എന്റെ ഉമ്മാന്റെ പേര്: ഭാഗം 16

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" നിന്നോട് ചോദിച്ചത് കേട്ടില്ലേ? ഇതെവിടുന്നാ ന്ന് " അത്.. ആ.. അവന്റെ പേടി കൂടി വാക്കുകൾ മുറിഞ്ഞു പോവുകയാണ്. " അത് ഞാൻ കൊടുത്തതാ. ശബ്ദം കേട്ട് ബീന തിരിഞ്ഞു നോക്കി.. " ഓ സാറ് എത്തിയോ ? " അത് ഞാൻ രാവിലെ വാങ്ങി കൊടുത്തതാ എന്തേ ? രാജീവ് കവറുകളുമായി വാതിൽ തുറന്ന് അകത്തേക്ക് കയറി.. " ഹോസ്പിറ്റലിൽ നിന്ന് വന്നിട്ടേയുള്ളൂ അപ്പോഴേക്കും ഈ വക സാധാനങ്ങളാണോ കൊച്ചിന് വാങ്ങി കൊടുക്കുന്നത്, തുപ്പി കളയെടാ അത്. ബീന രാജീവിനോട് ചൂടായി കൊണ്ട് അപ്പുവിനെ നോക്കി കണ്ണുരുട്ടി. അയാൾ കവറുകൾ ഹാളിൽ കൊണ്ട് വച്ചിട്ട് അപ്പുവിന്റെ മുറിയിലേക്ക് വന്നു. " ഒട്ടും ക്വാളിറ്റിയില്ലാത്തതാണെന്ന് അതിന്റെ കവറ് കണ്ടാലറിയാം. കളയാൻ പറഞ്ഞത് കേട്ടില്ലെടാ. " യ്യോ. മോനോട് എന്തൊരു സ്നേഹം. കണ്ടിട്ട് കുളിര് കോരീട്ട് വയ്യാ.. എടി കാട്ടുപോത്തില് കാണ്ടമൃഗത്തിന് ഉണ്ടായ മനുഷ്യ മൃഗമേ. ബീനെ. ഇതേ ചക്കര മിട്ടായിയാ, ഇത് തിന്നിട്ട് ഇന്നേവരെ ആരും ചത്ത് പോയിട്ടില്ല.. " എന്നു വെച്ച് ഈ വക വൃത്തിയില്ലാത്ത സാധാനങ്ങളാണോ പിള്ളേർക്ക് വാങ്ങി കൊടുക്കുന്നത്..

" ങാ എന്നാ പിന്നെ ഈ പ്രായത്തിൽ ഞാനിവന് കള്ള് മേടിച്ചു കൊടുക്കാടി. എന്തേ മതിയോ. ഡാ അപ്പൂസേ അച്ഛനൊരു മിട്ടായി തന്നെടാ. രാജീവ് അപ്പുവിനരികിൽ വന്നിരുന്നു. അവൻ പോക്കറ്റിൽ നിന്ന് കുറച്ചു മിട്ടായികൾ എടുത്ത് അയാൾക്ക് നീട്ടി. " ഹാ ഇത് കുറെയുണ്ടല്ലോടാ. " ങേ, ഇത് നിങ്ങള് വാങ്ങി കൊടുത്തൂന്നല്ലേ പറഞ്ഞത്, എന്നിട്ടെന്താ കണക്കറിഞ്ഞൂടെ ? " അതേ ഞാനാ വാങ്ങിയത്, പക്ഷെ വാങ്ങിയപ്പോ ഇത്രേം ഉണ്ടായിരുന്നില്ല. ഇനി ചിലപ്പോ ഇതിവിടെ കിടന്ന് പെറ്റതായിരിക്കും. അല്ലെടാ അപ്പൂസേ. രാജീവ് അപ്പുവിനെ നോക്കി കണ്ണടച്ചു കാണിച്ചു.. അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു. ബീന ദേഷ്യത്തിൽ നോക്കുന്നത് കണ്ടപ്പോൾ അവൻ ഒരു കൈ കൊണ്ട് അവന്റെ ചിരി പൊത്തി പിടിച്ചു.. " പണ്ട് കുട്ടനാട്ടിലെ ചേറിലും, പറമ്പിലും മൂക്കളയും ഒലിപ്പിച്ചു നടന്നപ്പോ ഇതിലും വൃത്തിയില്ലാത്ത പലതും നീയും തിന്നിട്ടുണ്ടാവും. പെട്ടെന്നൊരു ദിവസം തന്തയ്ക്ക് കുറച്ചു കാശുണ്ടായി കൂടും കുടുക്കേമെടുത്തു സിറ്റിയിലേക്ക് പൊന്നൂന്ന് പറഞ്ഞു വന്നതും വളർന്നതും തിന്നതും ഒന്ന് മറക്കാൻ പാടില്ലെടി ഫാര്യ തെണ്ടി..

