എന്നും എപ്പോഴും: ഭാഗം 28

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

രണ്ടര വർഷങ്ങൾക്ക് ശേഷം ഒരു ക്യാമ്പസ്‌ അങ്കണം....... തന്റെ പഴയക്കാല സുഹൃത്തുക്കളുമായി വിശേഷങ്ങൾ പങ്ക് വയ്ക്കുകയായിരുന്നു ഇന്ദ്ര..... പിന്നിൽ നിന്നും ആരോ തന്റെ പേര് ചൊല്ലി വിളിച്ചത് കേട്ടവൾ ഉടനടി പിന്തിരിഞ്ഞു...... ""അന്ന """......... ഇന്ദ്രയുടെ ചുണ്ടുകൾ മന്ത്രിച്ചു.... അന്ന കുറ്റവാളിയെ പോലെ നിന്ന് പരുങ്ങി..... """ഞാൻ.................""" """എന്തൊക്കെയുണ്ട് വിശേഷം?? സുഖമാണോ???""" ഒട്ടും മങ്ങലേൽക്കാത്ത നിറഞ്ഞ പുഞ്ചിരിയോടെ ഇന്ദ്ര സൗമ്യമായി തിരക്കി..... ഇന്ദ്രയുടെ അത്തരമൊരു സമീപനം അന്നയെ അടിമുടി ഞെട്ടിച്ചു..... """എന്താ... നീയൊന്നും മിണ്ടാത്തത്.....??""" """ഒ... ഒന്നുല്ല.... """ ഇടർച്ചയോടെ പറഞ്ഞ് അന്ന തലച്ചെരിച്ച് എതിർദിശയിലേക്ക് നോക്കി... ഇന്ദ്രയുടെ കണ്ണുകളും അവൾക്കൊപ്പം അതേ ഭാഗത്തേക്ക് നീണ്ടു.... വിളറിയ മുഖത്തോടെ ഇരുവരെയും നോക്കി നിൽക്കുന്ന ആകാശ്.... ഇന്ദ്ര ഒന്ന് പരിഭ്രമിച്ചെങ്കിലും അടുത്ത നിമിഷം ആകാശിനായി അവളുടെ ചുണ്ടുകൾ വിടർന്നു..... വീണ്ടുമവൾ അന്നയെ നോക്കി സംഭാഷണങ്ങൾക്ക് തുടക്കം കുറിച്ചു... """നിങ്ങൾ ഇപ്പോഴാണോ വന്നത്??

ഞാൻ പോകാൻ നിൽക്കുവായിരുന്നു...നിന്നെ ഇവിടെ കാണാഞ്ഞപ്പോ ഞാൻ കരുതി വരില്ലായിരിക്കുമെന്ന്....."" ""അത് .....പിന്നെ ഞങ്ങൾ......"" അന്ന വാക്കുകൾക്കായി പരതി..... ഇന്ദ്ര അവളുടെ ഭാവങ്ങൾ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു..... അപ്പോഴേക്കും ആകാശ് അവർക്കരികിലേക്കെത്തി... അവനും ഇന്ദ്രയെ അഭിമുഖീകരിക്കാൻ പ്രയാസം തോന്നി..... ""ഇന്ദ്ര.... നിനക്ക് ഞങ്ങളോട് ദേഷ്യമുണ്ടോ???""" പതിഞ്ഞ ശബ്ദത്തിൽ ആകാശ് മുഖവുരയൊന്നും കൂടാതെ ചോദിച്ചത് കേട്ടവൾ ഒന്ന് മന്ദഹസിച്ചു... """ദേഷ്യമുണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളോട് ഇങ്ങനെ സംസാരിക്കുവായിരുന്നോ?? മറ്റുള്ളവരെ പോലെ മനസ്സിൽ ഒ ന്ന് വച്ച് പുറമേ മറ്റൊന്ന് പ്രകടിപ്പിക്കുന്ന സ്വഭാവം ഇന്ദ്രയ്ക്കില്ലെന്ന് നിങ്ങൾക്കറിയാവുന്നതല്ലേ???""" പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും സ്വരത്തിൽ ഇരുവരോടുമുള്ള പരിഹാസം കലർന്നിരുന്നു..... അത് ആകാശിന് മനസ്സിലാവുകയും ചെയ്തു...

