എന്റെ ഉമ്മാന്റെ പേര്: ഭാഗം 19

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ങാ അത്.. പണ്ട് ഞാൻ ബോംബെയിലെ ചെമ്മീൻ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. ദേ കുര്യാച്ചനന്ന് ആറോ ഏഴോ വയസ്സെയുള്ളൂ. അന്നിവനൊരു പനി വന്നു.. കോശിച്ചയാൻ ഒഴിച്ചു വെച്ച പെഗ്ഗ് എടുത്ത് ഒന്ന് മൊത്തി.. എല്ലാവരും തമാശകൾ നിർത്തി അയാളിലേക്ക് ഉറ്റുനോക്കി. " അന്നെക്കെ ചെമ്മീൻ കമ്പനീലെ പണിക്ക് പോകുന്നോർക്ക് ഇന്നത്തെ പോലെ ഫാമിലി കോട്ടേഴ്‌സൊന്നുമില്ല. ഓഡിറ്റോറിയം പോലെ വലിയൊരു ഹാള് പാർടീഷൻ ചെയ്ത് അതിലാ എല്ലാവരുടേം കിടപ്പും കുടീം. കുടുസ് പോലൊരു മുറീല് രണ്ട് ഫാമിലിയൊക്കെയാ കഴിയുന്നെ. അന്നാമ്മയ്ക്ക് ഡേയും എനിക്ക് നൈറ്റുമാ ജോലി. ഒരു ദിവസം രാത്രി അവള് ഇവന്റെ കരച്ചിലും ബഹളവും കേട്ട് ഞെട്ടി എണീറ്റ് നോക്കുമ്പോ കണ്ണൊക്കെ മേലോട്ട് മറിഞ്ഞു വായീന്ന് നുരേം പതേക്കെ ഒഴുകി കുര്യൻ കിടന്ന് വിറയ്ക്കുവാ. കൂടെ റൂമിലുണ്ടായിരുന്ന കൊണ്ടോട്ടിക്കാരൻ ഒരു ഇസാക്കും കുടുംബോ ലീവിന് നാട്ടിലാ. അന്നാമ്മയാണേൽ രണ്ടരമാസം ഗര്ഭിണീം. ആ പാതിരായ്ക്ക് സഹായത്തിന് വിളിച്ചാ വരാൻ അടുത്തെങ്ങും മലയാളികൾ ആരുമില്ല.

കോശിച്ചയാൻ മദ്യം ഒന്ന് സിപ്പ് ചെയ്തു. അയാൾക്കരികിൽ നിന്നിരുന്ന സെബാസ്റ്റിൻ കസേരയിലേക്ക് മെല്ലെ ഇരുന്നു. രാജീവും കൂട്ടരും കണ്ണും കാതും കൂർപ്പിച്ചു മുന്നോട്ടാഞ്ഞിരിക്കാൻ ശ്രമിച്ചു. " അന്നൊക്കെ ബോംബെലും, ഒറീസെലും, കൽക്കാട്ടേലുമൊക്കെ ഈ മലമ്പനീം, മലേറിയെം, മഞ്ഞപ്പിത്തൊക്കെ പടർന്ന് പിടിച്ച സമയമാണ്. കൊച്ചിന്റെ പനിയെന്ന് പറഞ്ഞാൽ നമുക്കൊന്നും തൊടാൻ പോലും പറ്റാത്തത്ര ചൂട്. സ്റ്റാഫിന് വേണ്ടി അന്നവിടെയൊരു ചെറിയ ക്ലിനിക്ക് ഉണ്ട്. രാത്രി എന്തേലും അത്യാവശ്യം വന്നാ മരുന്ന് കൊടുത്ത് വിടാൻ ഒരു ജൂനിയർ ഡോക്ടർ മാത്രം കാണും രാത്രി അതാണ് അവിടെ പതിവ്. ഒരു പുതപ്പില് ഇവനേം പൊതിഞ്ഞു പിടിച്ചു അവള് ഇറങ്ങി അങ്ങോട്ട് ഓടി, അന്നവിടെ ദേ നമ്മടെയീ മാധവനെ പോലെ തോമർ താബെന്ന് പറഞ്ഞൊരു മണിപ്പൂരികാരൻ സെക്യൂരിറ്റിയുണ്ട് അന്നാമ്മേടെ നിലവിളീം ബഹളോം കേട്ട് അയാളിറങ്ങി ചെന്നു. അയാളുടെ സൈക്കിളിന്റെ പിന്നില് കുര്യാനേം ഇരുത്തി ആശുപത്രീല് എത്തിച്ചു. കൊണ്ട് ചെല്ലുമ്പോ കൊച്ചിന് അനക്കമില്ല.

