എന്നും എപ്പോഴും: ഭാഗം 8

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""മടിക്കാതെ കയറി വരണം ഇന്ദ്രജാ ബാലചന്ദ്രൻ... ഭദ്രന്റെ തട്ടകത്തിലേക്ക് സ്വാഗതം......"""" ഇരു കൈകളും വിടർത്തി പുച്ഛം കലർന്ന പുഞ്ചിരിയോടെ ശിവൻ ഇന്ദ്രയെ വരവേറ്റു...... """അനിയത്തിയെ സുരക്ഷിതയാക്കി അല്ലെ??? നന്നായി.... അല്ലെങ്കിലും ആ പീറ പെണ്ണിനെ ഉപദ്രവിക്കാൻ മാത്രം ചെറ്റയൊന്നുമല്ല ഭദ്രൻ...... എനിക്ക് വേണ്ടത് നിന്നെയായിരുന്നു..... സ്വന്തവും , ബന്ധവും , കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ട് നീ നിന്നപ്പോ ഞാൻ മനസ്സറിഞ്ഞ് ആർമാദിച്ചു...... എന്റെ ഉപദ്രവം കൂടെ താങ്ങാനുള്ള ശേഷി നിനക്കില്ലെന്ന് മനസ്സിലാക്കിയിട്ട് നിന്നെ ഞാൻ മനപ്പൂർവം മറന്ന് കളഞ്ഞതാ......... പക്ഷേ അത് നീ മുതലെടുത്തു..... നിനക്ക് എന്റെ ഭാര്യയായി വാഴണം....അല്ലേടി????? വാഴിക്കാം ഞാൻ ........"""

മുറുകിയ മുഖത്തോടെ ഭദ്രൻ പാഞ്ഞ് വന്ന് ഇന്ദ്രയുടെ മുടിയിഴകളിൽ കുത്തി പിടിച്ചു....... വേദന കൊണ്ടിന്ദ്ര കണ്ണുകൾ ഇറുകെ മൂടി ..... ദന്തങ്ങളാൽ ചൊടികൾ കടിച്ച് പിടിച്ച്‌ അവന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനവൾ തലങ്ങും വിലങ്ങും തല വെട്ടിച്ച് കുതറി നോക്കി....... """ഹാ...... കിടന്ന് പിടയ്ക്കാതെടി മോളെ........""" """എനിക്ക് വേദനിക്കുന്നു......വിടെന്നെ......""" അവൾ കൈകളാൽ ഭദ്രന്റെ നെഞ്ചിൽ കൈ വച്ച് ശക്തിയിൽ തള്ളി മാറ്റാൻ ശ്രമിച്ചു...... അവനൊരു പൊടിക്ക് പോലും അനങ്ങിയില്ല...... തൊട്ടടുത്ത നിമിഷം ഇന്ദ്ര കൈകളാൽ ഭദ്രനെ പൊതിഞ്ഞ് അവന്റെ ദേഹത്തോട് ചേർന്ന് നിന്നു.......

ഇന്ദ്രയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭദ്രനും, ചുറ്റും കൂടി നിന്ന അവന്റെ കൂട്ടാളരും ഭീകരമായി ഞെട്ടി ...... പലരുടെയും കണ്ണുകൾ എന്തോ അത്യാഹിതം കണ്ട കണക്കെ പുറത്തേക്ക് തുറിച്ച് വന്നു........ ഇന്ദ്രയുടെ മുടിയിഴകളിലുള്ള ഭദ്രന്റെ പിടിത്തം യാന്ത്രികമായി അയഞ്ഞതും """തന്നെ ഞാൻ ശരിയാക്കി തരാടോ ........""" എന്ന് പതം പറഞ്ഞവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവനെ ഇറുകെ ചുറ്റി വരിഞ്ഞു ....... """ഡീ......""" ഭദ്രൻ തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറി കൂവി ....... കോപം കൊണ്ടവന്റെ ചുണ്ടുകൾ വിറപൂണ്ടു..... ചുറ്റും കൂടി നിന്നവരെല്ലാം ഭീതിയോടെ തമ്മിൽ തമ്മിൽ നോക്കി ഉമിനീർ വിഴുങ്ങി... ചിലർ ഇന്ദ്രയുടെ അവസ്ഥയെ ഓർത്ത് പരിതപിച്ചു ......