"""ഇന്ദ്ര... നീ.... നീ എന്നോട് ക്ഷമിക്കണം...... അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയി....""" ""എങ്ങനെയൊക്കെ???"" """ഇവൾക്കെന്നെ ഇഷ്ടമായിരുന്നെന്ന് നമ്മുടെ എൻഗേജ്മെന്റിന് ശേഷമാണ് എന്നോട് പറഞ്ഞത്....തിരുത്താൻ ശ്രമിച്ചെങ്കിലും അവസാനം മരിച്ച് കളയുമെന്ന് പറഞ്ഞപ്പോൾ.... എനിക്ക്....."""" ആകാശ് വാക്കുകൾ മുഴുമിപ്പിക്കാതെ മുഖം കുനിച്ചു...... അങ്ങനെ കുറ്റം മുഴുവൻ അവളുടെ തലയിൽ ചാർത്തണ്ട.... നിങ്ങൾക്കും ഇഷ്ടമായിരുന്നത് കൊണ്ടാണല്ലോ അവളെ സ്വീകരിച്ചത്.... പ്രണയം പോട്ടെ, നിങ്ങൾക്ക് എന്നോടല്പം പരിഗണനയെങ്കിലും ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എന്നോടോ എന്റെ വീട്ടുകാരോടോ തുറന്ന് പറയാനുള്ള മാന്യതയെങ്കിലും നിങ്ങൾ കാണിക്കുമായിരുന്നു..... ഇന്ദ്രയുടെ ചൊടികളിൽ പുച്ഛം മിന്നി.... അല്ല.... നാണക്കേട് കാരണം അന്ന് ഞാൻ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നിങ്ങൾ എന്ത് ചെയ്തേനെ..??""" ചോദ്യത്തിന് ഇരുവരും മൗനം വരിച്ചു... അപമാനത്താൽ ഇരുവരുടേയും ശിരസ്സുകൾ അവൾക്ക് മുന്നിൽ കുനിഞ്ഞു... ഇന്ദ്ര ദീർഘമായൊന്ന് നിശ്വസിച്ച് രണ്ട് പേരെയും നോക്കി....

"""എല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലെ... ചിലരുടെ വേർപിരിയൽ അതിലും മികച്ചതൊന്നിനെ ജീവിതത്തിലേക്ക് കൊണ്ട് തരാനാണെന്ന് ആരോ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്..... എന്റെ അച്ഛന്റെ മരണമൊഴിച്ചാൽ നിങ്ങളെന്നെ ചതിച്ച് കടന്ന് കളഞ്ഞത് കൊണ്ടെനിക്ക് നല്ലത് മാത്രമേ......"""" പറഞ്ഞ് തീരും മുമ്പേ കുറച്ചകലെ നിന്നും നീട്ടിയുള്ള ഹോണിനോടൊപ്പം കൊഞ്ചലോടെയുള്ള ശബ്ദവും ഇന്ദ്രയെ തേടിയെത്തി.... """അമ്മേ..........""" അവർ മൂവരും ശബ്ദം കേട്ടിടത്തേക്ക് നോക്കി...... ഇരു വശത്തും മുടി മടക്കി കൊമ്പ് കെട്ടിയൊരു കുഞ്ഞി പെണ്ണ് ഇന്ദ്രയെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു... തിരികെയൊന്ന് മന്ദഹസിച്ചിന്ദ്ര വീണ്ടും അന്നയെയും ആകാശിനെയും നോക്കി.... """മ്മേ......... കൂയ്.... മ്മേ....... കൂയ്...............""" വീണ്ടും നിർത്താതെയുള്ള ഹോണിനോടൊപ്പം അതേ ശബ്ദം കുറുമ്പോടെ മുഴങ്ങി..... ഇന്ദ്ര തല ചെരിച്ച് ദേഷ്യത്തിൽ കണ്ണുരുട്ടി..... പക്ഷേ യാതൊരു കൂസലും കൂടാതെ വീണ്ടും ഇരു ശബ്ദവും അവിടെ ഉയർന്നു കേട്ടു..... ചുറ്റും കൂടി നിൽക്കുന്ന എല്ലാവരുടെയും ശ്രദ്ധ അവർക്ക് നേരെയായി.... """പെണ്ണേ ...മതി......""'

