുമ്പോഴാണ് പതിവില്ലാതെ ഒരു കാർ മുറ്റത്ത് വന്നു നിന്നത്. അവൻ സംശയത്തോടെ പുറത്തേക്ക് ഇറങ്ങി വന്നു. കാറിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും മുത്തശിയും പുറത്തേക്ക് വന്നു. കാറിലെ കോ ഡ്രെവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ധ്രുവിയുടെ മുഖം ഒന്ന് വിടർന്നു എങ്കിലും അത് ഉടൻ തന്നെ ദേഷ്യത്തിലേക്ക് വഴി മാറി. കോ ഡ്രെവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങിയ പാർവതിയുടെ കണ്ണുകൾ ആദ്യം പോയത് ധ്രുവിയിലേക്ക് ആണെങ്കിലും അവൻ വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു. " ടാ നീ ഇറങ്ങാറായോ " കാറിൽ നിന്ന് ഇറങ്ങിയ പാർത്ഥി ചോദിച്ചു. " ഇല്ലട . നീ കയറി വാ " ധ്രുവി പാർത്ഥിയുടെ തോളിലൂടെ കൈ ഇട്ട് അകത്തേക്ക് നടന്നു. അവർ പോകുന്നത് ഒന്ന് നോക്കി തല കുനിച്ച് പാർവതിയും അകത്തേക്ക് നടന്നു. "ഇതാര് പാർത്ഥിയും പാർവതി മോളുമോ . നിങ്ങൾക്ക് ഈ വഴിയൊക്കെ അറിയോ. വാ വന്നിരിക്ക് " മുത്തശി അവരെ കണ്ട് പുഞ്ചിരിയോടെ പറഞ്ഞു. പാർവതി ചിരിച്ചെന്ന് വരുത്തി അകത്തേക്ക് കയറി. ധ്രുവി പാർവതിയെ ശ്രദ്ധിക്കാതെ പാർത്ഥിയോട് എന്തൊക്കെയോ സംസാരിക്കുകയാണ്. അബദ്ധത്തിൽ പോലും അവന്റെ നേട്ടം പാർവ്വതിക്ക് നേരെ വരുന്നുണ്ടായിരുന്നില്ല.

"മതി സംസാരിച്ചത്. ബാക്കി ഇനി ഭക്ഷണം കഴിച്ചിട്ട് പറയാം" മുത്തശി പറഞ്ഞു. "ഞങ്ങൾ കഴിച്ചിട്ടാ ചെറിയ മുത്തശി വന്നത്. ആക്ച്ച്വലി ഞങ്ങൾ വർണയെ കാണാനാണ് വന്നത് "പാർത്ഥി പറഞ്ഞു. "എന്തിനാ . ഇനിയും ചെയ്യാത്ത കുറ്റം അവളെ കൊണ്ട് എറ്റെടുപ്പിക്കാനാണോ " ധ്രുവി പാർവതിയെ നോക്കി പുഛത്തോടെ ചോദിച്ചതും പാർവതി തല കുനിച്ചിരുന്നു. " ധ്രുവി. മതി ആ കുട്ടിയെ വിഷമിപ്പിച്ചത്. അതിന്റെ മുഖം നോക്കിയെ. ഒരാഴ്ച്ച കൊണ്ട് തന്നെ ആകെ കോലം കെട്ട് പോയി " മുത്തശി ശാസനയാേടെ പറഞ്ഞു. ശരിയാണ് അവൾ ഒരുപാട് ക്ഷീണിച്ചു പോയിരിക്കുന്നു. കറുപ്പു വീണ കൺപോളകൾ, എണ്ണമയമില്ലാതെ പാറി പറന്ന മുടിയിഴകൾ , ക്ഷീണം ബാധിച്ച മുഖം . അവളെ കണ്ട് ധ്രുവിക്ക് മനസിൽ വല്ലാത്ത