ഭദ്രൻ ഇന്ദ്രയെ ദേഹത്ത് നിന്നും വലിച്ച് പറിച്ചു മാറ്റി....... """"കഴുവേറി മോളെ.....നിന്റെ സൂക്കേട് തീ..............."'''' """ഏയ്... നിർത്ത് നിർത്ത്...... തനിക്ക് അല്പമെങ്കിലും നാണമുണ്ടോടൊ???? താലി കെട്ടിയിട്ടൊരു മണിക്കൂർ പോലുമായില്ല..... അപ്പോഴേക്കും സ്വന്തം ഭാര്യയുടെ മെക്കിട്ട് കയറാൻ വരുന്നു....."""" ""ഡീ........ആരാടി എന്റെ ഭാര്യ......"" ഭദ്രൻ ചവിട്ടി മെതിച്ച് ഇന്ദ്രയെ നോക്കി പല്ല്‌ ഞെരിച്ചു..... """ഹാ അത് കൊള്ളാം..... താനെന്താ പൊട്ടനാണോ??? കുറച്ച് മുമ്പല്ലെടോ ഭഗവതീടെ തിരുനടയിൽ വച്ച് താനിതെന്റെ കഴുത്തിൽ കെട്ടീത്....?? അപ്പൊ ഞാൻ തന്റെ ഭർത്താവ് താനെന്റെ ഭാര്യ.......'''''' """ഡീ......."""" ഭദ്രൻ ശൗര്യമൊട്ടും കുറയ്ക്കാതെ വീണ്ടും അലറി..... """സ്സ്......""

അബദ്ധം പിണഞ്ഞതറിഞ്ഞ് ഇന്ദ്ര നാക്ക് കടിച്ചു.... ""സോറി.. സോറി.... താൻ എന്റെ ഭർത്താവ് ഞാൻ തന്റെ ഭാര്യ..... എന്ത് മണ്ണാങ്കട്ടയെങ്കിലുമാകട്ടെ..... എന്നിട്ട് താൻ എന്നോട് എന്താ ചെയ്തത്....?? താലി കെട്ടിയ സ്വന്തം പെണ്ണിനെ ആ അമ്പല നടയിൽ ഉപേക്ഷിച്ചിട്ട് പോന്നില്ലേ??? ചങ്കുറപ്പുള്ള ആണ്പിള്ളേര് ചെയ്യണ പണിയാണോ അത്...... അല്ല....നിങ്ങള് തന്നെ പറ.... ഇങ്ങേര് ചെയ്തത് ശെരിയാണോ???"""" ഇന്ദ്ര ചോദ്യ ഭാവത്തിൽ ഭദ്രന്റെ കൂട്ടാളരെ നോക്കി..... അവർ ഒരുപോലെ അല്ലെന്ന് തലയനക്കി...... ഭദ്രൻ തല ചെരിച്ച് തറപ്പിച്ച് നോക്കിയപ്പോൾ എല്ലാവരും കുറ്റവാളികളെ പോലെ തല കുനിച്ച് നിന്നു.... ""ഉപേക്ഷിച്ചു പോന്നത് വേണേൽ പോട്ടേന്ന് വയ്ക്കാം.....

തപ്പി പിടിച്ച്‌ ഇവിടെയെത്തിയപ്പോ കുത്തി പിടിച്ച്‌ ഉപദ്രവിക്കുന്നു....... തന്നോടൊക്കെ ദൈവം ചോദിക്കുമെടോ കാലമാടാ..... ഒരു വലിയ ഗുണ്ട വന്നേക്കുന്നു... മ്മ്ഹ്... മാറങ്ങട്ട്......""" ഭദ്രനെ തള്ളി മാറ്റി ഇന്ദ്ര അകത്തേക്ക് കയറി പോയി...... """ഇവൾടെ തലയ്ക്ക്‌ വെളിവില്ലാതായാ!!!!!"" കണ്ണുകൾ മിഴിച്ച് ഭദ്രൻ മുറ്റത്ത് നിന്ന് ഗാഢമായ ചിന്തയിലേർപ്പെട്ടു....... പതിയെ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഹാളിലെ ചുമരിൻ മറവിൽ നിന്ന് തന്നെ ഒളികണ്ണെറിഞ്ഞ് നോക്കുന്ന ഇന്ദ്രയെ....... ഭദ്രൻ ഇന്ദ്രയെ രൂക്ഷമായി നോക്കി പല്ല്‌ ഞെരിച്ചു...... ""അണ്ണാ........""' നേർത്തൊരു വിറവലോടെ ഭദ്രന്റെ കൂട്ടാളികൾ ഒരേ സ്വരത്തിൽ വിളിച്ചതും അവന്റെ ചുവന്ന കണ്ണുകൾ ഇന്ദ്രയിൽ നിന്നും അവരിലേക്ക് നീണ്ടു.........