"""ഒന്നും കൂദി ച്ഛേ....പീസ്...""" ഇത്തിരിയുള്ള ചൂണ്ട് വിരൽ കണ്ണിനോട് ചേർത്ത് വച്ചാ കുഞ്ഞിപ്പെണ്ണ് ഭദ്രനോട് കെഞ്ചി...... """ബാക്കി നമുക്ക് പോവുമ്പോ.....""" ഭദ്രൻ ചാവി തിരിച്ച് വണ്ടി ഓഫ് ചെയ്തതും അവൾ ഉച്ചത്തിൽ അലറി.... """പീസ്... ച്ഛേ.... ഒന്ന്... ഒന്ന്... പീസ്......മേണം....."""" ഭദ്രൻ ചുറ്റും നോക്കി.. ഇടയ്ക്ക് നോട്ടം ഇന്ദ്രയിലും എത്തി നിന്നു.... അവളുടെ കണ്ണുകൾ കുറുകുന്നതും... മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതും കണ്ട് ഭദ്രൻ തന്റെ മുന്നിൽ ഇരിക്കുന്ന കുഞ്ഞിനെ തോണ്ടി വിളിച്ചു...... അവൾ അവന്റെ കൈ തട്ടി മാറ്റി എത്തി വലിഞ്ഞ് ചാവി തിരിച്ച് വീണ്ടും ഹോൺ മുഴക്കാൻ തുടങ്ങി.... ഭദ്രൻ ഇന്ദ്രയെ നോക്കി ഒരു ചിരി വരുത്തി...... അവളുടെ മുഖം ഇരുളുന്നത് കണ്ടതും കഷ്ടപ്പെട്ട് വരുത്തിയ ചിരി ഒറ്റ നിമിഷം കൊണ്ട് മാഞ്ഞു.... പിന്നെ ഒന്നും നോക്കാതെ ഭദ്രൻ കുഞ്ഞിനെ എടുത്ത് നിലത്ത് വച്ച് വണ്ടി ഓഫ് ചെയ്തു.... അപ്പോഴേക്കും അവൾ വീണ്ടും അലറി കരഞ്ഞു..... """ഓ... ഇതിനെക്കൊണ്ട്.....""" പിറുപിറുത്ത് കൊണ്ടവൻ അവളെ എടുത്ത് പൊതിഞ്ഞ് പിടിച്ചു... """മിണ്ടാതെ ഇരുന്നാൽ പോകുമ്പോ അച്ഛൻ ഐസ് ക്രീം വാങ്ങിച്ച് തരാം....

ഇല്ലാന്നുണ്ടെങ്കിൽ ഇപ്പൊ കഴിച്ച ചോക്ലേറ്റ് ന്റെ കണക്കടക്കം എല്ലാം ഞാൻ അവളോട് പറഞ്ഞു കൊടുക്കും.. അപ്പൊ നിനക്ക് പോകുമ്പോ ഐസ് ക്രീമും ഉണ്ടാകില്ല... വീട്ടിൽ ചെന്നാൽ അടിയും കിട്ടും......"""" ""ച്ഛ ല്ലേ മനിച്ച് വാഞ്ഞി ന്നത്...മനി നോ പഞ്ഞിട്ടും ച്ഛ ല്ലേ തിന്നോ തിന്നോ പഞ്ഞെ....""" ഭദ്രന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.... """ഞാനെപ്പോഴാടി നിന്നോട് ഇതൊക്കെ പറഞ്ഞത്......??""" """ണ്ട്... മനി മ്മേനോട്‌ പയ്യും.....ച്ഛന് ട്ടെ ട്ടെ ഇട്ടും ....""" അതും പറഞ്ഞവൾ ഭദ്രന്റെ ശരീരത്തിലൂടൂർന്നിറങ്ങി ഇന്ദ്രയ്ക്കരികിലേക്ക് പാഞ്ഞു....... """മണി... പതുക്കെ..... ഓടല്ലേ വീഴും.......""" ഭദ്രൻ പറഞ്ഞ് തീർന്നപ്പോഴേക്കും അവൾ ഇന്ദ്രയ്ക്കരികിൽ എത്തി അവളുടെ കാലിൽ വട്ടം പിടിച്ചു.... ഇന്ദ്ര കുഞ്ഞിനെ എടുത്ത് ഒക്കത്ത് വച്ചു..... """മ്മേ.. ച്ഛ.. മനിച്ച് ത്രേം മിത്തായി മാങ്ങി തന്ന്... മനി നോ നോ പഞ്ഞപ്പോ ച്ഛ തിന്നോ തിന്നോ പഞ്ഞ്....""" അവൾ കൈകൾ വിടർത്തി പറഞ്ഞ് നിർത്തിയതും ഇന്ദ്ര ഭദ്രനെ നോക്കി കണ്ണുരുട്ടി.... ഭദ്രൻ നിസ്സഹായമായി ഇല്ലെന്ന് തലയനക്കിയപ്പോൾ ഇന്ദ്ര കുഞ്ഞിനെ നോക്കി പുച്ഛിച്ചു....