സങ്കടം തോന്നി. "സമയം എട്ട് മണി ആയിട്ടല്ലേ ഉള്ളൂ. വർണ എണീറ്റു കാണില്ല. റൂമിൽ ഉണ്ടാകും" " എന്നാ ഞങ്ങൾ അവളെ ഒന്ന് കണ്ടിട്ട് വരാം." അത് പറഞ്ഞ് പാർത്ഥി ഇരുന്നിടത്ത് നിന്നും എണീറ്റു. ഒപ്പം പാർവതിയും. "നിനക്ക് ഹോസ്പിറ്റലിൽ പോവാൻ തിരക്ക് ഉണ്ടോ ധ്രുവി" " ഇല്ലട . നിങ്ങൾ ഇറങ്ങിയിട്ടേ ഞാൻ ഇറങ്ങുന്നുള്ളു" " ഞങ്ങൾ ഉച്ച കഴിഞ്ഞേ തിരിച്ച് പോവൂ. പോവുമ്പോൾ കൂടെ വർണയും ഉണ്ടാകും " പാർവതി ഗൗരവത്തിൽ പറഞ്ഞ് മുകളിലേക്ക് നടന്നു. " ഒന്ന് നിന്നേ " ധ്രുവി നടന്ന് പാർവതിയുടെ മുന്നിൽ കൈ കെട്ടി നിന്നു " അത് നീ അങ്ങ് സ്വയം തിരുമാനിച്ചാ മതിയോ . നിന്റെ ഭരണമൊക്കെ അങ്ങ് പാലക്കൽ തറവാട്ടിൽ .

അവിടെ നിന്റെ താളത്തിനു തുള്ളാൻ ആളുകൾ ഉണ്ടാകും. പക്ഷേ ഇത് എന്റെ വീടാണ്. ഇവിടെ എന്ത് നടക്കണം എന്ന് ഞാൻ തിരുമാനിക്കും. വർണയെ ഇവിടേക്ക് കൊണ്ടു വന്നത് ഞാനാണെങ്കിൽ അവൾ തിരികെ പോകുന്നതും എന്റെ സമ്മതത്തോടെയായിരുന്നു. " ട്ടക്ക് ഇൻ ചെയ്ത ഷർട്ട് പുറത്തേക്ക് ഇട്ട് ധ്രുവി തന്റെ റൂമിലേക്ക് നടന്നു. എല്ലാവരോടും പറയുന്നതിന് ഇരട്ടി തിരിച്ച് പറയാറുള്ള പാർവതി അന്നാദ്യമായി ഒരു വാക്ക് പോലും പറയാതെ അവൻ പോകുന്നത് നോക്കി നിന്നു . പാർവതി ശേഷം വർണയുടെ റൂമിലേക്ക് നടന്നു. പാതി ചാരിയിട്ട വാതിൽ മുഴുവനായി തുറന്ന് പാർവതിയും പാർത്ഥിയും റൂമിനകത്തേക്ക് കയറുമ്പോൾ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് എന്താേ ആലോചനയിൽ ആണ് വർണ . "വർണാ " പാർവതിയുടെ വിളി കേട്ട് വർണ അത്ഭുതത്തോടെ ബെഡിൽ നിന്നും എണീറ്റു. "പാർവതി ചേച്ചി , പാർത്ഥിയേട്ടാ " " ഇത്ര നേരമായിട്ടും ഉറക്കം എണീറ്റില്ലേ " പാർവതി അവളുടെ അരികിൽ വന്നിരുന്നു. "എണീറ്റിട്ട് കുറച്ച് നേരമായി. വെറുതെ ഓരോന്ന് ആലോചിച്ച് ഇങ്ങനെയിരുന്നു. നിങ്ങൾ എന്താ പതിവില്ലാതെ രാവിലെ തന്നെ " " ഞങ്ങൾ വർണയെ തറവാട്ടിലേക്ക് വിളിക്കാൻ വന്നതാ." മുഖവരയൊന്നും ഇല്ലാതെ പാർവതി പറഞ്ഞു. "എയ് അത് ശരിയാവില്ലാ ചേച്ചി. ഞാൻ വരുന്നില്ലാ "

