🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 209

ennennum ente mathram

രചന: അനു

വേദനയോടെ എന്നെ നോക്കി യാച്ചനയോടെ അവൾ വീണ്ടും വീണ്ടും പുലമ്പി... സങ്കടം സഹിക്കാൻ കഴിയാതെ എന്റെ നെഞ്ചിലേക്ക് വീണ് ആമി പൊട്ടിക്കരഞ്ഞു... സ്വന്തം അനിയത്തി... കൂട്ടുകാരിയെ പോലെ കൂടെ നടന്നവൾ... മറയ്ച്ഛ് വെയ്ക്കാതെ എല്ലാം പറഞ്ഞവൾ.... സ്വന്തം അനിയത്തി ഒരു തെറ്റും ചെയ്തിട്ടില്ല ന്ന് പറയുമ്പോ, തെളിയുമ്പോ സന്തോഷമാണ് ഒരേട്ടന് തോന്നേണ്ടത്... പക്ഷേ,,, എനിക്ക് വേദന തോന്നുന്നു.... ആരൊക്കെയോ തലങ്ങും വിലങ്ങും മൂർച്ചയേറിയ വാളാൽ വെട്ടി നുറുക്കുന്ന പോലുള്ള വേദന... നഷ്ടപ്പെട്ട് പോയ അഭിമാനത്തിന് വേണ്ടി സ്വന്തം അനിയത്തി യാചിക്കുന്നു.... കരയുന്നു... ചങ്ക് പൊട്ടി കരയുന്നു.... എന്റെ ഹൃദയത്തിൽ നിന്ന് ചോരയൊഴുകി.... ഞാനവളെ ഇറുക്കെ കെട്ടിപ്പിടിച്ചു.... ഹൃദയത്തിനും മനസ്സിനും ഭാരം വെക്കുന്ന പോലെ.... കരയാൻ തോന്നുന്നു.... പക്ഷേ പറ്റുന്നില്ല.... കരചിലടക്കി അവൾ നേരെയിരുന്ന് നറു ചിരിയോടെ എന്നെ നോക്കി... " വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും, അവിശ്വസനീയമായി തോന്നും എനിക്കറിയാം... പക്ഷേ,,, ഞാൻ പറയുന്നത് സത്യമാണ്.... ഇതൊക്കെ വിശ്വസിപ്പിക്കാൻ തക്കവണ്ണമുള്ള തെളിവുക്കളോ ആൾബലമോ എനിക്കില്ല...

എല്ലാം അറിയുന്നവരിൽ ഒരാൾ ഇന്നെന്റെ ഭർത്താവാണ്... മറ്റൊരാൾ...." ആമി വേദനയോടെ വിതുമ്പി കണ്ണുകൾ ഇറുക്കിയടച്ചു... " ആർക്കും അറിയില്ല... ആരോടും പറഞ്ഞിട്ടില്ല ഇതുവരെ.... അന്ന് അനൂന്റെ അച്ഛന്റെ മരണശേഷം നീയും അമ്മയും അച്ചമ്മയും വീട്ടിൽ വന്ന് ദിവസം അച്ഛമ്മ ഞാനാണ് അച്ഛൻ മരിക്കാൻ കാരണം ന്ന് പറഞ്ഞത് നീ ഓർക്കുന്നുണ്ടോ...??? അന്ന്,,,, അന്നെനിക്ക് എന്ത് മാത്രം വേദന തോന്നിയെന്ന് അറിയോ...???" ചങ്കിൽ കെട്ടിയ വേദന ആമി പ്രയാസപ്പെട്ട് കുടിച്ചിറക്കി.... പൊട്ടിവരുന്ന കരച്ചിൽ അടക്കിപിടിച്ഛ് വിതുമ്പി, കണ്ണീരോടെ അവളെന്നെ നോക്കി ചോദിച്ചു.... അന്ന് അച്ഛമ്മ ആമിയെ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു... എന്നോടുള്ള ദേഷ്യത്തിലായിരുന്നു എങ്കിലും... എല്ലാം കേട്ട് ഒരു ശിലപോലെ നിന്ന ആമിയെ ഞാൻ ഓർത്തു.... " ഹൃദയം വെട്ടി നുറുങ്ങുന്ന പോലെ വേദനിച്ചു... ദേഹമാക്കെ വേദനിച്ചു... ഒരുവേള തിരിച്ഛ് വരണ്ടായിരുന്നൂ ന്ന് വരേ തോന്നി... " വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ഛ് പിടിച്ഛ് കൊണ്ട് അവൾ നിശബ്ദമായി കരഞ്ഞു....