"""അച്ഛൻ മിഠായി മേടിച്ച് തന്നാൽ നോ നോ ന്ന്‌ പറയുന്നൊരു കുഞ്ഞേ...... കള്ളം പറയരുതെന്ന് മണിയോട് അമ്മ പറയാറില്ലേ??""" ഇന്ദ്രയുടെ ഒച്ചയുയർന്നപ്പോൾ അവൾ രക്ഷയ്ക്കെന്ന പോൽ ഭദ്രനെ നോക്കി... ഭദ്രൻ അടക്കി പിടിച്ച് ചിരിക്കുന്നത് കണ്ടവൾ ചുണ്ട് പിളർത്തി ഇന്ദ്രയുടെ ചുമലിലേക്ക് ചാഞ്ഞു... അവളുടെ മുഖം വാടിയത് കണ്ടതും ഭദ്രൻ വന്നവളെ ഇന്ദ്രയിൽ നിന്നും വാരിയെടുത്ത് അവന്റെ നെഞ്ചിലേക്ക് ചേർത്തു...... """നമുക്ക് പോകുമ്പോ ഐസ്ക്രീം വാങ്ങിക്കാം....അച്ഛന്റെ പൊന്ന് സങ്കടപ്പെടണ്ട......""" ഭദ്രൻ സ്വകാര്യമായി പറഞ്ഞു... മണിക്കുട്ടിയുടെ ചുണ്ടുകൾ ആവേശത്തോടെ വിടർന്നു.... """ഇതെന്റെ ഹസ്ബൻഡ്...""' ഇന്ദ്ര ഭദ്രനെ ആകാശിനും , അന്നയ്ക്കും പരിചയപ്പെടുത്തി.... ഇരുവരും ഭദ്രനെ നോക്കി നേർമയിൽ പുഞ്ചിരിച്ചു..... തിരികെ ഭദ്രനും...... """ഇത് അന്ന.... ഇത് ആകാശേട്ടൻ.....""" ഭദ്രന്റെ വിടർന്ന ചുണ്ടുകൾ ചുളിഞ്ഞു... മുഖം കടുത്തു..... ഇന്ദ്ര അത് വ്യക്തമായി കണ്ടു... അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മിന്നിയെങ്കിലും സമർത്ഥമായി അത് മറച്ച് പിടിച്ചു... """നാ മനി......""" മണിക്കുട്ടി നെഞ്ചിൽ കൈ വച്ച് സ്വയം പരിചയപ്പെടുത്തി..... ആകാശും അന്നയും അവളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു....

