എൻകാതലീ: ഭാഗം 103

enkathalee

രചന: ANSIYA SHERY

"പനി പിടിച്ച് വീട്ടിൽ കിടന്നിരുന്നവൻ എപ്പോഴാ അലക്സേ നിന്റെ വീട്ടിലെത്തിയത്.."

മറുപടിയില്ലാതെ നിശബ്ദനായവൻ.. ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു കൊണ്ടിരുന്നു.
അവനാകരുതേ എന്ന് മനസ്സ് ഓരോ നിമിഷവും കൊതിച്ചു കൊണ്ടിരുന്നു.

"നീയെന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്... അത് കൊണ്ടല്ലേ അർണവിനെ എല്ലാവരും ഇപ്പോൾ സംശയിക്കുന്നത്.."

ആലിയെ തറപ്പിച്ചു നോക്കിയവൻ പറഞ്ഞതും നിറഞ്ഞ കണ്ണുകൾ അവൾ താഴ്ത്തി. ദേഷ്യത്തോടെ ദിയാൻ അവന്റെ കോളറിൽ പിടിച്ചു.


"നിന്നോട് ഞാൻ ഒരു തവണ പറഞ്ഞു.. ലിയയെ കുറ്റക്കാരിയാക്കരുത്. അവളെങ്ങനെയൊരു സംശയം മുന്നോട്ട് വെച്ചില്ലായിരുന്നു എങ്കിൽ ഇപ്പോഴും അർണവിനെ കുറിച്ചുള്ള സത്യങ്ങൾ മറഞ്ഞു കിടക്കുമായിരുന്നു.."


അലക്സ് പുച്ഛത്തോടെ മുഖം തിരിച്ചു.
അർണവിനെ കുറിച്ച് അങ്ങനെ ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല അവൻ..
അമ്മയോട് പറഞ്ഞ കള്ളങ്ങളിലും അവനെന്തെങ്കിലും ന്യായം ഉണ്ടാകും എന്നവൻ വിശ്വസിച്ചു.


"സാതിയെ അവൻ കാണുന്നത് പെങ്ങളെ പോലെയാണ്. ആ അവളോട് അവനെന്തിൻ ഇങ്ങനെ ചെയ്യണം.
അതും അല്ല.. മമ്മ മരിച്ചപ്പോഴും പപ്പ അകന്നപ്പോഴും തനിച്ചായ ഈ അലക്സിന് കൂട്ടായുണ്ടായിരുന്നത് അവൻ മാത്രമായിരുന്നു. അല്ലാതെ ഇന്നലെ വന്നു കയറിയ നിങ്ങളല്ല.."

അലർച്ചയോടെ പറഞ്ഞു നിർത്തിയവനെ കാണെ കരഞ്ഞു കൊണ്ട് ആലി അനുവിനെ പിടിച്ചു.

തന്നെ പെങ്ങളായി കണ്ടെന്ന് പറഞ്ഞതെല്ലാം വെറുതെയായിരുന്നോ.. ആ മനസ്സിൽ തന്നോട് ഒരു സ്നേഹവും ഇല്ല...
അവന്റെ ഓരോ വാക്കുകളും അവളെ തളർത്തി.
വെറുപ്പോടെ തന്നിലേക്ക് വന്നു നീളുന്ന അവന്റെ മിഴികളും ഇന്നലെ വന്നു കയറിയവരെന്ന വാക്കുകളും അവളെ വല്ലാതെ വേദനിപ്പിച്ചു.!


"ഒന്നും ഇപ്പൊ പറയേണ്ടെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ.."
ദിയാനെ നോക്കിയവൾ ചോദിച്ചതും മറുപടിയില്ലാതെ അവൻ ആരവിനെ നോക്കി.


"നിനക്കിപ്പോഴും സത്യം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. നിന്നോടിപ്പോ ഒന്നും പറയാതെ നേരിട്ട് കാണിച്ചു തരാം എന്നായിരുന്നു ആദ്യം ചിന്തിച്ചത്. പക്ഷെ പ്രതീക്ഷിക്കാതെ നീ അവനെ കാണുമ്പോൾ തകർന്നു പോകും എന്ന് കരുതി മാത്രമാണ് ഇപ്പോഴേ ഒരു സൂചന തന്നത്.
വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും നിന്റെ ഇഷ്ടം.
പക്ഷെ, സത്യം ഇതാണ്.
കണ്ണുകളും കാതുകളും നിനക്കത് ഉടനേ തന്നെ കാണിച്ചു തരും.."

ആരവ് പറയുന്നത് കേൾക്കേ ഇതെല്ലാം സത്യമാണ് എന്നവനും ഒരുവേള തോന്നി.
പക്ഷെ അപ്പോഴൊക്കെ തോളിൽ കൈ ഇട്ട് നിൽക്കുന്നവന്റെ മുഖം തെളിഞ്ഞു വന്നു. മനസ്സപ്പോൾ പൂർണ്ണമായും അതിനോട് യോജിക്കാത്ത പോലെ..


