🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 195

ennennum ente mathram

രചന: അനു

ഉച്ചഭക്ഷണം കഴിച്ഛ് ഞാൻ വീണ്ടും ലാപ്പെടുത്ത് റൂമിൽ ഇരുന്നു... സമയം കുറച്ചധികം കഴിഞ്ഞും അനു ഉറങ്ങാൻ വരുന്നത് കാണാത്തത് കൊണ്ട് ഞാൻ പയ്യെ താഴേക്കിറങ്ങി... ഇടനാഴിയിലൂടെ ആദ്യം കിച്ചണിലേക്ക് നടന്നു... അവിടെ അവളേയും അമ്മയേയും കണ്ടില്ല... ഇവിടെ പോയെന്ന് മനസ്സിൽ ചോദിച്ഛ് ഇടനാഴിയിലെ ഓരോ മുറിയിലും എത്തി നോക്കി ഞാൻ കോലായിലേക്ക് നടന്നു.... കോലായുടെ ഇറക്കിലെ വീതിയുള്ള ചെറിയ തിണ്ണയിൽ അമ്മയുടെ മടിയിൽ തലവെച്ഛ് കിടക്കുന്ന അനൂനെ കണ്ട് ആശ്വാസത്തോടെ ചിരിച്ചു... "ആഹാ അമ്മയും മോളും ഇവിടെ ഇരിക്കാണോ... ഞാനീ..." "ശൂ.... ശൂ...!!!!" തിണ്ണയിലേക്ക് ഇറങ്ങി പറഞ്ഞ് മുഴുമിക്കും മുന്നേ അമ്മ ചുണ്ടിൽ വിരൽ വെച്ഛ് മിണ്ടല്ലേ ന്ന് പയ്യെ പറഞ്ഞു..... ഞാൻ പെട്ടെന്ന് സ്റ്റക്കായി നിന്നതും അമ്മ അവളെ ചൂണ്ടി ' ഉറങ്ങാ' ന്ന് മെല്ലെ പറഞ്ഞതും ഞാൻ വേഗം തലയാട്ടി ശെരിവെച്ഛ് പയ്യെ അവളുടെ കാലിന്റെ സൈഡിൽ പോയിരുന്നു, കാരണം അമ്മയുടെ മറ്റേ സൈഡിൽ കുറിഞ്ഞി നേരത്തെ സ്ഥാനം പിടിച്ചിരുന്നു...

"ഞാനീ വീട് മുഴുവൻ തിരക്കി... ഇവിടെയാണോ കിടക്കുന്നത്...??" ഞാൻ പയ്യെ അമ്മയ്ക്ക് മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു... "മ്മ്മ്... ഞാൻ ആവുന്ന പോലെ പറഞ്ഞതാ ഉള്ളിൽ പോയി കിടന്നോളാൻ എവിടെ....??? വാശി ഇവിടെത്തന്നെ കിടക്കണം ന്ന് അതും എന്റെ മടിയിൽ തന്നെ...." വലത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന അവളുടെ ഷോള്ഡറിൽ താളത്തിൽ തട്ടി അമ്മ പറഞ്ഞത് കേട്ട് ഞാനവളെ നോക്കി... ഉച്ച കഴിഞ്ഞതോണ്ട് വലിയ വെയിലൊന്നും ഇല്ല... പോരാത്തതിന് കോലായിലേക്ക് മുറ്റത്തെ വലിയ ഇലഞ്ഞി മരത്തിന്റെ നല്ല തണലുണ്ട്.. കൂടാതെ വയ്യ വീശുന്ന തണുത്ത കാറ്റും.... "അല്ലമ്മേ ഇവിടെ ഇങ്ങനെ തിണ്ണയിൽ കിടന്നാൽ തണുപ്പടിക്കില്ലേ...???" അവളെ നോക്കി ആകുലതയോടെ ഞാൻ അമ്മയോട് ചോദിച്ചു... "ഏയ്‌,,, ഇല്ലടാ... പുൽപ്പായ ഇട്ടിട്ടുണ്ട്.. അതോണ്ട് തണുപ്പ് കേറില്ല..." എന്റെ ടെൻഷൻ കണ്ടിട്ടാവണം അമ്മ ചിരിയോടെ പറഞ്ഞു.... "ഇത് വരേ നിന്നെ കുറിച്ഛ് പറഞ്ഞോണ്ടിരിക്കായിരുന്നു... നീ ചീത്ത പറയാറില്ല, ദേഷ്യം പിടിക്കാറില്ല, എന്ത് പറഞ്ഞാലും കേട്ട് നിൽക്കും എന്നൊക്കെ കുറേ പറഞ്ഞു..." അമ്മ ചെറിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞത് കേട്ട് ഞാൻ ചിരിയോടെ കാൽ രണ്ടും കയറ്റി മടക്കി ചമ്രം പടിഞ്ഞ് ഇരുന്ന് വലം കൈ കാല്മുട്ടിൽ കുത്തി നിർത്തി അവളെ നോക്കി..