രാജീവ് ഒരു പൊതി അഴിച്ചു മിട്ടായി വായിലിട്ട് ശബ്ദമുണ്ടാക്കി രുചിച്ചു. ബീനയ്ക്ക് ദേഷ്യം കൂടി വരുന്നുണ്ടായിരുന്നു.. " നിങ്ങള് കുടിച്ചിട്ടുണ്ടോ ? " ഓ.. ഇപ്പോഴില്ല, പക്ഷെ കുടിക്കും.. എന്തേ വല്ലോം പറയാനുണ്ടോ.? " ങാ കുടിച്ചിട്ട് ഇങ്ങോട്ട് വന്നാൽ ഞാൻ കാണിച്ചു തരാം. " ഹോ ഇതിലിപ്പോ എന്തോന്ന് കാണാനിരിക്കുന്നു. എട്ട് പത്ത് കൊല്ലമായി ഞാൻ കാണുന്നത് തന്നെയല്ലേ. ഇനി പുതിയതായിട്ട് എന്തേലും ഉണ്ടോ ? " നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. " അതേ.. അതുകൊണ്ട് തന്നെയാ നിന്നോട് ഞാൻ കൂടുതലൊന്നും പറയാത്തതും. പഠിപ്പും വിവരവും ഉണ്ടെന്നെല്ലാതെ വകാതിരിവ് എന്നൊന്നില്ലല്ലോ.. ഡാ അപ്പൂസേ അച്ഛനിപ്പോ വരാം.. അയാൾ ബീനയെ കളിയാക്കി കൊണ്ട് എഴുനേറ്റ് ബെഡ് റൂമിലേക്ക് നടന്നു.. അവർ അവനെ കണ്ണുരുട്ടി നോക്കി പേടിപ്പിക്കുകയാണ്. അത് കണ്ട് അപ്പു പെട്ടെന്ന് മുഖം തിരിച്ചു.. എങ്കിലും അവന്റെ മുഖത്ത് അപ്പോഴും ചിരിയുണ്ടായിരുന്നു.. " ഡാ അപ്പൂസേ നീ അച്ഛന്റെ കൂടെ വരുന്നുണ്ടോ ? " ങാ. രാജീവിന്റെ ചോദ്യം കേട്ട് അപ്പു ചാടിയെഴുന്നേറ്റു.

