എൻകാതലീ: ഭാഗം 106

enkathalee

രചന: ANSIYA SHERY

ടൂർണമെന്റ് ജയിച്ചതിന്റെ സന്തോഷത്തിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് വലിയൊരു പാർട്ടി നടത്തിയിരുന്നു അന്ന്...

അതിന്റെ ആഘോഷങ്ങൾക്കിടയിൽ ആടിത്തിമിർക്കുമ്പോഴാണ് ഒരു പെൺകുട്ടി തന്റെ അടുത്തേക്ക് വന്നത്.


"എനിക്ക്  ഒരു കാര്യം പറയാനുണ്ട്.."

നെറ്റി ചുളിഞ്ഞെങ്കിലും ചുണ്ടിലെ പുഞ്ചിരിയോടെ അലക്സ് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി.

"പറഞ്ഞോളൂ.."

"ഒരിക്കെ ടീവിയിലാണ് ഞാൻ ആദ്യമായി നിങ്ങടെ കളി കാണുന്നത്. പിന്നെ പിന്നെ എന്നും ടീവിക്ക് മുന്നിലിരിപ്പായി. അവസാനം അതെപ്പോഴോ പ്രണയമായി മാറി. ഇന്നിവിടെ ഇങ്ങനൊരു പാർട്ടി നടക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നിങ്ങളെ കാണാമല്ലോ എന്നോർത്താണ് വന്നത്. എനിക്കൊത്തിരി ഇഷ്ടാണ്. ഐ ലൗ യൂ..."

പ്രതീക്ഷിച്ചതായത് കൊണ്ട് തന്നെ ഞെട്ടൽ ഒന്നും ഉണ്ടായില്ല. പുഞ്ചിരിയോടെ തന്നെ ആ കുട്ടിയോട് നന്ദി പറയുകയും ആ പ്രൊപ്പോസൽ നിരസിക്കുകയും ചെയ്തു.
ആ കുട്ടി അത് മനസ്സിലാക്കും എന്നാണ് കരുതിയത്.
പക്ഷെ, പ്രതീക്ഷക്ക് വിപരീതമായി അത്രയും നേരം ശാന്തമായി നിന്നിരുന്നവൾ താൻ അവളുടെ പ്രണയം അംഗീകരിക്കണമെന്ന് പറഞ് ബഹളം വെച്ചപ്പോൾ ദേഷ്യം വന്നു.
എന്നിട്ടും ആ കുട്ടിയേ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
ഓരോ നിമിഷവും വാശി കൂടുകയല്ലാതെ കുറയുന്നില്ലെന്ന് കണ്ടപ്പോൾ നിയന്ത്രണം വിട്ട് ഒന്ന് കൊടുത്തു പോയി.

കരഞ്ഞു കൊണ്ടപ്പോ ഇറങ്ങിപ്പോകുന്നത് കണ്ട് വിഷമം തോന്നിയെങ്കിലും പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ എന്ന് പറഞ് കൂടെയുള്ളവർ തന്നെ സപ്പോർട്ട് ചെയ്തപ്പോൾ ആ കാര്യം വിട്ടു പോയി.


പിറ്റേന്ന് രാവിലെ എഴുന്നേറ്റത് തന്നെക്കുറിച്ചുള്ള വാർത്ത കേട്ടിട്ടാണ്.
താനിന്നലെ തല്ലിയ ആ പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നും അതിന് കാരണക്കാരൻ താനാണെന്നും എഴുതി പതിപ്പിച്ച വാർത്ത...
ഒപ്പം താനാ കുട്ടിയെ തല്ലുന്ന ഫോട്ടോസുകളും..!

അതിനേക്കാളേറെ തന്നെ ഞെട്ടിച്ചത് കൊടുത്ത വാർത്തയിലെ കാരണങ്ങൾ കേട്ടായിരുന്നു. നടന്ന സന്ദർവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ..
ആ കുട്ടിയോടുള്ള പകയിൽ തുടങ്ങി താനവളെ പീഡിപ്പിച്ചുവെന്ന് വരെ എത്തി നിന്നു വാർത്തകൾ..!


അത്രയും കാലം തന്നെ ആരാധിച്ചിരുന്നവരും സ്നേഹിച്ചവരും എല്ലാം തന്നെ കുറ്റക്കാരനാക്കി.
കൂടെ നിന്നത് അപ്പോഴും പപ്പയും അർണവും മാത്രം..

അന്ന് രാത്രി പാർട്ടിയിൽ കൂടെയുണ്ടായിരുന്നവരോടെല്ലാം കോടതിയിൽ വന്ന് സത്യം പറയാൻ പറഞ് കാൽ പിടിച്ചെങ്കിലും കേട്ടില്ല.
അസൂയ കാരണമോ എന്തോ അവരും തന്നെ കുറ്റക്കാരനാക്കി.

തന്റെ സ്വപ്നമായിരുന്ന ഫുട്ബോൾ എന്ന ലോകത്ത് നിന്ന് തന്നെ പുറത്താക്കി.