. "എന്തൊക്കെയാണെങ്കിലും കുഞ്ഞിയുടെ ദേഷ്യവും വാശിയും അല്പം കൂടുതലാട്ടോ സിദ്ധു.... എനിക്ക് അറിയാം നീയാ വളം വെച്ഛ് കൊടുക്കുന്നത്... എന്നെപോലും ചീത്ത പറയാൻ വിട്ടാതെ നീയവൾക്ക് സപ്പോർട്ട് നിൽകുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യം തന്നാ എന്നാലും,,, എല്ലാത്തിനും ഒരു പരിത്തിയല്ലേ...??? അവള് പറയുന്നതൊക്കെ നീ സമ്മതിച്ഛ് കൊടുക്കുന്നതോണ്ടാ... ഇപ്പഴേ ഇങ്ങനെ കുറച്ചൂടെ കഴിയുമ്പോ പിടിവാശിയാവും...!!!" അമ്മയെന്നെ നോക്കി കാര്യമായി പറഞ്ഞു... "ഏയ്‌,,,, അത്രയ്ക്കൊന്നും ഇല്ലമ്മേ,,, അങ്ങനെ പിടിവാശിയൊന്നും ഇല്ല അവൾക്ക്... അനൂന്റെ ചെറിയ ചെറിയ വാശിക്കളും ദേഷ്യവുമൊക്കെ ഞാൻ മനപ്പൂർവ്വം സമ്മതിച്ഛ് കൊടുക്കുന്നതാ... എന്നോടല്ലാതെ വേറെ ആരോടാ അവള് ദേഷ്യവും വാശിയും കാണിക്കാ...??? എനിക്ക് ഇഷ്ടാ അതൊക്കെ... അവളെ ദേഷ്യവും വാശിയും കുറുമ്പും കുസൃതിയുമൊക്കെ ഞാനൊരുപാട് അസ്വദിക്കുന്നുണ്ട്...." "വേണം,,,,, ദേഷ്യവും വാശിയൊക്കെ വേണം... എങ്കിലും ഇത് കുറച്ഛ് കൊടുത്തലാ...??രണ്ട് ദിവസായി ഞാൻ കാണല്ലേ...???"

ഞാൻ പറഞ്ഞ് നിർത്തിയതും അമ്മ വീണ്ടും പറഞ്ഞു... "അത് ഈ ടൈമിന്റെയാമ്മേ... പ്രെഗ്നൻസി ടൈമിൽ ഇങ്ങനെ മൂഡ് ചേഞ്ചസൊക്കെ ഉണ്ടാവും, ദേഷ്യവും വാശിയുമൊക്കെ കൂടും ന്ന് ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ട്..." ഞാനമ്മയെ നോക്കി ചിരിയോടെ പറഞ്ഞു... "പിന്നെ അവളിപ്പഴല്ലേ അമ്മേ എന്നോട് ദേഷ്യവും വാശിയും കാണിച്ഛ് തുടങ്ങിയത്,,, ഇതിലും വലിയ ദേഷ്യത്തിൽ വെറുപ്പോടെ പകയോടെ ഞാനവളോട് പെരുമാറിയിട്ടുണ്ട്... വാശിയോടെ സംസാരിച്ചുണ്ട്... ദ്രോഹിച്ചിട്ടുണ്ട്, വേദനിപ്പിച്ചിട്ടുണ്ട്, കരയിപ്പിച്ചിട്ടുണ്ട്, എന്നിട്ടും ആരോടും ഒന്നും പറയാതെ സഹിച്ചിട്ടേള്ളൂ.. ഞാനവളോട് ചെയ്തതൊക്കെ പറഞ്ഞാൽ അമ്മയെന്നെ ഇപ്പോ,,,, ഈ നിമിഷം അടിച്ഛ് പുറത്താക്കും.... അവളെ കാലിൽ പയ്യെ കൈ വെച്ഛ് ശാന്തമായി ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് വേദനയോടെ ചിരിച്ഛ് ഞാൻ നോക്കി... "ദേ ഇപ്പോ പോലും അവള് കാണിക്കുന്ന ദേഷ്യത്തിലും വാശിയിലും നിറയെ എന്നോടുള്ള സ്നേഹമാണ്, അവളെ സ്വന്തമാണെന്ന അഹങ്കാരം മാത്രമാണ്.." ഞാൻ ആവേശത്തോടെ സ്നേഹത്തോടെ അമ്മയെ നോക്കി പറഞ്ഞു... "പക്ഷേ,,, ഞാനവളോട് എന്റെ ദേഷ്യവും വാശിയും കാണിച്ചപ്പോ അതിൽ സ്നേഹമില്ലായിരുന്നു..." പറയുമ്പോ ചങ്ക് പൊടിയുന്ന പോലെ തോന്നി...

ആശ്വാസത്തിന്നെന്നോണം ഞാൻ ഉമിനീര് അമർത്തിയിറക്കി.... "ഞാൻ ചീത്ത പറയുമ്പഴും ആട്ടിയകറ്റുമ്പഴും അപമാനിക്കുമ്പഴും എല്ലാം അനു കേട്ട് നിന്നത് അമ്മൂന് വേണ്ടിയാ... അവളിവിടെ വന്ന് നിന്നാ അമ്മൂനൊരു നല്ല കുടുംബ ജീവിതം കിട്ടില്ലെന്ന് അവൾ വിശ്വസിച്ചു... പിന്നെ,,,, എന്ത് പറഞ്ഞാ അവളിവിടെ കേറി വരാ... നടന്നതൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ...???" അമ്മയെ നോക്കി ഞാൻ ചോദിച്ചു... "ഇവിടെ വന്ന് അമ്മ അകറ്റി നിർത്തിയപ്പഴും ആരോടും ഒന്നും പറയാതെ എല്ലാ പഴിയും കേട്ട് നിന്നു.... അന്ന് അമ്മൂന്റെ കല്യാണത്തിന് വന്നപ്പോ അമ്മയോട് സത്യങ്ങളൊക്കെ പറയാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാ പക്ഷേ,,,, എല്ലാം അറിഞ്ഞാൽ ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് ആ കല്യാണം നടത്താൻ അമ്മയെന്നെ ഒരിക്കലും അനുവദിക്കില്ലെന്ന് തോന്നി... അച്ഛനെ പോലെ അമ്മയും തകർന്ന് പോകുമോ ന്ന് ഞാൻ ഭയന്നു.... അതും കൂടി താങ്ങാനുള്ള കരുത് ഈ പാവത്തിന് ഉണ്ടെന്ന് തോന്നിയില്ല....!!!!! എല്ലാം എന്റെ തെറ്റായിരുന്നമ്മേ... എന്റെ മാത്രം തെറ്റ്.....!!!!