" നിന്ന നിൽപ്പിൽ അച്ഛമ്മയുടെ മുന്നിൽ ചുട്ട് പൊള്ളുന്ന ഒരുപിടി ചാരമായി പോയിരുന്നു ഞാൻ....!" ഇത്രയും പറഞ്ഞ് ആമി വീണ്ടും കരഞ്ഞു... ചങ്ക് പൊട്ടുന്ന പോലെ... വേദന സഹിക്കാൻ പറ്റാതെ പോലെ.... ചുറ്റും നോക്കി പരിസരബോധം വീണ്ടെടുത്ത് അവൾ കണ്ണുകൾ അമർത്തി തുടച്ചു... എന്റെ കണ്ണുക്കളും നിറഞ്ഞു...അന്ന് എന്നേക്കാൾ മുറിവേറ്റത്ത് ആമിക്കാണെന്ന് ഓർക്കെ എന്റെ ഹൃദയം വിങ്ങി.. " നിനക്കറിയോ,,,,, അന്ന്,,,, അന്നെന്നെ അജൂന്റെ കൂടെ പറഞ്ഞയക്കുമ്പോ എന്റെ നെറുക്കിൽ തലോടി തഴുകി ചുംബിച്ഛ് അച്ഛൻ പറഞ്ഞു... "അച്ഛന്റെ ആമികൊച്ഛ് വിഷമിക്കണ്ട, അച്ഛനൊരു തെറ്റ് പറ്റി... വൈകിയാണെങ്കിലും ഞാനത് മനസ്സിലാക്കി തിരുത്തുവാ, എന്റെ മോൾ ധൈര്യമായിട്ട് പൊയ്ക്കോ.. രണ്ട് ദിവസം കഴിഞ്ഞ് അച്ഛൻ വരും മോളെ കൂട്ടാൻ... അപ്പോ നമ്മുക്ക് എല്ലാം എല്ലാരോടും പറയാം" ന്ന്.... ഇത്രയും പറഞ്ഞ് എന്റെ നെറ്റിയിൽ വാത്സല്യത്തോടെ അച്ഛൻ ചുംബിച്ചു.... കെട്ടിപ്പിടിച്ചു... ഞാൻ വരുന്ന വരേ എന്റെ മോളേ നല്ലോണം നോക്കണം ന്ന് അച്ഛൻ അജൂനോട് പറഞ്ഞു...!!

