എൻകാതലീ: ഭാഗം 104

enkathalee

രചന: ANSIYA SHERY

വെറും മണ്ണിൽ നിറഞ്ഞ മിഴികളോടെ ഇരിക്കുന്നവനെ നോക്കി അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കയ്യിലൊരു പിടി വീണത്.
തല ചെരിച്ചു നോക്കി.
ദിയാൻ ആണെന്ന് കണ്ടതും അവളവനെ നോക്കി വേദനയോടെ അലക്സിലേക്ക് മിഴികൾ പായിച്ചു.

"ഇച്ചായൻ..."

"നമ്മൾ പറഞ്ഞതെല്ലാം സത്യം തന്നെയാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഷോക്കാണ് അവൻ... കുറച്ചു നേരം തനിച്ചിരിക്കട്ടെ.."


"എന്നാലും അർണവേട്ടൻ ഇച്ചായനോട് എന്താ ഇത്ര ദേഷ്യം..?"

കയ്യിലെ പിടി മുറുകിയത് അറിഞ്ഞപ്പോഴാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്.
പെട്ടെന്നവൻ അവളെ വലിച്ച് അടുത്തുള്ള മരത്തോട് ചേർത്ത് ഇരു വശത്തും കൈ കുത്തി നിന്നതും മിഴിഞ്ഞ കണ്ണുകളോടെ ആലിയവനെ നോക്കി.

"സാ... സാർ..."


"ഒന്ന് നിർത്തുന്നുണ്ടോ..?"
അവൻ അലറിയതും അവൾ പകച്ചവനെ നോക്കി.


"കണ്ട നാൾ മുതൽ തുടങ്ങിയതാ നിന്റൊരു സാർ വിളി.. അതേ.. ഞാൻ നിന്റെ സാർ തന്നെയാ.. അത് കോളേജിൽ മാത്രം.. പുറത്ത് നീയെന്റെ പെണ്ണാ.. എന്നിട്ടും വിളിക്കുന്നത് സാർ എന്ന്.. ഇപ്പൊ ഇവിടെ പ്രശ്നമുണ്ടാക്കിയ ആ ചെറ്റയേയോ അർണവേട്ടൻ എന്നും."

ദേഷ്യത്തോടെ പറയുന്നവനെ അവൾ പേടിയോടെ നോക്കി.

"എന്താടീ നിനക്കൊന്നും പറയാനില്ലേ..?"

"അത്..  ഞാൻ...ശീലമായിപ്പോയിട്ടാ..."


"എന്നാൽ ഇനി ആ ശീലം അങ്ങ് മാറ്റിക്കോ.. വേണമെങ്കിൽ എന്റെ പേര് വിളിച്ചോ.. പക്ഷെ സാർ വിളി വേണ്ട.."

"അത്.. സാർ... ഞാൻ.."
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ബോധം വന്നത്.


"ദാ പിന്നേം... ഞാനെന്താ നിന്നെ ചെയ്യണ്ടേ.."
മരത്തിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചവൻ  ചോദിച്ചതും ആലി ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി.


"ഇവിടിത്രേം പ്രശ്നം നടക്കുമ്പോ നിങ്ങളിവിടെ റൊമാൻസിച്ചോണ്ട് ഇരിക്കുവാണോ.."


പിറകിൽ നിന്ന് അനുവിന്റെ ശബ്ദം കേട്ടതും ദിയാൻ പെട്ടെന്ന് അവളിൽ നിന്ന് അകന്നു മാറി.

ആലി പെട്ടെന്ന് അവിടെ നിന്ന് മാറി നിന്നു.


"നമുക്ക് അങ്ങോട്ട് പോയി നോക്കിയാലോ.. ഇരുട്ട് വീണില്ലേ..?"

അലക്സിന്റെ ശബ്ദം കേട്ടതും മൂവരും അവനെ നോക്കി. പ്രത്യേകിച്ചൊരു ഭാവവുമില്ലാതെ നിൽക്കുന്നവനെ കാണവേ വേദന തോന്നി.


