എന്നും എപ്പോഴും: ഭാഗം 12

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""എന്റെ വാവ ഇവിടെ വരും.... നിന്നെ പോലെ ചുരുണ്ട മുടിയും... ഉണ്ട കവിളും.... വല്യേ കണ്ണുകളും... കുഞ്ഞി ചെവികളുമൊക്കെയായി ന്റെ മാത്രം വാവപെണ്ണ് വരും.......""" അവന്റെ വാക്കുകൾ ഇന്ദ്രയിലൊരു കോരിത്തരിപ്പുളവാക്കി... പ്രത്യേകാനുഭൂതിയോടെ ഹൃദയമിടിപ്പുയർന്നു..... അവളുടെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി തത്തി..... വീണ്ടും നാമ്പിട്ട പ്രണയത്തിന്റെയോ...!! അതോ......ഭദ്രന്റെ തരളമാർന്ന വാക്കുകളിൽ തുളുമ്പിയ മാതൃത്വത്തിന്റെയോ.....!!! ഇന്ദ്ര ഇമകൾ താഴ്ത്തി ഭദ്രനെ നോക്കി.... ഭദ്രനപ്പോഴും അവളിലാഴ്ന്ന്......അവളെ ശ്വസിച്ച് കിടക്കുകയായിരുന്നു.... ഇന്ദ്രയുടെ കൈകൾ ലോലമായി ഭദ്രന്റെ പാറിപറന്ന മുടിയിഴകളിലൂടോടി നടന്നു......

തലോടലുകളിൽ ഭദ്രൻ സ്വയം മറന്നു.... കൺ പോളകൾ വാശിയോടെ അടഞ്ഞു പോകുന്നതിനനുസരിച്ച് ഇന്ദ്രയിലുള്ള ഭദ്രന്റെ പിടിത്തവും അയഞ്ഞു തുടങ്ങി.... പതിയെ പതിയെ അവൻ നിദ്രയിലേക്ക്‌ വഴുതി വീണു..... എന്നാൽ ഇന്ദ്രയപ്പോഴും മറ്റൊരു ലോകത്തായിരുന്നു.... മനസ്സും ശരീരവും ഭദ്രനെന്ന നാമത്തിൽ ഇഴകി ചേർന്ന്...... അവന്റെ വാക്കുകളിൽ അലിഞ്ഞ്.... അവനോട് ചേർന്നവൾ വെറുതെ വെറുതെ പുഞ്ചിരിച്ചു...... 🌼🌼🌼🌼🌼 രാവിലെ ഭദ്രൻ എഴുന്നേൽക്കുമ്പോൾ കാണുന്നത് കണ്ണാടിക്ക് മുന്നിൽ നിന്ന് പുഞ്ചിരിയോടെ മൂളിപ്പാട്ടും പാടി ഒരുങ്ങുന്ന ഇന്ദ്രയെ ആണ്........ ""ഓ കളഞ്ഞ്.... ഇന്നത്തെ ദിവസം പോയി കിട്ടി......""" നെറ്റിയിൽ കൈ തലം ചേർത്തവൻ അസ്വസ്ഥമായി ശിരസ്സ് താഴ്ത്തി...... """എന്താ???എന്ത് പറ്റി ""

