എൻകാതലീ: ഭാഗം 84

enkathalee

രചന: ANSIYA SHERY

വെപ്രാളത്തോടെ ഓടി വരുന്ന ദിയാനെ കണ്ടതും സാതി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

"എന്താ..? എന്താ ഹൈറുമ്മാക്ക് പറ്റിയേ..?"

ഐസീയുവിലേക്ക് നോക്കി ചോദിച്ചവന്റെ മിഴികൾ ചുമരിൽ ചാരി കണ്ണടച്ചിരിക്കുന്ന ആലിയിലേക്ക് നീണ്ടു.

"അറിയില്ല.. പെട്ടെന്ന് വരാൻ പറഞ് വിളിച്ചപ്പോൾ ഓടി വന്നതാ.. ഞാനൊന്നും ചോദിച്ചിട്ടില്ല."

ആലിയുടെ മടിയിൽ കിടക്കുന്ന പൊടിയേ അവനൊന്ന് നോക്കി.

"പൊടി മോളേ..."
അവന്റെ വിളി കേട്ടതും അവൾ ആലിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവനെ നോക്കി.


"ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചിട്ട് വാ.. കുറേ നേരായില്ലേ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്.. സാത്വികാ താനവളുടെ കൂടെ പൊക്കോ.."

"വാ പൊടീ..."

"നിക്കൊന്നും വേണ്ട ചേച്ചീ.."

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.. ഉമ്മാക്ക് ഒന്നും പറ്റില്ല.. പോയി വാ.."

ദിയാന്റെ നിർബന്ധത്തിൽ അവൾ എഴുന്നേറ്റു.

"ഇത്ത..?"

"എനിക്ക് വേണ്ടാ.."
കണ്ണ് തുറക്കാതെ തന്നെ പറഞ്ഞവളോട് എന്തോ പറയാൻ തുടങ്ങിയതും ദിയാൻ വേണ്ടെന്ന് ആംഗ്യം കാണിച്ചതും ഒന്നും മിണ്ടാതെ സാതിയുടെ കൂടെ ക്യാന്റീനിലേക്ക് നടന്നു.

അവര് പോയതും ദിയാൻ ആലിയെ നോക്കി. അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണീരൊഴുകുന്നുണ്ട്.
കുറച്ചു നേരം കൊണ്ട് തന്നെ ആകെ വാടിത്തളർന്നിട്ടുണ്ട്.

അടുത്തവൻ വന്നിരിക്കുന്നത് അറിഞ്ഞിട്ടും അവൾ കണ്ണ് തുറന്നില്ല.

"ലിയേ..."
അവന്റെ വിളിയിൽ അവളുടെ കണ്ണീരിന്റെ ഒഴുക്ക് കൂടി.
ബെഞ്ചിൽ വെച്ച അവളുടെ കയ്യിൽ പെട്ടെന്നവൻ പിടിത്തമിട്ടു.
വല്ലാതെ തണുത്തിട്ടുണ്ടാ കൈകൾ...
ഭയം ഇപ്പോഴും അവളിൽ നിന്ന് വിട്ടു മാറിയിട്ടില്ലെന്ന് ആ ശരീരത്തിന്റെ വിറയലിൽ നിന്നവൻ മനസ്സിലായി.

ഒരു ഭാഗത്ത് ഹൈറുമ്മ...
മറുഭാഗത്ത് എല്ലാം തകർന്നവളെ പോലെ ഇരിക്കുന്ന തന്റെ പ്രാണൻ..!

ദിയാൻ അടുത്ത് വന്നിരുന്നിട്ടും അവളിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
ഉള്ള് മുഴുവൻ ഉമ്മ മാത്രമായിരുന്നു.
ജീവിക്കുന്നത് തന്നെ ഉമ്മാക്ക് വേണ്ടി മാത്രമാണ്.
ആ ഉമ്മാക്ക് ഇന്നെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ...
ചിന്തിക്കാനേ കഴിയുന്നില്ലായിരുന്നവൾക്ക്..
ശരീരം മൊത്തം വല്ലാത്തൊരു വിറയൽ കടന്നു പോയി.!