"അലക്സ്...  നീ ഓക്കെയാണോ..?"
ദിയാന്റെ ചോദ്യത്തിന് മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു.


"നൗ.. ആം  ഓക്കേ... വേദനയുണ്ട്.. പക്ഷെ സത്യം സത്യമല്ലാതാകില്ലല്ലോ..
അതും ഓർത്തിരിക്കുന്ന നിമിഷം മുഴുവൻ സാതിയുടെ ജീവൻ അവിടെ അപകടത്തിലാണ്.. എനിക്കവളെ രക്ഷിച്ചേ തീരൂ..."

അതും പറഞ് അവിടെ നിന്നിറങ്ങിയവൻ മില്ലിന്റെ പിറക് വശത്തേക്ക് നടന്നതും മറുത്തൊന്നും ചിന്തിക്കാതെ അവരും പിറകെ നടന്നു.

നിലാവിന്റെ നേരിയൊരു വെട്ടം മാത്രമാണ് അവിടെ പതിഞ്ഞത്.
അതിനാൽ തന്നെ ഓരോ ചുവടുകളും മുന്നോട്ട് വെക്കുമ്പോൾ ഒന്നിലും തട്ടാതിരിക്കാനും ശബ്ദമുണ്ടാക്കാതിരിക്കാനും അവർ ശ്രമിച്ചു.


ഒടുവിൽ പാതി തുറന്നിട്ട ജനലിനരികിലൂടെ അരിച്ചെത്തുന്ന വെളിച്ചം കണ്ടവൻ അതിനടുത്ത് ചുമരോട് ചാരി നിന്നു.

അവരോട് അത്രയൊക്കെ പറഞ്ഞെങ്കിലും അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
അർണവിന്റെ പ്രവർത്തി അവന്റെ ഹൃദയത്തെ വല്ലാതെ മുറിവേൽപിച്ചു.
പക്ഷെ, അവനെന്തിന് ഇത് ചെയ്തു എന്നൊരു ചോദ്യം മാത്രം അവനിൽ ബാക്കി നിന്നു.


"അകത്ത് ആരെങ്കിലും ഉണ്ടോ..?"
പതിഞ ശബ്ദത്തിലുള്ള ആലിയുടെ സ്വരമാണവനെ ചിന്തകളിൽ നിന്നുണർത്തിയത്.
അവളെയൊന്ന് നോക്കിയവൻ പിടക്കുന്ന ഹൃദയത്തോടെ ആ ജനലിനുള്ളിലൂടെ അകത്തേക്ക് മിഴികൾ പായിച്ചു.

ചുറ്റും മിഴികൾ പായിക്കവേ ചെയറിൽ ബന്ധിച്ചിരിക്കുന്ന രൂപത്തെ കണ്ടവന്റെ നെറ്റി ചുളിഞ്ഞു.
അത് സാതിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം പകച്ച മിഴികളോടെ അലറാനായി വാ തുറന്നവന്റെ വായിൽ കൈ വെച്ചു കൊണ്ട് ദിയാൻ അവനെ പിറകിലേക്ക് വലിച്ചു.

നിറഞ്ഞ കണ്ണുകളോടെ അലക്സ് അവനെ നോക്കി.

"ന്റെ.. ന്റെ പെണ്ണ്.. അവിടെ... എനിക്കവളെ രക്ഷിക്കണം.."
വെപ്രാളത്തോടെ പറഞ്ഞവന്റെ ഷോൾഡറിൽ അവൻ തട്ടി.


"കൂൾ അലക്സ്... ഇപ്പൊ അടങ്ങി നിന്നേ തീരൂ.. എന്തിനവൻ ഇങ്ങനെ ചെയ്തു എന്ന് നമുക്കറിയണം. അത് വരെ കാത്തിരിക്കണം"
മറുപടി നൽകാതെയവൻ ചുമരിൽ ചാരി നിന്നു. മനസ്സിൽ മുഴുവൻ അവളായിരുന്നു.. അവന്റെ സ്വാതി..


