എൻകാതലീ: ഭാഗം 111

enkathalee

രചന: ANSIYA SHERY

ചിരിയോടെ മുന്നിൽ നിൽക്കുന്ന അർണവിനെ കണ്ടവൾ ഞെട്ടി.
ഭയത്തോടെ വാതിൽ അടക്കാൻ തുനിഞ്ഞതും അവളെ പിറകിലേക്ക് തള്ളിക്കൊണ്ടവൻ അകത്തേക്ക് കയറിയിരുന്നു.

"ഞാൻ നിന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക്..? അവനിപ്പോഴുമെന്നെ തോൽപിച്ചു.
അവനെ തകർക്കാതെ ഞാൻ പിൻവാങ്ങില്ല.. അതിനി നിന്നെ കൊന്നിട്ടോ കീഴടക്കിയോ ആണെങ്കിൽ അങ്ങനെ.."


"നിന്റെ ആഗ്രഹം നടക്കില്ല അർണവ്.. അവനെ തകർക്കാൻ നിനക്ക് സാധിക്കില്ല... നിന്നെപ്പോലെ ഓടിയൊളിക്കുന്ന ഭീരുവല്ല എന്റെ ഇച്ചായൻ...  ആഹ് അമ്മേ..."

പറഞ്ഞു നിർത്തിയതും പെട്ടെന്ന് പാഞ്ഞു വന്നവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചിരുന്നു.


"എന്താടീ വിളിച്ചേ... ഭീരുവെന്നോ.. ഞാൻ ഭീരുവാണോ അല്ലേയെന്ന് നിനക്ക് കാണിച്ചു തരട്ടെടീ..."

മുഖത്തോട് അടുപ്പിച്ചവൻ പറഞ്ഞതും സാതിയവനിൽ നിന്ന് കുതറി മാറാൻ നോക്കി.


"വിടെടാ... എന്നെ വിടാനാ പറഞ്ഞത്... ഇച്ചായൻ അറിഞ്ഞാൽ നിന്നെ വെറുതെ വിടില്ല..."


"അതെനിക്കറിയാടീ... അതിനു മുന്നേ ഞാൻ നിന്നെ സ്വന്തമാക്കിയിരിക്കും..."

സാതി പകപ്പോടെ അവനെ നോക്കി. കണ്ണുകളിൽ ഭീതി നിറഞ്ഞു.
അവന്റെ കൈകളെ ബലമായി പിടിച്ചു മാറ്റിയവൾ അലറി.


"ഒന്നും നടക്കില്ലെന്ന് അറിഞ്ഞിട്ടല്ലേടാ ദേഹത്ത് കൈ വെക്കുന്നത്... ചത്താലും നിന്നെപ്പോലെ ആണും പെണ്ണും കെട്ട ഒരുത്തന്റെ കൂടെ കിടക്കില്ലെടാ ഞാൻ.."


"ഡീ... എന്താടീ പറഞ്ഞത്..."
അലറിക്കൊണ്ടവൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു കൊണ്ട് മുന്നിലേക്ക് തള്ളിയതും ഭിത്തിയിൽ തല ചെന്നിടിച്ചവൾ അലറിക്കരഞ്ഞു.

സാതിയുടെ അലർച്ച കേട്ടാണ് അച്ഛനും അമ്മയും ഓടി വന്നത്.
അവിടെ കണ്ട കാഴ്ചയിൽ അവർ തറഞ്ഞു നിന്നു.


"അയ്യോ... മോളെ..."

എന്നാലവരെ അർണവ് കണ്ടിരുന്നില്ല. പകയോടെ സാതിക്കടുത്തേക്ക് നടന്നു വന്ന അവൻ അവളുടെ മുടിയിൽ പിടിച്ച് എഴുന്നേൽപിച്ച് നിർത്തിയതും വേദന കാരണം അവളവന്റെ കയ്യിൽ കടിച്ചു.


"ആഹ്....."
ദേഹം വേദനിച്ചതും ദേഷ്യം അടക്കാൻ കഴിയാതെ അവനവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു.
ഭിത്തിയിൽ ഇടിച്ചതിന്റെ കൂടെ അവന്റെ അടി കൂടെ ആയപ്പോ തല കറങ്ങി വീഴുമെന്ന് തോന്നി സാതിക്ക്...