" കാ ഇരിയെടാ അവിടെ. അതേ ഈ സന്ധ്യ സമയത്ത് അവനേം കൊണ്ട് നിങ്ങളെവിടേ പോവാ. രാജീവ് വേഷം മാറി ഹാളിലേക്ക് വന്നു.. ബീന ദേഷ്യത്തിൽ അപ്പുവിന് നേരെ അലറി. സന്തോഷത്തോടെ ചാടിയെഴുന്നേറ്റ അപ്പു അതേ സ്പീഡിൽ പേടിച്ചു താഴേയ്ക്കിരുന്നു " നിന്റെ അച്ഛനൊരു പെണ്ണ് കാണാൻ പോകുന്നു. എന്തേ വരുന്നുണ്ടോ ? " ദേ തന്തയ്ക്ക് പറഞ്ഞലുണ്ടല്ലോ. " പറഞ്ഞാൽ ഒരു കോപ്പും സംഭവിക്കാനില്ല.. പിന്നെ രണ്ട് കാര്യം ഞാൻ അങ്ങോട്ട് ഓർമിപ്പിക്കാം.. ഒന്ന് ദേ അവിടെ ഞാൻ കുറച്ചു ബീഫ് കൊണ്ട് വെച്ചിട്ടുണ്ട്.. ഞങ്ങള് പോയി വരുബോഴേക്കും അത് ശരിയാക്കി വെച്ചോണം. " ഞാൻ ബീഫ് കഴിക്കാറില്ലെന്നു നിങ്ങൾക്ക് അറിഞ്ഞൂടെ. പിന്നെന്തിനാ ആ വക സാധനങ്ങളൊക്കെ ഇങ്ങോട്ട് വാങ്ങി കൊണ്ട് വരുന്നത് ? " നീ കഴിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാ ബീഫ് വാങ്ങിയത്. ഇനിയിവിടെ നിനക്ക് ഇഷ്ടമില്ലാത്ത പലതും കാണേണ്ടീo വരും കേൾക്കേണ്ടീo വരും. അത് മനസിലാക്കി നിന്നാൽ നിനക്ക് കൊള്ളാം.. പിന്നെ പറയാൻ വന്ന രണ്ടാമത്തെ കാര്യം. ഞാൻ ചിലപ്പോ രണ്ട് പെഗ്ഗ് കൂടുതലടിച്ചിട്ടിയരിക്കും വരുന്നത്.

വന്നു കേറുമ്പോൾ ചുമ്മാ വള വളാ ന്ന് പറഞ്ഞു ചൊറിയാൻ വന്നാൽ നിന്റെ നടുമ്പുറം ഞാൻ കടപ്പുറമാക്കും. പിന്നെ കയ്യോ, തല്ലല്ലേ കൊല്ലല്ലേ പ്ലീസ് എന്നൊന്നും പറഞ്ഞു വന്നേക്കരുത്, കേട്ടല്ലോ. അത് വേണ്ടെങ്കിൽ വേഗം പോയി ആ ബീഫ് നല്ല കുരുമുളകിട്ടു വരട്ടി വെച്ചോ. ഞങ്ങളൊന്നു കറങ്ങിയെച്ചും വരാം.. അപ്പൂസ് കം വിത്ത് മീ.. അപ്പു മുറിയിൽ നിന്ന് ഓടി ചാടി പുറത്തേക്കിറങ്ങി. ബീനയുടെ കണ്ണുകളിൽ ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു. " ങാ ബുദ്ധിയുറച്ചു തുടങ്ങുമ്പോഴേക്കും വേണ്ടാത്ത ശീലങ്ങളെല്ലാം പഠിപ്പിച്ചു വെച്ചോ.. വല്ല്യ ഒരു മാന്യൻ വന്നിരിക്കുന്നു. " അതേടി.. ഇവനെ ഇപ്പോഴേ ഇതൊക്കെ പഠിപ്പിച്ച വയസ് കാലത്ത് ഒന്നിച്ചിരുന്ന് അടിക്കാൻ ഒരു കമ്പനിയാകും. നിന്ന് കഥകളി കാണിക്കാതെ പറഞ്ഞ പണി പോയി ചെയ്യാൻ നോക്കെടി ഭദ്രകാളി. ബീന ദേഷ്യം കൊണ്ട് കൈയും പല്ലും ഞെരിക്കുന്നുണ്ടായിരുന്നു. രാജീവ് അവരെ നോക്കി കളിയാക്കിയ പോലെ ചിരിച്ചു കൊണ്ട് അപ്പുവിന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങി.. " ഈ ഭദ്ര കാളീ ന്ന് വെച്ചാ ആരാ അച്ഛാ ? "