"സാതിയിപ്പോൾ ഏത് അവസ്ഥയിൽ ആണെന്ന് അറിയില്ല.. നമുക്കെത്രയും പെട്ടെന്ന് അവിടേക്ക് പോകണം"
അനുവിന്റെ വാക്കുകൾക്ക് ദിയാനൊന്ന് മൂളി.

"അലക്സ്.. നീയിപ്പോൾ ഒന്നും വിശ്വസിക്കണ്ട.. പക്ഷെ,
ഞങ്ങളുടെ കൂടെ വരണം.
അർണവിന്റെ ലൊക്കേഷൻ ട്രേസ് ചെയ്താണ് സ്ഥലം കണ്ടെത്തിയത്.
അവളവിടെയുണ്ടാകും.
നേരിൽ കണ്ടതിൻ ശേഷം സത്യം അംഗീകരിച്ചാൽ മതി.."


****


ആരവ് കാർ നിർത്തിയ നിമിഷം അലക്സ് പുറത്തൊന്നാകെ മിഴികൾ പായിച്ചു.

അവിടെ ഒന്നോ രണ്ടോ ഭാഗങ്ങളിൽ മാത്രമേ വീടുണ്ടായിരുന്നുള്ളു.
എല്ലാവരും കാറിൽ നിന്നിറങ്ങി ചുറ്റുമൊന്ന് നോക്കി.

അനുവിനോടും ആലിയോടും വരേണ്ടെന്ന് ദിയാൻ തറപ്പിച്ചു പറഞ്ഞെങ്കിലും അവളുടെ വാശിയിൽ അവൻ സമ്മതിക്കേണ്ടി വന്നു. അതുമല്ല അവൻ കൂടെയുണ്ടെന്ന വിശ്വാസത്തിന്റെ പേരിൽ ആലിയുടെ ഉമ്മയും സമ്മതം അറിയിച്ചപ്പോൾ പിന്നെയവൻ എതിർത്ത് പറയാൻ സാധിച്ചില്ല.


ഫോണിലെ ലൊക്കേഷനിൽ കാണിച്ച സ്ഥലമവൻ നോക്കി.

"സ്ഥലം ഇവിടെ തന്നെയാണ്. പക്ഷെ കറക്റ്റ് ആയിട്ട് അത് വീടാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് കാണിക്കുന്നില്ല.. ഇനി എന്ത് ചെയ്യും..?"

ആശങ്കയോടെ പറഞ്ഞവൻ..
ചുറ്റിലും മിഴികൾ പായിക്കവേ ചെറിയൊരു പെട്ടിക്കട കണ്ണിൽ പതിഞ്ഞതും ആലിയവിടേക്ക് നടന്നു.

അവളുടെ പോക്ക് കണ്ട ദിയാൻ പെട്ടെന്ന് തന്നെ പിറകെയോടി.

"നീ എങ്ങോട്ടാടീ പായുന്നേ..?"
അവളുടെ കയ്യിൽ പിടിച്ച് ദേഷ്യത്തിൽ അവൻ ചോദിച്ചതും മറുപടി പറയാതെ ആ പെട്ടിക്കടക്ക് മുന്നിൽ ചെന്ന് നിന്നു.


"ചേട്ടാ ഇവിടടുത്ത് വീടല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ..?  കെട്ടിടമോ ഫാക്ടറിയോ അങ്ങനെ എന്തെങ്കിലും..?"

ഇവളിതെന്താ പറയുന്നതെന്ന് ഓർത്ത് ദിയാൻ സംശയിച്ചു.


"അങ്ങനിപ്പോ ഒന്ന്.. ഇവിടെ അങ്ങനൊരു സ്ഥാപനവും ഇല്ല മോളെ.. വീടുകൾ തന്നെ കണ്ടില്ലേ.. കുറച്ചേയുള്ളൂ.
ആ ഇവിടെയൊക്കെ ആര് കെട്ടിടം പണിയാനാ.. ഇതിലൂടെ വരുന്ന മനുഷ്യർ തന്നെ കുറവാ.. അങ്ങനെയുള്ളവരിവിടുന്ന് സാധനം വാങ്ങിയിട്ട് വേണം ജീവിക്കാൻ തന്നെ.."


ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു നിർത്തിയതും ഒന്നും മിണ്ടാതെയവൾ തിരിഞ്ഞു നടന്നു.

"ഒന്ന് നിന്നേ മോളേ...."
പെട്ടെന്നെന്തോ ഓർത്ത വണ്ണം അയാൾ വിളിച്ചതും പ്രതീക്ഷയോടെ ആലി തിരിഞ്ഞു നോക്കി.