ഇന്ദ്ര പരിഭ്രമത്തോടെ മുറിയാകെ കണ്ണോടിച്ചു പിന്നീട് സ്വയമൊന്ന് നോക്കി അപാകതകളൊന്നുമില്ലെന്നുറപ്പ് വരുത്തി സംശയപൂർവ്വം ഭദ്രന് നേരെ പുരികം ചുളിച്ചു...... """എണീറ്റ ഉടനെ നിന്നെയല്ലേ കണി കണ്ടത്.....ഇതിൽ കൂടുതൽ ഇനിയെന്ത് പറ്റാൻ """ ഇന്ദ്രയ്ക്കടിമുടി തരിച്ച് കയറി..... അവൾ ഭദ്രനെ കൂർപ്പിച്ച് നോക്കി..... ""നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ ഉണ്ടക്കണ്ണും വച്ച് എന്നെ പേടിപ്പിക്കാൻ വരരുതെന്ന് .....""" """എന്റെ കണ്ണല്ലേ.... ഞാൻ എനിക്കിഷ്ടമുള്ളവരെ ഇഷ്ടമുള്ളത് പോലെ നോക്കും..... ഇയാള് ഭരിക്കാൻ വരണ്ട.......""" ""വെള്ളമടിച്ചാൽ ഇന്ദ്ര പൊന്നും പഞ്ചാരയും.... കെട്ടിറങ്ങി കഴിഞ്ഞാൽ കറിവേപ്പില.....മ്മ്ഹ്....."" ഇന്ദ്ര സാരിതലപ്പെളിയിൽ കുത്തി കണ്ണാടിക്ക് മുന്നിൽ നിന്ന് പിറുപിറുത്തു..

""എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി ഉച്ചത്തിൽ പറയണം......അതാ അന്തസ്സ് ""' """എനിക്കിയാൾടെ അത്ര അന്തസ്സില്ല... സമ്മതിച്ചു...... ഇന്നലെ രാത്രി എന്തൊക്കെയായിരുന്നു??എന്നിട്ടിപ്പോ....""" അവളുടെ ശബ്ദമിടറി.... ഭദ്രനോട് ചൊടിച്ച് മുഖം വെട്ടിച്ചവൾ വീണ്ടും മുന്നിലെ കണ്ണാടിയിലേക്ക് നോട്ടം തെറ്റിച്ച് നിറഞ്ഞു തുടങ്ങിയ കണ്ണുകൾ ചിമ്മിയടച്ചു...... """രാത്രി എന്ത്???""" """കുന്തം................ സ്നേഹിക്കുന്നു.... ഉമ്മ വയ്ക്കുന്നു ..... കെട്ടിപ്പിടിക്കുന്നു...... മ്മ്ഹ്....എന്നെ പറഞ്ഞാൽ മതിയല്ലോ...""" ഇന്ദ്രയുടെ സംഭാഷണങ്ങളിലേക്ക് കാത് കൂർപ്പിച്ചിരുന്ന ഭദ്രൻ അവളുടെ വാചകങ്ങൾ കേട്ട് കണ്ണ് മിഴിച്ചു..... """ഉ...ഉമ്മയോ ??""" """അല്ല ബാപ്പ........"""

ദേഷ്യത്തിൽ മുന്നിലെ പൌഡർ ടിൻ എടുത്ത് ഭദ്രന്റെ നെഞ്ച് നോക്കിയെറിഞ്ഞ് ഇന്ദ്ര വിറഞ്ഞ് തുള്ളി മുറിക്ക് പുറത്തേക്കിറങ്ങി ...... ഭദ്രൻ നെഞ്ചും ഉഴിഞ്ഞ് അവൾ പോയ വഴിയേ കണ്ണും നട്ട് അതേ ഇരിപ്പിരുന്നു.... പിന്നീട് മാറാനുള്ള വസ്ത്രങ്ങളും , തോർത്തുമെല്ലാം എടുത്ത് കുളിമുറിയിലേക്ക് കയറി.... കുളിച്ചിറങ്ങി വരുമ്പോൾ ഹാൻഡ് ബാഗിലേക്ക് എന്തൊക്കെയോ എടുത്ത് വയ്ക്കുന്ന തിരക്കിലായിരുന്നു ഇന്ദ്ര...... ആ കാഴ്ച്ച കണ്ടവൻ നെറ്റി ചുളിച്ചു...... """കെട്ടിയൊരുങ്ങി രാവിലെ തന്നെ എങ്ങോട്ടാ???""" വലിയ താത്പര്യമില്ലാത്ത ഭാവത്തിൽ ചോദിച്ച ഭദ്രന് അവളതേ രീതിയിൽ മറുപടി നൽകി.... ""ജോലിക്ക്.........."""