അവളുടെ വിടർന്ന മിഴികളിലെ ഇളം കറുപ്പാർന്ന നേത്രഗോളങ്ങൾക്ക് വല്ലാത്തൊരു വശ്യതയുണ്ടെന്ന് ആകാശിന് തോന്നി..... അവൻ വാത്സല്യത്തോടെ കുഞ്ഞിന്റെ തുടുത്ത കവിളുകളിൽ ചൂണ്ട് വിരലാൽ തൊട്ടു... ഭദ്രന്റെ മുഖം ചോര തൊട്ടെടുക്കാൻ പാകത്തിന് ചുവന്ന് വന്നു..... """ശരിക്കുമുള്ള പേരെന്താ??""" """ശിവേന്ദ്രിയ """ ആകാശിന്റെ ചോദ്യത്തിനിന്ദ്ര പുഞ്ചിരിയോടെ മറുപടി പറഞ്ഞു.... """ നീ വരുന്നുണ്ടോ???""" ഭദ്രന്റെ സ്വരം കനത്തു.... """എന്നാ ഞാൻ ചെല്ലട്ടെ........വീട്ടിൽ ഒരു ചെറിയ ഫങ്ക്ഷൻ ഉണ്ട്.... എല്ലാവരും കാത്തിരിക്കുന്നുണ്ടാകും..... പിന്നെ എപ്പോഴെങ്കിലും കാണാം.....""" അവരുടെ മറുപടി കേൾക്കും മുന്നേ ഭദ്രൻ ഇന്ദ്രയെയും വലിച്ച് മുന്നോട്ട് നടന്നു...... എന്നാൽ മണിക്കുട്ടി ഭദ്രന്റെ ചുമലിൽ കിടന്ന് ഇരുവരെയും നോക്കി കൈ വീശി കാണിക്കുന്നുണ്ടായിരുന്നു..... ഭദ്രൻ മണിയെയും കൊണ്ട് ബുള്ളറ്റിൽ കയറി അവളെ മുന്നിൽ ഇരുത്തി..... ഇന്ദ്ര കയറാതെ കൈകൾ രണ്ടും മാറിൽ പിണച്ച് കെട്ടി ഭദ്രനെ നോക്കി നിന്നു..... """മ്മ്മ്...??എന്താ???''''' """നിങ്ങളെന്തിനാ മനുഷ്യ അവരോട് ചൂടായത്...??"""

""ഞാൻ എപ്പോ ചൂടായി???"" """മോളെ ആകാശേട്ടൻ തൊട്ടപ്പോ ഞാൻ കണ്ടു നിങ്ങടെ മുഖം വീർക്കുന്നത് .....""" """എന്റെ മോളെ കണ്ണിൽ കണ്ടവന്മാർ തൊടുന്നത് എനിക്കിഷ്ടമല്ല.. അതോണ്ട്....""" സ്വാർത്ഥയോടെ ഭദ്രന്റെ കൈകൾ കുഞ്ഞിനെ തന്റെ ദേഹത്തോട് ചേർത്തു.... """ആകാശേട്ടനും , അന്നയുമാണെന്ന് പറഞ്ഞപ്പോ മുഖം കടുത്തതോ ?""" """അതൊക്കെ നിനക്ക് വെറുതെ തോന്നിയതാ.......സമയം വൈകുന്നു....നീ ഇങ്ങോട്ട് കേറ് ഇന്ദ്രാ.....""" """ഏറ് ഇന്ദാ.....""" ഭദ്രൻ പറഞ്ഞ അതേ രീതിയിൽ മണികുട്ടി പറഞ്ഞപ്പോൾ ഇരുവരും അറിയാതെ ചിരിച്ചു പോയി...... അത് കണ്ട് അവളും കുലുങ്ങി ചിരിച്ചു..... ഇന്ദ്ര ഭദ്രന് പുറകിൽ കയറി ഇരുന്ന് കൈകളാൽ ഭദ്രനെയും കുഞ്ഞിനേയും കൂട്ടി പിടിച്ചതും ഭദ്രൻ പുഞ്ചിരിയോടെ ബൈക്ക് മുന്നോട്ടെടുത്തു.... വീടിന്റെ മുറ്റത്ത് ഭദ്രൻ ബൈക്ക് നിർത്തി മണിക്കുട്ടിയെ താഴെ നിർത്തിയതും അവൾ അകത്തേക്കോടി കയറി അടഞ്ഞ് കിടക്കുന്ന ഉമ്മറവാതിലിൽ തുരു തുരെ മുട്ടി കൊണ്ടിരുന്നു ...... എത്ര തട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ അവൾ ദേഷ്യത്തോടെ വാതിലിൽ ചവിട്ടി... ""ടാ ന്തപ്പാ.... തൊക്കെടാ.....""

