🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 221

ennennum ente mathram

രചന: അനു

"ഉറങ്ങിക്കോ...??" ഞാൻ വാത്സല്യത്തോടെ അവളോട് പറഞ്ഞു... വയറിൽ ചുറ്റി പിടിച്ച എന്റെ കയ്യെടുത്ത് അവൾ അവളുടെ കവിളിനോട് ചേർത്തു.... ഞാനവളെ കോരിയെടുത്ത് എന്റെ നെഞ്ചിലേക്ക് കിടത്തി... ഒരു പൂച്ചകുഞ്ഞിനെ പോലെ പതുങ്ങി കെട്ടിപ്പിടിച്ഛ് കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ഒതുങ്ങി കിടന്നു... ഞാൻ പയ്യെ അവളുടെ ഷോള്ഡറിൽ തട്ടി കൊടുത്തു... നെറുക്കിൽ തലോടി.... കുറച്ഛ് നേരം കൂടി അവളുടെ കണ്ണീരിൽ എന്റെ ടീ ഷർട്ട് കുതിർന്നു... എന്റെ നെഞ്ചിലെ ചൂടേറ്റ്, താളം കേട്ട് കുറേ ദിവസങ്ങൾക്ക് ശേഷം രാധു ഉറക്കത്തിലേക്ക് വഴുതി വീണു... ********** മൂന്ന് വർഷങ്ങൾക്ക് ശേഷം....!!!!! സ്വന്തം റൂമിലെ സോഫയിൽ ഇരിക്കുകയാണ് സിദ്ധു... മടിയിൽ തുറന്ന് വെച്ച ലാപ്ടോപ്... നിറഞ്ഞ ചിരിയോടെ അവൻ ലാപ്പിലേക്ക് നോക്കി.... താഴെ മെയിൻ ഹാളിലെ സോഫയിൽ കുഞ്ഞാദിയെ ഇരുകൈ കൊണ്ടും കിടത്തിയെടുത്ത് ശ്രദ്ധയോടെ ഇരിക്കുന്ന രാധുവിന്റെ ഫോട്ടോ... ഞാനാണ് പകർത്തിയത്... ചിരിയോടെ ഞാൻ ഫോട്ടോയിലേക്ക് നോക്കി...

ആദി അവന്റെ കുഞ്ഞി കൈ കൊണ്ട് രാധുവിന്റെ താലിമാലയിൽ മുറുക്കി പിടിച്ചിട്ടുണ്ട്... വെപ്രാളവും പേടിയും കാരണം രാധുവിന്റെ വാ അമ്പരപ്പോടെ അല്പം തുറന്നിട്ടുണ്ട്... ആദിയും രാധുവും ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം...!!!! ആദ്യമായി ഏട്ടത്തി ആദിയെ അനൂന്റെ കയ്യിൽ വെച്ഛ് കൊടുത്ത അന്ന് എടുത്തതാണ്... അതിന്റെ വെപ്രാളവും പേടിയുമാണ് അവളുടെ മുഖം നിറയെ... ഞാൻ കണ്ണെടുക്കാതെ ആ പികിലേക്ക് നോക്കി.... ദിവസങ്ങളും ആഴ്ചക്കളും ഒരുപാട് വേണ്ടി വന്നു ഇങ്ങനെയൊരു പിക് പകർത്താൻ... ഇന്ന്,,,, ഇപ്പോ,,,, അതൊക്കെ ഓർക്കുമ്പോ ചുണ്ടിൽ ചിരി വിരിയും... പക്ഷേ അന്ന്...???? ഹോ,,, ഓർക്കാൻ വയ്യ...!!!! ചെയറിൽ പുറകോട്ട് ചാഞ്ഞിരുന്ന് കൊണ്ട് ഞാൻ ഓർമകൾ പൊടി തട്ടി.... അധികം വൈകാതെ തന്നെ ബേബി ബ്ലൂസിൽ നിന്ന് ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് അവൾ എത്തിയിരുന്നു... എല്ലാവരിൽ നിന്നും അനു അകന്നു... അല്ലാ,, അവള് അവളെ തന്നെ അകറ്റി... എന്നെ പോലും... ആത്മാവില്ലാത്ത ശരീരം പോലെ, എപ്പോഴും ഒറ്റയ്ക്ക്, മറ്റേതോ ലോകത്ത്...