നിറഞ്ഞ പുച്ഛത്തോടെ ഞാൻ ചുണ്ട് കോട്ടി... "ഒരുപാട് തവണ ഞാൻ അനൂനോട് ചോദിച്ചിട്ടുണ്ട് എന്നോട് ദേഷ്യമില്ലേന്ന്, വെറുപ്പില്ലേന്നക്കെ... അനൂന്റെ ദേഷ്യവും വാശിയും അതിനിയെത്ര കൂടിയാലും ഞാനവളെ ഒരിക്കലും ശാസിക്കില്ല... പക്ഷേ,,, അതൊരിക്കലും ഞാനവളോട് ചെയ്ത് പോയത്തിനുള്ള പ്രായശ്ചിതമൊന്നുമല്ല,,, അവളെയെനിക്ക് അത്ര മാത്രം ഇഷ്ടാ... മറ്റെന്തിനേക്കാളും ഏറേ സ്നേഹമാണ്.. ഒരു കൊച്ഛ് കുഞ്ഞിനോട് തോന്നുന്ന വാത്സല്യമാണ്... എല്ലാത്തിനുമുപരി അനുവെന്റെ ജീവനാ... എന്റെ ശ്വാസം...!!!! പ്രണയത്തോടെ അനൂനെ നോക്കി ഞാൻ നിറഞ്ഞ ചിരിയോടെ പറഞ്ഞത് കേട്ട് നിറഞ്ഞ കണ്ണോടെ അമ്മയെന്നെ നോക്കി ചിരിച്ചു.... "ഒന്നും അറിയാതെ, അറിയാൻ ശ്രമിക്കാതെ, ചോദിക്കാതെ എന്റെ മോളേ ഞാൻ ഒരുപാട് കുറ്റപ്പെടുത്തി, വാക്കുകൾ കൊണ്ട് ഒരുപാട് വേദനിപ്പിച്ചു, അകറ്റി നിർത്തി.... പാവം... ഞങ്ങൾക്ക് വേണ്ടി എല്ലാം സഹിച്ചവളെ നിഷ്കരുണം തള്ളി പറഞ്ഞു... ആദ്യം ഇടയ്ക്കൊക്കെ ഞാൻ അമ്മൂനോട് ചോദിക്കായിരുന്നു... അവളെന്താ നമ്മളെ കാണാൻ വരാത്തത്, ഒരു ഫോൺ പോലും ചെയ്തില്ലല്ലോ, എന്നെ കാണാൻ വന്നില്ലെങ്കിലും നിന്നേയും അച്ഛനെയും കാണാണെങ്കിലും വരാവായിരിക്കും ന്നൊക്കെ....

അപ്പോ അമ്മു പറയും ഇങ്ങോട്ട് വരരുത്, അച്ഛനില്ല അമ്മയല്ല, എന്നൊക്കെ ദേഷ്യത്തിൽ വിളിച്ഛ് പറയുമ്പോ ഓർക്കണായിരുന്നൂ ന്ന്..." അന്നത്തെ ഓർമയിൽ അമ്മയൊന്ന് ചിരിച്ചു... "സത്യമാണ്... ഞാനങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് പക്ഷേ,,, അതൊരിക്കലും എന്റെ കുഞ്ഞിയെ നോവികണം ന്ന് വെച്ചല്ല, അപ്പഴത്തെ ദേഷ്യത്തിൽ സങ്കടത്തിൽ പറഞ്ഞു പോയതാ... എന്റെ മോളെയൊന്ന് കണ്ടിരുന്നെങ്കിൽ ന്ന് ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു.. വന്നിരുന്നെങ്കിൽ ന്ന് പ്രതീക്ഷിച്ചിരുന്നു.. ഇടയ്ക്ക് കുഞ്ഞി കോലായിൽ നിന്ന് വിളിക്കുന്ന പോലെ തോന്നുമായിരുന്നു... എത്ര വട്ടം പ്രതീക്ഷയോടെ ഞാൻ വന്ന് നോക്കിയിടുട്ടെന്ന് അറിയോ...??? ആവേശത്തോടെ അമ്മയെന്നെ നോക്കി ചോദിച്ചു... ആ കണ്ണിൽ നിറയെ അനൂനോടുള്ള സ്നേഹം നിറഞ്ഞൊഴുകി.. "കുറേ കാലം കാണാതായപ്പോ മറന്ന് കാണും ന്ന് വെറുതേ ആശ്വസിച്ചു... ഒരു ഫോൺ പോലും ചെയ്യാതിരുന്നപ്പോ സങ്കടം തോന്നി,,,, പിന്നെയത് കൂടി വേദനയായി, ദേഷ്യമായി, വെറുപ്പായി....

അന്ന് അമ്മൂന്റെ കല്യാണത്തിന് വന്നപ്പോ ഇത്രയും കാലം വരാതിരുന്നതിന്റെ സങ്കടവും, ഇങ്ങോട്ടൊന്ന് വരാൻ അമ്മു വിളിച്ഛ് പറയേണ്ടി വന്നില്ലേന്നുള്ള ദേഷ്യവും, അനൂന്റെ അച്ഛന്റെ കിടപ്പും എല്ലാം കൂടി നിയന്ത്രിക്കാൻ പറ്റിയില്ല... അടിച്ഛ് പോയതാ ഞാൻ.. പക്ഷേ ഇത്രയും സങ്കടവും ദുഃഖവും പേറിയാ ന്റെ കുഞ്ഞി വന്നെതെന്ന് ഞാൻ അറിയാൻ വൈകി പോയി... അപ്പഴേക്കും ന്റെ കുട്ടി...." ഒഴുകിയിറങ്ങിയ കണ്ണുകൾ തുടയ്ച്ഛ് അമ്മ വേദനയോടെ ഓർത്തു... "നിന്നെ പോലെ തന്നെ തെറ്റ് ചെയ്തവളാ ഞാനും... കുഞ്ഞി ഭ്രാന്തിയാവാൻ അന്നവളുടെ സമനില തെറ്റാൻ ഞാൻ കൂടിയൊരു കാരണക്കാരിയാണ്..... ' എന്നെ വിധവയാക്കിയത് നീയല്ലേ' ന്ന് ഞാനാവളുടെ മുഖത്ത് നോക്കി ചോദിച്ചപ്പോ ആ കണ്ണിൽ ഒരു നിസംഗമായ കടലാഴം ഞാൻ കണ്ടിരുന്നു.... എല്ലാം നഷ്ടപ്പെട്ടവളുടെ നിർവികാരത..." ഭൂതകാല സ്മരണയോടെ അമ്മ പറഞ്ഞു നിർത്തിയതും ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി... "ഒരിക്കലും ഇല്ലാമ്മേ,,, ഞാൻ കാരണാ അനു.... ഞാൻ മാത്രം...!!!! ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും അനൂനെന്നെ എങ്ങനെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നൂ ന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്....???" അമ്മയെ നോക്കി സംശയത്തോടെ ഞാൻ പറഞ്ഞു....