"വേണ്ട... വേണ്ട.. അർണവ്... അടുത്തേക്ക് വരേണ്ട.."

ഭയത്തോടെ പിറകിലേക്ക് ചുവടുകൾ വെച്ചവൾ ഭിത്തിയിൽ തട്ടി നിന്നതും കൈകളുയർത്തി പറഞ്ഞു.

എന്നാലവളുടെ വാക്കുകളെ ചെവികൊള്ളാതെ അടുത്തേക്ക് വന്നവനെ തള്ളി മാറ്റി ഓടാൻ ശ്രമിച്ചതും  അവൻ മുടിയിൽ പിടിച്ച് പിറകിലേക്ക് വലിച്ചിരുന്നു.


വേദനയോടെ അവളവനെ തള്ളി മാറ്റാൻ നോക്കി.
തന്നിലേക്ക് അടുപ്പിച്ചവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ തുടങ്ങിയതും പെട്ടെന്നൊരു അലർച്ചയോടൊപ്പം അവന്റെ പിടി അവളിൽ നിന്നയഞ്ഞു.

അതറിഞ്ഞ സാതി അവനിൽ നിന്ന് അകന്നു മാറിയതും മുന്നിൽ കണ്ട കാഴ്ചയിൽ സ്തംഭിച്ചു നിന്നു.


ആ കാഴ്ച മുന്നിൽ കണ്ട പോലെ സാതി വിറച്ചു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
അലക്സ് അവളെ ചേർത്ത് പിടിച്ചതും അവളവനോട് ചേർന്നിരുന്നു.


"അ... അച്ഛനവനെ വെട്ടിയിരുന്നു.. അവന്റെ ചോര തെറിച്ച് വീണത് എന്റെ മുഖത്തേക്കായിരുന്നു. അപ്പോൾ ഞാൻ ബോധം മറഞ്ഞ് വീഴുമെന്ന് വരെ എനിക്ക് തോന്നിപ്പോയി.

ജീവൻ വേണ്ടി പിടയുന്ന അർണവിന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്...

അച്ഛനവനെ കൊന്നിട്ട് എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാനാകെ ഭയന്ന് പോയിരുന്നു.
പക്ഷെ, എന്നെ ചേർത്ത് പിടിച്ച് കരഞ്ഞപ്പോഴാണ് എന്നെ രക്ഷിക്കാൻ വേണ്ടി ചെയ്തത് ആണെന്ന കാര്യം മനസ്സിലായത്.

എന്റെ ഭയം കണ്ടിട്ട് അച്ഛനാണ് ഇവിടെ വെച്ച് ഒന്നും നടന്നിട്ടില്ലെന്ന രീതിയിൽ അടിച്ചു ക്‌ളീനാക്കി അവന്റെ ബോഡി പുഴയിൽ കൊണ്ടിട്ടത്.

പിന്നീടത് കൊന്നതാണെന്ന് തെളിയുമെന്ന് അച്ഛൻ അറിയാമായിരുന്നു.
പക്ഷെ, അതിന്റെ പേരിൽ എനിക്കൊരു പ്രശ്നവും വരരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.


ആ സ്നേഹം ഒന്ന് അനുഭവിച്ച് തുടങ്ങുകയായിരുന്നു. പക്ഷെ,  ആ ഭാഗ്യം എനിക്കിപ്പോ ഇല്ലല്ലോ ഏട്ടാ.."

ആരവിനെ നോക്കിയവൾ പറഞ്ഞതും അവനവളെ ചേർത്ത് പിടിച്ചു.


"ചെയ്തത് ഏറ്റു പറഞ്ഞത് കൊണ്ട് തന്നെ ശിക്ഷ ഒഴിവായി കിട്ടില്ല. അത് കുറച്ചു കിട്ടാൻ നമുക്കെങ്ങനെയെങ്കിലും ശ്രമിക്കാം.."


------------

"ഇനിയിപ്പോ എല്ലാം ഒതുങ്ങിയില്ലേ...  നാളെ മുതൽ കോളേജിൽ പോയി തുടങ്ങിക്കോളണം. ഇപ്പോൾ തന്നെ ലീവ് ഏറെയായി..."