ആ റൂമിലെ ബെഡിലും ജനലിന് അരിക്കിലുമായി അവൾ കഴിച്ഛ് കൂടിയ ദിവസങ്ങൾ, ആരോടും ഒന്നും മിണ്ടാതെ മൂകമായിരുന്ന ആഴ്ചകൾ, ഒരു കാരണവുമില്ലാതെ കരഞ്ഞ് തീർത്ത രാത്രികൾ, ദുഃഖം നിറഞ്ഞ കണ്ണീരുണങ്ങാത്ത കണ്ണുകൾ.... വേദനയോടെ അവളെ നോക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് പോലും കഴിഞ്ഞില്ല... റൂമിൽ നിന്ന് പുറത്തിറങ്ങാൻ പോലും അവൾ ആഴ്ച്ചക്കളെടുത്തു... എല്ലാ ആഴ്ചയിലും ഒരിക്കൽ നന്തൻ വരുമായിരുന്നു... അവന്റെ കൗൺസിലിങ് ഒന്ന് മാത്രമാണ് അവളെ ഇപ്പോഴത്തെ അനുവാക്കി മാറ്റിയത്... നന്തന്റെ നിർദ്ദേശ പ്രകാരം, പതിയെ എല്ലാം ഒന്നിൽ നിന്ന് തുടങ്ങി... ആ റൂമിൽ നിന്ന് പയ്യെ ഹാളിലെ സോഫയിലേക്ക് നന്തൻ ആദ്യമായി അവളെ കൊണ്ടിരുത്തി.... പിന്നെ രാവിലെ കുളി കഴിഞ്ഞാൽ അവള് തന്നെ വന്നിരിക്കും... അപ്പഴും അനു സൈലന്റ് ആയിരുന്നു.. മൂകമായി ആ സോഫയിൽ മറ്റൊരു ലോകത്ത് മറ്റെന്തോ ചിന്തിച്ഛ് അവൾ ഇരിക്കും... സംസാരം വളരെ കുറവ്.. എന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ മറുപടികൾ ചെറിയ മൂളലുക്കളിൽ മാത്രം ഒതുങ്ങി....

പിന്നെ പതിയെ എല്ലാരോടും ഇടപഴക്കാനും, കുറച്ചൂടെയൊക്കെ സംസാരിക്കാനുമൊക്കെ തുടങ്ങി... ചടച്ഛ് കൂടി ഒറ്റയ്ക്ക് ഓരോന്ന് ചിന്തിച്ഛ് ഇരിക്കാൻ സമ്മതിക്കാതെ ആമി അവളെ പയ്യെ കിച്ചണിലും മറ്റും ചെറിയ ചെറിയ പണികൾക്ക് വിളിച്ചോണ്ട് പോകും... അപ്പഴും അനു അവളുടെ മാത്രമായ ലോകത്ത് ഒതുങ്ങി കൂടി... നോക്കി ചിരിച്ചാൽ മാത്രം അവളുടെ ചുണ്ടിൽ ചിരി പോലെ എന്തോ വിരിയും... ആദ്യത്തെ രാധുവിന്റെ നിഴല് പോലെ... കുഞ്ഞിനേയോ അവളിലെ അമ്മയേയോ അറിയാതെ മറ്റൊരു ലോകത്ത്.... വീട്ടിലൊരു കുഞ്ഞുള്ള അറിവ് പോലും അവൾക്ക് ഉണ്ടായിരുന്നില്ല... ആഴ്ചകൾ കൊണ്ട് തന്നെ കുഞ്ഞുമായി എല്ലാരും ഇണങ്ങി...ആദ്യത്തെ പേടി മാറി അമ്മുവും നിമ്മിയും കുഞ്ഞിനെ എടുക്കാൻ തുടങ്ങി.. ആരെങ്കിലും കുഞ്ഞിനെ എടുത്ത് അനൂന്റെ അടുത്ത് പോയി ഇരുന്നാലോ, കാണിച്ചാലോ ഒന്ന് നോക്കാൻ പോലും നിൽക്കാതെ അവളപ്പൊ തന്നെ എണീറ്റ് പോകുമായിരുന്നു... അവള് അംഗീകരിക്കാത്ത സ്ഥിതിയ്ക്ക് ആദ്യ പിറന്നാൾ എല്ലാരേയും അറിയിച്ഛ് കഴിക്കാമെന്ന തീരുമാനത്തിൽ മോന്റെ 28 കെട്ട് വലിയ ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ കഴിച്ചു...

