🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 193

ennennum ente mathram

രചന: അനു

അതെങ്ങനാ എല്ലാർക്കും കുഞ്ഞിനെ മതി.. എന്നെ വേണ്ട.. എല്ലാം കുഞ്ഞിന് വേണ്ടി... എന്നെ കൊണ്ട് നിർബന്ധിതിച്ഛ് ഈ കഴിപ്പിക്കുന്നതും കുടിപ്പിക്കുന്നതും മുഴുവൻ കുഞ്ഞിന് വേണ്ടി... ഇത് കഴിക്കുന്ന എനിക്കുംണ്ട് ഇഷ്ടങ്ങൾ,,, അതാർക്കും അറിയണ്ട... കോലായിൽ ഇരുന്ന് ദേഷ്യത്തോടെ മുന്നോട്ടും പിന്നോട്ടും ആടി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.... ~~~~~~~~~ "നീ കഴിച്ചോ മോനേ... ആ പെണ്ണ് അങ്ങനെ തന്നാ.... മോൻ രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ... നീ കഴിക്ക്... വാശി തണുക്കുമ്പോ, അവള് വന്ന് കഴിച്ചോളും... പുട്ടും കടലയും അവള് വേണ്ടന്ന് വെക്കില്ല...." ഞാൻ വെറുതെ നോക്കി ഇരിക്കുന്നത് കണ്ട് അമ്മ പറഞ്ഞത് കേട്ട് ഞാനമ്മയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.... "എനിക്കറിയാം അമ്മേ... എന്നാലും,,,, ഞാൻ അവളെ കൂടെ കഴിച്ചോളാ... ഇപ്പോ വിശക്കുന്നില്ല....!! അമ്മ കഴിച്ചോ...???" പ്ളേറ്റ് മുന്നിലേക്ക് നീക്കി വെച്ഛ് ഞാൻ പറഞ്ഞത് കേട്ട് അമ്മയെന്നെ നോക്കി ചിരിച്ചു... "വിശക്കുന്നില്ല ന്ന് കള്ളമൊന്നും പറയണ്ട... രാവിലെ എണീറ്റ് ഈ നേരം വരേ ഒന്നും കഴിക്കാതെ നിന്നാൽ ആർക്കായാലും വിശക്കും...

ദാ,,, ഈ ഒരു ഗ്ലാസ് ചായയെങ്കിലും കുടിച്ചോ...??? വാശി കളഞ്ഞ് കുഞ്ഞി ചായ കുടിക്കാൻ വരാൻ കുറച്ഛ് സമയമെടുക്കും...!!!" പ്രാതല് കഴിച്ഛ് കഴിഞ്ഞ് എണീറ്റ് അമ്മ പറഞ്ഞത് കേട്ട് ആ ഒരു ഗ്ലാസ് ചായയുമെടുത്ത് ഞാൻ ഇടനാഴിയിലേക്ക് കടന്നു.... "ആഹ് സിദ്ധു,,,, ഞാൻ കോഴിയെ തുറന്ന് വിട്ട്, അമ്മിണിയെ പറമ്പിലേക്ക് അഴിച്ഛ് കെട്ടി ആല കഴുകി വരാ.. അപ്പഴേക്കും കുഞ്ഞിയെ കൂട്ടി പ്രാതല് കഴിച്ചോ... അധികം വൈകണ്ട... ട്ടോ..??? ഇടനാഴിയിലൂടെ കോലായിലേക്ക് നടക്കവേ അമ്മ പറഞ്ഞത് കേട്ട് ഞാൻ മൂളി തലയാട്ടി... അമ്മിണി അമ്മയുടെ പശുവാണ് കേട്ടോ...!!! ഇടനാഴിയിൽ നിന്ന് കോലായിലെ സ്റ്റെപ്പിൽ ഇരുന്ന് ആടി കൊണ്ട് ഫ്രൂട്ട്സ് കഴിക്കുന്ന അനൂനെ കണ്ട് ഞാനവളുടെ അടുത്ത് പോയിരുന്നു... എന്നെ കണ്ടതും അവള് പുച്ഛത്തോടെ മുഖം വെട്ടിച്ഛ് ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കി ഇരുന്നു... ഞാൻ പയ്യെ ഇടത്തേ കയ്യെടുത്ത് അനൂന്റെ തോളിലൂടെ ഇട്ട് ചേർത്ത് പിടിച്ചതും അവള് ശക്തിയായി കുതറി എന്റെ കയ്യെടുത്ത് മാറ്റി..... "വിട്ട്.... തൊട്ടണ്ടെന്നെ...!!!!!"

അനു വാശിയോടെ പറഞ്ഞ് എണീക്കാൻ നോക്കിയതും ഞാൻ പിടിച്ചിരുത്തി.... "രാധു,,,,,, പറയുന്നതൊന്ന് കേൾക്ക്...???" "ഓഹ്,,,, അമ്മന്റേയും മോന്റെയും വായിൽ നിന്ന് ഞാൻ ഒരുപാട് കേട്ടു.. ഇനിയും കേൾക്കണോ...??? പുട്ടും കടലയുമൊക്കെ കഴിച്ഛ് ക്ഷീണിച്ചിരിക്കാവും ല്ലേ...??? എനിക്ക് ഇതൊക്കെ ആദ്യം കഴിച്ഛ് തീർത്താല്ലേ വേറെ എന്തെങ്കിലും കഴിക്കാൻ അനുമതിയുള്ളൂ... അതോണ്ട് പ്ലീസ് ഉപദ്രവിക്കരുത്,,, ഞാനിതൊന്ന് കഴിച്ഛ് തീർത്തോടെ... മേശപ്പുറത്ത് ഇനിയും കിടപ്പുണ്ട് കഴിക്കാൻ...!!!!" അനു വാശിയോടെ എന്നെ നോക്കി പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ ഒരു നേടുവീർപ്പോടെ ഞാൻ തിരിച്ഛ് നടന്നു... ഈ സമയം അവളോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല... വാശിയും ദേഷ്യവും കൂടെള്ളൂ.. എല്ലാം തണുക്കുമ്പോ അവള് തന്നെ വന്ന് മിണ്ടിക്കോളും... മനസ്സിൽ പറഞ്ഞ് ഞാൻ വേഗം മുകളിലേക്ക് കയറി... ഓഫീസ് ടൈം അവാറായി, കുറച്ഛ് വർക്ക് ചെയ്യാനുണ്ട്... ~~~~~~~~~ ഫ്രൂട്ട്സും കഴിച്ഛ് കഴിഞ്ഞ് ഒന്ന് സെറ്റായതും ഞാൻ പയ്യെ അടുക്കളയിലേക്ക് നടന്നു.... പ്രാതല് വേണ്ടന്നൊക്കെ വലിയ വീരവാദം മുഴകിയാലും, പുട്ടും കടലയും നമ്മുക്ക് അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ പറ്റോ...??? അല്ലെങ്കിലും അമ്മയും സിദ്ധുവും കഴിക്കണ്ട ന്ന് പറഞ്ഞതിന് പുട്ടും കടലയും എന്ത് പിഴച്ചു ല്ലേ...??

