എന്റെ ഉമ്മാന്റെ പേര്: ഭാഗം 20

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

നബീസുവിന്റെ മടിയിൽ ചാഞ്ഞുറങ്ങി പോയ അപ്പുവിനെ അവൾ മെല്ലെയെടുത്ത് കട്ടിലിൽ കൊണ്ട് ചെന്ന് പുതപ്പിച്ചു കിടത്തി. " കോങ്ങാ. ഗാഢമായ നിദ്രയിലും അവർ വിളിക്കുന്ന പേര് അവന്റെ ഉപബോധമനസിൽ നിന്ന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഉറങ്ങാൻ കിടന്ന മുബീനയും ആഷിതയും എഴുനേറ്റ് അവന്റെ ഇരുവശത്തായി മാറി കിടന്നു. ഉറക്കത്തിൽ അവന്റെ ചുണ്ടുകൾ തേനൊഴുക്കുന്നുണ്ടായിരുന്നു. ആഷിത പുതപ്പിനറ്റം കൊണ്ട് അവന്റെ ചിറി തുടച്ചു.. " ടാ കോരങ്ങാ.. എണീക്കേടാ കോരങ്ങാ.. " ഡാ കോങ്ങാ. മുബീന കൗതുകത്തോടെ അവന്റെ ചെവിയോട് ചേർന്ന് കിടന്നു കവിളിൽ വിരലോടിച്ചു കൊണ്ട് പതിയെ വിളിക്കുകയാണ്. അവനും മെല്ലെ അതെറ്റ് പറയുന്നുണ്ട്. " നിനക്ക് ചക്കര മിട്ടായി വേണോടാ കോരങ്ങാ. " ങാ.. അവൻ ഉറക്കത്തിൽ മെല്ലെ മൂളി കൊണ്ട് പതിയെ പുഞ്ചിരിച്ചു..ഉറക്കത്തിലും അവൻ അവന്റെ ഇഷ്ടങ്ങൾ മറന്നിട്ടില്ല.. ആഷിതയും മുബീനയും അവനെ കണ്ണെടുക്കാതെ നോക്കിയിരുന്നു ചിരിക്കുകയാണ്. " വേണ്ടടി മുബീ അവൻ ഉറങ്ങിക്കോട്ടെ. "

നിനക്ക് ഉറങ്ങണോടാ കോരങ്ങാ. മുബീന അവന്റെ കവിൾ പതിയെ ഉമ്മ വെച്ചു കൊണ്ട് ഒന്ന് കടിച്ചു . അവൻ വീണ്ടും ഉറക്കത്തിൽ പുഞ്ചിരിക്കുകയാണ്. " ഉറങ്ങണ കൊച്ചിനോട് വേഷങ്കേട്ട് കാണിക്കാതെ മാറി കിടന്നുറങ്ങിയെടി. നബീസു മുഖം തുടച്ചു കൊണ്ട് വന്ന നനഞ്ഞ തോർത്ത് എടുത്ത് മുബീനയെ അടിച്ചു. ആഷിത പേടിയോടെ വേഗം തന്റെ പുതപ്പ് വലിച്ചു ദേഹത്തെക്കിട്ട് കിടന്നു.. സമയം ഒമ്പത് ഇരുപത് കഴിഞ്ഞിരിക്കുന്നു നബീസു ക്ലോക്കിലേക്ക് നോക്കി കൊണ്ട് വാതിൽക്കലെ കസേരയിൽ വന്നിരുന്നു. ഒരു നനുത്ത പുഞ്ചിരി കൊണ്ട് എത്ര വേഗത്തിലാണ് അവൻ തന്റെ ഹൃദയം കവർന്നെടുത്തത്. വസന്തം വഴി മറന്ന തന്റെയും മക്കളുടെയും ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതൊരു ദിവസം ഇതളിട്ട ഒരു കൊച്ചു പൂമൊട്ട്. അവന്റെ സുഗന്ധം പേറി എത്രയെത്ര ശലഭങ്ങളാണ് പതിയെ തന്റെ ജീവിതത്തിൽ മനോഹാരിത തീർക്കുന്നത്. ആരുമില്ലാതായി പോകുമെന്ന് കരുതിയ ഒരായുസിനെ വിരിഞ്ഞു തുടങ്ങുന്ന പൂമൊട്ട് അർത്ഥപൂർണ്ണമാക്കുകയാണ്. അൽഹംദുലില്ലാഹ് . അവൾ കൈകൾ നെഞ്ചോട് ചേർത്ത് ദൈവത്തെ സ്മരിച്ചു. പെട്ടെന്ന് പുറത്ത് സൈക്കിളിന്റെ ബെല്ലടി കേട്ടപ്പോൾ നബീസു ചിന്തയിൽനിന്നുണർന്നു ഇരുട്ടിലേക്ക് നോക്കി. "അവനുറങ്ങിയോ "

