എന്റെ ഉമ്മാന്റെ പേര്: ഭാഗം 10

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ങാ അവന്റെ വെളച്ചിലും കൊണ്ട് ഇങ്ങോട്ട് വരട്ടെ. നല്ല കിഴക്കു കൊടുക്കും ഞാൻ.. അത് കേട്ടതും രാജീവ് ദേഷ്യത്തിൽ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി.. ബെഡിലിരിക്കുന്ന ഹോം നേഴ്സിന്റ്‌ മടിയിൽ ഒരു പുരുഷൻ അവരുടെ വിരലുകൾ തന്റെ വിരലിൽ കോർത്ത് പിടിച്ചു കൊണ്ട് കിടക്കുന്നുണ്ടായിരുന്നു.. " ഓഹോ. അപ്പൊ അതാണ് കാര്യം. പെട്ടെന്ന് രാജീവിനെ കണ്ട് ഇരുവരും ഞെട്ടി പിടഞ്ഞെഴുനേറ്റു.. " ഏതാ ചേച്ചി ഈ ചേട്ടൻ ? " തനേതാ ? " ഞാൻ ദേ ഈ ചേച്ചീടെ ചേട്ടനാ. ബീന ദേഷ്യത്തോടെ അകത്തേക്ക് കയറി.. ഹോം നേഴ്‌സ് ഒന്നും മിണ്ടാതെ പരുങ്ങലോടെ മുഖം താഴ്ത്തി.. " ഇത് ചേച്ചീടെ ചേട്ടനാണോ ? " അ അ.. ല്ല.. ഫ്ര.. ണ്ടാ. " ങാ അതേതയാലും നന്നായി.. " നിങ്ങളിത്രേം പേര് ഈ മുറിയിലുണ്ടായിട്ടാണോ , ഇത്രേം നേരം ഇവിടെ വന്ന് തട്ടി വിളിച്ചിട്ട് പോലും ആരും കേൾക്കഞ്ഞത് ?

പെട്ടെന്ന് ഒരു നേഴ്‌സ് അകത്തേക്ക് കയറി വന്നു ദേഷ്യപ്പെട്ടു. " ഓഹോ അപ്പൊ അങ്ങിനെയും ചിലതിവിടെ നടന്നോ.. രാജീവ് ഹോം നേഴ്സിനെയും പുരുഷനെയും അർത്ഥം വെച്ചു നോക്കി.. ഇരുവരും പെട്ടെന്ന് അയാളിൽ നിന്ന് മുഖം മാറ്റി.. " ഞാൻ നിരഞ്ജന്റെ മമ്മിയാ.. " ങാ ആരായലെന്താ, ഡോക്ടർ തിരക്കിയിരുന്നു.. " ദേ ഇപ്പൊ വരാം. " ഡോക്ടർ ഇപ്പോ റൗണ്ടസിന് പോയെക്കുവാ, വരുമ്പോൾ ഞാൻ വന്ന് വിളിച്ചോളാം , അപ്പോഴെലും ഒന്ന് തുറന്നാ മതി.. ഒരു കൊച്ചിനേം അവിടെ കൊണ്ടുവന്നിട്ടിട്ട് എല്ലാം കൂടി അടച്ചു പൂട്ടിയിരിക്കുന്നു. ഹോ കഷ്ടം.. നേഴ്‌സ് ദേഷ്യത്തിൽ എല്ലാവരെയും ഒന്ന് നോക്കി പിറുപിറുത്തു കൊണ്ട് പുറത്തേക്ക് നടന്നു.. " ചേച്ചീo ചേട്ടനും വല്ലതും കഴിച്ചായിരുന്നോ? " ഉം.. എന്തേ ? " അല്ല രണ്ട് പേരും ഒരുപാട് പണിയെടുത്തതല്ലേ, ക്ഷീണം കാണാല്ലോ, അത് കൊണ്ട് ചോദിച്ചതാ.. രാജീവ് വളരെ സംയമനത്തോടെ അവരെ നോക്കി ചിരിച്ചു.

