എന്റെ ഉമ്മാന്റെ പേര്: ഭാഗം 13

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഈ നേരത്ത് ഇതാര ? പെട്ടെന്ന് അകത്തു കോളിംഗ് ബെൽ മുഴങ്ങി.. എല്ലാവരും സംശയത്തോടെ പരസ്പരം നോക്കി.. മാധവൻ ഒരു കഷ്ണം ആപ്പിൾ എടുത്ത് കടിച്ചു കൊണ്ട് വാതിൽക്കലേക്ക് നടന്നു " ഹാ ആരായാലും കിടന്ന് ചാവതെടോ. ദാ വരുന്നു. കോളിംഗ് ബെൽ വീണ്ടും മുഴങ്ങി. മാധവൻ ദേഷ്യത്തോടെ വാതിൽ തുറന്നു. മുന്നിൽ ഒരു കുപ്പിയും കക്ഷത്തിൽ വെച്ചു കൊണ്ട് സെബാസ്റ്റ്യൻ. " അയ്യോ സാറായിരുന്നോ ? മാധവൻ ഒന്ന് ഞെട്ടി അരവിന്ദനെ തിരിഞ്ഞു നോക്കി. അയാൾ ആകെ വിളറിയ പോലെ സെബാസ്റ്റിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.. രാജീവ് ആളെ മനസ്സിലാവാതെ ഇരുവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.. അൽപ്പം മുൻപ് പറഞ്ഞ തെറികൾ അയാൾ കേട്ടിരിക്കുമോ ? ഓർത്തപ്പോൾ മാധവന്റെ ഉള്ളൊന്ന് ആളി. " ഇതെന്താടോ എല്ലാവരും കൂടെ അന്തം വിട്ടപ്പോലെ നോക്കുന്നത്.. " സാറ് വാ ഒരേന്ന് അടിച്ചിട്ട് പോകാം.. മാധവൻ ചമ്മൽ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്. സെബാസ്റ്റ്യൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. വാതിൽ അടച്ചു പിന്നാലെ മാധവനും നടന്നു.

" ചേട്ടനെന്താ പതിവില്ലാതെ ? " ഒറ്റയ്ക്കിരുന്നടിക്കാൻ ഒരു മൂഡിലെഡോ അരവിന്ദ, ഇവിടിങ്ങനൊരു പരിപാടി ഉണ്ടെന്നറിഞ്ഞിരുന്നെൽ ഞാനും കൂടി കൂടിയേനെ.. സെബാസ്റ്റ്യൻ കക്ഷത്തിരുന്ന ഷിവാസ് റീഗൾ കുപ്പിയെടുത്ത് മേശപ്പുറത്ത് വെച്ചു.. " തനെന്താടോ മാധവാ ഇങ്ങനെ മന്ദിച്ചു നിക്കണേ. ഒരെണ്ണം എനിക്കും കൂടെ ഒഴിക്കേടോ .. അല്ല ഇത് ? " ഇത് രാജീവ് എയ്റ്റ് എ യിലെയാ.. " ഞാൻ സെബാസ്റ്റ്യൻ ഏഴ് സിയിലെ. " ങാ കുറച്ചു മുന്നേ മാധവേട്ടൻ പറയുന്നുണ്ടായിരുന്നു. രാജീവ് സെബാസ്റ്റ്യന് നേരെ കൈ നീട്ടി.. ഗ്ലാസ്സിൽ മദ്യം ഒഴിച്ചു കൊണ്ട് നിന്ന മാധവൻ പെട്ടെന്ന് ഞെട്ടി നോക്കി.. " അല്ലേലും മാധവന് നമ്മളോടൊക്കെ ഒരു പ്രത്യേക സ്നേഹാ.. അല്ലെടോ.. " അത് പിന്നെ ചോദിക്കാനുണ്ടോ സാറേ.. മാധവൻ രാജീവിനെ നോക്കി ഒന്ന് കണ്ണടച്ചു കൊണ്ട് ഗ്ലാസ് സെബാസ്റ്റിന് നീട്ടി.. അരവിന്ദന് ചിരി വരുന്നുണ്ടായിരുന്നു.. " അല്ല ചേട്ടെന്നെന്നാ പോണേ ? "