""പോയിനെടാ എല്ലാരും........""" ഈരേഴ് ലോകവും കുലുങ്ങുന്ന വിധത്തിലൊരട്ടഹാസമായിരുന്നു അത് ...... കൂടി നിന്നവരെല്ലാം ജീവനും കൊണ്ട് പുറത്തേക്ക് പാഞ്ഞു....... ഒരാൾ മാത്രം പ്രയാസത്തോടെ ഉമിനീർ കുടിച്ചിറക്കി ഭദ്രനെ നോക്കി നിന്നു.... ഭദ്രൻ കണ്ണുകൾ കുറുക്കി അവനിലേക്ക് നോട്ടമെറിഞ്ഞു ... """അണ്ണനെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ???""" """ഇറങ്ങി പോവാൻ നിന്നോടിനി ഞാൻ പ്രത്യേകം പറയണോ??""" """അണ്ണനെന്നെ തല്ലി കൊന്നാലും ഞാൻ പോവൂല.......""' ""ഡാ അന്തപ്പാ... ഇറങ്ങി പോകുന്നതാണ്‌ നിനക്ക് നല്ലത്........""" """ഇല്ലാന്ന് പറഞ്ഞില്ലേ.......'""" """നിന്നെ ഇന്ന് ഞാൻ......""" ഷർട്ടിന്റെ തെരുത്ത് കയറ്റി ഭദ്രൻ അവനരികിലേക്കടുത്തു.......

ഭദ്രൻ തൊട്ട് മുന്നിലെത്തി അവന് നേരെ കയ്യോങ്ങിയതും സമർത്ഥമായവൻ ഭദ്രനിൽ നിന്നും തെന്നി മാറി അകത്തേക്കോടി കയറി..... വാതിൽക്കലെത്തി കിതപ്പോടെ ഇന്ദ്രയെ അടിമുടിയൊന്നുഴിഞ്ഞ് നോക്കി.... """എന്റെ പൊന്ന് പെങ്ങളെ ജീവൻ വേണമെങ്കിൽ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടോ.... അയാൾടെ കയ്യിൽ കിട്ടിയാ പല്ലും നഖവും പോലും ബാക്കി കിട്ടില്ല.....""" പൊടുന്നനെ മുറ്റത്ത് നിന്നും ബുള്ളറ്റിന്റെ ശബ്ദം ഇരമ്പലോടെ ഇരുവരുടേയും കാതിൽ പതിച്ചു..... ഇന്ദ്ര എത്തി വലിഞ്ഞ് ഉമ്മറത്തേക്ക് നോക്കി....... അപ്പോഴേക്കും ഭദ്രന്റെ ബുള്ളറ്റ് മുറ്റം കടന്ന് ചീറി പാഞ്ഞിരുന്നു ......... ""ഇന്നിനി നോക്കണ്ട.......""" ""അതെന്താ???""" ഇന്ദ്ര ആകാംഷയോടെ ചോദിച്ചു...

