🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 132

ennennum ente mathram

രചന: അനു

ലാപ്പ് ഓഫാക്കി മടക്കി വെച്ഛ് ഒരു ചിരിയോടെ അവളെ ഉണർത്താതെ പതിയെ നേരെ കിടത്തി ലൈറ്റ് അണച്ഛ് അവളോട് ചേർന്ന് ഞാനും കിടന്നു..... സമയം ഒരുപാട് വൈകിയതോണ്ട് ഞാനും വേഗം ഉറക്കത്തിലേക്ക് വഴുതി വീണു...... ~~~~~~ സിദ്ധു രാവിലെ എണീക്കുമ്പോ തന്നെ സമയം പത്ത് കഴിഞ്ഞിരുന്നു.... നേരത്തെ വിളിക്കാൻ തോന്നിയില്ല, രാത്രി ഒരുപാട് വൈക്കിയാവും ഉറങ്ങിയത്..... പതിനൊന്ന് മണിയായപ്പോ തന്നെ ഞങ്ങൾ നാട്ടിലേക്ക് യാത്ര തിരിച്ചു ..... സിദ്ധുന്ന് സെൽഫ് ഡ്രൈവിങ് ഒരുപാട് ഇഷ്ടായതോണ്ട് കാറിലാണ് പോയത്... അമ്മയും ദേവുവും ആമിയും സന്തോഷത്തോടെയാണ് ഞങ്ങളെ യാത്ര ആക്കി... വീട്ടിൽ ഇനി മൂന്ന്, നാല് ദിവസത്തേക്ക് ആണുങ്ങൾ ആരും ഇല്ലാതത്തോണ്ട് ഉണ്ണിയോട് വരാൻ പറഞ്ഞിട്ടുണ്ട്... ക്യാംപസ് സെലക്ഷൻ വഴി ഉണ്ണി ഒരു കമ്പനിയിൽ കയറിയിട്ടുണ്ട്... ഫാമിലി ബിസിനസ്സിൽ ജോയിന്റ് ചെയ്തോളാൻ ഏട്ടനും സിദ്ധുവും പറഞ്ഞെങ്കിലും അവൻ അത് നിരസിച്ചു..... അവന് സ്വന്തമായി കമ്പനി സ്റ്റാർട്ട് ചെയ്യണം ന്നൊക്കെയാണ് ആഗ്രഹം... ~~~~~~~ വണ്ടിയിൽ കയറിയത് മുതൽ അനു വളരെ ഹാപ്പിയാണ്.....

മുഖം കണ്ടാൽ തന്നെ അറിയാം ഈ യാത്ര അവളൊരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്ന്.... അവളോടെപ്പം യാത്ര ചെയ്തോണ്ടോ, കാറിൽ ആയതോണ്ടോ അറിയില്ല, എനിക്ക് പെട്ടെന്ന് കോഴിക്കോട് എത്തിയപ്പോലെ തോന്നി..... കോഴിക്കോട് നിന്ന് അവളെ റൂട്ടിലേക്ക് തിരിഞ്ഞതും അവിടെയുള്ള ഓരോ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി അത് അതാണ്, ഇതാണ്, ഞങ്ങൾ എല്ലാരും കൂടി ഇവിടെ വരാറുണ്ട്, എന്നൊക്കെ അവള് ആവേശത്തോടെ പറഞ്ഞോണ്ടിരുന്നു..... കോഴിക്കോട്ടെ ഫേമസ് റെസ്റ്റോറന്റ് റഹ്മത്തിൽ കയറി നല്ല അസ്സൽ ദംബിരിയാണി കഴിച്ഛ് ഉച്ചയ്ക്ക് ശേഷാണ് വീട്ടിൽ എത്തിയത്.... കോലായിൽ തന്നെ ഞങ്ങളെ കാത്ത് അമ്മുവും കണ്ണനും നിൽപ്പുണ്ടായിരുന്നു... പടിപ്പുര കടന്ന് കാർ കോലായുടെ മുന്നിലേക്ക് നിർത്തിയതും അമ്മു മുറ്റത്തേക്ക് ഇറങ്ങിയിരുന്നു... ഹാൻഡ് ബ്രേക്ക് വലിച്ഛ് ഞാൻ ഡോർ തുറന്ന് ഇറങ്ങിയതും അതിന് മുന്നേ ഇറങ്ങി നിന്ന് അനൂനെ നോക്കാതെ അമ്മു വേഗം സന്തോഷത്തോടെ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു..... അമ്മൂനെ ചേർത്ത് പിടിച്ഛ് ഞാൻ ഇടംകണ്ണിട്ട് അനൂനെ നോക്കി, ഞങ്ങളെ നോക്കി നിൽക്കുന്ന അവളുടെ മുഖത്ത് നിറഞ്ഞ അസൂയക്കും കുശുമ്പിനും കയ്യും കണക്കും ഇല്ലായിരുന്നു...