അന്ന്,, ആ ദിവസം മുഴുവൻ ആരോടൊക്കെയോ ഉള്ള വാശിപോലെ പുറത്തേക്ക് വരാതെ അവൾ റൂമിൽ തന്നെ ചിലവഴിച്ചു.... നന്തൻ വിളിച്ചിട്ട് പോലും വന്നില്ല... അവള് ആഗ്രഹിച്ച പോലെ അവന് അച്ഛമ്മയുടെ പേര് കൂടി ചേർത്ത് അനു കണ്ട്പിടിച്ച പേര് തന്നെ ഇട്ടു... * അഥർവ്വ ദേവ്കി സിദ്ധാർത്ഥ് * ആദി ന്ന് വിളിച്ചു... അനുവിന് ഇഷ്ടമല്ലായിരുന്നു അവനെ അങ്ങനെ വിളിക്കുന്നത്... അവള് സ്വന്തം കുഞ്ഞിന് ഇട്ടാൻ കണ്ട് പിടിച്ച പേര് മറ്റൊരു കുഞ്ഞിനെ വിളിക്കുന്നു എന്ന ചിന്തയിൽ സങ്കടവും ദേഷ്യവും കൊണ്ട് അനൂന്റെ കണ്ണുകൾ നിറയുന്നത് പലവട്ടം വേദനയോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.... അമ്മുവോ നിമ്മിയോ മറ്റാരെങ്കിലുമോ ആദിയെ എടുത്ത് കൊഞ്ചിച്ഛ് അമ്മയെവിടെ ന്ന് ചോദിച്ഛ് അവളെ ചൂണ്ടി കാണിക്കുമ്പോ അവള് വെറുപ്പോടെ മുഖം തിരിക്കും... ഒരിക്കൽ * ഞാനാരുടേയും അമ്മയല്ല... ഇതെന്റെ കുഞ്ഞല്ല... എന്റെ കുഞ്ഞ് മരിച്ചു... എല്ലാരും കൂടി എന്റെ കുഞ്ഞിനെ കൊന്നു * എന്ന് ദേഷ്യത്തോടെ കിതയ്ച്ഛ് അലറി പറഞ്ഞ് അവള് റൂമിൽ കയറി വാതിലടച്ചത് എനിക്ക് ഇന്നും ഓർമയുണ്ട്... കുറേ ദിവസങ്ങൾക്ക് ശേഷം അന്നായിരുന്നു അനൂന്റെ ശബ്ദം ഉയർന്ന് കേട്ടത്....!!! എല്ലാരും ഞെട്ടിയിരുന്നു....

ആ വാക്കുകൾക്ക് ഇടയിൽ അനൂന്റെ കണ്ണുകൾ എന്നെ തേടി വന്നിരുന്നു... ഞാനാണല്ലോ കൊന്നത്..!!!! ഇപ്പോ ഓർക്കുമ്പോ നിസ്സാരമായി തോന്നുന്നു.. പക്ഷേ അന്ന്...??? ഏട്ടത്തിയായിരുന്നു ആദിയ്ക്ക് എല്ലാം... ഊട്ടാനും, ഉറക്കാനും ഒരുക്കാനും, കൊണ്ട് നടക്കാനുമൊക്കെ... ആദ്യമൊക്കെ അച്ഛമ്മയായിരുന്നു കുളിപ്പിക്കാ.. പിന്നെ പിന്നെ അതും കൂടി ഏട്ടത്തി ഏറ്റെടുത്തു.... രാത്രിക്കളിൽ അവൻ ഉറങ്ങാതെ കരയുമ്പോ അനു ദേഷ്യപ്പെടുമായിരുന്നു... * ശല്യം,,,, എന്തൊരു സൗണ്ടാ, ഉറങ്ങാൻ പറ്റുന്നില്ല, അതിന്റെ വായിലെന്തെങ്കിലും കുത്തി തീര്, അല്ലെങ്കിൽ വല്ലേടത്തും കൊണ്ട് പോയി കളാ * എന്നൊക്കെ അവൾ മുഷിച്ചിലോടെ പറയും... ഒരുതരം ദേഷ്യമായിരുന്നു അവൾക്ക്... കുഞ്ഞിനോട് മാത്രല്ല, എല്ലാരോടും.. എല്ലാരും കുഞ്ഞിനെ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്നതിലുള്ള അമർഷം... മറ്റാരേക്കാളും ഞാൻ കുഞ്ഞിനെ എടുക്കുന്നത് അവൾക്ക് ഒട്ടും ഇഷ്‍ടമല്ലായിരുന്നു... സ്വന്തം കുഞ്ഞിനെ കൊന്നിട്ട് മറ്റൊന്നിനെ ലാളിക്കുന്നു എന്ന ചിന്തയിൽ അവളെന്നെ പുച്ഛത്തോടെ നോക്കുമായിരുന്നു... ആ സമയം എനിക്കവളോട് സഹതാപം തോന്നും..!!! പിന്നെ പിന്നെ ആ പുച്ഛം ദേഷ്യമായി...

