എൻകാതലീ: ഭാഗം 19

enkathalee

രചന: ANSIYA SHERY

ബെല്ലടിച്ചതും ബുക്ക് എടുത്ത് പോകാൻ നിൽക്കുന്ന ദിയാനെ കണ്ട് ആലി പെട്ടെന്ന് അനുവിന്റെ കയ്യിൽ തോണ്ടി.. "എന്താടീ..?" അവളുടെ നോട്ടം കണ്ട് അനു പിരികമുയർത്തിയതും ആലി അവൻ ഇരിക്കുന്നിടത്തേക്ക് വിരൽ ചൂണ്ടി.. "പ്ലീസ് ഡാ... എനിക്കിങ്ങനെ ഇടയിൽ കുത്തി ഇരിക്കുന്നത് ഇഷ്ടമല്ല.. ഞാൻ തലക്കൽ ഇരുന്നോളാം.. നീ ഇവിടേക്ക് ഇരുന്നോ.. ഒന്ന് സമ്മതിക്കെടാ.. കുറേ ആയില്ലേ ഞാനിങ്ങനെ പറയാൻ തുടങ്ങിയിട്ട്.. പ്ലീസ്..." ആലി പറഞ്ഞു നിർത്തിയതും അവൻ പറ്റില്ലെന്ന് തലയാട്ടി കാണിച്ചതും ഒരുമിച്ചായിരുന്നു... "ഞാൻ നിന്റെ ആ പ്രേമകഥ നമ്മുടെ ക്ലാസ്സിൽ പാട്ടാക്കേണ്ടെങ്കിൽ മര്യാദക്ക് മാറി തന്നോ.." പെട്ടെന്ന് ആലി കണ്ണുരുട്ടി പറഞ്ഞതും ഒന്ന് പകച്ച അനു അവളെ കണ്ണും മിഴിച്ച് നോക്കി... "ആലിയാ..." പെട്ടെന്ന് ദിയാന്റെ ശബ്ദം കേട്ടതും രണ്ട് പേരും ഞെട്ടി മുന്നോട്ട് നോക്കി... ആലി വേഗം എഴുന്നേറ്റ് നിന്നു കൊണ്ട് എന്താണെന്ന നിലക്ക് അവനെ നോക്കി... "ഞാൻ പറഞ്ഞ പ്രോഗ്രാം ഇന്നാണ്..2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ എത്തണം.." എന്ന് പറഞ്ഞവൻ പോയതും ആലി സീറ്റിലേക്കിരുന്നു..

"അപ്പോ എഴുത്തുകാരി കഥ എഴുതാൻ പോവുകയാണല്ലേ.." അനു ചോദിച്ചത് കേട്ട് അവൾ അവനെ ഒന്ന് നോക്കിയതിൻ ശേഷം പുച്ഛിച്ച് മുഖം വെട്ടിച്ച് സാതിയോട് സംസാരിക്കാൻ തുടങ്ങി... "സാതീ നീയെങ്കിലും..." എന്ന് ദയനീയമായി ചോദിച്ചതും അവളെ തലയാട്ടി കാണിച്ചു... "എനിക്കെ നടുവിൽ ഇരുന്നാൽ അലർജിയാ..😁"എന്ന് അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും ആലി ദേഷ്യത്തിൽ മുഖം വെട്ടിച്ച് ഇരുന്നു... **** ക്ലാസ്സ്‌ കഴിഞ്ഞ് മൂന്ന് പേരും കൂടെ നടക്കുമ്പോഴാണ് ഗേറ്റിനടുത്ത് ബൈക്കിൽ ആരെയോ കാത്ത് നിൽക്കുന്ന വിഷ്ണുവിനെ കണ്ടത്... സാതിയുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു..! അടുത്ത് നിന്ന ആലിയുടെ കയ്യിൽ അവൾ മുറുകെ പിടിച്ചു... അവളിലെ ഭാവമാറ്റം അറിഞ്ഞ അനുവും ആലിയും അവളുടെ നോട്ടം പോയിടത്തേക്ക് മിഴികൾ പായിച്ചു... "എന്താ സാതീ... ആരാ അത്..." "വി.. വിഷ്ണു.."അവളുടെ വാക്കുകൾ ഇടറിയിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകി... ആലി അവളുടെ ഷോൾഡറിൽ പിടിച്ച് അമർത്തിയതും സാതി അവളെ നോക്കി... ആലി അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു..