മറ്റന്നാൾ പോണോടോ. അതാ ഇപ്പൊ വല്ല്യ ടെൻഷൻ. " അതിനെന്തിനാ ഇത്ര ടെൻഷൻ ? തിങ്കളാഴ്ച മുതല് നബീസു വരോല്ലോ. പിന്നെ വീട്ടിലെ കാര്യം അവര് നോക്കി കോളൂല്ലേ. " ആരൊക്കെ വന്നാലും നിന്നാലും നമ്മടെ കാർന്നോമ്മാരെ നമ്മള് നോക്കുന്നത് പോലെ ആവോ മാധവാ. " ങാഹാ. എന്നാ പിന്നെ അവരെ അങ്ങോട്ട് കൊണ്ടുപോയിക്കൂടെ. ? " ആഗ്രഹമില്ലാഞ്ഞിട്ടല്ല മാധവാ, കഴിഞ്ഞ ഏഴെട്ട് മാസമായി ഭാര്യയുടെ ചിലവിൽ കഴിയുന്ന എനിക്കെന്ത് ചെയ്യാൻ പറ്റും.. " ങ്ങേ.. എല്ലാവരും ഒന്ന് ഞെട്ടി നോക്കി.. സെബാസ്റ്റ്യൻ ഗ്ലാസ് നെഞ്ചിലൂടെ രണ്ട് തവണ ഉരുട്ടി കൊണ്ട് വായിലേക്ക് കമിഴ്ത്തിയ ശേഷം ഒരു പെഗ്ഗ് കൂടി ഒഴിച്ചു.. " ഞെട്ടേണ്ടഡോ. കാര്യാ ഞാൻ പറഞ്ഞത്. സാമ്പത്തീക മാന്ദ്യം വന്നു കമ്പനികൾ പലതും കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോ അതില് ഞാനും പെട്ടു. " ചേട്ടന് വേറെയെവിടേലും നോക്കായിരുന്നില്ലെ ? " ശ്രമിക്കാഞ്ഞിട്ടല്ലേടോ. എത്ര വർഷത്തെ എക്ക്‌സ്പീരിയൻസുണ്ടെന്ന് പറഞ്ഞാലും നമ്മടെ പ്രായത്തിലുള്ളവരെയൊന്നും ഇപ്പോ അവിടെയാർക്കും വേണ്ടാ..

സെബാസ്റ്റ്യൻ ഒഴിച്ചു വെച്ച മദ്യം വെള്ളം ചേർക്കാതെ വായിലേക്ക് കമിഴ്ത്തി.. കേട്ടിരുന്നതല്ലാതെ ആരും ഒന്നും മിണ്ടിയില്ല.. അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. " ഇത്രേയൊക്കെ പ്രശ്നങ്ങളുണ്ടെങ്കിൽ പിന്നെന്തിനാ സാർ വരാൻ പോയത്.?അവരോട് കാര്യം പറഞ്ഞൂടായിരുന്നോ? " വയ്യെന്ന് പറഞ്ഞു വിളിക്കുമ്പോ ഞാനവരോടെന്താ മാധവാ പറയാ.. ഈ വയസുകാലത്ത് അവരെകൂടി ഇനി ടെന്ഷനടിപ്പിക്കാൻ വയ്യാ. അയാൾ ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗ് കൂടി ഒഴിച്ചു സിപ്പ് ചെയ്തു. മറ്റുള്ളവർ അയാളോട് പറയാൻ ആശ്വാസമുള്ളൊരു മറുപടിക്ക് വേണ്ടി പരതുകയാണ്.. " ഹും. കാണുമ്പോ എന്താ സെബാസ്ററ്യനും കുടുംബോ അങ്ങു ദുബായിലാണ്. ഭാര്യക്കും ഭർത്താവിനും ജോലി. ഇഷ്ടംപോലെ കാശ്, നാട്ടിലാണെങ്കി സിറ്റിയുടെ നടുക്ക് ലക്ഷങ്ങൾ വിലയുള്ള ഫ്ലാറ്റ്. കാറ്, പിന്നെന്ത് വേണം ആഷ് പോഷ് ലൈഫ്, പക്ഷെ ഇതിനൊക്കെ എത്ര ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്ന് ആരും അന്വേഷിക്കാറില്ലല്ലോ. ബുദ്ധിമുട്ട് പറഞ്ഞു വിളിക്കുന്ന ബന്ധുക്കൾക്ക് അവര് ചോദിക്കുന്നത് കൊടുത്താ നമ്മള് നല്ലത്,

