എൻകാതലീ: ഭാഗം 109

enkathalee

രചന: ANSIYA SHERY

ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റ് വന്ന ജേക്കബ് താഴെ ആരെയും കാണാഞ് മുകളിലേക്ക് ചെന്നതും അവിടുത്തെ കാഴ്ച കണ്ട് മിഴിച്ചു നിന്നു.


"കർത്താവേ.. ഞാൻ സ്വപ്നം കാണുവൊന്നും അല്ലല്ലോ..?"

ഗായത്രിയുടെ മടിയിൽ തല വെച്ച് കിടക്കുന്ന അലക്സിനെ കണ്ടയാൾ കണ്ണുകൾ തിരുമ്മി.
കണ്ണിൽ കാണുന്നത് സത്യമാണെന്ന് മനസ്സിലായതും ഒന്ന് മുരടനക്കി.

"എനിക്കകത്തോട്ട് വരാമോ..?"

"ഓഹ്... പള്ളിയുറക്കം കഴിഞ്ഞോ..?"
മടിയിൽ നിന്ന് തല ഉയർത്താതെ തന്നെ അലക്സ് ചോദിച്ചതും അയാൾ അവർക്കടുത്ത് ബെഡ്‌ഡിൽ വന്നിരുന്നു.

"ഇവന്റെ തലക്ക് ആരേലും അടിച്ചോടീ.."
മിഴിച്ചു കൊണ്ട്  ചോദിച്ചതും അലക്സ് പല്ല് കടിച്ച് പപ്പയെ നോക്കി.


"എന്തായാലും സാതി മോൾ കാരണമെങ്കിലും ഇവനൊന്ന് നന്നായിക്കണ്ടല്ലോ.."

"അപ്പൊ ഞാൻ ഇത്രയും കാലം മോശമായിരുന്നെന്നാണോ പപ്പ പറയുന്നത്..?"

തലയുയർത്തി പല്ല് കടിച്ച് ചോദിച്ചതും ജേക്കബ് അവനെ നോക്കിയൊന്ന് ചിരിച്ചു.


"ആണല്ലോ..."

"അമ്മേ... പപ്പ പറയുന്നത് കേട്ടില്ലേ...?"
പരിഭവത്തോടെ പറയുന്നവനെ ജേക്കബ് അത്ഭുതത്തോടെ നോക്കി.

"അമ്മയോ...?"

"മ്മ്... എന്റെ അമ്മയാ... "
കുഞ്ഞു കുട്ടികളെ പോലെ ഗായത്രിയെ അവൻ ചുറ്റിപ്പിടിച്ചതും നിറഞ്ഞ കണ്ണുകൾക്കിടയിലും  ഗായത്രി അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ടവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.

അത്രയും കാലം ഉള്ളിലുണ്ടായിരുന്ന ഭാരം ഒഴിഞ്ഞു പോയതും ജേക്കബ് മനസ്സറിഞ് ചിരിച്ചു.

പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് എഴുന്നേൽക്കാനായി തുനിഞ്ഞ അലക്സിനെ തടഞ്ഞു കൊണ്ട് ജേക്കബ് ഫോൺ എടുത്തു. അറ്റൻഡ് ചെയ്യാനായി തുടങ്ങിയപ്പോഴേക്കും കാൾ കട്ടായിരുന്നു.

സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന കാൾസ് കണ്ടതും ജേക്കബ് അവനെ നോക്കി.

"നീയെന്താ സാതി മോൾ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത്..?"
സംശയത്തോടെ ചോദിച്ചതും അലക്സ് ഫോൺ വാങ്ങിയിരുന്നു.


സാതിയുടെയും കാൾസിനൊപ്പം അവസാനമായി വന്ന് കിടക്കുന്ന ദിയാന്റെ നമ്പറും കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.
തിരിച്ചു വിളിക്കാനായി തുടങ്ങും മുമ്പേ ദിയാന്റെ കാൾ വന്നിരുന്നു.

അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചതും മറുവശത്ത് നിന്ന് കേട്ട വാർത്തയിൽ അവൻ പകപ്പോടെ ബെഡ്‌ഡിൽ നിന്ന് ചാടി എഴുന്നേറ്റു.


-------------


സാതിയുടെ വീട്ടിലേക്ക് പോകും വഴി എല്ലാം അവന്റെ മനസ്സിൽ ദിയാൻ പറഞ്ഞ വാക്കുകളായിരുന്നു.


""നീ എവിടാ അലക്സേ... എത്ര തവണ വിളിച്ചു. എത്രയും പെട്ടെന്ന് നീ സാതീടെ വീട്ടിലേക്ക് വാ..  ഇപ്പോ ആകെ പ്രശ്നമാ ഇവിടെ.. സാതീടെ അച്ഛൻ ആ അർണവിനെ കൊന്നു.""

വീടിന് മുന്നിൽ എത്തിയപ്പോൾ തന്നെ കൂടി നിൽക്കുന്ന ജനങ്ങളെയാണവൻ കണ്ടത്.
ബൈക്കിൽ നിന്ന് ചാടി എഴുന്നേറ്റ് അകത്തേക്ക് ഓടിയതും അവന്റെ കാലുകൾ നിശ്ചലമായി.


വിലങ്ങണിയിച്ച കൈകളുമായി പോലീസുകാർക്കൊപ്പം ഇറങ്ങി വരുന്ന സാതിയുടെ അച്ഛനെ കണ്ടവൻ പകപ്പോടെ നിന്നു.
അലക്സിനടുത്തെത്തിയതും അയാൾ തല ഉയർത്തി അവനെയൊന്ന് നോക്കി.