അജൂന്റെ വീട്ടിലെത്തി അച്ഛന് വേണ്ടി ഞാൻ കാത്തിരുന്നു.... ദിവസങ്ങൾ,,,,,,, ആഴ്ചകൾ,,,,,, എല്ലാം കടന്ന് പോയി... അച്ഛൻ വന്നില്ല... ഒരു കോൾ പോലും വരാത്തത് കണ്ടപ്പോ ഞാൻ ഫോൺ ചെയ്തു നോക്കി സ്വിച്ച് ഓഫ് ന്ന് പറഞ്ഞു.... മറ്റാരേയും വിളിക്കാൻ നിന്നില്ല.... അച്ഛൻ വരും ന്നല്ലേ പറഞ്ഞിരുന്നത്, അതോണ്ട് ഞാൻ കാത്തിരുന്നു.... എന്നെ കൂട്ടാൻ അച്ഛനും അമ്മയും നീയും ഏട്ടനും ഏട്ടത്തിയുമൊക്കെ വരുന്നത് നോക്കി... ആഴ്ചകൾക്ക് ശേഷമാണ് അച്ഛന്റെ മരണ വിവരം പോലും ഞാൻ അറിഞ്ഞത്.... മരവിപ്പായിരുന്നു.... ഒരുതരം മരവിപ്പ്.... ഒറ്റപ്പെട്ട് പോയപ്പോലെ തോന്നി.... ആരോരുമില്ലാതെ ഒറ്റപ്പെട്ടു പോയപ്പോലെ.... ശൂന്യത....!!!! ചുറ്റും മൂടി പൊതിയുന്ന ഇരുണ്ട ശൂന്യത....!!! അന്ന് തന്നെ ഇങ്ങോട്ട് വരണം, എല്ലാരേയും കാണണം, കെട്ടിപ്പിടിച്ഛ് കരയണം എന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു.... പക്ഷേ, അപ്പോഴേക്കും കല്യാണത്തിന് അന്ന് ഏതോരു മുസ്ലീം ചെക്കന്റെ കൂടെ ഞാൻ ഒളിച്ചോടിന്നും, അതില് മനം നൊന്താ അച്ഛൻ മരിച്ചെതെന്നും നാട് മുഴുക്കെ പരന്നിരുന്നൂന്ന് അജൂന്റെ ഒരു ഫ്രണ്ട് മുഖാന്തരം ഞങ്ങൾ അറിഞ്ഞു...

ഞാനും അവനും ഒരുമിച്ച് പഠിച്ചത് കൂടി ആയപ്പോ അതെല്ലാരും വിശ്വസിച്ചു.... ഇവിടെ വന്ന്,,,,, നിങ്ങളോടൊക്കെ ഞാനെന്ത് പറയും...??? എങ്ങനെ പറയും...?? അന്ന് നടന്നതൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ...??? ഞാൻ കാരണമല്ല അച്ഛൻ മരിച്ചതെന്ന് പറഞ്ഞാൽ വിശ്വസിക്കോ...??? ഞാൻ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കള്ളക്കഥയായല്ലേ എല്ലാരും കാണൂ...??? ഞാൻ കാരണം മരിച്ച അച്ഛന്റെ വിയോഗത്തിൽ മനം നൊന്ത് ഇരിക്കുന്ന നിങ്ങളൊക്കെ ഞാനെങ്ങനെ പറഞ്ഞ് കണവിൻസ് ചെയ്യും...??? ഫാമിലിയുമായി അത്രയേറെ ക്ലോസ് ആയി നിൽക്കുന്ന മാർട്ടിൻ ഇങ്ങനെയൊക്കെ ചെയ്തതെന്ന് പറഞ്ഞാൽ വിശ്വസിക്കുമായിരുന്നോ ആരെങ്കിലും...??? അമ്മ വിശ്വസിക്കോ...??? അച്ചമ്മ വിശ്വസിക്കോ..?? ഏട്ടൻ, ഏട്ടത്തി, ബന്ധുക്കൾ..?? നാട്ടുകാർ...??" ആമി എല്ലാരേയും എണ്ണി എണ്ണി ചോദിച്ചു... വിശ്വസിക്കോ...??? ഇതൊക്കെ പറഞ്ഞാൽ ഉൾക്കൊള്ളാനാവുമായിരുന്നോ അവർക്ക്...??? ആ അവസ്ഥയിൽ ആമിയേയും അവളീ പറഞ്ഞ വസ്തുതകളെയും പരിഗണിക്കാൻ, ഉൾക്കൊള്ളാൻ ഞങ്ങൾക്ക് മറ്റുമായിരുന്നു...???

