എൻകാതലീ: ഭാഗം 83

enkathalee

രചന: ANSIYA SHERY

"എന്നോട് തർക്കുത്തരം പറയാൻ മാത്രം നീ വളർന്നല്ലേടീ..."

"ഞാൻ തർക്കുത്തരമൊന്നും പറഞ്ഞിട്ടില്ല ഉമ്മാ.. ആലിയെ നിങ്ങൾ പറഞ ആളെ കൊണ്ട് നിക്കാഹ് കഴിപ്പിക്കാമെന്ന് ഞാൻ നിങ്ങൾക്ക് വാക്ക് തന്നത് എന്റെ തെറ്റ്..  ആ തെറ്റ് ഞാനിപ്പോ തിരുത്തുകയും ചെയ്തു. ആ സമയത്ത് ദിയാൻ മോനെങ്ങാനും വന്നില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ അവൻ..."

ബാക്കി പറയാതെ ശാളിനാൽ വാ പൊത്തി ഉമ്മ കരച്ചിലടക്കിയതും ആലി ഉമ്മയുടെ തോളിലൊന്ന് അമർത്തിപ്പിടിച്ചു.

ഇത്രയൊക്കെ കേട്ടിട്ടും ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്ന ഉമ്മുമ്മയോട് പൊടിക്ക് വല്ലാത്ത ദേഷ്യം തോന്നി.

"നിന്റെ കരച്ചിൽ കാണാനല്ല ഞാൻ ഇങ്ങോട്ട് വന്നത്.. നീയെന്തിനാ അർഷി മോനോട് ഈ കല്യാണം നടക്കില്ലെന്ന് പറഞ്ഞത്..."

"പിന്നെ ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി ഇത്താനെ ഉപദ്രവിക്കാൻ ശ്രമിച്ച അയാൾക്ക് തന്നെ ഇത്തയെ കെട്ടിച്ചു കൊടുക്കാനാണോ ഉമ്മുമ്മ പറയുന്നത്..?"

പൊടിയവരെ ദേഷ്യത്തോടെ നോക്കി.

"അതേ... കെട്ടാൻ പോകുന്ന പെണ്ണാകുമ്പോൾ അങ്ങനെയൊക്കെ ചെയ്‌തെന്ന് വരും.. അല്ലേൽ പിന്നെ നിന്റെ മോളേ ഒരുത്തനും തൊട്ടിട്ടേ ഇല്ലല്ലോ.."

"ഉമ്മാ... വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം.."

"ഉപയോഗിക്കാമെടീ.. നാളെ നേരം വെളുക്കുമ്പോഴേക്കും മൂന്നിനെയും ഇവിടെ കണ്ട് പോകരുത്.. എന്റെ പേരിലുള്ള വീടാ ഇത്... എല്ലാം എടുത്തിട്ട് നാളെ ഇറങ്ങിയേക്കണം. ഇല്ലെങ്കിൽ അടിച്ചിറക്കും ഞാൻ.."


മുറ്റത്തേക്ക് കാർകിച്ചു തുപ്പിയവർ പോയതും കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ഉമ്മയെ ആലി നോക്കി.

"ഉമ്മുമ്മയെന്താ ഉമ്മാ ഇങ്ങനെ..."
വിതുമ്പലടക്കാൻ ചുണ്ടുകൾ തമ്മിൽ കൂട്ടിപ്പിടിച്ചവൾ ചോദിച്ചു.

"ദത്തെടുത്ത് വളർത്തിയ കുഞ്ഞല്ലേ.. അത്ര സ്നേഹമൊക്കെ കാണൂ.."

ആലിയും പൊടിയും പകപ്പോടെ ഉമ്മയെ നോക്കി. എന്തോ ചോദിക്കാനായി തുടങ്ങിയതും പെട്ടെന്ന് നെഞ്ചിൽ കൈ വെച്ച് നിലത്തേക്ക് വീഴാൻ പോയ ഉമ്മയെ ആലി ഒരു അലർച്ചയോടെ പിടിച്ചു.


"ഉമ്മാ.... ഉമ്മാ... എന്താ പറ്റിയേ..?"

"എനിക്കെന്തോ നെഞ്ച് വേദനിക്കുന്നു മോളേ.."