" ഉറങ്ങി. രാജീവ്‌ സൈക്കിളിൽ നിന്നിറങ്ങി വാതിൽക്കലെ മഞ്ഞ വെളിച്ചത്തിലേക്ക് നീങ്ങി നിന്നു. നബീസു അകത്തേക്ക് പോയി അപ്പുവിനെ കോരിയെടുത്ത് പുറത്തേക് നടന്നു . "അപ്പു , ഡാ അപ്പൂസേ എഴുന്നേൽക്ക് നമുക്ക് വീട്ടിപോണ്ടേ " കോങ്ങാ രാജീവ്‌ അവനെ എഴുനേൽപ്പിക്കാൻ വയറ്റിൽ ഇക്കിളിയിട്ടു. ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു പോയിട്ടും അവൻ അപ്പോഴും ആ വിളി മാത്രം മറന്നു പോയിട്ടില്ല. അപ്രതീക്ഷിതമായ വിളികേട്ട് രാജീവൊന്ന് ഞെട്ടി നോക്കി. നബീസുന്റെ മുഖത്തൊരു വല്ലായ്മയുണ്ടായിരുന്നു. "അപ്പൂസേ ഡാ എണീക്കട... പോണ്ടേ " അവൻ നല്ല ഒറക്കത്തിലാവും സാറേ, വിളിക്കണ്ട പെട്ടെന്നൊരു തണുത്ത കാറ്റ് ആഞ്ഞു വീശി. അപ്പു ആകെ കുളിർന്നു കൊണ്ട് രാജീവിന്റെ കൈകളിലേക്ക്‌ ചുരുണ്ടു കൂടി. നബീസു വേഗം അകത്തേക്ക് ഓടി അലമാരി തുറന്ന് ഒരു പുതപ്പെടുത്തു കൊണ്ട് വന്ന് അവനെയാകെ മൂടി. "ഉറങ്ങണ കൊച്ചിനേം കൊണ്ട് ഈ തണുപ്പത്ത് സാറെങ്ങിനെ സൈക്കിളി പോവും ? ആ തണുപ്പ് അവന് വീണ്ടും വയ്യാതാക്കിയാലോ എന്നൊരു ആശങ്ക ആവളുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

നബീസു സംശയത്തോടെ അയാളെ നോക്കി. രാജീവൊന്നാലോചിച്ച ശേഷം അപ്പുവിനെ നബീസുവിന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് ഉമ്മറത്തെ കസേരയിലേക്കിരുന്നു കൊണ്ട് പുതപ്പെടുത്ത് മടിയിലേക്ക് വിടർത്തിയിട്ടു. നബീസു അവനെ അയാളുടെ മടിയിലേക്ക് അവനെ കിടത്തി, രാജീവ് പുതപ്പിന്റെ രണ്ടറ്റവും തന്റെ തോളി നു കുറുകെ തൊട്ടിലു പോലെ മുറുക്കെ കെട്ടി അവനെ താങ്ങി പതിയെ എഴുനേറ്റു. " ശ്രദ്ധിക്കണെ സാറേ അവളുടെ ഉള്ളറയിലെ ആധി അറിയാതെ പുറത്തേക്ക് വന്നു. രാജീവിന് അവരെ മനസിലാകുന്നുണ്ടായിരുന്നു. അയാൾ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സൈക്കിളിൽ കയറി. ഒരു കൈ കൊണ്ട് അവനെ താങ്ങി പിടിച്ചു ശേഷം അയാൾ മെല്ലെ മുന്നോട്ട് ചവിട്ടി. അപ്പു അയാളുടെ മാറോട് ചേർന്ന് ഒട്ടി കിടന്നുറങ്ങുകയാണ്. പിച്ച വെച്ചു തുടങ്ങിയ കാലത്തെപ്പോഴോ ആണ് അയാൾ അവനെ ഇതുപോലെ ചേർത്ത് പിടിച്ചെടുത്തിട്ടുള്ളത്. രാജീവിന്റെ ഓർമ്മയുറക്കുന്ന കാലത്തോളം അയാളുടെ അച്ഛൻ പലപ്പോഴും അയാളെ കൊഞ്ചിച്ചും ലാളിച്ചും, പുറത്ത് കയറ്റി ആനകളിച്ചും, രാത്രികളിൽ താരാട്ട് പാടിയുറക്കിയും കഴിഞ്ഞ ശേഷമാണ് കിടന്നുറങ്ങിയിരുന്നത്. പക്ഷെ അയാൾ ഒരച്ഛനായത്തിന് ശേഷം തന്റെ മകനെ സ്നേഹിക്കാനോ, ചേർത്തിരുത്തി ലാളിക്കാനോ ശ്രമിച്ചില്ല.