എന്തോ പറയാനൊരുങ്ങുമ്പോഴാണവൻ വാതിൽക്കൽ പതുങ്ങി നിൽക്കുന്ന അമ്മുവിനെ കണ്ടത്...... """അത് പിന്നേ... ഞാ... ഞാൻ... ചേച്ചിയെ... വിളിക്കാൻ...""" വിക്കി വിക്കിയവൾ പറയുന്നത് കേട്ടിന്ദ്ര തലയുയർത്തി വാതിൽക്കലേക്ക് നോക്കി.... ചുരിദാർ ടോപ്പിൽ കൈകൾ രണ്ടും അമർത്തി പിടിച്ച്‌ ഭദ്രനെ നോക്കി നിൽക്കുന്ന അമ്മൂട്ടിയെ കണ്ടവൾക്ക് തമാശ തോന്നി.... "ഇതുവരെ ഈ പെണ്ണിന്റെ പേടി മാറിയില്ലേ!!!!" ഇന്ദ്ര ചിന്തയോടെ നിശബ്ദമായി പുഞ്ചിരിച്ചു.... """അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ....""" ഭദ്രന്റെ ശബ്ദത്തിൽ കലർന്ന ഗൗരവം അമ്മുവിനെ വീണ്ടും ഭീതിയിലാഴ്ത്തി...... അവൾ നിന്ന് വിറച്ചു..... """"അ...അത്...ഏട്ടൻ.... ഏട്ടനെന്നെ നോക്കിയപ്പോ...... ഞാനറിയാതെ......"""

അലസമായി അവളിലേക്ക് നോട്ടമെയ്ത് നിന്ന ഭദ്രന്റെ കണ്ണുകൾ ഒരു വേള ഇമ ചിമ്മാൻ പോലും മറന്ന് അമ്മൂട്ടിയിലേക്ക് മാത്രമായി ചുരുങ്ങി ... """ഏട്ടൻ "" ഹൃദയം ആ വാക്കിന് ചുറ്റും വലം വച്ച് പഴയക്കാല സ്മരണകൾക്ക് ജീവൻ നൽകി...... വർഷങ്ങൾക്ക്‌ മുമ്പ് """വാവേ.. ഏട്ടനാ...'''' എന്ന് പറഞ്ഞ് അമ്മയുടെ വീർത്ത വയറിൽ ചുംബിച്ച് കഥകൾ പറഞ്ഞിരുന്ന തന്നിലെ അഞ്ച് വയസ്സുകാരനെ അവനോർത്തു...... മിഴികളിൽ നേർത്ത നനവ് പടർന്നു..... ഇന്ദ്ര ഭദ്രനെ ഉറ്റ് നോക്കി...... അമ്മു പരിഭ്രാന്തിയോടെ ഇന്ദ്രയെയും.... """മോള് സീതമ്മേടെ കൂടെയല്ലേ???""" """മ്മ്മ്.......സീതമ്മ ഓഫീസിൽ പോകുവാണ്...പോകുന്ന വഴി ചേച്ചിയെ തുണികടേടെ മുന്നിൽ ഇറക്കാമെന്ന് പറഞ്ഞു..... ചേച്ചിയെ വിളിച്ച് കൊണ്ട് വരാൻ പറഞ്ഞ് വിട്ടതാ എന്നെ....""" പറയുന്നതിനിടയിൽ അബദ്ധത്തിൽ പോലും തന്റെ നോട്ടം ഭദ്രനിലേക്ക് പാളി വീഴാതിരിക്കാൻ അമ്മു ശ്രമിച്ചു.......