അല്ലെങ്കി അഹങ്കാരീo, പിശുക്കനോക്കെയാവും. ഇതൊന്നും എന്റെ മാത്രം കാര്യമല്ലടോ, നല്ലൊരു ജീവിതം ഉണ്ടാക്കിയെടുക്കാന്നു കരുതി ഈ രാജ്യം വിട്ടിട്ടുള്ള ഭൂരിഭാഗം പേരുടെയും അവസ്ഥയിതു തന്നെയാണ്. അല്ലേലും ഒരു പ്രവാസിക്ക് ടെൻഷനും, ബുദ്ധിമുട്ടും സങ്കടോന്നും ഉണ്ടാവാൻ പാടില്ലല്ലോ മാധവാ, ഇനി അഥവാ ഉണ്ടെന്ന് പറഞ്ഞുപോയാ തന്നെ ആരേലും വിശ്വസിക്കോ.. എവിടുന്ന്.. അപ്പനേം അമ്മയേം മക്കളേം ഓർത്ത് മാത്രടോ ആത്മഹത്യ ചെയ്യാത്തത്. " ഹാ അങ്ങിനൊന്നും പറയല്ലേ ചേട്ടാ.. എല്ലാം ശരിയാവും.. " ഉം. ശരിയാവട്ടെ.. അയാൾ വീണ്ടും ഗ്ലാസ് വായിലേക്ക് കമിഴ്ത്തിയാ ശേഷം വേഗത്തിൽ ഒരു പെഗ്ഗ് കൂടി ഒഴിച്ചു കഴിച്ചു.. " കൂടുതൽ പറഞ്ഞു ഞാൻ ബോറടിപ്പിക്കുന്നില്ല. പോയെക്കുവാ. " എന്ത് ബോറടി, ചേട്ടനിവിടിരിക്കന്നെ. " ഏയ് വേണ്ടെടോ, നിങ്ങളോട് കുറച്ചു സംസാരിച്ചപ്പോ കുറച്ചാശ്വാസം തോന്നുന്നുണ്ട്. ആളെ നോക്കുന്ന തിരക്കിൽ, വന്നിട്ട് അവരോട് ശരിക്കൊന്നു മിണ്ടാൻ കൂടെ പറ്റിയില്ല. കുറച്ചു നേരം അവരോടൊപ്പം ഇരിക്കട്ടെ. നാളെ കാണാം.. പോട്ടെ ഡോ സെബാസ്റ്റിൻ രാജീവിന്റെ തോളിൽ തട്ടി കൊണ്ട് എഴുനേറ്റ് നടന്നു.. "

അല്ല സാറേ ഈ സമയത്ത് ഇവിടെയൊരാളെ നിർത്തിയാ? " താൻ പേടിക്കണ്ട മാധവാ. അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്. അവിടെയൊരു പരിചയകാരന്റെ ഹോട്ടലിൽ ഒരു ജോലി ശരിയായിട്ടുണ്ട്. പ്രവാസിയായി പോയില്ലേ. എന്ത് പണി ചെയ്താൽ എന്താ. അവിടെ എന്റെ ഭാര്യേക്ക് അത് ചിലപ്പോ കുറച്ചിലായിരിക്കും.. എന്നാലും ആരെടെയും മുന്നിൽ കൈ നീട്ടണ്ടല്ലോ.. അപ്പൊ ok എല്ലാവരോടും ഗുഡ് നൈറ്റ്.. സെബാസ്റ്റ്യൻ വാതിൽ തുറന്ന് പുറത്തേക്ക് പോയി.. അല്പനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.. അയാൾ കൊണ്ട് വന്ന ഷിവാസ് റീഗൽ കുപ്പി ആരാലും പരിഗണിക്കപ്പെടാതെ അവിടെയിരിപ്പുണ്ടായിരുന്നു.. " എന്നാ ശരി മാധവേട്ടാ. ഞാനും ഇറങ്ങുവാ. രാജീവിന്റെ ഉള്ളിലേക്ക് പെട്ടെന്നൊരു നോവ് ഇടിച്ചിറങ്ങിയത് പോലെ അയാൾ യാത്ര പറഞ്ഞിറങ്ങി.. " ചെ കാര്യമറിയാതെ ഞാൻ കുറെ തെറീം പറഞ്ഞു. പാവം.