സ്വയം തിരക്കുകളിലേക്ക് ഇറങ്ങി പോയപ്പോൾ അച്ഛനെന്ന വാക്കിന്റെ വിലയും വികാരവും അയാൾ മറന്ന് പോയി. " മക്കളെ സ്നേഹിക്കുക, മക്കളാൽ സ്നേഹിക്കപ്പെടുക അതൊരു മഹാഭാഗ്യമാടോ. കോശിച്ചയന്റെ വാക്കുകൾ അയാളുടെ ആത്മാവിലെവിടെയോ കെട്ട് പിണഞ്ഞു കിടപ്പുണ്ടായിരുന്നു. കാർ മേഘങ്ങൾ മാനത്ത് ഉരുണ്ട് കൂടുന്നുണ്ടായിരുന്നു. പിന്നെയും തണുന്ന തെക്കൻ കാറ്റ് ആഞ്ഞു വീശി. രാജീവ് അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു സൈക്കിൾ മുന്നോട്ട് ചവിട്ടി. കാലം തുറന്നിട്ടിരിക്കുന്ന ഇടുങ്ങിയ പാതകൾ താണ്ടി അച്ഛനെന്ന പുതിയ അദ്ധ്യായത്തിന് അയാൾ വീണ്ടും തുടക്കം കുറിക്കുകയാണ്.. സൈക്കിൾ സെക്യൂരിറ്റി ക്യാബിന് പിന്നിൽ ഒതുക്കി വെച്ചു ലിഫ്റ്റിൽ കയറിയപ്പോഴാണ് രാജീവ് അവനെ പുതപ്പിച്ചിരിക്കുന്ന തുണിയെ കുറിച്ചോർത്തത്. എങ്കിലും അയാൾ അത് അഴിച്ചെടുത്തില്ല.. എട്ടാം നിലയിലേക്കിറങ്ങി അയാൾ കോളിംഗ് ബെല്ലമർത്തി.. " ഓ സർക്കീട്ടും കഴിഞ്ഞു എത്തിയോ ? ഏറെനേരം ബെല്ലടിച്ചതിന് ശേഷമാണ് ബീന വാതിൽ തുറന്നത്. ഉറക്കച്ചടവിലും അവർ അയാളിലെക്ക് അഹന്തയുടെ വാക്ക് ശരങ്ങൾ പായിക്കുകയാണ്. അയാൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. " ഓ മോനോടെന്തൊരു സ്നേഹം. കഴുത്തില് തൊട്ടില് കെട്ടിയാണ് ഇപ്പോ ഉറക്കൽ ,

