എൻകാതലീ: ഭാഗം 1

enkathalee

രചന: ANSIYA SHERY

കോടതിയിൽ നിന്നിറങ്ങുമ്പോൾ അറിയാതെ കാലുകൾ ഇടറുന്നുണ്ടായിരുന്നു...എന്നെ ഒരു നോക്ക് പോലും നോക്കാതെ കാറിൽ കയറിപ്പോകുന്ന വിഷ്ണുവിനെ കണ്ടപ്പോൾ ഹൃദയം പിടഞ്ഞു... "മോളേ...." അമ്മയുടെ ശബ്ദം കേട്ടതും കവിളിലേക്ക് ഒഴുകിയിറങ്ങിയ കണ്ണീരിനെ ഞാൻ പെട്ടെന്ന് തുടച്ചു മാറ്റി... "പോകാം നമുക്ക്.."അത്ര മാത്രം പറഞ് അമ്മയെ നോക്കാതെ കാറിലേക്ക് കയറി... ഉള്ളം വല്ലാതെ പിടഞ്ഞു പോകുന്നു...ഒന്ന് പൊട്ടിക്കരയാൻ ഉള്ളം വല്ലാതെ കൊതിച്ചു... എന്നിൽ തന്നെ നോട്ടമിട്ട് നിൽക്കുകയാണ് അച്ഛനും അമ്മയും എന്നറിയാം...അവരെ നോക്കാതെ പുറത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ച് ഞാനിരുന്നു... അമ്മയും അച്ഛനും കാറിലേക്ക് കയറുന്നതും കാർ മുന്നോട്ട് പോകുന്നതും അറിഞ്ഞെങ്കിലും ഞാൻ എന്റെ നോട്ടം മാറ്റിയില്ല... അവരുടെ വിഷമം നിറഞ്ഞ മുഖം കണ്ടാൽ എന്റെ സങ്കടം കൂടുകയേ ഉള്ളു...

വീട്ടിലെത്തിയെന്ന് അറിഞ്ഞത് തന്നെ അമ്മ വിളിച്ചപ്പോഴാണ്...ആരെയും നോക്കാതെ മുറിയിൽ കയറി വാതിൽ അടച്ച് ബെഡ്‌ഡിലേക്ക് വീഴുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു... വെറും ഒരു വർഷം മാത്രം പഴക്കമുള്ള ബന്ധം..അതിന് ഞാനെന്തിനാ സങ്കടപ്പെടുന്നത്...എന്നെ ഓർക്കാത്ത അയാൾക്ക് വേണ്ടി ഞാനെന്തിനാ കരയുന്നത്...? പറ്റുന്നില്ല.. വീണ്ടും നോവുന്നു.. കൈകൾ ശൂന്യമായ കഴുത്തിലേക്ക് നീണ്ടു.. ഇന്നവിടം ആ താലിയില്ല... നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പെട്ടെന്ന് ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു.. നോട്ടം ടേബിളിലിരുന്ന കല്യാണഫോട്ടോയിലേക്ക് നീണ്ടതും വീണ്ടും ഹൃദയം തകർന്നു...എവിടെയും അവന്റെ ഓർമ്മകൾ മാത്രം..! ----- എന്നെ പരിചയപ്പെടുത്തിയില്ലല്ലോ.. ഞാൻ സാത്വിക... സാതി എന്നെല്ലാവരും വിളിക്കും.. അച്ഛൻ രാഘവ് അമ്മ വസന്ത ഒരു ഏട്ടൻ ആരവ്..ഇപ്പോ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.. ഡിഗ്രി കഴിഞ്ഞ് നിൽകുമ്പോഴാണ് എനിക്ക് വിഷ്ണുവിന്റെ ആലോചന വരുന്നത്.. മുന്നോട്ട് ഇനിയും പഠിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് വേണ്ടെന്ന് പറഞ്ഞതായിരുന്നു..

