എന്നും എപ്പോഴും: ഭാഗം 1

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

സർവ്വാഭരണ വിഭൂഷിതയായി മുറിയിലെ ചുമരിനോരം ചേർന്ന് കൂനി കൂടി വിറങ്ങലിച്ചിരിക്കുന്ന "ഇന്ദ്ര "യെ പലരും അനുതാപത്തോടെ നോക്കി..... ചിലർ പുച്ഛത്തോടെയും........ അവളിലപ്പോഴും നിസ്സംഗതയായിരുന്നു.... വർഷങ്ങളായി നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞ് വീണൊരു പെണ്ണിന്റെ നിസ്സഹായത...... രണ്ടര വർഷമായി നെഞ്ചിലേറ്റിയ ആത്മാർത്ഥ പ്രണയം തന്നെ സമർത്ഥമായി കബളിപ്പിച്ചെന്നോർക്കെ ഇന്ദ്രയുടെ ഹൃദയവും , ശരീരവും അസഹനീയമായ വേദനയാൽ പിടഞ്ഞു..... ഉമ്മറത്ത് നിന്നായി അച്ഛന്റെ അപേക്ഷകൾ ഉയർന്നു കേൾക്കാം ,ഒപ്പം അപ്പച്ചിയുടെ ശകാര വാക്കുകളും...... നഷ്ടപ്പെട്ടു പോയ മകളുടെ ജീവിതം കരയ്ക്കടുപ്പിക്കാനുള്ള അവസാന മാർഗ്ഗമെന്നോണം അപ്പച്ചിയോടും , ദേവേട്ടനോടും താണ് കേണപേക്ഷിക്കുകയാണ് പാവം......... """സാവിത്രിയേ... ന്റെ കുട്ടീടെ ജീവിതമാണ്... ഏട്ടനോട് നീ ഇത്തിരി ദയ കാണിക്കണം.... മോനെ ദേവാ.... നീയെങ്കിലും അമ്മാമ്മയെ ഒന്ന് മനസ്സിലാക്ക്‌..."""" നിസ്സഹായതയോടെ ബാലചന്ദ്രൻ പെങ്ങൾക്കും , മകൻ ദേവനും മുമ്പിൽ ഇരു കൈകളും കൂപ്പി തല കുനിച്ചു....... ദേവനെന്തോ പറയാനൊരുങ്ങിയതും സാവിത്രി അവനെ തടഞ്ഞു.... """ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ന്റെ മോൻ അവളെ കെട്ടില്യ......

പെൺകുട്യോളെ വളർത്തുമ്പോഴെ അടക്കിയൊതുക്കി വളർത്തണം..... ഒരുത്തനോട് പ്രേമമാണെന്ന് അവൾ വന്ന് പറഞ്ഞപ്പോഴേക്കും മുന്നും പിന്നും ചിന്തിക്കാണ്ട് എടുത്ത് ചാടിയതല്ലേ.... അനുഭവിച്ചോ........""" എളിയിൽ കുത്തിയ സാരി തലപ്പൂരിയൊന്ന് വീശി കുടഞ്ഞവർ നിറ കണ്ണുകളോടെ വാതിൽക്കൽ തളർന്നു നിൽക്കുന്ന ഇന്ദ്രയെ നോക്കി പുച്ഛിച്ചു...... ""മറ്റൊരുത്തന്റെ വിഴുപ്പിനെ ചുമക്കേണ്ട ഗതികേടൊന്നും ന്റെ മോന് വന്നിട്ടില്ല....... കാമുകനൊപ്പം എവിടൊക്കെ അഴിഞ്ഞാടിയിട്ടാ ഇവള്................."" """അപ്പച്ചി....... മതി നിർത്ത്......."" സാവിത്രിയുടെ വാക്കുകൾ അവസാനിക്കും മുന്നേ ഇന്ദ്രയുടെ ശബ്ദമുയർന്നിരുന്നു.... ""എനിക്കാരും ഇവിടെ വിവാഹമൊന്നും ആലോചിക്കണ്ട ........ ആരും കഷ്ടപ്പെട്ട് എന്നെ ഏറ്റെടുക്കേം വേണ്ട...... "ഇന്ദ്രജാ ബാലചന്ദ്രന്റെ" വിവാഹം മുടങ്ങി....... എല്ലാവർക്കും പോകാം........""" ദൃഢതയോടെ അവളത് പറഞ്ഞു തീർന്നപ്പോഴേക്കും ബാലചന്ദ്രന്റെ വലതു കൈ തലം ഇന്ദ്രയുടെ ഇടത്തേ കവിൾ തടത്തിൽ ശക്തമായ പ്രഹരമേൽപ്പിച്ചിരുന്നു.... """ഒരക്ഷരം മിണ്ടിപ്പോകരുത് നീ .........