"അതെന്താ ശരിയാവാത്തത്. ഞാനല്ലേ വിളിക്കുന്നത്. ഞാൻ കാരണമല്ലേ നിനക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നത്. എല്ലാം എന്റെ തെറ്റാ. ഞാൻ നിന്നെ ഒരുപാട് സങ്കടപ്പെടുത്തി. സോറി .. ഐം റിയലി സോറി" വർണയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പാർവതി ചോദിച്ചു. "സോറിയൊന്നുo വേണ്ടാ ചേച്ചി. ഞാൻ ആ വീട്ടിൽ നിന്നും പുറത്താവാൻ കാരണം ഞാൻ തന്നെയാണ്. ദത്തനോട് കള്ളം പറഞ്ഞതു കൊണ്ട്. " " ദേവേട്ടനോട് ഞാൻ സംസാരിക്കാം വർണാ നീ എന്റെ കൂടെ വരണം. ഞാൻ ചെയ്തതിന് ഒരു പ്രാശ്ചിത്വം ആയി കണ്ടാ മതി" "വേണ്ടാ ചേച്ചി. ദത്തൻ വന്ന് വിളിക്കാതെ ഞാൻ വരില്ല. അവിടുന്ന് ഇറങ്ങിയതിൽ പിന്നെ അവൻ എന്നേ ഒന്ന് അന്വോഷിച്ചിട്ടില്ല. ഒന്ന് വിളിച്ചിട്ടില്ല. പിന്നെ ഞാൻ എന്തിന് അവിടേക്ക് വരണം " " ദേവേട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ ആണ്. കുറച്ചു ദിവസം കഴിഞ്ഞാ അത് ശരിയാകും. ദയവ് ചെയ്ത് വർണ കൂടെ വരണം. ഞാൻ കാല് പിടിക്കാം. പ്ലീസ് " " ചേച്ചി ഇത് എന്താ ചെയ്യുന്നേ. ചേച്ചി എന്നേ നിർബന്ധിക്കണ്ടാ ഞാൻ വരില്ല. " " എന്നോട് സ്നേഹമുണ്ടെങ്കിൽ വർണ കൂടെ വരും. വരില്ലേ വർണാ . " നിറ മിഴികളോടെ പറയുന്ന പാർവതിയെ കണ്ട് വർണക്കും സങ്കടം തോന്നി. " ഞാൻ വരാം. പക്ഷേ എനിക്ക് ഇനി പഴയ വർണയാവാൻ പറ്റില്ല.

ഞാനും ദത്തനും തമ്മിൽ ഇനി ഒരു ബന്ധവും ഉണ്ടാകില്ല. ഈ നിമിഷം വരെ എന്നേ അന്വേഷിക്കാത്ത അവന് എന്നോട് എത്ര സ്നേഹമുണ്ടെന്ന് എനിക്ക് മനസിലായി. അവനെ മനസിലാക്കാൻ ഒരു പക്ഷേ ദൈവം തന്നെ ഒരു അവസരം ഒരുക്കിയതായിരിക്കും " " ഇല്ല വർണ . ദേവേട്ടന് നിന്നെ ജീവനാണ് " "എന്നിട്ട് കഴിഞ്ഞ ദിവസങ്ങളിൽ അവന്റെ മുഖത്ത് ഒരു തരി സങ്കടം ചേച്ചി കണ്ടിരുന്നോ " വർണ ചോദിച്ചതും പാർവതിയും ഒന്ന് ആലോചിച്ചു. ഇല്ല . ആദ്യത്തെ രണ്ട് ദിവസം ഒഴിച്ച് നിർത്തിയാൽ പിന്നീടുള്ള ദിവസങ്ങൾ ദേവേട്ടന്റെ മുഖം സന്തോഷത്തിൽ തന്നെയായിരുന്നു. "ശരി. വർണ പറയുന്ന ഏത് കണ്ടീഷനും ഞാൻ സമ്മതിക്കാം. താൻ ഞങ്ങൾക്കൊപ്പം വരണം " " മമ്. പക്ഷേ ആ തറവാട്ടിൽ എനിക്കിനി ചെറിയമ്മയും , പാർവതി ചേച്ചിയും, പാർത്ഥിയേട്ടനും മാത്രമേയുള്ളു.. ബാക്കിയുള്ളവരോന്നും എന്റെ ആരുമല്ലാ " " അത് ..