"നീയെന്തിനാ സാതീ പേടിക്കുന്നത്... ഒരു തെറ്റും നീ ചെയ്തിട്ടില്ല.. ഭയക്കേണ്ടത് അവനാണ്... നിന്റെ സ്നേഹം അവൻ വിധിച്ചിട്ടില്ല.. ഏതോ ഒരു പെണ്ണ് തേച്ചിട്ട് പോയതിന് ബാക്കി എല്ലാ പെണ്ണുങ്ങളെയും വെറുക്കുന്ന ഇവന്മാരെ പോലുള്ള കുറേ എണ്ണം ഉണ്ട്.. തൂഫ്..." പുച്ഛത്തോടെ മുഖം കോട്ടി തുപ്പിക്കൊണ്ട് ആലി പറഞ്ഞത് കേട്ട് അനുവും സാതിയും അവളെ അത്ഭുതത്തോടെ നോക്കി... എപ്പോഴും പേടിച്ച് പരുങ്ങി നിൽക്കുന്ന ആലിയുടെ മുഖത്തെ ദേഷ്യവും വെറുപ്പും അവരിലെ അത്ഭുതം കൂട്ടി... "നീ വന്നേ... അനു നീയും വാ..." സാതിയുടെ കയ്യും പിടിച്ച് ആലി പുറത്തേക്ക് നടന്നു... ഗേറ്റിനടുത്ത് ബൈക്കിൽ ഇരുന്ന വിഷ്ണു സാതിയെ കണ്ടതും ബൈക്കിൽ നിന്നെഴുന്നേറ്റ് അവർക്കടുത്തേക്ക് നടന്നു. വിഷ്ണുവിനെ കണ്ടപ്പോഴുള്ള ഭയം സാതിയിൽ അപ്പോഴുണ്ടായിരുന്നില്ല.. പകരം ആലിയുടെ ഭാവമാറ്റം അവളെ അമ്പരപ്പിക്കുകയാണ് ചെയ്തത്...! "സാതീ...." വിഷ്ണുവിന്റെ വിളി കേട്ടപ്പോഴാണ് അവൾ ആലിയിൽ നിന്ന് കണ്ണ് മാറ്റി അവനെ നോക്കിയത്...

അവളിലുള്ള പിടി വിട്ട് മാറിൽ കൈ പിണച്ചു നിൽക്കുകയായിരുന്നു ആലിയപ്പോൾ... "എനിക്ക് സാതിയോടൊന്ന് തനിച്ചു സംസാരിക്കണമായിരുന്നു.." ആലിയേയും അനുവിനേയും നോക്കി പരുങ്ങലോടെ വിഷ്ണു പറഞ്ഞു... "അതിന് സാതിയുടെ ആരാണ് നിങ്ങൾ..?" അനുവിന്റെ ചോദ്യം കേട്ടതും ആലി അവനെ നോക്കി പൊളിച്ചു എന്ന നിലക്ക് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.. "അത്... അത് പിന്നെ.. ഞാനവളുടെ ഭർത്താവാണ്..." "അത് പണ്ടല്ലേ...?"അവൻ ചോദിച്ചു നിർത്തിയതും ആലി മറു ചോദ്യം ചോദിച്ചത് കേട്ട് വിഷ്ണു അവളെ നോക്കി... "സാതീ... പ്ലീസ്...." സാതിയുടെ കയ്യിൽ പിടിച്ച് വിഷ്ണു കെഞ്ചിയതും ആലി പെട്ടെന്നവന്റെ കൈ അവളിൽ നിന്ന് തട്ടി മാറ്റിയതും ഒരുമിച്ചായിരുന്നു.... "ഇപ്പോ സാതി നിങ്ങളുടെ ഭാര്യയല്ല...മറന്നു പോയെങ്കിൽ ഓർമ്മിപ്പിക്കാം.. കൃത്യമായി പറഞ്ഞാൽ ഒരു മാസം കഴിഞ്ഞു കാണും.. ആവേശത്തോടെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട ഒരാളെ ഓർമ്മ കാണുമല്ലോ.. ഇല്ലെങ്കിൽ പറഞ്ഞു തരാം.. എന്റെ മുന്നിൽ നിൽക്കുന്ന വിഷ്ണു എന്ന നിങ്ങൾ തന്നെയാണ് അത്..."