മനസ്സിൽ പറഞ്ഞ് അടുക്കളയിൽ ചുറ്റും നോക്കി ആരുമില്ലന്ന് കണ്ടതും ഞാൻ തീൻമേശയുടെ അടുത്തേക്ക്‌ ചെന്ന് നിന്ന് മൂടിവച്ച പാത്രങ്ങൾ ഓരോന്നായി തുറന്നു.... "ഓഹ്... പതുങ്ങി വന്നോ കളളി പൂച്ച...???" പെട്ടെന്ന് പിൻ വാതിൽ തുറന്ന് അകത്തേക്ക് വന്ന അമ്മ ചോദിച്ചത് കേട്ട് ഞാനാദ്യമൊന്ന് പതുങ്ങിയെങ്കിലും വേഗം അമ്മയെ രൂക്ഷമായി നോക്കി... "ഓഹ്,,,,, ഞാൻ നിങ്ങളെ പ്രാതൽ കട്ട് തിന്നാൻ വന്നതൊന്നും അല്ല, എനിക്ക് വേണ്ട...!!!" പുച്ഛത്തോടെ പറഞ്ഞ് ഞാൻ പുട്ടിന്റെ കേസരോൾ തുറന്നു... "അല്ലാ,,,, ആരും ഒന്നും കഴിച്ചില്ലേ... ഉണ്ടാക്കിയത് അത്പോലെ ഇതിൽതന്നെ ഉണ്ടല്ലോ... എന്തേയ് അമ്മയും മോനും ഒന്നും തിന്നില്ലേ...???" പുച്ഛത്തോടെ തന്നെ ഞാൻ അമ്മയെ നോക്കി കളിയാക്കി ചോദിച്ചു... "ഞാൻ കഴിച്ചു.... സിദ്ധു കഴിച്ചിട്ടില്ല.... നിന്റെ കൂടെ കഴിച്ചോളാ ന്ന് പറഞ്ഞ് ഒന്നും കഴിക്കാതെ എണീറ്റതാ അവൻ... നിന്റെ വാശിയ്ക്ക് പട്ടിണിയാവുന്നത് ആ പാവം ചെക്കാനാ... ഇന്ന് രാവിലെ ആറ് മണിയ്ക്ക് എണീറ്റ് നിനക്ക് വേണ്ടതൊക്കെ ഉണ്ടാക്കിയത് അവനാ.. ആ നേരം തൊട്ട് ഈ നേരം വരെ അവനൊന്നും കഴിച്ചിട്ടില്ല... എന്നിട്ട് അവനുണ്ടാക്കിയതൊക്കെ നീ കഴിച്ചു.... അവനെയൊന്നും കഴിക്കാൻ സമ്മതിച്ചത്തൂല്ലാ... കൊള്ളാം നന്നായിട്ടുണ്ട്....

വാശി കുറച്ഛ് കൂടുന്നുണ്ട് നിനക്ക്,,, സിദ്ധുനെ പറഞ്ഞാൽ മതിയല്ലോ...???" അടുപ്പിലെ തീ ഉള്ളിലേക്ക് ഉന്തി ഊതി കത്തിക്കുന്നതിനിടയിൽ അമ്മ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ നിന്നു... കോലായിൽ ഇരുന്ന് അവൻ വന്ന തോളിലൂടെ കയ്യിട്ട് പിടിച്ചപ്പോ തട്ടി മാറ്റി ദേഷ്യത്തോടെ പറഞ്ഞതൊക്കെ മനസ്സിലേക്ക് ഓടിയെത്തി... സമയം പത്താവാൻ പോവാ... ഇത്രയും നേരമായിട്ടും സിദ്ധുവൊന്നും കഴിച്ചില്ല ന്ന് ഓർക്കെ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി... അമ്മ പറഞ്ഞപ്പോലെ എന്റെ വാശിയ്ക്ക് പട്ടിണിയായത് സിദ്ധുവാ.... പാവം വിശക്കുന്നുണ്ടാവും... ഞാൻ ഒന്നും മിണ്ടാതെ വേഗം മുകളിലേക്ക് കയറി... റൂമിന്റെ മുന്നിലെത്തി വാതിൽക്കൽ നിന്ന് ഞാൻ അകത്തേക്ക് നോക്കി... ലാപ്പിൽ മുന്നിലിരുന്ന് കാര്യമായി എന്തോ ചെയ്യുന്ന സിദ്ധുനെ കാണേ എനിക്ക് സങ്കടവും ദേഷ്യവും വന്നു... വാശിയോടെ ഞാൻ തുറന്നിട്ട് ഇരുപോളി വാതിലിൽ ഒന്നിൽ കൈ ചുരുട്ടി വേഗത്തിൽ മൂന്ന് വട്ടം കൊട്ടിയതും സിദ്ധു ഞൊടിയിടയിൽ മുഖമുയർത്തി പുരികം പൊക്കി വാതിൽക്കലേക്ക് നോക്കി.... ഞാനാണെന്ന് കണ്ടതും അവന്റെ ചൊടിക്കളിൽ ശാന്തമായൊരു ചിരി വിടർന്നു... "എന്താ രാധൂ...???" ~~~~~~~~~