" അകമേ പൊള്ളിയാലും ചിലരിങ്ങനെയാണ് മാധവേട്ടാ. ആരോടും ഒന്നും പറയില്ല. മാധവൻ അയാളെ ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.. കാരണമറിയാതെ സെബാസ്റ്റ്യനെ കുറ്റപ്പെടുത്തിയതിലുള്ള കുറ്റബോധം അയാളുടെ മനസിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നു. ഈ ഭൂമിയിൽ വാസ്തവമറിയാതെ മുൻവിധിയോടെ ഒരാളെ വിധിക്കാൻ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. രാജീവ് നേരെ ഹോസ്പിറ്റലിലേക്ക് പോയി. അയാളെത്തുമ്പോൾ അപ്പു ഉറക്കം പിടിച്ചിരുന്നു.. ബീന ഏതോ ഒരു ഇംഗ്ലീഷ് ആഴ്ചപ്പതിപ്പ് വായിച്ചു കൊണ്ട് ബൈ സ്റ്റാൻഡേർ ബെഡിൽ കിടക്കുകയായിരുന്നു.. അയാളെ കണ്ടിട്ടും അവർ അവിടെ നിന്നും എഴുനേറ്റില്ല. " ആന്റി എന്താ വരാത്തെ ?. ഉറക്കത്തിലും അവന്റെ മനസിൽ നബീസു മാത്രമാണ്.. ബീനയ്ക്ക് അപ്പുവിന്റെ മർമരം കേട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു. പല്ല് ഞെരിച്ചു കൊണ്ട് അവർ ആഴ്ചപ്പതിപ്പ് കയ്യിലിട്ട് ചുരുട്ടി. രാജീവ് അപ്പുവിന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി. പനി വിട്ട് പോയിരിക്കുന്നു. അൽപ്പനേരം അവനെ ഒന്ന് നോക്കി നിന്ന ശേഷം അയാൾ മുടിയിൽ ഒന്ന് തലോടി.

ബീന പുച്ഛത്തോടെ അയാളെ ഒന്ന് നോക്കി കൊണ്ട് ബുക്ക് എടുത്ത് പിന്നെയും നിവർത്തി പിടിച്ചു. രാജീവ് അവരെ ശ്രദ്ധിക്കാതെ കസേര വലിച്ചിട്ട് അപ്പുവിനരികിൽ ഇരുന്നു.. തിങ്കളാഴ്ച ഉച്ചയോടെ അപ്പുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നു.. രണ്ട് ദിവസം കൊണ്ട് അവൻ ആകെ ക്ഷീണിച്ചു പോയിരുന്നു.. ഒരു തടവറക്കാലം കഴിഞ്ഞത് പോലെ സന്തോഷത്തിൽ അവൻ ആകാശത്തേക്ക് നോക്കി. മങ്ങി പോയ പകലിന്റെ കീഴിൽ കറുത്ത മേഘകെട്ടുകൾ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു.. ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് രാജീവിന്റെ കാർ പാർക്കിങ്ങിലേക്ക് വന്നു നിന്നു.. " ഹാ.. ആളിപ്പോ ഉഷാറായി പോയല്ലോ.. അവരെ കണ്ടതും മാധവൻ കാറിനടുത്തേക്ക് വന്നു.. രാജീവ് ഡോർ തുറന്ന് അപ്പുവിനെ പുറത്തേക്കിറക്കി. അവൻ അയാളെ നോക്കി ഗാഢമായി ഒന്ന് പുഞ്ചിരിച്ചു.. വാടി തളർന്ന് പോയിട്ടും അവന്റെ പുഞ്ചിരിക്ക് വല്ലാത്ത ഭംഗിയുണ്ടായിരുന്നു..

