എൻകാതലീ: ഭാഗം 98

enkathalee

രചന: ANSIYA SHERY

"ഇതാണോ നീ പറഞ്ഞ സ്ഥലം..?"

മുന്നിലെ ഇരു നില വീടിലേക്ക് നോക്കി ദിയാൻ ചോദിച്ചതും അനു തലയാട്ടി.

"ഇവിടെങ്ങും ആരുമില്ലല്ലോ.."
ചുറ്റിലും നോക്കി പറയുന്നതിനോടൊപ്പം അവൻ ഉമ്മറത്തേക്ക് കയറി.

"ഇതെന്താ വാതിൽ പൊളിഞ്ഞു കിടക്കുന്നേ..?"
തറയിലേക്ക് നോക്കി ആലി പറഞ്ഞതും രണ്ട് പേരുടെയും നോട്ടം അങ്ങോട്ട് നീണ്ടു.


"ഇന്നലെ ഇവിടാരോ ഉണ്ടായിട്ടുണ്ട്.."
അകത്തേക്ക് നടക്കുന്നതിനിടെ ദിയാൻ പറഞ്ഞു.

ആ വീട് മുഴുവൻ അരിച്ചു പെറുക്കിയവർ അവസാനം സാതിയെ പൂട്ടിയിട്ടിരുന്ന മുറിയിലേക്കെത്തി.

"ഇതെന്താ ഇവിടെ ചോര.."
തറയിലേക്ക് നോക്കി അനു പറഞ്ഞപ്പോഴാണ് അവരും അത് കണ്ടത്.

ആലിയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. അടുത്ത് നിന്ന ദിയാന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു.


"ന്റെ സാതിക്കെന്തേലും പറ്റിക്കാണുവോ..."
മറുപടി പറയാനില്ലാതെ അവൻ അനുവിനെ നോക്കി.

പെട്ടെന്ന് ആലിയുടെ ഫോൺ ശബ്ദിച്ചതും അവൾ വേഗം ദിയാനിൽ നിന്ന് അകന്നു മാറി.
ഫോൺ എടുത്ത് നോക്കിയതും ആരവ് ആണെന്ന് കണ്ട് വേഗം അറ്റൻഡ് ചെയ്തു.

എന്നാൽ മറുപുറത്ത് നിന്ന് കേട്ട വാർത്തയുടെ പകപ്പോടെ ആലി അനുവിനേയും ദിയാനേയും നോക്കി.

"ഞ.. ഞങ്ങൾ അവിടെയാണ്.."
അതും പറഞ്ഞവൾ കാൾ കട്ട് ചെയ്തവരെ നോക്കി.

"എന്താ പറ്റിയേ..?"

"അത്.. ആരവേട്ടൻ ആണ് വിളിച്ചത്.. നമുക്ക് മുന്നേ ഇച്ചായൻ ഈ സ്ഥലത്ത് വന്നിരുന്നു.. ഇവിടുന്ന് എന്തൊക്കെയോ തെളിവ് കിട്ടിയിട്ട് സ്റ്റേഷനിൽ ചെന്ന് വഴക്കുണ്ടാക്കി. ഇപ്പൊ ജയിലിൽ പിടിച്ചിട്ടിരിക്കുവാണെന്നാ പറഞ്ഞത്. ആരവേട്ടൻ ആണെങ്കിൽ സാതിയെ അന്വേഷിച്ച് നടക്കുവാണ്. നമുക്ക് എത്രയും പെട്ടെന്ന് അവിടെ പോണം.."

വെപ്രാളത്തോടെ പറഞ്ഞു നിർത്തിയതും ദിയാനൊന്ന് ചുറ്റും നോക്കി.

"അവൻ പറഞ്ഞ പോലെ ഒരു തെളിവ് ഈ ബ്ലഡ്‌ തന്നെയാണ്.. വേറെ എന്തായിരിക്കും ഉണ്ടായിട്ടുണ്ടാകുക.. അതുമല്ല.. ഇവിടെ ഇന്നലെ വരെ ആരൊക്കെയോ താമസിച്ചിരുന്നതായിട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത്.."


