എൻകാതലീ: ഭാഗം 46

enkathalee

രചന: ANSIYA SHERY

"അത് പിന്നെ..." അവൾ നിന്ന് പരുങ്ങിയതും ദിയാനൊന്ന് ചിരിച്ചു. "ഇന്നലെ ഫോൺ വിളിച്ചു വെച്ചത് മുതൽ ഉമ്മാക്ക് ഒരു സമാധാനം ഇല്ല. നിങ്ങളെ കാണണം എന്ന് പറഞ്ഞിരിക്കുവാണ്. അപ്പൊ ലീവുള്ള ഒരു ദിവസം വീട്ടിലേക്ക് വരാൻ വേണ്ടിയാണ്..." അത് കേട്ടപ്പോഴാണ് ആലിക്ക് ശ്വാസം നേരെ വീണത്. "അത് ഞാൻ സാറിന്റെ വാട്സ്ആപ്പിലേക്ക് ലൊക്കേഷൻ അയച്ചു തരാം." "ഓഹ്.. ഓക്കെ.. എന്നാൽ അങ്ങനെ മതി.. പിന്നെ ദാ.." പെട്ടെന്നവൻ അവൾക്ക് നേരെ ഒരു ഡയറി മിൽക്ക് നീട്ടിയതും ആലി ഞെട്ടലോടെ അവനെയും അടുത്ത് നിൽക്കുന്ന രണ്ടിനെയും മാറി മാറി നോക്കി. "താങ്ക്യൂ സാർ..." അത് വാങ്ങിക്കൊണ്ട് അനു പറഞ്ഞതും ദിയാൻ അവനെ പല്ല് കടിച്ചൊന്ന് നോക്കി. സാതി വാ പൊത്തിച്ചിരിച്ചു. "എന്നാൽ നിങ്ങൾ പൊക്കോ.. ലിയാ.. വാട്സ്ആപ്പിൽ അയക്കാൻ മറക്കല്ലേ.." അവസാനം ആലിയെ നോക്കി കണ്ണിറുക്കി പറഞ്ഞവൻ പോയതും ആലി പകപ്പോടെ ചുറ്റും നോക്കി. ആരും തങ്ങളെ നോക്കുന്നില്ലെന്ന് കണ്ടതും അവളൊന്ന് നെടുവീർപ്പിട്ടു. -----------

ഇന്ന് നടന്നതൊക്കെ ആലോചിച്ച് ചിരിച്ച് വീട്ടിലേക്ക് കയറിയ സാതിയുടെ മുഖം ചുളിഞ്ഞു. മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാറിലേക്കും അഴിച്ചിട്ട ചെരുപ്പുകളിലേക്കും മാറി മാറി നോക്കിയവൾ അകത്തേക്ക് കയറി. ഹാളിൽ ഇരിക്കുന്നവരെ കണ്ടതും അവളൊരു പകപ്പോടെ അമ്മയേയും അച്ഛനേയും മാറി മാറി നോക്കി. പിന്നെ ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു. മുറിയിലെത്തിയതും ബാഗ് ബെഡ്‌ഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവൾ തലക്ക് കൈ കൊടുത്തിരുന്നു. പിന്നെ എന്തോ ഓർത്ത പോലെ ബാഗിൽ നിന്ന് ഫോൺ എടുത്ത് ഏട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് അടിച്ചു. "ഹാ.. മോളെ... നിനക്ക് ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു.." അവളെന്തെങ്കിലും പറയുന്നതിന് മുന്നേ ആരവ് പറഞ്ഞതും സാതിയുടെ നെറ്റി ചുളിഞ്ഞു. "ഞാൻ നിന്നോട് മുമ്പൊരിക്കൽ സൂചിപ്പിച്ചില്ലായിരുന്നോ.. എനിക്കൊരു കുട്ടിയെ ഇഷ്ടമാണെന്ന്.. അവളുടെ വീട്ടുകാർ ഇന്ന് വീട്ടിലേക്ക് വരും.. വന്നാൽ ഒന്ന് പറഞ്ഞേക്കണേ.." അവനത് പറഞ്ഞപ്പോഴാണ് സാതിക്ക് ശ്വാസം നേരെ വീണത്.

"ശെരി ഏട്ടാ.." എന്ന് പറഞ്ഞവൾ ഫോൺ വെച്ചു. പിന്നെ എന്തോ ഓർത്ത പോലെ സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു. "ശ്ശെ.. അവർ വന്നെന്ന് ഏട്ടനോട് പറയാൻ മറന്നല്ലോ.. ഹാ.. ഇനി മെസ്സേജ് അയക്കാം.. ഇനി വീണ്ടും പെണ്ണ് കാണാൻ വന്നവരാണോ എന്ന് പേടിച്ചു പോയി.." ആരവിൻ മെസ്സേജ് അയച്ച ശേഷം ആശ്വാസത്തോടെ അവൾ ബെഡ്‌ഡിൽ മലർന്നു കിടന്നു. *** "ആഹ് ഉമ്മാ.. ഇന്ന് സാർ എന്നോട് വീടെവിടാന്ന് ചോദിച്ചിരുന്നു. ഫാത്തിമ്മ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞിരിക്കുവാണത്രെ.." ഉമ്മയുടെ തോളിൽ തല ചായ്ച്ചു കൊണ്ട് ആലി പറഞ്ഞതും അവരുടെ മുഖമൊന്ന് വിടർന്നു. "എന്നിട്ട് നീ പറഞ്ഞു കൊടുത്തോ..?" "ആഹ്.. സാറിൻ വാട്സ്ആപ്പിൽ ലൊക്കേഷൻ അയച്ചു കൊടുത്തിട്ടുണ്ട്.. ലീവ് ഉള്ള ദിവസം വരാമെന്ന് പറഞ്ഞു.." "ശോ.. എനിക്കും കാണണം അവരെയൊക്കെ.. ഉമ്മി പറഞ്ഞെന്നല്ലാതെ ഇത് വരെ കണ്ടിട്ടില്ല.