"""മോള് പൊയ്ക്കോ... ചേച്ചി ഏട്ടന്റെ കൂടെയാണെന്ന് പറഞ്ഞേക്ക് സീതമ്മയോട്..."" കേൾക്കേണ്ട താമസം അമ്മു വേഗത്തിൽ സ്ഥലം കാലിയാക്കി... """എന്റെ കൂടെയോ???""" """ആ... നിങ്ങടെ കൂടെ തന്നെ......."" """എനിക്ക് വേറെ പണിയുണ്ട്.......""" """ഇല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ... എന്ത് പണിയാണെങ്കിലും എന്നെ തുണിക്കടയിൽ ഇറക്കിയിട്ട് പോയാ മതി.....""" """അത് നീയാണോ തീരുമാനിക്കുന്നത്??ഞാൻ പറഞ്ഞിട്ടല്ലല്ലോ നീ ജോലിക്ക് പോകുന്നത്?? വേണമെങ്കിൽ ബസ്സിന് കയറി പോ.... അല്ലെങ്കിൽ രണ്ട് കാലില്ലേ.....നടന്ന് പൊയ്ക്കോ.....""" ഭദ്രൻ പുച്ഛത്തോടെ കഴുത്തിൽ ചുറ്റിയിരുന്ന തോർത്ത്‌ വീശി കുടഞ്ഞു.... ഇന്ദ്ര ഒന്നും മിണ്ടാതെ ബാഗുമെടുത്ത് മുറിക്കു പുറത്തേക്ക് കടന്ന് ഭദ്രനെ പിന്തിരിഞ്ഞൊന്ന് നോക്കി....

ശേഷം കയ്യിൽ കരുതിയിരുന്ന ഭദ്രന്റെ ബുള്ളറ്റിന്റെ ചാവി ചൂണ്ട് വിരലിലിട്ട് കറക്കി അവന്റെ ശ്രദ്ധിയിൽപ്പെടുത്തി..... """ഞാൻ പുറത്തുണ്ടാകും......""' """ഡീ......ചാവി താടി ചൂലേ....""" """ഇത് വേണമെന്നുണ്ടെങ്കിൽ വേഗം വേഷം മാറി പുറത്തേക്ക് വാ... വൈകിയാൽ ഞാനിതും കൊണ്ടങ്ങ് പോകും........""" ""നീ എവിടെ വരെ പോകും???"" ഭദ്രൻ കോപത്തോടെ അവൾക്ക് നേരെ പാഞ്ഞടുത്ത് താക്കോൽ പിടിച്ചെടുക്കാൻ തുനിഞ്ഞതും ഇന്ദ്ര അത് കൈക്കുള്ളിലാക്കി മുറുകെ പിടിച്ചു.... """ഇന്ദ്ര.......നീ അതിര് കടക്കുന്നു.......""" """ഞാൻ എന്ത് അതിര് കടന്നൂന്നാ നിങ്ങള് പറയണേ?? നിങ്ങളോട് ഞാനെന്നെ തോളിലേറ്റി നടക്കാനൊന്നും പറഞ്ഞില്ലല്ലോ......ഉവ്വോ???"""

"""നിന്ന് വാചകമടിക്കാണ്ട് താക്കോൽ ഇങ്ങ് താ......"" ""ഇല്ല....""" തീർത്ത് പറഞ്ഞവൾ വെട്ടി തിരിഞ്ഞ് ഉമ്മറത്തേക്ക് നടന്ന് പടിയിലിരിക്കുന്ന അനന്തുവിന്റെ തലയ്ക്കിട്ടൊന്ന് പതിയെ കൊട്ടി... ""ആ ചേച്ചി ഇറങ്ങായോ??""" ""ആ... നിന്റെ അണ്ണനെ കാത്ത് നിൽക്കുവാ......."" """ഒരുമിച്ചാണോ?? ഇന്നലത്തെ പോലെ പകുതിക്ക് വച്ച് അടി കൂടി തിരികെ വരുവോ???""" """ഹാ.... നിന്റെ അണ്ണന്റെ കയ്യിലിരിപ്പ് പോലെയിരിക്കും..... വരാതിരിക്കാൻ ശ്രമിക്കാം....""" ഇന്ദ്ര ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി........ കുറച്ച് നിമിഷങ്ങൾക്കകം വലിഞ്ഞ് മുറുകിയ മുഖത്തോടെ ഭദ്രൻ ഉമ്മറത്തെത്തി അവൾക്ക് നേരെ ചാവിക്കായി കൈ വെള്ള നീട്ടി പിടിച്ചു..... ഇന്ദ്ര അത് വകവയ്ക്കാതെ മുറ്റത്തേക്കിറങ്ങി......