"എന്താണെങ്കിലും ആദ്യം ഇച്ചായനെ കാണണം.. ജയിലീന്ന് ഇറക്കണം.. ഒന്നാമതെ സാതിയേ കാണാഞ്ഞിട്ട് ഭ്രാന്ത് പിടിച്ചിരിക്കുവായിരിക്കും.. അതിന്റെ കൂടെ ഇത് കൂടെ ആകുമ്പോൾ എന്തൊക്ക ചെയ്ത് കൂട്ടും എന്നറിയില്ല.."

എന്നവൾ പറഞ്ഞതും പിന്നൊന്നും ചിന്തിക്കാതെ മൂവരും വേഗം പുറത്തേക്കിറങ്ങി.


------------


"തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവില്ലേ.. എന്റെ പെണ്ണിനെ കാണാതായിരിക്കുമ്പോഴാണോ നിങ്ങളുടെ ഈ ഷോ..
ഇറക്കി വിടെടോ എന്നെ.. ഞാൻ എന്താ ചെയ്യുകാന്ന് എനിക്ക് തന്നെ അറിയില്ല.."

സ്റ്റേഷനിലേക്ക് കയറിയപ്പോൾ തന്നെ കേട്ടത് അലക്സിന്റെ അലർച്ചയാണ്.

"നിനക്കെന്താടാ ചെറുക്കാ പറഞ്ഞാൽ മനസ്സിലാകില്ലെ.. വെറുതെ ലാത്തീടെ ചൂട് അറിയാൻ നിൽക്കേണ്ട.."


സെല്ലിലെ കമ്പിയിൽ അടിച്ച് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്ന അയാൾ മുന്നിൽ നിൽക്കുന്ന മൂന്ന് പേരെയും അടി മുടിയൊന്ന് നോക്കി.


"ആരാണ്..?"

"അത് ഞങ്ങൾ... അലക്സ്.."
അലക്സിലേക്ക് മിഴികൾ ഊന്നി പറയവേ അയാളുടെ കണ്ണുകളൊന്ന് ചുരുങ്ങി.


"ഇവനെ കൊണ്ട് പോകാൻ വന്നതാണോ..?"

"അതേ..."

"ചെന്ന് ഒരു വക്കീലിനേയും കൂട്ടി വാ.. ജ്യാമം തരാം..."
പറഞ്ഞു കൊണ്ട് തന്നെ തൊപ്പിയൂരി ടേബിളിൽ വെച്ചു കൊണ്ട് അയാൾ ചെയറിലേക്കിരുന്നു.


"ഒരു തെറ്റും ചെയ്യാതെ ഒരാളെ പിടിച്ച് അകത്തിടാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്..?"

ഉറഞ്ഞു തുള്ളിക്കൊണ്ട് ആലി മുന്നിലേക്ക് കയറി നിന്നതും അയാളവളെ ആകെയൊന്ന് നോക്കി.


"നീയേതാടീ കൊച്ചേ..  ഇത്തിരിയേ ഉള്ളു എങ്കിലും നാവിന്റെ നീളം കൂടുതലാണല്ലോ.."
അയാളാ പറഞ്ഞത് ആലിക്ക് പിടിച്ചില്ല. അവളെന്തോ പറയാനായി തുനിഞ്ഞതും ദിയാനവളുടെ കയ്യിൽ പിടിച്ചു.

അവളാ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


"എന്തിന്റെ പേരിലാണ് നിങ്ങളിവനെ പിടിച്ച് അകത്തിട്ടിരിക്കുന്നത്..?"

"സ്റ്റേഷനിൽ കയറി വന്ന് പോലീസിന്റെ ദേഹത്ത് കൈ വെച്ചവനെ പിന്നെ ഞാൻ സൽക്കരിച്ച് ഇരുത്തണോടാ.."

"ഞാൻ സംസാരിച്ചത് മാന്യമായ രീതിയിലാണ്. അത് പോലെ സംസാരിക്കണം സാറും.."


"നീയെന്താടാ എന്നെ മാന്യത പഠിപ്പിക്കുവാണോ..?"