ആൾക്കാരെ കാണിക്കാനുള്ള ഓരോരോ കോപ്രായങ്ങൾ. " നന്നാവില്ലാന്ന് സ്വയം തീരുമാനിച്ച നിന്നോട് എന്തേലും പറയുന്നതിലും ഭേദം റോഡിലൂടെ പോകുന്ന പട്ടിയോട് പറഞ്ഞാ ചിലപ്പോ അവര് വാലെങ്കിലും ആട്ടും. " നിങ്ങള് കുടിച്ചിണ്ടോ ? " ഉണ്ടെങ്കിൽ ഉറക്ക ചടവിലും അവർ അയാളെ നോക്കി ദഹിപ്പിക്കുകയാണ്. " ഇങ്ങനെ കണ്ടോടം നിരങ്ങി കുടിച്ചു കൂത്താടി നടക്കാൻ ആണോ അവനേം കൊണ്ട് ഇവിടുന്ന് പോയത് ? " അതേ. നിന്റെ വാക്ക് കേട്ട് ജീവിക്കുന്നത് ഞാനെന്നു നിർത്തിയോ, അതിന് ശേഷമാ ഞാൻ കുറച്ചു നല്ല മനുഷ്യരെ കാണാൻ തുടങ്ങിയത് , അവരോടൊപ്പം ഞാൻ ചിലപ്പോ ഇനീം പോകും, കുടിക്കേം ചെയ്യും, അതൊന്നും കുട്ടനാടൻ ചേറ് തിന്ന് വളർന്ന നിന്നെ പോലത്തെ എരുമയോട് പറഞ്ഞാ മനസിലാവില്ല. അയാൾ അവരെ കളിയാക്കുന്ന പോലെ നോക്കി ചിരിച്ചിട്ട് അപ്പുവിനെയും കൊണ്ട് അകത്തേക്ക് പോയി. അവർക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. " ദേ വെട്ടി പുഴുങ്ങി വെച്ചിട്ടുണ്ട് ചെന്നിരുന്നു കേറ്റഡോ, എന്തേ വേണ്ടേ " വേണ്ടാ.. ഞാൻ കഴിച്ചു " ഓഹോ.തനിക്കിങ്ങനെ നാട് തെണ്ടി നടക്കാൻ വേണ്ടിയാണോ എനിക്കിഷ്ടമില്ലാത്ത ആ പണ്ടാരം മുഴുവൻ വെച്ചുണ്ടാക്കിച്ചത്. " ങാ വെച്ചുണ്ടാക്കിയിട്ടുണ്ടേൽ അതെടുത്തു വെച്ചു നീയാദ്യം തിന്ന്,

ബാക്കിയുണ്ടേൽ അതില് കുറച്ചു ആവണക്കെണ്ണയും ചേർത്ത് നിന്റെ ആ ഫെമിനിച്ചി തള്ളകൾക്കും കൊടുക്കു. എല്ലാത്തിനും തൂറ്റല് പിടിച്ചു ചാവട്ടെ. " നാണമുണ്ടോടോ നിങ്ങൾക്ക് , വല്ല്യൊരു മാന്യൻ വന്നിരിക്കുന്നു. ബീന പിന്നെയും അയാളെ പ്രകോപിപ്പിക്കാൻ നോക്കുകയാണ്. ദേഷ്യം വന്നെങ്കിലും അയാളത് അടക്കി പിടിച്ചു.. " നിന്നെയെത്ര തല്ലിയാലും നീയൊന്നും നേരെയാക്കാൻ പോകുന്നില്ലഡി . നീയൊക്കെ ലോകം ഉണ്ടാകുന്നതിന് മുന്നേയുണ്ടായ മനുഷ്യന്റെ ശരീരോം പിശാചിന്റെ മനസുമുള്ള വേറെന്തോ ജീവികളാ. ഉടെ തമ്പുരാൻ വിചാരിച്ചാ പോലും നീന്നെയൊന്നും നന്നാക്കാൻ പറ്റില്ല.. മറ്റൊടത്തെ ഒരു പീന മാഡം നടക്കുന്നു. അയാൾ പുച്ഛത്തോടെ അപ്പുവിനെയും കൊണ്ട് മുറിയിൽ കയറി വാതിൽ വലിച്ചടച്ചു. അയാളുടെ ദേഷ്യവും മാറ്റവും ബീനയെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. അന്നാദ്യമായി അവരുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞുഴുകി. മനസ്സെന്ന വാക്കിന് കണ്ണീരെന്ന് കൂടി അർത്ഥമുണ്ടെന്ന് അവർ തിരിച്ചറിയുകയാണ്. അല്ല കാലം അവരെയത് പഠിപ്പിക്കുകയാണ്. ദിവസങ്ങൾ പലതും ഒരു പെരുമഴക്കാലത്തിലെന്ന പോലെ ഒലിച്ചു പോയിരുന്നു. സെബാസ്റ്റിൻ രാജീവ് എടുത്തു കൊടുത്ത ടിക്കറ്റിൽ കുവൈറ്റിലേക്ക് പറന്നു. കോശിച്ചയാനും അന്നാമ്മച്ചിയും നബീസുവിന്റെ തണലിലേക്ക് മെല്ലെ ചേക്കേറി തുടങ്ങി.

