എന്റെ ഉമ്മാന്റെ പേര്: ഭാഗം 15

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ന്റെ ദേവിയെ ഈ താടക ഇത്ര പെട്ടെന്ന് വന്നോ ? ലിഫ്റ്റിറങ്ങി ക്യാബിനിലേക് നടന്നതും ഗേറ്റ് കടന്ന് ബീനയുടെ കാർ അകത്തേക്ക് കയറി വരുന്നത് കണ്ട് മാധവൻ നെഞ്ചത്ത് കൈ വെച്ചു കൊണ്ട് തിരിഞ്ഞോടി.. ബീനയുടെ കാർ പോർച്ചിലേക്ക് വന്നു നിന്നു. മാധവൻ വേഗത്തിൽ ലിഫിറ്റിലേക്ക് ഓടിക്കയറി ഏഴാം നമ്പറിൽ കുത്തി. അയാളുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. ലിഫ്റ്റ് മുകളിലേക്ക് ഉയർന്ന് തുടങ്ങി.. ബീന കാറിൽ നിന്നിറങ്ങി സഞ്ചിയുമായി പുറത്തേക്കിറങ്ങി കാർ ലോക്ക് ചെയ്ത ശേഷം ലിഫിറ്റിനടുത്തേക്ക് നടന്നു. മാധവൻ ലിഫ്റ്റിൽ വെപ്രാളത്തോടെ നിന്ന് ചാടിയിറങ്ങി. പെട്ടെന്ന് എന്തോ ഓർത്തത് പോലെ പുറത്തെ ബട്ടണിൽ കുത്തി. അടഞ്ഞു തുടങ്ങിയ വാതിൽ വീണ്ടും തുറന്നു.. അയാൾ ഒരു കാൽ ഉള്ളിലേക്ക് വെച്ചു കൊണ്ട് ഒന്ന് മുതൽ പതിനാല് വരെയുള്ള നമ്പറുകളിൽ ഓരോന്നായി കുത്തി.. വാതിലടഞ്ഞു ലിഫ്റ്റ് മുകളിലേക്ക് ഉയർന്ന് തുടങ്ങി.. മാധവൻ അതൊന്ന് പാളി നോക്കി കൊണ്ട് സെബാസ്റ്റിന്റെ ഫ്ലാറ്റിലേക്ക് ഓടി.. ബീന ലിഫ്റ്റിന് മുന്നിലേക്ക് വന്നു കൊണ്ട് പുറത്തെ ബട്ടണിലും അമർത്തി കാത്ത് നിൽക്കുകയാണ്. പെട്ടെന്ന് അവരുടെ മൊബൈൽ റിംഗ് ചെയ്തു. " ഹലോ.. "

ഹലോ നമസ്ക്കാരം മാഡം, ഞാൻ വയസ്യ പ്രൊഡൻഷ്യൻ ലൈഫ് ഇൻഷൂറൻസിൽ നിന്നാണ്. മാഡം തിരക്കിലല്ലെങ്കിൽ ഒരൽപ്പ സമയം സംസാരിക്കാമോ ? " ഐ യാം ലിറ്റിൽ ബിസി, കോൾ യൂ ലേറ്റർ. " ഓകെ മാഡം.. അവർ കോൾ കട്ട് ചെയ്ത് ലിഫിറ്റിലേക്ക് നോക്കി. അത് ഒമ്പതാം നിലയും പിന്നിട്ട് മുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. " നാശം.. അവർ മുഖം കോട്ടി കൊണ്ട് പിറുപിറുത്തു. മാധവൻ ഓടി ചെന്ന് സെബാസ്റ്റിന്റെ ഫ്ലാറ്റിന്റെ കോളിംഗ് ബെല്ലടിച്ചു. അയാൾ ആകെ വിയർത്ത് കിതയ്ക്കുന്നുണ്ടായിരുന്നു.. അക്ഷമനായി അയാൾ വീണ്ടും വീണ്ടും ബെല്ലിൽ അമർത്തി കൊണ്ടിരുന്നു.. " ഹാ താനായിരുന്നോ ? ഇതെന്താടോ നിന്ന് കിതയ്ക്കുന്നെ. " കഥ പറയാൻ നിന്നാ ഇന്നെന്റെ കഥ കഴിയും സാറേ.. ഒന്ന് മാറിക്കെ. സെബാസ്റ്റിൻ വാതിൽ പാതി തുറന്നതും മാധവൻ ധൃതിപ്പെട്ട് അത് തള്ളി തുറന്ന് അകത്തേക്ക് ഓടി. " എടാ അപ്പൂസേ വേഗം വാടാ.. " എന്താ മാധവേട്ടാ, എന്താ പറ്റിയെ ? മാധവന്റെ ശബ്ദം കേട്ട് നബീസു അടുക്കളയിൽ നിന്ന് ഓടിയിറങ്ങി. " ചെക്കാനെന്തെടി ? "

