🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 189

ennennum ente mathram

രചന: അനു

 സിദ്ധു പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ അവളിൽ അമർത്തി കടിയുമ്മ കൊടുത്തു.... "ആഹ്ഹ്ഹ്ഹ,,, രാധൂ.... എടീ യക്ഷിപ്പല്ലീ.... നോക്കിക്കോ,,, ആ പല്ല് ഞാനൊരു ദിവസം പറിച്ചെടുക്കും...!!! സിദ്ധു വേദനയോടെ കവിളുഴിഞ്ഞ് പറഞ്ഞു... അവന്റെ കൈ തണ്ടയിൽ കൂട്ടിപ്പിടിച്ഛ് ഒരു കടി കൂടി കൊടുത്തു സിദ്ധുന്റെ തോളിൽ ഞാൻ തല ചായ്ച്ചു കിടന്നു.... ~~~~~~~~~~~ "സിദ്ധേട്ടാ,,,, ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ഛ് തരോ...???" സെക്കൻഡ് ട്രൈമസ്റ്ററിലെ ഫസ്റ്റ് ചെക്കപ്പ് കഴിഞ്ഞ് വീട്ടിലേക്കുള്ള കാർ യാത്രയിൽ അനു ചോദിച്ചത് കേട്ട് ഡ്രൈവിങ് ശ്രദ്ധിച്ഛ് തന്നെ ഞാനവളെ തല ചരിഞ്ഞ് നോക്കി.... ചെറിയൊരു മടിയും ടെൻഷനും ആകാംക്ഷയും അവളുടെ കണ്ണിലും മുഖത്തും നിറഞ്ഞ് നിന്നു... "ചോക്ലേറ്റ്, ഐസ് ക്രീം, വഴികച്ചവടക്കാർ വിൽക്കുന്ന ഉപ്പിലിട്ടത്, ഇങ്ങനെയുള്ള വൃത്തിക്കെട്ട സാധനങ്ങൾ ഒഴിച്ഛ് വെറെയെന്തും ഞാൻ സാധിച്ഛ് തരും.... ഇനി പറഞ്ഞോ എന്ത....???"

ചെക്കപ്പ് കഴിഞ്ഞ് വരുമ്പോ റോഡ് സൈഡിൽ വിൽക്കുന്ന വൃത്തിയില്ലാത്ത സകല സാധനവും അനൂന്റെ ആഗ്രഹത്തിൽ പെടുന്നതാണ്, അതോണ്ടാ ആദ്യമേ പറഞ്ഞത്... ഞാൻ കാര്യമായി പറഞ്ഞത് കേട്ട് അനു പുറത്തേക്ക് നോക്കിയൊന്ന് ചിരിച്ചു... "അതൊന്നും അല്ലന്റെ സിദ്ധു......" "പിന്നെന്താ...????" ഞാൻ സംശയത്തോടെ ചോദിച്ചു.... "അത്,,,,,, ഞാൻ,,,, ഞാനൊരു,,,,, രണ്ടാഴ്ച്ച വീട്ടിൽ പോയി നിന്നോട്ടെ...???" ആഗ്രഹത്തോടെ പ്രതീക്ഷയോടെ അവളെന്നെ നോക്കി ചോദിച്ചത് കേട്ട് കാർ ബ്രേക്കിൽ അമർത്തി ചവിട്ടി ഞെട്ടലോടെ ഞാനവളെ നോക്കി.... രണ്ടാഴ്ച്ച, ന്ന് അവള് പറഞ്ഞത് മാത്രേ ഞാനപ്പോ കേട്ടുള്ളൂ....!!! "അതെന്താ രാധൂ പെട്ടെന്ന്...???" ഞാൻ വെപ്രാളത്തോടെ അനൂനെ നോക്കി ചോദിച്ചതും അവള് ചുറ്റുമൊന്ന് കണ്ണോടിച്ചു... ഞാൻ പെട്ടെന്ന് കാർ നിർത്തിയതിന്റെയൊരു ചെറിയ ഞെട്ടൽ അവളുടെ മുഖത്തും പ്രകടമായിരുന്നു...

എന്റെ ഞെട്ടലും ചോദ്യാവുമൊക്കെ കേട്ട് അനു എന്റെ മുഖത്തേക്ക് നോക്കി പൊടുന്നനെ ചിരിച്ചു.... "അയ്യോ,,,, സിദ്ധു ഒന്നുണ്ടായിട്ടല്ല.... എനിക്ക് അമ്മയെ കാണണം ന്ന് തോന്നി... എന്റെ നാട്ടിൽ, എന്റെ വീട്ടിൽ കുറച്ഛ് ദിവസം നിൽക്കാനൊരു പൂതി... അമ്മയുണ്ടാക്കുന്ന ചക്ക പുഴുക്ക് കഴിക്കാൻ, കൃഷ്ണന്റെ അമ്പലത്തിൽ പോകാൻ, സർപ്പക്കാവിൽ വിളക്ക് തെളീക്കാൻ... അങ്ങനെയൊക്കെയൊരു....!!!!" നിറഞ്ഞ ചിരിയോടെ ഓർത്തെടുത്ത് അനു പറഞ്ഞത് കേട്ട് ഞാൻ വീണ്ടും കാർ മുന്നോട്ടെടുത്തു.... "ഇനിയുള്ള രണ്ട്, മൂന്ന് ആഴ്ച്ച കൂടി കഴിഞ്ഞാൽ എനിക്ക് ട്രാവൽ ചെയ്യാൻ ബുദ്ധിമുട്ടാവും... ഞാൻ വേദ ഡോക്ടറോട് ചോദിച്ചപ്പോ ട്രാവൽ ചെയ്യാൻ കുഴപ്പമില്ല ന്ന് പറഞ്ഞു.... എന്നെ കൊണ്ടോവോ...???" അനു പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി ചോദിച്ചത് കേട്ട് ഞാനവളെ നോക്കി ചിരിച്ചു.... "അതിനെന്താ,,,,,, കൊണ്ടോവാല്ലോ....!!!!"

