എൻകാതലീ: ഭാഗം 92

enkathalee

രചന: ANSIYA SHERY

""ലി.. ലിയേ..."" ദിയാന്റെ ശബ്ദം കേട്ടതും ആലി പകപ്പോടെ വാതിലിനരികിലേക്ക് നോക്കി. അവനെ കണ്ടവൾ വേദന പോലും മറന്ന് ചാടി എഴുന്നേറ്റു. "ആഹ്...." പെട്ടെന്ന് വയർ കൊളുത്തി പിടിച്ചതും വേദനയോടെ അവൾ ബെഡ്‌ഡിലേക്ക് തന്നെ ഇരുന്നു. "എന്താ എന്താ പറ്റിയേ.." അവൾക്കടുത്തേക്ക് പാഞ്ഞു വന്നവൻ ചോദിച്ചതും വേദന കടിച്ചമർത്തി അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. പക്ഷെ, സാധിച്ചില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. "സാർ പൊക്കോ..." "നല്ലോണം വേദനയുണ്ടോ..?" താൻ പറഞ്ഞത് കേൾക്കാതെ മറുചോദ്യം ഉന്നയിച്ചവനെ അവൾ ദയനീയമായി നോക്കി. "കുഴപ്പല്ല..." അതും പറഞ്ഞവൾ മെല്ലെ ബെഡ്‌ഡിലേക്ക് കിടന്ന് കണ്ണടച്ചു. വല്ലാതെ വേദനയെടുക്കുന്നുണ്ട്. പക്ഷെ അവനടുത്തുള്ളത് കൊണ്ട് തന്നെ പരമാവധി അവളാ വേദന കടിച്ചമർത്തി. എന്നാൽ, മുഖത്തെ ഭാവങ്ങളെ പിടിച്ചു നിർത്താൻ പറ്റില്ലെന്നല്ലേ... വേദന കൊണ്ട് ചുളിയുന്ന അവളുടെ മുഖത്തേക്കവൻ ഉറ്റു നോക്കി. പിന്നെ പതിയെ കൈകൾ അവളുടെ വയറിലമർന്നു.

ആലി പകപ്പോടെ കണ്ണ് തുറന്ന് ചാടി എഴുന്നേൽക്കാൻ തുനിഞ്ഞതും അവൻ അവളെ പിടിച്ച് ബെഡ്‌ഡിലേക്ക് തന്നെ കിടത്തിയിരുന്നു. "സാർ..." "ശ്..... മിണ്ടാതെ കിടക്ക്..." അവളെ പറയാൻ അനുവദിക്കാതെ അവൻ പറഞ്ഞതും ആലി പിന്നെയൊന്നും മിണ്ടിയില്ല. കണ്ണുകളടച്ച് കിടന്നു. വേദന സഹിക്കാൻ കഴിയാതെ അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു. കൈകളാൽ അവളുടെ വയറിൽ മെല്ലെ തടവി കൊടുത്തു. എന്നിട്ടും മാറ്റമില്ലെന്ന് കണ്ടവൻ മറു കൈ കൊണ്ട് അവളുടെ കാലുകളെയും തടവി. ആലി കണ്ണ് തുറന്ന് അവനെ നോക്കി. പ്രത്യേകിച്ചൊരു മടിയുമില്ലാതെ തന്റെ വേദനകളെ തലോടി മാറ്റാൻ ശ്രമിക്കുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി. ആ നിമിഷം വേദനകളെല്ലാം മാറിയതു പോലെ.. അവളുടെ ഇമവെട്ടാതെയുള്ള നോട്ടം കണ്ടാണവൻ മുഖത്തേക്ക് നോക്കിയത്. "എന്താ..?"

അവന്റെ ചോദ്യം കേട്ടതും ആലി പകപ്പോടെ കണ്ണുകൾ വെട്ടിച്ചു. "വേദന മാറിയോ..?" "മാറ്റമുണ്ട്... സാർ ഇനി ഉഴിയണ്ട..." "അത് ഞാൻ തീരുമാനിച്ചോളാം.. നീ മിണ്ടാതെ അവിടെ കിടന്നാ മതി.." കടുപ്പിച്ച് അവൻ പറഞ്ഞതും ആലി പിന്നെയൊന്നും മിണ്ടിയില്ല. അവനോടുള്ള ബഹുമാനവും പ്രണയവും കൂടി. പക്ഷെ എന്നിട്ടും ഇഷ്ടം തുറന്ന് പറയാൻ മുന്നിലെന്തോ തടസ്സം ഉള്ളത് പോലെ..! "വല്ലതും കഴിച്ചായിരുന്നോ..?" അവന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്. മറുപടിയായൊന്ന് തല കുലുക്കി. "സാർ പൊക്കോ.. കോളേജ് ഉള്ളതല്ലേ.. ഞാനൊന്ന് ഉറങ്ങട്ടെ.. ഉറങ്ങി എഴുന്നേറ്റാൽ ശെരിയാകും.." അത് കേട്ടതും അവൻ എഴുന്നേറ്റ് അവൾക്കിപ്പുറത്ത് വന്നിരുന്നു. ആലി സംശയത്തോടെ അവനെ നോക്കി. "ഉറങ്ങിക്കോ..." തലയിൽ തലോടി കൊടുത്തവൻ പറഞ്ഞതും അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു.