പക്ഷെ കുടുംബക്കാരുടെ വാക്ക് കേട്ട് വീട്ടുകാർ ഞാൻ പറഞ്ഞത് കേട്ടില്ല.. ഒരുപാട് എതിർത്തു... ഒരു കാര്യവും ഉണ്ടായില്ല... എന്റെ എതിർപ്പിനെ മറികടന്ന് വിഷ്ണുവുമായുള്ള എന്റെ കല്യാണം തീരുമാനിച്ചു... കല്യാണം കഴിഞ്ഞ ആദ്യരാത്രി തന്നെ തിരിച്ചറിഞ്ഞു അവന്റെ സ്വഭാവം.. സ്നേഹിച്ച പെണ്ണ് ഒഴിവാക്കി പോയതിൽ പിന്നെ എല്ലാ പെണ്ണുങ്ങളോടും വെറുപ്പാണവൻ.. എന്തിന് സ്വന്തം അമ്മയോട് പോലും... ഉള്ള ദേഷ്യം മുഴുവൻ എന്നിൽ തീർത്തു..എതിർത്ത് സംസാരിക്കാൻ എന്തോ ഭയമായിരുന്നു.. തുടർന്ന് പഠിക്കുക എന്നുള്ള ആഗ്രഹം പിന്നെ മറന്നു പോയി.. താലി കെട്ടിയവൻ ആയത് കൊണ്ടാകാം അറിയാതെ സ്നേഹിച്ചു പോയത്... ഒരുപാട് സഹിച്ചു...എല്ലാം കണ്ടിട്ട് അവന്റെ വീട്ടുകാർ പോലും പ്രതികരിച്ചില്ല... ഒരിക്കെ എന്നെ കാണാൻ വീട്ടിലേക്ക് വന്ന അച്ഛൻ കണ്ടു... എന്നെ ഉപദ്രവിക്കുന്നത്... തിരികെ വീട്ടിലേക്ക് കൊണ്ട് വന്നു.. പിന്നെ ഡിവോഴ്സ്... അവനെതിരെ കേസ് കൊടുക്കാൻ പറഞ്ഞപ്പോഴും ഞാൻ സമ്മതിച്ചില്ല... പറ്റുന്നില്ലായിരുന്നു എനിക്കതിൻ...

ഡിവോഴ്സ് പേപ്പറിൽ ദൃതിയോടെ ഒപ്പിടുന്ന അവനെ കണ്ടപ്പോൾ ഉള്ള പ്രതീക്ഷയും തകർന്നിരുന്നു... ഇന്നിപ്പോ എല്ലാം കഴിഞ്ഞു... ഓർക്കാൻ നല്ല ഓർമ്മകൾ ഒന്നുമില്ലാതിരുന്നിട്ട് കൂടി അവൻ വേണ്ടി ഞാൻ കരയുന്നു.. എന്തിന്..? അറിയില്ല... എന്റെ സമ്മതം ഇല്ലാതെ കല്യാണവും നടത്തി ഡിവോഴ്സും കഴിഞ്ഞു... എല്ലാം എല്ലാവരും കൂടെ തീർത്തു.. എന്റെ ഒരു വാക്ക് പോലും ആരും ചോദിച്ചില്ല... __ വേഷം മാറി താഴേക്ക് ചെല്ലുമ്പോൾ ഹാളിലെ സോഫയിൽ ഇരിക്കുന്ന അച്ഛനെ കണ്ടിരുന്നു...രണ്ട് ദിവസമായി മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടും അച്ഛനോടും അമ്മയോടും സംസാരിച്ചിട്ടും...കാണാത്ത മട്ടിൽ അടുക്കളയിലേക്ക് പോകാൻ നിൽകുമ്പോഴേക്കും പിറകിൽ നിന്നും വിളി വന്നു.... "സാതി.... " തിരിഞ്ഞ് മൗനമായി തന്നെ ഞാൻ നിന്നു.. അപ്പോഴേക്ക് അമ്മയും അവിടേക്ക് എത്തിയിരുന്നു.... "മോൾ പേടിക്കണ്ട.. അവൻ പോകുവാണെങ്കിൽ പോട്ടേ... എന്റെ മോളേ അവൻ വിധിച്ചിട്ടില്ല...