അതോ, അതൊരു ദേവിയാടാ പുറത്തിറങ്ങിയ അപ്പു സംശയത്തോടെ രാജീവിനെ നോക്കി. " ദേവീന്ന് പറഞ്ഞാ..? " ദേവീന്ന് പറഞ്ഞാ.. ഗോഡ്സ് " അപ്പോ മമ്മി ഗോഡ്സ് ആണോ അച്ഛാ ? " ആണൊന്നോ, മമ്മി ഒരു ഗോഡ്സ് അല്ല, പലതരം ഗോഡ്സ് ചേർന്ന് ഒരു ഒന്നൊന്നര ഗോഡ്സാടാ അപ്പുണ്ണികുട്ടാ. പക്ഷെ അത് നമ്മൾക്ക് കാണാൻ പറ്റില്ല. കഴിഞ്ഞ ദിവസം കുറെ അമ്മച്ചിമാര് അപ്പൂനെ കാണാൻ ആശൂത്രീല് വന്നില്ലേ, അങ്ങിനുള്ള വാറന്റി തീരാറായ ഓൾഡ് പീസുകൾക്ക് മാത്രം കാണാനും കേൾക്കാനും പറ്റൂ.. അയാൾ പറഞ്ഞതിന്റെ അർത്ഥം അവന് മനസ്സിലായില്ലെങ്കിലും അവന് ചിരി വന്നു.. അവൻ ഒരു കൈ കൊണ്ട് മുഖം പൊത്തി. രാജീവ് അവനെ വാരിയെടുത്തു തോളത്തിരുത്തി. അപ്പുവിന്റെ സന്തോഷം അതിരില്ലാത്ത അലതല്ലി. ആദ്യമായിട്ടാണ് അയാൾ അവനെ തോളിലെറ്റുന്നത്. അപ്പു രാജീവിന്റെ കഴുത്തിൽ മുറുകെ പിടിച്ചിരിക്കുയകയാണ്.. അയാൾ അവനെയും കൊണ്ട് സ്റ്റെപ്പിറങ്ങി.. " നമ്മളെങ്ങോട്ടാ അച്ഛാ പോണേ ? " ഒരു വീട്ടിൽ ? " ആന്റീടെ വീട്ടിലാണോ, " എന്ത് പറഞ്ഞാലും അതിന്റെ അവസാനം ആന്റിയാണല്ലോടാ അപ്പൂസേ..

രാജീവ് അവന്റെ വയറ്റിൽ കൈ കൊണ്ട് ഇക്കിളിയാക്കി. അപ്പു തോളിലിരുന്ന് ഒന്നിളകി കൊണ്ട് ഉറക്കെ ചിരിച്ചു.. രാജീവ് അവനെയും ചുമന്ന് കൊണ്ട് സെബാസ്റ്റിന്റെ ഫ്ലാറ്റിന് മുന്നിലെത്തി കോളിങ് ബെല്ലടിച്ചു.. " ആഹാ. രണ്ടാളും ഉണ്ടല്ലോ. ഓടേണ്ട അവള് പോയെടാ കോച്ചെറുക്കാ. സെബാസ്റ്റ്യൻ വാതിൽ തുറന്നു നോക്കി. പുറത്ത് രാജീവ് അപ്പുവിനെ തോളിൽ നിന്നിറക്കി നിർത്തിയതും അവൻ നേരെ അടുക്കളയിലേക്ക് ഓടി കയറി.. " ങേ അപ്പൂനെ ചേട്ടനറിയോ? " അറിയൊന്നോ. വൈകീട്ട് കുറച്ചു നേരം ഇവിടെയുണ്ടായിരുന്നതല്ലേ. " ങേ അപ്പു ഇവിടെയോ ?ഏയ് ചേട്ടന് ആള് മാറി പോയതായിരിക്കും. അവനങ്ങിനെ ഇവിടെ വരാൻ ഒരു സാധ്യതയുമില്ല. രാജീവിന് സെബാസ്റ്റിൻ പറയുന്നത് വിശ്വാസമാകുന്നുണ്ടായിരുന്നില്ല. അയാൾ സംശയത്തോടെ അകത്തേക്ക് തന്നെ നോക്കി. " ഏയ്. വിശ്വാസമായില്ലെങ്കിൽ താൻ അകത്തേക്ക് വാ. ഞാനൊരു കൂട്ടം കാണിച്ചു തരാം. സെബാസ്റ്റിൻ രാജീവിനെ അകത്തേക്ക് വിളിച്ചു. അയാൾ പിന്നെയും സംശയത്തോടെ അയാൾക്ക് പിന്നാലെ നടന്നു.

