🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 199

ennennum ente mathram

രചന: അനു

"നിന്നെക്കാളേറെ മറ്റാർക്കാ എന്നെ നോക്കാൻ പറ്റാ, ശ്രദ്ധിക്കാൻ പറ്റാ...!!! നീയെനിക്ക് എല്ലാമല്ലേ... അച്ഛനും, എട്ടനും, അനിയനും, ഫ്രണ്ടും, കാമുകനും കെട്ടിയോനുമൊക്കെ എന്റെയീ കോന്തൻ കണാരന്നല്ലേ..!!!" എന്റെ താടിയിൽ പിടിച്ഛ് കുലുക്കി ഞാൻ പറഞ്ഞതും ഞാനനൂന്റെ മൂക്കിൻ തുമ്പിൽ പിടിച്ഛ് തിരിച്ഛ് കുറുമ്പോടെ കുലുക്കി.... ******* "അമ്മേ,,,,,,,???" അമ്മയുടെ റൂമിലെ തടി അലമാരയിൽ എന്തോ തിരഞ്ഞോണ്ടിരിക്കുന്ന അമ്മയെ നോക്കി ഇടനാഴിയിൽ നിന്ന് ഞാൻ വിളിച്ചു.... ഞൊടിയിടയിൽ തിരിഞ്ഞ് നോക്കി ഞാനാണെന്ന് കണ്ടതും അമ്മ ചിരിയോടെ വീണ്ടും അലമാരയിലേക്ക് നോക്കി... "ആഹ്,,,,എന്താ സിദ്ധു,,,, നീയിന്ന് ഉറങ്ങിയില്ലേ...???" ഇവിടെ വന്നേരെ വേറെ പണിയൊന്നും ഇല്ലതോണ്ട് ഉച്ചയ്ക്ക് ഫുഡ് കഴിച്ഛ് കഴിഞ്ഞാൽ ഒരു ഉറക്കം പതിവായി തുടങ്ങിയിരുന്നു... "ഇല്ലമ്മേ,,,,," ഉള്ളിലേക്ക് കടന്ന് കൊണ്ട് ഞാൻ മറുപടി കൊടുത്തു... അമ്മയോട് അങ്ങനെ പറയും ചോദിക്കും ന്ന് അറിയാതെ ഞാൻ റൂമിൽ തട്ടി തടഞ്ഞ് നിന്നു.... "എന്താ സിദ്ധു,,,, നിനക്ക് എന്നോടെന്തോ പറയാനുണ്ട്, അല്ലെങ്കിൽ ചോദിക്കാനുണ്ട് ല്ലേ...???"

എന്റെ മുഖത്തേക്ക് പോലും നോക്കാതെ അമ്മ ചോദിച്ചത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു... അതേ അത്ഭുതത്തോടെ ഞാൻ അമ്മയെ നോക്കി നിന്നു... "എന്തേയ് ഒന്നും പറയാനില്ലേ....???" വണ്ടറടിച്ഛ് നിൽക്കുന്ന എന്നെ സംശയത്തോടെ തിരിഞ്ഞ് നോക്കി ചിരിയോടെ അമ്മ ചോദിച്ചത് കേട്ട് ഞാൻ ഉണ്ടെന്ന് വേഗം തലയാട്ടി.... "ആഹ്,,,, എന്നാ ചോദിക്ക്...???" അലമാരായിലേക്ക് മടക്കിയ തുണി അടുക്കി വെച്ഛ് അമ്മ വീണ്ടും പറഞ്ഞൂ... "അത്,,,,, അത് ഞാനും അനുവും നാളെ പോയല്ലോ ന്നാ,,,, ഏട്ടൻ വിളിച്ചിരുന്നു, ഓഫീസിൽ ഞാൻ നേരിട്ട് പോയി ചെയ്യേണ്ട കുറച്ഛ് കാര്യങ്ങളുണ്ട്... പിന്നേ അനൂന്റെ സ്കാനിങ്ന്റെ ഡേറ്റായെന്ന് പറഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു....!!!" ചെറിയ മടിയോടെ ചടപ്പോടെ ഞാൻ പറഞ്ഞൊപ്പിച്ചു... "ആഹ്,,,, രണ്ടാഴ്ച്ചയായില്ലേ ല്ലേ...??? എത്ര പെട്ടന്നാ ദിവസം പോണത്...??? വന്നതേള്ളൂ അപ്പഴേക്കും പോവാന്നുമായി.... കട്ടിലിൽ മടക്കി വെച്ച അവസാനത്തെ തുണി കൂടിയെടുത്ത് അലമാരായിലേക്ക് വെച്ഛ് ദീര്ഘ നിശ്വാസത്തോടെ അമ്മ പറഞ്ഞു....