"ഇവിടൊരു മരമില്ല് ഉണ്ട്.. പഴയതാ..
ആരും ഉപയോഗിക്കാറൊന്നുമില്ല..
കുറേ കാലത്തിൻ ശേഷം രണ്ട് ദിവസം മുമ്പാണ് ആ ഭാഗത്തേക്ക് ആൾ പോകുന്നത് തന്നെ കണ്ടത്.
ഉടമസ്ഥർ വല്ലതും ആകും..
ആ കാണുന്ന ഇട വഴി നടന്നാൽ കാണാം"

ആലിയുടെ കണ്ണുകൾ തിളങ്ങി. അത് അർണവ് ആയിരിക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. അയാളോട് നന്ദിയും പറഞ് ദിയാന്റെ കയ്യും പിടിച്ച് നടന്നു.


"നിങ്ങളെവിടെ പോയതാ?"

"സ്ഥലം കിട്ടി.. ഈ ഇടവഴി കടന്നാൽ ഒരു മരമില്ല് ഉണ്ട്.. എന്റെ മനസ്സ് പറയുന്നു...
സാതി അവിടെ ഉണ്ടാകുമെന്ന്.."


"അതെന്താ നിനക്കിത്ര ഉറപ്പ്.."
ദിയാന്റെ ചോദ്യത്തിന് അവൾ അവനെ തറപ്പിച്ചു നോക്കി.

"സാറും കേട്ടതല്ലേ ആ കടക്കാരൻ പറഞ്ഞത്..? ഇപ്പൊ അത് വിശ്വസിച്ച് മുന്നോട്ട് പോകുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക മാർഗം..."

"വാ നോക്കാം നമുക്ക്..."
ആരവ് പറഞ്ഞതും എല്ലാവരും ആ ഇടവഴിയിലേക്ക് നടന്നു.

ഒന്നും മിണ്ടാതെ നിൽക്കുന്ന അലക്സിനെ ആലി നോക്കി.
സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാതെ ഉഴറി കിടക്കുവാണ് അവന്റെ മനസ്സെന്ന് അവൾക്ക് തോന്നി.

കുറച്ചധികം ദൂരമുണ്ടായിരുന്നു ഇട വഴിയിലൂടെ നടക്കാൻ.. അത് കടന്നതും ചുറ്റും മിഴികൾ ഓടിച്ചു. കണ്ണുകളിൽ ആ മരമില്ല് പതിഞ്ഞതും എല്ലാവരെയും വിളിച്ച് ആരവ് അത് കാണിച്ചു കൊടുത്തു.

ഇരു വശത്തും പറമ്പാണ്.
അടുത്തായി ഒരു വീട് പോലുമില്ല.
ഫ്രന്റിലൂടെ കയറാൻ പോയ അലക്സിനെ ദിയാൻ തടഞ്ഞു.


"അവരിവിടെ ഉണ്ടെങ്കിൽ മുന്നിലൂടെ പോകുന്നത് ആപത്താണ്. കുറച്ച് നേരം കൂടെ കഴിഞ്ഞാൽ ഇരുട്ടാകും. അത് വരെ നമുക്കെവിടെയെങ്കിലും ഒളിഞ്ഞു നിന്നേ തീരൂ.."

"വാട്ട്.. സന്ധ്യ വരെയോ..? നോ.. എനിക്കതിൻ സാധിക്കില്ല.."
അലക്സ് ശബ്ദമുയർത്തി പറഞ്ഞതും ദിയാൻ അവനെ ദേഷ്യത്തിൽ നോക്കി.


"അത് വരെ നമുക്ക് കാത്തിരുന്നേ പറ്റു അലക്സ്.. നമ്മൾ ഇപ്പോഴങ്ങോട്ട് ചെന്നാൽ സാഹചര്യം വശളാകുകയേ ഉള്ളു.. ചിലപ്പോഴവർ ഓടി രക്ഷപ്പെടാം. നിനക്ക് കാണണ്ടേ വിഷ്ണുവിന്റെ കൂടെ കൂടി സാതിയെ കടത്തിക്കൊണ്ടു പോയവനെ..."

ദിയാന്റെ വാക്കുകളിൽ അവൻ അടങ്ങി.  സന്ധ്യയാകും വരെ അടുത്തുള്ള പറമ്പിൽ അവര് ഒളിഞ്ഞു നിന്നു.

ആ സമയത്താണ് ഇട വഴി കടന്ന് ആ മരമില്ലിനകത്തേക്ക് നടന്നു പോയവനെ അലക്സ് കണ്ടത്.
മിഴികളിൽ പകപ്പ് നിറഞ്ഞു.
വീണു പോകാതിരിക്കാനായി ദിയാന്റെ ചുമലിൽ അവൻ മുറുകെ പിടിച്ചു.


"അ... അർണവ്..."
വിശ്വസിക്കാൻ കഴിയാതെ തരിച്ചു നിന്നുവൻ അറിയാതെ തന്നെ ആ പേര് ഉച്ചരിച്ചു പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story