എന്തൊക്കെ ചെയ്തിട്ടും ഇവന്റ് പൾസ് കിട്ടതായപ്പോ ആ ഡോക്ടറ് കൊച്ചൻ എന്റെ കൊച്ചിനെ കർത്താവ് വിളിച്ചെന്ന് കരുതി അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളാൻ പറഞ്ഞു താബയെ കമ്പനിയിലേക്ക് വിട്ടു. അയാളത് വന്ന് പറഞ്ഞത് മാത്രേ എനിക്ക് ഓര്മയുള്ളൂ. ഓടി പിടിച്ചു ഞാൻ ആശുപത്രീല് ചെല്ലുമ്പോ കൊച്ചിനെ കിടത്തിയ കട്ടിലിന്റെ അപ്പുറത്ത് ബോധമില്ലാതെ അന്നമ്മയെ കൂടി കണ്ടപ്പോ എന്റെ ദാ ഇതിനകത്തൂന്ന് ഒരാന്താലായിരുന്നു.. ഇനിയെന്തിനാ ജീവിക്കുന്നെന്ന തോന്നിപ്പോയി. കോശിച്ചയാൻ നെഞ്ചിൽ തടവികൊണ്ടു ഗ്ലാസ്സിലുള്ളത് കൂടി വായിലേക്ക് കമിഴ്ത്തി.. രാജീവും അരവിന്ദനും പരസ്പ്പരം നോക്കി. മാധവന്റെ കണ്ണുകളിൽ വല്ലാതെ നനവ് പടരുന്നുണ്ടായിരുന്നു. സെബാസ്റ്റിൻ തല കുനിഞ്ഞിരുന്നു എല്ലാം കേൾക്കുകയാണ്.. " ഭായി പേടിക്കണ്ടാ, ആർക്കും ഒന്നും വരില്ലാന്നും പറഞ്ഞു അന്നാ താബെയെന്ന ചേർത്ത് പിടിച്ചാശ്വസിപ്പിച്ചിട്ട് കമ്പനിയിലെ മെറ്റീരിയൽ കൊണ്ട് പോകുന്ന 307 പോലത്തെ പഴയൊരു വാനും കൊണ്ട് വന്നു.

ദേ ഇവനെയും അന്നമ്മയെയും കൊണ്ട് ഇരുപത്തിമൂന്ന് കിലോമീറ്റർ ദൂരെ ഒരാശുപത്രിയിലേക്ക് കൊണ്ട് പോയി. പനി ശിരസീ കേറി പിന്നെ ഏഴ് ദിവസം ഇവൻ ഐ സി യുവിൽ. ആ ഓട്ടത്തിനിടയിൽ ഇവന്റെ ഇളയത് അലസിപ്പോയി. കൈയിൽ ഒരൊറ്റ പൈസയില്ല എന്ത് ചെയ്യുമെന്നറിയതെ വിഷമിച്ചു നിന്ന എന്റെ കയ്യിലേക്ക് താബെ അന്നൊരു നൂറ് രൂപ വെച്ചു തന്നിട്ട് പ്രാർത്ഥിക്കാൻ പറഞ്ഞു. നാല് ദിവസം കഴിഞ്ഞപ്പോഴാ അന്നാമ്മ ഒന്നെണീറ്റ് നടന്നത്, ഇവനെ കാണാണോന്ന് പറഞ്ഞു വാശി പിടിച്ചിട്ടും, ഡോക്ടർ എന്നോട് പറഞ്ഞതൊന്നും ഞാൻ അവളെ അറിയിച്ചില്ല. ഒടുക്കം അവളുടെ പിടിവാശി കൂടിയപ്പോ ഞാൻ കാര്യം പറഞ്ഞു. അന്നവളൊരു കാര്യം ചെയ്തു. " രണ്ടാമത് തന്നതിനെ ആദ്യമെടുത്തു, ഇനി ഇത്രനാളും കൊഞ്ചിച്ചും വളർത്തിയതിനെ കൂടി കൊണ്ടുപോയാലെ ദൈവത്തിന് സന്തോഷ്മാകൊളെങ്കിൽ ആ ദൈവത്തെ എനിക്ക് വേണ്ടാന്ന് പറഞ്ഞു കഴുത്തിലുണ്ടായിരുന്ന ചെറിയ കാശുരൂപം പൊട്ടിച്ചു വലിച്ചെറിഞ്ഞു. ഒരമ്മയുടെ ശാപം ദൈവങ്ങൾക്ക് കിട്ടുമെന്ന് പേടിച്ചാവും പത്താം ദിവസം ദേ ഈയിരിക്കണ ഇവനെ അവര് ഞങ്ങൾക്ക് തിരിച്ചു തന്നത്. അന്ന് അന്നമ്മ എന്നോട് പറഞ്ഞു അച്ചായാ നമുക്കിനി ഇവൻ മാത്രം മതി.