ആമിയെ പഴേ പോലെ അംഗീകരിക്കുമായിരുന്നോ...??? അവള് ചോദിച്ച പോലെ ഒരു കെട്ടുകഥ... അവൾക്ക് വീണ്ടും വീട്ടിൽ കയറി പറ്റാനുള്ള ആമിയുടെ ഒരു ഉപായം, അതായല്ലേ കാണൂ...???ഞാൻ ചിന്തിച്ചു.... "എല്ലാരും പോട്ടെ,,,, നാട്ടുകാരും ബന്ധുക്കളും അമ്മയും അച്ഛമ്മയും ഏട്ടത്തിയും ഏട്ടനുമൊക്കെ,,,, ആരും വിശ്വസിക്കണ്ട... നീ,,,,, നീ വിശ്വസിക്കുമായിരുന്നോ കുട്ടാ..??? പറ,,,,, നീ വിശ്വസിക്കുമായിരുന്നോ എന്നെ...??? ഞാൻ പറയുന്നത്...???" ആമി എന്നെ നോക്കി ചോദിച്ചു.... ഞാനവളെ മിഴിച്ചു നോക്കി.... എന്ത് പറയും...??? ഞാൻ വിശ്വസിക്കുമായിരുന്നോ...??? അംഗീകരിക്കാൻ പറ്റുമായിരുന്നോ എനിക്ക്..??? ഞാൻ വീണ്ടും വീണ്ടും മനസ്സിൽ ചോദിച്ചു... ഉത്തരമില്ല....!!!! നിനക്ക് എന്നോട് പറയാമായിരുന്നില്ലേ ന്ന് ചിലപ്പോ ഞാൻ ചോദിക്കില്ലായിരുന്നോ...??? അറ്റ്ലീസ്റ്റ് വിളിച്ചെങ്കിലും പറയാമായിരുന്നില്ലേ ന്ന് ചോദിക്കില്ലേ...?? ഞാനെങ്ങനെ ചോദിക്കോ...??? അറിയില്ല...!!! ഒന്നും അറിയില്ല...!!!! തലച്ചോറാക്കെ കുഴഞ്ഞ് മറിയുന്ന പോലെ..

. വെട്ടിപ്പൊളിയുന്ന പോലെ... ഉത്തരമില്ലാത്ത അനേകായിരം ചോദ്യങ്ങൾക്ക് ഇടയിൽ പെട്ടു പോയിരിക്കുന്നു... ഉടുത്ത സാരി തുമ്പാൽ അവൾ കണ്ണീരോപ്പി... "തലയ്ക്ക് മുകളിൽ കുന്ന് കൂടുന്ന ഓരോ ശാപ വാക്കുകളും അർഹത പെട്ടത് അല്ലാഞ്ഞിട്ട് കൂടി ഞാൻ ശിരസാ വഹിച്ചു... ഇപ്പഴും ഞാനത് ഏറ്റ് വാങ്ങുന്നു...!!!" നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് ഒരു നേടുവീർപ്പോടെ ആമി പറഞ്ഞു നിർത്തി..... ഞാൻ ദയനീയമായി അവളെ തന്നെ നോക്കി ഇരുന്നു.... പലപ്പോഴായി കുടുംബങ്ങളിലെ കല്യാണങ്ങൾക്ക് പോകുമ്പോ ഒളിഞ്ഞും തെളിഞ്ഞും ആമിയെ ചൂണ്ടി 'മാധവന്റെ ഒളിച്ചോടിപോയ പെണ്ണ്' ന്ന് മുതിർന്നവർ അടക്കം പറയുന്നത് ഞാൻ എത്രയോ കേട്ടിട്ടുണ്ട്... ഈ പെണ്ണ് കാരണാ മാധവൻ മരിച്ചതെന്ന് പറയുന്നത്...!!!! " ഞങ്ങളോട് പറയായിരുന്നില്ലേ...??? അന്ന് പറ്റിയില്ല, പോട്ടെ,,, തിരിച്ഛ് വന്നതിന് ശേഷം അറ്റ്ലീസ്റ്റ് എന്നോടെങ്കിലും...??? ഇത്രയും വലിയൊരു കാര്യം നീയെന്തിന് മറച്ചു...???" ദയനീയമായി ഞാൻ ചോദിച്ചു.... വേദനയിലും നറു ചിരിയോടെ അവളെന്നെ നോക്കി.... "എന്നിലും അച്ഛനിലും മാത്രമായി ഒതുങ്ങി തീരാണെങ്കിൽ തീരട്ടെ ന്ന് കരുതി... നിന്നേയും ഏട്ടനേയും വലിച്ചിഴക്കാൻ തോന്നിയില്ല...!!!" അവൾ ശാന്തമായി പറഞ്ഞു....