"എനിക്ക് പ്രാതല് കഴികണം...!!!" ഹമ്മോ,,, എന്റെ പൊട്ടിക്കാളി പട്ടിപ്പെണ്ണിന്റെ കലിപ്പ് ഇനിയും മാറിയില്ലല്ലേ...??? മുഖം ഒരു കൊട്ടയ്ക്ക് വീർപ്പിച്ഛ് എന്നെ തുറിച്ഛ് നോക്കി അനു പറഞ്ഞത് കേട്ട് ഞാൻ മനസ്സിൽ ഊറി ചിരിച്ചു പറഞ്ഞു... "കഴിച്ചോ,,,, എല്ലാം മേശപ്പുറത്ത് തന്നെ മൂടി വെച്ചിട്ടുണ്ട്... പോയി എടുത്ത് കഴിച്ചോ...!!!" നറു ചിരിയോടെ ഞാൻ സൗമ്യമായി പറഞ്ഞത് കേട്ട് അനുവെന്നെ രൂക്ഷമായി നോക്കി.... "എനിക്ക് വിളമ്പി തരണം...!!!" ഹ്മ്മം,,,, അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.... ദേഷ്യം ചെറുതായി കുറഞ്ഞ് തുടങ്ങീട്ടുണ്ട്,, so, ഞാൻ തന്നെ വിളമ്പി കൊടുക്കേണ്ടി വരും... മനസ്സിൽ പറഞ്ഞ് ഞാൻ വീണ്ടും അവളെ നോക്കി.... "അവിടെ അമ്മ ഉണ്ടാവും രാധൂ... അല്ലെങ്കിലും എല്ലാം വിളമ്പി വെച്ചതാ... നീ ചെന്ന് എടുത്ത് കഴിച്ചോ...???" "പറ്റില്ല,,,,, എനിക്ക് സിദ്ധു തന്നെ വിളമ്പി തരണം...!!!" ഞാൻ പറഞ്ഞ് തീർന്നില്ല, അപ്പഴേക്കും വന്നു അനൂന്റെ മറുപടി... ഈ പെണ്ണിന്റെയൊരു കാര്യം... ഇവളെ പോലെ ഇവള് മാത്രേള്ളൂ... എന്റെ പാവം പൊട്ടിക്കാളി കുരുപ്പ്... "ഞാനൊരു അർജന്റ് വർക്കിലായിരുന്നു...!!!" അവളെ റിയാക്ഷൻ അറിയാൻ ഞാൻ വീണ്ടും പറഞ്ഞു... "നീ വരുന്നുണ്ടോ അതോ ഞാൻ പട്ടിണി കിടക്കണോ...???"

എന്റമ്മേ,,,, നീ ന്നൊക്കെ വിളിച്ചത് അമ്മ കേൾകണ്ട നിന്റെ ചെവി വീണ്ടും പൊന്നാവും.... ദേഷ്യത്തോടെ അനു വിളിച്ചത് കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു... "വേണ്ട... ഞാൻ വരാ...!!" ലാപ് ഓഫാക്കി മടക്കി ഞാൻ ധൃതിയിൽ അവളോട് പറഞ്ഞ് ബെഡിൽ നിന്ന് ഇറങ്ങി അനൂന്റെ അടുത്തേക്ക് നടന്നു... എന്നെ രൂക്ഷമായി നോക്കി മുഖം വെട്ടിച്ഛ് നടന്ന അനൂന്റെ തോളിലൂടെ കയ്യിട്ട് ഞാൻ ചേർത്തതും അവള് കുതറി മാറി... "എന്നെ തൊടണ്ട...!!!" ഹൂ....!!!! ഒരു ചീറ്റ പുലിയെപോലെ എന്നെ നോക്കി അവള് ചീറിയതും ഞാൻ വേഗം കൈ രണ്ടും ഉയർത്തി കുറച്ഛ് വിട്ട് മാറി അവളെ പുറക്കിലായി നടന്നു... മിണ്ടണം, ചേർന്ന് നടക്കണം ന്നൊക്കെ ണ്ട്, പക്ഷേ അവളെ വാശി സമ്മതിക്കുന്നില്ല... അതാണ്...!!! താഴെ തീന്മേശയിൽ ഇരുന്ന് അവളുടെ മുന്നിലേക്ക് പ്ലേറ്റ് നീക്കി പുട്ടും കറിയും വിളമ്പി കൊടുക്കുമ്പോ കിച്ചണിൽ നിൽക്കുന്ന അമ്മയെന്നെ ഒളിക്കണ്ണിട്ട് നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... ഫ്ലാസ്കിൽ നിന്ന് ചായ കൂടി ഗ്ലാസ്സിലേക്ക് പകർന്ന് കൊടുത്ത്, അവളുടെ ഓപ്പോസിറ്റ് ഇരു കൈമുട്ടും മേശയിൽ കുത്തി താടി താങ്ങി അനൂനെ നോക്കി ഞാൻ വെറുതെ ഇരുന്നു... എല്ലാം വിളമ്പി കൊടുത്തും കഴിക്കാതിരിക്കുന്ന അനൂനെ ഞാൻ സംശയത്തോടെ നോക്കി...