പിന്നെ ഒരു പത്ത് പന്ത്രണ്ട് വയസ്സ് വരെ ആശുപത്രീo വീടും, വീടും ആശുപത്രീo തന്നെയായിരുന്നു. കോശിച്ചയന്റെ കണ്ണ് ചുവന്ന് കലങ്ങി കൺ പീലികൾ ഈറനണിഞ്ഞിരുന്നു. ആരും പരസ്പരം ഒന്നും മിണ്ടിയില്ല.. " നീ പറയാറില്ലേല്ലെടാ മക്കളെ അപ്പച്ചനീ ഈ പഴയ ലോക്കറ്റ് മാറ്റി സ്വർണം കെട്ടിച്ച പുതിയത് ഒരെണ്ണം വാങ്ങിയിടാൻ. ദേ ഈ കിടക്കണത് അന്ന് നിന്റമ്മച്ചി പൊട്ടിച്ചെറിഞ്ഞ കാശു രൂപാ. എത്ര കിലോ സ്വർണത്തിൽ പണിതാലും അതിനൊന്നും ഞങ്ങടെ പ്രാണന്റെ വിലയോളം വരില്ലെടാ മോനെ.. കോശിച്ചയാൻ കഴുത്തിൽ കിടന്ന കറുത്ത് തടിച്ച ചരട് ഷർട്ടിന്റെ ഉള്ളിൽ നിന്ന് പുറത്തേക്കിട്ടു. അതിന്റെ അഗ്രത്തിൽ ഉരഞ്ഞു പഴകിയ ഒരു അലുമിനിയം ലോക്കറ്റ് കിടപ്പുണ്ടായിരുന്നു. സെബാസ്റ്റിൻ അതിലേക്ക് ഒന്ന് നോക്കി. നോവുകളുടെ വേലിയേറ്റത്തിൽ അയാൾ ആടിയുലഞ്ഞു പോകുകയാണ്. മാധവൻ ഏങ്ങി കരയുന്നത് കണ്ടപ്പോൾ രാജീവിനും അരവിന്ദനും സങ്കടം ഇരട്ടിച്ചു.. അൽപ്പസമയത്തെക്ക് ആരും ഒന്നും മിണ്ടിയില്ല.

മുറിയിൽ തുറന്ന് വെച്ച ബൈബിളിന് മുന്നിൽ എല്ലാം കേട്ടുകൊണ്ട് മൗനത്തിൽ പിടയുന്ന ഒരാത്മാവ് കണ്ണീരോഴുക്കി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.. " ഞങ്ങടെ കൂടെ അപ്പുക്കുട്ടൻ തുള്ളി ചാടി കളിക്കുന്നത് കണ്ടപ്പോ ആ പെങ്കൊച്ചാ അവനും ആശുപത്രീലായിരുന്ന കാര്യം പറഞ്ഞത്.. മക്കളെത്ര വലുതായാലും കാർന്നോമർക്ക് അവരെപ്പോഴും കുഞ്ഞാണ്. ഞാൻ എന്തിനാ ഇപ്പൊ ഇത് നിങ്ങളോട് പറഞ്ഞതെന്ന് രാജീവിന് മനസിലായോ ? കോശിച്ചയാൻ കുപ്പിയിലെ അവസാന തുള്ളി മദ്യം കൂടി കുപ്പിയിലേക്ക് ഒഴിച്ചു. രാജീവ് ഒന്നും മനസിലാവത്തത് പോലെ അയാളെ നോക്കി. " നമുക്ക് തിരക്കുകൾ ഉണ്ടാവും, എന്നാലും നമ്മടെ മക്കൾക്ക് വേണ്ടി കുറച്ചു സമയം മാറ്റി വെക്കണം. അപ്പൂന്റെ ഈയൊരു പ്രായത്തിൽ ആണ് അവന് സ്നേഹോo കരുതലും ഒക്കെ കൊടുക്കേണ്ടത് , എന്നാലെ അവന്റെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം കാണൂ. നമ്മളേം തിരിച്ചു സ്നേഹിക്കാൻ അവർക്കും തോന്നൂ.. അല്ലാത്തതൊക്കെ പിടിച്ചു വാങ്ങലാ. പിടിച്ചു വാങ്ങുന്ന സ്നേഹോന്ന് പറയുന്നത് വെള്ളം പോലെയാടോ,