കാറിൽ നിന്നിറങ്ങും നേരം ദിയാൻ പറഞ്ഞതും ആലി തലയാട്ടി.


"മ്മ്... എന്നാ പൊക്കോ...."

തിരിഞ്ഞു നടന്നതും പിറകിൽ നിന്നവൻ വിളിച്ചിരുന്നു.


"ലിയാ..."

എന്തെന്ന നിലക്കവൾ തിരിഞ്ഞു നോക്കി.

"ബോധത്തോടെ എന്നോട് തിരിച്ച് ഇഷ്ടമാണെന്ന് പറയുന്ന ദിവസത്തിൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു.."


ഒറ്റ കണ്ണിറുക്കി പറഞ്ഞവൻ അവിടുന്ന് പോയതും ഒരു ചിരിയോടെ ആലി വീട്ടിലേക്ക് നടന്നു.

ബെല്ലടിച്ചതും ഡോർ തുറന്നു തന്ന പൊടിയെ ഒന്ന് നോക്കിയവൾ അകത്തേക്ക് കയറി.


"ഉമ്മ എവിടെടീ..."

"മുറിയിലുണ്ട്... കിടക്കാണ്..."

"അയ്യോ..  എന്താ പറ്റിയേ...?"

"അറിയില്ല... വന്നപ്പോ മുതൽ കിടക്കുന്നതാ.."

"വന്നപ്പോ മുതലോ... അതിന് നിങ്ങളെവിടേക്കാ പോയത്..?"

"ഓഹ്.. അതോ... വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു.. അപ്പൊ ഉമ്മയും ഞാനും കൂടെ പോയി..
അവിടുന്നൊന്നും കുഴപ്പമില്ലായിരുന്നു.
തിരിച്ച് ഓട്ടോയിൽ വരുന്ന വഴിക്കാണ് ഉമ്മീടേ മുഖം ആകെ മാറിയത്..
ആഹ്.. പിന്നെ.. ഇത്തോ.. ഞങ്ങളിന്ന് കയറിയ ഓട്ടോ അന്ന് ഉമ്മിക്ക് വയ്യാതായ ദിവസം സഹായിച്ച ആ ഇക്കാന്റെ ഓട്ടോ ആയിരുന്നു...

അല്ല... സാതി ചേച്ചീടേ വീട്ടിലെ കാര്യം എന്തായി..?"

"അച്ഛനെ പോലീസ് കൊണ്ട് പോയി.. അവളിപ്പോ ഓക്കെ ആയി വരുന്നുണ്ട്.. നീ വാതിലടച്ചേക്ക്... ഞാൻ ഉമ്മാടെ അടുത്തൊന്ന് പോയി നോക്കട്ടെ..."


അതും പറഞ്ഞവൾ നേരെ ഉമ്മാടെ മുറിയിലേക്ക് ചെന്നു.
ചാരി വെച്ച വാതിൽ തുറന്ന് അകത്തേക്ക് കയറിയതും കണ്ടത് ചിന്തയിൽ മുഴുകി കട്ടിലിൽ ഇരിക്കുന്ന ഉമ്മയെയാണ്.


"ഉമ്മാ......."

വിളിച്ചിട്ടും ഉമ്മ വിളി കേൾക്കുന്നില്ല. അടുത്തേക്ക് ചെന്നവൾ തോളിൽ കൈ വെച്ചതും ഉമ്മ ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി.


"ഹേ... നീ എപ്പോഴാ വന്നേ..?"
വെപ്രാളത്തോടെ എഴുന്നേറ്റ് കൊണ്ട് ഉമ്മ ചോദിച്ചതും ആലി സംശയത്തോടെ ബെഡ്‌ഡിലേക്ക് ഇരുന്നു.


"ഉമ്മിക്കെന്താ പറ്റിയേ... പൊടി പറഞ്ഞു.. ഉമ്മിക്ക് വയ്യാന്ന്..."


"എ... എനിക്കെന്ത് പറ്റാൻ... എനിക്കൊന്നുമില്ല... സാതി മോൾടെ വീട്ടിലെന്തായി..?"