പുച്ഛത്തോടെ ചോദിച്ചതും ദിയാൻ ദേഷ്യത്തോടെ അയാൾക്ക് നേരെ കയ്യോങ്ങാൻ ഒരുങ്ങി. പെട്ടെന്ന് അനു അവന്റെ മുന്നിലേക്ക് കയറി നിന്നു.

"ദിയാൻ സാറെ.. ഇത് എനിക്ക് ഹാൻഡ്‌ൽ ചെയ്യാവുന്നതേ ഒള്ളു.."

എന്നവൻ ചിരിയോടെ പറഞ്ഞു കൊണ്ടാ പോലീസിനെ നോക്കിയതും ഇവനിതെന്തിനുള്ള പുറപ്പാടാ എന്ന നിലക്ക് ദിയാനും ആലിയും അവനെ നോക്കി.


"അതേ.. പോലീസ് ഏമാനെ..  തനിക്കെന്നെ അറിയുവോ.. ഓഹ് സോറി... അതിന് നമ്മൾ ആദ്യമായി കാണുവാണല്ലോ അല്ലേ..
തനിക്ക് ഒരു ശേഖർ കുമാറിനെ അറിയാവോ.. അദ്ദേഹമെന്റെ അമ്മായി അച്ഛനായിട്ട് വരും.. ഞാനൊന്ന് അദ്ദേഹത്തിൻ കാൾ ചെയ്തിട്ട് ഇവിടെ നടന്നതൊക്കെ പറയട്ടേ.."
പിരികമുയർത്തി ചോദിച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും അയാൾ പകപ്പോടെ ചെയറിൽ നിന്ന് ചാടി എഴുന്നേറ്റു.

"അയ്യോ.. കൊച്ചേ ജോലി കളയല്ലേ.. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.."

അത്രയും നേരം ഉറഞ്ഞു തുള്ളിയിരുന്ന അയാൾ ഭയത്തോടെ കൈ കൂപ്പി നിന്നത് കണ്ട് ആലിയുടെയും ദിയാന്റെയും കണ്ണ് മിഴിഞ്ഞു.


"താനിരിക്ക്.."
ചെയറിലേക്ക് വിരൽ ചൂണ്ടി അനു പറഞ്ഞതും നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ടയാൾ ചെയറിലേക്കിരുന്നു.


"അപ്പൊ ഓക്കെ.. അലക്സിനെ നിങ്ങളായിട്ട് വിടുന്നോ.. അതോ ഞങ്ങൾ വക്കീലിനേയും കൊണ്ട് വരണോ..? അങ്ങനെ ആണെങ്കിൽ പിന്നെ ഞാൻ നേരെ ഒരു കാൾ അങ്‌ ചെയ്യും. പിന്നെ ഇവിടെ നടന്ന എല്ലാ സാഹചര്യങ്ങളും വിശദീകരിച്ചങ് പറയേണ്ടി വരും.."


കൈ കെട്ടി ഗൗരവത്തോടെ അവൻ ചോദിച്ചതും ആലിയവനെ അത്ഭുതത്തോടെ നോക്കി. തങ്ങളുടെ കൂടെ നടക്കുന്ന അനു തന്നെ ആണോ ഇത്..!

"അവനെ അങ് തുറന്നു വിട്ടേക്ക്..."
അവിടെ നിൽക്കുന്ന ഒരു പോലീസുകാരനോട് പറഞ്ഞു കൊണ്ട് അയാൾ അനുവിനെ നോക്കി.

"ഡിജെപി ടെ മരുമോൻ ആണെന്ന് അറിയില്ലായിരുന്നു. ദയവ് ചെയ്ത് ജോലി ഇല്ലാതാക്കരുത്. ഇവിടെ ഒരു പ്രശ്നവും നടന്നിട്ടില്ല.."


-------------

"ഇച്ചായൻ എന്തിനാ ആ പോലീസിനെ തല്ലിയത്.."

മൗനമായി കാറിൽ ഇരിക്കുന്നവനോടായി ആലി ചോദിച്ചതും അവന്റെ കണ്ണുകൾ ചുവന്നു.


"പിന്നെ.. എന്റെ പെണ്ണിനെ കുറിച്ച് മോശമായി പറഞ്ഞവനെ ഞാൻ കിടത്തി താലോലിക്കണോ..?"