പുച്ഛത്തോടെ ആലി പറഞ്ഞു നിർത്തിയതും വിഷ്ണു ഞെട്ടലോടെ അവരെ നോക്കി... "സാതി.. നീയെന്താ ഒന്നും പറയാത്തത്.. ഇവൾക്കെന്നെ ഇപ്പോഴും ഇഷ്ടമാ.. അത് കൊണ്ടാ എന്നേ എതിർത്ത് അവൾ സംസാരിക്കാത്തത്.." തല താഴ്ത്തി നിൽക്കുന്ന സാതിയെ നോക്കി ഒരു വിജയ ചിരി പോലെ വിഷ്ണു പറഞ്ഞതും ആലി സാതിയെ പല്ല് കടിച്ച് നോക്കി.... "സാതീ നീ എന്റെ കൂടെ വാ.. എനിക്ക് തനിച്ചൊന്ന് സംസാരിക്കണം.. ഇവരൊന്നും വേണ്ടാ..." എന്നും പറഞ് അവളുടെ കയ്യിൽ പിടിക്കാൻ തുനിഞ്ഞതും അവന്റെയാ കയ്യിൽ മറ്റാരുടെയോ പിടി മുറുകിയതും ഒരുമിച്ചായിരുന്നു.... ഞെട്ടലോടെ തല ഉയർത്തി നോക്കിയ സാതി കലിപ്പിൽ വിഷ്ണുവിന്റെ കൈ പിടിച്ച് ഞെരിക്കുന്ന അലക്സിനെ കണ്ട് ഞെട്ടി...! "ഞങ്ങടെ കോളേജിലെ പിള്ളേരേ തന്നെ വേണം അല്ലേടാ നിനക്ക് കയറിപ്പിടിക്കാൻ.." എന്നും പറഞ് അവന്റെ ചെകിടത്തിട്ട് ഒന്ന് കൊടുത്തതും സാതി ഞെട്ടി ആലിയേയും അനുവിനേയും നോക്കി...

വാ പൊളിച്ച് അലക്സിനെ നോക്കി നിൽക്കുകയാണ് രണ്ട് പേരും..! ചുറ്റും ഉള്ള എല്ലാവരുടെയും മിഴികൾ തങ്ങളിലാണെന്ന് അറിഞ്ഞതും സാതി പെട്ടെന്ന് ഒരു പകപ്പോടെ അലക്സിനെ ചെന്ന് പിടിച്ചു മാറ്റി... "അലക്സ് മാർ... നീയെന്താ കാണിക്കുന്നത്...മാറിക്കേ..." അവനെ പിറകിലേക്ക് തള്ളി മാറ്റി നിലത്ത് കിടക്കുന്ന വിഷ്ണുവിനെ അവൾ നോക്കി... ചുണ്ടിൽ നിന്ന് ചോര വാർന്നു അപമാനിതനായി കിടക്കുന്ന അവനെ കണ്ടപ്പോൾ ആദ്യമായി അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു..! "നമ്മൾ തമ്മിലുള്ള ബന്ധം എന്ന് തീർന്നോ അന്ന് തന്നെ മനസ്സിൽ നിന്ന് ഞാൻ ഒഴിവാക്കിയതാണ് നിങ്ങളെ.. പിന്നെ ഈ വരവ് ഞാൻ നേരത്തെ പ്രതീക്ഷിച്ചിരുന്നു.. കുറച്ചു ദിവസം മുമ്പ് കണ്ടിരുന്നു തേച്ചിട്ട് പോയ കാമുകിയോടൊത്ത് ബൈക്കിൽ പോകുന്നത്...അവൾ തിരിച്ചു വന്നല്ലേ...പിന്നെ നിങ്ങടെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു...

മോൻ ഇപ്പോഴാണ് എന്റെ വില അറിഞ്ഞതെന്ന്...കാമുകി വന്നിട്ടും ഇപ്പോഴും എന്നെയാണ് ഓർമ്മ എന്നും..ഒന്നേ പറയാനുള്ളൂ..ഞാൻ നിങ്ങളെ എന്നേ മറന്നു കഴിഞ്ഞു.. ഇനിയൊരു മടങ്ങി വരവ് നിങ്ങളുടെ ജീവിതത്തിലേക്ക് ഉണ്ടാകില്ല.." അത്രയും പറഞ് എഴുന്നേറ്റ് തിരിഞ്ഞതും തങ്ങളെ തന്നെ നോക്കി നിൽക്കുന്നവരെ കണ്ട് ഒന്ന് ഇളിച്ചു കാണിച്ചു... തിരിഞ്ഞ് നോക്കിയതും ബൈക്കിൽ കയറി പോകുന്ന വിഷ്ണുവിനെ കണ്ട് മുഖം വെട്ടിച്ചു... പിന്നെ മുഷ്ടി ചുരുട്ടി നിൽക്കുന്ന അലക്സിനടുത്തേക്ക് നടന്നു.... "ഫ്രണ്ട്സ്..."എന്ന് പറഞ് അവന്റെ നേരേ കൈ നീട്ടിയതും ഒന്ന് ഞെട്ടിയ അവൻ നെറ്റി ചുളിച്ചു... പിന്നെ പുച്ഛത്തോടെ മുഖം വെട്ടിച്ചു... "ഓഹ് വേണ്ടേൽ വേണ്ടാ...കൂടെ പഠിക്കുന്ന ഒരു സുഹൃത്തിനെ രക്ഷിച്ചതിന്റെ നന്ദിയല്ല...നിന്റെ ഇടി കണ്ടാണ് അവനോട് പറയാൻ ഉള്ള വാക്കൊക്കെ നാവിലേക്ക് കയറി വന്നത്..." എന്ന് പറഞ്ഞു കൊണ്ട് അവൾ ആലിക്കും അനുവിനും നേരേ നടന്നു... "പോകാം..."എന്ന് പറഞ്ഞതും ഞെട്ടി നിൽക്കുകയായിരുന്ന ആലി വീണ്ടും ഞെട്ടി അവളെ നോക്കി...