അത് കണ്ട് ചുണ്ടിൽ പൊടിയുന്ന ചിരി കടിച്ഛ് പിടിച്ഛ് ഞാൻ അമ്മൂനെ പതിയെ തട്ടി വിളിച്ഛ് കാണിച്ഛ് കൊടുത്തു... അത് കണ്ടതും അമ്മു ഒരു കള്ളച്ചിരിയോടെ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു... ആദ്യം കുശുമ്പ് പിടിച്ഛ് നിന്നെങ്കിലും പിന്നെ അവളും അമ്മൂനെ കെട്ടിപ്പിടിച്ചു.. അപ്പഴേക്കും ഇറങ്ങി വന്ന് നിന്ന കണ്ണനെ കൂട്ടിപ്പിടിച്ഛ് ഞാൻ കോലായിലേക്ക് കയറി... കോലായിൽ കയറി നിന്നപ്പഴാണ് ഡ്രെസ്സിന്റെ കാര്യം ഓർമവന്നത്... അമ്മയും അച്ഛമ്മയും പ്രത്യേകം പറഞ്ഞ കാര്യമാ, ആദ്യയിട്ടാണ് ഞാനും അനുവും ഒരുമിച്ച്‌ അവളെ വീട്ടിലേക്ക് പോകുന്നത്, അതോണ്ട് എല്ലാർക്കും ഡ്രസ് എടുക്കണം ന്ന്.... അത് പ്രകാരം ഞാനും അനുവും വരുന്ന വഴിയ്ക്ക് ടൗണിലെ കല്യാൺ സിൽക്കിൽ കയറി എല്ലാർക്കും ഡ്രസ്സ് എടുത്തിരുന്നു..... ~~~~~~ യാത്ര ഞാൻ നല്ലോണം എൻജോയ് ചെയ്തിരുന്നു എത്ര പെട്ടന്നാ വീട്ടിൽ എത്തിയത്...???? സിദ്ധുന്റെ കൂടെ എന്റെ വീട്ടിൽ അതും ഇങ്ങനെ കയറി വരാൻ പറ്റും ന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല...

ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു അതിനൊപ്പം സങ്കടവും... ഞങ്ങളെ കാത്ത് നിന്നവരുടെ കൂട്ടത്തിൽ രണ്ടാളുടെ കുറവുണ്ട്.... അന്ന് നന്ദുന്റെ കൂടെ കോലായിലേക്ക് ഓടി കയറിയതും അച്ഛന്റെ ശോഷിച്ച ചുക്കി ചുളുങ്ങി ആ കാലുകൾ....!!!!!!! കാറിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി നിന്നപ്പോ എന്നിലേക്ക് ഒഴുകിയ കാറ്റിന് അച്ഛന്റെ ഗന്ധമുള്ള പോലെ... സന്തോഷത്തോടെ അമ്മൂനെ നോക്കെ അവള് അദ്യം ഓടിവന്ന് സിദ്ധുനെ കെട്ടിപ്പിടിച്ഛത് എനിക്ക് അത്ര ഇഷ്ടായില്ല.... എനിക്ക് അറിയാം എന്നെ കുശുമ്പ് കുത്തിക്കാൻ വേണ്ടി തന്നെയാ അവള് അങ്ങനെ ചെയ്തത്... എങ്കിലും എനിക്ക് സന്തോഷേള്ളൂ... എന്റെ ഭർത്താവ് അവൾക്ക് നല്ലൊരു ബ്രതർ ആയിരിക്കണം ന്ന് ഉണ്ടായിരുന്നു... സിദ്ധു അവൾക്ക് നല്ലൊരു ഏട്ടനാണ്... ഓരോന്ന് ആലോചിച്ചു നിൽകുമ്പഴാണ് ഗിഫ്റ്റിന്റെ കാര്യം സിദ്ധു ഓർമ പെടുത്തിയത്.... വേഗം മുറ്റത്തേക്ക് ഇറങ്ങി കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് കവർ എല്ലാം എടുത്ത്‌ തിരിച്ഛ് കയറി....