അവളെ നോക്കി ഞാൻ ചോദിച്ചത് കേട്ട് അനുന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.... "സത്യം.... സത്യയിട്ടും കൊണ്ടോവോ...???" വിശ്വാസം വരാതെ എന്റെ സൈഡിലേക്ക് ചരിഞ്ഞിരുന്ന് ആവേശത്തോടെ അനു വീണ്ടും ചോദിച്ചതും ഞാൻ ചിരിച്ചു.... "ആഹ്‌ഡോ പട്ടിപ്പെണ്ണേ.... കൊണ്ടോവാ... പ്രോമിസ്...!!!! പക്ഷേ,,,, അതിന് നീയങ്ങനെ റീക്യുസ്റ്റ് ചെയ്യണോടാ,,, വീട്ടിൽ പോണം ന്ന് പറഞ്ഞാൽ പോരെ...???" അനൂന്റെ മുഖത്തേക്ക് നോക്കി നിറഞ്ഞ ചിരിയോടെ ഞാൻ ചോദിച്ചതും അനു ചടപ്പോടെ മുഖം കുനിച്ചു.... "ഞാൻ കരുതി സിദ്ധു ദേഷ്യപ്പെടും ന്ന്... ഇവിടുന്ന് അഞ്ചാറ് മണിക്കൂർ കണ്ടിന്യൂവസ് ഡ്രൈവില്ലേ, മാത്രവുമല്ല, കാറ്റും പൊടിയുമൊക്കെ അടിച്ഛ് വേറെ അസുഖം വല്ലതും വരുംന്നൊക്കെ പറയും ന്ന് കരുതി... അതാ ഞാൻ...." അനു പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ഛ് പോയി... ഈ പെണ്ണിന്റെയൊരു കാര്യം....!!! "അപ്പോ,,, പൊട്ടിക്കാളിയ്ക്ക് ഇപ്പഴും കോന്തനെ ചെറിയ പേടിയൊക്കെണ്ടല്ലേ...??? മ്മ്മ്,,,, നല്ലതാ" അവളെ മുഖത്തേക്ക് നോക്കാതെ ഡ്രൈവിങ് ശ്രദ്ധിച്ഛ് ഞാൻ ഗമയിൽ ഉച്ചത്തിൽ പറഞ്ഞു..

. ഒന്നും മിണ്ടാതെ എന്നെ രൂക്ഷമായി നോക്കി മുഖം വെട്ടിച്ഛ് പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളെ കണ്ടതും ഞാൻ മുന്നോട്ട് ശ്രദ്ധിച്ഛ് പൊട്ടിച്ചിരിച്ചു... "ആആആആഹ്ഹ്ഹ് രാ....ധൂ...... സ്സ്സ്... പട്ടിപ്പെണ്ണ് കടിച്ചു.... ഹൂ...!!" ഗിയറിന്റെ മോളിൽ വെച്ച കയ്യിൽ അമർത്തി കടിച്ഛ അവളെ നോക്കി കൈ കുടഞ്ഞ് കൊണ്ട് ഞാൻ നിലവിളിച്ചു.... ഹൂ,,,, എന്തൊരു മൂർച്ചയാന്ന് അറിയോ ആ പല്ലിന്... ഇറച്ചി പറിഞ്ഞ്‌ പോകുന്ന വേദനയാ... കടിയാണ് സാറേ ഇവളുടെ മെയിൻ... കടിച്ഛ് കടിച്ഛ് കൈ നിറയെ പാടാ...!!! "എന്നോട് കളിച്ചാ ഇങ്ങനെയിരിക്കും...???" ഗമയിൽ നിവർന്നിരുന്ന അനു പറഞ്ഞതും ഞാനെന്റെ ഇടത്തേ കൈ അവൾക്ക് നേരെ നീട്ടി.... "ദേ,,,, ഇത് കണ്ടോ കുരുപ്പേ,,,, നീ ഇന്നലെ കടിച്ചതിന്റെ പാടാ.... നോക്കിക്കോ ഇതിനൊക്കെ എന്റെ മോൻ തരും... കുറിച്ചിട്ടോഡീ യക്ഷിപ്പല്ലീ...???" ഞാൻ കുറുമ്പോടെ പറഞ്ഞത് കേട്ട് അനു പൊട്ടിച്ചിരിച്ചു...

"ദേ,,,, നിന്റെ കോന്തൻ അച്ഛന്റെ കൂതറ സ്വഭാവവുമായാ വരുന്നതെങ്കിൽ എന്റെ കയ്യീന്ന് നല്ല തല്ല് കിട്ടും... മ്മ്മ്..." വയറിന് നേരെ കൈവിരൽ ചൂണ്ടി കുറുമ്പോടെ കുഞ്ഞിനോടെന്നപ്പോൽ അനു പറഞ്ഞു... "ഡീ,,, ഡീ പൊട്ടിക്കാളി.... എന്റെ മോനെയെങ്ങാനും തൊട്ടാൽ നീ വിവരറിയും ആഹ്...??? അല്ലാ,,,, എന്റെ സ്വഭാവത്തിന് എന്താഡീ പിത്തക്കാളി ഒരു കുഴപ്പം...?? സൽഗുണ സമ്പന്നനല്ലേടീ ഞാൻ....!!!" അവളെ നോക്കി കുറുമ്പോടെ ഞാൻ പറഞ്ഞതും അനുവെന്നെ നല്ലോണമൊന്ന് നോക്കി മൂളി.... "ഊവ്,,, ഊവ്... സമ്പന്നത കുറച്ഛ് കൂടിപ്പോയ കുഴപ്പേള്ളൂ...!!!!!! അതൊക്കെ പോട്ടേ,,,, സിദ്ധുയിത് പറ... നമ്മൾ എന്നാ, ഇപ്പഴാ പോണേ...???" അനു എക്‌സൈറ്റ്മെന്റോടെ എന്റെ കയ്യിൽ പിടിച്ഛ് ചോദിച്ചത് കേട്ട് ഞാൻ സംശയത്തോടെ അവളെ മുഖത്തേക്ക് നോക്കി.... "അല്ലാ,,,, പെട്ടെന്നെന്താ വീട്ടിൽ പോകാനും, ചക്ക പുഴുക്ക് കഴിക്കാനൊക്കെയൊരു പൂതി...??