അവൻ ദേ വല്ല്യ സാറിന്റെ മുറിയിലുണ്ട്.. കാര്യമെന്താണെന്നു പറയ് മാധവേട്ടാ.. " അവന്റെ തള്ള പിശാച് പോയതിലും വേഗത്തിൽ തിരിച്ചു വന്നിട്ടുണ്ട്. " ന്റെ റബ്ബേ. അവനിങ്ങോട്ടാണ് വന്നതെന്ന് അവർക്കറിയോ.? " ങാ എന്നാ പിന്നെ എല്ലാം പൂർത്തിയായി. മാധവന്റെ വെപ്രാളം കണ്ട് നബീസുവിനും പേടി തോന്നി.. സെബാസ്റ്റിൻ ഒന്നും മനസ്സിലാവാതെ നിന്ന് കണ്ണ് മിഴിക്കുകയാണ്.. ലിഫ്റ്റ് പതിനാലിൽ എത്തി താഴേയ്ക്ക് തിരിച്ചിറങ്ങുകയാണ്. പതിമൂന്ന്, പന്ത്രണ്ട്, പതിനൊന്ന്........ " ഹാ ഇപ്പൊ കളിക്കാൻ പറ്റിയ കളി. മാധവൻ കോശിച്ചയാന്റെ മുറിയിലേക്ക് ഓടി കയറി. അയാൾ തന്റെ ഊന്നുവടിയും കൊണ്ട് അപ്പുവുമായി യുദ്ധം ചെയ്ത് കളിക്കുകയാണ്. അന്നാമ്മച്ചി അവരുടെ കളി ചിരികൾ കണ്ട് ബെഡിൽ സന്തോഷത്തോടെ മാറിയിരിപ്പുണ്ടായിരുന്നു.. " മതി മതി.. ടാ അപ്പുകുട്ടാ വേഗം വാടാ. " ചെ. ഈ കൊശവൻ ആ കളിയുടെ ത്രില്ല് കളഞ്ഞു.. നീ പോണ്ടെടാ മക്കളെ.. മാധവൻ അപ്പുവിന്റെ കൈയിൽ കടന്ന് പിടിച്ചു.. കോശിച്ചയാന് ദേഷ്യം വരുന്നുണ്ടായിരുന്നു. അയാൾ അപ്പുവിനെ പോകണ്ടെന്നു വിലക്കി

" ഞാൻ പിന്നെ വരാ അങ്കിളെ.. അപ്പു അവിടെ നിന്ന് അനങ്ങാതെ മാധവന്റെ കൈ വിടുവിക്കാൻ നോക്കുകയാണ്. " ഹോ ഇവനെന്നെ കൊലയ്ക്ക് കൊടുക്കും. എടാ നിന്റെ മമ്മി ഭൂതം താഴെ വന്നിട്ടുണ്ട്.. " അയ്യോ. " കയ്യോ.. തല്ല് കിട്ടേണ്ടെങ്കിൽ ഇങ്ങോട്ട് വാ. അപ്പു ഒന്ന് ഞെട്ടി. മാധവൻ അപ്പുവിന്റെ കൈയിൽ മുറുകെ പിടിച്ചു പുറത്തേക്ക് നടന്നു. " ഡാ മക്കളെ നീ നാളേം വരോ. " ങാ. വരാം. " ങ്ങേ. എന്റെ പൊന്ന് കോശിച്ചായ ഇന്ന് ഞങ്ങള് ജീവനോട് ഉണ്ടാവോന്നു നോക്കട്ടെ എന്നിട്ടല്ലേ നാളെ.. മാധവൻ കോശിച്ചായനെ വെപ്രാളത്തോടെ തിരിഞ്ഞു നോക്കി കൊണ്ട് പുറത്തേക്ക് നടന്നു. കൺ മുന്നിൽ നടക്കുന്നതെന്താണെന്ന് കോശിച്ചയാനും സെബാസ്റ്റിനും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിൽ ചെന്ന് നിന്നു വാതിൽ തുറന്നു. ബീന സാധനങ്ങളുമായി അകത്തേക്ക് കയറി. " ഒന്ന് നിന്നെ മാധവേട്ടാ.. " അതിനൊന്നും സമയമില്ല പെണ്ണേ.. "