"ഞാൻ കണ്ട, എനിക്കറിയാവുന്ന എന്റെ കുട്ടനല്ല നീ ഇന്ന്... നിന്റെ സ്വഭാവം, ആറ്റിട്യൂട്, ജീവിതം എന്തിന് രൂപത്തിൽ പോലും സാരമായ മാറ്റം വന്നിട്ടുണ്ട്.... പിന്നെ ഇതൊക്കെ പറഞ്ഞാൽ നീ വെറുതെയിരിക്കോ...??? പറ...??? ഏട്ടൻ ചിലപ്പോ പ്രക്റ്റികാലായി ചിന്തിക്കുമായിരിക്കും... പക്ഷേ നീ,,,, മറ്റാര് വെറുതെ വിട്ടാലും നീ റിയാറ്റ് ചെയ്യും ന്ന് എനിക്ക് ഉറപ്പാണ്... പണ്ടത്തെപോലെ സിംഗിളല്ലാ നീയിപ്പോ,,, നിനക്ക് ഭാര്യയുണ്ട്.. ഉത്തരവാദിത്വം, കടമ, ബന്ധങ്ങൾ അങ്ങനെ അങ്ങനെ നോക്കാനും നിറവേറ്റാനുമായി ഒരുപാട് കാര്യങ്ങളുണ്ട്....!!!" അവൾ പക്വതയോടെ പറഞ്ഞു... "എന്ത് ചെയ്യാനും മടിയില്ലാതാവനാ അവൻ... നിനക്കെന്തെങ്കിലും പറ്റിപ്പോയാ രാധൂനോട് ഞാൻ എന്ത് ഉത്തരം പറയും...??? അവളെ ഞാൻ പിന്നെ അങ്ങനെ ഫേസ് ചെയ്യും...??? അന്ന് നീ അബ്രോഡ് പോയപ്പോ തന്നെ രാധു നിന്നത് അങ്ങനെയാ ന്ന് ഞാൻ കണ്ടതാ... മാർട്ടിന്റെ സ്വഭാവം വെച്ഛ് അവൻ കുടുംബത്തിൽ കയറിയേ കളിക്കൂ... വീണ്ടുമൊരു ദുരന്തം... അത് നമ്മുടെ കുടുംബം താങ്ങില്ല...!!!" ആമി ശാന്തമായി പറഞ്ഞു...

ഞാനവളെ നോക്കി.... അവളൊരു വേദനയാണെന്ന് തോന്നി... വേദന നിറഞ്ഞ ഒരുപാട് രഹസ്യങ്ങൾ ഉള്ളിലൊളിപ്പിച്ചവൾ.. പ്രിയപ്പെട്ടവർക്ക് വേണ്ടി ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിക്കാത്ത പഴി കേട്ടവൾ... ഇന്നും ഒളിഞ്ഞും തെളിഞ്ഞും കേൾക്കുന്നവൾ... എനിക്ക് വേണ്ടി.. ഏട്ടന് വേണ്ടി... ഞങ്ങളുടെ കുടുംബത്തിന് വേണ്ടി സ്വന്തം അഭിമാനം പണയം വെച്ചവൾ.... വേദനയോടെ സന്തോഷിക്കുന്നവൾ... ഒരു തെറ്റും ചെയ്യാതെ അച്ഛന്റെ മരണത്തിന് കാരണമായവൾ... എനിക്ക് അവളോട് സഹതാപം തോന്നി,,, വാത്സല്യം തോന്നി,,,, ബഹുമാനം തോന്നി,,, "അതോണ്ടൊക്കെയാ എല്ലാം പറയുന്ന നിന്നോട് പോലും ഞാൻ ഇതൊക്കെ ഒളിച്ചത്.... എല്ലാം അതോടെ തീരാണെങ്കിൽ തീരട്ടെന്ന് കരുതി... വർഷത്തിനിപ്പുറം ഇവിടെ വന്നപ്പോ, എന്റെ ജീവിതം കൊണ്ടും അച്ഛന്റെ മരണം കൊണ്ടും എല്ലാം തീർന്നെന്ന് ഞാൻ സമാധാനിച്ചു.... പക്ഷേ,,,,, ഇന്ന്..... ആമി പേടിയോടെ പറഞ്ഞു നിർത്തി... ആ കണ്ണുകളിൽ ഭീതി നിറഞ്ഞു... "പറ,,,,, എന്താ ഉണ്ടായത്....??? എനിക്കറിയണം...!!!!"