അതേ ചിരിയോടെ തന്നെ അവനെ നോക്കിയവൾ കണ്ണുകളടച്ചു. ---------- കോളിങ്‌ ബെല്ലിന്റെ ശബ്ദം കേട്ടാണ് ദിയാൻ കണ്ണ് തുറന്നത്. ആലിയെ ഉറക്കുന്നതിനിടയിൽ എപ്പോഴോ കൂടെ ഇരുന്ന് അവനും ഉറങ്ങിപ്പോയിരുന്നു. ദിയാൻ അവളുടെ മുഖത്തേക്ക് നോക്കി. അവൻ നേരെ തിരിഞ്ഞ് ഉള്ളം കയ്യിൽ മുഖം വെച്ചാണ് അവളുടെ കിടപ്പ്. അവനവളെ പുതപ്പിച്ച് നെറ്റിയിലൊന്ന് ചുംബിച്ചു. ശേഷം താഴേക്ക് ചെന്നു. ഡോർ തുറന്നതും ആലിയുടെ ഉമ്മാക്ക് ഒപ്പം നിൽക്കുന്ന തന്റെ ഉമ്മാനെ കണ്ടവൻ ഞെട്ടി. "നീയെന്താടാ ഇവളവിടെ കീ തന്ന കാര്യം പറയാതിരുന്നത്.. അങ്ങോട്ട് വന്ന് ചോദിച്ചപ്പോഴാ ഞാനറിഞ്ഞത് തന്നെ.." "അത് ഞാൻ... ലിയാ.. അവൾക്ക് വയ്യാന്ന് അറിഞ്ഞപ്പോ.." എന്ത് പറയണം എന്നറിയാതെ അവൻ നിന്ന് പതറി. അപ്പോഴാണ് അവർക്കും കാര്യം കത്തിയത്. "എന്നിട്ട് അവളെവിടെ..?" "ഉറങ്ങി..."

"അപ്പൊ കള്ള കാമുകൻ കോളേജിലും പോകാതെ ഇത്താനെ കാണാൻ ഇറങ്ങിയതാണല്ലേ.." പൊടി അവനിട്ട് താങ്ങി പറഞ്ഞതും ദിയാൻ അവളെ കണ്ണുരുട്ടി നോക്കി. "നീ അവളെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട.. പിന്നെ കല്യാണത്തിൻ മുന്നേ അവളെ പിറകെ ഉള്ള ഈ നടത്തം മോൻ നിർത്തിയേക്ക്.. നീ അവൾടെ സാർ കൂടെയാ.." എന്നവന്റെ ഉമ്മ പറഞ്ഞതും ദിയാൻ എവിടുന്നോ ദേഷ്യം വന്നു. "അതിനെന്താ.. അവളെന്റെ പെണ്ണാ.." ഉമ്മാനെ നോക്കി അതും പറഞ്ഞവൻ ചവിട്ടി കുലുക്കി പുറത്തേക്ക് പോയതും പരസ്പരം ഒന്ന് നോക്കിയവർ പൊട്ടിച്ചിരിച്ചു. --------------- "നിനക്കെന്താ പറ്റിയേ...?" ഭക്ഷണം കഴിക്കുമ്പോഴും പാത്രത്തിൽ ചിത്രം വരച്ചിരിക്കുന്നവളെ കണ്ട് ആരവ് ചോദിച്ചു. ഒന്നുമില്ലെന്ന് ചുമൽ കൂച്ചി വേഗം ഭക്ഷണം കഴിച്ച് മുറിയിലേക്ക് ചെന്നു. ബെഡ്‌ഡിലേക്ക് കയറിയിരുന്ന് അലക്സിന് വീണ്ടും കാൾ ചെയ്തു. റിങ് അടിക്കുന്നുണ്ടെന്നല്ലാതെ മറുവശം കാൾ അറ്റൻഡ് ആയില്ല. സാതിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി. ഇന്നാണേൽ കോളേജിൽ ചെന്നപ്പോൾ അവനും അർണവും വന്നിട്ടില്ല.

ഡോറിന് പുറത്ത് കാലടി ശബ്ദം കേട്ടതും സാതി വേഗം ബെഡ്‌ഡിലേക്ക് കിടന്ന് കണ്ണടച്ചു. അകത്തേക്ക് വന്ന ആരവ് അവളുറങ്ങിയെന്ന് കരുതി ലൈറ്റ് ഓഫ് ചെയ്ത് സീറോ ബൾബ് ഇട്ട് വെച്ച് പോയി. അലക്സിനെ കുറിച്ച് ഓർത്ത് ഓർത്ത്‌ എപ്പോഴോ മിഴികളെ നിദ്ര മൂടിയിരുന്നു. അരയിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. അലറാനായി വാ തുറന്നതും കൈകളാൽ വായ പൊത്തിയിരുന്നു. "ഞാനാടീ പെണ്ണേ..." അലക്സിന്റെ സ്വരം കാതിൽ പതിഞ്ഞതും ഒരൂക്കോടെ അവന്റെ കൈ തട്ടി മാറ്റിയവൾ ചാടി എഴുന്നേറ്റു. "നീ.. നീയെങ്ങനെ ഇവിടെ..?" പകപ്പോടെ ചോദിച്ചതും ബാൽക്കണി വാതിൽക്കലേക്കവൻ വിരൽ ചൂണ്ടി. "ഉറങ്ങുമ്പോ അതൊക്കെ അടക്കാതെ കിടക്കണം കേട്ടോ.. വല്ല കള്ളന്മാരും ആണ് എനിക്ക് പകരം വന്നിരുന്നതെങ്കിൽ ഇപ്പോ നിന്ന് മോങ്ങായിരുന്നു.." "നീ തന്നെ അല്ലേ ഏറ്റവും വലിയ കള്ളൻ.."

ചുണ്ട് കോട്ടി പറഞ്ഞതും അവൻ പെട്ടെന്നവളെ ബെഡ്‌ഡിലേക്ക് മറിച്ചിട്ട് മുകളിൽ കയറി കിടന്നു. അവന്റെ ചിരി കണ്ടതും സാതി മുഖം വെട്ടിച്ചു. "എന്നാത്തിനാടീ പെണ്ണേ മുഖം വീർപ്പിക്കുന്നത്.." "നീയെന്നോട് മിണ്ടണ്ട.." ചുണ്ട് ചുളുക്കി പറഞ്ഞതും അവനാ ചുണ്ടിലൊന്ന് മുത്തി അവളെ പിരികമുയർത്തി നോക്കി. അത് കണ്ടതും കലിപ്പ് കയറി അവനെ തള്ളി മാറ്റിയവൾ തന്റെ ഫോൺ എടുത്ത് അവൻ നേരെ കാണിച്ചു. അതിലെ തന്റെ നമ്പറിലേക്ക് പോയ കോളുകൾ കണ്ടതും അവനൊന്ന് തല ചൊറിഞ്ഞു. "ഞാനപ്പോ നല്ല മൂഡിൽ അല്ലായിരുന്നെടീ.. അതാ.." "എന്നിട്ടിപ്പോ മൂഡ് നല്ലതാണോ.." "കുറച്ച്..." അതും പറഞ്ഞവളെ ചേർത്ത് പിടിക്കാൻ തുനിഞ്ഞതും അവളവനെ തട്ടി മാറ്റി. "ശ്ശെ.. ഈ പെണ്ണിനെ കൊണ്ട്..." പെട്ടെന്നവനവളുടെ മടിയിലേക്ക് തല വെച്ചതും സാതിയൊന്ന് ഞെട്ടി.

പിന്നെ അവനെ തള്ളി മാറ്റാൻ നോക്കിയതും അവനാ കൈകളിൽ പിടിച്ചു കൊണ്ട് അവ മുടിയിഴകളിലേക്ക് വെച്ചു. "ഒന്ന് മസാജ് ചെയ്ത് താടീ.." പിന്നെ തള്ളി മാറ്റാൻ പോയില്ല. ചെറിയൊരു പരിഭവത്തോടെ തന്നെ അവളവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു. അവളുടെ കരങ്ങൾ നൽകുന്ന അനുഭൂതി ഉള്ളിലെ ചൂടിനെ തണുപ്പിക്കുന്ന പോലെ.. മെല്ലെ കണ്ണുകളടച്ചു. "എന്താ പറ്റിയേ...?" അവളുടെ ചോദ്യമാണ് ചിന്തകളിൽ നിന്നുണർത്തിയത്. തലയിൽ പിടിച്ച അവളുടെ കൈകളെടുത്തവൻ കവിളിനോട്‌ ചേർത്ത് വെച്ചു. "അവർക്ക് വയ്യ...." "ആർക്ക്..?" സാതി നെറ്റി ചുളിച്ചവനെ നോക്കി. പറയാനവനെന്തോ മടിയുള്ളത് പോലെ.. "അ.. അത്.. എന്റെ വീട്ടിലില്ലേ.. അവര്.. പപ്പേടെ.." "ഗായത്രി ആന്റിയാണോ..?" സംശയത്തോടെ ചോദിച്ചതും ഒരു പതർച്ചയോടെ അവൻ മൂളി. "ആന്റിക്കെന്താ പറ്റിയേ..?" അതിന് മറുപടി പറയാതെ മടിയിൽ നിന്നവൻ എഴുന്നേറ്റതും സാതി അവന്റെ കൈകളിൽ പിടിച്ചു. "പറ ഇച്ചായാ..." "അത് ഞാൻ ഇന്നലെ കോളേജിലേക്ക് ഇറങ്ങുന്ന സമയത്ത് അവരുമായൊന്ന് ഉടക്കി..

