എൻകാതലീ: ഭാഗം 110

രചന: ANSIYA SHERY


"വേണ്ട... വേണ്ട.. അർണവ്... അടുത്തേക്ക് വരേണ്ട.."

ഭയത്തോടെ പിറകിലേക്ക് ചുവടുകൾ വെച്ചവൾ ഭിത്തിയിൽ തട്ടി നിന്നതും കൈകളുയർത്തി പറഞ്ഞു.

എന്നാലവളുടെ വാക്കുകളെ ചെവികൊള്ളാതെ അടുത്തേക്ക് വന്നവനെ തള്ളി മാറ്റി ഓടാൻ ശ്രമിച്ചതും  അവൻ മുടിയിൽ പിടിച്ച് പിറകിലേക്ക് വലിച്ചിരുന്നു.


വേദനയോടെ അവളവനെ തള്ളി മാറ്റാൻ നോക്കി.
തന്നിലേക്ക് അടുപ്പിച്ചവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ തുടങ്ങിയതും പെട്ടെന്നൊരു അലർച്ചയോടൊപ്പം അവന്റെ പിടി അവളിൽ നിന്നയഞ്ഞു.

അതറിഞ്ഞ സാതി അവനിൽ നിന്ന് അകന്നു മാറിയതും മുന്നിൽ കണ്ട കാഴ്ചയിൽ സ്തംഭിച്ചു നിന്നു.

""ആാാഹ്....""


പെട്ടെന്ന് ഒരു ഞെട്ടലോടെ മിഴികൾ തുറന്നവൾ കിടന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റ് ചെവികൾ പൊത്തി.
മുന്നിൽ ജീവനില്ലാതെ കിടക്കുന്ന അർണവിന്റെ ശരീരവും വെട്ടുകത്തിയും പിടിച്ച് നിൽക്കുന്ന അച്ഛന്റെ മുഖവും മാത്രം തെളിഞ്ഞു വന്നതും അവളുടെ ശരീരം വിറച്ചു.

മുറിയിൽ താൻ ഒറ്റക്കാണെന്ന ചിന്ത വന്നതും ഭയത്തോടെ ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റവൾ മുറിയിൽ നിന്നിറങ്ങിയോടിയതും ശബ്ദം കേട്ട് ഓടി വന്ന അലക്സിന്റെ നെഞ്ചിൽ ചെന്നിടിച്ചു.


ആ സാമീപ്യം മനസ്സിലായതും അവളവനെ വരിഞ്ഞുമുറുക്കി നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞു.
അവനവളെ അടർത്തി മാറ്റാൻ ശ്രമിച്ചു.
ഓരോ നിമിഷവും ആ പിടി കൂടുതൽ മുറുകുന്നതറിഞ്ഞവൻ ഭയന്നു.


"ഇച്ചായാ... വിടല്ലേ... നിക്ക് പേടിയാ..."

വിറയലോടെ പറഞ്ഞവളെ ചേർത്ത് പിടിച്ചവൻ മുറിയിലേക്ക് നടന്നു.
ബെഡ്‌ഡിലേക്ക് ബലമായി പിടിച്ചിരുത്തിയവളുടെ അടുത്തിരുന്നു.


"സാതീ....."
ബലമായി തന്നെ അവളുടെ മുഖമവൻ ഉയർത്തിയതും അവളവനെ നോക്കി.
കലങ്ങിയിരിക്കുന്ന ആ മിഴികളവനിൽ വേദന നിറച്ചു.

അവളുടെ മുഖം കൈകളിലെടുത്തവൻ ആ മിഴികളിൽ ചുണ്ടമർത്തിയതും അവളവന്റെ കൈകളിൽ പിടി മുറുക്കി.


"എന്തിനാടീ പേടിക്കുന്നെ.. ഞാനില്ലേ കൂടെ..?"


"നിക്ക്... നിക്ക് പേടിയാ ഇച്ചായാ.. അവൻ.. അർണവ് എന്നെ.. അച്ഛൻ.."

എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നവളെ അവൻ നെഞ്ചോട് ചേർത്ത് അവളുടെ പുറം നെഞ്ചിൽ തഴുകിക്കൊണ്ടിരുന്നു.