ഒരുവരും നിന്ന് വിളറി വിയർക്കുകയാണ്. " രാവിലെ തന്ന കാശിൽ ബാലൻസ് വല്ലോം ഉണ്ടോ ? " ങാ.. " ഏയ് അതേടുക്കണ്ട, എടുക്കണ്ട, നേഴ്‌സ് ചുമലിന് അരികിലൂടെ ചുരിദാറിന്റെ ഉള്ളിലേക്ക് കൈയിട്ടു ചുരുട്ടി വെച്ച നോട്ടുകൾ എടുത്തു പിടിച്ചു. " ഇന്നാ സാറേ.. " ങാ അപ്പോ വണ്ടി കൂലിക്കുള്ളതുണ്ട്, അപ്പോ ചേച്ചി ഈ ചേട്ടനേം വിളിച്ച് വേഗം സ്ഥലം വിടാൻ നോക്കിക്കോ. " പോകാനോ ? ആഹാ അങ്ങിനെ നിങ്ങൾക്ക് തോന്നുമ്പോൾ പറഞ്ഞു വിടണോങ്കിലെ എന്റെ ഒരു മാസത്തെ തരേണ്ടി വരും. ഞങ്ങൾക്ക് ചോദിക്കാനും പറയാനും സംഘടനകളൊക്കെയുള്ളതാ. " ആഹാ, ഇതിനും അപ്പോ അതുണ്ടോ. ആട്ടെ ശമ്പളം ചേച്ചിക്ക് മാത്രം മതിയോ അതോ ഈ ചേട്ടനും ചേർത്ത് വേണോ ? രാജീവ് ദേഷ്യത്തിൽ ഐ വി സ്റ്റാൻഡ് എടുത്തതും പുരുഷൻ റൂമിൽ നിന്നിറങ്ങി ഓടി.. ബീന പേടിയോടെ രാജീവിനെ നോക്കി.. " ങാ ചേച്ചി പോകാൻ വരട്ടെ.. നേരത്തെ തന്ന കാശ് ഇങ്ങ് എടുത്തെ..

" ങേ.. " ആ ബാലൻസ് കാശെ.. അതിങ്ങ് തരാൻ.. രാജീവ് സ്റ്റാൻഡ് എടുത്ത് ടൈലിൽ കുത്തി.. അവർ ഞെട്ടികൊണ്ടു കൈയിൽ ചുരുട്ടി പിടിച്ച കാശ് എടുത്തു നീട്ടി.. " വീട് എവിടെയാണാ പറഞ്ഞേ? " ചേ.. ചേർത്തല.. " ദാ ഇരുന്നൂറ് രൂപയുണ്ട്.. ചേർത്തല വരെ എത്താൻ ഇത് തന്നെ ധാരാളം.. അപ്പോ ചേച്ചി വേഗം പെട്ടിയുമെടുത്തു സ്ഥലം വിട്ടോ. അല്ലെങ്കിൽ ആ കാല് രണ്ടും ഞാൻ തല്ലിയൊടിക്കും.. രാജീവ് വീണ്ടും ഐ വി സ്റ്റാൻഡ് എടുത്തു പിടിച്ചു.. ഹോം നേഴ്‌സ് പേടിയോടെ അരികിലെ കസേരയിൽ ഇരുന്ന ബാഗുമെടുത്ത് പുറത്തേക് ഓടി. " ഇനി ഇതുപോലത്തെ വല്ല ജന്തുക്കളേം ഇങ്ങോട്ട് വലിച്ചോണ്ട് വന്നാൽ ഒടിയാൻ പോകുന്നത് നിന്റെ കാലവും. മനസിലായല്ലോ. രാജീവ് സ്റ്റാൻഡ് എടുത്തു ബീനയ്ക്ക് നേരെ ഓങ്ങി. അവർ പേടിച്ചു പിന്നോട്ട് മാറി ഡോറിൽ ഇടിച്ചു.. " ഡോക്ടർ റൗണ്ടസ് കഴിഞ്ഞു വന്നിട്ടുണ്ട്.. " ഇങ്ങനെ കെയർ ലെസ്സ് ആയി നടന്നാൽ തട്ടി വീഴില്ലെ ബീനെ. പെട്ടെന്ന് നേഴ്‌സ് അകത്തേക്ക് കയറി വന്നു.. രാജീവ് സ്റ്റാൻഡ് താഴെ വെച്ചു ബീനയെ പിടിക്കാൻ ശ്രമിക്കുന്ന പോലെ മുന്നോട്ടാഞ്ഞു..