വിഷയം മാറ്റാൻ വേണ്ടിയാണ് ഉമ്മയത് ചോദിച്ചതെന്ന് അറിയാമെങ്കിലും പിന്നീട് അത് ചോദിക്കാമെന്ന് കരുതിയവൾ സാതീടെ വീട്ടിൽ നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി.

----------


"ഈ രാത്രിയിനി പോകണോ.. നാളെ പോയാൽ പോരേ..?"

"ആഹ്... പോണം.. അവൾടെ വാശി കാരണമാ ഇത്രയും നേരം നിന്നത്.. ഏതായാലും ഉറങ്ങിയില്ലേ... ഇടക്കൊന്ന് ശ്രദ്ധിച്ചോണം. പിന്നെ നാളെ അവളെ കോളേജിലേക്ക് പറഞ്ഞയച്ചേക്ക്.. വീട്ടിലിരുന്നാ പേടി കൂടത്തേയുള്ളൂ.."


അവനോട് അത്രയും പറഞ്ഞു കൊണ്ട് അലക്സ് ബൈക്കിനരികിലേക്ക് നടന്നതിൽ കയറി.
അവൻ പോകുന്നതും നോക്കി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ആരവ് അകത്തേക്ക് കയറി.

****


ദിവസങ്ങൾ അങ്ങനെ കടന്നു പോയി..
കോളേജിൽ പോക്ക് തുടങ്ങിയതോടെ സാതിയും ഓക്കേ ആയി തുടങ്ങി..

അർണവിനെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തിയത് കൊണ്ട് തന്നെ അച്ഛന്റെ ശിക്ഷക്ക് ഇളവ് കിട്ടി.

അങ്ങനെ ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ബസ്സ് ലേറ്റ് ആയിട്ടേ വരുവൊള്ളുവെന്ന് അറിഞ്ഞത്.
ദിയാന്റെ കൂടെ പോകാമെന്ന് വെച്ചാലോ അവൻ ലീവുമാണ്.

എന്നാ പിന്നെ ഓട്ടോക്ക് പോകാമെന്ന് കരുതി അങ്ങോട്ട് നടക്കുമ്പോഴാണ് നടന്നു വരുന്ന ശാലിനിയെ അനു കണ്ടത്.

ഹായ്... ന്റെ ശാലു... "
നെഞ്ചിൽ കൈ വെച്ചവൻ അവൾക്കടുത്തേക്ക് ചുവടുകൾ വെച്ചതും ആലിയും സാതിയും അവന്റെ ബാഗിൽ പിടിച്ച് പിറകിലേക്ക് വലിച്ചിരുന്നു.


"എന്തോ...? എങ്ങനെ...? ആര്ടെ ശാലൂന്നാ പറഞ്ഞേ...?"

"ന്റെ.... 🙈"
നിലത്ത് കാൽ കൊണ്ട് കളം വരച്ചവൻ പറഞ്ഞതും അയ്യേ എന്ന എക്സ്പ്രഷൻ ഇട്ട് ആലിയും സാതിയും അവനെ നോക്കി.

"നിങ്ങൾ രണ്ടാളും സെയിം റൂട്ട് അല്ലേ.. ഒരുമിച്ച് പൊക്കോ.. ഞാൻ ന്റെ ശാലൂനോട്‌ ഒന്ന് സംസാരിച്ചിട്ട്‌ വരാം.."

"എടാ.. അപ്പൊ നിന്റെ ഡീജിപി..?"
ആലി സംശയത്തോടെ ചോദിച്ചതും അനുവൊന്ന് ഇളിച്ചു.

"ശാലൂന്റെ അച്ഛനാടീ അങ്ങേര്.."
അത്രയും പറഞ് ശാലിനിക്കടുത്തേക്ക് ഓടിയവനെ ആലി വാ പൊളിച്ചു നോക്കി.

"നിങ്ങളെന്താ പറഞ്ഞേ.. ഡീജിപിയോ..? എനിക്കൊന്നും മനസ്സിലായില്ല..."

കണ്ണ് മിഴിച്ചു കൊണ്ട് സാതി ചോദിച്ചു.

"അത് അന്ന് നിന്നെ കാണാതെ ആയില്ലെ.. ആ സമയത്ത് ഇച്ചായനെ പോലീസ് പിടിച്ചോണ്ട് പോയിരുന്നു.."