""ദേ മണി.... ഒന്നങ്ങോട്ട് തരും ഞാൻ....അച്ഛൻ വിളിക്കുന്നത് കേട്ട് നീ തുള്ളണ്ട......."" ഇന്ദ്ര കുഞ്ഞിനെ നോക്കി കണ്ണുരുട്ടി... അവളുടെ ഇളം ചുണ്ടുകൾ ചുളിഞ്ഞതും ഭദ്രൻ ഇന്ദ്രയുടെ പുറകിൽ നിന്ന് ഒന്നുമില്ലെന്നർത്ഥത്തിൽ കണ്ണ് ചിമ്മി..... ഇന്ദ്ര തല ചെരിച്ച് ഭദ്രനെ നോക്കിയപ്പോൾ അവൻ ഒന്നും അറിയാത്തത് പോലെ ഇന്ദ്രയെ നോക്കി പുഞ്ചിരിച്ചു..... ""തന്തയും കൊള്ളാം... മോളും കൊള്ളാം...."" മുറുമുറുത്ത് കൊണ്ടവൾ ഉമ്മറ പടികൾ കയറിയതും ഭദ്രൻ പിന്നാലെ ചെന്ന് ഇന്ദ്രയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.... ""അവള് കുഞ്ഞല്ലേടി ......."" ""ഉവ്വ....."" പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി മിന്നി.... വാതിലിനരികിലെത്തി ഭദ്രൻ മണിയെ എടുത്ത് വാതിലിന്റെ ഹാൻഡിലിൽ പിടിച്ച് തിരിച്ചു..... ഇത് അകത്ത് നിന്ന് പൂട്ടിയിരിക്കാണല്ലോ......!! ""ടാ അന്തപ്പാ........"" ഭദ്രൻ ഉറക്കെ വിളിച്ചത്തിനടുത്ത നിമിഷം ലോക്ക് മാറിയ ശബ്ദം കേട്ടു..... വാതിൽ തുറന്നിരുവരും അകത്തേക്ക് പ്രവേശിച്ചതും ഇരു വശത്ത് നിന്നുമായി ശബ്ദത്തിൽ പാർട്ടി പോപ്പറുകൾ പൊട്ടി... ഇന്ദ്ര ഞെട്ടി ഭദ്രന്റെ കയ്യിൽ അമർത്തി പിടിച്ച് അവനോട് ചേർന്നു...... ""ഹാപ്പി ആനിവേഴ്സറി.....""

ഉച്ചത്തിൽ പറഞ്ഞ് കൊണ്ട് അനന്തുവും അമ്മുവും നീനയും ലീനയും അവരെ പൊതിഞ്ഞു...... ഹാളിലൊരു വശത്തായി നിന്ന് സീതമ്മയും റീനാമ്മയും തമ്മിൽ തമ്മിൽ നോക്കി പുഞ്ചിരിച്ചു ..... അവരെല്ലാം ചേർന്ന് ഭദ്രനെയും ഇന്ദ്രയെയും പിടിച്ച് വലിച്ച് ഹാളിലെ മേശയ്ക്കരികിലേക്ക് കൊണ്ട് പോയി.... മേശയ്ക്ക് മുകളിലെ കേക്ക് കണ്ട് മണിയുടെ കണ്ണുകൾ വിടർന്നു..... അവൾ നാവ് കൊണ്ട് ചുണ്ട് നനച്ച് കൊതിയോടെ കേക്കിലേക്ക് നോട്ടമൂന്നി ഇരുന്നു ... അനന്തു കേക്ക് മുറിക്കാനുള്ള കത്തി ഇന്ദ്രയുടെ കൈകളിലേക്ക് വച്ച് കൊടുത്തതും മണി തല കീഴായി എത്തി വലിഞ്ഞ് ഭദ്രന്റെ അരയിൽ തിരുകിയ കത്തിയിൽ തൊട്ടു....... ""ച്ഛേ... ച്ഛേദെ കത്തി മനിച്ച് മേനം......"" ഭദ്രന്റെ മുഖം ഇഞ്ചി കടിച്ചത് പോലെയായി...... അവൻ ഇന്ദ്രയെ നോക്കി പല്ലിളിച്ചപ്പോൾ അവൾ ദേഷ്യത്തോടെ അവനിൽ നിന്നും മുഖം വെട്ടിച്ചു......... """നിന്റെയീ കത്തി കൊണ്ട് നടപ്പ് ഇതുവരെ നിർത്താറായില്ലേ ഭദ്രാ?? സൂപ്പർമാർക്കറ്റിൽ പോകുന്ന നിനക്കെന്തിനാ കത്തി......""" റീനാമ്മ സംശയത്തോടെ മുഖം ചുളിച്ചു.... ""അത് പിന്നെ........""" ഭദ്രൻ കൈ കൊണ്ട് തലയുടെ പിൻഭാഗം ഉഴിഞ്ഞ് ഉത്തരമില്ലാതെ നിന്നു.... ""ഇനി അതിനിടയിൽ കൂടെ നീ വല്ല അടിപിടിക്കും പോകുന്നുണ്ടോ???"""