"ഒന്നുല്ല.. മ്മാ... പെട്ടെന്ന് ഉമ്മുമ്മ അങ്ങനെ പറഞ്ഞത് കൊണ്ടായിരിക്കും.."
പറയുമ്പോഴും ആലിയുടെ കണ്ണുകൾ കലങ്ങിയിരുന്നു.

പെട്ടെന്ന് എന്തോ ഓർത്ത പോലെ ഉമ്മയേ പിടിക്കാൻ പൊടിയോട് പറഞ്ഞവൾ പുറത്തേക്കോടി.

ആദ്യം തറവാട്ടിലേക്ക് പോകാൻ ആയിരുന്നു വിചാരിച്ചത്.
അവിടുന്ന് സഹായമൊന്നും കിട്ടില്ലെന്ന ബോധം വന്നതും അവൾ അതിന് കാത്തു നിൽക്കാതെ റോഡിലേക്കിറങ്ങി.

നേരം രാത്രിയായി തുടങ്ങിയിരുന്നു.
പോയ വണ്ടികളൊന്നും നിർത്തിയില്ല.
അവസാനം ഒരു ഓട്ടോ നിർത്തിയതും കൂടുതലൊന്നും പറയാൻ നിൽക്കാതെ അയാളോട് വേഗം വീട്ടിലേക്ക് വണ്ടിയെടുക്കാൻ പറഞ്ഞു.

അവളുടെ വെപ്രാളം കണ്ടാകാം ഒന്നും ചോദിക്കാതെ ദൃതിയിൽ അയാൾ ഓട്ടോ വീട്ടുമുറ്റത്തേക്കോടിച്ചു.

ആലിയും പൊടിയും കൂടെ ഉമ്മയെ താങ്ങി വേഗം പുറത്തേക്കിറങ്ങി.
അപ്പോഴേക്കും അവരുടെ കണ്ണുകളടഞ്ഞിരുന്നു. എന്നാൽ അവരെ കണ്ട അയാളുടെ കണ്ണുകളിൽ പകപ്പ് നിറഞ്ഞു. ഒന്ന് അനങ്ങാൻ പോലുമാകാതെ അയാൾ നിശ്ചലനായി.

"ഇക്കാ.. പ്ലീസൊന്ന് വേഗം വണ്ടിയെടുക്ക്.. നേരെ അടുത്ത് കാണുന്ന ഏതേലും ഹോസ്പിറ്റലിലേക്ക്.."

ആലിയുടെ ശബ്ദമാണ് അയാളെ സ്ഥല കാല ബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ഒരു പകപ്പോടെ തിരിഞ്ഞ് ബാക്കിലേക്ക് നോക്കി. പിന്നെ പെട്ടെന്ന് തന്നെ ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു.


ഹോസ്പിറ്റലിൽ എത്തിയ ഉടനേ തന്നെ ഉമ്മയെ ഐസീയുവിലേക്ക് മാറ്റാൻ പറഞ്ഞപ്പോൾ ആലിക്ക് വല്ലാത്ത പേടി തോന്നി. എങ്കിലും ഉള്ളിലെ സങ്കടം പുറമേ പ്രകടിപ്പിച്ചില്ല.

ഉമ്മയെ ഐസീയുവിലേക്ക് മാറ്റിയതും ബെഞ്ചിൽ തളർന്നിരിക്കുന്ന പൊടിക്കരികിൽ അവളിരുന്നു.
അവളിരിക്കാൻ കാത്തു നിന്നെന്ന പോലെ പൊടി അവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.


"ഇത്താ... ഉമ്മ..."


"ഒന്നും പറ്റില്ല... ഉമ്മാക്ക് ഒന്നും പറ്റില്ല..."
അതും പറഞ്ഞവളുടെ നെറുകിലൊന്ന് തലോടി ആലി തല ഉയർത്തി.

ഐസീയുവിന്റെ ഉള്ളിലേക്ക് നോക്കി നിൽക്കുന്ന ആ ഓട്ടോ ഡ്രൈവറെ കണ്ടതും ആലി പകപ്പോടെ ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു.

"അയ്യോ.. നിങ്ങൾ പോയില്ലായിരുന്നല്ലേ.. സോറി ഇക്കാ..  കയ്യിൽ പൈസയൊന്നും കരുതിയിട്ടില്ലായിരുന്നു.. ന.. നമ്പർ തന്നാൽ ഞാൻ പിന്നീട് തരാം.."