മേം പറഞ്ഞത് ഓര്മയുള്ളത് കൊണ്ട് അവള് കാണേ ഞാൻ കുഞ്ഞിനെ എടുക്കാതെയായി... ഇടയ്ക്ക് എടുത്ത് കുഞ്ഞിനെ ഞാൻ അവൾക്ക് നേരെ നീട്ടുമ്പോ വല്ലവരുടേയും കുഞ്ഞിനെയൊന്നും ഞാനെടുക്കില്ല ന്ന് ദേഷ്യത്തോടെ പറഞ്ഞ് അകന്ന് പോകുന്ന അവളെ ഞാൻ അലിവോടെ നോക്കും.... കുഞ്ഞിനെ അവളെ കാണിക്കാൻ പോലും പേടിച്ചിരുന്ന അവസ്ഥയിൽ അച്ഛമ്മയാണ് ധൈര്യത്തോടെ ചെറിയ ബേബി ബെഡിൽ എല്ലാർക്കും എപ്പഴും കണ്ണെത്തും വിധം ഹാളിൽ അനു ഇരിക്കുന്നതിന്റെ അടുത്ത് ആദിയെ ആദ്യമായി കിടത്തിയത്... കൂട്ടിന് കുറേ കളിപ്പാട്ടങ്ങളുമായി കനിയും സേതുവും.... പേടിച്ഛ് നിന്നാൽ അവളൊരിക്കലും കുഞ്ഞുമായി,അടുക്കില്ലെന്ന് അന്ന് അച്ഛമ്മ പറഞ്ഞ് ഞാൻ ഓർക്കുന്നു... അന്ന് കുഞ്ഞിന്റെ ജീവൻ വെച്ഛ് കളികരുതെന്ന് പറഞ്ഞ് ഞാൻ അച്ഛമ്മയോട് ദേഷ്യപ്പെട്ടിരുന്നു... പക്ഷേ അതായിരുന്നു ട്യൂർണിങ് പോയന്റ്... ആദ്യമൊക്കെ പേടിയായിരുന്നു, ഓഫീസിൽ പോയാ ഞാൻ ഇടയ്ക്കിടെ വീട്ടിലേക്ക് വിളിക്കും.. അനുവോന്ന് അനങ്ങിയാ പോലും പറയണം ന്ന് കനിയെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.... നിങ്ങളൊന്ന് ചിന്തിച്ഛ് നോക്കിക്കേ, സ്വന്തം കുഞ്ഞിനെ അവളെന്തെങ്കിലും ചെയ്യുമോ, ഉപദ്രവിക്കോ ന്ന് പേടിച്ഛ് കാവലിന് ആളെ നിർത്തുക....