സാവിത്രി പറഞ്ഞതിലെന്താ തെറ്റ്???""" """അച്ഛാ............""" ഇടറിയ വാക്കുകളോടെ ഇന്ദ്ര മിഴികളുയർത്തി അച്ഛനെ നോക്കി....... """കയറി പോടീ അകത്തേക്ക്.....""" മുറിയിലേക്ക് വിരൽ ചൂണ്ടിയയാൾ ഇന്ദ്രയ്ക്ക് നേരെ ആക്രോശിച്ചു......... സാരി തലപ്പിനാൽ മുഖം പൊത്തിയവൾ മുറിയിലേക്കോടി കയറി........ അച്ഛനെ ഒന്ന് നോക്കി കലങ്ങിയ കണ്ണുകളോടെ അമ്മുവും ഇന്ദ്രയ്ക്ക് പിന്നാലെ ചുവടുകൾ വച്ചു...... ""ചേച്ചി......"" അലിവോടെയുള്ള അമ്മുവിന്റെ സ്വരം കാതുകളിൽ പതിഞ്ഞ നിമിഷം ഇന്ദ്ര എങ്ങലോടെ അവളെ ഇറുകെ പുണർന്നു...... """ചേച്ചിക്ക്..... ചേച്ചിക്കൊന്നും അറിയില്ല മോളേ..... ചേച്ചി ചീത്തയല്ല......... ആകാശേട്ടനെന്തോ അപകടം പറ്റിയിട്ടുണ്ടാകും..... അല്ലാതെ.... അല്ലാതെ ഏട്ടൻ ഇങ്ങനെയൊന്നും എന്നോട്..........""""" ഉറക്കെ കരഞ്ഞു കൊണ്ട് ഇന്ദ്ര അമ്മുവിലുള്ള പിടി വീണ്ടും മുറുക്കി...... ഒരക്ഷരം പോലും ഉരിയാടാതെയവൾ നിറ കണ്ണുകളോടെ ചേച്ചിയെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു........ പുറത്തു നിന്നുമാരുടെയൊക്കെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഇന്ദ്ര അമ്മുവിൽ നിന്നുമടർന്നു മാറിയത്....... ഉള്ളം കയ്യാൽ മിഴികളമർത്തി തുടച്ച് പുറത്തേക്ക് കടന്നതും വെറും നിലത്ത് നെഞ്ചിൽ കൈ തലമമർത്തി കിടന്നു പിടയുന്ന അച്ഛനെ കണ്ടവൾ ഒരു മാത്ര തരിച്ചു നിന്നു......... """ചേച്ചി...... അച്ഛൻ......."""