""ആ.....അതങ്ങനെയാ.........""" ""ഇയാളാരാ??""" """ഞാൻ അനന്തു.... ഭദ്രണ്ണൻ അന്തപ്പൻന്നാ വിളിക്കാ..... സംഘത്തിലെ ഒരു ചെറിയ ഗുണ്ടയാ.... പക്ഷേ ചോര കണ്ടാൽ തല കറങ്ങും........""" ചുണ്ട് പിളർത്തി നിഷ്കളങ്കമായി അനന്തു പറഞ്ഞ് നിർത്തിയതും ഇന്ദ്ര അന്താളിപ്പോടെ വാ തുറന്നു... പകരമായവൻ നന്നായൊന്നിളിച്ചു കൊടുത്തു..... """എന്നാലും പെങ്ങൾടെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു... കടിച്ച് കീറാൻ വന്ന അണ്ണനെ കെട്ടിപ്പിടിച്ചങ്ങു നിന്നില്ലേ..... പോരാത്തതിന് നാല് കിണ്ണംകാച്ചിയ ഡയലോഗുമടിച്ചു ......ഹോ...""" ""അത് ധൈര്യം കൊണ്ടൊന്നും ആയിരുന്നില്ല... ഗതികേട്.... വെറും ഗതികേട്...... കരഞ്ഞു നിലവിളിച്ച് നിന്നാലേ എന്നെ പഞ്ഞിക്കിടാനുള്ള അങ്ങേരുടെ ആവേശം അങ്ങ് മൂക്കും.......

അല്ല.... താൻ പോകുന്നില്ലേ ശിവനരികിലേക്ക്....??""" """മ്മ്ച്ചും.......പെങ്ങളെ നോക്കാൻ ഇളേമ എന്നെയാ ഏൽപ്പിച്ചേക്കുന്നെ.....""" ""ആഹാ... എന്നിട്ടാണോ അങ്ങേരെന്റെ മുടിക്ക് കുത്തിപിടിച്ചപ്പോ ആങ്ങള വായും പൊളിച്ച് നിന്നത് .....???""" ""അത് പിന്നെ......ഞങ്ങൾക്കാർക്കും അണ്ണനെ എതിർത്ത് ശീലമില്ല.....""" ""തെറ്റ് കണ്ടാൽ എതിർക്കണം..... അത് ആര് ചെയ്താലും.......""" ""അണ്ണൻ അങ്ങനെ ആരെയും വെറുതേ ഉപദ്രവിക്കാറൊന്നും ഇല്ല...."" ""ഓ... അപ്പൊ കൊട്ടേഷൻ ഏറ്റെടുത്ത് ആളോളെ തല്ലണത് ദൈവാനുഗ്രഹം കിട്ടണ കാര്യമായിരിക്കും അല്ലെ???""" """അങ്ങനെയല്ല... അത് അണ്ണന്റെ തൊഴിലല്ലേ.....അതിലും അണ്ണൻ മാന്യനാ....

പാവങ്ങളുടെ നെഞ്ചത്തോട്ട് കയറണ കൊട്ടേഷനൊന്നും അണ്ണൻ ഏറ്റെടുക്കാറില്ല.......ചെയ്യണതൊക്കെ അലക്സിച്ചായന് വേണ്ടിയാ....""" ""അതാരാ....??"" ""അതറിയില്ലേ?? ടൗണിലെ നമ്മുടെ ' സ്വപ്ന സിൽക്‌സ് ' ഇല്ലേ ,അതിന്റെ മുതലാളി.... അങ്ങേർക്ക് ഏതാണ്ട് വലിയേ ബിസിനെസ്സ് ഒക്കെ ഉണ്ട് നാട്ടിലും വിദേശത്തുമായിട്ട്....... പിന്നെ പണം പലിശയ്ക്ക് കൊടുപ്പും...... ഒരുപാട് പിടിപാടുള്ള ആളാ... അതിനനുസരിച്ച് ശത്രുക്കളുമുണ്ട് ... അണ്ണനെ വല്യ കാര്യവാ...... ജയിലേന്നിറങ്ങിയ ശേഷം അണ്ണന് ജോലി കൊടുത്തതൊക്കെ അലക്സിച്ചായനാ...... രണ്ട് പെണ്മക്കളാ...എപ്പോഴും പറയും ഒരാൺ കൊച്ചില്ലാത്ത ഇച്ചായന് ദൈവം കൊടുത്തതാ അണ്ണനേന്ന് ......