"അത് കുഴപ്പമില്ല മോളേ..." വേദന കലർന്ന പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

"അത് പിന്നെ..."
ആലിക്കെന്തോ വല്ലായ്മ തോന്നി.

പിന്നെ പെട്ടെന്നെന്തോ ഓർത്ത പോലെ അവൾ പറഞ്ഞു.

"നിങ്ങടെ ഫോൺ ഒന്ന് തരാമോ.. ഒന്ന് കാൾ ചെയ്യാനായിരുന്നു.. ദൃതി പിടിച്ച് വന്നപ്പോൾ എടുക്കാൻ മറന്നു പോയി.."

"ഓഹ്.. അതിനെന്താ.."

അയാൾ ഫോൺ അവൾക്ക് നേരെ നീട്ടിയതും അവളത് വാങ്ങി. അതേ സമയം തന്നെ ഐസീയുവിന്റെ ഡോർ തുറന്ന് ഡോക്ടർ വന്നതും ആലി പെട്ടെന്ന് അങ്ങോട്ട് നോക്കി. പൊടി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

"ഡോക്ടർ ഉമ്മാക്ക്..."

"ഡോണ്ട് വറി.. നൗ ശീ ഈസ്‌ ഓക്കേ.. ഇപ്പോ മയക്കത്തിൽ ആണ്. രാവിലെ വരെ ഐസീയുവിൽ കിടക്കട്ടെ.. അതിന് ശേഷം മുറിയിലേക്ക് മാറ്റാം.."

അപ്പോഴാണ് ആലിക്ക് ആശ്വാസമായത്. ഇനി പൈസയുടെ കാര്യമാണ്. ആദ്യം ദിയാൻ വിളിക്കാമെന്നാണ് അവൾ വിചാരിച്ചത്. പിന്നെ അവന്റെ നമ്പർ അറിയില്ലെന്നോർമ്മ വന്നതും വേഗം സാതിയുടെ നമ്പർ ടൈപ്പ് ചെയ്തു.

കാൾ കണക്റ്റ് ആയതും അവളെ ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ആലി അവളോട് വേഗം പൈസയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ് ഹോസ്പിറ്റലിന്റെ പേരും പറഞ്ഞു കൊടുത്ത് കാൾ കട്ട് ചെയ്തു.

"താങ്ക്യൂ ഇക്കാ.. നിങ്ങൾ വന്നത് കൊണ്ടാണ് പെട്ടെന്ന് എത്താൻ പറ്റിയത്.  നന്ദി പറഞ്ഞാൽ തീരില്ല.. പൈസയും കൊണ്ട് ഒരാൾ ഇപ്പോ വരും.. എന്നിട്ട് നിങ്ങൾക്ക് പോകാം.."

അയാളൊന്നും പറയാതെ പുഞ്ചിരിച്ചു കൊണ്ട് ചുമരിലേക്ക് ചാരി നിന്നു.
അയാളുടെ മനസ്സ് നിറയെ ആലിയുടെ ഉമ്മ മാത്രമായിരുന്നു..!


***

ആലിയുടെ കാൾ വന്ന ഉടനേ തന്നെ ആരവിനേയും കൂട്ടി അവൾ വേഗം ഇറങ്ങി.
എന്താണ് ആർക്കാണ് എന്നൊന്നും പറയാതയാണ് ആലി ഫോൺ വെച്ചത്.

അത് കൊണ്ട് തന്നെ സാതിക്കൊരു സമാധാനം കിട്ടിയിരുന്നില്ല. ഇടയ്ക്കിടെ ആരവിനെ തോണ്ടി അവൾ ബൈക്കിന്റെ സ്പീഡ് കൂട്ടാൻ പറഞ്ഞു.

ഹോസ്പിറ്റലിൻ മുന്നിലെത്തിയതും വേഗം ബൈക്കിൽ നിന്നിറങ്ങി.
വന്ന നമ്പറിലേക്ക് തന്നെ തിരിച്ചടിച്ച് എവിടെയാണെന്ന് ചോദിച്ചറിഞ് ആരവിനെയും കൂട്ടി അങ്ങോട്ട് നടന്നു.