ഏഹ്ഹ്...???" ഞാൻ ചോദിച്ചത് കേട്ട് ഒരു പുഞ്ചിരിയോടെ അനു സീറ്റിൽ ചാരിയിരുന്ന് പുറത്തേക്ക് നോട്ടമെറിഞ്ഞു.... "പെട്ടെന്നൊന്നുമല്ല സിദ്ധു,,,, പ്രെഗ്നൻസി കോണ്ഫോംമായ അന്ന് തൊട്ട് വിചാരിക്കുന്നതാ വീട്ടിൽ പോണം ന്ന്.... ദിവസവും ഒരുച്ചയൊക്കെ ആവുമ്പോ അമ്മ വിളിക്കും... എന്നോട് എന്തൊക്കെയോ കുറേ ചോദിക്കണം, പറയണം ന്നൊക്കെ അമ്മയ്ക്ക് ഉണ്ടാവും പക്ഷേ,, എനിക്ക് സെൽഫോണോന്നും അങ്ങനെ യൂസ്‌ ചെയ്യാൻ പറ്റില്ലല്ലോ, അതോണ്ട് ഒന്നോ രണ്ടോ കാര്യം ചോദിച്ഛ് അമ്മ വേഗം ഫോൺ കട്ടാക്കും.. കഴിഞ്ഞ ആഴ്ച അമ്മുവും കണ്ണനും പോവുമ്പോ ചോദിച്ചിരുന്നു, എന്നാ അങ്ങോട്ട് വരാ ന്ന്....??? ഇടയ്ക്ക് ചെറിയമ്മയും നന്ദുവും വിളിച്ചപ്പഴും ആ ചോദ്യം ആവർത്തിച്ചു... എന്നെ കാണാൻ കൊതിയാവുന്നൂന്നും പറഞ്ഞു..." ഒരു നേടുവീർപ്പോടെ അനു പറഞ്ഞ് നിർത്തി... "പിന്നേ,,,,, പിന്നേ വരുന്ന ആഴ്ചയാ അച്ഛന്റെ ആദ്യത്തെ ശാർദ്ദം....

അമ്മ ഇന്നലെ വിളിച്ചപ്പോ ചോദിച്ചു വരാൻ പറ്റോ ന്ന്... എനിക്ക് പോണം സിദ്ധു....!!!" ഉറച്ച ശബ്ദത്തോടെ അനു പറഞ്ഞത് കേട്ട് ഞാനവളെ നോക്കി... പുറം കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന അവൾ, അച്ഛന്റെ ഓർമക്കളിലാണെന്ന് തോന്നിയതും ഞാൻ പിന്നെയൊന്നും ചോദിക്കാനോ, പറയാനോ നിൽക്കാതെ ഡ്രൈവ് ചെയ്‌തു..... വീട്ടിലെത്തിയതും ക്ഷീണം തോന്നുന്നൂ ന്ന് പറഞ്ഞ് അനു റൂമിൽ പോയി കിടന്നു... അച്ഛന്റെ ശാർദ്ദത്തിന്റെ കാര്യം അമ്മ എന്നേയും വിളിച്ഛ് പറഞ്ഞിരുന്നു... അനൂനെ കൂട്ടി പോയി വരണം ന്നേ കരുതിയുള്ളൂ, പക്ഷേ അവൾക്ക് രണ്ടാഴ്ച നിൽക്കണം ന്ന് പറയും ന്ന് വിചാരിച്ചില്ല... കുറച്ചായി അവള് വീട്ടിൽ പോയിട്ട്... ഇത്രയൊക്കെ പറഞ്ഞാലും നമ്മുടെ നാട്, വീട്ട്, അമ്മ അതൊക്കെയൊരു സന്തോഷമാണ്... ഊണ് കഴിച്ഛ് ഓഫീസിലെത്തി ആദ്യം ഏട്ടന്റെ ക്യാബിനിലെ ഡോർ തുറന്നു... "ഏട്ടാ...???" വാതിൽക്കൽ നിന്ന് ഞാൻ വിളിച്ചതും ലാപ്പിൽ നിന്ന് മുഖമുയർത്തി ഏട്ടൻ എന്നെ നോക്കി....

"ആഹ്,,, നീ വന്നോ.... അനൂനെ കാണിച്ചിട്ട് എന്താടാ പറഞ്ഞത്, കുഴപ്പമൊന്നും ഇല്ലല്ലോ,,, ല്ലേ..???" ലാപ്പിലേക്ക് തന്നെ തിരിച്ഛ് നോക്കി ഏട്ടൻ ചോദിച്ചു... "ഇല്ലേട്ടാ,,,, ഫൈൻ...!!!" മറുപടി പറഞ്ഞോണ്ട് തന്നെ ഞാൻ ഏട്ടന്റെ ടേബിളിന് മുന്നിലെ റൊട്ടേറ്റിങ് ചെയറിൽ ഇരുന്നു.. "മേത്ത വിളിച്ചിരുന്നു... നിന്നെ ചോദിച്ചു... ബാംഗ്ലൂർ നടക്കുന്ന കണ്സ്ട്രക്ഷൻ വർക്കിന്റെ ഡീറ്റെൽസ് അറിയാനാവും.. നീയാ ഡീറ്റൈൽസ് അയാൾക്കൊന്ന് മെയിൽ ചെയ്തേക്ക്...!!!" വർക്ക് ചെയ്തോണ്ട് തന്നെ ഏട്ടൻ പറഞ്ഞത് കേട്ട് ഞാനൊന്ന് മൂളി... കുറച്ഛ് നേരത്തെ നിശബ്ദതയ്ക്ക് ഒടുവിൽ ഞാൻ ഏട്ടനെ നോക്കി... ലാപ്പിൽ കാര്യമായ എന്തോ പണിയിലാണ്... "ആഹ്ഹ്,,,, ഏട്ടാ...??" ചെയറിന്റെ ഹാൻഡിലിൽ കൈ മടക്കി വെച്ഛ് ചാരിയിരുന്നു ഞാൻ ചെറിയ മടിയോടെ വിളിച്ചു... "മ്മ്മ്..???" ലാപ്പിലേക്ക് ശ്രദ്ധ കൊടുത്തു തന്നെ ഏട്ടൻ മൂളി... "അത്,,,, അതിനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു...???"