നേഴ്‌സ് അവരെ നോക്കി ചിരിച്ച ശേഷം തിരിഞ്ഞു നടന്നു.. "ചിരിച്ചു കാണിക്കുന്ന എല്ലാവരും നല്ലവരാണെന്ന് കരുതരുത്. അത് ഇനിയെങ്കിലും ഒന്ന് മനസിലാക്കിക്കോ. നിറവും ജാതീം നോക്കി ഒരാളെയും സ്നേഹിക്കരുത്, അതൊക്കെ അയാളുടെ മനസ്സ് മനസിലാക്കിയാവണം. ഡോക്ടറുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അയാൾ ബീനയെ ചേർത്ത് പിടിച്ചു.. നേഴ്‌സ് ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അകത്തേക്ക് പോയി.. " ടെംപറേച്ചർ ഇപ്പൊ നോർമലായിട്ടുണ്ട്. ഇന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം. എന്തായാലും ഈ രാത്രി കൂടി നോക്കിയിട്ട് വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ നാളെത്തെ കഴിഞ്ഞു നമുക്ക് ഡിസ്ചാർജ് ചെയ്യാം. Ok.. " താങ്ക്യൂ ഡോക്ടർ. ഡോക്ടർ ഇടിക്കുള അപ്പുവിന്റെ ചാർട്ട് നോക്കി.. " മോനുമായിട്ട് ക്ലോസായ റിലെറ്റിവ് ആരെങ്കിലും ഉണ്ടോ ? " ഇല്ല, എന്തേ ഡോക്ടർ.. പുറത്തേക്ക് നടന്ന രാജീവ് ഒന്ന് തിരിഞ്ഞു നിന്നു.

" അല്ല രാവിലെ മുതൽ നേഴ്സിനോട് ഏതോ ആന്റി വന്നൊന്നു ചോദിക്കുന്നത് കേട്ടു.. " ങാ അത് വൈകീട്ട് വീട്ടിലവനെ നോക്കാൻ വരുന്ന ഒരു സ്ത്രീയുണ്ട്. അവരെയാവും.. ok ഡോക്ടർ.. രാജീവ് ബീനയെ നോക്കി. അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നുണ്ടായിരുന്നു.. " അപ്പൂന്റെ മനസിൽ അവരുടെ സ്ഥാനം എന്താണെന്ന് ഇപ്പൊ നിനക്ക് മനസിലായോ " മതി. ഇനി കൂടുതലങ്ങ് വിശദീകരിക്കാൻ നിൽക്കണ്ട. ബീന രാജീവിന്റെ കൈ തണ്ടയിൽ അള്ളി പിടിച്ചു.. അയാൾ അവളുടെ വിരലിൽ ആരും ശ്രദ്ധിക്കത്തത് പോലെ ഒന്ന് ബലത്തിൽ തിരിച്ചു.. " ഹാ.. " ശ്രദ്ധിച്ചു നടക്കു മോളെ.. ബീന വേദനകൊണ്ട് കൈ വലിക്കാൻ ശ്രമിച്ചു, രാജീവ് അവളുടെ വിരലുകളെല്ലാം കൂട്ടി കൈക്കുള്ളിൽ ഒതുക്കി പിടിച്ചു അമർത്തിയ ശേഷം ഐ സി യൂ വിന് മുന്നിലേക്ക് പോയി.. " ഹസ് ഭയങ്കര കെയറിംഗ് ആണല്ലേ ചേച്ചി.. "

ങ്ങേ.. ഹാ.. അതേയതെ. അവരെ ശ്രദ്ധിച്ചു കൊണ്ട് ഡോക്ടറുടെ ക്യാമ്പിനിൽ നിന്നിറങ്ങിയ നേഴ്‌സ് ബീനയെ നോക്കി ചിരിച്ചു.. അവർക്ക് ദേഷ്യം വന്നു. പക്ഷെ അവരത് പുറമെ കാണിക്കാതെ അവരെ നോക്കി ചിരിച്ച പോലെ ഗോഷ്ഠി കാണിച്ചു.. " ഉമ്മാ. നാളെ നമുക്ക് അപ്പൂനെ കാണാൻ പോയാലോ ? " ശരിയാ ആ കൊരങ്ങനില്ലാത്ത കൊണ്ട് കളിക്കാൻ ഒരു രസൂല്ലാ.. മ്മക്ക് പോകാ ഉമ്മാ.. തുണി അലക്കി അയയിൽ വിരിക്കുന്നതിനിടയിൽ ആഷിതയും മുബീനയും നബീസുവിന്റെ പിന്നാലെ കൂടി.. അവൾ അവരെ ഒന്ന് പാളി നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.. ഇനി അവനെ കാണാനോ ഒന്നിച്ചിരുന്നു കളിക്കാനോ കഴിയില്ലെന്നുള്ള സത്യം നബീസുവിന്റെ ഉള്ളിൽ ഇരുന്ന് പുകയുണ്ടായിരുന്നു.. " പോകുമ്പോൾ അവന് കോർച്ച് നെയ്യ് ചോറ് ഉണ്ടാക്കി കൊണ്ടോവാ. " പനിയുള്ളപ്പോൾ നെയ്യുള്ളതൊന്നും കഴിച്ചൂടാ ഡി . "