സ്വന്തം മോനായിട്ടാ അണ്ണനെ അങ്ങേര് കാണുന്നെ....""" """ആഹാ .... എന്ത് നല്ല തമാശ..... മകനെ കൂലി തല്ലിന് വിടുന്ന ആ അച്ഛൻ ലോകത്തുള്ള എല്ലാ അച്ഛന്മാർക്കും ഒരുത്തമ മാതൃകയാണ് .....""" """അണ്ണൻ കേൾക്കണ്ട....പെങ്ങടെ തല വെട്ടും.... തമാശയ്ക്ക് പോലും അലക്സിച്ചായനെ കളിയാക്കുന്നത് അണ്ണന് പിടിക്കില്ല.... അലക്സിച്ചായൻ ഏതോ കാലം പറയാൻ തുടങ്ങീതാ അണ്ണനോട് ടൗണിലെ അവരുടെ സൂപ്പർമാർക്കറ്റോ , തുണി കടയോ നോക്കി നടത്താൻ.... അണ്ണൻ കേൾക്കണ്ടേ???"""" """മ്മ്.....""" ഇന്ദ്ര താത്പര്യമില്ലാതൊന്നു മൂളി.... അവളുടെ ഇരു മിഴികളും ആ വീടാകെ ഓടി നടന്നു....... ഹാളിലെ ടീപ്പോയിൽ വലിച്ച് വാരിയിട്ടിരിക്കുന്ന പത്രങ്ങൾ.......

തീൻ മേശയ്ക്ക് മുകളിലെ ഭക്ഷണാവശിഷ്ഠങ്ങളടങ്ങിയ പൊതികൾ...... ഇന്ദ്ര സാരി തലപ്പെളിയിൽ കുത്തി ടീപ്പോയിക്കരികിൽ മുട്ട് കുത്തിയിരുന്ന് പത്രങ്ങളെല്ലാം അടുക്കി പെറുക്കി വയ്ക്കാൻ തുടങ്ങി..... """വായിക്കാതെ വലിച്ചു വാരി ഇടാനാണെങ്കിൽ ഇതെന്തിനാ മേടിക്കുന്നെ??""" """അണ്ണൻ വായിക്കാറൊക്കെ ഉണ്ട്... വായിച്ച് കഴിഞ്ഞിട്ടവിടെ ഇട്ടേച്ച് പോകുന്നതാ.......""" ""മോളെ......"" പുറത്ത് നിന്നായുള്ള സീതമ്മയുടെ ശബ്ദം കേട്ടവൾ ബദ്ധപ്പെട്ടെഴുന്നേറ്റു...... അപ്പോഴേക്കും കയ്യിൽ തന്റെ വസ്ത്രങ്ങളടങ്ങിയ ബാഗുമായി അമ്മു ഹാളിലെത്തിയിരുന്നു....... പിന്നാലെ സീതമ്മയും....... ""ഭദ്രൻ പോകുന്നത് കണ്ടു.... എങ്ങോട്ടാടാ നന്ദുട്ടാ അവൻ ചീറി പാഞ്ഞ് പോയത്.....???"""

""കലുങ്കിലേക്കാവും ഇളേമേ.... എന്നോടൊന്നും പറഞ്ഞില്ല....."" ""ദാ ചേച്ചി...... ചേച്ചീടെ ബാഗ്....."" ""എന്തിനാ മോളെ ഇതൊക്കെ ഇങ്ങോട്ട് കൊണ്ടു വന്നത്?? മോൾക്കുള്ളതെല്ലാം ഞാൻ ഇവിടെ വാങ്ങി വച്ചിട്ടുണ്ടായിരുന്നല്ലൊ......"""? ""സാരല്യ സീതമ്മേ.... ആരാ ഇനി അങ്ങടേക്ക് പോകുന്നെ?? ഈ ഇരുപത്തിയാറാം തിയ്യതി കഴിഞ്ഞാൽ വീടും സ്ഥലവും ആ മാർവാടിക്ക് സ്വന്തം...... പിന്നെ ഇതൊക്കെ അവിടെ വച്ചിട്ടിനി എന്തിനാ??"" """മോള് വിഷമിക്കണ്ട.... അയാൾക്ക്‌ കൊടുക്കാനുള്ളതെത്രയാന്ന് വച്ചാൽ നമുക്കത് കൊടുക്കാം....."" ""അതൊന്നും വേണ്ട സീതമ്മേ....... അതങ്ങ് പോട്ടേ...... അതാവും യോഗം.... ഞാൻ പോയിട്ടീ വേഷമൊന്ന് മാറ്റിയിട്ട് വരാം........""