ഇന്നിങ്ങോട്ട് പോന്നപ്പോ അപ്പൂന് കൊടുക്കാൻ മുബീന തന്ന് വിട്ടതാ, ഇതൊന്ന് ഞാനാവന് കൊടുത്തോട്ടെ. " എന്നാ വേഗം കൊടുക്ക്.. അവളുടെ അപേക്ഷയ്ക്ക് മുന്നിൽ മാധവൻ നിസഹായനായി പോകുകയാണ്. നബീസു തന്റെ കവറിൽ നിന്ന് കുറച്ചു ചക്കര മിട്ടായികൾ എടുത്ത് അപ്പുവിന്റെ കൈയിൽ വെച്ചു കൊടുത്ത ശേഷം അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. അവൻ അവളെ കെട്ടിപിടിച്ചു കവിളിൽ അമർത്തി കടിച്ചു.. നബീസുവിന്റെ കവിളിൽ അവന്റെ പല്ലുകൾ പതിഞ്ഞു കിടപ്പുണ്ട്.. " ആന്റി അപ്പു പോവാണെ. നാളെ വരാം. അപ്പു തിരിഞ്ഞു നോക്കി നബീസുവിന് നേരെ കൈ വീശി. അവളുടെ കണ്ണിൽ പേടി വല്ലാതെ തെളിയുന്നുണ്ടായിരുന്നു. " സാറേ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്തിച്ചേക്കണെ. മാധവൻ സെബാസ്റ്റിനെ നോക്കി കൊണ്ട് അപ്പുവിനെയും വലിച്ചു കൊണ്ട് പുറത്തേക്ക് ഓടി. ലിഫ്റ്റ് മുകളിലേക്ക് ഉയർന്ന് തുടങ്ങി. ഒന്ന്, രണ്ട് . " ഹാ. അങ്കിളെ വെപ്രാളപ്പെട്ടു ഓടുന്നതിനിടയിൽ പെട്ടെന്ന് അപ്പു ഫ്ലോറിൽ തെന്നി വീണൂ.. കൈയിലിരുന്ന മിട്ടായികൾ താഴേയ്ക്ക് ചിതറി കിടപ്പുണ്ട്.. "

ഇങ്ങനെ വീണും എണീറ്റും ചെല്ലുമ്പോളേക്കും നിന്റെ തള്ള എന്നെ ഇംഗ്ലീഷ് തെറി പറഞ്ഞു കൊല്ലും.. മാധവൻ മിട്ടായികൾ പെറുക്കി അവന്റെ പോക്കറ്റിൽ പെറുക്കിയിട്ട ശേഷം അപ്പുവിനെ വട്ടം കോരിയെടുത്തു ഓടി.. ലിഫ്റ്റ് അഞ്ചാം നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. " മുറുക്കെ പിടിച്ചിരുന്നോടാ മക്കളെ.. എന്റെ ശിവനെ വയസാം കാലത്ത് എനിക്ക് കിട്ടുന്ന ഓരോരോ പണികളെ. ലിഫ്റ്റിലെ ചുവന്ന ആരോ ചിഹ്നത്തിൽ മാധവൻ ഒന്ന് പാളി നോക്കി കൊണ്ട് അവനെയും എടുത്ത് സ്റ്റെപ്പ് കയറി.. അയാൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു.. ഒരു ലയർ സ്റ്റെപ്പ് കയറി അയാൾ ഒന്ന് നിന്നു ശ്വാസമെടുത്ത ശേഷം വീണ്ടും അവനെയും ചുമന്ന് മുകളിലേക്ക് കയറുകയാണ്. ലിഫ്റ്റ് ആറാം നില പിന്നിട്ട് ഏഴിലേക്ക് ഉയർന്ന് തുടങ്ങി. മാധവൻ തളർന്നോടിഞ്ഞു എട്ടാം നിലയുടെ ലിഫ്റ്റിന് മുന്നിൽ അപ്പുവിനെ ഇറക്കി നിർത്തി. ലിഫ്റ്റ് ഏഴും കടന്ന് മുകളിലേക്ക് ഉയരുകയാണ്.. " ഈശ്വരാ മാധവൻ ഒന്ന് ഞെട്ടി നോക്കി കൊണ്ട് അപ്പുവിനെയും വലിച്ചു ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറ്റി.