അവളൊന്ന് ഓക്കെ ആയെന്ന് തോന്നിയതും അവനവളുടെ മുഖം പിടിച്ച് ഉയർത്തി.


"കഴിഞ്ഞത് കഴിഞ്ഞു.. നിന്നെ ഇനി അവനെന്നല്ല ഒരാളും ഉപദ്രവിക്കില്ല. അതിന് ഞാൻ ജീവനോടെയുള്ളപ്പോൾ അനുവദിക്കില്ല..."


"എന്നിട്ട് ഞാൻ വിളിച്ചപ്പോൾ എടുത്തില്ലല്ലോ..?"
പരിഭവത്തോടെ പറയുന്നവളെ അവൻ ചേർത്ത് പിടിച്ചു.


"സോറി... ഇനിയുണ്ടാവില്ല... ഉറപ്പ്..."

പെട്ടന്നവന്റെ നോട്ടം അവളുടെ നെറ്റിയിലേക്ക് നീണ്ടു.

"ഇതെന്ത് പറ്റിയതാ..?"

"അത് അർണവ് തള്ളിയപ്പോ ഭിത്തിയിൽ ചെന്നിടിച്ചതാ..."

അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.
തനിക്കവനെ കൊല്ലാൻ പറ്റിയില്ലല്ലോ എന്നോർക്കുന്തോറും അവന്റെ ദേഷ്യം വർദ്ധിച്ചു.

പെട്ടെന്ന് മുന്നിലിരിക്കുന്നവളെ കുറിച്ചോർത്തതും ദേഷ്യത്തെ അടക്കി നിർത്തിയവൻ എഴുന്നേറ്റു.

"എവിടെപ്പോവാ...?"

"നിക്ക്...."
അതും പറഞ്ഞവൻ അവിടം മുഴുവൻ പരതി. അവസാനം മേശയുടെ വലിപ്പിൽ നിന്ന് ബാൻടേജും മരുന്നും കിട്ടിയതും അതെടുത്തവൻ അവൾക്കടുത്ത് വന്നിരുന്നു.


"മ്മ്.. നെറ്റി കാണിക്ക്..."

അവൾക്കടുത്തേക്ക് കുറച്ചൂടെ നീങ്ങിയിരുന്നവൻ പറഞ്ഞതും മുഖം ഉയർത്തി അവളവനെ നോക്കി.

ആ മുറിവിലേക്കൊന്ന് ഊതിയതും അവളുടെ നെറ്റി ചുളിഞ്ഞു.

"വേദനയുണ്ടോ..?"

"ചെറുതായിട്ട്.."

അവൻ മെല്ലെ ബാൻടേജ് അവളുടെ മുറിവിൽ ഒട്ടിച്ചു. കവിളിൽ അവന്റെ വിരൽ അറിയാതെയൊന്ന് തട്ടിയതും അവളവന്റെ കൈകളിൽ പിടി മുറുക്കി.

അതറിഞ്ഞതും അവളിൽ നിന്ന് അകന്നു മാറിയവൻ കവിളിലേക്ക് ഊതി.

"ഇതും അവൻ അടിച്ചതാണോ...?"

"മ്മ്....."

ദേഷ്യത്തെ നിയന്ത്രിച്ചവൻ കയ്യിലിരുന്ന ഓയിൽമെന്റ്അവളുടെ കവിളിൽ തേച്ചു.
നീറ്റലോടെ അവളവന്റെ കൈകളിലെ പിടി മുറുക്കിയപ്പോൾ അവൻ മെല്ലെ ഊതി കൊടുത്തു.


"അച്ഛൻ...?"

എല്ലാം കഴിഞ്ഞവൻ എഴുന്നേറ്റതും അവളുടെ ചോദ്യം കേട്ട് ഒന്ന് നിശ്വസിച്ചു.


"അറസ്റ്റ് ചെയ്തു...."

---------


വീടിന്റെ ഒരരികിൽ ഇരുന്ന് കരയുന്നവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് അനുവിന്റെ ദൃഷ്ടി ദിയാനിൽ എത്തിയത്.