അവനെക്കാൾ നല്ലൊരുത്തനെ കൊണ്ട് അച്ഛൻ നിന്നെ കെട്ടിക്കും.." "വേണ്ടാ..."എന്നിൽ നിന്നും ഉയർന്ന ആ ശബ്ദത്തിൽ അച്ഛനും അമ്മയും ഞെട്ടി.. ഇത്രയൊക്കെ സംഭവിച്ചിട്ടും വാശിയാണ് അച്ഛൻ.. എന്റെ സങ്കടമോ വേദനയോ ഒന്നുമല്ല... "എനിക്ക് ഇനി ഒരു കല്യാണം വേണ്ട.. നിർത്തി വെച്ച പഠനം എനിക്ക് പൂർത്തിയാക്കണം അച്ഛാ... എന്നിട്ട് ഒരു ജോലി മേടിച്ച് ജീവിക്കണം.. നിങ്ങടെ ഇഷ്ടത്തിൻ ജീവിച്ചത് കൊണ്ടാ എനിക്കിന്ന് ഇങ്ങനെയൊരു അവസ്ഥ വന്നത്... ഇനി മതി.. എന്റെ ഇഷ്ടത്തിൻ ഞാനൊന്ന് ജീവിക്കട്ടെ..." അത്രയും പറഞ് അകത്തേക്ക് നടക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി..അച്ഛനെ എതിർത്ത് ഇത് വരെ സംസാരിച്ചിട്ടില്ല.. പക്ഷെ ഇനി എനിക്കതിൻ സാധിക്കില്ല.. എന്തോ എല്ലാത്തിനോടും വല്ലാത്ത വാശി തോന്നി അവൾക്ക്....! തിരിഞ്ഞ് മുറിയിലേക്ക് കയറിയതും നേരേ കണ്ണ് ചെന്ന് പതിച്ചത് ടേബിളിൽ ഇരിക്കുന്ന ഫോട്ടോയിലേക്ക് ആയിരുന്നു...തലയാകെ പെരുക്കുന്ന പോലെ തോന്നി സാതിക്ക്.. തനിക്കരിക്കിൽ നിൽക്കുന്ന വിഷ്ണുവിന്റെ ഫോട്ടോ തന്നെ നോക്കി പുച്ഛിക്കുന്നതായി തോന്നിയതും ദേഷ്യത്തിൽ അതെടുത്തവൾ അലമാറ തുറന്ന് ഉള്ളിലേക്ക് വെച്ചടച്ചു...

കിതച്ചു കൊണ്ട് തിരിഞ്ഞ് നിൽകുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... ** രാവിലെ തന്നെ മാറ്റി ഒരുങ്ങി പുറത്തേക്ക് പോകാൻ നിൽക്കുന്ന സാതിയെ കണ്ട് അമ്മ ഞെട്ടിയിരുന്നു.... "നീ എങ്ങോട്ടാ സാതി ഈ രാവിലെ തന്നെ..." "അഡ്മിഷന്റെ കാര്യം ശെരിയാക്കണം.. ഞാൻ പഠിച്ച കോളേജിൽ തന്നെയാണ്.." "നീ എന്ത് ഭാവിച്ചിട്ടാണ് പെണ്ണേ.. ഇവിടെ ഡിഗ്രി വരെ നിന്നെ പഠിപ്പിക്കാൻ ഞങ്ങൾ പെട്ട കഷ്ടപ്പാട് ഞങ്ങൾക്കേ അറിയൂ..അച്ഛനിതിൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. അതുമല്ല ഇവിടെ നിന്നെ പഠിപ്പിക്കാൻ പണമൊന്നും ഇല്ല... ഉള്ളതൊക്കെ നിന്റെ കല്യാണത്തിൻ കൊടുത്ത് തീർത്തു.." മുന്നോട്ട് വെക്കാൻ തുടങ്ങിയ സാതിയുടെ കാലുകൾ അവസാനത്തെ വാക്കുകൾ കേട്ട് നിശ്ചലമായി.. പൊട്ടിയൊഴുകാൻ തുടങ്ങിയ കണ്ണീരിനെ ശാസിച്ചു നിർത്തിക്കൊണ്ട് അവൾ അമ്മക്ക് നേരേ തിരിഞ്ഞു...