പേടിയും കിതപ്പും അയാളുടെ ശ്വാസഗതിയെ താഴേയ്ക്ക് പിടിച്ചു വലിച്ചു നിർത്തിയിരിക്കുകയാണ്. അയാൾ ഇരു കൈകളും മുട്ട് കാലിൽ കുത്തി ഒന്ന് കുനിഞ്ഞു നിന്ന് ശ്വാസമെടുക്കാൻ തുടങ്ങി. ഒരാശ്വാസം കിട്ടിയപ്പോൾ അയാൾ വാതിൽ തുറന്നതും ലിഫ്റ്റ് ഉറക്കെ വരവറിയിച്ച് കൊണ്ട് എട്ടാം നിലയിലേക്ക് വന്നു നിന്നു. " ഹോ പെട്ടല്ലോ ദേവിയെ. അയാൾ ഫ്ലാറ്റിന്റെ വാതിൽ വലിച്ചടച്ചു കൊണ്ട് ഒളിക്കാൻ സ്ഥലം നോക്കി. " അയ്യോ അങ്കിളെ താക്കോൽ " താക്കോലോ, ഏത് താക്കോൽ ? " ദേ അത്, അത് മമ്മികണ്ടാൽ എന്നെ അടിക്കും. " ഓഹോ അപ്പോ നീ കൂട് പൊളിച്ചു ചാടിയതാണ് അല്ലെ.. മാധവൻ തിരിഞ്ഞു നോക്കി. അവൻ തുറക്കാൻ എടുത്ത താക്കോൽ വാതിൽ പഴുതിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു.. ലിഫ്റ്റിന്റെ വാതിൽ തുറന്ന് ബീന പുറത്തേക്കിറങ്ങി. മാധവൻ പെട്ടെന്ന് വാതിൽ ലോക്ക് ചെയ്ത് താക്കോൽ ഊരിയെടുത്തു. " വേഗം വാ അങ്കിളെ. അപ്പു അയാളെയും വലിച്ചു കൊണ്ട് അവന്റെ മുറിയിലേക്ക് ഓടി, പുറത്ത് ബീന വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..

" ഹോ ഇതിപ്പോ എങ്ങോട്ട് പോകും. മാധവൻ ഒളിക്കാൻ സ്ഥലം തിരയുകയാണ്. പെട്ടെന്ന് ബീന വാതിൽ തുറന്നതും മാധവൻ വെട്ടിയിട്ട തടി പോലെ അവന്റെ കട്ടിലിന്റെ മറവിലേക്ക് ചാഞ്ഞു വീണു.. അപ്പു ബെഡിൽ കയറി പുതപ്പെടുത്ത് പുതച്ചു അവർ ശ്രദ്ധിക്കാത്ത പോലെ കണ്ണടച്ചു തിരിഞ്ഞു കിടന്നു.. ബീന അകത്തേക്ക് കയറി ഹാൻഡ് ബാഗും, സഞ്ചിയും സോഫയിൽ വെച്ചു ഒന്ന് നിശ്വസിച്ചു.. മാധവന്റെ ശ്വാസഗതികൾ ഉയർന്ന് താഴ്ന്ന് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അയാൾക്ക് ചുമ വന്നു. ഒരു കൈ കൊണ്ട് മൂക്കും വായും അയാൾ ബലമായി പൊത്തി പിടിച്ചു. " അങ്കിളെ.. അപ്പുവിന്റെ കണ്ണുകൾ പുതപ്പിനടിയിൽ നിന്ന് എത്തി നോക്കി.. അവനും വല്ലാതെ പേടിച്ചിരുന്നു.. " ഓ ഉറക്കമായോ. ? ബീന പെട്ടെന്ന് അപ്പുവിന്റെ മുറിയുടെ വാതിൽ തുറന്നതും അവൻ വീണ്ടും പുതപ്പിനടയിലേക്ക് പതുങ്ങി. മാധവൻ ശ്വാസം അടക്കി പിടിച്ചു പതുങ്ങി കിടക്കുകയാണ്. അവർ മുറിയിൽ ആകെയൊന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് വാതിൽ അടച്ചു ശേഷം ഹാളിലേക്ക് പോയി. പെട്ടെന്ന് മാധവൻ തലയുയർത്തി നോക്കി കൊണ്ട് ഫ്ലോറിലൂടെ ഇഴഞ്ഞിഴഞ്ഞ് വാതിലിനടുത്തേക്ക് നീങ്ങി. വിയർപ്പ് ഫ്ലോറിൽ മങ്ങിയ പാടുകൾ വരച്ചിടുന്നുണ്ടായിരുന്നു.. " ഡാ മാക്രി.. ഒന്നെണീറ്റെ. മാധവൻ അപ്പുവിന്റെ കാലിൽ തോണ്ടി..