"എന്ത്... അതെന്തിനാ കൊണ്ട് പോയേ..?"
വെപ്രാളത്തോടെ അവൾ ചോദിച്ചതും അന്ന് നടന്നതെല്ലാം ആലി പറഞ്ഞു കൊടുത്തു.


"അവിടുന്ന് ഇച്ചായനെ രക്ഷിക്കാൻ വേണ്ടി അനു മാസ് ഡയലോഗ് അടിച്ചു. 
അപ്പോഴത്തെ ടെൻഷനിൽ ഞാനാണേൽ അത് മറന്നു പോയിരുന്നു. ഇപ്പോഴാ ഓർത്തെ..  ഡീ ജീ പീടെ മോളെയാണ് അവൻ നോട്ടമിട്ടിരിക്കുന്നത്.. എന്താവോ എന്തോ.."


------------

"ഹായ്....  ശാലു..😁"
കിതച്ചു കൊണ്ട് തന്റെ മുന്നിൽ വന്നു നിന്നവനെ അവൾ പല്ല് കടിച്ചു നോക്കി.

കോളേജിൽ വന്നപ്പോൾ മുതൽ തുടങ്ങിയതാണ് പിറകെയുള്ള അവന്റെയീ നടത്തം. എത്ര പറഞ്ഞാലും കേൾക്കില്ലവൻ...

ചിന്തയോടെ ശാലിനി അവനെ നോക്കി.

"എന്തിനാ ശാലൂ എന്നെയിങ്ങനെ നോക്കുന്നേ.. അത്രക്ക് ഗ്ലാമറുണ്ടോ എനിക്ക്..."
കൈ കൊണ്ട് മുടിയൊതുക്കി മീശ പിരിച്ച് അവൻ ചോദിച്ചതും അവളവനെ അടിമുടി നോക്കി.


"തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലെ... എനിക്കിഷ്ടമല്ലെന്ന് പല തവണ പറഞ്ഞതാണ്.. ഇനിയും ഇത് തുടരാൻ ആണ് ഭാവമെങ്കിൽ ഞാൻ അച്ഛനോട് പറയും.. പിന്നെ എന്താ സംഭവിക്കുക എന്ന് പറയേണ്ടല്ലോ.."

"നമ്മുടെ കല്യാണം ഉടനേ നടക്കും.."
എടുത്തടിച്ച പോലെ അനു പറഞ്ഞതും അവളവനെ കലിപ്പിച്ചു നോക്കി.

"ബൈ ദു ബൈ ശാലു.. നിന്റെ അച്ഛൻ ഡീ ജി പി യോ കളക്ടറോ എന്തുമായിക്കോട്ടെ.. എനിക്കതൊരു പ്രശ്നമല്ല... അതിന്റെ കാരണം നിനക്കറിയോ... "

സംശയത്തോടെ ശാലിനിയവനെ നോക്കി.


"പണ്ട് നിന്റെ അതേ പേരുള്ള ഒരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവളോടാണേൽ എനിക്ക് മുടിഞ്ഞ പ്രേമവും.. പ്രൊപ്പോസ് ചെയ്തപ്പോ നോ എന്നവൾ പറഞ്ഞു.. അതിൽ ദേഷ്യം കയറി ഞാനവളെ പിടിച്ച് കിസ്സി... അതറിഞ്ഞു വന്ന അവളുടെ പരട്ട ഏട്ടന്മാരെന്നേ തല്ലി...
അത് കണ്ട് നിന്ന അവളാണേൽ എന്നെ നിർത്താതെ പുച്ഛിച്ചു കൊണ്ടിരുന്നു. എനിക്കത് കണ്ടിട്ട് സഹിച്ചില്ല... എന്നെ തല്ലിയ ഭീഷണിപ്പെടുത്തിയ അവളുടെ ഏട്ടന്മാർ മുന്നിലുണ്ടെന്ന് പോലും ഓർക്കാതെ ഞാനവളെന്നെ പുച്ഛിച്ച ആ ചുണ്ടിൽ തന്നെ ഉമ്മ വെച്ചു..


അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ഇത്രയും എന്നെ തല്ലിയ അവളുടെ ഏട്ടന്മാരെ പോലും ഞാൻ പേടിച്ചിട്ടില്ല... എന്നിട്ടല്ലേ നിന്റെ അച്ഛൻ... ഇനി അവളെ എവിടെ വെച്ചെങ്കിലും കാണുവാണെങ്കിൽ അവളുടെ അതേ പേരുള്ള നിന്റെ കയ്യും പിടിച്ച് നെഞ്ചും വിരിച്ച് അഹങ്കാരത്തോടെ നടക്കണം എനിക്ക്..."


ശാലിനി പകപ്പോടെ അവനെ നോക്കി നിൽക്കുവായിരുന്നു.
വെളിവില്ലാത്ത പ്രായത്തിൽ തന്നെ ഉമ്മ വെച്ച ആ തെണ്ടി ഇതായിരുന്നോ..
അത്രയും ചെറിയ പ്രായത്തിലെ കാര്യം മറക്കാത്തതിന്റെ കാരണം തന്നെ അവന്റെ ആ ഉമ്മയാണ്.

പെട്ടെന്ന് അവൻ ലാസ്റ്റ് പറഞ വാക്കുകൾ മനസ്സിലൂടെ റീവൈന്റ് അടിച്ചതും കയ്യും കെട്ടി അവളവനെ നോക്കി.


""എന്നാ നടന്നോ... ആ ശാലിനിയും ഈ ശാലിനിയും ഒരാൾ തന്നെയാണ്..""

കുറച്ചു നിമിഷം വേണ്ടി വന്നു അവൾ പറഞ്ഞതിലെ അർത്ഥം അനുവിൻ മനസ്സിലാകാൻ...
പകപ്പോടെ അവനവളെ നോക്കി.

പെട്ടെന്ന് തന്നെ  

"ന്റെ ഈശ്വരാ..."
  
എന്നും പറഞവനവിടുന്ന് ഒറ്റ ഓട്ടമായിരുന്നു.
അവന്റെ ഓട്ടം കണ്ട അവളറിയാതെ ചിരിച്ചു പോയി.


***

രണ്ട് പേരും ഒരേ റൂട്ട് ആയത് കൊണ്ട് തന്നെ അനുവിനോട് യാത്രയും പറഞ്  ഒരു ഓട്ടോ വിളിച്ചു.
ഓട്ടോ വന്നതും ആലിയും സാതിയും നേരെ കയറിയിരുന്നു.


സ്ഥലം പറഞ്ഞു കൊടുക്കാൻ വേണ്ടി മുഖത്തേക്ക് നോക്കിയപ്പോഴാണ് ആളെ ആലി തിരിച്ചറിയുന്നത്.


"ഹേയ്... ഇക്കാ... മനസ്സിലായോ..?"
അത്ഭുതത്തോടെ അവൾ ചോദിച്ചതും അയാളൊന്ന് പുഞ്ചിരിച്ചു.

പറഞ്ഞു കൊടുക്കാതെ തന്നെ നേരെ തന്റെ വീടിന്റെ മുന്നിൽ ചെന്ന് ഓട്ടോ നിന്നതും ആലിയും സാതിയും അത്ഭുതത്തോടെ അയാളെ നോക്കി.


"ഒരു ദിവസം മോൾടെ ഉമ്മ എന്റെ ഓട്ടോയിലായിരുന്നു വന്നത്.."
അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ വണ്ണേ അയാൾ പറഞ്ഞതും സാതിയിലെന്തൊക്കെയോ സംശയങ്ങൾ നിറഞ്ഞു.


"എന്നാൽ ഞാൻ പോകുവാട്ടോ... ഇക്കാ ഇവളെ വീട്ടിൽ ആക്കിയേക്ക്..."


"അല്ല മോൾടെ ഉമ്മാക്കിപ്പോ കുഴപ്പമൊന്നുമില്ലല്ലോ..?"
തിരിഞ്ഞു നടക്കാനൊരുങ്ങിയതും അയാൾ ചോദിച്ചത് കേട്ട് ആലി ഇല്ലെന്ന് തലയാട്ടി.


എന്നാൽ സാതി അന്നേരം അയാളുടെ മുഖത്തേക്കായിരുന്നു. ആ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങൾ അവളിൽ വീണ്ടും സംശയത്തിന്റെ വിത്ത് പാകി.