എന്തൊരു അവസ്ഥയാണല്ലേ...???? ആദ്യമാദ്യം ദേഷ്യത്തോടെ ഞൊടിഞ്ഞ് വെറുപ്പോടെ അനു എണീറ്റ് പോവുമായിരുന്നെങ്കിലും പയ്യെ പയ്യെ അവള് എണീറ്റ് പോവാതെ കുഞ്ഞിനെ ശ്രദ്ധിക്കാൻ തുടങ്ങി.... നോക്കോ, എടുക്കോ, ചിരിക്കോ, കൊഞ്ചിക്കോ ഒന്നും ചെയ്യില്ല... എന്നാലും അവിടെ വെറുതേ ഇരിക്കും... ഇടയ്ക്ക് പലപ്പോഴും കുറേനേരം അവന്റെ മുഖത്തേക്ക് സൂക്ഷിച്ഛ് നോക്കും... പിന്നേ എന്തോ ആലോചിക്കും.. ചിലപ്പോ കണ്ണ് നിറയുന്നതും കാണാം... അവളൊന്ന് മയപ്പെട്ട് തുടങ്ങിയതും അവനെ കുളിപ്പിക്കുമ്പഴും, ഒരുക്കുമ്പഴുമൊക്കെ അനൂനെ നിർബന്ധിച്ഛ് ഏട്ടത്തി കൂടെ നിർത്താൻ തുടങ്ങി.... ആദ്യമാദ്യം ഒഴിഞ്ഞ് മാറിയെങ്കിലും പിന്നെ പിന്നെ അനു ഏട്ടത്തിയുടെ കൂടെ കൂടി... ഒരു ദിവസം ഏട്ടത്തി അവനെ കുളിപ്പിച്ഛ് ഒരുക്കുമ്പോ അനു അടുത്ത് പോയിരുന്ന് ചോദിച്ചു, ഏട്ടത്തിയും ഏട്ടനും ദത്തെടുത്ത കുഞ്ഞാണോ ഇതെന്ന്... അതിന് ഏട്ടത്തി പറഞ്ഞ മറുപടി രസകരമായിരുന്നു... * അല്ലാ,,, ഇതെന്റെ സിദ്ധുന്റേയും അനൂന്റേയും മോനാ ആദി * ന്ന്...!!!

അത് ഞങ്ങൾക്കെരു ശുഭ പ്രതീക്ഷയായിരുന്നു... അല്ലെങ്കിൽ * ഇതെന്റെ കുഞ്ഞല്ല, ആരുമല്ല, അമ്മയല്ല * എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞിരുന്നവൾ അന്ന് ഏട്ടത്തിയെ കുറേ നേരം ഉറ്റു നോക്കി ഒന്നും മിണ്ടാതെ എണീറ്റ് പോയി... പിന്നെ പിന്നെ അവള് പയ്യെ അവനെ നോക്കാനും ചിരിക്കാനും കളിപ്പാട്ടം കുലുക്കി കളിപ്പിക്കാനും മറ്റും തുടങ്ങി... എങ്കിലും, അവൾക്കും കുഞ്ഞിനുമിടയിൽ അകൽച്ച നിലനിന്നു പോന്നു... സ്വന്തം കുഞ്ഞാണെന്ന് അംഗീകരിക്കാൻ, വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല... മരിച്ഛ് പോയ കുഞ്ഞിന് വേണ്ടി അപ്പഴും രാത്രികളിൽ ആ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു... ഇടയ്ക്കിടെ റൂമിൽ കുഞ്ഞിനെ ഉറക്കി കിടത്തി അവളെ നോക്കാൻ ഏല്പിച്ഛ് ഏട്ടത്തി ഒളിഞ്ഞ് മാറി നിൽക്കുമായിരുന്നു... ഡയഗ്രം മാറ്റാനും ഡ്രസ് ഇട്ടീക്കാനും മറ്റും മനപൂർവ്വം അനൂനോട് പറയും... ആദ്യമാദ്യം അവള് ചെയ്യാതെ ഏട്ടത്തി വരുന്ന വരേ നോക്കി നിൽക്കുമായിരുന്നെങ്കിലും പിന്നെ പിന്നെ അവളതും ചെയ്ത് തുടങ്ങി....

ഏട്ടത്തിയുടെ നിർദ്ദേശം പ്രകാരം കുഞ്ഞിമായി ബന്ധപ്പെട്ട എല്ലാത്തിനും വീട്ടിലുള്ള എല്ലാരും അനൂനെ മാത്രം തിരഞ്ഞെടുത്തു... പയ്യെ പയ്യെ അവളും അതൊക്കെ അസ്വദിച്ഛ് തുടങ്ങി...!! ആദ്യം രാത്രിക്കളിൽ കുഞ്ഞ് കരഞ്ഞാൽ ദേഷ്യപ്പെടുന്നവൾ പിന്നെ പിന്നെ അവൻ കരയുന്നത് കേൾക്കുമ്പോ വേവലാതി പെട്ടു... അവൻ കരച്ചില് നിർത്തുന്ന വരെ അവള് റൂമിനുള്ളിൽ ഇരുന്നും നടന്നും വല്ലാതെ വെപ്രാളപ്പെടുമായിരുന്നു.... ഞാൻ അനൂനെ നോക്കി പോയി നോക്കിക്കോ ന്ന് പറഞ്ഞാൽ അവള് കുറച്ഛ് നേരം എന്നെ നോക്കി നിൽക്കും പിന്നെ ബെഡിന്റെ ഒരു സൈഡിൽ ചുരുണ്ട് കിടക്കും... അവൻ കരയുമ്പോ ആ ഉള്ളം വിങ്ങുന്നത് ഞാൻ അറിഞ്ഞു.. അവള് അവന്റെ അമ്മയിലേക്ക് എത്തി കൊണ്ടിരിക്കാണെന്നറിഞ്ഞ നിമിഷം എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.... പിന്നെയെല്ലാം പെട്ടെന്നായിരുന്നു.... എല്ലാം കൊണ്ടും അവളവന്റെ അമ്മയായ ദിവസം മറവിയ്ക്ക് വിട്ട് കൊടുക്കാതെ ഞാൻ ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നുണ്ട്.... * അന്നൊരു ഞായറാഴ്ചയായിരുന്നു... ആദിയ്ക്ക് മൂന്ന് മാസം പ്രായം.... വീട്ടിൽ എല്ലാരും ണ്ട്... അമ്മു, കണ്ണൻ, നിമ്മി, അപ്പു, നന്തൻ, അജു, ആമി..!!!! കുറേ ദിവസങ്ങൾക്ക് ശേഷം എല്ലാരുമൊന്ന് ഒത്ത് കൂടിയതാണ്...

എല്ലാരും കളിയും ചിരിയും ബഹളവുമായി ഹാളിൽ ഇരുന്നു... ഏട്ടത്തി ആദിയ്ക്ക് ഫീഡിങ് ബോട്ടിലിൽ നാൻ കലക്കിയത് കൊടുക്കാണ്... ഏട്ടത്തിയുമായി അവനിപ്പോ നല്ല കൂട്ടാ... ഏട്ടത്തിയെ കണ്ടല്ലോ, സൗണ്ട് കേട്ടാലോ ഒക്കെ വേഗം റിയാറ്റ് ചെയ്യും... നോക്കി ചിരിക്കും... അവനുമായി അടുപ്പമുള്ള, ആരെങ്കിലും കണ്ടാ കയ്യും കാലുമൊക്കെ അടിച്ഛ് ചെറിയ ചെറിയ സൗണ്ട് ഒക്കെ ഉണ്ടാക്കും... ഏട്ടത്തിയുടെ ഇടം സൈഡിൽ തൊട്ടടുത്ത് അനു ഇരുപ്പുണ്ട്... ഏട്ടത്തി പറഞ്ഞാൽ മാത്രം എല്ലാത്തിനും കൂടുമെങ്കിലും അവളിത് വരേ അവനെ തലോടാനോ, എടുക്കാനോ, മടിയിൽ വെക്കാനോ മുതിർന്നിട്ടില്ല.... നാൻ കൊടുത്ത് കഴിഞ്ഞതും ഏട്ടത്തി അവനെ ഇടത്തേ തോളിലിട്ട് പുറത്ത് തട്ടി.... അങ്ങനെ വെച്ഛ് കൊണ്ട് ഏട്ടത്തിയും ഞങ്ങളെ കൂടെ സംസാരിക്കാൻ തുടങ്ങി... അനു ഏട്ടത്തിയുടെ തോളിലുള്ള ആദിയെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.... കുറച്ചായി അവളിലെ മാറ്റങ്ങൾ എന്നെ പോലെ വീട്ടിലെ എല്ലാരും ശ്രദ്ധിച്ചിട്ടുണ്ട്... എപ്പഴും കുഞ്ഞിന് ചുറ്റുമായി അവളെ കാണാം.. അമ്മയോ അച്ഛമ്മയോ മറ്റോ പെട്ടെന്ന് എടുക്കുമ്പോ, അവൻ അവരുടെ കയ്യിൽ കിടന്ന് കുതറുമ്പോ പിടയുമ്പോഴേക്കെ അവളുടെ മുഖത്ത് ഒരമ്മയുടെ പേടിയും വെപ്രാളവും നിറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്...