""നീയെന്താടി ആളെ പൊട്ടനാക്കുവാണോ??"" ഭദ്രന്റെ ശബ്ദമുയർന്നു..... അനന്തു ഭീതിയോടെ ഉമിനീരിറക്കി ഇന്ദ്രയ്ക്ക് നേരെ ദയനീയമാർന്ന നോട്ടമെയ്തു..... """താക്കോൽ തന്നാൽ നിങ്ങളെന്നെ കൂടാതെ പോയാലോ....!!! നിങ്ങളെയെനിക്കേ തീരെ വിശ്വാസം ഇല്ല.... അതുകൊണ്ട് വണ്ടിയിൽ ഞാൻ കൂടെ കയറി ഇരുന്നിട്ട് താക്കോൽ തരാം..""" ഭദ്രൻ മുഷ്ഠി ചുരുട്ടി പിടിച്ച്‌ തുടയിൽ തട്ടി ഇന്ദ്രയെ കനപ്പിച്ച് നോക്കി...... ആ നോട്ടത്തിൽ അവളൊന്ന് പതറിയെങ്കിലും ഉടനടി ഭദ്രന് മുഖം നൽകാതെ ബുള്ളറ്റിനരികിലേക്ക് നടന്നു.... """മഹേഷ്‌ വരുമ്പോൾ അവനൊപ്പം അലക്സിച്ഛന്റെ ഓഫീസിലേക്ക് ചെല്ലണം.....ഞാൻ വരുന്നത് വരെ അവിടന്നനങ്ങാൻ പാടില്ല.... എത്ര വൈകിയാലും...... മനസ്സിലായോ?????"""

"""മ്മ്മ്മ്......""" ഭദ്രന്റെ വാക്കുകൾക്ക് അനന്തു അനുസരണയോടെ തലയാട്ടി... ഭദ്രൻ വേഗത്തിൽ പടികളിറങ്ങി ബുള്ളറ്റിൽ കയറി ഇരുന്നു.. പുഞ്ചിരിയോടെ ഇന്ദ്ര താക്കോൽ ഭദ്രന് നൽകി അവനോട് ചേർന്നിരുന്നു..... ഇരമ്പലോടെ ബുള്ളറ്റ് മുന്നോട്ട് നീങ്ങി.... വഴിയിലുടനീളം പല കണ്ണുകളും ആശ്ചര്യപ്പൂർവ്വം അവരിലേക്ക് മാത്രമായി കുറുകുന്നത് ഇന്ദ്ര പുഞ്ചിരിയോടെ നോക്കി കണ്ടു ...... ഭദ്രൻ പുച്ഛത്തോടെയും...... തുണികടയുടെ മുന്നിൽ ബുള്ളറ്റ് നിർത്തിയ നിമിഷം ഇന്ദ്ര സാരിയുടെ മുന്താണിയൊന്ന് കുടഞ്ഞ് നേരെയാക്കി ബൈക്കിൽ നിന്നിറങ്ങി ബുള്ളറ്റിന്റെ ഹാന്റിലിൽ പിടിച്ച്‌ നിന്നു.... """വൈകുന്നേരം വരുവോ??"""