"അമ്മ,,,, അമ്മ കൂടി പോരുന്നോ ഞങ്ങളെ കൂടെ,,, ഇവിടെ... ഈ വീട്ടിൽ... അതും ഒറ്റയ്ക്ക്.... ഞങ്ങളെ കൂടെ പോന്നൂടെ അമ്മയ്ക്ക്... അനൂനും അതൊരു സന്തോഷാവും...!!!!" പ്രതീക്ഷയോടെ ഞാൻ ചോദിച്ചു നിർത്തിയതും പൊട്ടിച്ചിരിയോടെ അലമാരയുടെ ഇരുപൊളി വാതിൽ അമർത്തിയടയ്ച്ഛ് അമ്മ എന്റെ നേരെ തിരിഞ്ഞു.... "നല്ല കാര്യായി....!!!! ഞാൻ അങ്ങട്ട് പോന്നാ, ഈ കണ്ട കോഴിക്കും അമ്മിണി പശുന്നും കുറിഞ്ഞി പൂച്ചയ്ക്കും പിന്നെ ആരാ...???" അല്പം കളിയായും അല്പം കാര്യമായും അമ്മയെന്നെ നോക്കി പറഞ്ഞത് കേട്ട് ഞാനും ഒന്ന് ചിരിച്ചു.... "എന്നാലും ഒറ്റയ്ക്ക്...??? വിരസത തോന്നുന്നില്ലേ അമ്മയ്ക്ക്...??? മിണ്ടാനും പറയാനുമൊന്നും ആരും ഇല്ലാണ്ട് ഒറ്റയ്ക്കിങ്ങനെ...???" ഞാൻ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചതും അമ്മ ബെഡിൽ വന്നിരുന്ന് എന്നെ അടുത്തേക്ക് വിളിച്ഛ് കുടെയിരുത്തി... "ആരു പറഞ്ഞൂ ഞാൻ ഒറ്റയ്ക്കാന്ന്...!!!! അനൂന്റെ അച്ഛൻ,,,, അച്ഛനിപ്പഴും ഇവിടൊക്കെ തന്നെണ്ട് സിദ്ധു,,,,, എനിക്ക് കാണാം,,, എനിക്ക് അറിയാം...!!!"

അമ്മ പറഞ്ഞത് കേട്ട് നെറ്റി ഞുളിച്ഛ് സംശയത്തോടെ നോക്കുന്ന എന്നെ നോക്കി അമ്മ മനോഹരമായി ചിരിച്ചു... "ഞാനിത് പറയുമ്പോ ഈ സിനിമയിലും സീരിയലിലുമൊക്കെ കേൾക്കുന്ന പോലെ ക്ളീഷേ ആയിട്ടേ നിനക്ക് തോന്നൂ,,,, പക്ഷേ ഞാനീ പറയുന്നത് നിന്റെമ്മ,,,,, സാവത്രിയ്ക്ക് മനസ്സിലാവും....!!! നിറഞ്ഞ ചിരിയോടെ എന്റെ കയ്യിൽ മുറുക്കെ പിടിച്ഛ് ഉറപ്പോടെ അമ്മ പറഞ്ഞു.... "വിരസതയൊന്നും ഇല്ലെനിക്കി... ഇവിടെ രാവിലെ എണീറ്റ് രാത്രിയാവുന്ന വരെ നിൽക്കാൻ സമയമില്ലാത്തത്ര പണിയുണ്ട്... രണ്ടാഴ്ച്ച നീയിവിടെ നിന്നില്ലേ,,, എപ്പഴെങ്കിലും ഞാൻ വെറുതെ ഇരിക്കുന്നതോ നിൽക്കുന്നതോ നീ കണ്ടിട്ടുണ്ടോ....??? പറ...????" നറു ചിരിയോടെ സൗമ്യമായി അമ്മയെന്നോട് ചോദിച്ചത് കേട്ട് ചിരിയോടെ ഞാൻ ഇല്ലെന്ന് പയ്യെ തലയാട്ടി.... "ഇവിടുത്തെ കോഴിന്റേയും പശൂന്റേയും കുറിഞ്ഞിയുടേയും കൂടെ നടക്കാൻ തന്നെ എനിക്ക് സമയം തികയുന്നില്ല... പിന്നെയെങ്ങാനാ ഞാൻ ഒറ്റയ്ക്കാവാ...!!! പിന്നേ,,,, എല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടക്കുമ്പോ തോന്നും ഒറ്റയ്ക്കാണല്ലോ, ആരും ഇല്ലല്ലോ ന്നൊക്കെ...