അലക്ഷ്യമായി മുന്നോട് നോക്കി ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു... ആമി ദയനീയമായി എന്നെയൊന്ന് നോക്കി നേരെയിരുന്നു.... " രാത്രി,,,, മകൾക്ക് ഫുഡ് കൊടുത്ത് അവരെ അമ്മയുടെ റൂമിൽ ഉറങ്ങാൻ കിടത്തി ഡോറടയ്ച്ഛ് ഇറങ്ങുമ്പഴാണ് പുറത്ത് കോണിങ് ബെൽ അടിഞ്ഞത്..... ഞാൻ പറഞ്ഞതാ തുറക്കാന്ന് പക്ഷേ, ഇരുന്ന് മടുത്ത് രാധു എണീറ്റ് നടക്കുവായിരുന്നു. അതോണ്ട് അവള് തുറന്നോളാ ന്ന് പറഞ്ഞു.... എല്ലാരും ഉണ്ടായിരുന്നു ഹാളിൽ, ഞാൻ അമ്മ, ഏട്ടത്തി, അച്ഛമ്മ, അമ്മ, രാധൂന്റെ അമ്മ അങ്ങനെ എല്ലാരും.... വർഗീസ് ഏട്ടൻ ആവും ന്നും കരുതി.. മഴയുള്ള ദിവസം വർഗീസേട്ടൻ കോണിങ് ബെൽ അടിക്കാറുണ്ട്.... അവള് വാതിൽ തുറന്ന് അനങ്ങാതെ നിന്നു... കഴുത്ത് ചരിച്ഛ് സംശയത്തോടെ ഞാൻ കോലായിലേക്ക് നോക്കി... ഇരുട്ടായിരുന്നു... പെട്ടെന്ന് തന്നെ രാധു ഡോറടക്കാൻ വെപ്രാളപ്പെട്ടു.. പക്ഷേ അപ്പോഴേക്കും കോലായിൽ നിന്ന് ആരോ, ഒരു ചെറുപ്പക്കാരൻ അവളെ മുടികുത്തിന് പിടിച്ഛ് ഉള്ളിലേക്ക് തള്ളി കൊണ്ട് അകത്തേക്ക് കടന്നിരുന്നു....

ഞാനും അമ്മമ്മാരും അച്ഛമ്മയും ഏട്ടത്തിയും ഒരു ഞെട്ടലോടെ അവളെ അടുത്തേക്ക് ഓടി.. അവന്റെ കൂടെ പിറകിലായി അകത്തേക്ക് കടന്ന് ഗുണ്ടകളെ പോലെ തോന്നിക്കുന്ന മൂന്നാല് ചെറുപ്പക്കാര് എന്നേയും അമ്മമാരെയും അച്ഛമ്മയേയും ഏട്ടത്തിയേയും അവളെ അടുത്തേക്ക് പോകാൻ പറ്റാത്ത വിധം പിടിച്ഛ് വെച്ചു... അമ്മമ്മാരും അച്ചമ്മയും ബഹളം വെക്കാൻ തുടങ്ങിയതും ആ ഗുണ്ടകൾ അവരുടെ കൈവശം ഉണ്ടായിരുന്നു ഒരു സ്‌പ്രേ അവരുടെ മുഖത്തേക്ക് ചീറ്റി... അത് കണ്ട് ഏട്ടത്തി കുതറിയതും ഏട്ടത്തിയെ പിടിച്ഛ് വെച്ചവൻ അവന്റെ കയ്യിൽ സ്‌പ്രേ എടുത്ത് ഏട്ടത്തിയുടെ മുഖത്തേക്കും ചീറ്റി... നെഞ്ചിൽ കൈവെച്ഛ് ചുമയ്ച്ച അവർക്ക് വളരേ വേഗം തളർച്ച ബാധിച്ചു... ക്ഷീണിച്ഛ് തുടങ്ങിയ അമ്മമാരേയും അച്ഛമ്മയേയും ഏട്ടത്തിയേയും അവർ പിടിച്ഛ് അടുത്തുള്ള അച്ഛമ്മയുടെ റൂമിലാക്കി വാതിലടച്ചു... ഒരു നിമിഷം കൊണ്ട് നടന്ന കാര്യങ്ങൾ.. എന്താ നടക്കുന്നതെന്ന് മനസ്സിലാവുമ്പോ മുന്നേ എല്ലാം കഴിഞ്ഞു... എന്നെ പിടിച്ഛ് വെച്ചവൻ ഊക്കോടെ മുന്നിലേക്ക് ഉന്തി...