പ്രതീക്ഷയോടെയുള്ള ഇന്ദ്രയുടെ ചോദ്യത്തിന് ദഹപ്പിച്ചുള്ളൊരു നോട്ടമാണവൾക്ക് മറുപടിയായി കിട്ടിയത് ..... """എന്നെ നോക്കി പേടിപ്പിക്കണ്ട...... സാധനങ്ങൾ മേടിക്കാൻ പോകാനായിരുന്നു.......""" അവൾ ചുണ്ട് ചുളുക്കി ദൂരേക്ക് മിഴികളൂന്നി....... ഭദ്രൻ ഒന്നും മിണ്ടാതെ ബുള്ളറ്റ് മുന്നോട്ടെടുത്തു....... അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ ഇന്ദ്ര അതേ നിൽപ്പ് തുടർന്നു.... പിന്നെ പിന്തിരിഞ്ഞ് തുണി കടയിലേക്ക് കയറാനൊരുങ്ങിയപ്പോൾ കണ്ടു കണ്ണും മിഴിച്ച് അവിശ്വസനീയമായി അവളെ തന്നെ ഉറ്റ് നോക്കി നിൽക്കുന്ന അവരുടെ മാനേജരെ....... അയാൾക്ക്‌ തൊട്ടരികിലായി ഒപ്പം ജോലി ചെയ്യുന്ന മഞ്ജുവും പുഞ്ചിരിയോടെ നിൽക്കുന്നുണ്ട് .... """ഗുഡ് മോർണിങ് സാർ......"""

മാനേജരെ നോക്കി നറു ചിരിയോടെ പറഞ്ഞിന്ദ്ര അകത്തേക്ക് കയറി.... പിന്നാലെ മഞ്ജുവും..... കയ്യിലെ ബാഗ് സ്റ്റാഫ് മുറിയുടെ നിലത്തൊരോരത്തേക്ക് വച്ച് ഇന്ദ്ര പിന്തിരിഞ്ഞതും മഞ്ജു ഓടി വന്നവളെ പൊതിഞ്ഞു പിടിച്ചു ...... """ഒന്ന് സുന്ദരിയായിട്ടുണ്ട് പെണ്ണ്.....മ്മ്... മ്മ്മ്.....""" ഇന്ദ്രയിൽ നിന്നും അടർന്നു മാറി മഞ്ജു അവളെ ചുഴിഞ്ഞൊന്ന് നോക്കി.... """ഒന്ന് പോയേടി.......പോയി നിന്റെ പണി നോക്ക്‌.......""" """അത് ഞാൻ നോക്കിക്കോളാം.... പക്ഷേ അതിന്റെ മുന്നേ നീ വിശേഷങ്ങൾ പറ.... ആള് എങ്ങനെയാ നിന്നോട്??? അന്നത്തെ ദേഷ്യം ഇപ്പോഴും ഉണ്ടോ??? നിന്നെ ഉപദ്രവിക്കുന്നൊന്നും ഇല്ലല്ലോ.....""" """ഏയ്..... പാവമാണ്......."" """ഹോ... എന്തൊക്കെയായിരുന്നു.... പൊലീസ് സ്റ്റേഷനിൽ പോകുന്നു...

കേസ് കൊടുക്കുന്നു.... സാക്ഷി പറയുന്നു......."""" മഞ്ജു പറയുന്നത് കേട്ടിന്ദ്രയുടെ മുഖം ഇരുണ്ടു..... വിരസ്സമാർന്നൊരു പുഞ്ചിരിയോടെയവൾ അരികിലുള്ള കസേരയിലേക്കമർന്നു.... ഓർമ്മകൾ പിന്നോട്ട് നീങ്ങി...... """സൂക്ഷിച്ചു നോക്കിക്കേ കുട്ടി.... ഇവര് തന്നെയല്ലേ .... പിന്നീട് മാറ്റി പറയരുത്.....???""" """അതേ സാർ....... ഇവര് തന്നെയാ...... കൂടെ മൂന്ന് നാല് ആളോളും ഉണ്ടായിരുന്നു.... ദേ ഇയാളാ ഇരുമ്പ് റോട് കൊണ്ടാ പാവം മനുഷ്യന്റെ തലയടിച്ച് പൊട്ടിച്ചത്..... ഞാൻ വ്യക്തമായിട്ട് കണ്ടതാ......""" മീശയ്ക്കിരുവശവും പിരിച്ച് തനിക്ക് മുന്നിൽ കൂസലില്ലായ്മയോടെ നിൽക്കുന്ന ഭദ്രനെ ഇന്ദ്ര അധികരിച്ച ക്രോധത്തോടെയുറ്റ് നോക്കി....... """കുട്ടീടെ പേരെന്താ?????"" ""ഇന്ദ്രജ..... "ഇന്ദ്രജാ ബാലചന്ദ്രൻ" .....""

"""ദാ... ഇവിടൊരുപ്പിട്ടോളൂ......."" പോലീസ് കോൺസ്റ്റബിൾ നീട്ടിയ വെള്ള കടലാസുകളിലൊന്നിൽ ഇന്ദ്ര കയ്യൊപ്പ് പതിപ്പിച്ചു........ """ഇനി കുട്ടി പൊയ്ക്കോളൂ.... ഇടയ്ക്ക് ആവിശ്യം വന്നാൽ ഇവിടന്ന് വിളിപ്പിക്കും...... അപ്പൊ വന്നേക്കണം..... ചിലപ്പോ കോടതീലും മൊഴി കൊടുക്കേണ്ടി വരും......'""'' """പാവങ്ങളെ ജീവിക്കാൻ സമ്മതിക്കാത്ത ഇയാളെ പോലുള്ളവന്മാർക്കൊക്കെ തക്കതായ ശിക്ഷ തന്നെ കിട്ടണം.... അതിന് എവിടെയാച്ചാൽ ഞാൻ വന്ന് പറഞ്ഞോളാം സാർ ....""" ""മ്മ്മ്മ് ...... ശെരി പൊക്കോളൂ.....""" മാറിൽ കൈകൾ പിണച്ചു വച്ച് അടുത്തുള്ളവന്റെ കാതുകളിൽ ഇന്ദ്രയെ നോക്കി അടക്കം പറയുന്ന ശിവനെ പുച്ഛിച്ചു തള്ളിയവൾ പോലീസ് സ്റ്റേഷന് വെളിയിലേക്കിറങ്ങി........

തൊട്ടടുത്ത നിമിഷം ഒരു സ്ത്രീയും , വക്കീലും ഇന്ദ്രയ്ക്കരികിലേക്ക് പാഞ്ഞെത്തി.... """മോളേ.... ഞാൻ... ഞാൻ ഭദ്രന്റെ ഇളേമയാണ്.....സീത..... മോളിത്തിരി മനസ്സലിവ് കാണിക്കണം....ഈ കേസൊന്നു..........""" ""മതി നിർത്തൂ....."" അവർ പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ ഇന്ദ്ര കൈതലമുയർത്തി തടഞ്ഞു...... ""നിങ്ങൾക്ക് നാണമില്ലേ അയാൾക്ക് വേണ്ടി എന്നോട് യാചിക്കാൻ??? മനപ്പൂർവമല്ല പോലും......എന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യനെയാ ഒരു ദാക്ഷണ്യവും കൂടാതെയയാൾ തല്ലി ചതച്ചത്.... അയാളെ പോലെ ആരുമില്ലാത്തൊരുത്തന് സ്വന്തത്തിന്റേം ബന്ധത്തിന്റെയുമൊന്നും വില അറിയില്ലായിരിക്കും....... പക്ഷേ എനിക്കങ്ങനെ അല്ല.......