ഞാൻ പറഞ്ഞതും ഏട്ടൻ സംശയത്തോടെ ലാപ്പിൽ നിന്ന് മുഖമുയർത്തി എന്നെ നോക്കി... "എന്താടാ....????" ഏട്ടൻ ഗൗരവത്തിൽ ചോദിച്ഛ് ഏട്ടൻ വീണ്ടും ലാപ്പിലേക്ക്നോക്കി.. ചെറിയ ടെൻഷനോടെ ഞാൻ വായിലൂടെ ശ്വാസം വലിച്ചെടുത്ത് വിട്ടു... "അത്,,,, അനൂന്ന് ഒരു ഒരാഴ്ച വീട്ടിൽ പോയി നിന്നാ കൊള്ളാന്നുണ്ട്... അച്ഛന്റെ ശാർദ്ദമാണ്, മാത്രവുമല്ല അവള് കുറച്ചയല്ലോ പോയിട്ട്... കുറച്ചൂടെ കഴിഞ്ഞാൽ ഒട്ടും പോവാൻ പറ്റില്ല... അപ്പോ ഈഴ്ച്ച തന്നെ പോയല്ലോ ന്ന്...???" ഞാൻ പറഞ്ഞ് തീർന്നതും ഏട്ടൻ നിസ്സാരമായ ചിരിച്ചു... "അതിനെന്താടാ അവള് പൊയ്ക്കോട്ടെ,,, കുറേ കാലായില്ലോ പോയിട്ട്..??? അമ്മയെ കാണണംന്നൊക്കെ അവൾക്കും ഉണ്ടാവില്ലേ ആഗ്രഹം... പോയി ഒന്നോ രണ്ടോ ആഴ്ച്ച നിന്നിട്ട് പൊന്നോട്ടെ...!!" ലാപ്പിലേക്ക് നോക്കി ഏട്ടൻ പറഞ്ഞത് കേട്ട് ഞാനൊന്ന് മൂളി ചിരിച്ചു... "ആഹ്,,,അതെ,,, ഒന്നോ രണ്ടോ ആഴ്ച്ച നിന്നോട്ടെ.... "

ടെൻഷനോടെ റൊട്ടേറ്റിങ് ചെയറിൽ അങ്ങോട്ടും ഇങ്ങോട്ടും ആടി കൊണ്ട് ഞാൻ പറഞ്ഞു... ഞാനും കൂടി പോകുന്ന കാര്യം ഏട്ടനോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം...??? പ്രോജെക്റ്റിന്റെ വർക്കിന് വേണ്ടിയാ അവിടുത്തെ പണി പെൻഡിങ് വെച്ഛ് ഏട്ടൻ അവിടെ നിൽകുന്നത്... അപ്പോ ഞാൻ ഇവിടുന്ന് മാറിനിൽക്കാ ന്ന് പറഞ്ഞാൽ ഏട്ടൻ സമ്മതിക്കോ..??? അത് ശെരിയാവോ...??? ടെൻഷനോടെ മനസ്സിൽ ചിന്തിച്ഛ് കൂട്ടി ടേബിളിന്റെ മുകളിലേക്ക് ഞാൻ കൈ കുത്തി ആഞ്ഞു...... "ഏട്ടാ,,,,, അതല്ല,,,, അനൂന്റെ കൂടെ,,,,, ഞാ.. ഞാനും കൂടെ പോയ..." "ആഹ്,,, ശാർദ്ദം അടുപ്പിച്ഛ് പൊയ്ക്കോ അതാവുമ്പോ അതും കൂടി, രണ്ട് ദിവസം നിന്ന് നിനക്ക് വേഗമിങ്ങ് തിരിച്ഛ് പോരല്ലോ...??!!" ടേബിളിൽ കയ്യൂന്നി ഞാൻ പറഞ്ഞൊപ്പിക്കുന്നതിന്റെ ഇടയ്ക്ക് കയറി ഏട്ടൻ പറഞ്ഞത് കേട്ട് തല ചൊറിഞ്ഞു... എന്നെയൊന്ന് പറയാൻ വിടെഡോ കാർണോരേ....???? "അതല്ല ഏട്ടാ,,, ഞാനും അവിടെ.... അനൂന്റെ കൂടെ... നിന്ന...ല്ലോ ന്നാ...???" ചടപ്പോടെ ഏട്ടന്റെ മുഖത്തേക്ക് സൂക്ഷ്മമായി ഉറ്റുനോക്കി വലിച്ഛ് നീട്ടി ഞാൻ പറഞ്ഞൊപ്പിച്ചു...