ചിരിയോടെ അമ്മയെന്നെ നോക്കി.... "ആത്മാത്രമായി സ്നേഹിച്ച ഒരാൾ, എത്ര വലിയ തെറ്റ് ചെയ്താലും നമ്മൾ അവരോട് ക്ഷമിച്ഛ് പോകും... സ്നേഹത്തിന്റെ മറ്റൊരു കഴിവാണത്...!!! അതിനായി നമ്മൾ തന്നെ ന്യായീകരണങ്ങൾ തയ്യാറാക്കും... അവരുടെ നിരപരാധിത്വം ബുദ്ധിയേയും മനസ്സിനേയും പറഞ്ഞ് പഠിപ്പിക്കും... ശെരിക്കും മനുഷ്യൻ വിഡ്ഢിയാണ്... നമ്മൾ നിനയ്ക്കുന്ന പോലെ ജീവിതം ഒരിക്കലും നമ്മളെ നയിക്കില്ല... പ്രതീക്ഷിക്കാത്ത, വിചാരിക്കാത്ത വഴിയിലൂടെ അത് നമ്മളെ കൊണ്ട് പോകും... സ്വന്തമോ ബന്ധമോ നോക്കാതെ എന്തൊക്കെയോ ചെയ്യിപ്പിക്കും, പറയിപ്പിക്കും... അവസാനം അതൊക്കെ തെറ്റായിരുന്നെന്ന് കാലം തന്നെ തെളീച്ഛ് തരും... എന്തൊരു പ്രഹേളിക...!!!!! നമ്മളെ നയിക്കുന്നത് വിധിയാണ്... നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയൊക്കെ ആവണം ന്ന് ദൈവം നേരത്തെ നിശ്ചയിച്ചിരുന്നു... നമ്മൾ ജീവിക്കുന്നൂന്നേള്ളൂ ചരട് ദൈവത്തിന്റെ കയ്യിലാ... ഇത്ര തടഞ്ഞാലും ഒഴുകുന്ന പുഴപോലെ,,, നമ്മളെത്ര ശ്രമിച്ചാലും ജീവിതം അതിന് തോന്നിയ പോലെയേ ഒഴുക്കൂ.....!!!!" ~~~~~~~~~~~ ഒന്ന്, കൂടി പോയാൽ ഒന്നര മണിക്കൂർ അത്രേള്ളൂ ഇവിടുന്ന് നിലമ്പൂർക്ക്, എന്നാ, അമ്മൂനെ കൂട്ടി കൊണ്ട് വരാന്നാണെന്നും പറഞ്ഞ് രാവിലെ ഇവ്ടുന്ന് ഇറങ്ങിയ സിദ്ധുവും നന്ദുവും ഇത് വരെ എത്തിയിട്ടില്ല.... സമയം ദേ ഉച്ചയോട് അടുക്കുന്നു...!!! ഇവിടെ പോയി കിടക്കാണോ എന്തോ...???

കോലായിലെ സ്റ്റെപ്പിൽ പടിപ്പുരയിലേക്ക് കണ്ണുംനട്ട് ഇരുന്ന് ഞാൻ മനസ്സിൽ ചോദിച്ചു... ഞാനും കൂടി പോണം ന്ന് കരുതിയതാ, ഞാനിത് വരെ അങ്ങോട്ട് പോയിട്ടില്ല.. ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരേ കെഞ്ചി, കാലു പിടിച്ഛ് സിദ്ധുനെ എങ്ങനെയോ സമ്മതിപ്പിച്ഛ് അമ്മയോട് പൊയ്ക്കോട്ടെ ന്ന് ചോദിച്ചതേ ഓർമ്മള്ളൂ, കാതിൽ തേന്മഴയായ് ചീത്തയുടെ പൊട്ടിപ്പൂരമായിരുന്നു.. എനിക്ക് വക്കാലത്തുമായി സിദ്ധു ഇടയ്ക്ക് കയറിയെങ്കിലും അമ്മ അമ്പിനും വില്ലിനും അടുത്തില്ല.... അതോണ്ടെന്തായി എനിക്ക് ഇങ്ങനെ കോലായിൽ അവരേയും കാത്ത് കുത്തിയിരിക്കേണ്ട ഗതിക്കേടായായി... ഒരുനെടുവീർപ്പോടെ ഞാൻ വീണ്ടും പടിപ്പുരയിലേക്ക് നോക്കി... തുടരെത്തുടരെയുള്ള രണ്ട് ഹോർൺ ശബ്ദത്തോടെ സിദ്ധുവും നന്ദുവും പോയ കാർ പടിപ്പുര കടന്ന് മുറ്റത്തേക്ക് വരുന്നത് കണ്ടതും വിടർന്ന ചിരിയോടെ എക്സൈറ്റ്മെന്റോടെ ഞാൻ എണീറ്റ് മുറ്റത്തേക്ക് ഇറങ്ങി നിന്നു.... "ചേച്ചിക്കുട്ടീ....!!!!!!!!" എന്റെ മുന്നിൽ നിർത്തിയ കാറിന്റെ ബാക്ക് ഡോർ തുറന്ന് വേഗത്തിൽ ഇറങ്ങി, എന്നെ നോക്കി രണ്ട് കയ്യും വിടർത്തി ആവേശത്തോടെ എന്റെ അടുത്തേക്ക് ഓടി വന്നോണ്ട് അമ്മു കൊഞ്ചലോടെ നീട്ടി വിളിച്ചു....