അമ്മുനും കണ്ണനും കൊടുത്തു കഴിഞ്ഞപ്പോ അമ്മയ്ക്കുള്ള പൊതി മാത്രം എന്റെ കയ്യിൽ ബാക്കിയായി..... അതും കയ്യിൽ മുറുക്കി പിടിച്ചോണ്ട് ഞാൻ അവിടെ നിന്നു... എന്റെ നിൽപ്പ് കണ്ടിട്ടോ എന്തോ അമ്മു എന്റെ മുന്നിലേക്ക് വന്ന് നിന്ന് തോളിൽ കൈവെച്ചതും ഞാൻ മുഖയുയർത്തി അവളെ നോക്കി.... "അമ്മയ്ക്ക് വാങ്ങിയതല്ലേ എന്റെ ചേച്ചി...... അമ്മ റൂമിൽ ണ്ട്, കൊണ്ടു പോയി കൊടുക്ക്.....???" അമ്മു പറഞ്ഞത് കേട്ട് കവറിൽ മുറുക്കി പിടിച്ഛ് ഞാൻ ചിന്തകളിൽ മുഴുകി..... അമ്മയ്ക്ക് കൊണ്ട് പോയി കൊടുക്കണം ന്നൊക്കെ എനിക്കും ഉണ്ട്, പക്ഷേ...??? അമ്മ വാങ്ങിയില്ലെങ്കിലോ..?? എന്നെ എന്തെങ്കിലും പറഞ്ഞ് ആ മനസ്സ് വീണ്ടും മുറിവേറ്റാല്ലോ....?? എനിക്ക് സഹിക്കാൻ പറ്റാത്തത് എന്തെങ്കിലും അമ്മ.... വേണ്ട..... ഞാൻ വേഗം സിദ്ധു ന്റെ അടുത്തേക്ക് നടന്നു.... "സിദ്ധു കൊണ്ട് കൊടുക്ക്....!!!!!!! ഞാൻ കൊണ്ട് കൊടുത്താൽ....... ചിലപ്പോ അമ്മ വാങ്ങിയില്ലെങ്കിലോ.....??? അല്ല,,, വാങ്ങില്ല....എനിക്ക് അറിയാം.....!!! സിദ്ധു കൊണ്ട് കൊടുക്ക്....

സിദ്ധു ആവുമ്പോ അമ്മ വാങ്ങാതിരിക്കില്ല....!!" നിറഞ്ഞ കണ്ണോടെ ഞാൻ പറഞ്ഞ് തീരുമ്പഴേക്കും അവ ഒളിച്ചിറങ്ങിയിരുന്നു... ഒരു നറു ചിരിയോടെ എന്റെ കവിളുകൾ തുടച്ഛ് കൊണ്ട് സിദ്ധു തലയാട്ടി.... "മ്മം.... മ്മ്മ്.... !!! ഞാൻ അല്ല ഇത് നീ തന്നെ കൊണ്ട് കൊടുക്കണം.... നീ അമ്മയ്ക്ക് വേണ്ടി വാങ്ങിയതല്ലേ... നീ ധൈര്യയിട്ട് കൊണ്ട് കൊടുക്ക് അമ്മ ഒന്നും പറയില്ല...!!!" എന്റെ തോളിൽ കൈ വെച്ചോണ്ട് സിദ്ധു പറഞ്ഞു..... "വേണ്ട സിദ്ധു...!!!!! അമ്മ..... അമ്മയ്ക്ക് ഇപ്പഴും എന്നോട്.... ഞാൻ കൊടുത്തിട്ട് അമ്മ വാങ്ങിയിലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല..... അതോണ്ടാ... പ്ലീസ് സിദ്ധു കൊണ്ട് കൊടുക്ക്....???" ഞാൻ വീണ്ടും ഇടറുന്ന സ്വരത്തോടെ പറഞ്ഞൊപ്പിച്ചു.... "നിനക്ക് എന്നെ വിശ്വാസം അല്ലേ....??? ഞാൻ പറഞ്ഞാൽ അനുസരിക്കില്ലേ..??? നീ ചെൽ... ഞാൻ അല്ലേ പറയുന്നത്.... ധൈര്യയിട്ട് പോ....!!!" കണ്ണുകൾ അടയ്ച്ഛ് തുറന്ന് ആത്മവിശ്വാസത്തോടെ സിദ്ധു പറഞ്ഞെങ്കിലും ഞാൻ അവിടെ തന്നെ തലകുനിച്ചു നിന്നു.....