അവൻ പുതപ്പ് മാറ്റി പതിയെ എഴുനേറ്റ് വാതിൽ തുറന്നു പുറത്തേക്ക് എത്തി നോക്കി. ബീന ഡ്രസ് മാറി അടുക്കളയിലേക്ക് പോകുന്നുണ്ടായിരുന്നു. " എന്തായി ? " മമ്മി കിച്ചനിലേക്ക് പോയി. " ആണോ ? ഇരുവരും ശബ്ദം അടക്കി പിടിച്ചു സംസാരിക്കുകയാണ്. മാധവൻ ഇരുകൈകളും കുത്തി മുട്ടിൽ നിരങ്ങി പുറത്തേക്ക് എത്തി നോക്കി. അടുക്കളയിൽ പാത്രങ്ങളുടെ തട്ടും മുട്ടും കേൾക്കുന്നുണ്ട്. അയാൾ പതിയെ മുട്ട് കുത്തി ഹാളിലേക്ക് നിരങ്ങി നീങ്ങി. പിന്നാലെ അപ്പുവും. എന്തോ എടുത്ത് കൊണ്ട് ബീന ഹാളിലേക്ക് തിരിഞ്ഞു നോക്കി. പെട്ടെന്ന് മാധവനും അപ്പുവും സോഫയുടെ മറവിലേക്ക് പതുങ്ങി. " എന്നാ ഞാൻ ഓടിക്കോട്ടെ.. " ങാ. " എന്നെ നാളേം ആന്റീടടുത്ത് കൊണ്ട് പോകോ അങ്കിളെ. " ഹോ എന്റെ പൊന്നു കൊച്ചേ ആദ്യം ഞാനിവിടുന്നൊന്ന് പുറത്ത് കടക്കട്ടെ. മാധവൻ അടുക്കളയിലേക്ക് തലയെത്തിച്ചു നോക്കി കൊണ്ട് മെല്ലെ എഴുനേറ്റു ഒന്ന് ശ്വാസമെടുത്തുകൊണ്ടു വാതിൽ തുറന്ന് ഇറങ്ങിയോടി. വാതിലടയുന്ന ശബ്ദം കേട്ട് ബീന ഒന്ന് ഞെട്ടി നോക്കി. " ങേ. നീയിപ്പോ അവിടെ കിടന്നുറങ്ങിയിരുന്നതല്ലേ, പിന്നിവിടെന്ത് ചെയ്യുവാ.

" മ്മ്ച്ചും.. ബീന ഹാളിലേക്ക് വന്നു. അപ്പു സോഫയുടെ മറവിൽ നിന്ന് എഴുനേറ്റ് വരുന്നുണ്ടായിരുന്നു. " ആരാ വാതിലിൽ മുട്ടിയത് ? അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു. അവർ അവനെ സംശയത്തോടെ നോക്കി കൊണ്ട് പ്രധാന വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ട് ചുറ്റും നോക്കി. അവിടെ ആരുമില്ല. വാതിൽ അടച്ച ശേഷം ഒരിക്കൽ കൂടി അപ്പുവിനെ ചൂഴ്ന്ന് നോക്കി കൊണ്ട് അടുക്കളയിലേക്ക് പോയി. അപ്പു മുറിയിലേക്ക് ഓടി ബാൽക്കണയിൽ നിന്ന് എത്തി നോക്കാൻ തുടങ്ങി. " ഹോ മാധവൻ ഏഴാം നിലയിലേക്കുള്ള സ്റ്റെപ്പിറങ്ങി ഗ്രില്ലിൽ പിടിച്ചു നെഞ്ചിൽ കൈ തടവി കൊണ്ട് നിന്ന് കിതയ്ക്കുന്നുണ്ടായിരുന്നു.. " എനിക്കിത്തിരി വെള്ളം തായോ സാറേ.. " സത്യത്തിലെന്താ ഇവിടെ നടന്നത് എനിക്കൊന്നും മനസിലായില്ല. മാധവൻ വീണ്ടും സെബാസ്റ്റിന്റെ ഫ്ലാറ്റിന് മുന്നിലേക്ക് വന്നതും അയാൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.. " ഒന്നും പറയേണ്ടേന്റെ സാറേ. നമ്മടെ രാജീവ് സാറിന്റെ പെണ്ണുമ്പിള്ളയ്ക്ക് കൊച്ചിനെ നോക്കാൻ നേരമില്ലെന്നും പറഞ്ഞു അതിനെ നോക്കാൻ ദേ നമ്മടെ നബീസുവിനെ നിർത്തി.