ഞാൻ പറഞ്ഞത് കേട്ടതും പൊടുന്നനെ എട്ടന്റെ മുഖം എനിക്ക് നേരെ സംശയത്തോടെ ഉയർന്നു ഞാൻ നേരെ നല്ല കുട്ടിയായി ഇരുന്നു... "അതെന്തിനാടാ... നീ കൂടി...???" നിറഞ്ഞ സംശയത്തോടെ നെറ്റി ഞുളിച്ഛ് എന്നെ നോക്കി ഏട്ടൻ ചോദിച്ചതും ഞാൻ ഏട്ടനെ നോക്കി വെളുക്കാനെയൊന്ന് ചിരിച്ചു... "അത്,,,, പിന്നെ ഏട്ടാ... അവിടെ അവളെ നോക്കാനും.... ശ്രദ്ധിക്കാനും.... മറ്റും..." മടിയോടെ ഞാൻ പറഞ്ഞു.... "അതിന് അവിടെ അനൂന്റെ അമ്മയില്ലേ..?? അമ്മയെക്കാൾ നന്നായി മറ്റാർക്കാ നോക്കാൻ കഴിയാ...??" നിറഞ്ഞ ചിരിയോടെ ചോദിച്ഛ് ഏട്ടൻ വീണ്ടും ലാപ്പിലേക്ക് നോട്ടമെറിഞ്ഞു... "ആഹ്,, അത് ശെരിയാ...!!!!" ഹോ,,,, ഞാനിതെങ്ങനെ ഇങ്ങേരെ പറഞ്ഞു മനസ്സിലാക്കും...?? എനിക്കും നോക്കണം...!!! തറയിൽ ഊന്നിയ കാലുകൾ വിറപ്പിച്ഛ് ഞാൻ വാശിയോടെ മനസ്സിൽ പറഞ്ഞു... " എന്നാലും ഏട്ടാ പെട്ടെന്നൊരു അത്യാവശ്യത്തിന് അവിടെ ആരെങ്കിലും..." ഞാൻ വീണ്ടും പ്രത്യാശയോടെ ചോദിച്ചു.... "ഹ,,, നീയല്ലേടാ ഇപ്പോ പറഞ്ഞത് അവൾക്കൊരു കുഴപ്പവുമില്ല ന്ന്,, പിന്നെന്ത് അത്യാവിശ്യാ...??? മാത്രവുമല്ല,,,

അവിടെ അടുത്തല്ലേ ചെറിയച്ഛന്റേയും വെല്യച്ഛന്റെയുമൊക്കെ വീട്... പിന്നെന്ത് പേടിക്കാനാ..." ഓഓഹ്.... ഡാർക്ക്...!!!! ഈ ഏട്ടനെന്താ ഇങ്ങനെ...??? അവളില്ലാതെ ഞാനെങ്ങനെ വീട്ടിൽ നിൽക്കും...?? ശ്വാസം മുട്ടി ചാവും..!!! കോപ്പ്,,, അങ്ങനെയാ ഒന്ന് പറഞ്ഞ് മനസ്സിലാക്കാ...!! ഞാൻ മുഷിച്ചിലോടെ മുഖം ഞുളിച്ചു... "ഇല്ല... പേടിക്കാനൊന്നും ഇല്ല..... എന്നാലും..... ഒരു സമാധാനത്തിന്...!!!" ഞാൻ വീണ്ടും തപ്പിയും തടഞ്ഞും പറഞ്ഞു... ഏട്ടൻ കണ്ണുകൾ ഉയർത്തി നെറ്റി ഞുളിച്ഛ് എന്നെ നോക്കി കൊണ്ട് തന്നെ ചെയറിൽ ചാരിയിരുന്നു... "ആരുടെ സമാധാനത്തിന്...???" ഒറ്റ പുരികം പൊക്കി ഏട്ടൻ ചോദിച്ചത് കേട്ട് താഴേക്ക് നോക്കി... "എന്റെ,,,,,, എനിക്ക് അവളില്ലാതെ പറ്റില്ലേട്ടാ... പ്രത്യേകിച്ച് അവള് പ്രെഗ്നൻന്റ് ആയി നിൽക്കുന്ന ഈ ടൈമിൽ ഒട്ടും പറ്റില്ല..... എനിക്ക് അവളെ കൂടെ പോയേ പറ്റൂ...!!! But,,,, I know,,,,, ഇവിടുത്തെ കാര്യങ്ങൾ ഏട്ടന് അധികം അറിയില്ല...

ഇത് വരെ എല്ലാം നോക്കിയത് ഞാനല്ലോ... പക്ഷേ,,, Trust me,,, ഞാൻ അവിടെ നിന്നും എല്ലാം മാനേജ് ചെയ്തോളാ... പിന്നെ ഇമ്പോർട്ടന്റ് ഫയൽസ്, ഹാർഡ് ഡിസ്ക്, പേപ്പർഴ്സൊക്കെ ജയന് അറിയാം... ഇത്രയും ഏട്ടന്റെ മുഖത്ത് പ്രതീക്ഷയോടെ നോക്കി ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.... ചെയറിൽ ചാരിയിരുന്നു എന്നെ തന്നെ കഗൗരവത്തിൽ നോക്കുന്ന ഏട്ടനെ കണ്ട് എന്റെ മുഖം ദയനീയമായി.... "പ്ലീസ് ഏട്ടാ ഞാനും കൂടി പൊയ്ക്കോട്ടെ...??? എനിക്കൊരു മനസ്സമാധാനവും ഉണ്ടാവില്ല അതോണ്ടാ....!!!" ഞാൻ യാചിക്കുന്ന പോലെ പറഞ്ഞത് കേട്ട് ഏട്ടൻ ഒരു ഭാവമാറ്റുവും ഇല്ലാതെ അങ്ങനെ തന്നെ എന്നെ നോക്കി ഇരുന്നു... എന്തെങ്കിലും ഒന്ന് പറയെടോ ഏട്ടാ,,,, ഇങ്ങേര് എന്തുവാ നോക്കി ഇരുന്ന് എന്റെ സൗന്ദര്യം ആസ്വദിക്കുവാണോ....?? ഞാൻ ഈർഷയോടെ മനസ്സിൽ ചോദിച്ഛ് മുഖം സൈഡിലേക്ക് വെട്ടിച്ചു.... "ഹഹഹ്ഹഹാഹഹഹ്ഹ....!!!!!!" ഏട്ടൻ പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നത് കേട്ട് ഞാൻ ആശ്ചര്യത്തോടെ ഏട്ടനെ നോക്കി... ദൈവമേ,,, വട്ടയോ...??? "എടാ മോനെ സിദ്ധാർത്ഥ് സേതുമാധവേ നിന്റെ ആദ്യത്തെ ആ 'ഏട്ടാ' വിളി കേട്ടപ്പോ തന്നെ തോന്നി എനിക്കുള്ള എന്തോ പണിയാണെന്ന്.... "