"ലിയേ..."
കവിളിൽ തട്ടി അവൻ വിളിച്ചതും അവൾ മെല്ലെ കണ്ണുകൾ തുറന്നു.
തന്നെ തന്നെ നോക്കി ഇരിക്കുന്നവനെ കണ്ടതും ഉള്ളിൽ ഒളിപ്പിച്ച സങ്കടങ്ങളെല്ലാം പുറത്തേക്കൊഴുക്കാൻ ഉള്ള് വെമ്പി.


"സാ.. സാറേ ന്നെ ഒന്ന് കെട്ടിപ്പിടിക്കാവോ..?"
അവളിൽ നിന്ന് പ്രതീക്ഷിക്കാതെ ചോദ്യമുയർന്നതും ദിയാൻ ഞെട്ടി.

"പ്ലീസ്..."
വീണ്ടുമുയർന്ന അവളുടെ വാക്കുകളിൽ മറുത്തൊന്നും ചിന്തിക്കാതെ അവൻ കൈകൾ വിടർത്തി. അതിന് കാത്തിരുന്നെന്ന പോലെ ആലി അവനെ കെട്ടിപ്പിടിച്ച് നെഞ്ചിലേക്ക് മുഖം അമർത്തി അനങ്ങാതെ കിടന്നു.

ഇപ്പോ താങ്ങാൻ ഒരാൾ വേണമെന്ന് തോന്നിയത് കൊണ്ടാണ് ദിയാനെ കെട്ടിപ്പിടിച്ചത്. അത്രക്ക് തളർന്നു പോയിരുന്നവൾ..

അവളുടെ തലയിൽ താട കുത്തിയവൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.
കണ്ണുകൾ നിറഞ്ഞവന്റെ ഷർട്ടിനെ അവ നനയിച്ചിരുന്നു.

എന്നിട്ടും അവനോ അവളോ അകന്നു മാറിയില്ല.


----------------

"ഉമ്മാ...."

ഒരു പകപ്പോടെ ആലി കണ്ണ് തുറന്നു. ദിയാന്റെ നെഞ്ചിലാണ് താനിപ്പോഴും. എപ്പോഴാണ് ഉറങ്ങിപ്പോയത്..?

"എന്താ.. എന്ത് പറ്റി...?"

വെപ്രാളത്തോടെ അവൻ ചോദിച്ചതും അവൾ അവനിൽ നിന്നകന്നു മാറി ചാടി എഴുന്നേറ്റു.

"ഉമ്മ.... ഉമ്മ...."
വെപ്രാളത്തോടെ പറഞ്ഞവൾ ഐസീയുവിന് ഉള്ളിലൂടെ അകത്തേക്ക് നോക്കി.

"ഹൈറുമ്മാക്ക് ഒന്നും ഇല്ല ആലീ.. നീ എന്താ വല്ല ദുസ്വപ്നവും കണ്ടോ..?"
സാതിയുടെ ചോദ്യത്തിന് മറുപടിയായി അവൾ തലയാട്ടി.


"സ.. സമയം എത്രയായി.. രാവിലെ ആയോ..?"

"യെസ്.. 8 ആകാറായി.. നീ കിടന്നോട്ടെ വെച്ചാ വിളിക്കാതിരുന്നത്..."

അവൾ വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു.


***


ഉമ്മ കണ്ണ് തുറന്നെന്ന് അറിഞ്ഞപ്പോഴാണ് ആലിക്ക് ആശ്വാസമായത്.
ഉള്ളിലെ ഭയം പൂർണ്ണമായും വിട്ടകന്നു പോയി.

ഉമ്മയെ റൂമിലേക്ക് മാറ്റിയതിൽ പിന്നെ കരച്ചിലും പിഴച്ചിലും മാത്രമായിരുന്നു അവിടെ..