ഐ സീയൂവിന് മുന്നിലെത്തിയതും അവളുടെ കാലുകൾ നിശ്ചലമായി. 
അതിന് മുന്നിലെ ബെഞ്ചിലിരിക്കുന്ന ആലിയേയും പൊടിയേയും കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. പെട്ടെന്ന് എന്തോ ഓർമ്മ വന്നതും അവളുടെ കണ്ണുകൾ ചുറ്റും പാഞ്ഞു.
അവിടെ ആലിയുടെ ഉമ്മയില്ലെന്ന് കണ്ടതും ഒരു പകപ്പോടെ അവർക്കടുത്തേക്ക് പാഞ്ഞു.

"ആലീ.. എന്താ.. എന്താ പറ്റിയേ..? ഉമ്മ എവിടെ.. ഉമ്മാക്ക് എന്തേ...?"

അവളുടെ ചോദ്യം കേട്ടതും ആലി ഐസീയുവിന് നേരെ വിരൽ ചൂണ്ടി.


"ഇപ്പോ.. കു.. കുഴപ്പമില്ല.."
വാക്കുകളിൽ ഇടർച്ച വരാതിരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

"സാതീ.. ആ ഇക്കയാണ് ഞങ്ങളെ കൊണ്ട് വന്നത്..."
അയാൾ നില്കുന്നിടത്തേക്ക് വിരൽ ചൂണ്ടി ആലി പറഞ്ഞതും സാതിയും ആരവും അയാൾക്കടുത്തേക്ക് ചെന്നു.

"നന്ദിയുണ്ട്.."
അതും പറഞ് ക്യാഷ് അയാൾക്ക് നേരെ ആരവ് നീട്ടിയതും ഒരു മടിയോടെ അയാളതു വാങ്ങി.

"ഇനി നിങ്ങൾക്ക് പോകാം.."

"അത് കുഴപ്പമില്ല മോളേ.. ഞാനിവിടെ നിന്നോളാം.."
പെട്ടെന്ന് എടുത്തടിച്ച പോലെ അയാൾ പറഞ്ഞതത് കേട്ട് രണ്ട് പേരുടേയും നെറ്റി ചുളിഞ്ഞു.


"അത് ഒന്നുല്ല.. ഞാൻ വെറുതെ പറഞ്ഞതാ.. എന്നാൽ ഞാൻ അങ്ങോട്ട്.."
വെപ്രാളത്തോടെ അതും പറഞ്ഞയാൾ വേഗം പുറത്തേക്ക് നടന്നു.

ആരവിനോട് ക്യാഷ് അടക്കാൻ പറഞ് സാതി ആലിക്കരികിൽ ബെഞ്ചിൽ ചെന്നിരുന്നു.
അവളിരിക്കാൻ കാത്തു നിന്നെന്ന പോലെ ആലി അവളുടെ കൈകൾക്കിടയിലൂടെ കൈ ചുറ്റി തോളിൽ മുഖം അമർത്തി.

"ആലീ.. കരയാതെടീ.. ഉമ്മാക്കൊന്നും പറ്റില്ല.."
തോളിൽ നനവ് അറിഞ്ഞതും സാതി അവളുടെ കൈകളിൽ പിടിച്ച് പറഞ്ഞു.
ആലി അതിനൊന്ന് വെറുതെ മൂളി.

"നിന്റെ തറവാട്ടിൽ ആരും അറിഞ്ഞില്ലേ..? അവരെ ആരെയെങ്കിലും വിളിക്കണ്ടേ..?"

"വേണ്ടാ...!" അവളിൽ നിന്ന് അകന്നു മാറി ദേഷ്യത്തോടെ ആലി പറഞ്ഞതും സാതി അവളുടെ മുഖത്തേക്ക് നോക്കി.


"അവര് കാരണമാണ് ഉമ്മാക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്... ആ അവരിങ്ങോട്ട് വന്ന് വീണ്ടും പ്രശ്നം ഉണ്ടാക്കാനാണോ..?"

"നീ സാറിനോട് പറഞ്ഞൊ..?"

"ഇല്ല.. നിന്റെ നമ്പർ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു.."

ഒന്ന് മൂളിയതിന് ശേഷം സാതി ഫോൺ എടുത്ത് ദിയാന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.
 

...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story