പക്ഷേ എങ്കിലും ഞാൻ സന്തോഷവതിയാണ് മോനേ.... ഈ വീട്, ജനൽ, വാതിൽ, ചുമർ, ഇതിന്റെ മുക്കും മൂലയുമെല്ലാം എന്നെ പോലെ എനിക്ക് പരിചിതമാണ്.... പത്ത്, മുപ്പത് കൊല്ലത്തെ ബന്ധാ...!!!!! എവിടെയെവിടെയൊക്കെയോ അനൂന്റെ അച്ഛനുണ്ട്... ആ ഒരു തോന്നൽ ഉള്ളപ്പോ ഞാൻ ഒറ്റയ്ക്കല്ല... പിന്നേ,,, ഈ വീട് എനിക്ക് തരുന്ന സമാധാനവും സന്തോഷവും മറ്റെവിടെ താമസിച്ചാലും എനിക്ക് കിട്ടില്ല....!!!!" മുറി മുഴുവൻ കണ്ണോടിച്ഛ് സന്തോഷത്തോടെ അമ്മ പറയുന്നത് കേട്ട് ഞാനൊരു നെടുവീർപ്പിട്ടു.... " ഞാൻ വരാ ന്ന് കേട്ടാ കുഞ്ഞിക്ക് ഒരുപാട് സന്തോഷാവും എനിക്കറിയാഞ്ഞിട്ടല്ല,,, എന്നാലും ഇപ്പോ ഞാനില്ല... പക്ഷേ ഞാനും വരും അങ്ങോട്ട്.... കുറച്ചൂടെ കഴിയട്ടെ.....!!!!ഹ്മ്മം..???" തലയാട്ടി അമ്മ മൂളിയതും അമ്മയുടെ കൈ പൊതിഞ്ഞ് പിടിച്ഛ് ഞാൻ കണ്ണടയ്ച്ഛ് സമ്മതം പറഞ്ഞൂ.... നാളെയില്ലെങ്കിലും അമ്മ വരാന്ന് പറഞ്ഞല്ലോ, അത് തന്നെ വലിയ കാര്യം...!!! "നീ ചെന്ന് നിന്റെ കെട്ടിയോളെയും അനിയത്തിയേയും വിളിച്ഛ് ഉണർത്താൻ നോക്ക്... എല്ലാരും ഇപ്പോ വരും...!!"

എന്റെ കവിളിൽ വാത്സല്യത്തോടെ തട്ടി അമ്മ പറഞ്ഞത് കേട്ട് ചിരിച്ഛ് ഞാൻ പയ്യെ എണീറ്റ് പുറത്ത് കടന്ന് ഇടനാഴിയിലൂടെ അനുവും അമ്മുവും കിടന്ന് ഉറങ്ങുന്ന റൂമിലേക്ക് നടന്നു.... ~~~~~~~~~~ സിദ്ധു വന്ന വിളിക്കുമ്പഴാണ് ഞാനും അമ്മുവും എണീക്കുന്നത്..... വേഗം കുളിച്ഛ് അമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും അവിടെ ചെറിയമ്മയും വെല്യമ്മയും ഉണ്ടായിരുന്നു.... അച്ഛന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കുന്നുള്ള അമ്മയുടെ ധൃതി കാണേ എനിക്ക് സങ്കടം തോന്നി.... അമ്മയുണ്ടാക്കുന്ന സദ്യയാണ് അച്ഛന്റെ ഫേവറേറ്റ് ഫുഡ്... അതോണ്ട് തന്നെ എല്ലാം അമ്മ തന്നെയാണ് മുന്നിൽ നിന്ന് ഉണ്ടാക്കിയത്.. വെല്യമ്മയും ചെറിയമ്മയും ഞങ്ങളുമൊക്കെ വെറുതെ കൂടി കൊടുത്തേള്ളൂ... പക്ഷേ ചിക്കൻ കറി വെച്ചത് ഞാനാട്ടോ... ഞാനുണ്ടാക്കുന്ന ചിക്കൻ കറി അച്ഛന് ഒരുപാട് ഇഷ്ടമായിരുന്നു.... പായസം അമ്മ പറഞ്ഞു കൊടുത്തതനുസരിച്ഛ് അമ്മുവാണ് ഉണ്ടാക്കിയത്... അച്ഛന് വേണ്ടി എന്തെങ്കിലും ഉണ്ടാക്കണമെന്ന് അവൾക്കും ഒരാഗ്രഹം....!!!!! രാത്രി എട്ട് മണിയായപ്പോ വെല്യച്ഛൻ അച്ഛന് നേർച്ച വെച്ചു തുടങ്ങി...