അതിന് ഇവളെന്ന് പറഞ്ഞാ ജീവനാ. അത് അറിഞ്ഞപ്പോ മുതൽ തുടങ്ങിയതാ ആയമ്മയ്ക്ക് ചൊറിച്ചില്. ആ ചെക്കൻ ഇവളോട് കൂടുതൽ അടുക്കുന്നൊന്നും പറഞ്ഞു ഇവളെ അവിടെന്ന് പറഞ്ഞും വിട്ടു.. വന്ന് വന്ന് അതിനാണെങ്കിലിപ്പോ ഇവളെ കാണാതെ ഇരിക്കപൊറുതിയില്ല. ഇന്ന് എന്റെയടുത്ത് വന്നു നിർബന്ധം പിടിച്ചപ്പോ ഒന്ന് കാണിക്കാൻ കൊണ്ട് വന്നതാ. ആ കുരിശ് പുറത്ത് പോയതാണല്ലോന്നു കരുതിയ ഞാനവനെ ഇങ്ങോട്ട് കൊണ്ട് വന്നത്. ദാണ്ടേ കിടക്കുന്നു. പോയതിലും വേഗത്തിൽ ആ പണ്ടാരം തിരിച്ചു വന്നു.. വന്നു നോക്കുമ്പോ കൊച്ചില്ലെങ്കിൽ അവരതിനെ എന്തേലും അതിക്രമം ചെയ്യും. അതില്ലാതിരിക്കാൻ വേണ്ടി നടത്തിയ പരാക്രമങ്ങളാ സാറ് നേരത്തെ കണ്ടത്.. ഹോ മനുഷ്യൻ വശക്കേടായി പോയി. മാധവൻ കിതപ്പിനിടയിൽ വിക്കി വിക്കി പറഞ്ഞു തീർത്തു.. സെബാസ്റ്റ്യൻ ജെഗിൽ ഇരുന്ന വെള്ളമെടുത്ത് അയാൾക്ക് നീട്ടി. നബീസു എല്ലാം കേട്ട് നിൽപ്പുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ നിറയുന്നത് സെബാസ്റ്റിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. " രാജീവിന് ഈ കാര്യങ്ങളൊക്കെ അറിയോ?

" അങ്ങേരോരു പാവാ സാറേ.. ഭാര്യയുടെ മുന്നിൽ കുറച്ചു താണ് കൊടുത്തപ്പോ അവരത് ശരിക്ക് മുതലെടുത്തു. അങ്ങേർക്ക് ഇവളെ വല്ല്യ കാര്യാ. " എന്നാ പിന്നെ എന്നും രാവിലെ അവനെ ഇങ്ങോട്ട് കൊണ്ട് വാടോ, നബീസുന് മാത്രമല്ല ഇവിടെ അപ്പച്ചനും അമ്മച്ചിക്കും കൂടി ഒരു കൂട്ടാവാല്ലോ. " ങാ അതിലും ഭേദം ഞാനീ ഫ്ലാറ്റിന്റെ മോളീന്ന് എടുത്ത് ചാടി ചാവുന്നതാ. സാറിന് ആ പെണ്ണുമ്പിള്ളയെ കുറിച്ചു അറിയാഞ്ഞിട്ടാ.. അതേതേ അന്യഗ്രഹ ജീവിയെന്താണ്ടുമാണെന്ന തോന്നാണെ. ദിവസോം ഇതാണ് അവസ്ഥയെങ്കിൽ മിക്കവാറും എന്നെ തെക്കോടെടുക്കേണ്ടി വരും.. എന്നാ ഞാൻ പോട്ടെ സാറേ. ആകെയൊരു കോളത്തി പിടുത്തം പോലെ.. മാധവൻ അൽപ്പം കൂടി വെള്ളം കുടിച്ചു കൊണ്ട് എഴുനേറ്റു.. " ഹോ എന്തോരം ഇടിവെട്ട് വെറുതെ പോകുന്നു ഈശ്വരാ. ഒരെണ്ണം ആ മറുതേടെ തലമണ്ടയ്ക്ക് വീഴുന്നില്ലല്ലോ.. മാധവൻ ആത്മഗതം പറഞ്ഞു കൊണ്ട് നടുവിന് കൈ താങ്ങി പുറത്തേക്കിറങ്ങി നടന്നു. നബീസുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.

സെബാസ്റ്റ്യൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾ മുഖം തുടച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. അയാളുടെ ഉള്ളും വിങ്ങി വലിഞ്ഞു പോകുന്നത് പോലെ തോന്നി. എല്ലാം കേട്ട് കൊണ്ട് രണ്ടാത്മാക്കൾ മുറിയിൽ ഇരുന്നു പരസ്പരം നോക്കി നെടുവീർപ്പിടുന്നുണ്ടായിരുന്നു. കാലം അടയാപ്പെടുത്തിയ ആ ബന്ധത്തിന്റെ ആഴം ഒരു നിമിഷം കൊണ്ട് അവർക്ക് മനസിലാക്കിയിരിക്കുന്നു.. " തനെന്താടോ അരവിന്ദേ ഈ ട്രാവൽ ഓഫീസിന്ന് വരുന്നേ ? എന്താ വല്ല ട്രിപ്പും പോകാൻ പ്ലാനുണ്ടോ? " നമുക്കെന്ത് ട്രിപ്പ് രാജീവേ.. ഇത് നമ്മടെ സെബാസ്റ്റിൻ ചേട്ടന് പോകാനുള്ള ടിക്കറ്റ് നോക്കാൻ വന്നതാ. അല്ല താനെന്താ ഈ വഴി ? ബാങ്കിലെ മീറ്റിംഗ് കഴിഞ്ഞ വരുന്ന വഴി രാജീവ് പ്യാരി ബേക്കറിയുടെ മുന്നിൽ വണ്ടി ഒതുക്കി. അതിനടുത്തുള്ള ട്രാവൽ ഓഫീസിൽ നിന്ന് അരവിന്ദൻ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.. " ഞാൻ മോന് കുറച്ചു സ്നാക്ക്സ് വാങ്ങിക്കാൻ കേറിയതാ.. " ഓഹോ.. അപ്പോ വേണൊന്ന് വെച്ചാൽ ഇതിനൊക്കെ സമയം കണ്ടെത്താൻ പറ്റും അല്ലെടോ ? " ഒരു തെറ്റ് ആർക്കയാലും പറ്റില്ലേ അരവിന്ദാ. തിരുത്താനുള്ള അവസരം ഉണ്ടല്ലോ

