എൻകാതലീ: ഭാഗം 27

enkathalee

രചന: ANSIYA SHERY

ബെഞ്ചിലിരുന്ന് തല കുനിച്ച് എഴുതുന്ന ആലിയെ കെട്ടിപ്പിടിച്ചു കൊണ്ട് കവിളിൽ ഉമ്മ വെച്ചതും അവൾ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി. സാതിയെ കണ്ടതും ആശ്വാസത്തോടെ നെടുവീർപ്പിട്ടു കൊണ്ട് അവളെ പല്ല് കടിച്ചു നോക്കി. "നീ മനുഷ്യനെ കൊല്ലുവോ?😬" "സോറീ മുത്തേ.. ഞാനെന്റെ സന്തോഷം പ്രകടിപ്പിച്ചതാ" എന്നവൾ പറഞ്ഞതും സംശയത്തോടെ ഇരുന്നിടത്ത് നിന്നും നീങ്ങി സാതിയെ അടുത്ത് പിടിച്ചിരുത്തി. "എന്താടീ.. എന്താ കാര്യം?" "ഇന്നലെ നീ പറഞ്ഞ ജോലി ശെരി ആയെടീ..ഇനി ആരോടും പണം ചോദിക്കേണ്ട ആവശ്യം ഇല്ല.. അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാ അമ്മ പറഞ്ഞത് ഇന്ന് ഏട്ടൻ വരുമെന്ന്.. രണ്ട് സന്തോഷം കൂടെ ഒരുമിച്ച് വന്നപ്പോ നിന്നെ കെട്ടിപ്പിടിച്ച് പ്രകടിപ്പിച്ചതാ" "ആഹാ.. ചിലവുണ്ടല്ലോ മോളേ" പെട്ടെന്ന് അവർക്കിടയിലേക്ക് കയറി വന്ന് അനു പറഞ്ഞതും രണ്ട് പേരും അവനെ നോക്കി. "ആഹാ.. അതിനെന്താ തരാലോ.. നിന്റെ കീശയിൽ ഇരിക്കുന്ന ആ അഞ്ഞൂറിന്റെ നോട്ട് ഇങ് തായോ.. എന്നിട്ട് നമുക്ക് ക്യാന്റീനിലേക്ക് പോകാം" "വേണ്ടാ.. എനിക്ക് ചിലവ് വേണ്ടാ.."കൈകൂപ്പി അതും പറഞ് അവനവിടുന്ന് പോയതും ആലിയും സാതിയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു. °°°°°

കോളേജ് വിട്ട് വീട്ടിലെത്തിയപ്പോഴേ മുറ്റത്ത് അഴിച്ചിട്ട പരിചിതമായ ചെരുപ്പ് കണ്ട് സാതിയുടെ മിഴികൾ വിടർന്നു. അകത്തേക്ക് കയറിയതും അടുക്കളയിൽ നിന്ന് ആരവിന്റെ ശബ്ദം കേട്ട് അങ്ങോട്ട് നടന്നു. അടുക്കളയിലെ ടേബിളിനരികെ ചെയറിട്ട് ഇരുന്ന് ഫുഡ്‌ കഴിക്കുന്ന ആരവിനെയും അവൻ ഭക്ഷണം വാരിക്കൊടുക്കുന്ന അമ്മയേയും കണ്ട് അറിയാതെ അവളുടെ മിഴികൾ കലങ്ങി. "ആഹാ... നീ വന്നോ..?" ആരവിന്റെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്. അവനെ നോക്കവേ മിഴികൾ അമ്മയിലേക്ക് നീണ്ടു. താൻ വന്നത് ഇഷ്ടമായില്ലെന്ന് ആ മുഖം കറുപ്പിക്കലിൽ നിന്ന് അവൾക്ക് മനസ്സിലായി. "നീ കഴിക്ക് മോനേ.. എന്റെ കുട്ടിയെ എത്ര ദിവസം ആയി കണ്ടിട്ട്.. വന്നിട്ട് കുളിക്കാതെ നേരേ അടുക്കളയിലേക്ക് ആണോടീ വരുന്നത്?" അവളൊന്നും മിണ്ടിയില്ല. രണ്ട് പേരെയും മാറി മാറി ഒന്ന് നോക്കിയതിന് ശേഷം തിരിഞ്ഞ് അകത്തേക്ക് നടന്നു. മുറിയിലേക്ക് കയറി വാതിൽ ചാരിയതിന് ശേഷം ബാഗ് അഴിച്ചു വെച്ച് ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് നടന്നു.