""ആഹ്... മോള് ചെല്ല്....... ഇന്ദ്ര ബാഗുമായി മുന്നോട്ട് നടന്നു...... ഹാളിന്റെ വലത് വശത്തായി രണ്ട് മുറികളുണ്ട്.... ഇടത്തെ വശത്തൊരു മുറിയും....... അവളുടെ നിൽപ്പ് കണ്ട് സീതമ്മ വലത് വശത്തായുള്ളൊരു മുറിയിലേക്ക് കൈ ചൂണ്ടി..... ""അതാ മോളെ ഭദ്രന്റെ മുറി.......""" ഇന്ദ്ര അവരെ നോക്കിയൊന്ന് തലയാട്ടി ആ മുറിയിൽ കയറി കതകടച്ചു...... കയ്യിലെ ബാഗ് നിലത്തൊരു മൂലയിൽ വച്ച് മുറിയാകമാനമൊന്ന് കണ്ണോടിച്ചു... തറയിൽ അങ്ങിങ്ങായി കിടക്കുന്ന ഭദ്രന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ...... അഴുക്ക് പടർന്ന കിടക്ക വിരിയും , തലയിണകളും ...... വലിച്ച് വാരിയിട്ടിരിക്കുന്ന ചീപ്പും , പൌഡർ ടിന്നുമുൾപ്പെടുന്ന സാധന സാമഗ്രികകൾ......

ഇന്ദ്ര നെറ്റിയിൽ കൈതലം ചേർത്ത് ദീർഘമായൊന്ന് നിശ്വസിച്ചു....... ശേഷം കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു സാരി വലിച്ച് പുറത്തെടുത്ത് വസ്ത്രം മാറിയവൾ കട്ടിലിൽ നിന്നും കിടക്ക വിരിയും, തലയിണ കവറുകളും ഒപ്പം താഴെ ചിതറി കിടക്കുന്ന ഭദ്രന്റെ വസ്ത്രങ്ങളുമെടുത്ത് കൂട്ടി പിടിച്ച്‌ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി....... ""ഇതെന്താ മോളെ???""" അവളെ കണ്ടതും സീതമ്മ അമ്പരപ്പോടെ ചോദിച്ചു... ""എല്ലാം മുഷിഞ്ഞിരിക്കാ സീതമ്മേ.... അലക്ക് കല്ലെവിടെയാ???""" ""ഇതൊന്നും മോള് ചെയ്യണ്ട... അവിടെ ഇട്ടേക്ക്‌... സീതമ്മ ചെയ്തോളാം....""" ""സാരല്യ... ഞാൻ ചെയ്തോളാം....."" അവർ അവളെ പിന്തിരിപ്പിക്കാനായി ആവുന്നത്ര ശ്രമിച്ചു...... പക്ഷേ ഇന്ദ്ര അതൊന്നും ചെവികൊണ്ടില്ല.....

""ടാ നന്തുട്ടാ... അടുക്കളേൽ സാധനങ്ങൾ എന്തെങ്കിലും ഇരിപ്പുണ്ടോ??"" ""ഇല്ല...... ഇവിടെ ഒന്നും വാങ്ങാറില്ലെന്ന് ഇളേമ്മയ്ക്കറിഞ്ഞൂടെ...."" ''''ഓ... അത് ശെരിയാ..... എല്ലാത്തിന്റേം വെപ്പും, തീനും കുടിയുമൊക്കെ ആ കാട്ടിൽ വച്ചാണല്ലോ......""" സീതമ്മ അനന്തുവിനെ നോക്കി പുച്ഛിച്ചു.... അവൻ ഇളിഞ്ഞ ചിരിയോടെ ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്നു..... ""മോളെ.... ഉച്ചത്തേക്കുള്ളതെല്ലാം സീതമ്മ വച്ചുണ്ടാക്കി കൊണ്ടുവരാം...... ഡാ നന്ദുട്ടാ.. ഭദ്രനെ വിളിച്ച് ഉച്ചയ്ക്കുണ്ണാൻ വരാൻ പറ......""" """എന്റമ്മോ.... എന്നെകൊണ്ടൊന്നും വയ്യ..... അല്ലെങ്കിൽ തന്നെ എന്നോട് രണ്ട് ചാട്ടം ചാടിയിട്ടാ ഇവിടെ നിന്നും പോയത്..... ഞാൻ വിളിച്ചു തരാം...ഇളേമ തന്നെ സംസാരിക്ക്.........."""