അതുകൊണ്ട്‌ ഈ കാര്യവും പറഞ്ഞ് ഇനി നിങ്ങളെന്റരികിലേക്ക്‌ വരണ്ട.... അയാൾടെ വിരട്ടും , പണവുമൊക്കെ കണ്ട് പേടിക്കുന്ന ഒരുപാട് ആളോളുണ്ടാവും.... ഈ ഇന്ദ്ര ആ കൂട്ടത്തിൽ പെടില്ല....... അകത്ത് നിൽക്കുന്ന ഭദ്രന് കേൾക്കാൻ പാകത്തിൽ ഉച്ചത്തിലായിരുന്നു അവളുടെ സംസാരം..... """മോളെ...... ഞാനൊന്ന്......'''' അവരുടെ വാക്കുകൾക്ക്‌ ചെവി നൽകാതെ ഇന്ദ്ര മുന്നോട്ട് നടന്നു...... ഇടയ്ക്ക് വച്ച് പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ ചുട്ടെരിക്കാൻ പാകത്തിനഗ്നി ജ്വലിക്കുന്ന രണ്ട് കണ്ണുകളെ....... പുച്ഛത്തോടെ എന്തൊക്കെയോ നേടിയെടുത്തവളുടെ അഹന്തയോടെ ശിരസ്സുയർത്തിയവൾ ചുവടുകൾ നീക്കി ..... സ്റ്റേഷന്റെ ഗേറ്റ് കടന്ന് വലത്തോട്ട് തിരിഞ്ഞതും പരിഭ്രമത്തോടെ നഖം കടിച്ച് മതിലിൽ ചാരി നിൽക്കുന്ന മഞ്ജുവിനെ കണ്ടവൾ ഞെട്ടി..... """നീ.. നീയെന്താ മഞ്ജു ഇവിടെ????"" """അതിന് മുമ്പ് നീയെന്താ ഇവിടേന്ന് പറ....

അമ്മുവിന് ബുക്ക്‌സ് വാങ്ങിക്കാൻ ഉണ്ടെന്ന് പറഞ്ഞല്ലേ നീ കടേന്ന് ഇറങ്ങിയത്... ഇവിടന്നാണോ അമ്മുവിന്റെ ബുക്ക്സ് നീ സ്ഥിരം വാങ്ങാറ്?? മ്മ്മ്???"""" കുറ്റം ചെയ്തവളെ പോലെ ഇന്ദ്ര മഞ്ജുവിന് മുന്നിൽ തല കുനിച്ചു... """നിനക്കെന്നേക്കാൾ വലുതാണല്ലേടി ദേവി ചേച്ചി?? അവരോട് നിനക്ക് സത്യം പറയാം.... എന്നോട് കള്ളവും..... അല്ലെ??"""" """അങ്ങനെയല്ല മഞ്ജു.... നിന്നോട് പറഞ്ഞാൽ നീ സമ്മതിക്കില്ലെന്നറിയാം.... അതാ ഞാൻ........"" """അപ്പൊ ദേവി ചേച്ചിയോട് പറഞ്ഞതോ??''''' """അത്...മാനേജർ സാർ അവിടെ ഇല്ലായിരുന്നല്ലോ.... പിന്നെയുള്ളത് നമ്മുടെ ഹെഡ് ദേവിയേച്ചി അല്ലെ.... നാളെ ഇതേ ചൊല്ലി എന്തെങ്കിലും പ്രശ്നം വന്നാൽ ആരേലും ഒരാളെങ്കിലും അറിഞ്ഞിരിക്കണ്ടേ....അതാ ഞാൻ....."""

"""അപ്പൊ നിനക്കറിയാം ഇത് വലിയ പ്രശ്നം ആകുമെന്ന്..... എന്നിട്ടും നീ....... വിവരമുള്ളവരാരേലും ചെയ്യണ പണിയാണോ ഇന്ദ്ര നീ ചെയ്തത്??""" """ആ എനിക്ക് കുറച്ച് വിവരം കുറവാ.... അവനെയെനിക്ക് പണ്ടേ അറിയാം... ചെറുതിലേ തുടങ്ങിയതാ അവന്റെ ഈ തല്ല് കൊള്ളിത്തരം..... മൂന്നാല് വർഷം ജയിലിലായിരുന്നു..... കുറ്റം എന്താന്നറിയുവോ കൊലപാതകം.... അതും സ്വന്തം അച്ഛനെ...... തെമ്മാടി......."""" ഭദ്രനോടുള്ള ദേഷ്യം മുഴുവനും അണപല്ലിൽ ഞെരിച്ചു തീർത്ത് ഇന്ദ്ര ദൂരേക്ക് കണ്ണെയ്ത് നിന്നു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story