അത് പിന്നെ . അവിടെ എല്ലാവരും വർണയെ കാത്തിരിക്കുകയാണ്. ശിലുവും ഭദ്രയും നല്ല സങ്കടത്തിലാണ്. അന്നത്തെ ആ സംഭവത്തിന് ശേഷം എന്നോട് ദേവേട്ടനും പാർത്ഥിയേട്ടനും ഒഴിച്ച് ആരും എന്നോട് മിണ്ടാറു കൂടിയില്ല. " " അതൊന്നും എന്നേ ബാധിക്കുന്ന കാര്യമല്ലാ. ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരാൾ പോലും തടഞ്ഞില്ലല്ലോ. ഇതിന് സമ്മതമാണെങ്കിൽ ഞാൻ വരാം " "മ്മ് സമ്മതമാണ്. "പാർവതി പറഞ്ഞു. മറുപടിയായി വർണ ഒന്ന് പുഞ്ചിരിച്ചു. "നമ്മുക്ക് താഴേക്ക് പോകാം പാറു. വർണ ഇപ്പോ എണീറ്റല്ലേ ഉള്ളൂ. അവൾ ഫ്രഷാവട്ടെ "

പാർത്ഥി പാർവതിയോട് പറഞ്ഞു. അവൾ തലയാട്ടി പുറത്തേക്ക് നടന്നു. പിന്നാലെ പാർത്ഥിയും. പുറത്തേക്ക് പോയ പാർത്ഥി വീണ്ടും തിരികെ വരുന്നത് കണ്ട് വർണ സംശയത്തോടെ നിന്നു. "ഓസ്കാർ ആക്റ്റിങ് ആണല്ലോ " " ആ ..ആക്റ്റിങ്ങോ " തന്റെ മുന്നിൽ കൈ കെട്ടി നിൽക്കുന്ന പാർത്ഥിയെ കണ്ട് വർണ ഒന്ന് പതറി. " ഞാൻ കണ്ടു ഞങ്ങൾ താഴേ ഇരിക്കുമ്പോൾ നീ സ്റ്റയർ ഇറങ്ങി വരുന്നതും ഞങ്ങളെ കണ്ടതും തിരികെ റൂമിലേക്ക് ഓടിയതും " " അത് ..അത് ഞാൻ .. അങ്ങനെ ..അത് പിന്നെ ... എട്ടൻ കണ്ടുലെ " അവൾ ആകെ ചമ്മി നാറി. "അല്ലാ ഈ ഡയലോഗ് ഒക്കെ പഠിപ്പിച്ച് തന്നത് ആരാ . ദേവനാണോ " " എയ്. അല്ലാ. അവൻ എന്നോട് മിണ്ടാറില്ല. ഞങ്ങൾ കണ്ടിട്ട് തന്നെ കുറേ കാലമായി " " ദേ എന്നേ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ടാ. എനിക്ക് എല്ലാം അറിയാം. ഒന്നുമില്ലെങ്കിലും നിങ്ങളുടെ പ്രണയത്തിന് രക്തസാക്ഷിയായത് പാവം എന്റെ നടുവല്ലേ " പാർത്ഥി പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ ഇരിക്കുകയായിരുന്നു വർണ " കെട്ട്യോൻ രാത്രി ഇത്ര വലിയ മതിൽ എങ്ങനാ ചാടി വന്നേ എന്ന വിചാരമുണ്ടോ . ഞാനാ... ഈ ഞാനാ രാത്രി ഉറക്കം കളഞ്ഞ് അവനെ മതില് ചാടിക്കാൻ കൂട്ട് വന്നത് " പാർത്ഥിയുടെ വർത്തമാനവും പറച്ചില്ലും കണ്ട് വർണക്ക് ചിരി വന്നിരുന്നു.