" ങാ അതോർമ്മയുണ്ടായാ മതി. അരവിന്ദൻ അയാളെ നോക്കി ഒന്ന് മന്ദഹസിച്ചു.. രാജീവിന്റെ കണ്ണുകളിൽ വല്ലാത്ത കുറ്റ ബോധം തെളിയുന്നുണ്ടായിരുന്നു.. " അല്ല അങ്ങേര് ടിക്കറ്റ് കൺഫോo ചെയ്യാതെയാണോ പോകാൻ തിരക്ക് കൂട്ടിയത് ? " മൂന്ന് ദിവസം കൊണ്ട് ചെല്ലുമെന്നുണ്ടെങ്കിൽ ടിക്കറ്റ് എടുത്ത് കൊടുക്കാന്ന് പറഞ്ഞത് അങ്ങേരുടെ ഭാര്യ തന്നെയാ. അയാള് ആ ഹോട്ടൽ ജോലിക്ക് പോകാൻ പോകുന്ന കാര്യം അവരെങ്ങിനെയോ അറിഞ്ഞത്ര, അതോടെ എന്റെ കാശിന് ടിക്കറ്റ് എടുത്ത് തന്നിട്ട് നിങ്ങള് ആ ജോലി പോകണ്ടെന്നും പറഞ്ഞു അവരത് ക്യാൻസൽ ചെയ്തു. " ഈ അവസാന നിമിഷം ടിക്കറ്റ് ക്യാൻസൽ ചെയ്താൽ അവർക്കെന്ത് റീഫണ്ട് കിട്ടാനാ. " ഈ കാര്യത്തിൽ നമുക്കെന്തേലും ചെയ്യാൻ പറ്റോ രാജീവേ. അല്ല അവരേം കുറ്റം പറയാൻ പറ്റില്ല. റെപ്യൂട്ടേഡ് കമ്പനിയിലെ മാനേജർ പോസ്റ്റിലിരുന്ന ഒരാൾ ഹോട്ടൽ ജോലിക്ക് പോകുന്നൂന്ന് പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും.. " മണ്ണാങ്കട്ടയാണ് എന്റെ അരവിന്ദേ, കക്കാനും പിടിച്ചു പറിക്കാനൊന്നുമല്ലല്ലോ അങ്ങേര് പോകുന്നത്, എന്ത് ജോലിയും ചെയ്യാനുള്ള അങ്ങേരുടെ മനസ്സുണ്ടല്ലോ അതിനെ ആദ്യം അപ്രിഷിയേറ്റ് ചെയ്യണം. സ്റ്റാറ്റസും കെട്ടി പിടിച്ചിരുന്നാൽ പട്ടിണി കിടന്ന് ചാവേയുള്ളൂ.. അല്ല എന്നിട്ട് ടിക്കറ്റുണ്ടോ? "