അരവിന്ദൻ മാസത്തിൽ വരുന്ന മകൾ പാർവതിയോടൊപ്പം നീലഗിരി കുന്നുകളുടെ താഴ് വരതണുപ്പ് തേടി ഉല്ലാസയാത്രയിലാണ്.. ന്യൂമോണിയയുടെ പിടിയിൽ നിന്ന് പൂർണ മോചിതനായ അപ്പു സ്കൂളിലേക്കും. ബാങ്കിലെ ഓഡിറ്റിംഗിന്റെ തിരക്കിലേക്ക് രാജീവും കുടിയേറിയപ്പോൾ ബീന വീട്ടിൽ തനിച്ചായി.അവരുടെ ഓഫീസിലെ ഒരാഴ്ച എന്നുള്ള അവധി പിന്നെയും മൂന്ന് ദിവസം കൂടി നീണ്ട് പോയി. തന്റെ അനുവാദമില്ലാതെ ഓഫീസിൽ പോകരുതെന്നുള്ള രാജീവിന്റെ വിലക്ക് അവരെ വല്ലാതെ ഭയപ്പെടുത്തി കളഞ്ഞിരിക്കുന്നു. അയാളുടെ വാക്ക് ധിക്കരിച്ചു വീണ്ടും ഓഫീസിൽ പോയാൽ ആശുപത്രിയിൽ വെച്ചു വനിത നേതാക്കന്മാർക്ക് ഉണ്ടായത് പോലെയുള്ള അനുഭവങ്ങൾ താൻ അടക്കി വാഴുന്ന ഓഫീസിലെ സ്റ്റാഫുകൾക്കോ, അവരുടെ മുന്നിൽ വെച്ച് തനിക്കോ നേരിടേണ്ടി വന്നാൽ അത് തന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കി കളയും. ചിന്തകൾ കാടുകയറി ബീനയെ ആകെ അസ്വസ്ഥയാക്കുകയാണ്. നിലപാടുകളിൽ രാജീവ് വരുത്തിയ മാറ്റം അവരുടെ കാഴ്ചപ്പാടിലിപ്പോൾ അയാളെയൊരു ഒരഹങ്കാരിയായ ഭർത്താവാക്കി ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ഓഫീസിൽ നിന്നുള്ള ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടിയുള്ള കോളുകൾ അല്ലാതെ പുരോഗമനാശയം പറയുന്ന നാരിജനങ്ങൾ ആരും വിളിക്കാതെയായി.

ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്നൊരുനാൾ തനിച്ചായി പോകുക, കാരഗൃഹത്തെക്കാൾ വലിയൊരു ബന്ധനമാണ് . ഒരിക്കൽ അപ്പു നീറിയെരിഞ്ഞ നിരാശയുടെ അതേ തടവറയിലാണ് ഇന്ന് ബീനയും. എന്നിട്ടും അവർ അവരുടെ ചിന്തകളും മനസും മാറ്റാൻ തയ്യാറല്ലായിരുന്നു. " എനിക്കൊരു കാര്യം പറയാറുണ്ടായിരുന്നു ? " ഉം. ? ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് വന്നു കയറിയ രാജീവിന് മുന്നിൽ അവർ മുഖവുരയോടെ നിൽക്കുകയാണ്. " അപ്പുവിന്റെ പനി മാറി അവൻ സ്കൂളിൽ പോയി തുടങ്ങി. ഇനിയും ഞാനി വീട്ടിൽ അടച്ചിരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. " അത് പിന്നെ പ്രത്യേകം പറയണ്ട കാര്യമില്ല. അഹങ്കാരോം ഭ്രാന്തും നിന്റെ കൂടെപിറപ്പല്ലോ . " ഡോണ്ട് ബി സില്ലി രാജീവ്. " അയ്യോടാ എന്റെ ഭാര്യയ്ക്ക് കരയാനൊക്കെ അറിയോ , കൊള്ളാല്ലോ. ബീനയുടെ കവിളിണകൾ ചാല് കീറുന്നത് കണ്ടപ്പോൾ രാജീവ് പരിഹാസത്തോടെ നോക്കി ചിരിച്ചു. " ആട്ടെ ഞാനിപ്പോ എന്ത് വേണം ? " എനിക്ക് ഓഫീസിൽ പോയി തുടങ്ങണം. " ഉം. പോകുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷെ ഒരു കണ്ടീഷൻ അയാൾ ഒന്നാലോചിച്ചു കൊണ്ട് വസ്ത്രം മാറുകയാണ്.