എന്നാ കൊർച്ച് ആപ്പിളും ഓറഞ്ചും വാങ്ങാ ല്ലേ ഉമ്മാ.. " അതൊക്കെ എന്താന്നു വെച്ചാ വേണ്ട പോലെ ചെയ്യാം.. നിനക്ക് തിങ്കളാഴ്ച പരീക്ഷയുള്ളതല്ലെടി പോയിരുന്നു പഠിക്കാൻ നോക്കിയേ.. മക്കൾ ഇരുവരും അവന് കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ്. സ്വയം ആറ്റിയാറ്റി തണുപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന നോവിലേക്ക് അവർ വീണ്ടും തീകോരിയിടാൻ ശ്രമിച്ചപ്പോൾ നബീസുവിന് ദേഷ്യം വന്നു.. " ഡി പിന്നെ തൊമാച്ചന്റെ പറമ്പിൽ ചാമ്പ പൂത്തിട്ടുണ്ട്. പോകുമ്പോ അതിന്റെ പൂ കൂടെ കൊണ്ടുവാ. ആ കൊരങ്ങൻ അതൊന്നും കണ്ടിട്ട് കൂടിയുണ്ടാവില്ല.. " എന്നാ നമ്മക്ക് നാളെ കാലത്തെ പോയി അത് പെറുക്കികൊണ്ടാരാ. അമ്പിളീ , ലീനേക്കാ കണ്ടാ പിന്നെ ഒരെണ്ണം പോലും കിട്ടില്ല.. "

അവിടെയൊരു ചെയ്ത്താൻ പിടിച്ച പട്ടീണ്ട്. അയിനെ കണ്ടാ തന്നെ പേടിയാവും. " കാലത്തെ പോയാ ആ പട്ടീണ്ടാവില്ലെടി ഉമ്മറത്ത് മടക്കി വെച്ച പുസ്തകം തുറന്നു പഠിക്കാന്നിരുന്നിട്ടും അവരുടെ ചിന്തകൾ അപ്പുവിന് എന്തൊക്കെ കൊണ്ടുപോകും എന്നുള്ളതാണ്. തുണി വിരിച്ചു പിന്നാമ്പുറത്തേക്ക് നടക്കുമ്പോൾ നബീസു ഇരുവരെയും ഒന്നിരുത്തി നോക്കി. അവർ പാഠഭാഗങ്ങൾ ഉറക്കെ വായിച്ചു കൊണ്ട് അവളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഇത്രേയറെ അവനെ സ്നേഹിക്കാൻ മാത്രം അപ്പു അവർക്ക് ആരാണ് ?. ഉത്തരമറിയത്ത ഒരു ചോദ്യത്തിനപ്പുറം ഒന്ന് മാത്രം വ്യക്തമായിരുന്നു. അവൻ അവർക്ക് ആരെല്ലാമോ ആയിത്തീർന്നിരിക്കുന്നു.. കാലം കുരുക്കി പിണച്ചിട്ട ബന്ധത്തിന്റെ കെട്ടഴിക്കുക പ്രയാസമാണല്ലോ ചിന്തകൾ നബീസുവിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