ആദിയെ എടുക്കാനും മടിയിൽ വെക്കാനും തോളിൽ കിടത്തി ഉറക്കാനൊക്കെ അവളിപ്പോ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... പക്ഷേ അവളത് പുറത്ത് കാണിക്കുന്നില്ല... ആരോടും പറയുന്നില്ല... ഒറ്റയ്ക്ക് എടുക്കാനും, തോളിൽ ഇട്ടാനും അവൾക്ക് പേടിയാണ്... അമ്മുവും നിമ്മിയും വരെ അവനെ അനായാസം എടുക്കുന്നതും കൊഞ്ചിക്കുന്നതും അവള് കൊതിയോടെ നോക്കുന്നത് ഞങ്ങൾ എല്ലാവരും കാണാറുണ്ട്... അല്ലെങ്കിൽ എല്ലാരും കുഞ്ഞിനെ അവളുടെ അടുത്തേക്ക് കൊണ്ട് പോവുകയും അവളുടെ തൊട്ടടുത്ത് ഇരുന്ന് കളിപ്പിക്കുകയും അവളെ നോക്കാൻ പറയുകയും മറ്റും ചെയ്യുമായിരുന്നു... അവള് കുഞ്ഞിനെ ആഗ്രഹിച്ഛ് തുടങ്ങിയ നിമിഷം തൊട്ട് ഞങ്ങളാരും അതിന് മുതിർന്നിട്ടില്ല.... എന്റെ കുഞ്ഞല്ല ന്ന് പറഞ്ഞ അവള് തന്നെ പറയണം എന്റെ മോനാണെന്ന്... ആരും പറയാതെ അവള് അവനെ എടുക്കണം... അവന്റെ കാര്യങ്ങൾ നോക്കണം... അതിന് ആരുടേയും ഒരു പ്രേരണയും കൂടാതെ അവള് സ്വയം മുന്നോട്ട് വരണം... ഇതെന്റെ വാശിയാണ്... എന്റെ മാത്രല്ല...

ഞങ്ങളെ എല്ലാരുടെയും...!!!! ഞങ്ങളെല്ലാരും നല്ല സംസാരത്തില്ലാണെങ്കിലും ഒരു കണ്ണ് കൊണ്ട് അവളെ ശ്രദ്ധിക്കുന്നുണ്ട്... അവള് ചെറിയ ടെൻഷനോടെ ഞങ്ങളെ എല്ലാരേയും നോക്കുന്നുണ്ട്... അനുവിന്റെ പേടിയും ടെൻഷനും കണ്ട് എനിക്ക് ഒരേ സമയം ചിരിയും അവളോട് സഹതാപവും തോന്നി... സ്വന്തം കുഞ്ഞിനെ എടുക്കാൻ, എന്റെയാണെന്ന് പറയാൻ അവളിത്രത്തോളം നേർവസ് ആവുന്നത് എന്തിനാ...??? ആരെയാ അനു പേടിക്കുന്നത്...??? എനിക്ക് മനസ്സിലാവുന്നില്ല...!!! അവള് ഏട്ടത്തിയോട് എന്തോ ചോദിക്കാൻ തുടങ്ങിയ നിമിഷം നിമ്മി എണീറ്റ് വന്ന് കുഞ്ഞിനെ എടുത്തു... അനു നിരാശയോടെ അവളെ നോക്കി... മുഖത്ത് ചെറിയ ദേഷ്യം നിറഞ്ഞു.. നിമ്മി ഒരുകയ്യാൽ അവനെ പിടിച്ഛ് മറു കയ്യാൽ അവന്റെ ഡ്രസ് ശെരിയാക്കുമ്പഴാണ് ആദി പെട്ടെന്ന് പിന്നിലേക്ക് മറിഞ്ഞത്... "നിമ്മി.... സൂക്ഷിച്ചു... ശ്രദ്ധിച്ഛ് നല്ലോണം എടുക്ക്...???" അനുവിന്റെ ശബ്ദം പതിവിലും ഉയർന്നു... ആദിയുടെ അടുത്തേക്ക് പേടിയോടെ വലം കൈ നീട്ടി കൊണ്ട് അനു പറഞ്ഞത് കേട്ട് അവിടെയാകെ ഒരു നിമിഷം നിശബ്ദമായി.... ഞങ്ങൾ എല്ലാരും അനൂനെ നോക്കി... "ഒന്ന് പിന്നിലേക്ക് മറിഞ്ഞ് പോയല്ലേള്ളൂ... ല്ലേടാ..??? ചെറിയമ്മേടെ പൊന്നേ...???"