" ഇനി അപ്പാപ്പനെ ഞാൻ വെടി വെക്കാം. അപ്പോ അപ്പാപ്പൻ കണ്ണടച്ചു കിടക്കണം. " ങാ, ഏറ്റു. എന്നാ വേഗം വെടി വെച്ചോ. കോശിച്ചയന്റെ ഊന്ന് വടി കക്ഷത്തിൽ തോക്ക് പോലെ പിടിച്ചു കൊണ്ട് അപ്പു അയാൾക്ക് നേരെ വെടി വയ്ക്കാൻ നിൽക്കുകയാണ്.. " ട്ടോ, ട്ടോ, ട്ടോ.. " അയ്യോ. അപ്പുക്കുട്ടൻ എന്നെ വെടി വെച്ചെ. അയ്യോ.. കോശിച്ചയൻ വായ് കൊണ്ട് വെടി പൊട്ടുന്ന ശബ്ദമുണ്ടാക്കി. അപ്പു അത് കേട്ട് വടിയുടെ വളഞ്ഞ അഗ്രത്തിൽ പിടിച്ചു വലിച്ചു. അയാൾ വെടി കൊണ്ടത് പോലെ ബെഡിൽ കണ്ണടച്ചു വീണു. " ഇനി അമ്മാമേനെ. ട്ടോ ട്ടോ " ആ ആ.. അവൻ അന്നാമ്മച്ചിക്ക് നേരെയും വെടിയുണ്ട പായിച്ചു. അവരും കള്ള ചിരിയോടെ കണ്ണടച്ചു ബെഡിലേക്ക് കിടന്നു.. അപ്പു സന്തോഷത്തോടെ കൈ കൊട്ടി ചിരിച്ചു.. ഇരുവരും ബെഡിൽ അനങ്ങാതെ കിടക്കുകയാണ്. " ദാ കണ്ടില്ലേ. ഉച്ചയ്ക്കും ഇത് പോലെക്കെ തന്നെയായിരുന്നു.. " എന്നാലും ഇവനെങ്ങിനെ ഇവിടെ ? അപ്പുവിന്റെ കളി ചിരികൾ നേരിട്ട് കണ്ടിട്ടും രാജീവിന് അതൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. " തനിക്കിപ്പോഴും സംശയം മാറിയിട്ടില്ലെന്ന് തോന്നുന്നു. വൈഫ് പുറത്ത് പോയപ്പോഴാണെന്നു തോന്നുന്നു. ഉച്ചകഴിഞ്ഞ് മാധവന്റെ കൂടെ ആ പെണ്ണിനെ കാണാൻ അവനിവിടെ വന്നിട്ടുണ്ടായിരുന്നു. " ഓഹോ.. അങ്ങിനെ.. "

ആ പാവം മാധവന്റെ വെപ്രാളോo കഷ്ടപ്പാടും ഒന്ന് കാണേണ്ടതായിരുന്നു.. രാജീവ് സംശയത്തോടെ അയാളെ നോക്കി. സെബാസ്റ്റിൻ അപ്പു വന്നത് മുതൽ മാധവൻ അവനെ വീട്ടിൽ കൊണ്ടു പോയാക്കി , തിരികെ താഴേയ്ക്ക് പോകുന്നത് വരെയുള്ള കാര്യങ്ങളെല്ലാം രാജീവിനോട് വിശദീകരിച്ചു കൊടുത്തു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാജീവിന് ചിരി വന്നു. " ആഹാ.. ഇപ്പോഴാണ് ആ മിട്ടായി വന്ന വഴി മനസിലായത്. കള്ള ബടുവാ മാധവാ. " ങാഹാ തനപ്പോ ഇതൊന്നും അറിഞ്ഞില്ലയൊരുന്നു. ഞാൻ കരുതി മാധവൻ തന്നോട് പറഞ്ഞിട്ടുണ്ടാവുമെന്നു " ഏയ്. ഞാനിപ്പോ വന്നതെയുള്ളൂ. അതിരിക്കട്ടെ പോക്ക് എന്തായി ?. " ടിക്കറ്റ് മറ്റാന്നാളത്തേക്കാ കിട്ടിയത് " ആഹാ അപ്പോ രണ്ട് ദിവസം കൂടി ഇവിടുണ്ടാവും അല്ലെ..? രാജീവ് അയാളുടെ ടിക്കറ്റിന്റെ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ അയാളെ നോക്കി.. " എന്നാ നമുക്ക് ഇന്നൊന്നു കൂടിയാലോ ? " പിന്നെന്താ, " ങാ അപ്പൊ അരവിന്ദന്റെ ഫ്ലാറ്റിലേക്ക് കാണാം. " എന്നാ നമുക്കിന്ന് ഇവിടെ കൂടിയാലോ. അപ്പച്ചനും അതൊരു കമ്പനിയാകും. " എന്നാ അങ്ങിനായിക്കോട്ടെ. അതേ ഞാനിപ്പോ വരാം ആ കള്ളൻ മാധവേട്ടനെ ഒന്ന് വാട്ടട്ടെ. അപ്പൂസേ പോകാം.. " ങാ.. രാജീവ് കോശിച്ചായന്റെ മുറിയുടെ വാതിൽക്കലേക്ക് നീങ്ങി നിന്നു..

" അപ്പു പോവാണെ. നാളെ വരാം. " ഹാ ഇക്കണ്ട വെടി മുഴുവൻ കൊണ്ടിട്ട് ഒരുമ്മ പോലും തരാതെ പോവാണോടാ ഉവ്വെ. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അപ്പു തിരിഞ്ഞു നിന്നു കോശിച്ചായനും അന്നാമ്മച്ചിയ്ക്കും കവിളിൽ ഓരോ ഉമ്മകൾ സമ്മാനിച്ചു. അവർ തിരിച്ചും. ഇരുവരുടെയും കണ്ണുകളിൽ നനവ് പറ്റിയിരുന്നു.. " പോവാണെ.. " നാളേം വരണേടാ ഉവ്വെ.. " ങാ. അവൻ ഇരുവർക്കും നേരെ കൈ വീശി കൊണ്ട് രാജീവിനടുത്തേക്ക് വന്നു. നബീസു സ്നേഹം പൂക്കുന്ന ഒരു മരമാണ്. അവളുടെ ചില്ലകളുടെ തണലിൽ അപ്പുവിനെ കൂടാതെ പുതിയ രണ്ട് ഹൃദയങ്ങൾ കൂടി ചേക്കറിയിരിക്കുന്നു. പ്രായത്തിന്റെ നീരൊഴുക്കുകൾ തമ്മിൽ ഒരുപാട് അന്തരമുണ്ടെങ്കിലും മനസുകളുടെ തുലാസിൽ അവരും അവനും ഒരേപോലെയായിരിലുന്നു.. " ആ പെണ്ണും ഇവനും തമ്മിൽ ഭയങ്കര കണക്ഷൻ ആണെല്ലേടോ, ഞാൻ ഒറ്റ നിമിഷേ കണ്ടുള്ളുവെങ്കിലും , എനിക്ക് അത് വല്ലാണ്ട് ഫീൽ ചെയ്തു. " എനിക്കുമറിയാം ചേട്ടാ. പക്ഷെ. പറയാൻ തുടങ്ങിയത് പാതിയിൽ നിർത്തി രാജീവ് അവന്റെ കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു..