ബീന സംശയത്തോടെ അയാളെ നോക്കി.. " പഴയപോലെ പാതിരിയ്ക്ക് കയറി വരാനൊന്നും പറ്റില്ല, പിന്നെ അപ്പു സ്കൂൾ വിട്ട് വരുമ്പോ നീയിവിടെയുണ്ടാകണം അത് ഒക്കെയാണെങ്കിൽ ജോലിക്ക് വിടുന്ന കാര്യം ആലോചിക്കാം. " സമ്മതം. അപ്പു സ്കൂൾ വിട്ട് വരുന്ന സമയത്ത് അവർക്ക് ഓഫീസിൽ നിന്നിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും ബീന രാജീവിന്റെ നിബന്ധനയ്ക്ക് മുന്നിൽ സമ്മതമറിയിച്ചു. വീടിനുള്ളിലെ മടുപ്പിൽ നിന്നൊരു രക്ഷപ്പെടൽ അവരുടെ ഉള്ളിൽ അപ്പോൾ അത് മാത്രമായിരുന്നു. അഹങ്കാരത്തിന്റെ പച്ചപ്പ് വീണ്ടും തളിരിട്ട് തുടങ്ങിയത് പോലെ അവരുടെ ഉള്ളിലെ ചിരി അറിയതെ പുറത്തേക്ക് വന്നു. രാജീവ് അവരെ സൂക്ഷിച്ചു നോക്കി. " ങാ പിന്നെ അവന്റെ ട്യൂഷൻ സാറിനോട് ഇനിമുതൽ വരണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. " ങേ അതെന്തിനാ ? " എന്തായാലും നീ വൈകീട്ടിവിടെ ഉണ്ടാവും. അപ്പൊ പിന്നെ അയാൾക്ക് വെറുതെ എന്തിനാ കാശ് കൊടുക്കുന്നത്. അമ്മയെന്നൊരാൾ വാക്കില് മാത്രമല്ലെന്ന് അവനിനിയും ഒന്ന് മനസിലാക്കട്ടെ. എന്തേ. " ങേ.. ങാ.. ബീനയുടെ ഉള്ളറയിലെ ചിരിയുടെ അർത്ഥം രാജീവിന് മനസിലായതും അയാൾ അവരെ പുതിയൊരു മൂക്ക് കയറിൽ ബന്ധിച്ചിട്ടു.. ബീന അയാൾക്ക് മുന്നിൽ തീർത്തും നിസാഹയായി പോകുകയാണ്.. " ദെടി നോക്കിയേ നിന്റെ പാൽക്കാരൻ ലൈൻ വരുന്നുണ്ട് ? സ്കൂളിലെ ഡ്രിൽ പിരീഡിൽ കളിച്ചു കൊണ്ടിരുന്ന മുബീനയുടെ അടുത്തേക്ക് പാൽക്കാരൻ പീതാംബരന്റെ മകൻ ലാലു വരുന്നത് കണ്ട് കൂട്ടുകാരി ലക്ഷ്മി അവളെ തോണ്ടി വിളിച്ചു..