ഏട്ടൻ എന്നെ നോക്കി ചിരിച്ഛ് ചെയറിൽ ചാരി ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടികൊണ്ട് പറഞ്ഞത് കേട്ട് ഞാൻ ഏട്ടനെ നോക്കി ഇളിച്ഛ് കാട്ടി... "അന്ന് ദുബായിൽ കോണ്ഫറൻസ് പോയന്ന് ഞാൻ കണ്ടതല്ലേ നിന്നെ... നിൽക്കാനും ഇരിക്കാനും പറ്റാതെ,,,, തിന്നാനും വേണ്ട, കുടിക്കാനും വേണ്ട ഒരുജാതി വെരുക്കിനെ കൂട്ടിലടച്ച അവസ്ഥയല്ലായിരുന്നോ... കോണ്ഫറൻസ് തീരും മുന്നേ എന്നെ അവിടെയാക്കി ഭാര്യയെ കാണാൻ പോന്നവനല്ലേ നീ...?? ഏറേ കുറേ...!!!! ഏട്ടൻ ചോദിച്ചതും ഞാൻ നാണത്തോടെ തല കുനിച്ഛ് മനസിൽ പറഞ്ഞ് ടേബിളിൽ ക്രിസ്റ്റൽ ക്യൂബ് പിടിച്ഛ് തിരിച്ചോണ്ടിരുന്നു... "അനു രണ്ടാഴ്ച്ച വീട്ടിൽ പോയി നിൽക്കാണെന്ന് നീ പറഞ്ഞപ്പഴേ എനിക്ക് മനസ്സിലായി,, ഈ വരവ് നിനക്കും കൂടി പോവന്നുള്ള സോപ്പിങ് ആണെന്ന്... " ഇത്രയും മനസ്സിലായിട്ടാണോ ഇങ്ങേരെന്നെ കൊണ്ട് ഇത്രയും പറയിപ്പിച്ചത്... കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ...!!!! ഞാൻ പയ്യെ മുഖമുയർത്തി ഏട്ടനെ നോക്കി.... "എനിക്ക് അവളില്ലാതെ പറ്റില്ല ഏട്ടാ... ഏട്ടൻ പറഞ്ഞപ്പോലെ അന്ന് ആ ഒരു മാസം ഞാനെങ്ങനെയാ അവിടെ നിന്നതെന്ന് ഏട്ടൻ കണ്ടതല്ലേ,,,

അവിടുന്ന് കേറി ഇവിടെയെത്തി അവളെ കാണുന്ന വരെ ഞാനനുഭവിച്ച സഫോകേഷൻ, വീർപ്പുമുട്ടൽ, എനിക്ക് അറിഞ്ഞൂടാ അതെങ്ങനെയാ ഏട്ടനെ പറഞ്ഞ് മനസ്സിലാക്കാ ന്ന്....!!!! ഏട്ടനെ നോക്കി ആവേശത്തോടെ പറയുമ്പോ എന്തിനോ എന്റെ ശബ്‌ദം ഇടറി,,, പറയാൻ കഴിയാതൊരു വേദന ചങ്കിൽ നിറയുന്ന പോലെ.... ഞാൻ സൈഡിലേക്ക് മുഖം വെട്ടിച്ഛ് ഇരുന്നു... "നീയങ്ങനെയൊക്കെ പറയുമ്പോ, നിനക്ക് അവളോടുള്ള ഈ സ്നേഹവും ഇഷ്ടവും പ്രണയവുമൊക്കെ കാണുമ്പോ ഞാനെന്ത് മാത്രം സന്തോഷിക്കുന്നുണ്ടെന്ന് അറിയോടാ...???" നിറഞ്ഞ ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത് കേട്ട് ആശ്ചര്യത്തോടെ ഞാൻ ഏട്ടനെ ഉറ്റുനോക്കി.... ഏട്ടൻ പയ്യെ ചെയറിന്റെ പുറക്കിലേക്ക് ചാഞ്ഞിരുന്ന് മുകളിലേക്ക് നോക്കി.... "അന്ന്,,, അനുന്റെ അച്ഛൻ മരിച്ച ദിവസം, അവിടെന്നും ഇവിടുന്നും അവളെ നാട്ടുകാരും വീട്ടുകാരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കാര്യങ്ങളും, നിന്നെ നോക്കി ഒരു ഭ്രാന്തിയെ പോലെ അനു അലറിവിളിച്ഛ് പറഞ്ഞതും കൂട്ടിവായിച്ഛ്, അമ്മയും അച്ചമ്മയും അനന്തന്റെ വായിൽ നിന്ന് നിന്റെ കല്യാണം നടന്നതിന്റെ സത്യാവസ്ഥ അറിഞ്ഞ നിമിഷം,,,,,

എറ്റവും കൂടുതൽ തകർന്ന് പോയത് ഞാനായിരുന്നെടാ...!! എന്റെ അനിയന്,,, എന്റെ സിദ്ധുന്,,,, അത്രമേൽ ക്രൂരനാവാൻ പറ്റുമൊന്ന് ഞാൻ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചു.... അച്ഛനും അമ്മയും കഴിഞ്ഞാ നമ്മുക്ക് താഴെയുള്ള അനിയൻ_ അനുജത്തിന്മാരെ ശാസിക്കാനും തിരുത്താനും നേർവഴിക്ക് നടത്താനും ഒരു മൂത്ത മകൻ ബാധ്യസ്ഥനാണ്.... നിന്നെ നോക്കുന്നതിൽ, ശാസിക്കുന്നതിൽ, നേർവഴിക്ക് നടത്തുന്നതിൽ എനിക്ക് തെറ്റ് പറ്റിയോ ന്ന് ഞാനൊരുപാട് തവണ ചിന്തിച്ചു.... ഇടറുന്ന സ്വരത്തോടെ, ഒരു നറു ചിരിയോടെ ഏട്ടൻ പറഞ്ഞത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു... " ഒരിക്കലുംല്ലാ ഏട്ടാ....U are a great brother... എന്റെ മനസ്സിൽ ഏട്ടന് അച്ഛന്റെ സ്ഥാനം കൂടി ഞാൻ കല്പിക്കുന്നുണ്ട്...!!! അന്ന് അമ്മയും ഇങ്ങനെ എന്നോട് ചോദിച്ചു... ഞാൻ അങ്ങനെയൊക്കെ ചെയ്ത് കൂട്ടിയത് നിങ്ങളെ ആരുടേയും വളർത്ത ദോഷം കൊണ്ടോ, നേർവഴിക്ക് നടത്താത് കൊണ്ടോ ഒന്നുല്ല...