ഒരു ദേഷ്യം കൊണ്ട് അവനെ കാണാൻ പോകാനുള്ള ഇന്നത്തെ അവരുടെ തയ്യാറെടുപ്പിനെ കെട്ടിയിട്ടെങ്കിലും നാളെ വീണ്ടും ഇതേ ചോദ്യം തന്നെ നേരിടേണ്ടി വരും. അവർക്ക് എന്ത് ഉത്തരമാണ് കൊടുക്കുക. മാറി നിന്ന് മക്കളുടെ പിന്നെയുമുള്ള അടക്കം പറച്ചിൽ കേൾക്കുമ്പോൾ നബീസുവിന്റെ ഉള്ളം വിങ്ങി പോകുകയാണ്. ഒരു കുരുന്ന് ജീവനെ സ്നേഹിച്ച് പോയതിന്റെ പേരിലാണ് ഇത്രേയറെ വേദന. അല്ലെങ്കിലും നഷ്ടപ്പെടുമ്പോൾ മാത്രമാണല്ലോ വേദയക്ക് കാഠിന്യം കൂടുന്നത്. പൊട്ടിത്തെറിച്ചുരുകിയുറഞ്ഞ പോയ അഗ്നിപർവതങ്ങൾ പോലും നഷ്ടത്തിന്റെ പേരിൽ ഒരിക്കൽ കരഞ്ഞിട്ടുണ്ടാവും. " ങാ സെബാസ്റ്റിൻ സാറെപ്പോ വന്നു..? " ഇന്ന് വെളുപ്പിന് എത്തിയതെ ഉള്ളു മാധവേട്ടാ.. ഏഴാം നിലയിൽ താമസിക്കുന്ന കോശിച്ചയാന്റെ മകനെ കണ്ട് മാധവൻ ക്യാബിന് പുറത്തേക്ക് വന്നു.. " ഇതെന്താ പെട്ടെന്ന് ? " ഹോ പപ്പയ്ക്ക് ആകെ മേലതായി ന്ന് പറഞ്ഞു അമ്മച്ചി വിളിയോട് വിളി.

" ങ്ങേ, എന്നിട്ട് ഞാനെന്നുമറിഞ്ഞില്ലല്ലോ. " പറയാൻ മാത്രമുള്ള വയ്യായ്ക ഒന്നൂല്ല മാധവേട്ടാ. അത് പ്രായത്തിന്റെയാ. " എങ്കി പിന്നെ ഈ ഫ്ലൈറ്റ് പിടിച്ച് ഇടയ്ക്കിടയ്ക്ക് ഓടി വരുന്നതിലും നല്ലത് അവരെ അങ്ങോട്ട് കൊണ്ട് പോയി കൂടെ സാറേ.. " ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ മാധവേട്ടാ. എന്റെ പെമ്പറന്നോരും അമ്മയും തമ്മില് ചേരേല്ലെന്ന്. ഒറ്റമോനായി പോയതിന്റെ സ്നേഹക്കൂടുതല് കൊണ്ടാ, പറയുമ്പോ രണ്ട് പേർക്കും അവരവരുടേതായ ന്യായം ഉണ്ടാവും പക്ഷെ അതിനിടയിൽ കിടന്ന് കഷ്ടപ്പെടുന്നത് ഞാനല്ലേ. നമുക്ക് രണ്ട് പേരെയും ഉപേക്ഷിക്കാൻ പറ്റില്ലലോ.. " ങാ മനസിലായി. എന്നിട്ട് ഭാര്യ വന്നിട്ടുണ്ടോ ? " അവൾക്ക് അവിടെ ഡാൻസ് സ്കൂളും പ്രോഗ്രാമും ഒക്കെയായി ഭയങ്കര തിരക്കാ, അവളുടെ ഫ്രീ ടൈം നോക്കി വരാൻ നിന്നാൽ ഒന്നും നടക്കില്ല. അതുകൊണ്ട് ഞാൻ ഒറ്റയ്ക്ക് ഇങ് പൊന്നു.. " അതേതയാലും നന്നായി. അപ്പൊ ഈ ആഴ്ച തന്നെ പോകുമായിരിക്കും ല്ലേ..

