എൻകാതലീ: ഭാഗം 96

enkathalee

രചന: ANSIYA SHERY

എത്ര വിളിച്ചിട്ടും സാതി ഫോൺ എടുക്കാത്തത് കണ്ട് ദേഷ്യം പിടിച്ചാണ് അലക്സ് വീട്ടിൽ നിന്നിറങ്ങിയത്.
പിറകിൽ നിന്ന് വിളിക്കുന്ന ജേക്കബിന്റെ വിളി കേൾക്കാതെ അവൻ ബൈക്കിലേക്ക് കയറി.


"നീ എങ്ങോട്ടാ ഈ പാതിരാത്രിക്ക്.. അർണവിനെ കൂടെ കൂട്ടിക്കോ.."

"ഞാനെന്റെ കാര്യത്തിനാ പോകുന്നത്. അതിലവനെ വെറുതെ ഇൻവോൾവ് ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അതുമല്ല ഇപ്പോഴവൻ ഉറക്കത്തിലുമായിരിക്കും.."

കുറച്ച് കനത്തിൽ ആണവൻ അത് പറഞ്ഞത്. ഇല്ലെങ്കിൽ സാതിയെ കാണാനുള്ള പോക്കാണ് ഇതെന്ന് അറിഞ്ഞാൽ എന്തായാലും അനുവദിക്കില്ല.

ബൈക്ക് നേരെ ചെന്ന് നിന്നത് സാതിയുടെ വീട്ട് മുറ്റത്തായിരുന്നു. എന്നാൽ വീടിന് പുറത്ത് തന്നെ നിൽക്കുന്ന സാതിയുടെ വീട്ടിലുള്ളവരെ കണ്ട് അവൻ പകപ്പോടെ ബൈക്കിൽ നിന്നിറങ്ങി.


"നീ.... നീ എന്താ ഇവിടെ..?"

ആരവ് അവനടുത്തേക്ക് വന്ന് ചോദിച്ചതും അവന്റെ മിഴികൾ ചുറ്റുപാടും സാതിക്ക് വേണ്ടി തിരഞ്ഞു.


"നിങ്ങളെല്ലാവരും എന്താ പുറത്തിറങ്ങി നില്കുന്നത്.. സാതി എവിടെ.. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല.."


"അത് ഞാൻ നിന്നോടല്ലേടാ ചോദിക്കേണ്ടത്.. എന്റെ മോളെ മയക്കി വശത്താക്കിയതും പോരാ രാത്രി വീട്ടിലേക്കും വന്നിരിക്കുന്നു.. അപ്പൊ എന്നും ഈ പതിവ് ഉണ്ടല്ലേ.."

സാതിയുടെ അച്ഛൻ അവൻ നേരെ ശബ്ദമുയർത്തിയതും അലക്സിന്റെ കണ്ണുകൾ ചുവന്നു. പെട്ടെന്ന് ആരവ് അവന്റെ കയ്യിൽ പിടിച്ചതും അവൻ ആരവിന്റെ മുഖത്തേക്ക് നോക്കി.

"സാതി ഇത് വരെ വീട്ടിലേക്ക് തിരികെ എത്തിയിട്ടില്ല അലക്സ്.."

"വാട്ട് യൂ മീൻ..?" അവന്റെ നെറ്റി ചുളിഞ്ഞു.ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.


"സാതി ഈസ് മിസ്സിംഗ്‌..."


"അത്.. അതെങ്ങനെ വരാനാ.. അവളെ ഞാൻ വൈകീട്ട് പോലും കണ്ടതാണല്ലോ.. അവൾ ബസ്സിൽ കയറിപ്പോകുന്നതും കണ്ടതാണ്.. ആ അവൾ എവിടെപ്പോവാനാ.. അവൾ ഇവിടെ തന്നെ ഉണ്ടാവും.."

മുടിയ് മുറുകെ പിടിച്ചവൻ വെപ്രാളത്തോടെ പറഞ്ഞതും ആരവ് അവന്റെ കൈകളിൽ മുറുകെ പിടിച്ചു.


"ഈ നേരം വരെ അവൾ എത്താൻ വൈകുന്നത് ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇപ്പൊ അടുത്ത വീട്ടിലൊരു ചേച്ചി അവളെ ആരോ കാറിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടത് ഇപ്പോൾ വിളിച്ചു പറഞ്ഞു.."