"അങ്ങനെയൊക്കെ അയാൾ പറഞ്ഞോ..
എന്താ സത്യത്തിൽ നടന്നത്..?"
ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് തന്നെ ദിയാൻ ചോദിച്ചു. ഒന്ന് നിശ്വസിച്ചു കൊണ്ട് അലക്സ് മനസ്സിനെ നിയന്ത്രിച്ചു.


"എനിക്ക് കിട്ടിയ ലൊക്കേഷൻ അനുസരിച്ച് ഞാൻ ഒരു വീട്ടിൽ ചെന്നിരുന്നു. അവിടെ നിന്ന് സാതിയുടെ ഫോണും തറയിലെ ബ്ലഡും ഞാൻ കണ്ടെത്തി.
അവിടെ ഒന്ന് അന്വേഷിക്കാൻ സ്റ്റേഷനിൽ ചെന്ന് പറഞ്ഞു.
തെളിവ് കാണിച്ചു കൊടുത്തിട്ടും ഞാൻ വെറുതെ പറയുകയാണ് എന്ന് പറഞ്ഞപ്പോൾ ദേഷ്യം വന്നു.
അതിന്റെ കൂടെ സാതി മനഃപൂർവം ഇറങ്ങിപ്പോയതാണ് എന്ന് തുടങ്ങി അവളെ കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.."

"അപ്പൊ തന്നെ രണ്ടെണ്ണം കൊടുത്തല്ലേ.. അത് നന്നായി.."
മിഴികൾ വിടർത്തി അനു പറഞ്ഞതും അവനൊന്ന് മൂളി പുറത്തേക്ക് നോക്കി.

ഉള്ള് മുഴുവൻ ഇപ്പോഴും പിടഞ്ഞു കൊണ്ടിരിക്കുവാണ്.
ഞാൻ അവിടെ എത്തുന്നതിന്റെ തൊട്ട് നിമിഷം മുമ്പ് വരെ അവളവിടെ ഉണ്ടായിരുന്നു. അങ്ങോട്ട് ഞാനെത്തി എന്നറിഞ്ഞിട്ടല്ലെ അവളവിടെ നിന്ന് മാറ്റിയത്.
വിഷ്ണുവിന്റെ കൂടെ ഇനി ആരെങ്കിലും ഉണ്ടായിരിക്കുമോ.. എന്റെ നീക്കങ്ങൾ മുൻ കൂട്ടി അവൻ മനസ്സിലാക്കിയെങ്കിൽ അവന്റെ കൂടെ എന്നെ അറിയുന്ന മറ്റാരോ ഉണ്ട്..

പക്ഷെ.. ആര്...?


ഉള്ളിലൂടെ പല വിധ ചിന്തകൾ കടന്നു പോയി. ഇനി എവിടേ പോയി അന്വേഷിക്കും എന്ന ചിന്ത കൂടെ കയറി വന്നതും നിയന്ത്രിക്കാൻ ആകാതെ അവൻ സ്വയം തലയിൽ കരമമർത്തി. കണ്ണുകൾ ചുവന്നു. അലറാനായി വാ തുറന്നവന്റെ മനസ്സിലൂടെ സാതിയുടെ വാക്കുകൾ കടന്നു പോയതും മിഴികൾ ഇറുകെ അടച്ചു.


"ഏത് പ്രതിസന്ധിയിൽ ആണെങ്കിൽ ആദ്യം തന്നെ കോപിക്കാൻ നിൽക്കരുത്. ചിന്തിക്കണം. അതിനുള്ള മാർഗം കണ്ടെത്തണം. ദേഷ്യപ്പെടാൻ നിന്നാൽ ആ സമയം പോകുമെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകില്ല.
അത് കൊണ്ട് തന്നെ ഇനി എന്ത് പ്രശ്നം ഉണ്ടാകുമ്പോഴും എന്റെ ചെക്കൻ ഈ കാര്യം ഓർക്കണം..""


കണ്ണുകൾ തുറന്നവൻ മെല്ലെ ഇട നെഞ്ചിൽ കൈ ചേർത്ത് മനസ്സിനെ നിയന്ത്രിച്ചു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story