എന്റെ നെഞ്ചിലേക്ക് മാത്രം മുറുക്കത്തോടെ ചാഞ്ഞ് കെട്ടിപ്പിടിച്ഛ അമ്മൂനെ നിറഞ്ഞ വാത്സല്യത്തോടെ ഞാനും കെട്ടിപുണർന്നു.... ഡ്രൈവിങ് സീറ്റിൽ നിന്ന് സിദ്ധുവും കോ ഡ്രൈവർ സീറ്റിൽ നിന്ന് നന്ദുവും സാവധാനം ഇറങ്ങി എന്നെ നോക്കി ചിരിച്ചു... സിദ്ധു ബാക്ക് ഡോർ തുറന്ന് അമ്മുന്റെ ലഗേജ് എടുക്കാൻ തിരിഞ്ഞതും നന്ദുനേയും അമ്മൂനേയും കൂട്ടി ഞാൻ കോലായിലേക്ക് കയറി... ആ നേരം തന്നെ ഇടനാഴിയിൽ നിന്ന് അമ്മയും കോലായിലേക്ക് കടന്നു.... "എന്താത്ര ലേറ്റ് ആയേ...??? ഞാനെത്ര നേരായിന്നറിയോ ഇവിടെ കാത്ത് ഇരിക്കുന്നു...???" എന്നെ കൂട്ടിപ്പിടിച്ഛ് നടക്കുന്ന അമ്മൂനെ നോക്കി പരാതി പോലെ ഞാൻ ചോദിച്ചു... "എന്തിനാ ഇവിടെ കാത്ത് നിന്നേ,,, എന്നെ കൂട്ടാൻ അങ്ങോട്ട് വരായിരുന്നില്ലേ...???" കുറുമ്പോടെ എന്റെ മുഖത്തേക്ക് നോക്കി അമ്മു തിരിച്ഛ് ചോദിച്ചു... "ഞാൻ വരണം ന്ന് പറഞ്ഞതാ അമ്മ വിട്ടില്ല..." നിരാശയോടെ പറഞ്ഞ് ഞാനും അമ്മുവും ഒരുപോലെ അമ്മയെ കൂർപ്പിച്ഛ് നോക്കി... "അങ്ങനെ ഇങ്ങനെ ദൂരെ യാത്രായൊന്നും ചെയ്യാൻ പാടില്ല... ഡോക്ടർ പൊയ്ക്കോളാൻ പറഞ്ഞെന്ന് പറഞ്ഞ് നാട് നീളെ പൂവല്ല, അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാ വേണ്ടത്... നമ്മള് സൂക്ഷിച്ചാൽ നമ്മുക്ക് തന്നെ...!!!

ചേച്ചിയും അനിയത്തിയും കൂടി എന്നെ നോക്കി പേടിപ്പിക്കാതെ അകത്തേക്ക് കേറ്.. നന്ദു വാടാ... സിദ്ധു...???" എന്നേയും അമ്മൂനേയും നന്ദുനേയും സിദ്ധുനേയും പ്രത്യേകം വിളിച്ചോണ്ട് അമ്മ ഇടനാഴിയിലേക്ക് കടന്നു.. കാറിൽ നിന്ന് ബാഗ് എടുത്ത് സിദ്ധു അപ്പഴേക്കും കോലായിലേക്ക് കയറിയിരുന്നു... നേരം ഉച്ചയായതോണ്ട് അമ്മ വേഗം ചോറ് വിളമ്പി... അവിടുന്ന് അമ്മയും മറ്റും ഒരുപാട് നിർബന്ധിച്ചെങ്കിലും സിദ്ധുവും നന്ദുവും ചോറ് കഴിക്കാൻ നിന്നില്ലെന്ന് അമ്മു പറഞ്ഞു... ചോറും മത്തനും വൻബയറും കറിയും വാഴയ്ക്ക് ഉപ്പേരിയും പപ്പടവും കൂട്ടി ഊണ് ഞങ്ങൾ തകർത്തു... അമ്മയുണ്ടാക്കുന്ന വാഴയ്ക്കാ ഉപ്പേരി എന്റെ ഫേവറേറ്റാണ്.... അല്പം കുഴമ്പ് രൂപത്തിലാണ് അമ്മ വെക്കുക... വാഴയ്ക്ക് വെന്ത് മാറ്റി വെച്ഛ് അതിലേക്ക് പച്ചമുളകും പച്ച വെളിച്ചെണ്ണയും തൂവും... ആ മണം എനിക്ക് ഒരുപാട് ഇഷ്ടമാണ്... ഊണ് കഴിഞ്ഞ് ഞങ്ങളെ കൂടെ കോലായിൽ ഇരുന്ന് കുറേ സംസരിച്ഛ്, കളിച്ഛ്, ചിരിച്ചാണ് നന്ദു വീട്ടിലേക്ക് പോയത്.. അങ്ങോട്ട് വരണം ന്ന് പ്രത്യേകം ഓർമ്മിപ്പിക്കാനും അവൻ മറന്നിരുന്നില്ല... ചെറിയച്ഛന്റെ വീട്ടിന്റെ മുന്നിൽ ഒരു ചെറിയ ചേലൻമാവുണ്ട്... അതിൽ നിറയെ മാങ്ങയുണ്ടായി നില്പുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു...