മറുത്തൊന്നും ചിന്തിക്കാതെ അവനടുത്ത് ചെന്ന് ആലിയെ കാണിച്ചു കൊടുത്തതും അവനവൾക്ക് അടുത്തേക്ക് പാഞ്ഞിരുന്നു.


"ആലീ...."
അവന്റെ വിളി കേട്ടവൾ പകപ്പോടെ തല ഉയർത്തി നോക്കി. ദിയാനെ കണ്ടതും വേഗം മിഴികൾ തുടച്ച് എഴുന്നേറ്റു.


"എന്താ സാറെ..."


"നീയെന്തിനാ ഇപ്പോ കരഞ്ഞത്..?"

"അത് സാതിയെ കുറിച്ചോർത്തിട്ടാ..."

"അതിനവൾക്ക് ഒന്നും പറ്റിയിട്ടില്ലല്ലോ... പിന്നെന്താ..?"

"പക്ഷെ, അവൾടെ അവസ്ഥ മോശമല്ലേ.. അവളിങ്ങനെയൊന്നും അല്ലായിരുന്നല്ലോ..."

പറഞ്ഞു നിർത്തിയപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ഒന്ന് നിശ്വസിച്ചു കൊണ്ടവൻ അവളെ ചേർത്ത് പിടിച്ചു.
എതിർക്കാതെ അവളും അവനോട് ചേർന്നു നിന്നു.


"ഓക്കേ ആയോടാ...?"

അനുവിന്റെ ശബ്ദം കേട്ടതും ആലി അവനിൽ നിന്ന് അകന്നു മാറി.
അലക്സിന്റെ കൂടെ വരുന്ന സാതിയോടാണ് അവന്റെ ചോദ്യം.
ആലി വേഗം അവൾക്കരികിലേക്ക് ചെന്നു.

"വേദന ഉണ്ടോടീ..?"
അവളുടെ നെറ്റിയിലേക്കും കവിളിലേക്കും മാറി മാറി നോക്കി ആലി ചോദിച്ചതും സാതി ഒന്ന് പുഞ്ചിരിച്ചു.


"കുഴപ്പല്ലെടാ... ഏട്ടനും അമ്മയും എവിടെ..?"

"ആന്റി മുറിയിലാണ്.. ആരവേട്ടൻ പുറത്തിരിപ്പുണ്ട്.."

അത് കേട്ടതും സാതി വേഗം പുറത്തേക്ക്  ചെന്നു. മറ്റെങ്ങോ നോക്കി ചെയറിൽ ഇരിക്കുന്നവനെ കണ്ടവന്റെ അടുത്തേക്ക് ചെന്നു.


"ഏട്ടാ...."

സാതിയുടെ ശബ്ദം കേട്ടതും അവൻ ചാടി എണീറ്റു.

"എന്താടാ... ഇപ്പോ ഓക്കേ ആയോ നീ... എന്താ സംഭവിച്ചത്..?"

വെപ്രാളത്തോടെ ചോദിച്ചവന്റെ കൈകളിൽ അവൾ പിടിച്ചു.

"ഞാൻ ഓക്കെയാണ് ഏട്ടാ.. എല്ലാം പറഞ്ഞു തരാം. അകത്തേക്ക് വാ..."


അവൾക്ക് പിറകെ അവൻ അകത്തേക്ക് ചെന്നതും കണ്ടു ഹാളിലിരിക്കുന്നവരെ..


"ഞാനിപ്പോ വരാം.."

സാതി നേരെ ചെന്നത് അമ്മയുടെ മുറിയിലേക്കായിരുന്നു.
കരഞ്ഞു കിടക്കുന്ന അവരെ കണ്ടതും അവളുടെ ഉള്ളിലും നോവുണർന്നു.


ഇത്രയും കാലം നിഷേധിച്ച സ്നേഹം ഈ രണ്ട് ദിവസങ്ങളിൽ അറിയാതെയെങ്കിലും ഇരുവരിൽ നിന്നും കിട്ടിയിരുന്നു.
പക്ഷെ, അപ്പോഴേക്കും അച്ഛൻ...