പിന്നെ ദിയാൻ സാറിനെയും കാണണം. ഒന്നുമില്ലെങ്കിലും എന്റെ ഇത്ത പ്രൊപ്പോസ് ചെയ്ത ആളല്ലേ.." പൊടി ഇളിച്ചു കൊണ്ട് പറഞ്ഞതും ആലി ചാടി എഴുന്നേറ്റു കൊണ്ട് അവളെ അടിക്കാൻ കയ്യോങ്ങി. അടി കിട്ടും മുന്നേ അവൾ എഴുന്നേറ്റ് റൂമിലേക്ക് ഓടിയതും ആലിയും പിറകെ ഓടി. "എന്റെ പടച്ചോനേ.. ഈ രണ്ടെണ്ണത്തിനെ കൊണ്ട് തോറ്റല്ലോ.." മുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ട് ഉമ്മ എഴുന്നേറ്റു പോയി. ----------- "എടീ.. നീയറിഞ്ഞോ നമ്മുടെ കോളേജിൽ പുതിയ ഒരു മിസ്സ്‌ വന്നു.." പിറ്റേന്ന് ക്ലാസ്സിൽ എത്തിയ ഉടനേ തന്നെ വർഷ പറഞ്ഞത് അതായിരുന്നു. "അതിന് നമ്മുക്ക് ഒരു വിഷയത്തിനും ആൾ ഒഴിവില്ലല്ലോ.." ആലി സംശയത്തോടെ ചോദിച്ചതും വർഷ ഒന്ന് ചിരിച്ചു. "നമ്മുടെ മീന മിസ്സ്‌ ഇല്ലേ.. പുള്ളി കോളേജിൽ നിന്ന് പോയി.. രണ്ട് ദിവസം ആയത്രേ.. ഇന്നാ ഞങ്ങളൊക്കെ അറിയുന്നത്.."

"ഓഹോ.. മിസ്സ്‌ നമ്മളോടൊന്നും പറഞ്ഞില്ലല്ലോ.." "മിസ്സ്‌ അല്ലേലും അങ്ങനൊരു ടൈപ്പ് അല്ലെ.. അധിക സംസാരം ഇല്ലല്ലോ.. വലിയ കൂട്ടും ഇല്ല... അതായിരിക്കും.." വർഷ പറഞ്ഞത് ശെരി വെച്ച് കൊണ്ട് ആലി തലയാട്ടി. പിന്നെ തന്റെ ബെഞ്ചിലേക്ക് ചെന്നിരുന്നു. ആലിയും അനുവും വന്നിട്ടുണ്ടായിരുന്നില്ല. മുന്നിലിരിക്കുന്നവരൊക്കെ അടുത്തിരിക്കുന്നവരോട് ഭയങ്കര സംസാരത്തിലാണ്. അത് കൊണ്ട് തന്നെ ശോകമടിച്ച് ഇരിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് അലക്സ് കയറി വരുന്നത് കണ്ടത്. അവളുടെ മിഴികൾ വിടർന്നു.. "ഇച്ചായാ..." ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവൾ കൈ വീശിയതും ക്ലാസ്സിലിരുന്ന എല്ലാതും അവളെ ഉറ്റു നോക്കി. അപ്പോഴാണ് ആലിക്കും ബോധം വന്നത്. അവളെല്ലാവർക്കും ഒന്ന് ഇളിച്ചു കാണിച്ചു.

ആലിയെ കണ്ടതും അലക്സ് അവൾക്കടുത്തേക്ക് വന്നു. "ഇന്നെന്തേ നേരത്തേ വന്നോ..?" അവൾക്കടുത്തിരുന്ന് കൊണ്ട് ചോദിച്ചതും ആലി തലയാട്ടി കാണിച്ചു. "മ്മ്.. എത്തി... " "നിന്റെ വാലുകൾ എവിടെ..?" "അവരൊക്കെ ബെല്ലടിക്കാൻ നേരത്ത് എത്തുവൊള്ളൂ.. അല്ല ഇച്ചായാ.. ഞാനൊരു കാര്യം ചോദിക്കട്ടെ.." ആലി പരുങ്ങിക്കൊണ്ട് ചോദിച്ചതും അലക്സിന്റെ നെറ്റി ചുളിഞ്ഞു. "എന്താ കാര്യം..?" "അത് പിന്നെ..ഇച്ചായൻ മുമ്പ് ഏതേലും ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്നോ..?" അവളുടെ ചോദ്യം കേട്ടതും അവന്റെ മുഖം മാറി. അവളെ ദേഷ്യത്താൽ തുറിച്ചു നോക്കിയവൻ ഡെസ്ക്കിൽ ആഞ്ഞടിച്ച് എഴുന്നേറ്റ് പുറത്തേക്ക് പോയതും ആലി തരിച്ചിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story