പിന്നെ എന്തോ ഓർത്ത പോലെ അവളുടെ പിറകിലേക്ക് നോക്കിയതും തിരിഞ്ഞു പോകുന്ന അലക്സിനെ കണ്ട് വേഗം അവന്റെ അടുത്തേക്ക് പാഞ്ഞു... മുന്നിലാരോ പാഞ്ഞു വന്നു നിന്നതറിഞ് നോക്കിയ അലക്സ് ആലിയെ കണ്ട് നെറ്റി ചുളിച്ചു... ബാഗ് തുറന്ന് ഒരു ഡയറി മിൽക്ക് എടുത്ത് അവൻ നേരേ നീട്ടിയതും അതിലേക്കും അവളുടെ മുഖത്തേക്കും അവൻ മാറി മാറി നോക്കി... "പ്രൊപ്പോസ് ചെയ്തത് ഒന്നും അല്ല.. എന്റെ സന്തോഷത്തിൻ തന്നതാ...മേടിച്ചില്ലെങ്കിൽ പോകുന്ന വഴിക്ക് നിങ്ങടെ വണ്ടി മറിഞ്ഞു വീഴും.." എന്നവൾ കണ്ണുരുട്ടി പറഞ്ഞത് കേട്ട് അലക്സ് കണ്ണും മിഴിച്ച് അവളെ നോക്കി... അവന്റെ കൈ പിടിച്ച് നീട്ടിക്കൊണ്ട് സാതി കയ്യിലേക്ക് ഡയറി മിൽക്ക് വെച്ച് കൊടുത്തു... ഞെട്ടൽ വിട്ടു മാറിയ അവൻ കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി അത് വലിച്ചെറിയാൻ തുടങ്ങിയതും ആലി പെട്ടെന്നവന്റെ കയ്യിൽ പിടിച്ചു...

"വലിച്ചെറിഞ്ഞാൽ ഭക്ഷണം കിട്ടാതെ നിങ്ങൾ ജീവിതകാലം മുഴുവൻ അലയും.." സാതിയും അനുവും അവളുടെ അലക്സിനോടുള്ള പെരുമാറ്റം കണ്ട് വായും പൊളിച്ചു നിൽക്കുകയായിരുന്നു... വന്ന അന്ന് തന്നെ പേടിച്ചു കൊണ്ട് അലക്സിനോടൊന്നും സംസാരിക്കാൻ പോകേണ്ടെന്ന് പറഞ്ഞ ആലിയെ സാതിയൊന്ന് ഓർത്തു... "പിന്നെ ഫ്രണ്ട്സ്...." എന്ന് പറഞ് ആലി പെട്ടെന്നവന്റെ നേരേ കൈ നീട്ടിയതും അവൻ ഒന്നും മിണ്ടാതെ ഡയറി മിൽക്ക് പോക്കറ്റിലേക്കിട്ട് കൊണ്ട് അവളെ നോക്കി കൈ കെട്ടി നിന്നു... "എന്തേ...?" അവന്റെ നോട്ടം കണ്ട് അവൾ ചോദിച്ചതും അവൻ കണ്ണുരുട്ടി കാണിച്ചു... അതിനവൾ പുച്ഛിച്ചു കാണിച്ചതും അലക്സിന്റെ വാ അറിയാതെ തുറന്നു പോയി... അർണവിനൊഴികെ ബാക്കി എല്ലാവർക്കും സംസാരിക്കാൻ ഭയമാണ് തന്നോട്... എന്തിന് ഇവൾ പോലും ആദ്യം തന്നെ കണ്ട അന്ന് പേടിച്ചു ഓടിയതാണ്... എന്നിട്ടിപ്പോ... ചിന്തയോടെ അലക്സ് അവളെ നോക്കി... "ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി... പിന്നെ എനിക്കൊരു ഇക്കാക്ക ഇല്ല..