അത് കണ്ടതും സിദ്ധു എന്നെ പിടിച്ചു തിരിച്ചു നിർത്തിച്ഛ് അമ്മന്റെ റൂമിലേക്ക് നടത്തിച്ചു..... ഞാൻ മടിച്ചു മടിച്ചു പോകാതെ വേണ്ട, ഞാൻ ഇല്ല, എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ സിദ്ധു എന്നെ അമ്മയുടെ റൂം വരെ തള്ളി കൊണ്ട് പോയി റൂമിലേക്ക് കയറ്റി നിർത്തിച്ചു... റൂമിൽ തുണി മടക്കി വെക്കുന്ന അമ്മയുടെ മുന്നിലേക്കായിരുന്നു ഞാൻ പോയി നിന്ന് പോയത്.... വെപ്രാളത്തോടെ ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും സിദ്ധു അവിടുന്ന് പോയിരുന്നു.... അമ്മയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം പോലും എനിക്ക് ഉണ്ടായിരുന്നില്ല, അതോണ്ട് തന്നെ താഴേക്ക് തന്നെ നോക്കി ഞാൻ കുറച്ചൂടെ അമ്മയുടെ മുന്നിലേക്ക് നീങ്ങി നിന്ന് പൊതി അമ്മയ്ക്ക് നേരെ നീട്ടി.... "ഞാ.... ഞാൻ വാങ്ങിയതാ...... അ.....!! അമ്മ ന്ന് വിളിക്കാൻ നാവ് തരിച്ചെങ്കിലും എന്നെ ഒരിക്കലും നീ അങ്ങനെ വിളിക്കരുതെന്ന് അമ്മ പറഞ്ഞത്, അമ്മ വിധവയാകാൻ കാരണം ഞാനാണെന്ന് പറഞ്ഞത്,

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഹൃദയത്തെ പൊള്ളിച്ചു.. ഇന്നും കെടാത്ത കനലായി എരിയുന്ന വാക്കുകൾ വീണ്ടും കാതിൽ അലയടിക്കെ കണ്ണിൽ നിന്ന് ഒഴുക്കി ഇറങ്ങിയ കണ്ണീർ പൊതിയിൽ വീണ് ചിതറി... അമ്മയുടെ കൈ പൊതി വാങ്ങാൻ നീളാതത്ത് കണ്ട് വിങ്ങുന്ന, ചങ്ക് പൊട്ടുന്ന വേദനയോടെ ഞാൻ പൊതി തൊട്ടടുത്ത് മേശപ്പുറത്ത് വെച്ച് തിരിഞ്ഞു നടന്നു.... "കുഞ്ഞാ.....!!!" വിളി കേട്ടതും ഞാൻ പിടിച്ഛ് കെട്ടിയ പോലെ വിറങ്ങലിച്ഛ് നിന്നു, ഞൊടിയിടയിൽ തലയുയർത്തി ഞെട്ടിത്തിരിഞ്ഞ് അമ്മയെ നോക്കവേ ഞാൻ കണ്ടു ആ കണ്ണിൽ വാത്സല്യത്താൽ നിറഞ്ഞ തെളിനീർ തിളക്കം.... അമ്മയും അച്ഛനും മാത്രം എന്നെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞാ ന്ന്... നിറഞ്ഞ ഒഴുക്കുന്ന കണ്ണീരിൽ അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കാണാമായിരുന്നു അമ്മയുടെ മിഴികൾ നിറഞ്ഞ് ഒഴുകുന്നത്..... "അമ്മേന്ന് വിളിക്കാൻ പോലും പേടിയാണോ ന്റെ കുഞ്ഞന്ന്.....??" എന്റെ അടുത്തേക്ക് വന്ന് നിന്ന് തലയിൽ സ്‌നേഹത്തോടെ തലോടി അമ്മ പറഞ്ഞത് കേട്ടതും ആ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു... "ഒരിക്കലും ഇല്ല അമ്മേ..... അമ്മയ്ക്ക് എന്നോട് ദേഷ്യമായതോണ്ടാ ഞാൻ....!!"