ങാ അതിനി മറ്റാനാളത്തേക്ക് ഉള്ളു ആദ്യം ഞാനിത് കൊണ്ട് പോയി ഒന്ന് വിറ്റിട്ട് വരട്ടെ. " ഇതെന്താ.. " അങ്ങേരുടെ വെഡ്ഡിംഗ് റിംഗാ. അരവിന്ദ് പോക്കറ്റിൽ നിന്ന് ആലീസ് എന്ന് പേര് കുത്തിയ ഒരു പഴയ സ്വർണ മോതിരം എടുത്ത് കാണിച്ചു.. " ഇതൊക്കെയാണോ അരവിന്ദേ വിൽക്കുന്നത്, " കാശ് ഞാൻ കൊടുക്കാന്ന് പറഞ്ഞതാ കേൾക്കണ്ടേ, എന്നെ നിർബന്ധിച്ചു ഊരി തന്നതാ. രാജീവ് ആ മോതിരം വാങ്ങി സൂക്ഷിച്ചു നോക്കി. " താൻ ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്തോ , ഞാനൊന്ന് ബേക്കറിയിൽ കേറിയിട്ട് വരാം.. " അല്ല അപ്പൊ കാശ്.? " അത് ഞാൻ കൊടുത്തോളം.. " അത് വേണോ രാജീവേ, അങ്ങേർക്കത് ചിലപ്പോ ഇഷ്ടപ്പെടില്ല. " എല്ലാവരുടെയും ഇഷ്ട്ടം നോക്കി നമുക്ക് എന്തേലും ചെയ്യാൻ പറ്റോഡോ, കൂടിവന്നാൽ അങ്ങേര് രണ്ട് ചീത്തപറയും, അത് ഞാനങ്ങ് സഹിക്കും.. നമ്മളെ കൊണ്ട് ആർക്കേലും ഒരു ഉപകാരമെങ്കിലും ഉണ്ടാവട്ടെഡോ. താൻ ചെല്ല്, ഞാനിപ്പോ വരാം രാജീവ് അയാളുടെ തോളിൽ തട്ടി ഒന്ന് ചിരിച്ചു കൊണ്ട് ബേക്കറിയിലേക്ക് നടന്നു.. അരവിന്ദൻ ട്രാവൽ ഏജൻസിയിലേക്കും. പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു. അയാൾ കോളെടുത്തു നോക്കി. സെബാസ്റ്റിനാണ് " ങാ ചേട്ടാ. " എന്തായി അരവിന്ദേ, ടിക്കറ്റ് ഓകെ ആയോ ? " അതിപ്പോ റെഡിയാവും ചേട്ടാ.. പക്ഷെ മറ്റന്നാളത്തേക്കെ ടിക്കറ്റുള്ളൂ.

" അത് നോക്കണ്ട ഡോ, ഈ ആഴ്ച തന്നെയെന്ന് അവിടെ എത്തി കിട്ടിയാ മതി. " ചേട്ടൻ ടെന്ഷനാവാണ്ട ഞാൻ വീട്ടിലേക്ക് വരാം.. " ശരിയെടോ സെബാസ്റ്റ്യൻ ഫോൺ കട്ട് ചെയ്തു. ഈ ആഴ്ച അവിടെ എത്താൻ കഴിഞ്ഞില്ലെങ്കിൽ പറഞ്ഞു വെച്ചിരിക്കുന്ന ഈ ജോലി കൂടി നഷ്ടപ്പെടുമോ എന്നൊരു ഭയം അയാളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.. അപ്പുവിന് വേണ്ടി കുറച്ചു സ്നാക്സുകൾ വാങ്ങി രാജീവ് ട്രാവൽ ഏജൻസിയിലേക്ക് കയറി. അരവിന്ദ് സെബാസ്റ്റിന്റെ ഐഡിയും മറ്റ് രേഖകളും കൊടുത്ത് ടിക്കറ്റ് ഹോൾഡ് ചെയ്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. രാജീവ് തന്റെ ഡെബിറ്റ് കാർഡ് കൊടുത്ത് അതിന്റെ പേയ്മെന്റ് അടച്ചു ടിക്കറ്റ് വാങ്ങി അരവിന്ദനെ ഏൽപ്പിച്ച ശേഷം പുറത്തേക്കിറങ്ങി. " ഡോ, ഇന്ന് വൈകീട്ട് നമുക്കൊന്ന് കൂടിയാലോ ? " പിന്നെന്താ ആവാല്ലോ. " എന്നാ രാത്രി ഫ്ലാറ്റിൽ കാണാം.. " ഓകെ. രാജീവ് യാത്ര പറഞ്ഞു കവറുകളുമായി കാറിൽ കയറി പോയി.. അരവിന്ദ് തന്റെ വണ്ടിയിൽ പിന്നാലെയും.. " ഇതേതാടാ ഈ ചോക്കലേറ്റ്. ബീന അപ്പുവിനുള്ള പാലുമായി മുറിയിലേക്ക് വന്നു. അവൻ നബീസു നൽകിയ ചക്കര മിട്ടായി പൊതിയഴിച്ചു വായിലേക്കിടുന്നുണ്ടായിരുന്നു. അവരുടെ ചോദ്യം കേട്ടതും അവൻ ഞെട്ടി നോക്കി. " നിന്നോട് ചോദിച്ചത് കേട്ടില്ലേ? ഇതെവിടുന്നാ ന്ന് " അത്.. ആ.. അവന്റെ പേടി കൂടി വാക്കുകൾ മുറിഞ്ഞു പോവുകയാണ്. " അത് ഞാൻ കൊടുത്തതാ. ശബ്ദം കേട്ട് ബീന തിരിഞ്ഞു നോക്കി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story