ചെറിയച്ചനും സിദ്ധുവും ഓരോന്ന് എടുക്കാനും കൊടുക്കാനുമൊക്കെ വെല്യച്ഛനെ സഹായിച്ചു... കത്തിച്ച നിലവിളക്കും കിണ്ടിയിൽ നിറയെ വെള്ളവും പലകയും നാക്കിലയിൽ എല്ലാ വിഭവങ്ങളും വിളമ്പി പായസവും വെള്ളവും വെച്ഛ് വെല്യച്ഛൻ ഞങ്ങളെ എല്ലാരേയും മുറിയിലേക്ക് വിളിച്ചു.... ഇലയിൽ കൂട്ടിവെച്ച തുളസിയും അരിയും പൂവും ഒരു നുള്ള് ഞങ്ങളുടെ കയ്യിലേക്ക് വെച്ഛ് തന്ന് വെല്യച്ഛൻ പ്രാർത്ഥിച്ചോളാൻ പറഞ്ഞതും ഞങ്ങളെല്ലാരും കണ്ണടയ്ച്ഛ് ഒരു നിമിഷം അച്ഛനെ മനസ്സിലേക്ക് ആവാഹിച്ചു.... അച്ഛന്റെ ചിരിക്കുന്ന മുഖം മനസ്സിലേക്ക് ഓടിയടുത്തതും ഹൃദയം ദുഃഖത്താൽ വിങ്ങി...വേദന നിറയുന്ന പോലെ..... എന്തിനോ കരച്ചിൽ ചങ്കിൽ കെട്ടി... ഒന്ന് പൊട്ടികരയാൻ മനസ്സ് തുടിച്ചു.... വേഗം കണ്ണ് തുറന്ന് തൊട്ടടുത്ത് നിൽക്കുന്ന അമ്മൂനെ നോക്കി... കണ്ണടയ്ച്ഛ് എന്തോ പ്രാർത്ഥിക്കുകയാണ്.... നേരെ അമ്മയെ നോക്കി... കത്തുന്ന വിളക്കിലേക്ക് തന്നെ നോട്ടമെറിഞ്ഞ് നിൽക്കാണ്... പക്ഷേ നിൽപ്പ് കണ്ടാലറിയാം ആ മനസ്സ് ഇവിടിയില്ല...