അധികം വൈകാതെ തന്നെ പോണം...!!! വന്നപ്പോ മുതൽ രാത്രി കിടക്കാൻ പോകുന്ന വരേ അമ്മു എന്റെ പിറക്കെ തന്നെയായിരുന്നു.... വീട്ടിലെ വിശേഷവും കണ്ണന്റെ കാര്യങ്ങളും ഒന്ന് പോലും വിട്ട് പോകാതെ എന്നോടും അമ്മയോടുമായി അടുക്കളയിൽ ഇരുന്ന് അമ്മു വാ തോരാതെ പറഞ്ഞോണ്ടിരുന്നു... അവിടുത്തെ സ്റ്റാറിപ്പോ നവമി മോളാണ്... അബിയുടേയും നിളയുടേയും മകൾ... അമ്മുന്റെ കല്യാണത്തിന് നിള പ്രെഗ്നന്റ് ആയിരുന്നല്ലോ... നിളയുമായി എനിക്ക് വാട്‌സ്ആപ്പ് കോണ്ടാക്റ്റ് ഉള്ളതോണ്ട് മോളെ ഫോട്ടോ അയച്ഛ് തന്നിരുന്നു.. പിന്നെ ഇടയ്ക്കിടെ ഇടുന്ന സ്റ്റാസ്റ്റസുകളിൽ അവളുടെ വളർച്ച ഞാൻ കണ്ടു... എത്ര പെട്ടനാണല്ലേ കുഞ്ഞുങ്ങൾ വളരുന്നത്,,, സാധാ സമയം കൂടെ നിന്ന് ഊട്ടി, ഉറക്കുന്ന നമ്മൾ പോലും അറിയില്ല അവരുടെ വളർച്ച... അടുക്കളയിലെ തീൻ മേശയിലെ തടി ബെഞ്ചിലിരുന്ന് അമ്മുന്റെ വിശേഷങ്ങൾക്ക് കാതോർത്ത് ഞാൻ മനസ്സിൽ പറഞ്ഞു... കിടന്ന് കളിച്ഛ് കളിച്ഛ് ഒരു ദിവസം കമിഴ്ന്ന് കിടക്കും, പിന്നെ എണീക്കാൻ ശ്രമിക്കും..

എണീറ്റ് ഇരുന്നാൽ തന്നെ മുട്ടിലിരിക്കാൻ ആവും.. പിന്നെ മുട്ടിലിഴയും.... പിന്നെ എണീറ്റ് നിൽക്കും, പയ്യെ പിടിച്ഛ് നടന്ന് നടന്ന് ഒറ്റയ്ക്ക് നടക്കാൻ തുടങ്ങും... പിന്നെ ഓട്ടമായി ചാട്ടമായി... മനസ്സിൽ ഒരുവേള തെളിഞ്ഞ ജനിച്ഛ് വളർന്ന് ഓടി കളിക്കുന്ന കുഞ്ഞിന്റെ ഓർമയിൽ വലം കൈ വയറിനെ പയ്യെ തലോടി പൊതിഞ്ഞു.... അമ്മൂന്റെ വിശേഷങ്ങൾ ഒരുവിധം കഴിഞ്ഞതും അവളെന്റെ നേരെ തിരിഞ്ഞു.. അന്ന് പാർട്ടിയ്ക്ക് വന്ന് ദിവസം തുടങ്ങി ദാ നേരത്തെ കോലായിൽ ഇരുന്നത് വരെ വള്ളിപ്പുള്ളി വിട്ടാതെ ചോദിച്ചു... ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതും എക്‌സറേ എടുത്തതും ഹാർട്ട് ബീറ്റ് കേട്ടതും എന്റെ അസ്വസ്ഥതകളും ഫീലിംഗ്‌സും നടക്കുമ്പോ അങ്ങനെയാ, ഇരിക്കുമ്പോ അങ്ങനെയാ കിടക്കുമ്പോ അങ്ങനെയാ, വയറ് മടക്കാൻ പറ്റോ, വേദനയാവൂലെ അങ്ങനെ അങ്ങനെ അവൾക്ക് അറിയേണ്ടതായി ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു... അതിന് ഞാൻ പറയുന്ന ഉത്തരങ്ങൾ അഞ്ചിലോ ആറിലോ പഠിക്കുന്ന കുട്ടിയുടെ കൗതുകത്തോടെയാണ് അവള് കേട്ടിരുന്നു...

ഇടയ്ക്ക് എന്റെ വയറിലേക്ക് ചെവി വെച്ഛ് ഹാർട്ട് ബീറ്റിന് കാതോർക്കും... ചെറിയമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തി കൊഞ്ചലോടെ വയറ്റിലെ കുഞ്ഞിനോട് അവളോരോന്ന് സംസാരിക്കുന്നത് കേട്ട് ചിരിക്കലായിരുന്നു എനിക്കും സിദ്ധുനും രാത്രി പണി.. *** പിറ്റേന്ന് രാവിലെ ഞാനും അമ്മുവും സിദ്ധുവും കൂടി അമ്പലത്തിൽ പോയി... അമ്പലത്തിൽ ഞങ്ങൾ മൂന്നാളും തന്നേള്ളൂ... ഹാവൂ നന്നായി തിരക്ക് കൂട്ടാതെ സാവധാനം തൊഴാം, ഞാൻ മനസ്സിൽ ആശ്വസിച്ചു.... ശ്രീകോവിലിന് ഉള്ളിലെ മഞ്ഞപ്പട്ടാട ചാർത്തി മയിൽപ്പീലി ചൂടി നിൽക്കുന്ന കൃഷ്ണ വിഗ്രഹത്തെ കണ്ണിമവെട്ടാത്തെ നോക്കി ആരാധനയോടെ കൈകൂപ്പി നിൽക്കുമ്പോ ഉള്ളിൽ നിറയെ എന്റെ സിദ്ധുന്റെയും ഞങ്ങളെ കുഞ്ഞിന്റേയും മുഖമായിരുന്നു... കുറേ നേരം നിറ ദീപങ്ങളാൽ തിളങ്ങുന്ന ആ വിഗ്രഹത്തെ ഞാൻ നോക്കി കൈകൂപ്പി നിന്നു... സന്തോഷമാണോ സങ്കടമാണോന്ന് അറിയില്ല എന്തോ വല്ലാതെ വലിഞ്ഞ് മുറുക്കുന്ന പോലെ തോന്നുന്നു...