"കഴിക്ക് രാധൂ...???" "എനിക്ക് വാരി തരണം...!!!" പറഞ്ഞ് തീരും മുന്നേ എടുത്തടിച്ചപ്പോലെ അനൂന്റെ മറുപടി വന്നു... "അവനൊന്നും കഴിച്ചിട്ടില്ല,,, നിനക്ക് വാരി തന്നാ അവനെങ്ങനെയാ കഴിക്കാ...???" അമ്മ ദേഷ്യത്തോടെ ഇടയ്ക്ക് കയറി ചോദിച്ചു.... "അമ്മയ്ക്ക് എന്താ,,, ഞാൻ സിദ്ധുനോടല്ലേ പറഞ്ഞത്... പറ്റില്ലെന്ന് അവൻ പറയട്ടെ.....!!!! സിദ്ധുന്ന് ഇല്ലാത്ത പ്രശ്‌നമാണല്ലോ അമ്മയ്ക്ക്...???" അനു ഈർഷയോടെ അമ്മയെ നോക്കി വാശിയോടെ ചോദിച്ചത് കേട്ട് അമ്മ അവളെ നല്ലൊണമൊന്ന് നോക്കി... അടുത്ത അങ്കത്തിനുള്ള പുറപ്പാട്ടാണല്ലോ..?? അത് കണ്ട് ഞാൻ മനസ്സിൽ പറഞ്ഞു... "നിന്നോട് ഞാൻ പറഞ്ഞു അവനെ പേര് വിളിക്കരുതെന്ന്...???" ഇത്രയും പറഞ്ഞ് വാശിയോടെ അനൂന്റെ അടുത്തേക്ക് ചെവി പിടിച്ഛ് തിരിക്കാൻ എന്നോണം വരുന്ന അമ്മ കണ്ട് ഞാൻ വേഗം രണ്ടാളുടേയും ഇടയിലേക്ക് ചെന്നു... നേരത്തെയും അമ്മ ഇടയിൽ കയറിയതാണ് പ്രശ്നമായത്... "അമ്മേ,,,, അമ്മേ,,,, ഒന്നുല്ല,, ഞാൻ വാരി കൊടുത്തോളാ... അമ്മ അങ്ങോട്ട് പോയേ..!!!" അമ്മയെ തിരിച്ഛ് അടുപ്പിന്റെ അടുത്തേക്ക് അയച്ഛ് ഞാൻ അനൂന്റെ വലത്ത് സൈഡിൽ കയറിയിരുന്നു.... "ആഹ്,,, ബെസ്റ്റ്... നീയാണ് ആ പെണ്ണിനെ ഇത്ര കൊഞ്ചിച്ഛ് വഷളാക്കിയത്...

ആദ്യം നിന്നെ തല്ലണം... രണ്ടും കൂടി എന്തോ ചെയ്യ്....!!!" പ്ളേറ്റ് കയ്യിലെടുത്തു പുട്ട്, കറി കൂട്ടി കുഴയ്ക്കുന്ന എന്നേയും കുശുമ്പോടെ ഇരിക്കുന്ന അനൂനേയും നോക്കി അമ്മ ഇത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി... ഒരു വലിയ പ്രശ്നം തുടക്കത്തിൽ തന്നെ അവസാനിച്ചതിന്റെ ആശ്വാസത്തോടെ ഞാൻ അനൂന്ന് കൂട്ടി കുഴയച്ഛ പുട്ട് വായിലേക്ക് നീട്ടി... കുശുമ്പോടെ വാ തുറക്കാതെ തലകുനിച്ചിരിക്കുന്ന അനൂനെ കാണേ എനിക്കവളോട് വല്ലാത്ത വാത്സല്യം തോന്നി.. രണ്ട് വട്ടം തുറക്കാൻ എന്നോണം ഞാൻ ചുണ്ടിൽ തട്ടിയെങ്കിലും തുറന്നില്ല.... "കോന്തന്റെ വാശിക്കാരി പൊട്ടിക്കാളി വാ തുറന്നേ...???" ചെറിയ കുട്ടിയോടെന്നോണം ഞാൻ പറഞ്ഞത് കേട്ട് അവളെന്നെ മുഖമുയർത്തി ചരിഞ്ഞ് നോക്കി... നിറഞ്ഞ് തുളുമ്പി നിന്ന് അവളുടെ കണ്ണുകൾ കൺ പോളക്കളുടെ അതിർത്തി വരമ്പുകൾ ഭേദിച്ഛ് നിമിഷ നേരം കൊണ്ട് കവിളിലൂടെ ഒലിച്ചിറങ്ങി... സങ്കടം നിഴലിച്ച അവളുടെ കരിനീല മിഴികൾ കണ്ടതും ഞാൻ പ്ളേറ്റ് മേശപ്പുറത്തേക്ക് വെച്ഛ് വെപ്രാളത്തോടെ അവളെ നോക്കി.... "എന്താടാ,,,,, എന്ത് പറ്റി... എന്തിനാ രാധൂ കരയണേ...??? അമ്മ വഴക്ക് പറഞ്ഞതിനാണോ...??? പറഡാ... എന്താ...???" അവളുടെ കയ്യിൽ പിടിച്ഛ് ഞാൻ ചോദിച്ചത് കേട്ടതും അനു പൊട്ടിക്കരഞ്ഞ് കൊണ്ട് താഴേയ്ക്ക് നോക്കി....