ഞാൻ മുന്നോട്ട് വേച്ചു പോയി.... ഞെട്ടലോടെ ഞാൻ ചുറ്റും നോക്കി... അറിയാത്ത മുഖങ്ങൾ... രാധൂനെ പിടിച്ഛ് വെച്ചവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്... പേടിയോടെ ഞാൻ അവനെ നോക്കി... രാധു വേദനയോടെ എന്നെ നോക്കി... അവൾക്ക് വേദനിക്കുന്നുണ്ട്... അവൻ രാധൂനെ എന്റെ അടുത്തേക്ക് ഉന്തി... ഞാൻ കരുതലോടെ അവളെ പിടിച്ചു... വെപ്രാളത്തോടെ മുഖത്തും തലയിലും വയറ്റിലും ഉഴിഞ്ഞ് ഓകെയല്ലേ ന്ന് ചോദിച്ചു... അവൾ പരവേശത്തോടെ തലയാട്ടി... രാധു നന്നായി പേടിച്ചിരുന്നു... എന്റെ പുറക്കിലേക്ക് മറഞ്ഞു കൊണ്ട് അവൾ ഭീതിയോടെ അവരെ നോക്കി.... "നിങ്ങളൊക്കെ ആരാ...??? മര്യാദയ്ക്ക് പുറത്തേക്ക് പൊയ്ക്കോ അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും....!!!" അനൂനെ പൊതിഞ്ഞ്‌ പിടിച്ഛ് രൂക്ഷമായി അവരെ നോക്കി ദേഷ്യത്തോടെ ഞാൻ ആക്രോശിച്ചു....

അവരേവരുടെയും മുഖത്ത് നിറഞ്ഞ പുച്ഛവും ചിരിയും കണ്ട ഞാൻ വേഗം കയ്യിലെ ഫോണെടുത്ത് വിളിക്കാൻ മുതിർന്നു.... "പൊലീസിനെയാണോ അതോ സിദ്ധാർത്ഥിനെയാണോ സിന്ധു വിളിക്കണേ...???" കളിയാക്കും പോലുള്ള ആ ചോദ്യം കേട്ട് ഞെട്ടലോടെ ഞാൻ മുഖമുയർത്തി.. കേട്ട് മറന്ന് സ്വരം... കിതപ്പോടെ ഞാൻ എല്ലാരേയും നോക്കി.... അവർ പരസ്പരം നോക്കി ചിരിച്ചു... എന്റെ കണ്ണുകൾ ആ ചോദ്യകർത്താവിനെ തിരഞ്ഞു, കാരണം എന്റെ മുന്നിൽ നിൽക്കുന്ന ഇവരാരുമായിരുന്നില്ല ആ ചോദ്യം ചോദിച്ചത്... പേടിയോടെ എന്റെ കണ്ണുകൾ വാതിലിന്റെ അടുത്തേക്ക് പാഞ്ഞു.... "മാർട്ടിൻ...!!!!" ഞാൻപോലുമറിയാതെ വിറയലോടെ ആ പേര് നാവിൽ നിന്ന് ഉതിർന്നു വീണു... (Flashback)..തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story