മാധവൻ മുന വെച്ചു അയാളെ നോക്കി.. " പിന്നെ മറ്റന്നാൾ പോകും. അതിന് മുമ്പ് അവരുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ ഒരാളെ കണ്ട് പിടിക്കണം.. മാധവേട്ടന്റെ പരിചയത്തിൽ ആരേലും ഉണ്ടോ ? " മുഴുവൻ സമയവും നിൽക്കാൻ പറ്റിയ ആരേം ഇപ്പോ കിട്ടാനില്ല സാറേ.. പിന്നെ നമ്മടെ കാലക്കേടിനു വരുന്നത് വല്ല കള്ള കൂട്ടങ്ങളെങ്ങാനുമാണേൽ പിന്നെ പറയേം വേണ്ടാ.. " ഫുൾ ടൈം വേണമെന്നില്ല മാധവേട്ടാ, അവർക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും, തുണികളൊക്കെ ഒന്നലക്കി ഇടാനും, പിന്നെ ഇടയ്ക്ക് ഒന്ന് വീട് കഴുകി തുടച്ചു വൃത്തിയാക്കി ഇടണം.. ഞാൻ ഒരു ഏജൻസിയിൽ പറഞ്ഞിട്ടുണ്ട്. മാധവേട്ടന്റെ അറിവിൽ നമുക്ക് വിശ്വസിച്ചു നിർത്താൻ പറ്റിയ ആരേലും ഉണ്ടേൽ ഒന്ന് നോക്ക്.. " എന്ത് കൊടുക്കും.. മാധവൻ ഒന്നാലോചിച്ചു കൊണ്ട് അയാളെ നോക്കി.. " ഒരു അഞ്ച് രൂപ കൊടുക്കാം.. " അഞ്ച് രൂപ അല്ലെ.. ഞാനൊന്ന് നോക്കട്ടെ.. " എന്നാ ശരി മാധവേട്ടാ.. കാണാം. സെബാസ്റ്റ്യൻ ഡിക്കിയിൽ നിന്ന് കുറെ കവറുകളുമായി മുകളിലേക്ക് പോയി.. " ഇവിടെ ഒരുത്തിക്ക് സ്വന്തം കൊച്ചിനെ നോക്കാൻ നേരൂല്ല,

അവിടെ വേറൊരുത്തന് കാർന്നോമ്മാരെ നോക്കാനും വയ്യ.. എന്തുണ്ടായിട്ടെന്തിനാ സ്വന്തം കൊച്ചിനേം നോക്കാനും കാർന്നോമ്മാരേം ശ്രദ്ധിക്കാനും മാത്രം ആർക്കും ഇത്തിരി സമയം കിട്ടുന്നില്ലപോലും.. തൂഫ്. ങാ എല്ലാം കൂടി പലിശേം ചേർത്ത് കിട്ടുന്നൊരു ദിവസം വരും.. മാധവൻ ഒന്ന് നീട്ടി തുപ്പിയ ശേഷം ആത്മഗതം പറഞ്ഞു കൊണ്ട് അപ്പുറത്തേക്ക് പോയി.. ഐ സി യു വിൽ നിന്ന് അപ്പുവിനെ റൂമിലേക്ക് മാറ്റിയിരുന്നു.. അവൻ ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞു തടങ്ങൾക്ക് ചുറ്റും കറുത്ത പാട് വീണിട്ടുണ്ടായിരുന്നു.. രണ്ട് കൈ തണ്ടയിലും സൂചി പാടുകൾ ചുവന്നു കിടപ്പുണ്ട്. മരുന്നിന്റെ കഠിന്യത്തിൽ ചുണ്ടുകൾ വരണ്ടു തൊലിയടർന്ന തുടങ്ങിയിരുന്നു.. ബീന അവനരികിൽ ഇരുന്ന് ആകെ സൂക്ഷിച്ചു നോക്കി കൊണ്ട് മുടിയിൽ ഒന്ന് തലോടി. പരിചിതമല്ലാത്ത അവരുടെ വാത്സല്യം അവന് വല്ലാത്ത വീർപ്പുമുട്ടൽ പോലെ തോന്നി..

രാജീവ് ബൈ സ്റ്റാൻന്റെറുടെ ബെഡിലിരുന്നു ആരോടോ സംസാരിക്കുകയാണ്.. ഇടയ്ക്കിടയ്ക്ക് അപ്പു അയാളെ തന്നെ നോക്കുന്നുണ്ടായിരുന്നു.. വാതിലിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ ഒരു പുഞ്ചിരിച്ചു കൊണ്ട് പ്രതീക്ഷയോടെ ഞെട്ടി തിരിഞ്ഞു വാതിൽക്കലേക്ക് നോക്കി.. വാതിൽ തുറന്ന് അകത്തേക്ക് വന്ന നേഴ്സിനെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. പിന്നെയും അവൻ ആരെയോ പ്രതീക്ഷിക്കുന്നത് പോലെ വാതിൽക്കലേക്ക് തന്നെ നോക്കി കിടക്കുകയാണ്.. നേഴ്‌സ് പുതിയ ഡ്രിപ് ബോട്ടിൽ കൊണ്ട് വന്നു സ്റ്റാൻഡിൽ കൊളുത്തി അവന്റെ കൈയിലെ നീഡിലിൽ പിടിപ്പിച്ച ശേഷം പുറത്തേക്ക് പോയി.. ബീന മരുന്ന് ഇറങ്ങുന്ന കൈ തണ്ടയിൽ മെല്ലെ തടവി കൊണ്ടിരുന്നു.. " അച്ഛാ.. " എന്തേ അപ്പു. ഫോൺ സംസാരം നിർത്തി രാജീവ് അവനടുത്തേക്ക് വന്നു.. " ആന്റി, എന്താ വരാത്തെ ? " ഒന്ന് മിണ്ടാതെ കിടക്കേടാ അവന്റെ കാന്റി..