"അമ്മക്ക് മകളുടെ കാൽ പിടിക്കാൻ കഴിയുമായിരുമെങ്കിൽ ഞാൻ നിന്റെ കാൽ പിടിച്ചെന്നെ മോളേ.....??" എന്റെ തലമുടിയിൽ അരുമായായി താലോടി കൊണ്ട് അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടലോടെ അമ്മയെ നോക്കി... "അമ്മേ....!!!!!!! അമ്മ എന്തൊക്കെയാ പറയുന്നത്....??? അമ്മ എന്റെ കാൽ പിടിക്കെ....??? ഞാൻ അല്ലേ അമ്മേന്റെ കാൽ പിടിക്കേണ്ടത്...??? ഞാൻ അല്ലേ തെറ്റ് ചെയ്തത്....???" അമ്മേന്റെ കൈയിൽ പിടിച്ഛ് കൊണ്ട് ഞാൻ ചോദിച്ചതും അമ്മ എന്റെ മുഖം ആ കൈവെള്ളയിൽ കോരിയെടുത്ത് നെറുക്കിൽ ചുംബിച്ചു.... കുറെ കാലത്തിന് ശേഷം ആ ചുണ്ടിൽ എനിക്കായ് നിറഞ്ഞ വാത്സല്യവും, സ്നേഹവും, കരുതലും ഞാൻ അറിഞ്ഞു.... "അല്ല മോളേ..... ഞങ്ങളൊക്കെ അല്ലേ നിന്നോട്...??? ഞങ്ങൾക്ക് വേണ്ടിയായിരുന്നില്ലേ നീ....???? ന്റെ സർപ്പകവിലമ്മേ സത്യം അറിയാതെ ന്റെ കുട്ടീനെ ഞാൻ എന്തൊക്കെ പറഞ്ഞു....??? തല്ലിയില്ലേ, ആട്ടിയോടിച്ചില്ലേ, കുത്തി നോവിച്ചില്ലേ, ഒരു ദൈവങ്ങളും എന്നോട് പൊറുക്കില്ല.....!!!!!

നിന്നെ പോലെയൊരു മോളെ ദൈവം എനിക്ക് തന്നിട്ടും,,,, തിരിച്ചറിയാൻ വൈകി പോയല്ലോ ഈ അമ്മ....!!! എന്നോട് ന്റെ കുട്ടി ക്ഷമിക്കണം..!!!" നിന്റെ അമ്മയായിരുന്നിട്ട് കൂടി നിന്നെ മസ്സിലാക്കാനോ, സത്യാവസ്ഥ ചോദിച്ചറിയാനോ ഞാൻ ശ്രമിച്ചില്ല...?? ഞാൻ ഒരു നല്ല അമ്മ ആയിരുന്നെങ്കിൽ ന്റെ കുട്ടി ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ....??? നിന്റെ ജീവിതം ഇങ്ങനെയൊക്കെ ആകാൻ കാരണം ഞാനാ....!!!! ഞാൻ മാത്രം....!!!!" അമ്മ പറയുന്നത് കേട്ട് ഒരേ സമയം സങ്കടവും, സന്തോഷവും സംശയവും എന്നിൽ കുമിഞ്ഞു കൂടി... "അങ്ങനെയൊന്നും പറയല്ലേ അമ്മേ.... ഞാൻ അല്ലെ തെറ്റ് ചെയ്തത്.... എല്ലാം ആദ്യമേ അമ്മയോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു.....!!!!! എല്ലാം എന്റെ തെറ്റാ.....!!! സാരല്ല.... എനിക്ക് എന്റെ പഴേ അമ്മയെ തിരിച്ചു കിട്ടിയല്ലോ..... അത് മതി.....!!!!" പെയ്യ്ത ഒഴിയാത്ത ആ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് ഞുളിവ്‌ വന്ന കവിളിലേക്ക് ഒഴുകുന്ന കണ്ണീർ അമർത്തി തുടച്ഛ് നിറഞ്ഞ് ചിരിയോടെ ഞാൻ അമ്മയെ നോക്കി.... പിന്നെ ഒന്നൂടെ ഇറുക്കി കെട്ടിപ്പിടിച്ചു.... എത്ര കാലായി അമ്മയെ കെട്ടിപ്പിടിച്ചു നിന്നിട്ട്....