എത്രയൊക്കെ തടഞ്ഞു നിർത്താൻ നോക്കിയാലും കുറച്ചു കഴിയുമ്പോ താനേ ഒഴുകി പോകെയുള്ളൂ. അച്ചായൻ കുറ്റപ്പെടുത്തുകയല്ലാട്ടോ, എല്ലാം ഒന്നറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാ. നമ്മുടെയൊക്കെ സുഖോം സന്തോഷോം ന്നൊക്കെ പറഞ്ഞാ നമ്മുടെ മക്കളാ, അവരെ നമ്മള് മനസിലാക്കിയില്ലെങ്കിൽ പിന്നെ അവർക്ക് വേണ്ടി എന്ത് ചെയ്തിട്ടെന്താ കാര്യം. രാജീവിന്റെ ഉള്ളിലെ കുറ്റബോധം പിന്നെയും ഉയർത്തെഴുന്നേൽക്കുകയാണ്. സെബാസ്റ്റിന്റെ മുഖത്തും വല്ലാത്ത നിരാശ നിഴലിക്കുന്നുണ്ടായൊരുന്നു. അരവിന്ദനും മാധവനും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.. " ഡാ മക്കളെ കുര്യാ. " ങാ അപ്പച്ചാ.. " നമുക്കൊരെണ്ണം കൂടി അങ്ങു വാങ്ങിയാലോടാ ? " എന്തേ അപ്പച്ചന് അടിക്കണോ " ഇന്നെന്തോ കൊച്ചെറുക്കനെ കണ്ടപ്പോ മുതൽ ആകെയൊരു സന്തോഷം. നീ പോയി ഒരെണ്ണം കൂടി വാങ്ങിയെച്ചും വാ.. എന്നാടാ പിള്ളേരെ അപ്പൊ അങ്ങിനങ്ങ് തീരുമാനിക്ക്യല്ലേ ? മാധവനും അരവിന്ദനും പരസ്പരം നോക്കി എന്ത് ചെയ്യണമെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് പതിയെ തല കുലുക്കി..

" എന്നാ നിങ്ങളിവിടിരി ഞാൻ പോയിട്ടിപ്പോ വരാം. " അതേ കള്ളും കുടിച്ചോണ്ട് വണ്ടിയോടിച്ചോണ്ട് പോണ്ടാ. എന്റെ സൈക്കിളവിടെയിരിപ്പുണ്ട് അതേടുത്തോണ്ടു പോ. " അതൊക്കെ ഞാൻ പോയിട്ട് വരാടോ മാധവാ. സെബാസ്റ്റിൻ മാധവനെ നോക്കി കൊണ്ട് എഴുനേറ്റ് പുറത്തേക്ക് നടന്നു.. കോശിച്ചയാൻ പിന്നെയും പഴയ കുറെ കഥകളുടെ ഭാണ്ഡകെട്ടുകൾ അവർക്ക് മുന്നിലേക്ക് കുടഞ്ഞിട്ടു കൊണ്ട് സംസാരം തുടർന്നു കൊണ്ടിരിക്കുകയാണ്.. " ഡി മതി കളിച്ചത് മണി എട്ടരയായി വന്ന് വല്ലതും കഴിക്കാൻ നോക്ക്.. നബീസു നാടൻ കോഴിമുട്ട ഉള്ളിയും മുളകും , വേലി ചീരയും ചേർത്ത് വെട്ടി ചട്ടിയിൽ ഒഴിച്ചു ചിക്കി വറുക്കുകയാണ്. ആഷിത കളി മതിയാക്കി പാമ്പും കോണിയും മടക്കി വെച്ച ശേഷം അപ്പുവിനെ വാതിൽക്കൽ കൊണ്ട് പോയി കൈയും മുഖവും കഴുകിച്ചു അകത്തേക്ക് കൊണ്ട് വന്നു.. " എന്താ ആന്റി ഉണ്ടാക്കണേ ? " ഇതോ. ഇത് അപ്പൂട്ടനുള്ള സ്‌പെഷ്യൽ. അവൻ നേരെ അടുക്കളയിലേക്ക് ഓടി ചെന്ന് നബീസുവിന്റെ തോളിൽ തൂങ്ങി. അവൾ ഒരു കൈ കൊണ്ട് അവന്റെ കവിളിൽ തഴുകി കൊണ്ട് പണി തുടർന്നു. മൊരിഞ്ഞു തുടങ്ങിയ മുട്ടയിലേക്ക് അവൾ അൽപ്പം കുരുമുളക് പൊടി വിതറി ഇളക്കിയെടുത്തു.. " ഡി ആ പാത്രമൊക്കെ ഒന്ന് കഴുകി കൊണ്ടുവന്നെ.