താനും ആ പെൺകുട്ടിയും തമ്മിലുള്ള ബന്ധവും പ്രശ്നവും തെളിവ് സഹിതം  പിന്നീട് കോടതിയിൽ തെളിയിക്കുന്നതിൻ മുമ്പ് തന്നെ മനസ്സ് മരവിച്ചു പോയിരുന്നു.

പിന്നീട് വീട്ടിൽ നിന്നേ പുറത്തിറങ്ങാതായി.
മരവിച്ച മനസ്സ് പലപ്പോഴും ലോകത്തെ തന്നെ വെറുത്തു പോയി.

ഈ ലോകത്തോട് തന്നെയുള്ള വെറുപ്പ് പിന്നീട് തന്നിൽ ദേഷ്യമായി മാറി.
പിന്നീട് എല്ലാവർക്ക് മുന്നിലും സ്നേഹിക്കാൻ അറിയാത്തവനും മനസ്സ് കല്ലുള്ളവനുമായി താൻ മാറി.

സാതി തന്നിലേക്ക് കടന്നു വന്നതിന് ശേഷം ഇപ്പോഴാണ് ഒന്ന് മനസ്സറിഞ്ഞു ലോകത്തെ സ്നേഹിച്ചു തുടങ്ങിയത് തന്നെ..!


-------------


"അആഹ്ഹ..."

അർണവിന്റെ അലർച്ചയാണ് അലക്സിനെ പഴയ ഓർമ്മകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്.
മുന്നിലേക്ക് നോക്കിയതും നിലത്ത് വീണു കിടക്കുന്ന അർണവിനേയും അവൻ മുന്നിൽ കലി തുള്ളി നിൽക്കുന്ന സാതിയേയും കണ്ടവൻ പകച്ചു..!


"ആ പെണ്ണിനെ കൊന്ന് കെട്ടിത്തൂക്കിയിട്ട് ആത്മഹത്യയും അതിന്റെ കാരണക്കാരൻ എന്റെ ഇച്ചായനും. കൂടെ നടന്ന് ചതിച്ചില്ലേടാ നീ ആ മനുഷ്യനെ.."


കരഞ്ഞു കൊണ്ടവന്റെ വയറിലേക്ക് ആഞ്ഞു ചവിട്ടിക്കൊണ്ട് പറയുമ്പോൾ കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു അലക്സ്...

"അപ്പൊ അന്ന് നടന്നത് കൊലപാതകം ആയിരുന്നോ..? "

"അപ്പൊ അവൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ... "
ദിയാന്റെ ചോദ്യം കേട്ടതും അവനില്ലെന്ന് തലയാട്ടി.
പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടപ്പോൾ ചുറ്റുമുള്ളതെല്ലാം അവൻ മറന്നു പോയിരുന്നു.


"ആ കൊച്ച് ആത്മഹത്യ ചെയ്തതൊന്നും അല്ല. അതിന് നിന്നോട് പ്രണയവും ഉണ്ടായിരുന്നില്ല. നിന്നെ തളർത്താൻ വേണ്ടി പണം കൊടുത്ത് അവനിറക്കിയ ഒരാൾ. അതായിരുന്നു ആ പെൺകുട്ടി. പണത്തിൻ അത്യാവശ്യം ആയപ്പോൾ അവന്റെ കൂടെ നിന്നു. പിന്നീട് അത് തെറ്റായി തോന്നിയപ്പോൾ സത്യം നിന്നോട് തുറന്നു പറയാൻ തുടങ്ങിയപ്പോ അതറിഞ്ഞ ഇവൻ ആ കൊച്ചിനെ കെട്ടിത്തൂക്കി"


നെഞ്ചിൽ കൈ വെച്ചവൻ പിറകോട്ട് ചുവടുകൾ വെച്ചു. ഹൃദയത്തിൻ ഒന്നും താങ്ങാൻ വയ്യാ...


"നീ... നീ എങ്ങനെ കെട്ടഴിച്ചു..."
അത്ഭുതത്തോടെ ചോദിച്ച അർണവിനെ അവൾ തുറിച്ചു നോക്കി.

"ഞാനെങ്ങനെ രക്ഷപ്പെട്ടു എന്നതല്ല ഇവിടുത്തെ കാര്യം.. ഇത്രയൊക്കെ ചെയ്തിട്ട് നിനക്ക് എന്താടാ കിട്ടിയേ... സ്വന്തം കൂടെപ്പിറപ്പിനെ പോലെ വിശ്വസിച്ച് കൊണ്ട് നടന്നതെല്ലേടാ ഇച്ചായൻ നിന്നേ..."
കയ്യിൽ പറ്റിയ പൊടി തുടച്ചു മാറ്റിക്കൊണ്ട് അർണവ് വീണിടത്ത് നിന്ന് എഴുന്നേറ്റു.