തടവി കൊണ്ടിരുന്നു കൈയിൽ തന്നെ ബീന വലിച്ചടിച്ചു.. അവൻ ഞെട്ടി പോയി.. സൂചിപ്പാട് ഏറ്റു ക്ഷീണിച്ചു പോയ കൈ അവരുടെ അടിയേറ്റ് പൊള്ളിയത് പോലെ അവൻ പിന്നോട്ട് വലിച്ചു.. " ദേ നിന്റെ ഈഗോ കൊച്ചിന്റെ മേത്ത് തീർക്കാൻ നോക്കിയലുണ്ടല്ലോ , ഹോസ്പിറ്റലാണെന്ന് ഞാൻ നോക്കില്ല, ആ മുന്നി പിടിച്ചു ഞാൻ നിലത്തിട്ട് ഉരക്കും പറഞ്ഞേക്കാം.. രാജീവ് അവരുടെ മുടിത്തുമ്പിൽ മുറുക്കെ ചുറ്റി പിടിച്ചു. ബീനയുടെ കണ്ണിൽ ദേഷ്യം കത്തി തുടങ്ങി. അവർക്ക് വേദനിക്കുന്നുണ്ടായിരുന്നു. കൈ കൊണ്ട് അവർ അയാളുടെ പിടുത്തം വിടാൻ ശ്രമിക്കുകയാണ്. " പിടിച്ചു വാങ്ങുന്നത് എന്തായാലും അതിന് നിലനിൽപ്പുണ്ടാവില്ലെന്നു നീ ഓർത്തോ അപ്പു പേടിയോടെ ഇരുവരെയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ രാജീവ് പിടുത്തം വിട്ടു കൊണ്ട് പുറത്തേക്ക് പോയി.. മനസിൽ കുറ്റബോധം തോന്നിയപ്പോൾ ബീന അപ്പുവിന്റെ കൈയിൽ തടക്കുവാൻ കൈ ഉയർത്തി,

പെട്ടെന്നവൻ പേടിയോടെ കൈ വലിച്ചു കൊണ്ട് അവരെ തന്നെ നോക്കി.. അവന് ഇപ്പോഴും ബീനയെ പേടിയാണ്. മരുന്ന് വള്ളികളുടെ ബന്ധനം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവൻ ആ ബെഡിൽ നിന്നിറങ്ങി ഓടുമായിരുന്നു.. അവന്റെ നിസഹായമായ നോട്ടം കണ്ട് ബീനയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. പക്ഷെ ആ കണ്ണീരീന് പോലും അവരോട് വെറുപ്പാണെന്നു അവർ തിരിച്ചറിയുന്നുണ്ടായിരുന്നില്ല " എന്താ ബീനാ, ഞങ്ങളീ കേട്ടത് മുഴുവൻ ശരിയാണോ ? ഒരാമുഖം പോലുമില്ലാതെ വനിതാ സംഘടന നേതാക്കൾ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി വന്നു.. എന്തോ ചിന്തിച്ചു കൊണ്ടിരുന്ന ബീന ഞെട്ടി അവരെ നോക്കി.. " ഇതെന്താ ബീനെ മുഖത്ത് ഈ പാടൊക്കെ ? സീ റാണി എന്ത് ഭ്രൂട്ടലായിട്ടാ അയാൾ നമ്മടെ ബീനയെ ഉപദ്രവിച്ചിരിക്കുന്നത് നോക്കൂ.. " യ്‌സ്. യ്‌സ്.. വനിതാ സംഘടനയുടെ മുതിർന്ന നേതാവ് റാണി ബീനയുടെ മുഖം പിടിച്ചു നോക്കി..