" അപ്പൂന് വിശക്കുന്നുണ്ടോ , ദേ ഇതൂടെ കഴിഞ്ഞാ ആന്റിയിപ്പോ ചോറ് തരാട്ടോ. " ഡാ കോരങ്ങാ നീയെന്റെ ഉമ്മയെ കൊല്ലോടാ.. " ഡി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കൊച്ചിനെ കോരങ്ങാന്ന് വിളിക്കരുതെന്ന് അപ്പു നബീസുവിന്റെ കഴുത്തിൽ വട്ടം പിടിച്ചു കുതിര കളിക്കുകയാണ്. മുബീന പാത്രം കഴുകി അകത്തേക്ക് കയറി വന്നു കൊണ്ട് അപ്പുവിന്റെ പിന്നിൽ കാല് കൊണ്ട് തട്ടി. നബീസു അവളെ ശാസിക്കുന്നത് പോലെ നോക്കി കൊണ്ട് അവന്റെ കൈയിൽ ഒന്നുമ്മ വെച്ചു. അവൻ അവളുടെ കവിളിലും. ആഷിത പാത്രങ്ങൾ നിരത്തി വെച്ചു ചോറ് വിളമ്പി. നബീസു ഉച്ചയ്ക്ക് വെച്ച മത്തി കറിയുടെ ചട്ടിയെടുത്തു രണ്ട് വാക്കിലും പൊക്കി പിടിച്ചു ഒന്നിളക്കിയാട്ടി. ചട്ടിക്ക് മുകളിൽ തെളിഞ്ഞു പൊങ്ങിയ നാടൻ മത്തിയുടെ നെയ്യ് അരപ്പിലേക്ക് കൂടി ചേർന്നു. അവൾ അതൊരു കുഴിഞ്ഞ സ്റ്റീൽ പാത്രത്തിലേക്ക് കോരിയിട്ട ശേഷം മൂടി വച്ചിരുന്ന മറ്റൊരു ചീന ചട്ടിയെടുത്തു തുറന്നു. " ഇതെന്ത് മീനാ ആന്റി? " ഇതോ ഇതാണ് ചാള , അപ്പു ഇത് കഴിച്ചിട്ടുണ്ടോ ? " മ്മ് ച്ചും.. വേപ്പിലയിട്ടു പൊരിച്ചെടുത്ത മത്തി ഒരു ചെറിയ സ്പൂണ് കൊണ്ട് ഇളക്കി അവൾ മറ്റൊരു പാത്രത്തിലേക്ക് വെച്ചു. അപ്പു അവളുടെ കഴുത്തിൽ തൂങ്ങി അതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയാണ്. " ഇന്നീ ചട്ടി എനിക്കാണ് അല്ലെ ഉമ്മാ ?

" അയ്യടി മനമേ.. കഴിഞ്ഞ പ്രാവിശ്യം നീയാ ചട്ടി വടിച്ചത് , ഇന്ന് മോളതും നോക്കിയിരിക്കണ്ട . " ഞ ഞ ഞ. ഇരുവരും മീൻ പൊരിച്ച ചട്ടിക്ക് വേണ്ടി തല്ല് കൂടുകയാണ്. മുബീന ആഷിതയെ നോക്കി കൊഞ്ഞനം കുത്തി. നബീസു ഇതൊന്നും ശ്രദ്ധിക്കാതെ കലത്തിൽ നിന്ന് ചോറ് എടുത്ത് ചട്ടിയിലേക്കിട്ടു ഒന്ന് പിരട്ടിയെടുത്തു. " മ് ഹാ. മൊരിഞ്ഞ ചട്ടിയിൽ ഊറി നിന്ന നെയ്യ് ചോറിൽ കുഴഞ്ഞമണം അപ്പുവിന്റെ മൂക്കിലേക്ക് ഇരച്ചു കയറി അവന്റെ വായിൽ വെള്ളമൂറുന്നുണ്ടായിരുന്നു. " ആ. ആ.. വാ തുറന്നെ.. നബീസു ഒരു പിടി കുഴച്ചുരുട്ടി അവന് നീട്ടി. അപ്പു അവളുടെ അരികിലിരുന്നു വായ് തുറന്നു അത് കഴിഞ്ഞു. നേർത്ത ചവർപ്പിൽ മെഴുക് പുരട്ടിയ പോലെ കരിഞ്ഞ രുചി അവന്റെ വായിൽ സ്വാദ് നിറയ്ക്കുകയാണ്. " ഇഷ്ട്ടയോ ? " ങാ അവന്റെ കണ്ണുകൾ വിടർന്നു. കവിളിലെ കുഞ്ഞു നുണകുഴികൾ രസമൂറി ഉള്ളിലേക്ക് വലിഞ്ഞു.. മുബീനയുടെ തൊണ്ടക്കുഴിയിലേക്ക് ഉമിനീര് കുത്തിയൊലിച്ചിറങ്ങുന്നുണ്ടായിരുന്നു. ആഷിത ഉടുപ്പിന്റെ തുമ്പ് കൊണ്ട് ചുണ്ട് തുടച്ചു.. " ഇന്നാ രണ്ടു വാ തുറക്ക് .. അല്ലേൽ നോക്കിയിരുന്നു വെള്ളമിറക്കി എന്റെ കൊച്ചിന്റെ വയറ് കേടാക്കും രണ്ടും. നബീസു പാത്രത്തിൽ നിന്ന് അൽപ്പം നെയ്യ് കലർന്ന മീൻ ചാറ് തെക്കിയെടുത്തു വീണ്ടും ചട്ടിയിലേക്ക് ഒഴിച്ചു കൂട്ടി കുഴച്ചു മുബീനയ്ക്കും ആഷിതയ്ക്കും നീട്ടി. ഇരുവരും ചമ്മലോടെ പരസ്പരം നോക്കി കൊണ്ട് വായ് തുറന്നു. അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു.