എന്തിനോ നിറഞ്ഞ് കവിഞ്ഞ് ഇരു കവിളിലൂടേയും ഒലിച്ചിറങ്ങിയ കണ്ണീരിൽ ഞാനെന്റെ കണ്ണുകൾ ഇറുക്കി പൂട്ടി ദീർഘമായി നിശ്വസിച്ചു... ശ്രീകോവിലിനുള്ളിൽ ഒരു വട്ടം വലം വെച്ഛ് അമ്മുവും സിദ്ധുവും കണ്ണന്റെ മുന്നിലേക്ക് തൊഴാൻ വരുന്നത് കണ്ടതും ഞാൻ വേഗം മുഖം അവർക്ക് ഓപ്പോസിറ്റ് വെട്ടിച്ഛ് കവിളുകൾ രണ്ടും അമർത്തി തുടയ്ച്ഛ് വീണ്ടും കൈകൂപ്പി കണ്ണടയ്ച്ഛ് നിന്നു.... "ഭവതി എന്താണാവോ ഇത്ര പ്രാർത്ഥിച്ഛ് കൂട്ടുന്നത്.....???" എന്റെ അടുത്തേക്ക് നീങ്ങി നിന്ന് ചുണ്ട് എന്റെ ചെവിയോട് അടുപ്പിച്ഛ് സിദ്ധു പതുക്കെ ചോദിച്ചത് കേട്ടെങ്കിലും ഞാൻ കേൾക്കാത്ത മട്ടിൽ കണ്ണടയ്ച്ഛ് പ്രാർത്ഥിച്ചു നിന്നു... "എന്റെ ഭഗവാനേ,,,,, എന്റെ ഭാര്യ ഇത്രയും നേരം പ്രാർത്ഥിച്ചത് എന്താണെങ്കിലും അതങ്ങ് നടത്തി കൊടുത്തേക്കണേ...!!!!" സിദ്ധു ശ്രീകോവിലിനുള്ളിലേക്ക് നോക്കി കൃഷ്‌ണനോട് എന്നോണം പറഞ്ഞത് കേട്ട് കണ്ണ് തുറന്ന് ഞാനവനെ കുറുക്കനെ നോക്കി... എന്നെ കളിയാക്കുന്ന പോലെ സിദ്ധുവും എന്നെ കുറുക്കനെ നോക്കി.. പിന്നെ പരസ്പരം അടക്കി ചിരിച്ചു...

തിരുമേനിയുടെ കയ്യിൽ നിന്ന് അർച്ചന കഴിപ്പിച്ചതിന്റെ പ്രസാദവും പുഷ്പാഞ്ജലി കഴിച്ചതിന്റെ മലരും ചന്ദനവും പൂവും വാങ്ങി അമ്പലത്തിന്റെ ഉള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയതും, രാവിലെ അമ്പലത്തിൽ പോകുന്നതിന് മുന്നേ അമ്മ നിർബന്ധിച്ഛ് കുടിപ്പിച്ച പാല് മാത്രേള്ളൂ വയറ്റിൽ ന്നും പറഞ്ഞ് സിദ്ധുവും അമ്മുവും അവിടെ കുറച്ഛ് നേരം നിൽക്കാൻ കൂടി സമ്മതിക്കാതെ വീട്ടിലേക്ക് പോകാൻ ധൃതി കൂട്ടി... എങ്കിലും എന്റെ നിർബന്ധത്തിനും വഴങ്ങി അമ്പലത്തിന് ചുറ്റും ഞങ്ങൾ വലം വെച്ചു.. ആൽചുവട്ടിൽ കുറച്ഛ് നേരം ഇരുന്ന് അധികം വൈകാതെ തന്നെ ഞങ്ങൾ വീട്ടിലേക്ക് നടന്നു.... വീട്ടിലെത്തി പ്രാതല് കഴിക്കുമ്പഴാണ് ഇന്ന് കുംഭത്തിലെ ആയില്യമാണെന്ന് അമ്മ പറഞ്ഞത്... അച്ചനുണ്ടായിരുന്നപ്പോ കുംഭത്തിലെ ആയില്യത്തിന് കാവ് അടിച്ഛ് വാരി വൃത്തിയാക്കി ദിനവും വൈകുന്നേരം കത്തിക്കുന്ന വിളക്കിന് പുറമേ ചുറ്റും ചിരാത്ത് കത്തിക്കുമായിരുന്നു... ഞാൻ മനസ്സിൽ ഓർത്തെടുത്തു.. പ്രാതല് കഴിഞ്ഞ് സിദ്ധു ഓണ്ലൈൻ ഓഫീസ് വർക്കിന് മുകളിലേക്ക് കയറി.. അമ്മയുടെ കൂടെ അല്ലറ ചില്ലറ അടുക്കള പണിക്ക് സഹായിച്ചു.. എല്ലാം ഒതുക്കി അമ്മിണിയെ അഴിച്ഛ് കെട്ടാൻ അമ്മ പറമ്പിലേക്ക് കേറിയപ്പോ കുറിഞ്ഞിക്ക് പുറക്കെ ഞങ്ങളും അമ്മയ്ക്ക് ഇറങ്ങി... പത്ത് മണിയുടെ ചായയ്ക്ക് അമ്മയുണ്ടാക്കിയ നല്ല ചൂടുള്ള പുഴുങ്ങിയ കിഴങ്ങും കുരുമുളക്ക് ചതച്ചതും ഞാനും അമ്മുവും സിദ്ധുവും ആസ്വദിച്ചു കഴിച്ചു.... സിദ്ധു വീണ്ടും വർക്കിലേക്ക് തിരിയവേ ഞാനും അമ്മുവും കോലായിൽ ഇരുന്നു... പെട്ടെന്ന് പണ്ട് അച്ഛൻ കത്തിക്കാറുള്ള പോലെ ഈ പ്രാവശ്യവും സർപ്പക്കാവ് മുഴുവൻ വിളക്ക് വെക്കാന്നൊരു മോഹം തോന്നി...