അനന്തു ഭദ്രനെ വിളിച്ച് ഫോൺ സീതമ്മയ്ക്ക് നൽകി....... ""എടുക്കണില്ലല്ലൊ ടാ.....""!!? ""ഞാൻ പറഞ്ഞില്ലേ... ഞങ്ങളോട് ദേഷ്യപ്പെട്ടിട്ടാ ഇവിടെനിന്നും പോയത്...... അതാവും.......""" ""മ്മ്മ്......."" ""മോളെ ഞങ്ങൾ വീട്ടിലോട്ട് ചെല്ലട്ടെ....... എല്ലാം തയ്യാറാക്കിയിട്ട് സീതമ്മ പെട്ടന്നിങ്ങ് വരാം.....""" ഇന്ദ്ര പുഞ്ചിരിയോടെ മൂളി തലയാട്ടി...... സീതമ്മയ്ക്ക് പിന്നാലെയായി അമ്മുവും ഇറങ്ങി..... അവളുടെ നിറഞ്ഞ കണ്ണുകൾ ഇന്ദ്രയിൽ നോവുണർത്തിയെങ്കിലും അവൾ നേർത്ത ചിരിയോടെ ആംഗ്യ ഭാഷയിൽ അമ്മുവിനോട് സീതമ്മയ്‌ക്കൊപ്പം പൊയ്ക്കോളാൻ നിർദ്ദേശം നൽകി ..... അവർ ഗേറ്റ് കടന്നതും ഇന്ദ്ര അടുക്കള ഭാഗത്തേക്ക് നടന്നു..... കയ്യിലെ തുണിയെല്ലാം തറയിലിട്ട് അടുക്കള ആകെതുകയൊന്ന് വീക്ഷിച്ചു.....

നാല് കുപ്പിഗ്ലാസ്സുകൾക്ക് പുറമേ രണ്ട് സ്റ്റീൽ പ്ലേറ്റുകളും . ഈരണ്ട് പ്ലാസ്റ്റിക് കുപ്പികളിലായി കുറച്ച് പഞ്ചസാരയും , തേയില പൊടിയും മാത്രമുണ്ട് ... പിന്നൊരു മണ്ണെണ്ണ സ്റ്റവ്വും ..... """എന്താ നോക്കുന്നെ???""" """ഈ അടുക്കളയിൽ ഇത്രേം സാധനങ്ങളോ ഉള്ളോ അതോ ബാക്കിയൊന്നും എന്റെ കണ്ണിൽ പെടാത്തതാണോ ??""" അവൾ കൈകൾ കൊണ്ട് ഇരു കണ്ണുകളും തിരുമ്മി..... അവളുടെ ചെയ്തികൾ കണ്ട് അനന്തു ഉറക്കെ ചിരിച്ചു..... ""ഇവിടെ ഇതേ ഉള്ളൂ.......""" അവൾ അന്താളിപ്പോടെ അവനെ നോക്കി..... ""ഞങ്ങൾ അധികവും പുറത്തൂന്നാ കഴിക്കാ...... പിന്നെ കലുങ്കിന്റവിടെ അടുപ്പ് കൂട്ടിയിട്ടിട്ടുണ്ട്.... ചില ദിവസങ്ങളിൽ അവിടെ നിന്ന് പാകം ചെയ്ത് കഴിക്കും.....""

