എൻകാതലീ: ഭാഗം 16

enkathalee

രചന: ANSIYA SHERY

"എന്താ..?" ഗൗരവം കലർത്തി പിരികമുയർത്തി അലക്സ് അവനെ നോക്കി. "എന്താ അലക്സ്..ഒന്ന് ചിരിച്ചൂടെടോ നിനക്ക്.. ഏത് നേരവും ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കുമ്പോ നിനക്കൊന്നും തോന്നുന്നില്ലേ.."എന്ന് ചോദിച്ച് അവന്റെ തോളിൽ കൈ വെച്ചതും അലക്സിന്റെ മുഖം ചുവന്നത് കണ്ട് ആ കൈ പതിയേ താണു... മുഖമൊന്ന് ചെരിച്ചു നോക്കിയ അലക്സിന്റെ നോട്ടം സാതിയിൽ തങ്ങി നിന്നു... പിന്നെ ആ നോട്ടം അനുവിലേക്ക് തന്നെ വന്നു നിന്നു... "പൊന്ന് മോനേ.. വെറുതെ തലയിൽ കയറി നിരങ്ങാൻ നിൽക്കണ്ട.. ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ നടക്കും.. നിനക്ക് പറ്റില്ലെങ്കിൽ നീ നോക്കാതിരുന്നാൽ മതി.." പതിഞ്ഞതെങ്കിലും അവന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു... അനുവിനെ പിടിച്ച് മാറ്റിക്കൊണ്ട് അലക്സ് നടന്ന് പോയതും അവൻ വായും പൊളിച്ച് അതേ നിൽപ്പ് നിന്നു... "എന്താ അവൻ പറഞ്ഞത്..?" അടുത്തേക്ക് ഓടി വന്ന സാതി ചോദിച്ചതും അവൻ ഞെട്ടി അവളെ നോക്കി... "അവൻ ബിസി ആണെന്ന്.. എന്നാ പിന്നെ കാണാം എന്ന് ഞാനും പറഞ്ഞു.

." ഇളിച്ചു കൊണ്ട് അവൻ പറഞ്ഞതും മറുപടിയിൽ തൃപ്തി ആവാത്ത പോലെ സാതിയും ആലിയും അവനെ അടിമുടി നോക്കി... -------- രണ്ട് മൂന്ന് ദിവസത്തിൻ ശേഷം.. പതിവ് പോലെ ക്ലാസ്സിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് പഠിക്കുന്നതാണ്... സാതിയുംപോലും പഠിക്കുന്നത് കണ്ട് ആലി സംശയത്തോടെ അടുത്തേക്ക് ചെന്നു... "നിങ്ങളൊക്കെ എന്താ ഈ പഠിക്കുന്നെ..?" ബാഗ് ഡെസ്കിലേക്ക് വെച്ച് ചുറ്റും നോക്കി അവൾ ചോദിച്ചതും സാതി തലയുയർത്തി അവളെ നോക്കി... "ഞാൻ നിന്നോട് പറയാൻ മറന്നതാ... ദിയാൻ സാറിന്റെ ലാസ്റ്റ് ക്ലാസ്സിൽ പഠിച്ച് വരാൻ പറഞ്ഞിരുന്നു... ഇന്ന് ലീവ് കഴിഞ്ഞ് സാർ വന്നു.." ആലിയുടെ ഉള്ളിലൂടെ ഒരു മിന്നലങ്ങ് കടന്നു പോയി..കൈകാലുകൾ വിറക്കുന്ന പോലെ തോന്നിയതും വേഗം ബെഞ്ചിലേക്കിരുന്നു... "നിനക്കെന്താ പറ്റിയേ..?" അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് സാതി ചോദിച്ചതും ഒന്നും ഞെട്ടിയ ആലി ഒന്നുമില്ലെന്ന് ചുമൽ കൂച്ചി... "അന്നത്തെ കാര്യം ഓർത്താണോ..?സാർ അതൊക്കെ വിട്ട് കാണുമെടീ.." അവളുടെ കയ്യിൽ മുറുകെ പിടിച്ച് സാതി പറഞ്ഞതും ആലി വെറുതെ ഒന്നും ചിരിക്കുക മാത്രം ചെയ്തു... ക്ലാസ്സിലേക്ക് കയറി വരുന്ന ദിയാനെ കണ്ടതും ആലിയുടെ കൈ സാതിയുടെ കയ്യിൽ മുറുകി...