"ഹ,,,,, ഇങ്ങനെ കരയാതെ കാര്യം പറഡാ... എന്താ അമ്മ ചീത്ത പറഞ്ഞതിനാണോ...???" ഞാൻ വീണ്ടും ചോദിച്ചത് കേട്ട് അനു ഏങ്ങി കരഞ്ഞ് അല്ലെന്ന് തലയാട്ടി... "പിന്നെന്തിനാടാ കരയണേ...???" സങ്കടത്തോടെ വീണ്ടും വീണ്ടും ഏങ്ങി ഏങ്ങി വിതുമ്പി പൊട്ടികരയുന്ന രാധൂനെ ഞാൻ വേദനയോടെ നോക്കി.... നെഞ്ച് വിങ്ങുന്ന പോലെ... "സിദ്ധേട്ടാ...???" കരച്ചിലിന്റെ ചീള്കൾക്ക് ഇടയിലൂടെ അവള് വേദനയോടെ വിളിച്ചതും ഞാൻ ഒന്നൂടേ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.... "എന്താ രാധൂ... പറ...?? എന്തിനാ ഇങ്ങനെ കരയണേ...???" "സിദ്ധേട്ടൻ എന്തിനാ എന്റെ വാശിയ്ക്ക് ദേഷ്യത്തിനൊക്കെ നിന്ന് തരുന്നത്...??? എനിക്കറിയാം എനിക്കിപ്പോ വാശിയും ദേഷ്യവും ഒരുപാട് കൂടുതലാ,,, അമ്മ പറഞ്ഞപ്പോലെ സിദ്ധു ഒന്നും പറയാഞ്ഞിട്ടാ ഞാനിങ്ങനെ പിടിവാശി കാണിക്കുന്നത്... സിദ്ധേട്ടനെന്താ എന്നെ ചീത്ത പറയാത്തത്...??? പ്രെഗ്നൻന്റ് ആയതോണ്ടാണോ..??? അതോ സഹതാപം തോന്നിട്ടോ..??" വിതുമ്പി കരഞ്ഞ് കണ്ണീരോടെ എന്റെ മുഖത്തേക്ക് നോക്കി അനു ചോദിച്ചത് കേട്ടപ്പോ എനിക്ക് അവളോട് തോന്നിയ വാത്സല്യം കൂടി വന്നു...

ആ നിറയുന്ന കണ്ണിൽ വിറയ്ക്കുന്ന ചുണ്ടിൽ വിതുമ്പുന്ന വാക്കിൽ അങ്ങനെ എന്തിനോടൊക്കെയോ എനിക്ക് വല്ലാത്ത സ്നേഹം തോന്നി... ചിരിയോടെ ഞാനൊരു നേടുവീർപ്പോടെ അനൂന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... "ഇതൊന്നുകൊണ്ടും അല്ല....!!! നിന്നെ ചീത്ത പറയാത്തിന്, ദേഷ്യത്തിനും വാശിയ്ക്കുമൊക്കെ കൂട്ട് നിൽകുന്നത് ഒരേയൊരു കാരണമെള്ളൂ,,,, എന്റെ പൊട്ടിക്കാളിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ... നിന്റെ ദേഷ്യവും വാശിയും കുശുമ്പും, അസൂയയും കുറുമ്പുമൊക്കെ ഞാനൊരുപാട് അസ്വദിക്കുന്നുണ്ട്... അതൊക്കെ എനിക്ക് ഇഷ്ടാ... ഇതൊക്കെ നീ എന്നോട് മാത്രം കാണിക്കുന്നത് അതിലേറെ ഇഷ്ടാ..." അനൂനെ നോക്കി നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞത് കേട്ട് അനുവെന്നെ സംശയത്തോടെ നോക്കി... "വെറുതെ പറയാ... ഞാൻ പറയുന്നതൊക്കെ സിദ്ധുന്ന് നല്ലോണം ഹെർട്ടാവുന്നുണ്ട്... ദേഷ്യം കയറിയാൽ എന്റെ നാക്കിന് ലൈസൻസ് ഇല്ലെന്ന് എനിക്ക് നന്നായിട്ടറിയാം.. അനു സങ്കടത്തോടെ വീണ്ടും പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിയോടെ അവളെ നോക്കി...

"ആര് പറഞ്ഞു രാധൂ...???? ഞാൻ പണ്ട് നിന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്.. അതൊക്കെ നീ എപ്പഴെങ്കിലും ഓർത്ത് വെച്ചിട്ടുണ്ടോ..?? അതുപോലെ തന്നെയാ ഇതും... പിന്നെ നീ എന്നോടല്ലാതെ മറ്റാരോടാ ദേഷ്യപെടാ, വാശി പിടിക്കാ ഏഹ്ഹ്...??? അങ്ങനെയൊന്നും ഇല്ല...!!! " "അപ്പോ നേരത്തെ ഫുഡ് കഴിക്കാതിരുന്നതോ...??? ഞാൻ അങ്ങനെയൊക്കെ പറഞ്ഞോണ്ടല്ലേ സിദ്ധു കഴിക്കാതിരുന്നത്...??" അനു വീണ്ടും സംശയത്തോടെ ചോദിച്ചു... "ഏയ്‌..... ഞാൻ നിന്റെ കൂടെ കഴിക്കാൻ കാത്ത് നിന്നതല്ലേ...???" "ആഹ്‌ണോ...???" വിടർന്ന കണ്ണോടെ അനു ചോദിച്ചതും ഞാനവളുടെ കവിളിൽ അമർത്തി ചുംബിച്ഛ് ഊവെന്ന് മൂളി... "എന്നാ പ്രാതല് കഴിക്കാ...??" ഓഹ്...ന്നാ നീയാദ്യം കഴിക്ക്...???" ഒരു ഉരുള ഉരുട്ടി അനൂന്റെ വായിലേക്ക് നീട്ടി ഞാൻ പറഞ്ഞതും അനു വേഗം വാ തുറന്നു... അവൾക്ക് വാരി കൊടുക്കുന്നതിന്റെ കൂടെ ഞാനും പ്രാതല് കഴിച്ചു.... ~~~~~~~~~~ ഒരു ചെറിയ കുഞ്ഞിന് വാരികൊടുക്കുന്ന വാത്സല്യത്തോടെ സിദ്ധു പ്രാതല് മുഴുവൻ എന്നെ കഴിപ്പിച്ചു... ഇടയ്ക്ക് അവനും കഴിച്ചെങ്കിലും എന്നെ കഴിപ്പിക്കുന്നതിലായിരുന്നു കൂടുതൽ മുൻഗണന.... നേരത്തെ ദേഷ്യത്തിൽ കഴിക്കാതെ വിട്ട കോഴിമുട്ടയും നേന്ത്രപ്പഴവും പ്രാതല് കഴിച്ഛ് കഴിഞ്ഞപ്പോ സിദ്ധു എടുത്തു തന്നു... വേണ്ടായിരുന്നെങ്കിലും സിദ്ധു എടുത്ത് തന്നതോണ്ട് ഞാൻ കഴിച്ചു....