"മ്മ്. ഭാര്യയും ഭർത്താവും ഇരുന്ന് ചിരിക്ക്. എന്റെ കഷ്ടപാട് എനിക്കല്ലേ അറിയൂ. ആഹ് ഒരു കാര്യം ചോദിക്കാൻ മറന്നു. ദേവൻ പറഞ്ഞ് പഠിപ്പിച്ചതിന് പുറമേ കയ്യിൽ നിന്നും ഒരു ഡയലോഗ് എടുത്തു അല്ലേ " " ആഹ്. എട്ടന് അതെങ്ങനെ മനസിലായി. നല്ല നാച്വുറൽ ആക്റ്റിങ്ങ് അല്ലേ എന്റെത് " "മ്മ് അതെ അതെ . പാറുവിന് മനസിലാവാഞത് നിന്റെ ഭാഗ്യം അല്ലെങ്കിൽ ഒറ്റയടിക്ക് എല്ലാം തീർന്നേനേ." "എങ്ങ് അങ്ങനെ വരാൻ സാധ്യതയില്ലാലോ " വർണയും ഒന്ന് ആലോചിച്ചു. "പൊട്ടി കുട്ടീ .. ഇവിടെ ഇരിക്കുന്ന നീ എങ്ങനാ തറവാട്ടിൽ നിൽക്കുന്ന ദേവൻ സങ്കടത്തിൽ അല്ല എന്ന് അറിഞ്ഞു എന്നേങ്ങാനും പാറു ചോദിച്ചാ എന്താ പറയുകാ " അവളുടെ തലക്കിട്ട് കൊട്ടി പാർത്ഥി ചോദിച്ചു. "സോറി ചെറിയ ഒരു കയ്യബദ്ധം " അത് പറഞ്ഞ് അവൾ ഒന്ന് ചിരിച്ചു കാണിച്ചു. * പാർവതി താഴേക്ക് ഇറങ്ങി വരുമ്പോൾ ധ്രുവി മുറ്റത്ത് ആരോടോ ഫോണിൽ സംസാരിച്ച് നിൽക്കുകയാണ്. അവൾ ചെറിയ ഒരു പേടിയോടെ അവിടേക്ക് നടന്നു. ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ ധ്രുവി പിന്നിൽ പാർവതിയെ കണ്ടതും മുഖം തിരിച്ച് അകത്തേക്ക് കയറി പോയി തന്നെ കാണുമ്പോൾ എപ്പോഴും പുഞ്ചിരിച്ച് വെറുതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തല്ലു കൂടുന്ന ധ്രുവി യിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രതികരണം അവളെ സങ്കടപ്പെടുത്തിയിരുന്നു "നിന്റെ എന്റെ വഴിക്ക് കൊണ്ട് വരാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ . ഇത്രയും നാൾ ഞാൻ നിന്റെ പിന്നാലെ നടന്നതല്ലേ .