"വാട്ട്.. നീയെന്തൊക്കെയാ ഈ പറയുന്നത്.. ആരാ അത്.  ആരാ അവളെ കൊണ്ട് പോയത്.. എന്നിട്ട് നീയെന്താ ഒന്നും ചെയ്യാത്തത്.."


"ഞാൻ ഇപ്പൊ അറിഞ്ഞിട്ടുള്ളു.. പോലീസിൽ വിവരമറിയിക്കാനായി ഇറങ്ങിയപ്പോഴാണ് നീ വന്നത്.. ഞാനൊന്ന് പോയി നോക്കട്ടെ.."

അലക്സ് ഒന്നും മറുപടി പറഞ്ഞില്ല. അവന്റെ മനസ്സ് മുഴുവൻ കണ്ണിറുക്കി കാണിച്ച് ബസ്സിൽ പോയവളുടെ മുഖമായിരുന്നു.

"നീയല്ലേടാ എന്റെ മോളെ പിടിച്ചു കൊണ്ട് പോയത്.. നിന്നെ കണ്ടത് മുതലേ അവൾ മാറിത്തുടങ്ങിയതാ.. ഞങ്ങളെ എതിർടത്ത് സംസാരിക്കാനും തുടങ്ങി. വെറുതെ വിട്ടപ്പോൾ അഴിഞ്ഞാടി നടക്കുവാ അ...."

പറഞ്ഞു പൂർത്തിയാക്കിയില്ല അതിന് മുന്നേ അലക്സിന്റെ ചവിട്ടേറ്റ് അയാൾ നിലം പതിച്ചിരുന്നു.

"അവളുടെ തന്തയാണോ എന്നൊന്നും ഞാൻ നോക്കില്ല.. പണ്ടേ നിങ്ങൾക്ക് ഓങ്ങി വെച്ചതാണ് ഞാൻ.. സ്വന്തം മോളെ സ്നേഹിക്കാൻ അറിയാത്ത നിങ്ങൾ അവളെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിപ്പോകരുത്. മകളുടെ ജീവിതം നശിപ്പിച്ചിട്ടും അതിന്റെ ഒരു കുറ്റബോധം പോലും നിങ്ങളിൽ ഇല്ലല്ലോ.. ഇപ്പൊ ഇതാ.. എവിടെ.. ഏതവസ്ഥയിൽ ആണെന്ന് പോലുമറിയാതെ എന്റെ പെണ്ണ്..  അപ്പോഴും അവളെ കുറിച്ച് കുറ്റങ്ങൾ മാത്രം. നിങ്ങളൊക്കെ ഒരച്ഛനും അമ്മയും ആണോ..?"

വെറുപ്പോടെ പറഞ്ഞവൻ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് ബൈക്കിലേക്ക് കയറി.

എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. അവളിപ്പോ എവിടേ ആയിരിക്കും.. ഏത് അവസ്ഥയിൽ ആയിരിക്കും. ഇനി ആ വിഷ്ണു വല്ലതും..


എങ്ങോട്ടെന്നില്ലാതെ പാഞ്ഞു പോകുമ്പോഴും ഉള്ളിൽ നിരവധി ചിന്തകളായിരുന്നു. പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ അവൻ ബൈക്ക് നിർത്തി.


**

""സാതീ...""

ഉച്ചത്തിൽ ഉള്ള വിളി കാതിൽ മുഴങ്ങിയതും സാതി കണ്ണുകൾ തുറന്നു.
കണ്ണുകളിൽ ഇപ്പോഴും മയക്കം ബാധിച്ച പോലെ..

ചുറ്റും മിഴികൾ പായിക്കവേ തന്റെ തൊട്ടടുത്ത് ഇരിക്കുന്നവനെ കണ്ടവൾ പകപ്പോടെ പിറകിലേക്ക് നീങ്ങി.


"നീയെന്തിനാ പേടിക്കുന്നെ സാതീ.. നിന്റെ വിഷ്ണുവല്ലേ ഞാൻ..."
വഷളൻ ചിരിയോടെ പറഞ്ഞവനെ അവൾ ദേഷ്യത്തോടെ നോക്കി.