പ്രാതല് കഴിച്ഛ്, കഴിപ്പിച്ചു നേരത്തെ പെൻഡിങ് വെച്ച വർക്ക് കംപ്ലീറ്റ് ചെയ്യാൻ സിദ്ധു വീണ്ടും മുകളിലേക്ക് കയറിയതും ഞാൻ അമ്മേന്റെ കൂടെ കൂടി.... പറമ്പിലും തൊടിയിലും അമ്മയുടെ കൂടെ പുറകിലായി വീട്ടിലെ വിശേഷം പറഞ്ഞും, അയൽക്കാരോടും വഴിയിലൂടെ പോകുന്നവരോടും കുശലം ചോദിച്ചും, വീട്ടിലെ കുറിഞ്ഞി പൂച്ചയുടെ കൂടെ ഞാനും നടന്നു.... അമ്മയുടെ ഓൾ ടൈം സഹചാരിയാണ് കുറിഞ്ഞി... എപ്പഴും മ്യാവൂ, മ്യാവൂ ന്നും വിളിച്ഛ് പുറക്കെ കാണും.... അവളെ ഓരോ വിളികൾക്കും പിന്നിലെ അർത്ഥവും ഉദ്ദേശ്യവും അമ്മയ്ക്ക് എളുപ്പം മനസ്സിലാവും.... തൊടിയിൽ വളർന്ന നിൽക്കുന്ന ഇഞ്ചിക്കും, മഞ്ഞളിനും, കൂർക്കയ്ക്കും കപ്പയ്ക്കും ചേമ്പിനും, ചേനയ്ക്കും, ഇടയിലൂടെ അമ്മയോട് ഓരോന്ന് പറഞ്ഞ് ഞാൻ പയ്യെ നടന്നു... സിദ്ധു കാണണ്ട,,, ഞാനിങ്ങനെ പറമ്പിലൂടെ ഓടിച്ചാടി നടക്കുന്നത്... ഇപ്പൊ തന്നെ തൂക്കിയെടുത്ത് നാട്ടിലേക്ക് പാക്ക് ചെയ്യും... പിന്നെ,,, എനിക്ക് വല്യ ക്ഷീണവും തലകറക്കവുമൊന്നും ഇല്ലതോണ്ടും, നന്നായി ശ്രദ്ധിക്കേണ്ട മൂന്ന് മാസം കഴിഞ്ഞോണ്ടും, അല്ലറ ചില്ലറ ചെറിയ പണിക്കളൊക്കെ എടുത്തോളാൻ ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ട്.... എന്നാലും ഇതൊന്നും സിദ്ധുനോട് പറഞ്ഞിട്ട് കാര്യല്ല...!!!

ഉച്ചയ്ക്ക് ഉപ്പേരിയ്ക്ക് കാച്ചില് ( കണ്ടികിഴങ്ങ്) പുഴുങ്ങാനുള്ള തീരുമാനത്തിലാണ് അമ്മ... കൈക്കോട്ട് കൊണ്ട് മണ്ണ് വെട്ടി മാറ്റി അമ്മ കാച്ചില് കുഴിക്കാൻ തുടങ്ങിയതും ഞാൻ ചുമ്മാ ചുറ്റിലും നോക്കി... പതിയെ വീശുന്ന ഇളം കാറ്റിൽ മഞ്ഞളിന്റേയും ചേമ്പിന്റേയും ഇലകൾ താളത്തിൽ ആടിയുലയുന്നത് ഞാൻ ചിരിയോടെ നോക്കി നിന്നു.. പണ്ട് നട്ടീൽക്കാലമായാൽ ഞാനും അമ്മുവും അച്ഛനും അമ്മയുമൊക്കെ അവധി ദിവസങ്ങൾ പറമ്പിൽ തന്നെയാവും ഉണ്ടാവാ.... രാവിലെ തന്നെ വീട്ടിലെ പണിയൊക്കെ തീർക്കും... അടുക്കള പണിയിൽ തേങ്ങ ചിരക്കാനും, പച്ചക്കറി അരിയാനുമൊക്കെ അച്ഛനും കൂടും... തൊടിയിലേക്ക് ഇറങ്ങിയാൽ പിന്നെ വൈകുന്നേരമാണ് കേറാ... അമ്മു മടിച്ചി,, അവളെ നടാനൊന്നും കിട്ടില്ല.. അമ്മയുടെ കണ്ണിൽ പൊടിയിട്ടാൻ നിർത്താതെ ഓരോ കഥപറഞ്ഞ് എന്റെ കൂടെ നന്നായി പണിയുന്ന പോലെ നടിച്ഛ് മണ്ണിൽ കളിച്ഛ് ഇരിക്കും... അച്ഛനാണ് തടം എടുക്കുകയും നിലം ഒരുക്കുകയുമൊക്കെ... വിത്ത് എടുത്തോണ്ട് വരുന്നതും പാകലും അമ്മയുടെ പണിയാണ്... ഞാനും അമ്മുവും ചപ്പും, ചാണകവും വെണ്ണീരും കുഴിയിൽ നിറയ്ക്കാനും മൂടാനും.... ഒരു നേടുവീർപ്പോടെ ഞാൻ മനസ്സിൽ ഓർത്തു... എന്ത് രസമായിരുന്നു അതൊക്കെ....!!!