അവൻ ഇരുവരെയും കളിയാക്കുന്ന പോലെ വായ് പൊത്തി ചിരിക്കുന്നുണ്ട്.. മുബീന അവനെ നോക്കി കിറി കോട്ടി. നബീസു ചോറിൽ അൽപം ചിക്കി വറുത്ത മുട്ടയും , മുള്ളിൽ നിന്ന് അടർത്തിയെടുത്ത മത്തിയും ചേർത്ത് കുഴച്ച് മൂന്നാമത്തെ ഉരുളയും അപ്പുവിന് നീട്ടി. അവൻ വായ് തുറന്ന് അത് കഴിച്ചിറക്കിയതും ഉപ്പിലിട്ട നെല്ലിക്ക കുത്തി ചതച്ച്, ഇടിമുളകും കള്ള് വിനാഗിരിയും ചേർത്ത് തിരുമിയ ചമ്മന്തി അവൾ അവന്റെ നാക്കിലേക്ക് ഇറ്റിച്ചു. നേർത്ത എരിവിന് മുകളിലേക്ക് ഇടിമുളകിന്റെ എരിവ് കൂടി അലിഞ്ഞിറങ്ങിയപ്പോൾ അവൻ ഒന്ന് മുകളിലേക്ക് വലിച്ചു കൊതി കൂട്ടി.. അവൾ അവന് വച്ചു നീട്ടുന്ന എരിവിന് പോലും സ്നേഹത്തിന്റെ ഗന്ധവും മധുരവുമായിരുന്നു. വയർ നിറഞ്ഞിട്ടും അവൾ നീട്ടിയ അവസാന പറ്റും അവൻ കഴിച്ചിറക്കി. " ഡി അപ്പൂനെ ആ തണുപ്പത്തേക്ക് ഇറക്കരുത്തട്ടോ മുബീ. " ഇല്ലുമ്മ .. കൈയ്യും മുഖവും കഴുകി ആഷിത അവനെ ഉമ്മറത്തേക്ക് കൊണ്ട് പോകുന്നത് കണ്ടപ്പോൾ നബീസു ഉറക്കെ വിളിച്ചു പറഞ്ഞു.. സ്വന്തം അമ്മയെക്കാൾ കരുതലുണ്ട് അവൾക്ക് അപ്പുവിന്റെ കാര്യത്തിൽ.. ജന്മാന്തരങ്ങളായിട്ടുള്ളൊരു പേരാറിയത്തൊരു ആത്മബന്ധം ബന്ധനംപോലെ. മഴ മേഘങ്ങൾക്കിടയിലൂടെ ദൂരെ നിന്നൊരാൾ അതെല്ലാം തലയെത്തിച്ചു നോക്കുന്നുണ്ടായിരുന്നു..

പാത്രങ്ങൾ അടക്കി വെച്ച ശേഷം കുറച്ചു ചോറെടുത്ത് അവളും കഴിച്ചു.. " ഹലോ ഇപ്പോഴേങ്ങാനും വരോ, മണി ഒമ്പത് കഴിഞ്ഞു, മനുഷ്യനൊന്നു കിടക്കണം. " ങാ.. ശരി.. ബീഫിൽ വീണു കുഴഞ്ഞു പോയ ബീന ആകെ ക്ഷീണതയായിരിക്കുന്നു. മൊബൈൽ എടുത്തു അവർ രാജീവിനോട് ദേഷ്യപ്പെട്ടു. അയാൾ അവരുടെ ദേഷ്യത്തെ ഒരു മൂളലിൽ തളച്ചിട്ടു കൊണ്ട് ഫോൺ കട്ട് ചെയ്തു. " സർക്കീട്ടും കഴിഞ്ഞു അച്ഛനും മോനും കൂടെ വരട്ടെയിങ്ങോട്ട്. ബീനയുടെ ദേഷ്യം ആളികത്തുകയാണ്. അവർ മൊബൈൽ എടുത്ത് ബെഡിലേക്ക് വലിച്ചെറിഞ്ഞു.. പക്ഷെ കള്ള് കുടിയേക്കാൾ അയാൾക്ക് പ്രധാനം അപ്പുവിനെ നബീസുവിനോടൊപ്പം കുറച്ചു നേരം വിടുക എന്നതായിരുന്നു. അത് അയാൾ ഭംഗിയായി ചെയ്തിരിക്കുന്നു. " അതേ മണി ഒമ്പത് കഴിഞ്ഞു ഞാനിറങ്ങുവാ. " ഹാ നില്ലെടോ ഞങ്ങളും ഇറങ്ങുവാ. അപ്പോ കോശിച്ചായാ രാത്രി യാത്രയില്ല.. രാജീവ് വാച്ചിൽ നോക്കി കൊണ്ട് എഴുനേറ്റൂ. പിന്നാലെ അരവിന്ദനും, മാധവനും. " ഒരു കാര്യം ചോദിച്ചോട്ടെ രാജീവേ , ബുദ്ധിമുട്ടാവില്ലെങ്കിൽ ഇടയ്ക്ക് ആ കൊച്ചേറുക്കനെ ഇങ്ങോട്ടൊന്ന് വിട്ടേക്കാവോ ? " ഇടയ്ക്ക് ആക്കുന്നതെന്തിനാ അച്ചായാ. ദേ മാധവേട്ടനോട് പറഞ്ഞാ എന്നും കൊണ്ട് വന്നു കാണിക്കൊല്ലോ. അല്ലെ മാധവേട്ടാ " എന്റെ കട്ട പുക കണ്ടേ എല്ലാവരും അടങ്ങു ല്ലേ..