അകത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. വെപ്രാളത്തോടെ അവൻ അകത്തേക്ക് നോക്കി.

വാതിൽ തുറന്നകത്തേക്ക് വന്ന വിഷ്ണുവിനെ കണ്ടവന്റെ ഞരമ്പുകൾ ചുവന്നു. മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചവൻ അകത്ത് നിന്നുയരുന്ന ശബ്ദങ്ങൾക്കായി കാതോർത്തു.


-----------


"ഹേയ്.. വേക്ക് അപ്പ് സാതീ..
എന്തുറക്കാ ഇത്..."

കവിളിൽ തട്ടിയുള്ള വിളി കേട്ട് സാതി കണ്ണ് തുറന്നു. കണ്ണുകൾക്ക് ഇപ്പോഴും വല്ലാത്ത മയക്കം ബാധിച്ച പോലെ..

കണ്ണുകൾ മുഴുവനായി തുറന്നതും മുഖത്തോട് ചേർന്നു നിൽക്കുന്ന വിഷ്ണുവിനെ കണ്ടതും ദേഷ്യത്തോടെ  പിറകിലേക്ക് നീങ്ങി.അതിനിത്തിരി ശക്തി കൂടിയത് കൊണ്ട് തന്നെ ചെയർ മറിഞ് പിറകിലേക്ക് വീഴാൻ ആയി പോയതും വിഷ്ണു ആ ചെയറിൽ പിടിച്ച് നേരെ നിർത്തിയിരുന്നു.

"ഹേയ്.. എന്താ സാതീ ഇത്.. ഇത്തിരി ശ്രദ്ധ വേണ്ടേ.."
ചിരിയോടെ പറഞ്ഞവനെ അവൾ തുറിച്ചു നോക്കി.


"മ്മ്.. ഇത് വരെ ഒന്നും കഴിച്ചിട്ടില്ലല്ലോ.. പട്ടിണി കിടന്ന് എന്തായാലും ചാവാൻ അനുവദിക്കില്ല. ഞാൻ ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്. അത് കഴിക്കണം. കഴിച്ചേ തീരൂ.."

"കെട്ടി വെച്ച കൈ ഉപയോഗിച്ച് ഞാൻ എങ്ങനെ കഴിക്കാനാടാ.."

അത് കേട്ടതും ഒന്ന് ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നവൻ അവളുടെ കയ്യിലെ കെട്ടഴിച്ചു.
പിറകിലേക്ക് അവനെ തള്ളാൻ ആയി പോയതും അവനാ കയ്യിൽ പിടിത്തമിട്ടിരുന്നു.


"എന്നെ തള്ളിയിട്ട് രക്ഷപ്പെടാം എന്നാണെങ്കിൽ ആഗ്രഹം ഉള്ളിൽ വെച്ചാ മതി. നീ ഇറങ്ങി ഓടിയാലും പുറത്ത് അർണവ് നിന്നേ പിടിക്കും. അടങ്ങി ഇരുന്ന് കഴിക്കെടീ.."

അലർച്ചയോടെ പറഞ്ഞവൻ കൊണ്ട് വന്ന പാത്രം അവളുടെ കയ്യിൽ വെച്ച് കൊടുത്തു.
നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് തന്നെ മറുത്തൊന്നും പറയാതെ അവളാ ഭക്ഷണം ആർത്തിയോടെ കഴിച്ചു.

ആ കാഴ്ച കണ്ട അലക്സ് വേദനയോടെ ദിയാന്റെ ഷോൾഡറിൽ മുഖം അമർത്തി.
അവളുടെ കഴിപ്പ് കണ്ടാൽ തന്നെ അറിയാമായിരുന്നു കാണാതയതിൽ പിന്നെ അവളിത് വരെ ഒന്നും കഴിച്ചിട്ടില്ലെന്ന്..!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story