മുറിഞ്ഞു പോയ അയാളുടെ പാതി മനസ്സിനോട് സെബാസ്റ്റിൻ പിന്നീട് ഒന്നും ചോദിച്ചില്ല.. " അപ്പൂസേ ആ മിട്ടായി ആരാ തന്നത് ? " ആ. ആ. ആന്റി. ലിഫ്റ്റിന് മുന്നിൽ നിൽക്കുമ്പോൾ അപ്പു പേടിയോടെ അയാളെ നോക്കി. രാജീവ് അവന്റെ മുടിയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് ഉറക്കെ ചിരിച്ചു. അവനും ചിരി വരുന്നുണ്ടായിരുന്നു. അയാൾ അവനെയും കൊണ്ട് ലിഫിറ്റിൽ കയറി താഴേയ്ക്ക് ഇറങ്ങി. " അതേ. വീട്ടിലിന്നൊരു കള്ളൻ കയറി, ബീനയുടെ കുറെ കാശും ഗോൾഡും ഒക്കെ പോയിട്ടുണ്ട്. " ങ്ങേ ഈ ഫ്ലാറ്റിലും കള്ളനോ? ഇവിടെ പുറത്തൂന്ന് ആര് വരാനാ ? രാജീവ് അപ്പുവിനെയും കൊണ്ട് മാധവൻ ക്യാമ്പിനിലെക്ക് ചെന്നു. കസേരയിൽ ചാരി കിടന്നിരുന്ന അയാൾ പെട്ടെന്ന് ചാടിയെഴുന്നേറ്റു.. " ങാ അത് തന്നെയാ ഞാനും ആലോചിക്കുന്നത്. അവള് പോലീസിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്, പോലീസ് ഡോഗോക്കെയായിട്ടു അവരിപ്പൊ വരും.. " ങേ പോലീസ് പട്ടിയോ, അതെന്തിനാ.? മാധവൻ പേടിയോടെ അപ്പുവിനെ നോക്കി കണ്ണ് മിഴിച്ചു. അവന് ഒന്നും മനസ്സിലായില്ല. " പിന്നെ പോലീസ് പട്ടി വരാതെ. പുറത്തൂന്ന് ആരാ വന്നതെന്ന് അറിഞ്ഞാലല്ലേ തോണ്ടി മുതല് കയ്യോടെ പിടിക്കാൻ പറ്റൂ. " എന്റെ പൊന്ന് സാറേ, ഫ്ലാറ്റില് ഞാൻ വന്നൂന്നുള്ളത് ശരിയാ. പക്ഷെ എന്റെ രണ്ട് മക്കളാണെ ഒരു മൊട്ടു സൂചി പോലും ഞാനവിടുന്നു എടുത്തിട്ടില്ല.. "

അങ്ങിനെ വരട്ടെ.. വൈകീട്ട് നടന്ന ടോം ആൻഡ് ജെറി കളിയൊക്കെ ഞാൻ അറിഞ്ഞേഡോ കള്ള കിളവാ. മാധവൻ പേടിയോടെ അയാൾക്ക് മുന്നിൽ കൈ കൂപ്പി. രാജീവ് ഉറക്കെ പൊട്ടി ചിരിച്ചു.. നീ എല്ലാം പറഞ്ഞോ എന്നർത്ഥത്തിൽ മാധവൻ അപ്പുവിനെ നോക്കി കണ്ണുരുട്ടി. അയാളോട് നോട്ടത്തിന്റെ അർത്ഥം അവന് മനസ്സിലായില്ലെങ്കിലും അപ്പോഴും അവൻ അയാളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. " അതേ ഞാൻ നിങ്ങടെ സൈക്കിൾ ഒന്ന് എടുക്കുന്നുണ്ട്, ങാ പിന്നെ വൈകീട്ട് കുറെ ഓടി കളിച്ച് ക്ഷീണിച്ചതല്ലേ. രണ്ടെണ്ണം അടിച്ചിട്ട് പോയാ മതി. അരവിന്ദനെയും കൂട്ടി സെബാസ്റ്റിൻ ചേട്ടന്റെ ഫ്ലാറ്റിലേക്ക് വിട്ടോ. ഞാനിപ്പോ വരാം. രാജീവ് ക്യാമ്പിന് പിന്നിൽ നിന്ന് മാധവന്റെ സൈക്കിൾ എടുത്തു അപ്പുവിനെ മുന്നിൽ കയറ്റി ഇരുത്തി. " അല്ല നിങ്ങളെങ്ങോട്ടാ ? " ഞങ്ങളൊരിടാം വരെ പോയിട്ട് പെട്ടെന്ന് വരാം. എന്നാ പോകാ അപ്പൂസേ.. രാജീവ് സൈക്കിളിൽ മുന്നോട്ട് എടുത്തു. എങ്ങോട്ടാണ് പോകുന്നതെന്ന് അപ്പുവിന് യാതൊരു ഊഹവുമില്ലായിരുന്നു. എങ്കിലും അവൻ അയാളെ നോക്കി ഗാഢമായി പുഞ്ചിരിച്ചു. അവന്റെ ഓർമയിൽ അച്ഛനാൽ പരിഗണിക്കപ്പെടുക,

അതിലേറെ വാത്സല്യത്തോടെ സ്നേഹിക്കപ്പെടുക എന്നതൊക്കെ ആദ്യാനുഭാവമാണ്. പ്രകടിപ്പിക്കാത്ത സ്നേഹം മൂടി കിടക്കുന്ന നിധി പോലെയാണ്. എത്രയെത്ര മൂല്യമുണ്ടെന്നു പറഞ്ഞാലും അനുഭവിക്കാൻ കഴിയാത്ത കാലത്തോളം അവയ്ക്ക് കരിയിലയുടെ വില പോലുമുണ്ടാവില്ല.. ചുവന്നും നീലിച്ചും കൂടി ചേർന്ന വർണങ്ങൾ ആകാശത്തെ മനോഹരിയാക്കിരുന്നു. പാതി മുറിഞ്ഞു പോയ ചന്ദ്രൻ മേഘങ്ങളുടെ മറവിൽ നിന്ന് എത്തി നോക്കി തുടങ്ങി. ദൂരെയുള്ള ആകാശ ഗോപുരങ്ങളുടെ ജാലകങ്ങങ്ങൾ പലതും മിന്നാമിനുങ്ങു പോലെ തെളിഞ്ഞു തുടങ്ങുന്നുണ്ടായിരുന്നു. സൈക്കിളിന്റെ മുന്നിലിരുന്നു അവൻ ചുറ്റുമുള്ള രാത്രി ഭംഗി കണ്ടാസ്വദിക്കുകയാണ്. വണ്ടികൾ ഇരുവശത്തേയ്ക്കും ചീറി പാഞ്ഞു പോകുകയാണ്. പാലത്തിനിരുവശവുമുള്ള വിളക്ക് കാലുകളുടെ മഞ്ഞ നിറമുള്ള വിളിച്ചം വെള്ളത്തിൽ പ്രതിബിംബം തീർത്തിട്ടുണ്ട്.. പടിഞ്ഞാറൻ തീരം മഴയെ പുൽകി തുടങ്ങിയ ദൂതുമായി ഒരു കാറ്റ് അപ്പുവിനെ ആകെ തഴുകി കടന്ന് പോയി. സൈക്കിൾ പാലത്തിനിറക്കിൽ ചെന്നു ഇടത്തോട്ട് വളഞ്ഞു. വഴി വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പരിചിതമായ വഴികൾ അവന്റെ ഓർമയിൽ തെളിഞ്ഞപ്പോൾ അപ്പു ഉറക്കെ ചിരിച്ചു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story