പക്ഷേ ഇന്നിവിടെ വിളഞ്ഞ് നിൽകുന്ന ഈ വിളകൾക്ക് പിന്നിൽ അമ്മയുടെ കയ്യും വിയർപ്പും മാത്രേ കാണൂ.... ഓരോന്ന് ആലോചിച്ഛ് നിരാശയോടെ ഞാനമ്മയെ തിരിഞ്ഞ് നോക്കി... പാവം ഇപ്പഴും കുഴിച്ചോണ്ടിരിക്കാ... കാച്ചിലിന്റെയും നീണ്ടിയുടെയുമൊക്കെ വള്ളി എത്രത്തോളം നീണ്ട് പടർന്ന് പോകുന്നോ, കിഴങ്ങ് അത്രത്തോളം വലുപ്പം വെയ്ക്കുംന്നും താഴേയ്ക്ക് വളരുംന്നും പറയും.... ഇതിന്റെ വള്ളിയാണെങ്കിൽ അടുത്തുള്ള വലിയ സീമക്കൊന്നയുടെ മോളിൽ പടർന്ന് പന്തലിച്ഛ് കിടപ്പുണ്ട്... "കിട്ടിയില്ലേ അമ്മേ...???" കുനിഞ്ഞ് നിന്ന് മണ്ണ് കൈകൊണ്ട് മാന്തി പുറത്തേക്ക് ഇടുന്ന അമ്മയുടെ അടുത്തേക്ക് നടന്ന് ഞാൻ ചോദിച്ചതും അമ്മ മുഷിച്ചിലോടെ എണീറ്റ് നിന്ന് ഊരയ്ക്ക് കൈകൊടുത്തു പുറക്കിലേക്കൊന്ന് വളഞ്ഞു.... "ഇല്ല,,,,, ഇതങ്ങ് ഏതോ പാതളത്തിലാ... നീയിവിടെ നിൽക്ക് ഞാൻ പോയി പാര എടുത്തോണ്ട് വരാ...!!!" കയ്യിൽ പറ്റിയ മണ്ണ് ശക്തിയായി കുടഞ്ഞ് വീട്ടിലേക്ക് നോക്കി അമ്മ പറഞ്ഞു... "അതൊന്നും വേണ്ടമ്മേ.... കിട്ടുന്നില്ലെങ്കിൽ വേണ്ട,,,, വാ നമ്മുക്ക് പോവാ....???"

മുഖം ചുളുക്കി ഞാൻ പറഞ്ഞെങ്കിലും അമ്മ അപ്പഴേക്കും വീട്ടീനെ ലക്ഷ്യമാക്കി നടന്നിരുന്നു.... "ആഹ്,,, അത് അത്രയും കുഴിച്ചിട്ട് ഇനി വേണ്ടന്ന് വെച്ഛ് പോകാനോ...??? ഞാൻ വേഗം പോയി പാര എടുത്തിട്ട് വരാ..." താഴെ പറമ്പിലേക്ക് ഇറങ്ങി അമ്മ പറഞ്ഞത് കേട്ട് കുറിഞ്ഞിയുടെ കൂടെ ഞാനും അമ്മയ്ക്ക് പുറക്കെ ഇറങ്ങാൻ വരമ്പത്തേക്ക് നടക്കാൻ തുനിഞ്ഞതും അമ്മ തിരിഞ്ഞ് നോക്കി.... "വേണ്ട,,, അങ്ങനെ ഇങ്ങനെ കേറിയിറങ്ങൊന്നും വേണ്ട, അവിടെ നിന്നാ മതി... ഞാൻ വേഗം പോയി എടുത്തിട്ട് വരാ...." മുന്നോട്ട് നടക്കുന്നതിനൊപ്പം ഇടയ്ക്ക് തിരിഞ്ഞ് നോക്കി അമ്മ എന്നോടായ് പറഞ്ഞതും ഞാൻ മുഷിച്ചിലോടെ ചുണ്ട് കൂർപ്പിച്ഛ് അവിടെ തന്നെ നിന്നു.... അമ്മയുടെ പുറക്കെ പോകുന്ന കുറുഞ്ഞിയെ ഞാൻ കുറേ വിളിച്ഛ് സോപ്പിട്ട് നോക്കിയെങ്കിലും അവള് നിന്നില്ല... അവളെ നോക്കി പുച്ഛിച്ഛ് ഞാൻ വീണ്ടും ചുറ്റും നോക്കി... അപ്പഴാണ് അറ്റത്തുള്ള ഒരു വാഴായിൽ ഉണ്ണിത്തട്ട( വാഴക്കൂമ്പ്, വാഴത്തട്ട) കണ്ടത്... രണ്ട് പോള വിടരാത്തെ വീർത്ത് നിൽകുന്നത് കൂടി കണ്ടതും ഞാൻ വേഗം പതിയെ അങ്ങോട്ട് നടന്നു...

ഏന്തി വലിഞ്ഞ് ചാടി പറിച്ഛ് റിസ്ക് എടുക്കാൻ പറ്റാത്തത് കൊണ്ട് അടുത്ത് കണ്ടൊരു വലിയ വടിയെടുത്ത് അധികം സ്ട്രസ് എടുക്കാതെ തല്ലി പൊട്ടിച്ചു നിലത്തേക്കിട്ടു.. ഓലയുടെ മുകളിലേക്ക് വീണതോണ്ട് കാര്യമായ ക്ഷതമൊന്നും പറ്റിയില്ല... കറയൊക്കെ ഉറ്റി തീർന്നതും ഞാൻ ആദ്യത്തെ പോള താഴേക്ക് മലർത്തി പൊളിച്ഛ് ഒരു പൂവെടുത്ത്‌ വായിലേക്ക് വെച്ചു... ഹോ,,,, എന്തൊരു മധുരം...!!!!! ചുമൽ രണ്ടും ഉയർത്തി വായിൽ വെച്ച പൂ സൈഡിലേക്ക് എറിഞ്ഞ് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.... ആ പോളയിലെ ഓരോ പൂവും ആവേശത്തോടെ ഞാൻ വായിലേക്ക് വെച്ഛ് തേൻ ഊറ്റിയെടുത്തു കുടിച്ചു... ഞാൻ വന്ന കാര്യം ഇന്നലെയാണ് അമ്മൂനെ വിളിച്ഛ് പറഞ്ഞത്... അപ്പോ തന്നെ വരാൻ തുടുക്കം കൂട്ടിയിരുന്നു.... കണ്ണൻ കഴിഞ്ഞ മാസമാണ് ബോംബെയ്ക്ക് തിരിച്ഛ് പോയത്... അവൻ അവിടെ നേവൽ ബൈസിലാണ്... ഇനി മിനിമം ആറേഴ് മാസം കഴിയാതെ അവന് ലീവ് കിട്ടില്ല... അമ്മൂനെ ഒറ്റയ്ക്ക് അവിടുന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല, അവിടുന്ന് വിട്ടുകയുംല്ല...