അമ്മൂനോട് പറഞ്ഞപ്പോ അവള് ഡബിൾ ഓകെ.... തെല്ല് സംശയത്തോടെയാണ് അമ്മയോട് കാര്യം പറഞ്ഞത്, കാരണം വയറ്റിലുള്ള പെണ്ണുങ്ങൾ അങ്ങനെ ഇങ്ങനെ അങ്ങോട്ടൊന്നും പോവാൻ പാടില്ലന്ന് അമ്മ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്... നല്ലോണം നോക്കിയും കണ്ടും സൂക്ഷിച്ഛ് വൃത്തിയാക്കണം, ചപ്പും ചവറും നിറഞ്ഞ് നിൽക്കാ അതിനുള്ളിൽ ഇഴജന്തുകൾ വല്ലതും കാണും, നീ അധികം കുനിഞ്ഞ് പണിയൊന്നും എടുക്കണ്ട, അധികം ഉള്ളിലേക്കൊന്നും പോണ്ടാ, നന്ദുനേയും കൂട്ടിക്കോ എന്നൊക്കെയുള്ള നിബന്ധനകളോടെ അമ്മ സമ്മതിച്ചു, ഭാഗ്യം....!!!! ഞാൻ കരുതി അമ്മ എന്നെ വിട്ടാതെ, അമ്മൂനോട് മാത്രം പൊയ്ക്കോളാൻ പറയും ന്ന്... അമ്മയുടെ സമ്മതം കിട്ടിയതും പിന്നെയൊന്നും നോക്കിയില്ല, നേരെ വിറക്ക് പുരയുടെ അടുത്തേക്ക് ഞാനും അമ്മുവും ഉത്സാഹത്തോടെ നടന്നു... വിറക്ക് പുറയുടെ ഇറയത്ത് കെട്ടിതൂക്കി വെച്ച പ്ലാസ്റ്റിക് കവർ ഒരു പഴേ സ്റ്റൂളിന്റെ മുകളിൽ കയറി നിന്നെടുത്ത് അമ്മുവെന്റെ കയ്യിലേക്ക് തന്നു... വലിയ കവറിൽ നിന്ന് ഉള്ളിൽ കെട്ടിവെച്ച ചെറിയ പ്ലാസ്റ്റിക് കവർ പുറത്തെടുത്ത് കെട്ടഴിച്ച് ഞാൻ തുറന്നു നോക്കി.... ഹാവൂ,,,,,, ചിരാത്തൊക്കെ ക്ലാവ് പിടിച്ഛ് കിടക്കുവാണല്ലോ...

മൊത്തത്തിൽ ഒന്ന് നോക്കി മുഷിച്ചിലോടെ മനസ്സിൽ പറഞ്ഞ് സ്റ്റൂളിൽ നിന്ന് പയ്യെ ഇറങ്ങുന്ന അമ്മൂനെ ചുണ്ട് പിളർത്തി നോക്കി തുറന്ന കവർ ഞാൻ അവൾക്ക് നേരെ നീട്ടി... "ഹാവൂ,,,,, ഇതൊക്കെ അഴുക്കായി കിടക്കാണല്ലോ ചേച്ചീ.... ഇത് വെളുപ്പിച്ഛ് എടുക്കുമ്പോഴേക്കും വൈകുന്നേരം ആവൂല്ലോ..???" ഞാൻ നീട്ടിയ കവറിലേക്ക് നോക്കി മുഷിച്ചിലോടെ നിശ്വസിച്ഛ് ഒടിഞ്ഞ് തൂങ്ങി മടിയോടെ നിന്ന് അവള് ചോദിച്ചു.... അത് കേട്ട് ചിരിച്ഛ് അമ്മൂന്റെ മൂക്കിൻ തുമ്പിൽ പിടിച്ഛ് ഞാൻ വാത്സല്യത്തോടെ കുലുക്കി.... "ഇങ്ങനെയൊരു മടിച്ചി കോത....!!" ഞാൻ വിളിച്ചത് കേട്ട് ചെറിയ കുട്ടിയെ പോലെ ചുണ്ട് പിളർത്തി തല താഴ്ത്തി വെച്ഛ് കണ്ണ് മാത്രം ഉയർത്തി അമ്മുവെന്നെ നോക്കി കൊഞ്ചലോടെ ചിരിച്ചു... "ബാ,,,, നമ്മുക്ക് ഇവരെയൊക്കെയൊന്ന് കുളിപ്പിച്ഛ്, വെളുപ്പിച്ഛ് സുന്ദര കുട്ടന്മാരാക്കി എടുക്കാം...!!!!" എന്റെ കൈ കൊളുത്തി പിടിച്ഛ് കൊഞ്ചി പറഞ്ഞ് കൊണ്ട് കിണറ്റിൻ കരയിലേക്ക് നടക്കുന്ന അമ്മുനെ ഞാൻ നോക്കി.... കെട്ടിച്ഛ് വിട്ട് കുട്ടിയാവാറായി എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില്ല....!!! അല്ലെങ്കിലും അമ്മുന് എത്ര വയസ്സായാലും അവളെനിക്കെന്നും എന്റെ കുഞ്ഞമ്മു തന്നെയാ.... എന്റെ കയ്യിൽ തൂങ്ങി, ഞാൻ ഊട്ടി, ഉറക്കി, ഒരുക്കി കൊണ്ട് നടന്ന എന്റെ അമ്മു...!!! എന്തോ കാര്യമായി സംസാരിക്കുന്ന അമ്മുന് കാതോർത്ത് അവർക്കൊപ്പം മുന്നോട്ട് നടന്നോണ്ട് ഞാൻ മനസ്സിൽ പറഞ്ഞു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story