ബീന മറുപടിയൊന്നും പറഞ്ഞില്ല. അവർക്ക് മുന്നിൽ കെട്ടി പൊക്കിയ പൊങ്ങാച്ചതിന്റെ കോട്ടകൾ ഒറ്റ നിമിഷം കൊണ്ട് തകർന്ന് വീഴുന്നത് അവർക്ക് മരണത്തിന് തുല്ല്യമായിരുന്നു.. " ഞങ്ങളുടെ ഫാമിലി പ്രോബ്ലെംസിനെല്ലാം കറക്റ്റ് സൊല്യൂഷൻ പറഞ്ഞു തരുന്ന ബീനയ്ക്ക് തന്നെ ഇങ്ങനൊരു ട്രാജഡി ഉണ്ടാവുകുമ്പോൾ ഞങ്ങൾക്കത് നോക്കിയിരിക്കാൻ പറ്റില്ല. അതു കൊണ്ടാണ് ഞാനപ്പോ തന്നെ ഇവരെയെല്ലാം വിവരമറിയിച്ചത്.. " ചേച്ചി പറഞ്ഞത് വളരെ കറക്റ്റാ. ഇതങ്ങിനെ വിട്ടാൽ പറ്റില്ല. ഭർത്താവ് ആണെന്ന് വെച്ചു എന്തും ചെയ്യാമെന്നുള്ള അയാളുടെ ധാർഷ്ട്യം ഇന്നത്തോടെ അവസാനിപ്പിക്കണം. റാണി അരുന്ധതിയെ പിൻതാങ്ങി. അവർ എരിതീയിൽ മണമുള്ള നറുനെയ്യ് ഒഴിച്ചു തുടങ്ങിയിരിക്കുന്നു.. ചുറ്റും നടക്കുന്ന അതി ഘോരമായ ചർച്ചയുടെ പൊരുളറിയാതെ അപ്പു എല്ലാവരെയും കണ്ണ് മിഴിച്ചു നോക്കി കിടക്കുകയാണ്. "

ഓഹോ അമ്മച്ചിമാർ എല്ലാം കൂടി എഴുന്നുള്ളിയോ.. അകത്തേക്ക് വന്ന രാജീവ് അവരുടെ സംസാരം കേട്ട് പെട്ടെന്ന് വാതിൽക്കൽ തന്നെ നിന്നു. " നമുക്കെന്ത് ചെയ്യാൻ പറ്റും ചേച്ചി.. " ഇന്ന് ബീന നേരിട്ട ഈ ക്രൂവലിറ്റി നമ്മളെ പോലെ ഓരോ സ്ത്രീ സമൂഹത്തിനുമെതിരേയുള്ള ഒരു തിരിച്ചടിയാണ്, അതിനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കണം, അയാൾക്ക് തക്കതായ പണിഷ്മെന്റ് വാങ്ങി കൊടുക്കണം. നമുക്ക് ലീഗലായി തന്നെ മുന്നോട്ട് പോകാം, ഞാൻ അഡ്വക്കേറ്റ് വിമലയെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. " ചേച്ചി അത് വേണോ ? " ഇന്ന് നമ്മളീ ഇഷ്യൂ വിട്ടുകളഞ്ഞാൽ നാളെ മറ്റുള്ളവർക്കും നമ്മുടെ മേലെ എന്തും ചെയ്യാനുള്ള ധൈര്യം വരും, അത് മുളയിലേ അങ്ങു നുള്ളി കളയുന്നതാണ് എന്തുകൊണ്ടും നല്ലത്. ബീന എന്തിനാ ഇങ്ങനെ വറീഡാവുന്നത്, ഞങ്ങളെല്ലാം ബീനയുടെ കൂടെയുണ്ട്. കുറച്ചു കഴിയുമ്പോൾ അഡ്വക്കേറ്റ് ഇങ്ങോട്ടെത്തും. ബാക്കിയൊക്കെ അവര് വന്നിട്ടലോചിക്കാം.. ബീനയുടെ കണ്ണുകളിൽ ഭയം നിറയുന്നത് പോലെ ശ്വാസമിടിപ്പ് കൂടി കൊണ്ടിരുന്നു.. വനിതാ സംഘടനക്കാർ ബെഡിലും മറ്റുമായി ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.. " ആഹാ, ഇതെല്ലാരും ഉണ്ടല്ലോ.. പെട്ടെന്ന് രാജീവ് വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു.. അയാളെ കണ്ട് ബീന ബെഡിൽ നിന്ന് പേടിയോടെ ഞെട്ടിയെഴുനേറ്റു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story