അവളെ കൂട്ടാൻ ഇനിയിപ്പോ ഇവിടുന്ന് നന്ദുവോ, സിദ്ധുവോ പോവേണ്ടി വരും.... മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ രണ്ടാമത്തെ പോള പൊളിച്ചു... രണ്ടാമത്തെ പോളയിൽ ഒന്നിന് പകരം രണ്ട് പൂവെടുത്ത് വായിലേക്ക് വെക്കുമ്പഴാണ് പുറക്കിൽ നിന്ന് ആരോ സംസാരിക്കുന്ന ശബ്തം കേട്ടത്... പൂവ് വായിൽ വെച്ഛ് ഊറ്റി കൊണ്ട് തന്നെ ഞാൻ തിരിഞ്ഞ് നോക്കി... അമ്മയുടെ കൂടെ എന്തോ സംസാരിച്ഛ് നടന്ന് വരുന്ന സിദ്ധുനെ കണ്ട് എന്റെ മുഖം വിടർന്നപ്പഴാണ് കയ്യിൽ പൊളിച്ഛ് വെച്ച വാഴത്തട്ടയും വായിലെ പൂവും ഓർമ വന്നത്... ഞാൻ വേഗം പൂ സൈഡിലേക്ക് തുപ്പി, ഇടത്തേ കയ്യിലെ ഉണ്ണിത്തട്ട പുറക്കിലേക്ക് മറയ്ച്ഛ് പിടിച്ചെങ്കിലും അപ്പഴേക്കും സംശയ ദൃഷ്ടിയോടെ അവനെന്നെ നോക്കിയിരുന്നു.... "ഹാ,,,, പാരയെടുക്കാൻ പോയ ആള് കയ്യാളെ കൂടി കൂടിയാണല്ലോ വന്നിരിക്കുന്നത്..." വിഷയം മാറ്റാൻ എന്നോണം ഞാൻ സിദ്ധുനെ നോക്കി കളിയാക്കി ചോദിച്ചു... പക്ഷേ ഞാൻ നിൽക്കുന്ന പറമ്പിലേക്ക് കയറി എന്റെ മുന്നിൽ വന്ന് നിന്ന് കയ്യിലെ കമ്പിപ്പാര മണ്ണിൽ അമർത്തി കുത്തി നിർത്തി സിദ്ധുവെന്നെ കുറുക്കനെ നോക്കിയതും ഞാൻ നല്ല കുട്ടിയെ പോലെ അവനെ നോക്കി ചിരിച്ചു... "ആഹ് പുറക്കിൽ മറയ്ച്ഛ് പിടിച്ചിരിക്കുന്ന കയ്യിൽ എന്താന്ന് വേഗം കാണിച്ചേ...????" ~~~~~~~~~

അനു ചിരിച്ചപ്പോലെ തന്നെ അവളെ നോക്കി ചിരിച്ഛ് ഞാൻ ചോദിച്ചത് കേട്ട് വിടർന്ന അവളുടെ മുഖം കാറ്റ് പോലെ ഒഴിഞ്ഞു... മുഖം കനപ്പിച്ഛ് എന്നെ നോക്കി കൊണ്ട് ഒരു പൂ ബൊക്ക നീട്ടുന്ന പോലെ വാഴത്തട്ട എന്റെ മുന്നിലേക്ക് വെച്ഛ് കുറുമ്പോടെ നിൽക്കുന്ന അനൂനെ നോക്കി ഞാനൊരു നെടുവീർപ്പിട്ടു... എന്റെ കണ്ണൊന്ന് തെറ്റാൻ കാത്ത് നിൽക്കാ പെണ്ണ്, കണ്ണിൽ കാണുന്നത് മുഴുവൻ കട്ട് തിന്നാൻ... കള്ളി...!! "എന്റെ രാധൂ,,, ഇത് വല്ല അണ്ണാനോ, വവ്വാലോ മറ്റോ കടിച്ഛ് കാണില്ലേ...???" അവളെ കുറുമ്പ് നിറഞ്ഞ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി ഞാൻ ചോദിച്ചതും അനു നിഷ്കളങ്കമായി എന്നെ നോക്കി... "നീയെന്താടാ ഇങ്ങനെ ഒരു ശ്രദ്ധയില്ലാതെ...??? ഇത് കഴിച്ഛ് അസ്വസ്ഥത വല്ലതും വന്നല്ലോ...???" ഞാൻ ശാന്തമായി അവളെ മുഖത്തേക്ക് നോക്കി വീണ്ടും ചോദിച്ചതും അവള് ആവേശത്തോടെ എന്നെ നോക്കി... "അയ്യോ സിദ്ധു ഞാൻ നോക്കിയിരുന്നു... ചെറിയ പോറിയ പാടുപോലും ഇല്ലായിരുന്നു... പിന്നെ ഇത് തുറന്നിരുന്നതല്ല, ഞാൻ പൊളിച്ചതാ..!! സത്യം...!!!" തലയിൽ കൈവെച്ഛ് അനു കാര്യമായി എന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... "സത്യം സിദ്ധു....!!!" നറു ചിരിയോടെ ഒന്നും മിണ്ടാതെ ഞാൻ അനൂന്നെ തന്നെ നോക്കി നിൽകുന്നത് കണ്ടിട്ടാവണം അവള് വീണ്ടും പറഞ്ഞത്... നിറഞ്ഞ ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ഛ് കുലുക്കി കൊഞ്ചിച്ഛ് ഞാൻ പാരയുമെടുത്ത് അമ്മയുടെ അടുത്തേക്ക് നടന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story