"നിനക്കെന്താടാ എത്ര പറഞ്ഞാലും മനസ്സിലാകില്ലേ.. ഞാനും നീയും തമ്മിലുള്ള ബന്ധം എന്നോ ഉപേക്ഷിച്ചതാണ്. ഇപ്പൊ എന്റെ മനസ്സിൽ എന്റെ ഇച്ചായൻ മാത്രമേ ഉള്ളു.."

പറഞ്ഞു നിർത്തിയതേ ഓർമ്മയുള്ളൂ. കവിൾ പറിഞ്ഞു പോരും വിധം ഒരു അടിയായിരുന്നു അവൻ.


"വിഷ്ണൂ..."
പെട്ടെന്ന് അവിടമുയർന്ന അലർച്ചയിൽ സാതി അങ്ങോട്ട് നോക്കി.

അവിടെ നിൽക്കുന്ന ആളെ കണ്ടതും കണ്ണുകളിൽ പകപ്പ് നിറഞ്ഞു.


"അ.. അർണവ്..."


ഒരു ചിരിയോടെ അടുത്തേക്ക് അവൻ വന്നതും സാതി സംശയത്തോടെ അവനെ നോക്കി.


"അർണവേട്ടനെന്താ ഇയാളുടെ കൂടെ.. ആ കാറിൽ ഉണ്ടായിരുന്നതും നിങ്ങളായിരുന്നോ.."


"അതേ ഞാൻ തന്നെ.. പിന്നെ വിഷ്ണു.. ഞങ്ങൾ രണ്ട് പേരും സുഹൃത്തുക്കളാണ്."


അതും പറഞ്ഞവൻ വിഷ്ണുവിന്റെ തോളിലൂടെ കൈ ഇട്ടവളെ നോക്കി.


"നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് അറിയാം.. എന്ത് ചെയ്യാനാ.. നീ എന്റെ പ്ലാനിൽ ഉണ്ടായിരുന്നില്ല. പക്ഷെ എന്ത് ചെയ്യാനാ അലക്സിന്റെ ജീവിതത്തിൽ നീ വന്നു പോയില്ലേ..."


"ഇങ്ങനെ അതിനെ സംശയിപ്പിക്കാതെ മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്ക് അർണവേ..."


"ഇവനില്ലേ.. ഇവൻ നിന്നെ നഷ്ടപ്പെട്ടപ്പോൾ ഭയങ്കര കുറ്റബോധം ആയിരുന്നു. അതാണ് തിരിച്ചു വന്ന് മാപ്പ് പറഞ്ഞത്. പക്ഷെ നീ കേട്ടില്ല. അതും പോരാഞ് അലക്സിനെ കൊണ്ട് ഇവനെ അടിപ്പിച്ചു. നിന്നെ മറക്കാൻ തുടങ്ങിയതായിരുന്നു ഇവൻ. ഞാനാണ് ഇവന്റെ ഉള്ളിൽ പിന്നെയും നിന്നെ ഉറപ്പിച്ചത്. ഒപ്പം അലക്സിന്റെ ഉള്ളിലും. നിന്നെ ഭ്രാന്തമായവൻ സ്നേഹിക്കണം. അവസാനം വിഷ്ണു നിന്നെ സ്വന്തമാക്കുമ്പോൾ അത് താങ്ങാൻ കഴിയാതെ അവൻ അലറിക്കരയണം. അവന്റെ തകർച്ച പിന്നെയും എനിക്ക് കാണണം.. നീറി നീറി അവൻ ചാകണം.."


"നി.. നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്.. അലക്സ് നിങ്ങടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ.."


"ഹാ.. ഹാ.. ഫ്രണ്ടോ.. അത് അവനല്ലേ.. എനിക്ക് അവൻ എന്റെ ശത്രുവാ.. അവന്റെ വിജയങ്ങൾ.. അതെനിക്ക് ഇഷ്ടമല്ല.. എനിക്കവന്റെ തോൽവിയാണ് കാണേണ്ടത്.."

സാതിയുടെ കണ്ണുകൾ നിറഞ്ഞു. എന്നും തമാശയോടെ മാത്രം തന്നോട് സംസാരിച്ചിരുന്ന ആളാണ്. ഇന്നിങ്ങനെയൊക്കെ.. ഇച്ചായൻ.. ഇതൊക്കെ എങ്ങനെ സഹിക്കും......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story