അമ്മയുടെ അടുത്തേക്ക് ചെന്നവളവരെ വിളിച്ചതും എഴുന്നേറ്റവർ സാതിയെ നോക്കി.


"അച്ഛനെ നമുക്ക് ഇറക്കാൻ നോക്കാം.. എന്നെ രക്ഷിക്കാൻ വേണ്ടി ചെയ്തത് കൊണ്ടല്ലേ അമ്മക്ക് അച്ഛനെ പിരിയേണ്ടി വന്നത്.. ഞാൻ കാരണം.."


ബാക്കി പൂർത്തിയാക്കാൻ അനുവദിക്കാതെ അവര് അവളുടെ വാ പൊത്തിയിരുന്നു.

"പണ്ടേ സ്ത്രീകൾക്ക് വില നൽകാത്ത കുടുംബമാണ് നമ്മുടേത്.
ഒരു പെൺകുട്ടി പിറക്കുന്നത് പോലും ദോഷമായി കാണുന്നവർ.. 
അത് ഞങ്ങളിലേക്കും പകർന്നു കിട്ടി. അത് കൊണ്ടാണ് സ്വന്തം കുഞ്ഞായിട്ടും പെണ്ണാണെന്ന പേരിൽ വേദനിപ്പിച്ചത്. 
ഇത് ഞങ്ങൾക്ക് കിട്ടിയ ശിക്ഷയാണ്. അതിലുപരി ഇങ്ങനെയെങ്കിലും നിനക്ക് വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷവും.."

അമ്മയിൽ നിന്ന് കേട്ട വാക്കുകൾ അവളിൽ ഞെട്ടൽ ഉണ്ടാക്കി. 
ഈയൊരു കാരണത്തിന്റെ പേരിലാണോ ഇത്രയും കാലം തന്നെ അകറ്റി നിർത്തിയത്.


അവരോട് ദേഷ്യം തോന്നിയെങ്കിലും ഇപ്പോൾ ആ പഴയ ചിന്തയല്ല അവരിൽ ഉള്ളതെന്നുള്ള ബോധം വന്നപ്പോൾ അവൾക്കവരെ കുറ്റപ്പെടുത്താൻ തോന്നിയില്ല.

ആദ്യമായി അവരെ കെട്ടിപ്പിടിച്ചവൾ ആശ്വസിപ്പിച്ചു..

---------


"പ്രതീക്ഷിക്കാതെ നടന്നതിന്റെ ഷോക്കിലാവണം നല്ലോണം പേടിച്ചിരുന്നവൾ. ഞാൻ പറഞ്ഞു മനസ്സിലാക്കിയപ്പോൾ ആ പേടി മാറിയിട്ടുണ്ട്.  പക്ഷെ, പൂർണ്ണമായി മാറിയെന്ന് പറയാൻ സാധിക്കില്ല.."

ആരവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാതി വന്നത്.
അവൾ വന്നവന്റെയും ആരവിന്റെയും നടുക്കിരുന്നു.

"ഇന്നലെ ഏട്ടൻ എന്തോ ആവശ്യത്തിനായി കുറച്ച് വൈകുമെന്ന് പറഞ് പുറത്ത് പോയിരുന്നു.
അമ്മയും അച്ഛനുമാണെങ്കിൽ നേരത്തെ കിടക്കുകയും ചെയ്തു.
ഇച്ചായൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിന്റെ ദേഷ്യത്തിൽ ഇരിക്കുമ്പോഴാണ് കോളിങ്‌ ബെൽ അടിച്ചത്.

ഏട്ടൻ ആകുമെന്ന് കരുതിയാണ് ആരാണെന്ന് പോലും നോക്കാതെ ചെന്ന് ഡോർ തുറന്നത്.
പക്ഷെ, മുന്നിൽ അർണവിനെ കണ്ടതും ഞാനാകെ ഞെട്ടിയിരുന്നു..."

പറയുമ്പോഴവളിൽ ഭയം നിറയുന്നതറിഞ് അലക്സ് അവളുടെ കയ്യിൽ പിടി മുറുക്കി. അവനെയൊന്ന് നോക്കിയവൾ തുടർന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story