ഇനി നീ കുറച്ച് കാലം എന്റെ പുറകെ നടക്ക്. " ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി ധ്രുവി അകത്തേക്ക് പോയി. അന്ന് ഉച്ച വരെ പാർത്ഥിയും പാർവതിയും അവിടെ തന്നെ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് അവർ വർണയേയും കൂട്ടി തറവാട്ടിലേക്ക് ഇറങ്ങി. പാർവതി പല വട്ടം അന്ന് അങ്ങനെയൊക്കെ സംഭവിക്കാൻ ഇടയായ കാരണങ്ങൾ ധ്രുവിയോട് പറയാൻ ശ്രമിച്ചു എങ്കിലും അവൻ മനപൂർവം ഒഴിഞ്ഞു മാറി. * " ഞാൻ പറഞ്ഞ കാര്യങ്ങൾ എന്റെ കുട്ടിക്ക് ഓർമയുണ്ടല്ലോ. പാർവതി വരുമ്പോൾ ഇങ്ങനെ തന്നെ പറയണം. "തലേ ദിവസം രാത്രി വിളിച്ചപ്പോൾ ദത്തൻ ഗൗരവത്തിൽ പറഞ്ഞു. " അതൊക്കെ ഞാൻ പറയാം. ആക്റ്റിങ്ങിൽ അല്ലെങ്കിലും പണ്ടേ ഞാൻ പുലിയാണല്ലോ " " അഭിനയിച്ച് അഭിനയിച്ച് അവസാനം ഓവറാക്കി ചളമാക്കരുത് പ്ലീസ് " " ദേ എന്നേ വെറുതെ കളിയാക്കണ്ട . അല്ലാ ഞാൻ എന്തിനാ ദത്താ അവിടെയെത്തുമ്പോൾ ആരോടും മിണ്ടാതെ നടക്കണഠ എന്ന് പറഞ്ഞത് " "അങ്ങനെ വേണം കുഞ്ഞേ . നീ അവിടെ ആരുമായും മിണ്ടാതെ ആവുമ്പോൾ അഭിജിത്തിന് ആരുടേ പേരിലും നിന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ അന്നത്തെ പോലെ ശിലുവിനെയോ ഭദ്രയേയോ മുൻ നിർത്തി അവൻ കളിക്കും. " "മ്മ്. അപ്പോ ഞാൻ നിന്നോടും മിണ്ടാതെ നടക്കണം അല്ലേ " "മ്മ് അതെടാ . എന്നാ ഞാൻ ഫോൺ വക്കാ ട്ടോ. ഞാൻ ഓഫീസിൽ നിന്നും ഇപ്പോ എത്തിയതേ ഉള്ളു. ഇന്ന് എനിക്ക് വരാൻ പറ്റില്ലട .

പിന്നെ എന്നും പാർത്ഥിയെ ബുദ്ധിമുട്ടിക്കുന്നതും ശരിയല്ലാലോ. നാളെ എന്റെ കുട്ടി ഇങ്ങ് വരില്ലേ ." "മ്മ്. ശരി ദത്താ" "ഗുഡ് നെറ്റ് ഡാ. ലവ് യൂ. " ഹസ്കി വോയ്സിൽ പറഞ്ഞ് ദത്തൻ കോൾ കട്ട് ചെയ്തു. * " വർണ "പാർവതിയുടെ വിളി കേട്ടാണ് വർണ്ണ ഓർമകളിൽ നിന്നും ഉണർന്നത്. അപ്പോഴേക്കും തറവാട്ടിനു മുന്നിൽ എത്തിയിരുന്നു. പാർവതി വർണയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു . പിന്നാലെ അവളുടെ ബാഗുമായി പാർത്ഥിയും. അവൾ അകത്തേക്ക് കയറുമ്പോൾ ഹാളിൽ നിമ്മിയും അഭിയും ഭദ്രയും ശിലുവും ഇരുന്ന് ടി വി കാണുന്നുണ്ട്. മറ്റൊരു ഭാഗത്ത് ലാപ് ടോപ്പുമായി ദത്തനും. വർണയെ കണ്ടതും ശീലുവും ഭദ്രയും അവളുടെ അടുത്തേക്ക് ഓടി വന്നു. എന്നാൽ അവൾ അത് ശ്രദ്ധിക്കാതെ ചെറിയമ്മയുടെ അടുത്തേക്ക് നടന്ന് അവരെ കെട്ടി പിടിച്ചു " ചെറിയമ്മാ" " ചെറിയമ്മടെ കുട്ടിക്ക് സുഖമല്ലേ " അവളുടെ നെറുകയിൽ ഉമ്മ വച്ചു. " സുഖമാ " വർണയുടെ ആ ഭാവം കണ്ട് തറവാട്ടിലെ എല്ലാവരും അതിശയിച്ച് നിൽക്കുയാണ്. ചെറിയമ്മയും പാർത്ഥിയും പാർവതിയും ഒഴിച്ച് മറ്റാളുകൾ ഒന്നും അവിടെ ഇല്ലാത്ത പോലെയാണ് വർണയുടെ ഭാവം. എന്നാൽ അഭിജിത്ത് വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു. താൻ കാത്തിരുന്ന ഇര അടുത്തെത്തിയ സന്തോഷം. അതിനെക്കാൾ ഉപരി അവനെ സന്തോഷപ്പെടുത്തിയത് വർണയും ദത്തനും തമ്മിലുള്ള അകൽച്ചയാണ്. " ചെറിയമ്മാ . ഞാൻ ഓഫീസ് റൂമിന് തൊട്ടടുത്തുള്ള ഗസ്റ്റ് റും യൂസ് ചെയ്യാം. "

അത് പറഞ്ഞ് വർണ തന്റെ ബാഗും ആയി സ്റ്റയർ കയറി മുകളിലേക്ക് പോയി. എന്താ ഇവിടെ നടക്കുന്നേ എന്ന് മനസിലാവാതെ തറവാട്ടിൽ ഉള്ള എല്ലാവരും പരസ്പരം നോക്കി. തന്നോട് ആരും സംസാരിക്കില്ലാ എന്നതു കൊണ്ട് പാർവതിയും തന്റെ റൂമിലേക്ക് പോയി. അതാേടെ എല്ലാവരും സംശയങ്ങളുമായി പാർത്ഥിയുടെ മുന്നിൽ എത്തി. പാർത്ഥി വർണ പറഞ്ഞ കണ്ടിഷനുകളെ കുറിച്ചും തറവാട്ടിലെ ആരുമായും ഒരു ബന്ധമില്ലാ എന്ന് പറഞ്ഞതിനെ കുറിച്ചും എല്ലാവരോടും പറഞ്ഞു. അതെല്ലാം കേട്ട് എറ്റവും കൂടുതൽ സങ്കടപ്പെട്ടത് ഭദ്രയും ശിലുവും ആണ്. അവർ രണ്ടു പേരും വർണയെ കണ്ട് സംസാരിക്കാൻ നിന്നു എങ്കിലും ദത്തൻ അത് തടഞ്ഞു. ഭദ്രയും ശിലുവും വർണയുടെ മുന്നിൽ നിന്ന് കരഞ്ഞാൽ താൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ എല്ലാം വർണ മറക്കും എന്ന് ദത്തനും അറിയാമായിരുന്നു. വർണ പഴയ വർണയല്ലാ എന്ന് പറഞ്ഞ് പാർത്ഥിയും പേടിപ്പിച്ചതിനാൽ ശിലുവും ഭദ്രയും പിന്നീട് അവളെ കാണാൻ ശ്രമിച്ചില്ലാ. * വൈകുനേരം ചെറിയമ്മ ചായ കുടിക്കാൻ വിളിച്ചു എങ്കിലും വർണ പോയില്ല. എല്ലാവരുടേയും ചായ കുടി കഴിഞ്ഞാണ് അവൾ താഴേക്ക് പോയുള്ളു. രാത്രി ഭക്ഷണം കഴിക്കുന്ന സമയത്തും വർണ സൈലന്റ് ആയിരുന്നു. പാർവതിയോടും ചെറിയമ്മയോടും മാത്രം എന്തെങ്കിലും സംസാരിച്ചാൽ ആയി . * "ഡാ.. വർണ ഓഫീസ് റൂമിന് തൊട്ടപ്പുറത്തുള്ള റൂം മതി എന്ന് പറഞ്ഞപ്പോൾ എനിക്ക് അപ്പോഴേ തോന്നി അതിനു പിന്നിൽ നീയാണ് എന്ന്. "