"അതിനെക്കുറിച്ചോർത്ത് നിങ്ങൾ പേടിക്കേണ്ട.. അച്ഛന്റെ കയ്യിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും എനിക്ക് വേണ്ട.. എനിക്ക് വേണ്ടത് ഞാൻ തന്നെ എങ്ങനെയെങ്കിലും സമ്പാദിച്ചോളാം.." അത്രയും പറഞ് മുന്നോട്ട് നടക്കുമ്പോൾ ഉള്ളിൽ എങ്ങനെ എന്ന ചോദ്യം ഉയർന്നിരുന്നു.. വാശിക്ക് പറഞ്ഞു പോയതാണ്... എന്നാലും എങ്ങനെയെങ്കിലും പണമുണ്ടാക്കിയേ തീരൂ... പോകുന്ന വഴിക്ക് അറിയുന്നവരുടെയെല്ലാം സഹതാപത്തോടെയുള്ള നോട്ടം കണ്ട് അവൾക്ക് ആകെ ദേഷ്യം വന്നിരുന്നു... ബസ്സിലേക്ക് കയറിയതും ഒഴിവ് കണ്ട സീറ്റിൽ ചെന്നിരുന്നു... പുറത്തേക്ക് ദൃഷ്ടി പതിപ്പിച്ച് ഇരിക്കവേ അടുത്താരുടെയോ സാന്നിധ്യം അറിഞ് തല ചെരിച്ച് നോക്കിയതും അടുത്ത വീട്ടിലെ മാലതി ചേച്ചിയെ കണ്ടതും അവൾ ഞെട്ടി... വേഗം മിഴികൾ മാറ്റി പുറത്തേക്ക് നോക്കിയിരുന്നപ്പോഴേക്കും അവരുടെ ചോദ്യം കാതിലേക്ക് ഇരച്ചെത്തിയിരുന്നു...

"ആഹാ... ഇതാര്.. സാതിയോ.. അല്ല ഭർത്താവും തമ്മിൽ ഡിവോഴ്സ് ആയെന്ന് കേട്ടല്ലോ..എന്താ മോളേ ശെരിക്ക് സംഭവിച്ചത്..?" ഉള്ളിലുയർന്ന ദേഷ്യത്തെയും സങ്കടത്തേയും അടക്കി നിർത്തിയവൾ അവരെ നോക്കി പുഞ്ചിരിച്ചു... "അത് ചേച്ചി.. ആൾടെ സ്വഭാവം അത്ര നല്ലതല്ല..അതാ.." "ഓഹ് അങ്ങനെ അല്ല... സാരല്ല.. എന്ത് ചെയ്യാനാ വിധി അല്ലേ... എന്നാലും ഇനിയൊരു കല്യാണം കഴിക്കാൻ നിനക്ക് പറ്റുമോ.. അവൻ എത്രവേണേലും പറ്റും.. പക്ഷെ ഒരു രണ്ടാം കെട്ടുകാരിയായ മോളെ കെട്ടാൻ ആരെങ്കിലും വരുമോ..?" അവരുടെ സംസാരം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയെന്നതിന്റെ ഫലമായി അവളുടെ മിഴികൾ നിറഞ്ഞൊഴുകി.. പെട്ടെന്ന് ബസ് നിന്നതും ഒരു ഞെട്ടലോടെ കണ്ണ് തുടച്ച ശേഷം സീറ്റിൽ നിന്ന് എഴുനേറ്റ് അവരെ മറികടന്ന് വേഗത്തിൽ ബസ്സിൽ നിന്നിറങ്ങി.... ബാഗിൽ വെച്ചിരുന്ന മാസ്ക് എടുത്ത് അണിയുമ്പോൾ അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു... എങ്ങനെയൊക്കെയോ മനസ്സിനെ ശാസിച്ച് നിർത്തി അവൾ മുന്നോട്ട് നടന്നു.... ___

വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ ഉമ്മറത്ത് കലി തുള്ളി നിൽക്കുന്ന അച്ഛനെ കണ്ടിട്ടും കാണാത്ത മട്ടേ അകത്തേക്ക് കയറാൻ തുടങ്ങിയതും അയാളുടെ വിളി അവളുടെ കാലുകളെ നിശ്ചലമാക്കിയിരുന്നു... "എന്താ അച്ഛാ..."ന്ന് തിരിഞ്ഞ് അയാളെ നോക്കി ചോദിച്ചു... "നാളെ ഒരു കൂട്ടര് നിന്നെ കാണാൻ വരും.. മാറ്റി ഒരുങ്ങി നിന്നേക്കണം.." "അച്ഛാ...."അവളിൽ നിന്ന് ഒരു ഞെട്ടൽ ഉയർന്നതോടൊപ്പം ശബ്ദവും ഉയർന്നു... "നിനക്കിനിയും പഠിക്കണം എന്നുള്ള കാര്യം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.. അതിന് സമ്മതമാണെന്ന് അവരും പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് ഇനിയിതിൻ എതിർക്കാൻ നോക്കണ്ട.." അവളെ തറപ്പിച്ചു നോക്കി പറഞ്ഞയാൾ അകത്തേക്ക് പോയതും അവൾ തറഞ്ഞു നിന്നു.... °°°°° "സാതി... അവര് വന്നു..." മുറിയിലേക്ക് കയറി വന്ന് അമ്മ പറഞ്ഞത് കേട്ടാണവൾ അവരെ നോക്കിയത്... ഒന്നും മിണ്ടാതെ എഴുനേറ്റ് പുറത്തേക്ക് നടക്കുമ്പോൾ മനസ്സിലെന്തെക്കെയോ അവൾ ഉറപ്പിച്ചിരുന്നു...

അമ്മ തന്ന ട്രേയും കയ്യിൽ പിടിച്ച് ഹാളിലേക്ക് അവൾ നടന്നു... എല്ലാവർക്കും ചായ കൊടുത്ത ശേഷം കാണാൻ വന്ന പയ്യനെ നോക്കി അവൾ പുഞ്ചിരിച്ചു.... "ചേട്ടൻ എല്ലാം അറിഞ് വന്നതല്ലേ.. ഒരു രണ്ടാം കെട്ടുകാരിയെ കെട്ടാൻ സമ്മതിച്ച ചേട്ടന്റെ മനസ്സ് വലിയത് തന്നെയാ..." വായിലേക്ക് വെച്ച കപ്പ്‌ ഞെട്ടലോടെ പിറകോട്ട് മാറ്റിയവൻ അവളെ ഞെട്ടലോടെ നോക്കി... എല്ലാവരും അതേ ഞെട്ടലിൽ തന്നെയായിരുന്നു... അവളിൽ നിന്നും അത്തരം ഒന്ന് പ്രതീക്ഷിക്കാതിരുന്ന അച്ഛന്റെ മുഖം ദേഷ്യത്താൽ വരിഞ്ഞു മുറുകി... അമ്മയുടെ കൂർപ്പിച്ചുള്ള നോട്ടം അവഗണിച്ച് അകത്തേക്ക് നടക്കുമ്പോൾ കേട്ടിരുന്നു അച്ഛനും അവരും തമ്മിലുള്ള വാക്ക് തർക്കം... കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും സാതി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി...

ഹാളിലേക്ക് ചെന്നതും സോഫയിൽ ഇരിക്കുന്ന അച്ഛനെ കണ്ടവൾ അടുത്തേക്ക് ചെന്നു... "അപ്പോ അവരെ ഒന്നും അറിയിക്കാതെ എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ ആയിരുന്നല്ലേ അച്ഛൻ തീരുമാനിച്ചത്..." "എന്താടി അസത്തേ പറഞ്ഞത്...വന്ന ആലോചന മുടക്കിയതും പോരാ.. എന്നെ എതിർത്താ അവളുടെ സംസാരം.." ഇരുന്നിടത്ത് നിന്നും എഴുനേറ്റ് അവൾക്ക് നേരേ കയ്യോങ്ങിയതും.. "അച്ഛാ..."എന്ന അലർച്ച കേട്ട് ഞെട്ടലോടെ കൈകൾ താഴ്ത്തി നോക്കി... "ഏട്ടാ...." ഉച്ചത്തിൽ വിളിച്ചു കൊണ്ട് സാതി വാതിലിനടുത്തേക്ക് ഓടി... തുടരും.. പുതിയ സ്റ്റോറി ആണ്...അഭിപ്രായം പറയണേ..

Share this story