ഒപ്പം പപ്പയും ഉണ്ടായിരുന്നു. പപ്പ അവരുടെ സ്ഥാനത്ത് നിന്ന് അവർക്ക് സപ്പോർട്ട് ചെയ്തപ്പോ എനിക്ക് സഹിച്ചില്ല. അപ്പോഴത്തെ ദേഷ്യത്തിൽ ഞാനവരെ തള്ളി. പക്ഷെ കാൽ തെന്നി നിലത്തേക്ക് വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പപ്പ കുറേ വഴക്ക് പറഞ്ഞു. അപ്പൊ ഇറങ്ങിയതാ. പിന്നെ ഇത് വരെ അങ്ങോട്ട് പോയിട്ടില്ല." കണ്ണുകളിറുകെ അടച്ച് പറയുമ്പോ കൺകോണിലൂടെ മിഴിനീർ ഇറ്റ് വീണു. സാതിയാണേൽ കേട്ടതിന്റെ ഷോക്കിൽ അവനെ തന്നെ നോക്കിയിരുന്നു. "അപ്പൊ ഇന്നലെ എവിടെ ആയിരുന്നു.?" "അർണവിന്റെ വീട്ടിൽ.. എനിക്കെന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ അറിയില്ല സാതീ. ശ്രമിച്ചതാണ് ഒരുപാട്.. മമ്മേടെ മരണത്തിന് ശേഷം പപ്പ ആകെ ഉൾ വലിഞ്ഞു. എന്നോട് പോലും സംസാരിക്കാറില്ലായിരുന്നു. അതിനിടക്കാണ് അവരെ വിവാഹം കഴിക്കുന്നത്. അവര് വന്നതിന് ശേഷമാണ് പപ്പ പിന്നെ പഴയ രീതിയിലേക്ക് വന്നത്. പക്ഷെ എപ്പോഴും ബിസിനസിന്റെ പിറകെ ആയിരുന്നു. ഞാനെന്ന ഒരാൾ വീട്ടിലുള്ള കാര്യമേ മറന്നു പോയി.

കൊതിച്ച ആൾക്കാരിൽ നിന്ന് സ്നേഹം കിട്ടിയില്ല. അതിനിടയിൽ ആരുമല്ലാത്ത അവര് സ്നേഹം വെച്ച് നീട്ടി. പക്ഷെ, എനിക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല. എല്ലാ തെറ്റുകൾക്കും ഞാനവരെ പഴി ചാരി പക്ഷെ ഇപ്പൊ.." അവനൊന്ന് നിർത്തിയതും സാതിയവനെ ആകാംക്ഷയോടെ നോക്കി. "ഇപ്പോ..?" "എന്തോ വല്ലാത്തൊരു കുറ്റബോധം തോന്നുന്നു. അവരെന്ത് തെറ്റാ ചെയ്തത്. മമ്മേടെ സ്ഥാനത്ത് എനിക്കവരെ ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പൊ ആ സ്നേഹത്തിന് വേണ്ടി കൊതിച്ച് പോകുന്നത് പോലെ. എന്നോടുള്ള സ്നേഹം കുറയുമെന്ന് പേടിച്ചിട്ടാണ് ഒരു കുഞ്ഞേ വേണ്ടെന്ന തീരുമാനം അവരെടുത്തതെന്ന് പപ്പ പറഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു..." ബാക്കി പറയാതെ അവനവളെ കെട്ടിപ്പിടിച്ചു. അവളവന്റെ പുറം നെഞ്ചിൽ തടവി ആശ്വസിപ്പിച്ചു. എന്തോ സങ്കടവും സന്തോഷവും ഒരുമിച്ച് ആ നിമിഷം അവളിലേക്ക് കടന്നു വന്നു..! ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story