വർണയുടെ റൂമിനു മുന്നിൽ ഒരു ഫയലും കൈയ്യിൽ പിടിച്ച് ചുറ്റി തിരിയുന്ന ദത്തനെ കണ്ട് പാർത്ഥി പറഞ്ഞു. ദത്തൻ കുറേ നേരമായി അവളുടെ റൂമിലേക്ക് കയറാൻ ശ്രമിക്കുന്നു. പക്ഷേ അപ്പോഴേക്കും അത് വഴി ആരെങ്കിലും വരും. ദത്തന്റെ ആ പരുങ്ങൽ പാർത്ഥി മാറി നിന്ന് കുറേ നേരമായി കാണുന്നു. "നിനക്ക് രാത്രി ഉറക്കമൊന്നുമില്ലടാ തെണ്ടി " ദത്തൻ പല്ലു കടിച്ചു കൊണ്ട് ചോദിച്ചു. " ഇല്ലാ . അതുകൊണ്ടാണല്ലോ ഞാൻ ഇവിടെ നിൽക്കുന്നേ . എന്റെ ദേവ മോൻ ഒന്നിങ്ങ് വന്നേ. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് " ദത്തന്റെ തോളിലൂടെ കൈ ഇട്ട് പാർത്ഥി തന്റെ റൂമിലേക്ക് നടന്നു. * " സുധ രാത്രി ഇത് എങ്ങോട്ടാ " മുകളിലേക്ക് പോകാൻ നിൽക്കുന്ന ചെറിയമ്മയെ കണ്ട് ദത്തന്റെ അമ്മ ചോദിച്ചു. " ഞാൻ വർണയുടെ അടുത്തേക്ക്. അവൾ അവിടെ റൂമിൽ ഒറ്റക്ക് ആണല്ലോ " " സുധ പോവണ്ടാ "

"അതെന്താ ചേച്ചി . വർണ മോൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ. അതാ ഞാൻ പോവാം എന്ന് കരുതിയത് " " സുധ റൂമിലേക്ക് പോക്കോള്ളൂ . ഞാൻ വർണയുടെ കൂടെ കിടന്നോളാം " ദത്തന്റെ അമ്മ പറയുന്നത് കേട്ട് ചെറിയമ്മ ഞെട്ടി. അന്നത്തെ സംഭവത്തിനു ശേഷം ദത്തന്റെ അമ്മക്ക് ചില മാറ്റങ്ങൾ ഉണ്ട്. ശിലുവിനോട് നല്ല സ്നേഹവും കരുതലും കാണിക്കാൻ തുടങ്ങി. ഇന്നലെ വരെ അവർ ശിലുവിന്റെയും ഭദ്രയുടേയും കൂടാെയാണ് കിടന്നിരുന്നത് : " സുധ പൊക്കോള്ളു" അത് പറഞ്ഞ് മുകളിലേക്ക് കയറി പോകുന്ന ദത്തന്റെ അമ്മയെ ചെറിയമ്മ ഒരു നിമിഷം നോക്കി നിന്നു * റൂമിൽ ദത്തനെ കാത്ത് കിടക്കുകയാണ് വർണ . വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തല ചരിച്ച് ഡോറിനരികിലേക്ക് നോക്കി. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ തന്റെ അരികിലേക്ക് നടന്ന് വരുന്ന ദത്തന്റെ അമ്മയെ കണ്ട് വർണ വേഗം കണ്ണുകൾ അടച്ച് ഉറങ്ങുന്ന പോലെ കിടന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story