മാധവൻ നെഞ്ചത്ത് കൈ വെച്ചു കൊണ്ട് പുറത്തേക്ക് നടന്നു.. പിന്നാലെ രാജീവും അരവിന്ദനും. " താൻ ആ ടിക്കറ്റ് കൊടുത്തോ ? " ഏയ് അത് താൻ തന്നെ കൊടുക്കുന്നതാ അതിന്റെ മര്യാദ. ചേട്ടാ ഒരു മിനിറ്റ്.. അരവിന്ദൻ സെബാസ്റ്റിനെ പുറത്തേക്ക് വിളിച്ചു കൊണ്ട് പോക്കറ്റിൽ മടക്കി വെച്ചിരുന്ന കവർ എടുത്ത് രാജീവിന് നീട്ടി.. " എന്തെടോ? " ദേ ഇനിയിത് ആ കയ്യീന്ന് ഊരരുത്, എന്തൊക്കെ ബുദ്ധിമുട്ട് വന്നാലും ഇതൊന്നും അങ്ങിനെ വിറ്റു കളയാനുള്ള സാധനങ്ങളല്ല ചേട്ടാ. " ഇത്, ഞാൻ.. പുറത്തേക്കിറങ്ങിയ സെബാസ്റ്റിന്റെ കയ്യിലേക്ക് രാജീവ് ടിക്കറ്റിന്റെ കവറും അതിന് മുകളിൽ അയാളുടെ വിവാഹ മോതിരവും ചേർത്ത് വെച്ചു കൊടുത്തു. അയാൾ ഒന്ന് ഞെട്ടി അരവിന്ദനെ നോക്കി. " അല്ല രാജീവേ അപ്പോ ഈ ടിക്കറ്റിന്റെ കാശ്. " അത് എന്നെങ്കിലും ചേട്ടന്റെ ബുദ്ധിമുട്ടൊക്കെ മാറി എല്ലാം ശരിയായി കഴിയുമ്പോ തന്നാ മതി, ഇനി അഥവാ തരാൻ പറ്റിയില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ഒരനിയൻ തന്നതാണെന്നു കരുതിയ മതി. രാജീവ് അയാളുടെ കൈയിൽ മുറുകെ പിടിച്ചിരിക്കുകയാണ്. സെബാസ്റ്റിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്നയാൾ രാജീവിനെ കെട്ടി പിടിച്ചു. അരവിന്ദൻ സന്തോഷത്തോടെ അതെല്ലാം കൺ നിറയെ കാണുന്നുണ്ട്.. കണ്മുന്നിൽ നടക്കുന്ന കാര്യങ്ങളുടെ പൊരുളറിയതെ മാധവൻ കണ്ണ് മിഴിച്ചു നോക്കി നിൽക്കുകയാണ്. " എല്ലാം ശരിയാകും ചേട്ടാ. ഇനി അഥവാ അവിടെ ചെന്നിട്ട് എന്തേലും ബുദ്ധിമുട്ട് തോന്നിയ നേരെ ഇങ്ങോട്ട് പോരെ.