ആ കണ്ണുകളിലെ തെളിനീർ നിലവിളക്കിന്റെ വെട്ടത്തിൽ തിളങ്ങുന്നുണ്ട്... അമ്മ കരയുകയാണ്... കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ അമർത്തി തുടയ്ച്ഛ് അമ്മയാ നിലവിളക്കിനെ നോക്കി വേദനയോടെ ചിരിച്ചു... അരിയും പൂവും നേർച്ചയിലേക്കിട്ട് അമ്മ വേഗത്തിൽ പുറത്തേക്കിറങ്ങി.... അമ്മ പുറത്തേക്കിറങ്ങിയതും മറ്റെല്ലാരും പ്രാർത്ഥിച്ഛ് കഴിഞ്ഞ് കണ്ണ് തുറന്ന് അരിയും പൂവും നേർച്ചയിലേക്ക് ഇട്ട് പുറത്തിറങ്ങി... അമ്മൂന്റെ കൂടെ ഞാനും പയ്യെ പുറത്തേക്കിറങ്ങി... എല്ലാരും ഇറങ്ങിയതും വെല്യച്ഛൻ പുറത്തിറങ്ങി വാതിൽ മുഴുവനാവും ചാരി അടച്ചു.... ഞാൻ പയ്യെ അച്ഛന്റെ റൂമിലേക്ക് നടന്നു... അച്ഛന്റെ ആത്മാവ് ആ മുറിയിൽ വന്നിട്ടുണ്ടാവോ..??? അമ്മയുണ്ടാക്കിയ സദ്യ കഴിക്കുന്നുണ്ടാവോ...??? ഞാനുണ്ടാക്കിയ ചിക്കൻ കറിയും അമ്മു ഉണ്ടാക്കിയ പായസവും അച്ഛന് ഇഷ്ടമായി കാണോ...??? ശെരിക്കും അച്ഛൻ വന്നിട്ടുണ്ടാവോ...??? ഓടി പോയി വാതിൽ തുറന്ന് നോക്കാൻ തോന്നുന്നു... ഒരു നോക്ക് കാണാൻ.... ഒരിക്കൽ കൂടി.... ഒരു വട്ടം കൂടി...!!!! മനസ്സിൽ ഭ്രാന്തമായി എന്തൊക്കെയോ ചിന്തിച്ഛ് കൂട്ടി മുറിയിലേക്ക് കടന്ന് കട്ടിലിലേക്ക് നോക്കിയതും പെട്ടെന്ന് ഇരുട്ടിൽ അച്ഛൻ ആ കട്ടിലിൽ കിടക്കുന്ന പോലെ എനിക്ക് തോന്നി...

വയറ്റിൽ മിന്നലേറ്റ പോലെ എന്തോ പിണഞ്ഞ് കയറി... ഞാൻ വലത് കരത്താൽ വയർ അമർത്തി പിടിച്ചു.... ഇപ്പഴും കുഴപ്പും കഷായവും മണക്കുന്ന ആ റൂമിലെ കട്ടിലിൽ ഞാൻ പോയിരുന്നു,,, പിന്നെ പയ്യെ പായയിൽ കവിളമർത്തി കിടന്നു... കണ്ണുകൾ നിറഞൊഴുകിയതും ഞാനവ ഇറുക്കി പൂട്ടി....!!!! "കുഞ്ഞീ....!!!!!" കവിളിൽ തഴുകുന്ന വിരലുകൾക്കൊപ്പം കാതിൽ പതിഞ്ഞ വിളിയിൽ ഞാൻ കണ്ണുകൾ വലിച്ഛ് തുറന്നു.... മുന്നിൽ എന്നെ നോക്കി നിൽക്കുന്ന സിദ്ധുനെ കണ്ട് ഞാൻ ഞൊടിയിടയിൽ എണീറ്റ് ഇരുന്ന് അവനെ ഇറുക്കി കെട്ടിപ്പിടിച്ചു.... "സി... സിദ്ധേട്ടാ,,,,, എനിക്ക്,,,,,, എനിക്കെന്റെ അച്ഛനെ,,,,, അച്ഛനെ കാണാൻ തോന്നുന്നു.... കാണിച്ഛ് തരാവോ സിദ്ധേട്ടാ..... ഒരു വട്ടം ഓരോയൊരു വട്ടം.. എനിക്കത്രയ്ക്ക് കൊതി തോന്നുന്നു...!!!" സിദ്ധുന്റെ അരയിലൂടെ വട്ടം കെട്ടിപ്പിടിച്ഛ് വയറിൽ മുഖമമർത്തി ഞാൻ കരച്ചിലടക്കി പിടിച്ഛ് തേങ്ങലോടെ പറഞ്ഞു... എന്താ പറയുന്നത്, എന്തൊക്കെയാ ചോദിക്കുന്നതെന്ന് പോലും എനിക്ക് അറിഞ്ഞില്ല... ~~~~~~~~~