ബീന പിൻ സീറ്റിൽ നിന്ന് ബാഗും,കവറുകളും എടുത്ത് പുറത്തേക്കിറങ്ങി. " കണ്ണെറിഞ്ഞു കണ്ണെറിഞ്ഞു ഇത്രയൊക്കെയാക്കി എന്നിട്ടും ആൾക്കാരുടെ ചോദ്യത്തിന് ഒരു കുറവുമില്ല.. ബീന മാധവനെ പാളി നോക്കി.. അയാൾക്ക് പുച്ഛത്തേക്കാൾ അവരോട് സഹതപമാണ് തോന്നിയത്. ഒരു ശില്പിക്ക് കല്ല് കൊത്തിയൊതുക്കി ഭംഗിയുള്ളൊരു രൂപം സൃഷ്ടിക്കാൻ കഴിയും. പക്ഷെ അനേകായിരം കോടി ചിന്തകൾ മാറി മറിയുന്ന ഒരു മനുഷ്യ മനസിൽ എങ്ങിനെയാണ് സ്നേഹത്തിന്റെ ബിംബം ഉണ്ടാക്കാൻ കഴിയുക.. അസാധ്യം. രാജീവ് മാധവനെ നോക്കി കണ്ണടച്ചു. അയാൾക്ക് ചിരി വരുന്നുണ്ടായിരുന്നു.. ബീന അപ്പുവിന്റെ കൈയിൽ പിടിച്ചു മുൻപേ നടന്നു. പിന്നാലെ രാജീവും മാധവനും.. " ആന്റി. കൈയിലൊരു സഞ്ചിയുമായി ലിഫ്റ്റിനരികിലേക്ക് വന്ന് നബീസുവിനെ കണ്ട് അപ്പു ഉറക്കെ വിളിച്ചു കൊണ്ട് ഓടാൻ ശ്രമിച്ചു.

" നിക്കേടാ അവിടെ പെട്ടെന്ന് ബീന അവന്റെ കൈ തണ്ടയിൽ പിടിമുറുക്കി കൊണ്ട് അലറി. ഇടുങ്ങിയ ഇടനാഴികൾ അവരുടെ ശബ്ദത്തിൽ പ്രകമ്പനം കൊണ്ടു. അപ്പു ഭയന്ന് വിറച്ചു കൊണ്ട് പിന്നോട്ട് മാറി. അവനെ കണ്ട് മുന്നോട്ടാഞ്ഞ നബീസു ഒന്ന് ഞെട്ടി നിന്നു. " എന്താ , എന്തുണ്ടായി. രാജീവും മാധവനും ലിഫ്റ്റിനരികിലേക്ക് ഓടിയെത്തി. " അച്ഛാ ആന്റി.. അപ്പു വിതുമ്പലോടെ കൈ ചൂണ്ടി. വിളറിയ അവന്റെ കണ്ണുകളിൽ വല്ലാത്ത പേടിയുണ്ടായിരുന്നു.. നബീസുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. രാജീവ് ബീനയെ ദേഷ്യത്തോടെ നോക്കി. " എന്നെ നോക്കി പേടിപ്പേക്കൊന്നും വേണ്ടാ. ഞാൻ പിണങ്ങിയത് എന്റെ മോനെയാ അതിലാർക്കും ഇത്ര ക്ഷോഭിക്കേണ്ട കാര്യമില്ല.. ഇങ്ങോട്ട് വാടാ. ബീന അപ്പുവിന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ലിഫ്റ്റിന്റെ ബട്ടണിൽ കുത്തി.. " പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും പാട്ടീടെ വാല് വളഞ്ഞു തന്നെയാ സാറേ.. മാധവൻ ബീനയെ അവജ്ഞയോടെ നോക്കി കൊണ്ട് പുറത്തേക്ക് പോയി. ലിഫ്റ്റ് താഴേയ്ക്കിറക്കി തുറന്നു. ബീന അപ്പുവിനെ അതിലേക്ക് വലിച്ചു കയറ്റി.