ഉള്ളിലെ കനലൊക്കെ കെട്ടടങ്ങിയിരിക്കുന്നു... മനസിൽ സങ്കടത്തിന്റെയോ, വേദനയുടെയോ ചെറിയൊരു അംശം പോലുമില്ല... സന്തോഷം... നുരഞ്ഞ് പൊങ്ങി നിറഞ്ഞ് തൂവുന്ന സന്തോഷം മാത്രം....!!! എന്നാലും അമ്മ എങ്ങനെയാ ഇതൊക്കെ അറിഞ്ഞത്.....??? അമ്മയുടെ സംസാരത്തിൽ നിന്ന് എല്ലാം അറിഞ്ഞെന്ന വ്യക്തമാണ്... പക്ഷേ ആരായിരിക്കും പറഞ്ഞത്.....???? "എന്റെ മോളെ മനസ്സിലാക്കാൻ എനിക്ക് എന്റെ മരുമോൻ വേണ്ടി വന്നു..... ചെയ്ത പോയ തെറ്റുകൾ ഓർത്ത് അവൻ ഇപ്പോ വേദനയോടെ പശ്ചാത്തപിക്കുന്നുണ്ട്, നെഞ്ച് നീറുന്ന കുറ്റബോധമുണ്ട്.... നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട്... അവനേക്കാൾ നിന്നെ ഞാൻ പോലും സ്നേഹിക്കുന്നുണ്ടാവില്ല മോളേ... അമ്മയുടെ വാക്കുകൾ കേട്ട് ഒരു ഞെട്ടലോടെ ഞാൻ ആ മാറിൽ നിന്ന് അടർന്ന് മാറി.... "സിദ്ധു......???? അപ്പോ..... സിദ്ധുവാണോ ഇതൊക്കെ....???" സംശയവും അത്ഭുതവും കൂടി കലർന്ന ആവേശത്തോടെ ഞാൻ ചോദിച്ചതും അമ്മ ഒരു ചിരിയോടെ അതെ ന്ന് തലയാട്ടി.... "മ്മ്മ്.....!!!!

നീ ഒരിക്കലും ആരോടും ഇതൊന്നും പറയില്ലെന്ന് അവൻ പറഞ്ഞിരുന്നു... കാരണം, ആരും വിഷമിക്കുന്നത് നിനക്ക് ഇഷ്ടമല്ല, സഹിക്കില്ല ന്ന്, പ്രത്യേകിച്ച് ഞാൻ....!!! ഞാൻ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞപ്പോഴും കുത്തി നോവിച്ചപ്പോ എങ്കിലും നിനക്ക്‌ പറയായിരുന്നില്ലേ മോളെ.....??? അതിന് നീ പറയാൻ ശ്രമിച്ചപ്പോഴൊന്നും ഞാൻ നിന്നെ കേട്ടില്ലല്ലോ ല്ലേ...??? നിന്നെ ഞാൻ എന്തൊക്കെ പറഞ്ഞു.... ഒരമ്മയും പറയാൻ പാടില്ലാത്ത പലതും ഞാൻ.... മകൾക്ക് വേണ്ടി അച്ചനമ്മന്മാർ ത്യാഗം ചെയ്യാറുണ്ട്, പക്ഷേ ഞങ്ങൾക്ക് ഒക്കെ വേണ്ടി നീ നിന്റെ ജീവിതം.... ഒരു മകളും ഇങ്ങനെയൊന്നും ചെയ്യില്ല.... നിന്നെ പോലെ ഒരു മോളെ കിട്ടിയ ഞാനും നിന്റെ അച്ഛനും ഒരുപാട് ഭാഗ്യം ചെയ്തവരാ..... പക്ഷേ ഇതൊന്നും കാണാനും കേൾക്കാനും നിന്റെ അച്ഛൻ ഇല്ലാതെ പോയി.... എന്നാലും എനിക്ക് അറിയാം, അച്ഛൻ ഇതൊക്കെ കാണുന്നുണ്ടാവും, കേൾക്കുന്നുണ്ടാവും.... ആ മനസ്സ് എനിക്ക് അറിയാം... ഒരുപാട് സന്തോഷിക്കിന്നുണ്ടാവും....