മുബീന അവനെ ഒന്ന് പാളി നോക്കി കൊണ്ട് കളി തുടർന്നു. " ഡി മുബീ എത്ര നാളായടി ഞാനിങ്ങനെ പുറകെ നടക്കാൻ തുടങ്ങിയിട്ട്, എന്തെങ്കിലും ഒന്ന് പറയടി ? " അയ്യടാ.. നിന്നോട് ഞാൻ പറഞ്ഞോടാ പൂത്തങ്കിരി എന്റെ പിന്നാലെ നടക്കാൻ അവൻ വീണ്ടും തന്റെ പ്രണയം അവൾക്ക് മുന്നിൽ തുറന്ന് കാണിക്കുകയാണ്. മുബീനയ്ക്ക് ദേഷ്യം വന്നു. " എനിക്കെന്താണ് ഒരു കുറവെന്ന് നീ തന്നെ പറ, ഗ്ലാമറില്ലേ, അച്ഛന് നല്ലൊരു ബിസിനസ്സ് ഇല്ലേ, " ഓ വല്ല്യൊരു ഗ്ലാമർകാരൻ വന്നേക്കുന്നു. നിന്റെ കളറും കോന്തം പല്ലും കണ്ടെച്ചാലും മതി. മുബീനയും കൂട്ടുകാരികളും ചേർന്ന് അവന്റെ ബലഹീനതയിൽ കുത്തിനോവിച്ചു ചിരിച്ചു. പെട്ടെന്നവന്റെ മുഖത്തെ ചിരി മാഞ്ഞു. " എന്റെ പല്ലും നിറവും ഇങ്ങാനായി പോയതിന് എന്റെ കുറ്റം കൊണ്ടാണോടി. ഇഷ്ട്ടാണെന്നു പറഞ്ഞില്ലേലും ഒരു ഫ്രണ്ടായിട്ടെങ്കിലും കൂടെ കൂട്ടിക്കൂടെഡി മുബീ. " നിനക്ക് വേറെ പണിയൊന്നുല്ലെടാ ലാലു. ഒരു പ്രേമക്കാരൻ നടക്കുന്നു. ദേ ഇനീം നീ ഇതും പറഞ്ഞോണ്ട് ഇവൾടെ പിന്നാലെ വന്നാ സത്യായിട്ടും ഞാൻ ടീച്ചറോട് പറയും നോക്കി.. " അതിന് നിനക്കെന്താടി വെള്ളാപ്പറ്റേ, ഞാൻ നിന്റെ പിന്നാലെയൊന്നുമലല്ലോം വന്നോ, ദേ അവൾക്കെന്തെലും പറയുന്നുണ്ടേൽ അവള് പറഞ്ഞോളും നീ കൂടുതൽ വകീല് കളിക്കാൻ നിൽക്കണ്ട. "

വെള്ള പാറ്റ നിന്റെ മാറ്റവള്. നീ പോടാ കൊന്ത്ര പല്ലാ, കാപ്പിരി കോരങ്ങാ. കൂട്ടുകാരി ലക്ഷ്മി അവനോട് ചൂടായി. ഒരു ഏഴാം ക്ലാസുകാരൻ ആണെങ്കിലും അവന്റെ ആത്മാഭിമാനത്തിന് മുറിവേറ്റപ്പോൾ അവൻ തിരിച്ചും അവളെ ചീത്ത പറഞ്ഞു. " ഡി മുബീ ഒന്നും പറഞ്ഞില്ലേലും കാണുമ്പോ ഒന്ന് ചിരിക്കെങ്കിലും ചെയ്തൂടെ. " എനിക്ക് സൗകര്യമില്ല. പ്രണയമെന്ന വികാരത്തിന്റെ നിർവചനം പോലുമാറിയാത്ത പ്രായത്തിൽ അവൻ പിന്നെയും അവൾക്ക് മുന്നിൽ തന്റെ പ്രണയത്തിന് വേണ്ടി യാചിക്കുകയെന്നത് എത്ര മനോഹരമാണ്. പെട്ടെന്ന് സ്കൂളിലെ അവസാന ബെല്ലടിച്ചു. മുബീനയും കൂട്ടുകാരും കളി നിർത്തി ക്ലാസ്സിലേക്കോടി. " നീയെന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ മാത്രേ കെട്ടു, നോക്കിക്കോടി. " ഓ കെട്ടാൻ പറ്റിയ സാധനം നോക്കിയിരുന്നോ , നീ പോടാ കാപ്പിരി കോരങ്ങാ. ലാലുവിന്റെ ശബ്ദത്തിൽ പ്രതീക്ഷയുടെ ഗംഭീര്യമുണ്ടായിരുന്നു. അവൾ പെട്ടെന്ന് ഒന്ന് തിരിഞ്ഞു നിന്ന് അവനെ ദേഷ്യത്തിൽ നോക്കി. കണ്ണുകളിൽ വലിയൊരു അഗ്നിയേരിയുന്നുണ്ടായിരുന്നു. പക്ഷേ ലാലുവിന് ആ നോട്ടം പോലും ഒരു നനുത്ത കാറ്റ് തഴുകുന്ന സുഖമായിരുന്നുവെന്നവൾക്ക് അറിയില്ലായിരുന്നു. " ഹായ് നിരഞ്ജൻ " ഹായ്. സ്കൂൾ വിട്ട് പുറത്തേക്കിറങ്ങി ബസ്സിനടുത്തേക്ക് നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ വിളികേട്ട് അപ്പു തിരിഞ്ഞു നിന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story