നമുക്ക് ഇവിടെ എന്തേലും ഒരു വഴിയുണ്ടാക്കാം. പോട്ടെ. അപ്പൂനെ ഞാൻ നബിസൂന്റെ വീട്ടിലാക്കിയിട്ടാ ഇങ്ങോട്ട് പോന്നത്. അപ്പോ എല്ലാം പറഞ്ഞത് പോലെ ഗുഡ് നൈറ്റ് .. " ഓകെ ചേട്ടാ.. നാളെ കാണാം. രാജീവ് അയാളെ വീണ്ടും ഒന്ന് ആശ്ലേഷിച്ചു കൊണ്ട് നടന്ന് നീങ്ങി. പിന്നാലെ അരവിന്ദനും. സെബാസ്റ്റിന്റെ കണ്ണിൽ അപ്പോഴും കണ്ണീരിന്റെ നനവ് ഉണങ്ങിയിട്ടില്ലായിരുന്നു. അയാൾ നടന്ന് നീങ്ങുന്ന അവരെ തന്നെ നോക്കി നിൽക്കുകയാണ്. " അല്ല എന്താ സംഭവം? " എന്ത് സംഭവം.? " അല്ലാ ഇപ്പോ അവിടെ നടന്നതെന്താണെന്ന്. മാധവൻ രണ്ട് പേരെയും സംശയത്തോടെ നോക്കി.. " അതോ അതൊരു കൊടുക്കൽ വാങ്ങൽ ബിസിനസ്സ് " അതെന്തൂട്ട് ബിസ്സിനസ്സ്? " ആ അതൊരു ബിസിനസ്സ് അത്രേം അറിഞ്ഞാ മതി. ഹോ എന്തൊക്കെ അറിയണം.. അങ്ങോട്ട് നടക്കെടോ കിളവാ. രാജീവ് മാധവന്റെ പിന്നിൽ കൈ കൊണ്ട് ഒന്നടിച്ചു ലിഫിറ്റിലേക്ക് തള്ളി കയറ്റി. അയാൾ അപ്പോഴും ഇരുവരെയും സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.. " അതേ നിങ്ങളെ ആക്കിയിട്ട് സൈക്കിൾ ഞാനെടുക്കും രാവിലെ വല്ല ഓട്ടോയും വിളിച്ചു വന്നാ മതി. " ഓ ഉത്തരവ് പോലെ.. മാധവൻ ഭൃത്യനെ പോലെ കൈ കൂപ്പികൊണ്ട് കുനിഞ്ഞു കാണിച്ചു.. രാജീവ് അയാളുടെ കഴുത്തിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു. ലിഫ്റ്റ് താഴേയ്ക്കിറങ്ങി തുടങ്ങി. ഉമ്മറത്ത് നബീസു പറഞ്ഞ കഥകൾ കേട്ട് അപ്പു അവളുടെ മടിയിൽ ചാഞ്ഞു കിടന്നുറങ്ങി പോയിരുന്നു.

അവളത് നോക്കാതെ അവന്റെ മുടിയിൽ തലോടി കൊണ്ട് പിന്നെയും കഥകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിച്ചു കിടക്കാൻ തുടങ്ങിയ കോശിച്ചയന്റെയും അന്നമ്മയുടെയും നടുവിലേക്ക് സെബാസ്റ്റിൻ വന്നു കിടന്നു. ദേഷ്യം ഇരച്ചു കയറി ഭ്രാന്ത് മൂത്തപ്പോൾ ബീനയും തന്റെ മുറിയിൽ കയറി വാതിലടച്ചു കിടന്നു.. ഒരു രാത്രിയുടെ തണുപ്പിൽ മൂന്ന് അമ്മമാർ ഉറങ്ങാനൊരുങ്ങുകയാണ്. സ്നേഹത്തിന്റെ പാലാഴി ഊട്ടിയ ഒരു പോറ്റമ്മയുടെ മടിയിൽ ഒരു പത്ത് വയസുകാരൻ ചാഞ്ഞുറങ്ങി പോയിരിക്കുന്നു. ഒരു ത്യാഗത്തിന്റെ കഥയറിഞ്ഞു നൊന്തു പോയൊരു നാൽപ്പത്തഞ്ചുകാരൻ വീണ്ടുമൊരു പത്ത് വയസുകാരനിലേക്ക് ചുരുങ്ങിയിറങ്ങി പെറ്റമ്മയുടെ മാറിലെ ചൂടേറ്റുറങ്ങാൻ തുടങ്ങുകയാണ്. പക്ഷെ അമ്മയെന്ന സാഗരത്തിന്റെ അർത്ഥവും ആഴവുമറിയാതെ ചിതലരിച്ചു തുടങ്ങിയ മനസുമായി മറ്റൊരമ്മ അവിടെ അഹന്തതയുടെ മേൽ ഉറക്കം പിടിച്ചിരുന്നു.. പെറ്റതോ, പോറ്റിയതോ പദമേതയാലും ഒടുവിൽ ഉരുവിടുന്ന പദം അമ്മയെന്നാണ്. അമ്മയെന്ന് മാത്രം. ഈ ഭൂമിയിൽ അമ്മയെന്ന വാക്കിന് അർത്ഥമെഴുതാൻ വരികൾ ഇനിയും പോരാതെ വരും............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story