"എനിക്കിഷ്ടമല്ല അവനെ... പണ്ട് മുതലേ അവനെ കണ്ട് പഠിക്കാൻ പറയുന്നവരായിരുന്നു ചുറ്റും.. അന്നേ വെറുത്തതാ അവനെ ഞാൻ.. അവന്റെ ഉയർച്ചകളിൽ അസൂയയാണ് എനിക്ക്... അവൻ വളരാൻ പാടില്ല. എനിക്കത് ഇഷ്ടമല്ല... ഇപ്പോഴവനെ തളർത്താൻ ഉള്ള ഏക മാർഗം നീയാണ്..."

കുടിലചിരിയോടെ അടുത്തേക്ക് വന്ന് തൊടാൻ ആഞ്ഞവന്റെ വയറിലേക്ക് അവൾ മുട്ട് മടക്കി ഇടിച്nirthi.റത്തേക്ക് ഓടാനായി തുനിഞ്ഞതും മുടിയിൽ അവന്റെ പിടി അമർന്നിരുന്നു.


"ഇച്ചായാ....."


"എങ്ങോട്ടാടീ ഓടുന്നെ.. നിലവിളിച്ചിട്ട്‌ കാര്യമല്ല.. നിന്നേ രക്ഷിക്കാൻ ഒരാളും വരില്ല. നിന്നേ ഇന്നെനിക്ക് വേണം. അതിനാണ് മദ്യത്തിൽ ഉറക്ക ഗുളിക ചേർത്ത് വിഷ്ണുവിനെ മക്കിയത് തന്നെ"

വേദനയോടെ അവനിലെ പിടി വിടുവിക്കാൻ ശ്രമിച്ചവൾ..

അവളെ തന്നിലേക്ക് വലിച്ചു ചേർത്തവൻ മുടിയിലേക്ക് മുഖം പൂഴ്ത്താൻ തുടങ്ങിയതും വാതിൽ ചവിട്ടിപ്പൊളിച്ച് അലക്സ് അകത്തേക്ക് വന്നിരുന്നു.

സാതിയിൽ മുറുകിയിരുന്ന അർണവിന്റെ പിടി താനേ അയഞ്ഞു..!


**


എല്ലാം ഇവിടെ അവസാനിക്കാൻ പോകുകയാണെന്ന് മനസ്സിലായതും തന്റെ പദ്ധതി മാറ്റാൻ അർണവ് തീരുമാനിച്ചു.

പെട്ടെന്ന് കരഞ്ഞു കൊണ്ടവൻ സാതിയെ പിടിച്ച് അലക്സിന്റെ അടുത്തേക്ക് നിർത്തി.
ശാന്തമായിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ ഒന്നും അവൻ കെട്ടിട്ടില്ലെന്ന് അർണവ് വിശ്വസിച്ചു.

"അലക്സേ... ഞാനിവളെ കണ്ടെത്തിയെടാ... ആ വിഷ്ണു പിടിച്ചോണ്ട് വന്നതായിരുന്നു. അവനെ മയക്കി കിടത്തി ഞാൻ പുറത്തിട്ടുണ്ട്. അവനെ പിടിച്ച് നമുക്ക് പോലീസിൽ ഏല്പിക്കണം"


സാതി മിഴിച്ചവനെ നോക്കി.
പിന്നെ എന്തോ ഓർത്തപോലെ ചിരിയോടെ അലക്സിനെ നോക്കി.
അവനെന്നാൽ അവളെ നോക്കിയതേയില്ല. നോട്ടം മുഴുവൻ അർണവിലായിരുന്നു.

ആളിപ്പടരാൻ തുടങ്ങുന്നതിൻ മുൻപുള്ള ശാന്തതയാണ് അവന്റെ മിഴികളിലിപ്പോൾ..!

അർണവ് അവന്റെ ചുമലിൽ കൈ വെച്ചതും പോക്കറ്റിലിരുന്ന ഫോൺ ശബ്ദിച്ചതും ഒരുമിച്ചായിരുന്നു.

"ഒരു മിനിറ്റ് നിക്കെ.. അമ്മയാണ്. ഇവളെ തിരഞ് ഇറങ്ങിയപ്പോൾ അമ്മയോട് ഒന്നും പറഞ്ഞിട്ടില്ല.."

പറഞ്ഞു കൊണ്ട് തന്നെ കാൾ കട്ട് ചെയ്ത് സ്പീക്കറിലിട്ടു.

"ആഹ്.. നീ എവിടെയാ അർണവേ... അലക്സിന്റെ വീട്ടിലാണെന്ന് പറഞ്ഞിട്ട് അവനവിടെ ഇല്ലെന്നാണല്ലോ പറഞ്ഞത്... പിന്നെ നീ എവിടെ..."

പൂർത്തിയാക്കും മുന്നേ കയ്യിലിരുന്ന ഫോൺ നിലം പതിച്ചു കഴിഞ്ഞിരുന്നു.
അവനെല്ലാം മനസ്സിലാക്കി എന്ന് തിരിച്ചറിഞ്ഞതും അർണവിന്റെ മിഴികളിൽ ഭയം നിറഞ്ഞു..!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story