അമ്മുവിന്റെ ഇടർച്ചയോടെയുള്ള വാക്കുകൾ കാതുകളെ തഴുകിയതിനടുത്ത നിമിഷം """അച്ഛാ """............ എന്നുറക്കെ അലറി വിളിച്ചവൾ അയാൾക്കരികിലേക്ക് പാഞ്ഞടുത്തു........ ആയാസ്സപ്പെട്ട് കൈകളുയർത്തിയയാൾ വാത്സല്യപ്പൂർവ്വം ഇന്ദ്രയുടെ കവിൾതടത്തിലൊന്ന് തഴുകി...... """അമ്മൂട്ടിയെ നോക്കണം.....""" വാക്കുകൾ നിലച്ചപ്പോൾ നേർത്തൊരു വിറയലോടെ അച്ഛന്റെ കൈകൾ ഇന്ദ്രയുടെ മടിയിലേക്ക് പതിച്ചു...... """"അച്ഛാ............"""" വിയർപ്പുതിർന്ന മേനിയോടെ ഇന്ദ്ര ഞെട്ടിയെഴുന്നേറ്റു......... ഈർപ്പം തട്ടിയ മിഴികൾ പുറം കയ്യാൽ അമർത്തി തിരുമ്മി തൊട്ടരികിൽ കിടക്കുന്ന അമ്മൂട്ടിയുടെ നെറ്റിയിലൊന്നമർത്തി ചുംബിച്ചവൾ കിടക്കയിൽ നിന്നെഴുന്നേറ്റു...ശേഷം അമ്മൂട്ടിയെ ഉണർത്താൻ വിഫലമായൊരു ശ്രമം നടത്തി ......... """അമ്മൂട്ടിയെ.....എണീക്ക് ....... ദേ സമയം ഏഴര മണിയായിട്ടൊ .....""" """ഇന്ന് ഞായറാഴ്ച്ചയല്ലേ ചേച്ചി..... ഇത്തിരി നേരം കൂടെ കിടന്നോട്ടെ...... പ്ലീസ്......""" ഉറക്കം മുറിഞ്ഞു പോകുമെന്ന ഭയത്താൽ ഇമകൾ വിടർത്താതെയവൾ ചിണുങ്ങി പറഞ്ഞു...... പുഞ്ചിരിയോടെ അമ്മുവിന്റെ നെറുകിലൊന്ന് തലോടി ഇന്ദ്ര മുറി വിട്ട് പുറത്തേക്ക് കടന്നു......

മുറ്റമടിയും , കുളിയും , തുണിയലക്കലുമെല്ലാം കഴിഞ്ഞവൾ തിരികെയെത്തിയിട്ടും അമ്മൂട്ടിയുടെ നിദ്രയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലായിരുന്നു..... """"അമ്മൂട്ടിയെ സമയം ഒമ്പതാവാറായേ......""" അടുക്കളയിൽ നിന്നും ഇന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു..... നെഞ്ചോളം മൂടിയ പുതപ്പ് തല വഴി മൂടി അമ്മു വീണ്ടും ഗാഢ നിദ്രയിലേക്കൂളിയിട്ടു...... തിളപ്പിച്ചാറ്റിയ കട്ടൻ പകർത്താനായി റാക്കിൽ നിര നിരയായി എടുത്ത് വച്ചിരുന്ന കുപ്പി ഗ്ലാസ്സുകളിലൊന്ന് ഇന്ദ്ര കൈ നീട്ടിയെടുത്ത നിമിഷം പിന്നിൽ നിന്നും ഗാംഭീര്യമാർന്നൊരാക്രോശമുയർന്നു കേട്ടു....... """"ഇന്ദ്രാ.........."""" ഇന്ദ്രയൊന്ന് ഞെട്ടി വിറച്ചു .... കയ്യിൽ കരുതിയിരുന്ന കുപ്പിഗ്ലാസ്സ് നിലം പതിച്ച് ചിന്നഭിന്നമായി ...... നെഞ്ചിൽ കൈതലം ചേർത്തവൾ സംഭ്രാന്തിയോടെ പിന്തിരിഞ്ഞു.... """പേടിപ്പിച്ചു കളഞ്ഞൂല്ലോ ദേവേട്ടാ ?? എന്തിനാ ഇങ്ങനെ ഒച്ചയെടുക്കണത്......?? മനുഷ്യന്റെ നല്ല ജീവനങ്ങു പോയി കിട്ടി.. ഹൗ......."""" ധ്രുതഗതിയിലായിരുന്ന ഹൃദയമിടിപ്പിനെ ശാന്തമാക്കാനവൾ രണ്ട് മൂന്ന് തവണ ശ്വാസം നീട്ടിവലിച്ചു വിട്ടു ..... ദാവണിതുമ്പെളിയിൽ തിരുകി നിലത്ത് മുട്ട് കുത്തിയിരുന്ന് പൊട്ടിയ ചില്ല് കഷ്ണങ്ങൾ പെറുക്കാനായി കൈ നീട്ടിയതും കൈ തണ്ടയിൽ ദേവന്റെ പിടി വീണു.... ഇന്ദ്ര ശിരസ്സുയർത്തി അയാളെയൊന്ന് നോക്കി..... മുഖം ക്രോധത്താൽ രക്തവർണ്ണമായിരിക്കുന്നു......