അതെന്റെ മാത്രം സ്വാർത്ഥതയായിരുന്നു... എന്റെ മാത്രം തെറ്റ്...!!!!!" സങ്കടയോടെ ഞാൻ ഏട്ടനെ നോക്കി വെപ്രാളത്തോടെ പറഞ്ഞു..... ഞാനൊരാൾ കാരണം വേദനിക്കാത്ത ഒരാള് പോലും എന്റെ വീട്ടിൽ ഇല്ലല്ലോ ന്ന് ഓർക്കുംതോറും ഉള്ളം കനൽ കട്ട പോലെ നീറുന്നു.....!!!! "പക്ഷേ ഏട്ടാ,,, എനിക്കവളെ,,,, എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു..... അവളെന്റെ കൂടെ, എന്റെ മാത്രമായി വേണം ന്ന് ഞാൻ ആഗ്രഹിച്ചു... എല്ലാ നാട്ട് നടപ്പും അനുസരിച്ഛ് അച്ചനേയും അമ്മയേയും നിങ്ങളെയൊക്കെ കൂടി അവളെ പെണ്ണ് കണ്ട്, നിശ്ചയം ഉറപ്പിച്ഛ്, കല്യാണം കഴിക്കണം... സന്തോഷായി ജീവിക്കണം എന്നൊക്കെ തന്നെയായിരുന്നു മനസ്സിൽ.... പക്ഷേ,,, അതിന്റെ ഇടയ്ക്ക് എന്തൊക്കെയോ സംഭവിച്ചു... " ചങ്കിൽ കെട്ടി നിൽക്കുന്ന വേദന അടക്കിപ്പിടിച്ഛ് ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... " എട്ടനറിയാല്ലോ അച്ഛനെനിക്ക് ആരൊക്കെയായിരുന്നു, അങ്ങനെയൊക്കെയായിരുന്നൂ ന്ന്.... അമ്മയേക്കാൾ ഞാൻ അച്ഛനോട് ഒരുപാട് അറ്റാച്ചിഡ് ആയിരുന്നില്ലേ...??? അച്ഛനും ആമിയുമായിരുന്നു എനിക്കെല്ലാം....

ഒരു നിമിഷം കൊണ്ട് നമ്മുടെ ഹൃദയത്തോട് അത്രയേറെ അറ്റാച്ചഡായിരുന്ന ഒരാൾ, എന്തിനും ഏതിനും നമ്മുടെ കൂടെ ഒരു സപ്പോർട്ടായും താങ്ങായും തണലായും നിന്ന് ഒരാൾ, പെട്ടെന്നൊരു നിമിഷം ഒരിക്കലും തിരിച്ഛ് വരാൻ പറ്റത്തൊരിടത്തേക്ക് നമ്മളെ വിട്ട് പോകുമ്പോ ഉണ്ടാവുന്നൊരു ശൂന്യതയില്ലേ....??? അതെത്ര ഭയാനകമാണെന്ന് അനുഭവിച്ചവർക്കേ അറിയൂ...!!!!" അച്ഛന്റെ ഓർമക്കളിൽ ഞാൻ കണ്ണുകൾ ഇറുക്കിയടച്ഛ് തലകുനിച്ചു ഇരുന്നു... "ഏട്ടന് മനസ്സ് തുറക്കാനും സങ്കടം പറയാനും മനസ്സിടറുമ്പോ സ്നേഹത്തോടെ ചേർത്ത് നിർത്താനും ഏട്ടത്തി ഉണ്ടായിരുന്നു... അച്ചമ്മയ്ക്ക് ചെറിയമ്മയും വെല്യച്ചന്മാരും ഉണ്ടായിരുന്നു.... അമ്മയ്ക്ക് മാമ്മൻ, നിമ്മിയ്ക്ക് ഉണ്ണിയും, ഉണ്ണിയ്ക്ക് നിമ്മിയും പരസ്പരം താങ്ങായി നിന്നു... പക്ഷേ എനിക്ക്,,,,,, എനിക്കാരുണ്ടായിരുന്നു ഒരു കൂട്ടിന്...??? ആമിയായിരുന്നില്ലേ, അച്ഛൻ കഴിഞ്ഞാലുള്ള എന്റെ കൂട്ട്...???

പക്ഷേ,, ആ ദിവസം തന്നെ എനിക്ക് അവളേയും നഷ്ടമായില്ലേ..???? പിന്നെ ഉണ്ടായിരുന്നു അച്ഛമ്മയായിരുന്നു... കൺ മുന്നിൽ സ്വന്തം മകൻ പിടഞ്ഞ് മരിക്കുന്നത് കണ്ട്, ഒന്ന് കരയാൻ പോലും കഴിയാതെ തളർന്ന പോയ അവരോട് ഞാനെന്റെ ദുഃഖം അങ്ങനെ പറയും...??? " ഹൃദയം നുറുങ്ങുന്ന വേദനയിൽ വിറയ്ക്കുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ഛ് കരച്ചിലിന്റെ ചീളുകൾ ഉള്ളിൽ അടക്കുമ്പോഴും, ഗദ്ഗദങ്ങൾ ചങ്കിൽ കെട്ടി നിർത്തുമ്പോഴും കണ്ണുകൾ മാത്രം എന്നെ പറ്റിച്ഛ് കൊണ്ട് നിറഞ്ഞൊഴുകി... "സന്തോഷവും കളിയും ചിരിയും മാത്രം അലയടിച്ചിരുന്ന നമ്മുടെ വീട്ടിൽ അടക്കിപ്പിടിച്ഛ കരച്ചിലും കണ്ണീരും ദുഖവും നിറഞ്ഞു... ആദ്യമായി നമ്മുടെ വീട്ട് എനിക്കൊരു ശ്മശാനമായി തോന്നി... എങ്ങോട്ടെങ്കിലും ഓടിയൊളിക്കാൻ, എന്റെ ഉള്ളിലുള്ള സങ്കടം, ദുഃഖം, വേദന അതൊക്കെ ആരോണ്ടെങ്കിലുമൊന്ന് കാണിക്കാൻ, ഒന്നുറക്കെ കരയാൻ, ദേഷ്യം പിടിക്കാൻ...