അപ്പോഴാണ് ഒരു നേഴ്സ് വന്ന് ഡോക്ടറുടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞുവെന്ന് പറഞ്ഞത്.

ആലി വേഗം പോകാൻ എഴുന്നേറ്റതും ദിയാനും അവൾക്ക് പിറകെ എഴുന്നേറ്റു.

ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയതും ആലിയുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.
ടേബിളിന് മുന്നിലുള്ള ചെയറിൽ ഡോക്ടറിൻ അഭിമുഖമായി ഇരിക്കുമ്പോൾ ആലിയുടെ കൈ ദിയാന്റെ കയ്യിൽ അമർന്നു.


"നിങ്ങളവരുടെ?"

"മകളാണ്.. ആലിയ.."

ഡോക്ടറുടെ നോട്ടം ദിയാനിലേക്ക് നീണ്ടു.

"ഷീ ഈസ്‌ മൈ ഫിയാൻസി.."
ആലിയുടെ കയ്യിലെ പിടി മുറുക്കിയവൻ പറഞ്ഞതും അവളവന്റെ മുഖത്തേക്ക് നോക്കി.

"ഓഹ് ഓക്കെ.. സീ ആലിയാ.. ഉമ്മാക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല.. ഓക്കെയാണ്.. ബട്ട്‌..."

"എന്താ.. എന്താ ഡോക്ടർ...?"
ആലിയുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.

"മനസ്സിന് സംഭവിക്കാത്ത എന്തോ ഒന്ന് കണ്ടിട്ടോ കേട്ടിട്ടോ ഉണ്ട്.. അത് കൊണ്ടാണ് പെട്ടെന്നിങ്ങനെയൊരു ഹാർട്ട്‌ പൈൻ വന്നത്... അങ്ങനെ വല്ല ഇൻസിഡെന്റും ഉണ്ടായിട്ടുണ്ടോ..?"

ഇന്നലത്തെ സംഭവങ്ങളെല്ലാം ആലിയുടെ ഉള്ളിൽ തെളിഞ്ഞു വന്നു.

"അത് ചെറിയൊരു പ്രശ്നം ഉണ്ടായിരുന്നു ഡോക്ടർ..."

ദിയാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നാൽ അവളവൻ മുഖം കൊടുത്തതേയില്ല..
അവളുടെ മുഖതെ വേദന കണ്ടത് കൊണ്ടാകാം ഡോക്ടർ പിന്നെയൊന്നും ചോദിച്ചില്ല.


"നൗ ഷീ ഈസ്‌ പെർഫെക്ടലി ഓക്കേ... പെട്ടെന്ന് ടെൻഷൻ വരുന്ന വിഷയങ്ങളിൽ നിന്ന് അവരെ പരമാവധി മാറ്റി നിർത്താൻ ശ്രമിക്കണം. ആ കാര്യം മാത്രം നിങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി.."

അവിടെ നിന്ന് തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ഇന്നലെ ഉമ്മുമ്മ പറഞ്ഞ വാക്കുകളൊക്കെ ഓർമ്മയിൽ തെളിഞ്ഞതും ആലിയുടെ കാലുകൾ നിശ്ചലമായി.

"എന്ത് പറ്റി..?"
ദിയാന്റെ ചോദ്യം കേട്ട് അവളവന്റെ മുഖത്തേക്ക് നോക്കി.

"ഒന്നുല്ല..."
അതും പറഞ്ഞവൾ വേഗം മുറിയിലേക്ക് നടന്നു.

ഇന്നാണ് വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞത്.. ഡിസ്ചാർജ് ആയ ഉടനേ വേഗം അങ്ങോട്ട് പോകണം. എന്നിട്ട് എല്ലാ സാധനങ്ങളും എടുത്ത് വേഗം ഇറങ്ങണം.
ഉള്ളിൽ തീരുമാനമെടുത്തവൾ ഉമ്മാക്ക് അടുത്തുള്ള ചെയറിൽ ചെന്നിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story