നിമിഷ നേരത്തിനുള്ളിൽ ഇന്ദ്രയെ പിടിച്ചു വലിച്ചവൻ വെളിയിലേക്ക് നടന്നു......... എതിർക്കാൻ ശ്രമിച്ചപ്പോഴെല്ലാം അയാളിലെ കരുത്ത് വർധിച്ചതല്ലാതെ ഒരംശം പോലും കുറഞ്ഞില്ല...... ഉമ്മറ കോലായിലെത്തി പിന്നിൽ നിന്നുമവളെ ഊക്കോടെ മുന്നിലേക്ക് വലിച്ചിട്ട് ദേവനവളുടെ കണ്ണുകളിലേക്കുറ്റ് നോക്കി ..... ""എന്താ നിന്റെ ഉദ്ദേശം??? നിനക്ക്.... നിനക്ക് ഭ്രാന്താണോ ഇന്ദ്ര?? അവനേപോലൊരാഭാസന്റെ മുന്നിൽ കഴുത്ത് നീട്ടികൊടുക്കാൻ മാത്രം എന്ത് ഗതികേടാടി നിനക്കുള്ളത്??"" ദേവന്റെ ശബ്ദം ആ ഓട് മേഞ്ഞ തറവാട് വീടാകെ അലയൊലികൾ തീർത്തു..... ഇന്ദ്ര മൗനിയായി അകലേക്ക്‌ മിഴികളെയ്തു നിന്നു..... ""എന്നോടുള്ള വാശിയാണോ??? ആണെങ്കിൽ അത് വേണ്ട ഇന്ദ്ര..... നിന്റെ നല്ലതിനായിരിക്കില്ല......."" ""ദേവേട്ടനോട് ഇന്ദ്രക്കെന്തിനാ വാശി???? ന്റെ ജീവിതം ഞാൻ തിരഞ്ഞെടുത്തു....... അയാളെ എനിക്കിഷ്ടായതുകൊണ്ടാ ഞാൻ......."" പറഞ്ഞ് പൂർത്തിയാക്കും മുന്നേ ദേവന്റെ ഉയർന്ന കൈ തലം ഇന്ദ്രയുടെ വാക്കുകൾക്ക്‌ തടസ്സം സൃഷ്ടിച്ചു....... ""മതി നിന്റെ പ്രസംഗം........ ഈ വിവാഹം നടക്കില്ല ഇന്ദ്രാ....... ഞാൻ സമ്മതിക്കില്ല......."" കടപല്ല്‌ ഞെരിച്ച് മുണ്ടിനറ്റം മടക്കി കുത്തിയയാൾ മുറ്റത്തേക്കിറങ്ങി പിന്തിരിഞ്ഞു നിന്നു.... ""പറഞ്ഞല്ലോ ദേവേട്ടാ.....ഇതെന്റെ മാത്രം ജീവിതമാണ്...... തീരുമാനമെടുക്കാൻ എനിക്കറിയാം..."" ഇന്ദ്രയുടെ സ്വരം നന്നേ ഉറച്ചതായിരുന്നു.....