അങ്ങനെ അങ്ങനെ എന്തിക്കൊക്കെയോ എനിക്ക് തോന്നിയിരുന്നു....!!!! പക്ഷേ ഒറ്റയ്ക്കായിരുന്നു ഞാൻ... ചുറ്റി മുറുക്കുന്ന അച്ഛന്റേയും ആമിയുടേയും ഓർമകൾക്ക് നടുവിൽ ഞാൻ മാത്രം..!! ആരെങ്കിലും എന്റെ അടുത്ത് വന്നൊന്ന് ഇരുന്നിരുന്നെങ്കിൽ, എന്നോട് എന്തെങ്കിലുമൊന്ന് ചോദിച്ചിരുന്നെങ്കിൽ, എന്നൊക്കെ ഞാനൊരുപാട്.." ഗ്ലാസ് ടേബിളിൽ ഇരു കൈ മുട്ടും കുത്തി തല താങ്ങി മുടിയിൽ കോർത്ത് വലിച്ഛ് പറഞ്ഞ് ഞാൻ കുനിഞ്ഞിരുന്നു.... "ഭ്രാന്ത് പിടിച്ചിരുന്നു... എവിടെയൊക്കെയോ മനസ്സ് കൈവിട്ട് പോകുന്ന പോലെ ഓരോ നിമിഷവും തോന്നി തുടങ്ങിയിരുന്നു.... അങ്ങനെയുള്ള ഏതോ ഒരു നിമിഷത്തിൽ അനൂനെ കൂടി എനിക്ക് നഷ്ട്ടപ്പെട്ടാൻ പോവാണെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല.... അങ്ങനെയെങ്കിൽ അവളെ സ്വന്തമാകണമെന്നേ അപ്പോ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.... പക്ഷേ,,, അതൊരിക്കലും അവളെ ദ്രോഹിക്കണന്നോ, വിഷമിപ്പിക്കണന്നോ കരുതിയായിരുന്നില്ല.... നഷ്ടങ്ങളുടെ പട്ടികയിൽ അവളെ കൂടി ചേർക്കാൻ മനസ്സും ബുദ്ധിയും സമ്മതിച്ചില്ല... ഭ്രാന്തനായി പോയേനെ ഞാൻ...!!!!!"

ആ ദിവസങ്ങളുടെ ഓർമയിൽ എന്റെ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും ശരവേഗത്തിൽ പരക്കം പാഞ്ഞു.. "എനിക്ക് എല്ലാത്തിനോടും ദേഷ്യമായിരുന്നു, എല്ലാരോടും വെറുപ്പായിരുന്നു, പകയായിരുന്നു... പക്ഷേ,,, അതിൽ വെന്ത് നീറിയത് അനുവും അവളുടെ ഫാമിലിയുമായിരുന്നൂ ന്ന് അറിയാം എനിക്ക് അമ്മൂന്റെ കല്യാണത്തിന് പോകേണ്ടി വന്നു...." അനൂന്റെ അച്ഛനെ കണ്ട നിമിഷം മനസ്സിലേക്ക് ഓടി കൂടിയതും പുച്ഛത്തോടെ ഞാൻ ചുണ്ട് കോട്ടി ചിരിച്ചു.... "എനിക്കറിയാം,,,,, എങ്ങനെയൊക്കെ ന്യായീകരിച്ചാലും, എന്തൊക്കെ പറഞ്ഞാലും അവളോട് ഞാൻ ചെയ്തത് ഒരിക്കലും മാപ്പർഹിക്കാൻ പറ്റാത്ത തെറ്റ് തന്നെയാ... എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി, എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി ഞാനവളേയും അവളുടെ കുടുംബത്തേയും കരുവാക്കായിരുന്നില്ലേ...??? അവളെ അച്ഛന്റെ മരണത്തിന് ഞാൻ മാത്രല്ലേ കാരണം...?? അതെ... എല്ലാത്തിനും കാരണം സിദ്ധാർത്ഥ് സേതുമാധവ്....!!!!"

ഞാൻ വീണ്ടും പുച്ഛത്തോടെ ചിരിച്ചു.... "അമ്മ പറഞ്ഞപ്പോലെ അച്ഛന്റെ ആത്മാവ് പോലും എന്നോടൊരിക്കലും പൊറുക്കില്ല,,,, പക്ഷേ എന്നിട്ടും അവള് പൊറുത്തു... എനിക്ക് ചിലപ്പോ തോന്നിട്ടുണ്ട് അവളൊരു അത്ഭുതമാണെന്ന്....!!! ഇത്രയൊക്കെ ദ്രോഹിച്ചിട്ടും അവൾക്കെങ്ങനെ പറ്റുന്നു എന്നെയിങ്ങനെ സ്നേഹിക്കാൻ...???" മുഖമുയർത്തി ആവേശത്തോടെ അതിലുപരി സംശയത്തോടെ ഞാൻ ചോദിച്ചത് കേട്ട് ഏട്ടനെന്നെ നോക്കി സൗമ്യമായി ചിരിച്ഛ് ടേബിളിന്റെ മുകളിലേക്ക് ആഞ്ഞിരുന്നു... "അത് സ്ത്രീകൾക്ക് മാത്രം പറ്റുന്ന കാര്യാ.... ദ്രോഹിച്ചവരെ പോലും സ്നേഹിക്കാനുള്ള കഴിവ്... അതവരുടെ ഗുണമാണോ ദൗർബല്യമാണോ എന്നെനിക്കറിയില്ല...??? പക്ഷേ ചില സ്ത്രീകൾ അങ്ങനെയാണ്... അവർക്ക് സ്നേഹിക്കാനേ അറിയൂ...!!!!".....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story