അപ്പോ ഇനി നിങ്ങളെ ആണ് ആ സ്ഥാനത്ത് എടുക്കുന്നത്.. എനിക്കറിയാം എന്നേക്കാൾ ഒരുപാട് aged ആണെന്ന്.. അത് കൊണ്ട് ഇനി മുതൽ ഞാൻ അലക്സിച്ചായാന്നേ വിളിക്കൂ.. സ്വന്തമായിട്ട് ഒരു ഇക്കാക്ക ഇല്ലാത്തതിന്റെ കുറവ് ഞാൻ ഇന്ന് മുതൽ തീർക്കാൻ പോവാ..." എന്ന് പറഞ്ഞവൾ സാതിക്കരികിലേക്ക് ഓടിയതും അറിയാതെ തന്നെ അലക്സിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... "പൊട്ടി പെണ്ണ്..."അതും പറഞ്ഞവന്റെ മിഴികൾ സാതിയിലേക്ക് നീണ്ടു... അവളുടെ നോട്ടം തന്നിലും ആലിയിലും മാറി മാറി പതിയുന്നത് കണ്ട് അവൻ എന്തെന്ന് പിരികമുയർത്തിയതും അവൾ പുച്ഛിച്ചു കൊണ്ട് മുഖം വെട്ടിച്ചു... ____ "നമ്മുടെ കണ്ണും മിഴിപ്പിച്ചോണ്ട് അവളിരുന്ന് ചിരിക്കുവാ.. പറയെടീ പട്ടീ..." ബസ് സ്റ്റോപ്പിൽ ഇരിക്കവേ അനു ചൂടായതും ആലി അവരെ നോക്കി.. "നിങ്ങക്കെന്താ അറിയേണ്ടത്..?" "നീയെന്തിനാ അവനോട് പോയി അങ്ങനൊക്കെ സംസാരിച്ചത്.."എന്ന് ദേഷ്യത്തിൽ സാതി ചോദിച്ചതും ആലി അവളുടെ കവിളിൽ ഒന്ന് പിച്ചി... "സത്യം പറയാലോ.. എനിക്ക് നല്ല പേടി ആയിരുന്നു ഇന്ന് ആ വിഷ്ണു വരുന്നത് വരെ...

പക്ഷെ അവനെ ഇടിച്ചപ്പോ ആ പേടിയൊക്കെ മാറി...അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ പറ്റുന്ന ഒരാളാണ്... അത് പോലെ തന്നെ ആരെയും സഹായിക്കാൻ മനസ്സുള്ളയാളും...അത് കൊണ്ടല്ലേ നിങ്ങൾ തമ്മിൽ വഴക്ക് ആയിട്ട് പോലും ഇച്ചായൻ വന്ന് അവനെ തല്ലിയത്..." "ഇച്ചായനോ..?"രണ്ട് പേരും കണ്ണും മിഴിച്ച് ചോദിച്ചതും ആലി ഇളിച്ചു കൊണ്ട് തലയാട്ടി.... "നിങ്ങൾ കേട്ടില്ലായിരുന്നോ പറഞ്ഞത്.. സത്യത്തിൽ നമ്മളെക്കാൾ വയസ്സ് ഉണ്ട് ഇച്ചായൻ.. എന്നോട് അർണവേട്ടൻ പറഞ്ഞതാണ്...പിന്നെ പണ്ട് മുതലേ ഒരു ഇക്ക ഇല്ലാത്തതിന്റെ സങ്കടം ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ ഈ സങ്കടം ഇച്ചായനിലൂടെ തീർക്കാം എന്ന് കരുതി..." "ഞാനും നിന്റെ മൂത്തതാടീ.."ന്ന് ഇളിച്ചു കൊണ്ട് അനു പറഞ്ഞതും ആലി അവനെ നോക്കി കൊഞ്ഞനം കുത്തി.. "ഒരു മാസം മൂത്തതിന് ആണോടാ നിന്നെ ഏട്ടാന്ന് വിളിക്കുന്നത്... നിന്നെ ഒരിക്കലും ഞാൻ അങ്ങനെ വിളിക്കില്ലെടാ അനുരാഗ് മോനേ..നിന്നെ ഞാൻ എന്റെ അനിയൻ ആക്കാം.." "വേണ്ടായേ..." രണ്ടും കൂടെ അവിടെ വാക്ക് തർക്കം ആയതും കുറേ പണി പെട്ടു സാതി അവരെ അടക്കി നിർത്താൻ.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story