""ഹേയ് ...... ഞാൻ......ഇതൊരു ധൈര്യത്തിന്.....അത്രേ ഉള്ളൂ ഇളേമേ...."" ""മ്മ്മ് ........"" ""ചേട്ടായി...സംസാരിച്ച് സമയം കളയാതെ നിങ്ങൾ കേക്ക് മുറിക്ക്..... ആ കത്തി അങ്ങ് കൊട് ചേച്ചി...."" ""ച്ഛേ.... മനിച്ച്......"" മണിക്കുട്ടി കൈകൾ രണ്ടും വിടർത്തി ഭദ്രനെ പ്രതീക്ഷയോടെ നോക്കി... ""അച്ഛ.... തരാം..."" ഭദ്രൻ ഇന്ദ്രയിൽ നിന്നും കത്തി വാങ്ങി അവളുടെ കയ്യിൽ വച്ച് കൊടുത്തു ശേഷം ഒരു കയ്യാൽ ഇന്ദ്രയെ അവനിലേക്ക് ചേർത്ത് നിർത്തി..... മൂവരും ചേർന്ന് കേക്ക് മുറിച്ചു..... ഭദ്രൻ ഒരു കഷ്ണം കേക്ക് എടുത്ത് ഇന്ദ്രയ്ക്ക് നേരെ നീട്ടി അവൾ പുഞ്ചിരിയോടെ അത് കഴിച്ച് തിരികെ ഭദ്രനും നൽകി....... അത് കണ്ട് മണിക്കുട്ടിയുടെ ചുണ്ടുകൾ വിതുമ്പി...... അവൾ ഉറക്കെ കരഞ്ഞു...... ""നിന്നെ അവർക്ക് വേണ്ടാ........"" അനന്തു എരിവ് കയറ്റാനെന്ന പോലെ മണിക്കുട്ടിയെ തോണ്ടി പറഞ്ഞു.... അത് കേട്ടതും അവളുടെ കരച്ചിൽ ഒന്നൂടെ ഉച്ചത്തിലായി..... പിന്തിരിഞ്ഞ് അനന്തുവിന്റെ വയറിനിട്ടൊരു ചവിട്ട് കൊടുത്ത് അവനെ പോടാന്ന്‌ വിളിക്കാനും അവൾ മറന്നില്ല...... ""നിനക്ക് നല്ലത് കിട്ടും മണി....."" ഇന്ദ്ര അവൾക്ക് നേരെ കയ്യോങ്ങിയതും ഭദ്രൻ കുഞ്ഞിനെ പൊതിഞ്ഞ് പിടിച്ച് എതിർവശത്തേക്ക് തിരിഞ്ഞ് നിന്നു... ശേഷം തല ചെരിച്ച് ഇന്ദ്രയെ രൂക്ഷമായി നോക്കി..... ""നിന്നോട് ഞാൻ പറയാറുണ്ട് എന്റെ കുഞ്ഞിനെ വേദനിപ്പിക്കരുതെന്ന്....""" നീരസ്സത്തോടെ പറഞ്ഞവൻ ഒരു കഷ്ണം കേക്കുമായി മണിക്കുട്ടിയെയും കൊണ്ട് പുറത്തേക്ക് നടന്നു.......................... തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story