ഡ്രസ്സ്‌ അഴിച്ച് ഷവർ തുറന്ന് അതിന്റെ ചുവട്ടിൽ നിന്നു. നഗ്നമായ ദേഹത്ത് ഊർന്നു വീഴുന്ന വെള്ളത്തുള്ളികൾ ചുട്ടു പൊള്ളിക്കുന്ന പോലെ.! ചിന്തകൾ മാറി സഞ്ചരിക്കാൻ തുടങ്ങിയതും ഷവർ ഓഫ്‌ ചെയ്തു. കുളിച്ചതിന് ശേഷം വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങിയത് കട്ടിലിൽ ഇരിക്കുന്ന ആരവിനെയാണ് കണ്ടത്. തലയിലെ തോർത്ത് അഴിച്ചു മാറ്റി അവനടുത്തേക്ക് നടന്നതും അവളെ കണ്ട ആരവ് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. "മോളേ.."എന്നവൻ വിളിച്ചതും അത് വരെ തടഞ്ഞു നിർത്തിയ സങ്കടം കണ്ണീരായി അവളിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു. ഒരു പൊട്ടിക്കരച്ചിലോടെ അവനെ കെട്ടിപ്പിടിച്ചതും അവന്റെ കരങ്ങളും അവളെ പുണർന്നു. "ഞാനെന്ത് തെറ്റാ ഏട്ടാ ചെയ്തത്..? ഒന്നും ഞാൻ ചോദിച്ചിട്ടില്ല.. ഏട്ടനെ സ്നേഹിക്കുന്ന പോലെ അല്ലെങ്കിലും കുറച്ചെങ്കിലും എന്നെയും ഒന്ന് സ്നേഹിച്ചു കൂടെ..

ഇത്ര മാത്രം വെറുക്കാൻ ഞാനെന്താ ചെയ്തത്?" അവനൊന്നും മിണ്ടിയില്ല. അല്ലെങ്കിലും എന്ത് പറയാനാണ്? ചെറുപ്പം മുതലേ കണ്ട് തുടങ്ങിയതാണ്. സാതിയെ അകറ്റി തന്നെ ചേർത്ത് പിടിക്കുന്നത്. തന്നെ ചേർത്ത് പിടിക്കുമ്പോഴൊക്കെ അവളും ആഗ്രഹിച്ചിട്ടുണ്ട് അതൊക്കെ. പക്ഷെ അമ്മയും അച്ഛനും ഇത് വരെ അവളെ ചേർത്ത് പിടിക്കുന്നത് പോയിട്ട് ഒന്ന് സ്നേഹത്തോടെ സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല. സാതി അകന്നു മാറിയപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്ന് അവളെ നോക്കിയത്. "അല്ല.. നിങ്ങളെന്തിനാ വന്നത്.. ഓഹ് ഇന്നലെ കെട്ട്യോളെ വിളിച്ചതിന് വഴക്ക് പറയാൻ വേണ്ടി ആയിരിക്കും അല്ലേ.."

പെട്ടെന്നവളുടെ ഭാവം മാറിയതും അവൻ ഞെട്ടി. എന്നാൽ ഉള്ളിലെ വിഷമം അവൻ അറിയാതിരിക്കാൻ വിഷയം മാറ്റിയതായിരുന്നു അവൾ. "അത് ഞാൻ വെറുതെ പറഞ്ഞത് അല്ലേടീ.." "ഇപ്പോ അങ്ങനെ ഒക്കെ പറഞ് രക്ഷപ്പെടാം. ഇനി നാളെ കെട്ടുമ്പോ കാണാം പെങ്ങളാണോ ഭാര്യയാണോ വലുതെന്ന്.." അത് കേട്ടതും അവന്റെ മുഖം ദേഷ്യത്തിൽ ചുവക്കുന്നത് കണ്ടാണ് സാതിക്ക് പണി പാളിയെന്ന് മനസ്സിലായത്. ഒന്നും മിണ്ടാതെ വാതിൽ തുറന്ന് അവൻ പുറത്തേക്ക് പോയതും തലക്ക് കൈ കൊടുത്തു കൊണ്ട് സാതി നിന്നു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story