അവൻ നബീസുവിനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. അവളുടെ ചുണ്ടുകൾ വിതുമ്പലിന്റ് ശ്രുതി മീട്ടി തുടങ്ങിയിരുന്നു.. ബീന ലിഫ്റ്റിന്റെ അകത്തെ ബട്ടണിൽ അമർത്തി.. " മുകളിലേക്ക് അല്ലെ ? " ങ്ങേ. " അല്ല മുകളിലേക്ക് പോകാനല്ലേ " ങാ. വാതിലുകൾ അടഞ്ഞു തുടങ്ങിയതും രാജീവ് പുറത്തെ ബട്ടണിൽ കുത്തി.. അവൾ അഗാധമായ ഗർത്തത്തിൽ അകപ്പെട്ടത് പോലെ ആലസ്യത്തിൽ മൂളി കൊണ്ട് ബീനയെ നോക്കി. " രാജീവ് വരുന്നുണ്ടേൽ വാ. എനിക്ക് പോണം. അത്യാവിശ്യമുള്ളവർ സ്റ്റെപ്പ് കേറി വന്നോളും. " വേണ്ട സാറേ പിന്നെ വന്നോളം. " അവര് കൂടെ കേറിന്ന് പറഞ്ഞു ഇറക്കി വിടാൻ ഈ കാണുന്നത് മുഴുവൻ എന്റെ തന്തയുടെ വകയല്ല. നിങ്ങള് വാ. അടഞ്ഞു തുടങ്ങിയ ലിഫ്റ്റിന്റെ വാതിൽ രാജീവ് കൈ കൊണ്ട് തടഞ്ഞു പിടിച്ചു.. ബീന ദേഷ്യത്തിൽ അയാളുടെ ഷർട്ടിൽ പിടിച്ചു വലിക്കുണ്ടായിരുന്നു. അപ്പു നബീസുവിനെ തന്നെ നോക്കി നിൽക്കുകയാണ്. വിതുമ്പി പോയെങ്കിലും അവൾ അപ്പുവിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അകത്തേക്ക് കയറി. പിന്നാലെ രാജീവും. ലിഫ്റ്റ് മുകളിലേക്ക് ഉയർന്ന് തുടങ്ങി.

ബീന ആരെയും ശ്രദ്ധിക്കാതെ ദേഷ്യത്തിൽ നിൽക്കുകയാണ്. നബീസു അപ്പുവിനരികിൽ നിന്ന് ബീനയെ നോക്കി കൊണ്ട് അവന്റെ തലയിൽ അറിയാതെ ഒന്ന് വിരലോടിച്ചു. രാജീവ് ബട്ടണിന്റെ അരികിൽ മറഞ്ഞു നിന്ന് കൈ പിന്നിലേക്കാക്കി ബീന കാണാതെ ഒരു നമ്പറിൽ കുത്തി. ലിഫ്റ്റ് രണ്ടാം നിലയിൽ ചെന്ന് നിന്നു.. " ഇതാര ഈ പണി ചെയ്യുന്നത് ? രാജീവ് പുറത്തേക്ക് തലയെത്തിച്ചു നോക്കി.. പുറത്ത് ആരുമില്ല. ബീനയ്ക്ക് ദേഷ്യം കൂടി വരുന്നുണ്ട്. ലിഫിറ്റിന്റെ വാതിലടഞ്ഞു മുകളിലേക്ക് പോയി. നബീസു അപ്പുവിന്റെ കഴുത്തിലൂടെ ചേർത്ത് പിടിക്കാൻ നോക്കിയതും പെട്ടെന്ന് അപ്പു അവളുടെ വിരൽ തുമ്പിൽ കയറി പിടിച്ചു കൊണ്ട് നബീസുവിനെ നോക്കി.. അവൾ നനവ് വീണൊരു പുഞ്ചിരി അവന് സമ്മാനിച്ചു.. അവൻ അവളുടെ ഉള്ളം കൈയിൽ ഒരുമ്മ കൊടുത്തു കൊണ്ട് വീണ്ടും അവളെ നോക്കി. രാജീവ് ഇരുവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ വീണ്ടും ഏതോ നമ്പറിൽ കുത്തികൊണ്ടിരുന്നു. ലിഫ്റ്റ് പിന്നെയും നാലിലും അഞ്ചിലും വന്നു നിന്നു. അപ്പു അവളുടെ വിരൽ തുമ്പിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