അനൂന്റെ നെറുക്കിൽ പയ്യെ തലോടി എന്റെ നെഞ്ചോട് അവളെ അടക്കിപ്പിടിച്ഛ് കൊണ്ട് ഞാനനൂന്റെ അരിക്കിൽ ബെഡിൽ ഇരുന്നു.... പ്രാർത്ഥിക്കുമ്പോഴും ഞാൻ അനൂനെ ശ്രദ്ധിച്ചിരുന്നു... കണ്ണുകൾ നിറയുന്നതും അമ്മയെ നോക്കുന്നതും അച്ഛന്റെ റൂമിലേക്ക് നടക്കുന്നതുമൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു.... "സിദ്ധേട്ടാ,,,," ദുഃഖത്താൽ ഇടറിയ സ്വരത്തോടെ അനു വിളിച്ചു.... "മ്മ്മ്...!!!!" മറുപടിയായി ഞാൻ മൂളി "അച്ഛനെ,,,,, അച്ഛനെ കത്തിക്കണ്ടായിരുന്നു...!!!!!! കുഴിച്ചിട്ടാ മതിയായിരുന്നു.... അങ്ങനെയായിരുന്നെങ്കിൽ അച്ഛനിപ്പഴും അവിടെ ഉറങ്ങുന്നുണ്ടെന്ന് വെറുതേയെനിക്ക് ആശ്വസിക്കായിരുന്നു,,,, ഇതിപ്പോ കത്തിച്ഛ് ഒരുപിടി ചാരമായി പോയില്ലേ സിദ്ധേട്ടാ... എനിക്കൊന്ന് നല്ലോണം കാണാൻ പോലും പറ്റിയില്ല...!!!" സങ്കടത്തോടെ പറയുന്ന അനൂന്റെ നെറുക്കിൽ പയ്യെ തലോടി ഞാനതൊക്കെ കേട്ടിരുന്നു.... കുറേ നേരം അവളോടൊപ്പം അവള് പറയുന്നത് കേട്ട് ഞാൻ ഇരുന്നു.... വെല്യച്ഛൻ എടുക്കാറായെന്ന് പറഞ്ഞ് കേട്ടതും അനു എന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി ദീര്ഘമായൊരു ശ്വാസം വലിച്ചെടുത്ത് കണ്ണുകൾ അമർത്തി തുടയ്ച്ഛ് എന്നെ നോക്കി ചിരിച്ചു... അനൂന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത് ഞാൻ നെറ്റിയിൽ അമർത്തി ചുംബിച്ചു...

. "നിന്റെ അച്ഛൻ അങ്ങു പോയിട്ടില്ല,,, നിന്റെ കൂടെ,, ദേ ഇവിടെണ്ട്...!!!!" അനൂന്റെ നെഞ്ചിലേക്ക് കൈ ചേർത്ത് വെച്ഛ് ഞാൻ പറഞ്ഞു... "അച്ഛനെ കാണണം ന്ന് തോന്നുമ്പോ കണ്ണടയ്ച്ഛ് അച്ഛനെ ഓർത്താ മതി.... മ്മ്മ്...???" ഞാൻ പറഞ്ഞത് കേട്ട് അനുവെന്നെ നോക്കി തലയാട്ടി ചിരിച്ചെങ്കിലും ആ കണ്ണുകളിലെ ദുഃഖം മാറിയിരുന്നില്ല.... അമ്മു വിളിച്ചതും അനു വിളികേട്ട് വേഗം പുറത്തേക്കിറങ്ങി.... രാത്രി ഫുഡ്‌ കഴിച്ഛ് എല്ലാരും പിരിയുമ്പോ സമയം പതിനൊന്നിനോട് അടുത്തു... അപ്പോഴേക്കും അനു കിടന്നിരുന്നു... പാവം...!!!! നേർച്ച കഴിഞ്ഞതിന് ശേഷം അവളാരോടും ഒന്നും മിണ്ടിയിരുന്നില്ല... ഒരുതരം നിസ്സംഗമായാ മ്ലാനത അവളെ അടിമുടി മൂടിയിരുന്നു.... ഫുഡ് വെറുതേ കഴിച്ചെന്ന് വരുത്തി പോയി കിടന്നതാ...!!!! ഞാൻ ഉറങ്ങാൻ വരുമ്പോഴേക്കും അവള് ഉറങ്ങിയിരുന്നു... ബെഡിൽ അവൾക്കരിക്കിൽ ഇരുന്ന് കവിളിൽ കണ്ണീർ ഉണങ്ങി പിടിച്ച പാടിൽ ഞാൻ പയ്യെ വിരലോടിച്ചു... കവിളിൽ മൃദുവായി ചുംബിച്ഛ് അവളോട് ചേർന്ന് കെട്ടിപ്പിടിച്ഛ് ഞാനും കിടന്നു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story