"നീയെന്തിനാ ആലീ സാറെ പേടിക്കുന്നത്..? തെറ്റൊന്നും നീ ചെയ്തിട്ടില്ലല്ലോ..?"ന്ന് സാതി ചോദിച്ചതിന് ഉത്തരമൊന്നും അവൾ പറഞ്ഞില്ല... വന്ന ഉടനെ തന്നെ ക്ലാസ്സൊന്നാകെ കണ്ണോടിച്ചതും മിഴികളൊന്ന് ഇറുകെ അടച്ച് തുറന്ന് സാതി ബുക്കിലേക്ക് നോക്കിയിരുന്നു... അവന്റെ മിഴികൾ ആലിയിൽ എത്തിയപ്പോൾ വിടരുന്നത് സാതി ശ്രദ്ധിച്ചിരുന്നു... "സാർ..." പെട്ടെന്ന് ഡോറിനരികിൽ നിന്നും ശബ്ദം ഉയർന്നതും എല്ലാവരുടെയും മിഴികളും അങ്ങോട്ട് നീണ്ടു... കിതച്ചു കൊണ്ട് ബാഗ് കയ്യിൽ മുറുകെ പിടിച്ച് വാതിൽ പടിയിൽ ചാരി നിൽക്കുന്ന അനുവിനെ കണ്ട് സാതിയും ആലിയും പരസ്പരം ഒന്നും നോക്കി വീണ്ടും അവനിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു... "എന്താ..?" "സാർ...ഞാൻ കയറിക്കോട്ടെ.." "സമയമെത്രയായി..?"കൈകൾ മാറിൽ പിണച്ചു വെച്ച് ദിയാൻ ചോദിച്ചതും അനു അറിയില്ലെന്ന് ചുമൽ കൂച്ചി... "എന്റെ കയ്യിൽ വാച്ചില്ല സാർ..." "എങ്കിൽ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങണം.. തോന്നുന്ന സമയത്ത് കയറി വരാൻ ഇത് ചന്തയല്ല..." "സോറി.. സാർ ഇനി ആവർത്തിക്കില്ല.

."അവന്റെ ദേഷ്യം കണ്ട് അനു തല താഴ്ത്തി പറഞ്ഞു കൊണ്ട് മെല്ലെ പല്ല് കടിച്ചു... "ഗെറ്റ്.. എന്നും ഈ കൺസിഡറേഷൻ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്.." എന്നവൻ പറഞ്ഞതും അനു തലയാട്ടി അകത്തേക്ക് കയറി... ചുറ്റുമൊന്ന് കണ്ണോടിച്ചവന്റെ മിഴികൾ ആലിയിലേക്കും സാതിയിലേക്കും നീണ്ടതും തിരിഞ്ഞൊന്ന് ദിയാനെ നോക്കി.. അവനെന്തെന്ന് ചോദിച്ചതും ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവൻ ബെഞ്ചിനരികിലേക്ക് നടന്നു... ആലിയും സാതിയും ഇരിക്കുന്ന ബെഞ്ചിനടുത്ത് എത്തിയതും അവൻ പെട്ടെന്ന് തലക്കൽ ഇരുന്ന ആലിയെ പിടിച്ച് നീക്കി അവിടെയിരുന്നു... കണ്ണും മിഴിച്ച് ആലിയും സാതിയും അവനെ നോക്കിയെങ്കിലും ചെക്കൻ നോ മൈൻഡ്... ആലി പല്ല് കടിച്ച് അവനെ നോക്കി മുഖമുയർത്തി നോക്കിയതും തങ്ങളിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു നിൽക്കുന്ന ദിയാനെ കണ്ട് ഒരു പിടപ്പോടെ മിഴികൾ മാറ്റി... "എവിടെയെത്തി ആലീ..?"ഒന്നുമറിയാത്തവനെ പോലെ നിഷ്കളങ്കമായി അനു ചോദിച്ചതും ആലി മിണ്ടാതെ കൈകൊണ്ട് ബുക്കിൽ തൊട്ട് കാണിച്ചു... "ആലിയ..."പെട്ടെന്ന് സാറിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി എഴുന്നേറ്റു...