"എനിക്ക് കൊടുക്കാൻ കഴിയാത്ത സ്നേഹം നീ അവൾക്ക് നൽകണം. അവളെ കൈ വിടരുത്.."

അത്ര മാത്രം പറഞ്ഞയാൾ പടിയിറങ്ങിപ്പോകുന്നത് കണ്ടവൻ തറഞ്ഞു നിന്നു.


പെട്ടെന്നെന്തോ ഓർത്ത വണ്ണം അവന്റെ മിഴികൾ സാതിക്കായി ചുറ്റും പരതി നടന്നു. അവളവിടെയില്ലെന്ന് അറിഞ്ഞതും അവൻ അകത്തേക്ക് പാഞ്ഞു.

കൂടി നിൽക്കുന്ന സ്ത്രീകളെ മറികടന്ന് അകത്തേക്ക് കയറിയതും കാൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്നവളെയും അവൾക്കരികിൽ ഇരിക്കുന്ന ആലിയേയും കണ്ടവന്റെ കാലുകൾ അടുത്തേക്ക് ചലിച്ചു.


അവനെ കണ്ട ആലി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഒപ്പം കൂടി നിന്നിരുന്നവരെയും പറഞ്ഞയച്ചു.


അലക്സ് അവൾക്ക് മുമ്പിൽ മുട്ട് കുത്തിയിരുന്നു.

""സാതീ....""


കർണപടങ്ങളിൽ വന്നു പതിഞ്ഞ അവന്റെ സ്വരത്തിൽ അവൾ തല ഉയർത്തി നോക്കി.


നെറ്റിയിലെ മുറിവും അടി കൊണ്ട് തിണിർത്ത കവിളുകളും കണ്ടവൻ പകച്ചു.

"ഇ... ഇതെന്താ പറ്റിയേ... എന്താ... എന്താ നിനക്ക് പറ്റിയേ... പറ... പറ പെണ്ണേ..."

അവന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെയവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ആ ശരീരം വിറക്കുന്നുണ്ടെന്നറിഞ്ഞതും മറ്റൊന്നും ചോദിക്കാതെ അവനവളെ ചുറ്റിപ്പിടിച്ചു.


ഉള്ളിൽ നിരവധി ചോദ്യങ്ങൾ നിറഞ്ഞിരുന്നു.
ഒപ്പം അവളുടെ അവസ്ഥ കണ്ട് വേദനയും..


അർണവിനെ ഒന്നും ചെയ്യാൻ കഴിയാതെ പോയതിലും അവൻ ചതിച്ചതോർത്തുള്ള വിഷയത്തിലും വീട്ടിൽ നിന്നിറങ്ങാതായി.
ഫോൺ അടിച്ചാൽ പോലും എടുത്തിരുന്നില്ല.
സാതി പല തവണ വിളിച്ചറിഞ്ഞിട്ടും എടുക്കാനപ്പോ തോന്നിയിരുന്നില്ല.
ഒരുപക്ഷെ എടുത്തിരുന്നെങ്കിൽ അവൾക്കിങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

കുറ്റബോധത്തോടൊപ്പം അവൻ തന്നോട് തന്നെ ദേഷ്യം തോന്നി.

നെഞ്ചിൽ കിടന്നവളുടെ അനക്കം ഇല്ലാതായതും അവനവളെ നോക്കി.
അടഞ്ഞ മിഴികളുമായി ഇരിക്കുന്നവൾ ഉറങ്ങിയെന്ന് മനസ്സിലായതും എഴുന്നേറ്റവൻ അവളെ വാരിയെടുത്ത് ബെഡ്‌ഡിലേക്ക് കിടത്തി.

അവളുടെ മുഖം കണ്ടവന്റെ കണ്ണുകൾ നിറഞ്ഞു.
മെല്ലെ കവിളിലെ തിണിർപ്പിൽ കൈ വെച്ചതും ആ മുഖം വേദന കൊണ്ട് ചുളിയുന്നതറിഞ്ഞവൻ കൈകൾ പിൻ വലിച്ചു.


നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി അവിടെയൊന്ന് ചുണ്ടമർത്തി തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന സാതിയുടെ അമ്മയെ കണ്ടവനൊന്ന് ഞെട്ടി.

പിന്നെയൊന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചവൻ അവരെ മറികടന്ന് പുറത്തേക്ക് നടന്നു.

പുറത്തേക്ക് ചെന്നവന്റെ നോട്ടം ആരവിലേക്ക് നീണ്ടു.
മറ്റെങ്ങോ മിഴികൾ നട്ടാണവന്റെ ഇരിപ്പ്..
ഈ ലോകത്തൊന്നുമല്ല അവനെന്ന് അലക്സിന് മനസ്സിലായിരുന്നു.

തോളിലൊരു കരം പതിഞ്ഞതും തിരിഞ്ഞു നോക്കിയൻ മുന്നിൽ നിൽക്കുന്ന ദിയാനേയും അനുവിനെയും കണ്ടു.


"സാതി....?"


"ഉറങ്ങി.... എന്താ സംഭവിച്ചത്..?"
ആകാംക്ഷയോടെ ചോദിച്ചതും ദിയാൻ ഒന്ന് നെടുവീർപ്പിട്ടു.


"അറിയില്ല...  രാവിലെയാണ് സംഭവം അറിയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ആരവും ഇവിടെയില്ലായിരുന്നു. 
സംഭവം നടന്നത് ഇവിടെ വെച്ചാണ്. പക്ഷെ അർണവിന്റെ ബോഡി കിട്ടിയത് കുളത്തിൽ നിന്നാണ്. അത്ര മാത്രമേ അറിയൂ."


ഒന്ന് മൂളിക്കൊണ്ടവൻ പുറത്തേക്ക് ദൃഷ്ടിയൂന്നി നിന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story