നമ്മളെ തനിച്ചാക്കി അച്ചൻ അങ്ങനെ അങ്ങോട്ട് പോകാൻ പറ്റില്ലല്ലോ ല്ലേ....??? അച്ഛൻ ഇവിടെ തന്നെണ്ട്... നമ്മുടെ കൂടെ ഉണ്ട്.....!!!!!" അമ്മ വീണ്ടും ഓരോന്ന് പറഞ്ഞോണ്ടിരുന്നു.... പക്ഷേ ഞാൻ അതൊന്നും കേട്ടില്ല..... സിദ്ധു... സിദ്ധു അപ്പോ എല്ലാം അമ്മയോട് പറഞ്ഞിരിക്കുന്നു..... എന്ന്, എപ്പോ...?? ഉത്തരമില്ലാത്ത നീളുന്ന ചോദ്യങ്ങൾ... എന്തിനോ വീണ്ടും സങ്കടം വന്ന് പൊതിയുന്ന പോലെ.... സിദ്ധുനെ കാണാൻ, കെട്ടിപ്പിടിക്കാൻ, ആ നെഞ്ചിന്റെ ചൂടേൽക്കാൻ വല്ലാത്ത കൊതി തോന്നുന്നു.... ഇല്ല ഒരു നിമിഷം പോലും നിൽക്കാൻ കഴിയുന്നില്ല... സിദ്ധുനെ കാണാൻ ഉള്ളം വല്ലാതെ വെമ്പുന്നു.... അമ്മയുടെ മാറിൽ നിന്ന് അടർന്ന് മാറി ഇപ്പോ വരാമെന്ന് പരഞ്ഞ് തീരുന്നതിന് മുൻബെ കാലുകൾ ഇടവഴിയിലൂടെ കോലായിലേക്ക് ഓടിയിരുന്നു... പ്രതീക്ഷയോടെ കണ്ണുകൾ കോലായിൽ ഓടിനടന്നെങ്കിലും അമ്മുനേയും കണ്ണനേയും മാത്രമേ അവിടെ കാണാനായുള്ളൂ.... "അമ്മൂ ഏട്ടൻ എവിടെ.....????"

വെപ്രാളത്തോടെ ആഗ്രഹത്തോടെ ഞാൻ അവളോട് ചോദിച്ചു... "ഏട്ടനോ ഏത് ഏട്ടൻ.....???" എന്നെ കളിപ്പിക്കാൻ എന്നോണം അറിയാത്ത മട്ടിൽ, മനസ്സിലാവാത്ത പോലെ ആലോചിച്ചു നിന്ന അവള് കണ്ണനെ നോക്കി... അവൻ അപ്പോ തന്നെ അവളെ അതേ ന്നുള്ള മട്ടിൽ അവളെ തിരിച്ഛ് നോക്കി.... "കണ്ണാ പറയെടാ.... സിദ്ധു എവിടെ.....???" അമ്മൂന്റെ അടുത്ത് നിന്ന് പ്രതീക്ഷയോടെ ഞാൻ കണ്ണന്റെ അടുത്തേക്ക് നിന്ന് ചോദിച്ചു "ഹോ സിദ്ധു ഏട്ടനോ....??? ആഹ്... സിദ്ധു ഏട്ടൻ....???? ഏട്ടൻ റൂമിൽ ണ്ട്......!!! കണ്ണൻ പറഞ്ഞത് കേട്ട് ഞാൻ വേഗം തിരിഞ്ഞ് കോലായിൽ നിന്ന് ഇടനാഴിയിലേക്ക് കാലെടുത്ത് വെച്ചു...." "അയ്യോ..... അല്ലല്ലല്ല..... പുറത്താ.....!!!!!" അത് കേട്ട് ഞാൻ കാൽ വലിച്ഛ് പുറത്തേക്ക് വെച്ചു... ഏയ്‌.... അല്ല..അടുക്കളയിൽ ആണ്...!!!" ഞാൻ വീണ്ടും തിരിഞ്ഞ് നടക്കാൻ തുണിഞ്ഞപ്പഴാണ് ഈ മാക്രികൾ എന്നെ പറ്റിക്കാണെന്ന് മനസ്സിലായത്... ഞാൻ ദേഷ്യത്തോടെ രണ്ടിനെയും നോക്കി... കണ്ണൻ അമ്മൂന്റെ തോളിൽ കയ്യിട്ട് രണ്ടാളും എന്നെ നോക്കി ചിരിക്കാ...