അടുത്തേക്ക് വന്നവൻ അവളെയും അനുവിനേയും ഒന്ന് നോക്കി... "ഇമ്പോസിഷൻ കാണിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ..?" "അത് സാർ..." "ആലി സാറിനെ കാണിക്കാൻ വേണ്ടി വന്നിരുന്നു.. പക്ഷെ,സാറിന്റെ മൂഡ് അപ്പോ ശെരിയല്ലാത്തത് കൊണ്ട് സാർ നോക്കാതെ പോയി.. പിറ്റേന്നക്കത്തെ ദിവസം മുതൽ സാർ ലീവും ആയിരുന്നു.." എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്ന ആലി പെട്ടെന്ന് എഴുന്നേറ്റ് നിന്ന് അനു പറഞ്ഞത് കേട്ട് ഒരു നിമിഷം നോക്കി നിന്നു.. പിന്നീടാ നോട്ടം ദിയാനിലേക്ക് നീണ്ടതും തന്നെ നോക്കി നില്കുന്നത് കണ്ട് വേഗം മിഴികൾ മാറ്റി... "ഞാൻ ഓർക്കുന്നു.. താൻ എന്തായാലും ഇപ്പോ കാണിച്ചോ..?" എന്നവൻ പറഞ്ഞതും ആലി വേഗം ബുക്കെടുത്ത് അവൻ നേരേ നീട്ടി... അത് വാങ്ങി നോക്കിയവൻ തിരികെ കൊടുത്ത് അവളെ ഒന്ന് നോക്കിയതിന് ശേഷം നടന്നു.. ____

"നീയെന്തിനാ ഞങ്ങടെ അടുത്ത് വന്നിരുന്നത്...?" ആ പിരീഡ് കഴിഞ്ഞ ഉടനെ അനുവിന് നേരേ തിരിഞ്ഞ് ആലി ചോദിച്ചതും അവനവളെ നോക്കി ഒന്ന് പുച്ഛിച്ചു... "നിങ്ങൾ രണ്ടാളും ഒരുമിച്ചല്ലേ ഇരിക്കുന്നത്.. അപ്പോ ഞാൻ മാത്രം വേറെ പോയി ഇരിക്കാനോ.. നോ വേ.." "എടാ മറ്റുള്ളവർ തെറ്റിദ്ധരിക്കും.." "എന്തിന്..?എന്റെ പൊന്ന് ആലിക്കൊച്ചേ.. ഇത് നിന്റെ സ്കൂളല്ല.. കോളേജാ..നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യം ഉണ്ട്.." എന്നവൻ പറഞ്ഞു നിർത്തി.. പിന്നെ നോട്ടം സാതിയിലേക്ക് നീണ്ടു.. തങ്ങളെ ശ്രദ്ധിക്കാതെ എന്തോ സംസാരിച്ചിരിക്കുകയാണ് അവളെന്ന് കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു. "ആലീ.. എന്റെ കൂടെയൊന്ന് ലൈബ്രറി വരെ വരാമോ.. നിനക്കല്ലേ നല്ല ബുക്ക് സെലക്ഷൻ ഉള്ളത്.. എനിക്കൊന്ന് എടുക്കണമായിരുന്നു..." പെട്ടെന്ന് അവർക്കടുത്തേക്ക് വന്ന് മുൻ ബെഞ്ചിലെ വർഷ ചോദിച്ചതും ആലി എഴുന്നേറ്റു.. "ഞാൻ പോയിട്ട് വരാം..."ന്ന് അനുവിനേയും സാതിയേയും നോക്കി പറഞ്ഞവൾ വർഷക്കൊപ്പം പോയതും അനു സാതിക്ക് നേരേ തിരിഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story