""നിന്റെ അണ്ണന്റെ കൂടെ ഉള്ളവന്മാർക്ക് കൂടും കുടുംബോം ഒന്നുമില്ലേ......"""?? """ഒന്ന് രണ്ട് പേർക്കുണ്ട്... ബാക്കി എല്ലാവരും ഒറ്റ തടിയാ.....""" ഇന്ദ്ര അരിശത്തോടെ വസ്ത്രങ്ങൾ വാരിയെടുത്ത് അലക്ക് കല്ലിൽ കൊണ്ട് വച്ചു...... ""സോപ്പും സോപ്പ്പൊടിയുമൊക്കെ ഉണ്ടോ ആവോ???""" നെറ്റി ചുളിച്ച് അനന്തുവിനെ ചോദ്യ രൂപേണ നോക്കി """ഓ അതൊക്കെ ഉണ്ട്....അണ്ണന്റെ ബാത്റൂമിൽ കാണും... ഞാൻ എടുത്തിട്ട് വരാം...""" """ഹോ ഭാഗ്യം......"" ഇന്ദ്ര ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ച് ദീർഘമായൊന്ന് നിശ്വസിച്ചു ... പെട്ടന്നെന്തോ ഓർത്ത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.... """ആ ബക്കറ്റും കൂടെ എടുത്തേക്കണേ......""""

അനന്തു അകത്ത് നിന്നും കയ്യിൽ രണ്ട് ബക്കറ്റും , സോപ്പും , സോപ്പു പൊടിയുമായി ഇന്ദ്രയ്ക്കരികിൽ എത്തി... അവൾക്ക്‌ നേരെ നീട്ടിയ സോപ്പിന്ദ്ര തിരിച്ചും മറിച്ചും നോക്കി.. ""ഇത് മേല് കഴുകണ സോപ്പ് അല്ലെ....."" """ആ... അണ്ണൻ അലക്കാനും , കുളിക്കാനും ഇത് തന്നെയാ ഉപയോഗിക്കാറ്...... ഞങ്ങളും.........""" അത്രയും പറഞ്ഞവൻ വെളുക്കെ ചിരിച്ചു....... """പൈപ്പ് എവിടെയാ.....""??? """പുറത്ത് പൈപ്പ് ഇല്ല പെങ്ങളെ.... അണ്ണൻ കുളിമുറീന്ന് തന്നെയാ വസ്ത്രങ്ങളൊക്കെ അലക്കാറ്.....""" """അതിന് കുളിമുറിയിൽ അലക്ക് കല്ലുണ്ടോ??"" """മ്മ്ച്ചും.... സോപ്പ് തേച്ചിട്ട് വെള്ളത്തിലിട്ട് മുക്കി അലക്കും.....""" അവന്റെ നിഷ്കളങ്കമായ മറുപടി കേട്ട് ഇന്ദ്ര ദൈന്യതയോടെയൊരു നെടുവീർപ്പിട്ടു എന്നിട്ട് ചുറ്റും കണ്ണോടിച്ചു......

കുറച്ചകലെ കിണർ കണ്ടവൾ ആശ്വാസപ്പൂർവ്വം ബക്കറ്റുമായി കിണറിനരികിലേക്ക് നടക്കാനൊരുങ്ങി.... """എങ്ങോട്ടാ???""" ""കിണറീന്ന് വെള്ളമെടുക്കാം....."" ""അതിന് നല്ല ആഴമുണ്ട്.... ഇങ്ങ് താ..... ഞാൻ കോരി കൊണ്ട് വരാം ......""" കയ്യിൽ നിന്നും അധികാരത്തോടെ ബക്കറ്റും വാങ്ങി പോകുന്നവനെ ഇന്ദ്ര ഇമവെട്ടാതെ നോക്കി നിന്നു...... കയറി വന്ന നിമിഷം മുതൽ ഓരോന്നൊക്കെ പറഞ്ഞ് പിന്നാലെ തന്നെയുണ്ട്..... അവൾക്കുള്ളിൽ ആശ്വാസത്തിന്റെ നേരിയൊരു തിരി തെളിഞ്ഞു..... താങ്ങായി... കരുതലായി..... ആരുടെയൊക്കെയോ കരങ്ങൾ തനിക്ക് നേരെ നീളുന്നുണ്ടെന്ന ആത്മനിർവൃതിയിലവൾ ദൂരെ നിന്നും ഇരു കൈകളിലും ബക്കറ്റുമേന്തി വരുന്നവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story