ബീന അവന്റെ കൈ തണ്ടയിലും. ഒരു കൈ കുമ്പിളിനേക്കാൾ സ്നേഹവും സംരക്ഷണവും അവൻ ഒരു വിരൽതുമ്പിൽ തൊട്ടറിയുന്നുണ്ടായിരുന്നു.. ലിഫ്റ്റ് ഏഴാം നിലയിൽ വന്നു നിന്നു. പെട്ടെന്ന് നബീസു അവന്റെ പിടിയിൽ നിന്നും കൈ കുടഞ്ഞു പുറത്തേക്കിറങ്ങി. അവൻ അവളെ കാണാൻ ബീനയുടെ അരികിൽ നിന്ന് അൽപ്പം മാറി നിന്നു. പുറത്തേക്കിറങ്ങിയ നബീസു ഒന്ന് തിരിഞ്ഞു നിന്നു അവനെ നോക്കി. പെട്ടെന്ന് ബീന അവന്റെ കാഴ്ചയെ മറച്ചു കൊണ്ട് സാരി തലപ്പ് കുടഞ്ഞുയർത്തി.. അവൻ ബീനയെ നോക്കി കൊണ്ട് അവർ കാണാതെ നബീസുവിന് നേരെ കൈ വീശി.. അവൾ മെല്ലെ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി. ആരാരും കാണാതെ, ആരാരുമറിയതെ, ആരാരും കേൾക്കാതെ, മൗനം കൊണ്ട് അവർ പര്സപരം സ്നേഹിക്കുകയാണ്.. എഴുതി തീർത്ത ആയിരം വരികളെക്കാൾ അർത്ഥമുണ്ട് ഒരു നോട്ടം കൊണ്ട് ഹൃദയത്തിൽ ഒളിപ്പിച്ച മൗനത്തിന്. " എത്ര കിട്ടിയാലും നീ പഠിക്കില്ലല്ലേ ? " ഇല്ല.. ലിഫ്റ്റിറങ്ങി രാജീവ് വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി. ബീന അയാളെ മൈൻഡ് ചെയ്യാതെ പിന്നാലെ യും.

അപ്പു രാജീവിനെ നോക്കി കൊണ്ട് സോഫയിലിരുന്ന റിമോർട്ട് എടുത്തു ടീവി ഓണാക്കി.. " ഓ വന്ന് കേറിയില്ല അതിനുമുന്നേ തുടങ്ങി അവന്റെ ഒരു ടീവി.. ഇങ്ങോട്ട് താടാ.. " എന്തേലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയടി.. അല്ലാതെ ഒന്നുമറിയാത്ത കൊച്ചിന്റെ മേത്തേക്ക് കേറാൻ നിക്കരുത്. രാജീവ് ദേഷ്യം കൊണ്ട് കൈ ചുരുട്ടി. ഇരുവരുടെയും തർക്കം ഉയർന്ന് തുടങ്ങിയപ്പോൾ അപ്പു എഴുനേറ്റ് അവന്റെ മുറിയിലേക്ക് പോയി. " എന്തേ തല്ലണോ.. തല്ലിക്കൊ, തല്ലിക്കൊ. " അങ്ങേര് പറഞ്ഞത് പോലെ ഒന്നിലേൽ പട്ടീടെവാല് നേരെയാവണം, അല്ലെങ്കിൽ അതിലിട്ട കുഴല് വളയണം. ഇത് രണ്ടും നടക്കത്തിടത്തോളം നിന്നെ പോലത്തെ ശവങ്ങളും നന്നാവൻ പോണില്ല. കൈ ചുരുട്ടി വന്ന രാജീവ് ദേഷ്യം കടിച്ചമർത്തി സ്വയം കാലിൽ ഇടിച്ചു കൊണ്ട് അപ്പുവിന്റെ മുറിയിലേക്ക് പോയി.. ബീന അയാളെ പുച്ഛത്തോടെ നോക്കി ബെഡ് റൂമിലേക്കും. അപ്പു ബാൽക്കണിയിൽ നിന്ന് നബീസു വരുന്നുണ്ടോ എന്ന് താഴേയ്ക്ക് എത്തി നോക്കുകയായിരുന്നു. ഇരുമ്പ് വേലികൾ അവന്റെ തിരച്ചിലിന് തടസം നിന്നു. അവൻ ഗ്രില്ലിൽ ചവുട്ടി മുകളിലേക്ക് കയറി തല താഴേയ്ക്ക് ഇട്ട് പിന്നെയും അവളെ തിരയുകയാണ്. " ആന്റി... രണ്ടാമത് ഒരടി കൂടി കയറിയതും പെട്ടെന്ന് അപ്പുവിന്റെ കാൽ തെന്നി അലറി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story