കരുത്താർന്നതായിരുന്നു....... ദേവൻ തല ചെരിച്ചവളെ നോക്കി..... ""അപ്പൊ ഞാൻ... ഞാൻ നിന്റെ ആരുമല്ലെ ഇന്ദ്ര .....???"" ഊറി വന്ന പുച്ഛത്താലവൾ ചൊടികൾ വളച്ചൊടിച്ചു.... ""ദേവേട്ടൻ ചെല്ല്......."" ""ഉത്തരം കിട്ടാതെ ഞാൻ പോകില്ല....""" '''നിങ്ങടേം , നിങ്ങടമ്മേടേം കയ്യിലുള്ള കളിക്കോപ്പോ ,പാവയോ ഒന്നുമല്ല ഞാൻ... ഒരു മനുഷ്യ ജീവിയാണ്...... അന്ന്... ന്റെ വിവാഹം മുടങ്ങിയ ആ ദിവസം ന്റെ അച്ഛന്റേം ഇവിടെ കൂടി നിന്ന നാട്ട്ക്കാരുടേം മുന്നിൽ വച്ചല്ലേ ഞാൻ പിഴച്ചവളാണെന്നും ... കണ്ടവനൊപ്പം അഴിഞ്ഞാടി നടന്ന പെണ്ണാണെന്നും അപ്പച്ചി വിളിച്ചു പറഞ്ഞത് .....കൂടെ നിങ്ങളും ഇല്ലായിരുന്നോ?? മറ്റാരെക്കാളും നന്നായി ഇന്ദ്രയെ നിങ്ങൾക്കറിയാമായിരുന്നിട്ടും ഒരു വാക്ക്‌ കൊണ്ട് പോലും നിങ്ങൾ അവരെ എതിർത്തില്ല...... നെഞ്ച് പൊട്ടി ന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയപ്പോഴൊന്ന് സാന്ത്വനിപ്പിക്കാനെങ്കിലും നിങ്ങളാരെങ്കിലും ഈ പടി കയറി വന്നോ ???? രണ്ട് ജന്മങ്ങൾ ഈ വീട്ടിൽ എങ്ങനെയാണ് കഴിഞ്ഞു പോകുന്നതെന്ന് എപ്പോഴെങ്കിലും ഒന്ന് അന്വേഷിച്ചിട്ടുണ്ടോ .....??? പാതിരാത്രി ഇടവഴീലൂടെ നടന്നു പോകുന്നവന്മാരിൽ പലരും മുട്ടി വിളിച്ച് ഒരു രാത്രിയിലേക്ക് ഞങ്ങൾക്കുള്ള വില നിശ്ചയിക്കുമ്പോ ആഗ്രഹിച്ചിട്ടുണ്ട് ഇന്ദ്ര ഒരു തണലിന്.....

സംരക്ഷണത്തിന്...... ഒരാഴ്ച്ച മുന്നേ നിങ്ങടമ്മ ഇവിടെ വന്നിരുന്നു , എന്തിനാന്നറിയുവോ?? ഇന്ദ്രയോട് സഹധാപം കാണിക്കാൻ.... നിങ്ങൾടെ ജീവിതം അവുതാര്യമായി എനിക്കവർ വച്ചു നീട്ടി....... പകരമായി നിങ്ങടെ അനിയന് 'ന്റെ' അമ്മൂട്ടിയെ കെട്ടിച്ച് കൊടുക്കണം പോലും...... ആട്ടി ഇറക്കാഞ്ഞത് മരിച്ചു പോയ ന്റെ അച്ഛനെ ഓർത്തിട്ടാ...... അച്ഛനവരോടുണ്ടായിരുന്ന സ്നേഹം ഓർത്തിട്ടാ...... നിങ്ങളോടും അത്തരമൊരു ദയ ഇന്ദ്ര കാണിക്കുമെന്ന് കരുതണ്ട.... ന്റെ കാര്യം നോക്കാൻ നിക്കറിയാം...... കണ്ടവന്റെ ആട്ടും തുപ്പും കൊണ്ടിട്ടാണെങ്കിലും ന്റെ അനിയത്തിയെ ഞാൻ പൊന്നു പോലെ നോക്കും..... പറഞ്ഞേക്ക് അപ്പച്ചിയോട് ,അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നിങ്ങടെ അനിയനെ പോലൊരു നാറിക്ക് ന്റെ കുട്ടിയെ ഇട്ടു കൊടുക്കില്ലാന്ന്...... അങ്ങനെ ഒരവസ്ഥ വന്നാൽ അവളെ ഞാനങ്ങു കൊല്ലും...... എന്നിട്ട് ഇന്ദ്രയും പോകും...."""" ദേവന്റെ മറുപടിക്ക്‌ കാത്ത് നിൽക്കാതെയവൾ വെട്ടി തിരിഞ്ഞ് അകത്തേക്ക് കയറി വാതിൽ പൊളികൾ ശക്തിയിൽ കൊട്ടിയടച്ചു...... വാക്കുകൾ കൊണ്ടെങ്കിലും അയാളെ ജയിച്ച ഉന്മാദത്തിൽ അവൾക്കുള്ളം തുടികൊട്ടി... രണ്ട് വർഷമായി നെഞ്ചിൽ കൊണ്ട് നടന്ന കനൽ പാതിയണഞ്ഞൊരു നിർവൃതി....... തുടരും.....❣️

Share this story