"ദേ... അമ്മു കണ്ണാ... എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ... !!!!! പറ സിദ്ധു എവിടെ....???ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ, പറ അവൻ എവിടെ....???? അവരെ നോക്കി കാണാനുള്ള അതിയായ ആഗ്രഹത്തോടെ ഞാൻ കെഞ്ചി പറഞ്ഞു... "അമ്മൂ നീ ചിരി നിർത്തിക്കെ...???? എല്ലാം തമാശയാ നിനക്ക്....!!!! ചേച്ചി കുട്ടി സീരിയസായി കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കാ... നിക്ക് ട്ടോ ചേച്ചി ഞാൻ ഒന്ന് നോക്കട്ടെ....???" അമ്മുനെ നോക്കി ദേഷ്യത്തോടെ സീരിയസായി അവൻ പറഞ്ഞത് കേട്ട് ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.. കണ്ണൻ വലിയ കാര്യത്തിൽ പോക്കറ്റിലും കീശയിലും ഒക്കെ തപ്പി നോക്കി... "അയ്യോ ചേച്ചി എന്റെ കയ്യിൽ ഇല്ലാട്ടോ.... അമ്മു നിന്റെ കയ്യിൽ ണ്ടോ നോക്കിക്കേ....???" അവൻ പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം ഇരച്ഛ് കയറി... അവന്റെ ചോദ്യം കേട്ട് എന്റെ പുന്നാര അനിയത്തി കവറിലും മറ്റും തിരഞ്ഞു നോക്കി ഇല്ലെന്ന് എന്നെ നോക്കി കാര്യമായി തലയാട്ടുന്നത് കൂടി കണ്ടപ്പോ എനിക്ക് വല്ലതും എടുത്ത് രണ്ടിന്റേയും തലയടിച്ഛ് പൊട്ടിക്കാനാ തോന്നിയത്....

ദേഷ്യത്തോടെ ഞാൻ അമ്മേനെ വിളിച്ഛ് അലറി.... "അമ്മേ....!!!!! ദേ നോക്കിയേ.... രണ്ടും കൂടി എന്നെ കളിപ്പിക്കാ...... സിദ്ധു എവിടെന്ന് ഒന്ന് പറയാൻ പറ അമ്മേ.....????" കോലായിലേക്ക് കടന്ന് വന്ന അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന് ഞാൻ പരാതി പറഞ്ഞു.... ദേ..... രണ്ടിനും നല്ല തല്ല് തരും ട്ടോ ഞാൻ....!!!!! ന്റെ കുട്ടിനെ പറ്റിക്കാതെ സിദ്ധു എവിടെന്ന് പറഞ്ഞു കൊടുക്ക്..... ന്റെ മോൾക്ക് ഓളെ കെട്ടിയോനെ ഇപ്പോ കാണണം ല്ലേ.....???" അമ്മ കൂടി എന്നെ കളിയാക്കി പറഞ്ഞത് കേട്ട് ഞാൻ അമ്മയെ രൂക്ഷമായി നോക്കി.... അത് കണ്ട് അമ്മയും അമ്മുവും കണ്ണനും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു... ഞാൻ ദേഷ്യത്തോടെ കൈകെട്ടി മാറി നിന്നതും അമ്മു പതിയെ നടന്ന് വന്ന് പുറകിലൂടെ എന്നെ കെട്ടിപ്പിടിച്ഛ് കാതിൽ പതിയെ പറഞ്ഞു...... "ഏട്ടൻ കുളക്കടവിലുണ്ട്......!!!! ..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story