ആദിയെ നേരെ പിടിച്ഛ് കൊഞ്ചിച്ഛ് നിമ്മി കളിപോലെ അവനോട് പറഞ്ഞു... ആദി കാലിട്ടടിച്ചു... ഞങ്ങളാരും അതത്ര കാര്യമാക്കിയില്ല ന്ന് തോന്നിയതും അനു എല്ലാരേയും ഒന്ന് നോക്കി തലകുനിച്ചിരുന്നു... നിമ്മി ഒളിക്കണ്ണാലെ അനൂനെയൊന്ന് നോക്കി, എന്നെ നോക്കി ചിരിച്ചു... "അച്ഛേടെ മോനെവിടെ...???" നിമ്മിയുടെ കയ്യിലെ ആദിയെ നോക്കി ഞാൻ കൊഞ്ചലോടെ ചോദിച്ചു... "ദാ,,,, ല്ലേ...???" നിമ്മി അവന്റെ കുഞ്ഞി കയ്യെടുത്ത് അവന്റെ നെഞ്ചിലേക്ക് വെച്ഛ് അവൻ പറയുന്ന പോലെ പറഞ്ഞു... അവൻ ചിരിച്ചു... ഞാൻ രാധൂനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... നിമ്മി അവളെ ചൂണ്ടി അമ്മയെവിടെ ന്ന് ചോദിച്ചിരുന്നെങ്കിൽ ന്ന് അവള് ആഗ്രഹിച്ചിരിക്കണം.... ആ നിറഞ്ഞ കണ്ണുകളിൽ ഇപ്പഴും പ്രതീക്ഷയുണ്ട്.. പക്ഷേ നിമ്മി അങ്ങനെ ചോദിച്ചില്ല.. അവള് മറ്റെന്തോ പറഞ്ഞ് അവനെ കളിപ്പിച്ചു...

നിരാശായോടെ അവളുടെ മുഖം കുനിഞ്ഞു... പിന്നെ വേദനയോടെ എന്തോ ആലോചിച്ഛ് ചിരിച്ചു... "ആഹ്,,, ആദീ...!!!!" ആദി നിമ്മിയുടെ മുടിയിൽ മുറുക്കി പിടിച്ചതും നിമ്മി വേദനയോടെ നിലവിളിച്ചു.... അത് കേട്ട് അനു ഞൊടിയിടയിൽ മുഖമുയർത്തി നിമ്മിയെ നോക്കി... ആദിയുടെ വികൃതി കണ്ട് അനു ചിരിച്ചു... നിമ്മി വേഗം അവനെ ഏട്ടത്തിയുടെ കയ്യിലേക്ക് തന്നെ കൊടുത്ത് അവന്റെ കയ്യിൽ നിന്ന് മുടി വിട്ടീച്ചെടുത്തു... നല്ല മുറുക്കി പിടിച്ഛ് വെച്ചിരിക്കാ... അവള് കുറച്ചധികം കഷ്ടപ്പെട്ടു.... "നല്ല ഒറ്റ കിട്ടണം ചെക്കന്... എന്റെ മുടിയൊക്കെ പിച്ചി...!!!!" കപടദേഷ്യത്തോടെ പറഞ്ഞ് നിമ്മി അവന്റെ നേരെ കയ്യോങ്ങി കൂർപ്പിച്ചു നോക്കി... ആദിയുടെ മുഖം ഇരുണ്ടു... സങ്കടം നിറഞ്ഞു.. ചുണ്ടുകൾ വിറച്ചു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story