വീടിന്റെ മുന്നിൽ ഓട്ടോ നിർത്തിയതും പണം വാങ്ങി പോകാൻ തുടങ്ങിയ അയാളെ സാതി തടഞ്ഞു നിർത്തി.


"നിങ്ങക്കെങ്ങനെയാ ആലീടെ ഉമ്മാനെ പരിചയം..?"

~~~~~


കുളിച്ച് ഫ്രഷ് ആയി ചായ കുടിക്കാൻ ഇരിക്കുമ്പോഴാണ് ഫോൺ അടിച്ചത്.
എടുത്തു നോക്കിയതും സാതിയാണെന്ന് കണ്ടവളുടെ നെറ്റി ചുളിഞ്ഞു.

"ഇത്രയും നേരം ഇവൾ എന്റെ കൂടെ ഉണ്ടായിരുന്നതല്ലേ.." എന്ന ചിന്തയോടെയാണ് കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചത്.


"എടീ... ഞാൻ കണ്ടു പിടിച്ചു...."
എടുത്ത ഉടനെ തന്നെ എങ്ങും തൊടാതെയുള്ള സാതിയുടെ സംസാരം കേട്ട് ആലിക്കാകെ കൺഫ്യൂഷനായി.


"എന്ത് കണ്ടു പിടിച്ചെന്നാടീ നീ പറയുന്നേ..? ഞാനതിൻ നിന്നോടൊന്നും കണ്ടെത്താൻ പറഞ്ഞിട്ടില്ലല്ലോ.."


"അതല്ലെടി പോത്തേ... ആ ഓട്ടോ ഡ്രൈവർ ഇക്ക ഇല്ലേ... ആ ഇക്കയാടീ നിന്റെ ഉമ്മാന്റെ കഥയിലെ കാമുകൻ മജീദ്..."


"എന്ത്....?"
ഒരലർച്ചയോടെ ആലി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.


"മെല്ലെ അലറെടീ... ഉമ്മ കേട്ടോണ്ട് വരും.. നീ പറഞ്ഞില്ലായിരുന്നോ ഈ ഇക്കാനെ കുറിച്ച്..
അന്ന് ഉമ്മാക്ക് വയ്യാതായപ്പോ എത്ര നേരം അയാൾ അവിടെ നിന്നു. പൈസ കിട്ടാനാണെന്ന് കരുതി കൊടുത്തു. എന്നിട്ടും പോയില്ലല്ലോ..
പിന്നെ അന്ന് ഉമ്മ ഈ ഇക്കാടെ വണ്ടിയിൽ കയറിയ ദിവസമല്ലേ ആകെ മൂഡൗട്ട് ആയത്. അതും കഴിഞ്ഞ് എത്രയോ ദിവസങ്ങൾക്ക് ശേഷം ഇന്നാണ് നമ്മളാ ഇക്കാനെ കാണുന്നത്... 
എന്നിട്ടും നിന്റെ വീട് മറന്നില്ലല്ലോ...


ഒക്കെക്കൂടെയായപ്പോ എനിക്കാകെ സംശയം തോന്നി.
എന്നെ വീട്ടിലിറക്കും വഴി ഞാൻ ചോദിക്കുകയും ചെയ്തു.
ആദ്യം ബലം പിടിച്ചെങ്കിലും ഞാൻ ശല്യപ്പെടുത്തിക്കൊണ്ടിരുന്നപ്പോ പറഞ് തന്നു..."

"ശേ... ഞാനത് ശ്രദ്ധിച്ചത് പോലുമില്ലല്ലോ..."
നിരാശയോടെ ആലി പറഞ്ഞു നിർത്തിയതും സാതിയൊന്ന് ഗമയോടെ ഇരുന്നു.


"അതിന് എന്നെപ്പോലെ ചിന്തിക്കാനുള്ള ബുദ്ധി നിനക്കില്ലല്ലോ.."

"വെച്ചിട്ട് പോടീ പുല്ലേ..."
എന്ന് പറഞ്ഞു കൊണ്ട് അവൾ കാൾ കട്ടാക്കിയതും സാതി ഒരു ചിരിയോടെ ഫോൺ ബെഡ്‌ഡിലേക്കിട്ടു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story