എന്റെ ഉമ്മാന്റെ പേര്: ഭാഗം 21

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഹായ് നിരഞ്ജൻ " ഹായ്. സ്കൂൾ വിട്ട് പുറത്തേക്കിറങ്ങി ബസ്സിനടുത്തേക്ക് നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ വിളികേട്ട് അപ്പു തിരിഞ്ഞു നിന്നു.. ചുണ്ടിൽ വിടർന്ന പുഞ്ചിരിയുമായി ജെന്നിഫർ അവന്റെയടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു. അവൻ ആളെ മനസിലാവാത്തത് പോലെ സംശയിച്ചു അവളെ തന്നെ തറപ്പിച്ചു നോക്കി.. " എന്തായിങ്ങനെ നോക്കണേ, നിരഞ്ജന് എന്നെ അറിയൂല്ലേ ? ഞാൻ ജെന്നിഫർ, അന്ന് ബിർത്ഡേ വീട്ടില് വെച്ചു നമ്മള് കണ്ടില്ലേ? ജെന്നിഫർ അവന്റെ ഓർമകളെ ഉണർത്തുകയാണ്. അവൾ പറഞ്ഞ സ്ഥലവും , സന്ദർഭങ്ങളും അവന്റെ മനസിലൂടെ ഓടി മറയുന്നുണ്ട്, പക്ഷെ അവളുടെ മുഖം അവൻ മറന്ന് പോയിരിക്കുന്നു. എങ്കിലും അവൻ അവൾക്കൊരു നിറപുഞ്ചിരി സമ്മാനിക്കാൻ മറന്നില്ല. കവിളിലെ കുഞ്ഞു നുണക്കുഴികൾ വിടരുന്നത് കണ്ടപ്പോൾ ജെന്നിഫർ അവന്റെ മുഖത്തേക്ക് തന്നെ ആർദ്രമായി നോക്കി.. " എന്നും സ്കൂൾ ബസ്സിലാ പോവാ ? " ങാ. അവൻ മുന്നോട്ട് നടന്നു. ഒപ്പം അവളും. സ്കൂൾ ബസുകൾ നിരനിരയായി കിടപ്പുണ്ട്.

ആയമാർ ഓരോ ബസിലെയും കുട്ടികളെ ശ്രദ്ധാപൂർവം അകത്തേക്ക് കയറ്റുകയാണ്. " നിരഞ്ജന്റെ വീട് എവിടെയാ ? " അവിടെ ? അവൻ ഏതോ ഒരു ദിക്കിലേക്ക് വിരൽ ചൂണ്ടിയതല്ലാതെ മറുപടി പറഞ്ഞില്ല.. ഫ്ലാറ്റിനെയും സ്കൂളിനെയും മാത്രം ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ എന്നുമുള്ള ബസ്സ് യാത്രയുടെ നഗര പ്രദക്ഷിണം ആരഭിക്കുന്നത് ഏത് ദിക്കിൽ നിന്നാണെന്ന് അപ്പുവിന് ഇതുവരെ മനസിലായിട്ടില്ലായിരുന്നു. ഒരുവേള അവൾ നബീസുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് ചോദിച്ചിരുന്നതെങ്കിൽ മുക്കും മൂലയും വളവും തിരിവുമടക്കം അവൻ എല്ലാ അതിരുകളും പറഞ്ഞു കൊടുക്കുമായിരുന്നു.. അവളെ പോലെ തന്നെ അവളുടെ വീട്ടിലേക്കുള്ള നടപാതയും അവന് മനപാഠമായിരുന്നു. " ഏതാ നിരഞ്ജന്റെ ബസ്സ് ? " അത് പതിനേഴ് എന്നക്കമിട്ട ബസിലേക്ക് പിന്നെയും അവൻ വിരൽ ചൂണ്ടി. വരി വരിയായി നിൽക്കുന്ന കുട്ടികളുടെ പിന്നാലെ അവനും ചെന്നു നിന്നു. ആയ ഓരോരുത്തരെ അകത്തേക്ക് കയറ്റുകയാണ്. " കൊച്ചു.. " ഓകെ ബൈ നിരഞ്ജൻ അമ്മ വന്നു.. പോവാണെ .. കൊച്ചു എന്ന വിളികേട്ട് അവളെ പോലെ തന്നെ അവനും ഞെട്ടി തിരിഞ്ഞു നോക്കി. ഗേറ്റിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ജെന്നിഫറിന്റെ അമ്മ ആനി അകത്തേക്ക് കയറിവരുന്നുണ്ടായിരുന്നു.

അവൾ അവനോട് യാത്ര പറഞ്ഞു അവർക്കടുത്തേക്ക് ഓടി. അവൻ അവളെ തന്നെ തിരിഞ്ഞു നോക്കി നിൽക്കുകയാണ്. ആനിയ്ക്ക് അരികിൽ ചെന്ന് ബാഗ് നീട്ടി കൊണ്ട് അവളും അവനെ തിരിഞ്ഞു നോക്കി കൊണ്ട് ഒരിക്കൽ കൂടി കൈ വീശി യാത്ര പറഞ്ഞു. ഒരു രാത്രിയുടെ പടികെട്ടിൽ തനിച്ചിരിക്കവേ അവൻ ഈ വിളിപ്പേര് കേട്ടിട്ടുണ്ടായിരുന്നു. കുശലം തിരക്കി വന്നൊരു നുറുങ്ങ് സൗഹൃദസംഭാഷണത്തിനിടയ്ക്ക് ഓടിമറഞ്ഞൊരു മുഖവും അവന്റെ ഓർമ്മയുടെ ഓരത്ത് മിന്നി തുടങ്ങിയിരിക്കുന്നു. ഇതള് പോലെ കൊഴിഞ്ഞു പോയേക്കാവുന്ന ഒരു പത്ത് വയസ്സ്കാരന്റെ ഓർമ്മയ്ക്ക് എന്ത് കാഠിന്യമാണ് ഉണ്ടാവുക.. ആയ അപ്പുവിനെ സ്കൂൾ ബസിലേക്ക് കയറ്റി. വണ്ടികൾ ഓരോന്നായി ഗേറ്റ് കടന്ന് രണ്ട് വഴി പിരിഞ്ഞു പുറത്തേക്കിറങ്ങി. " ഇതെന്ത് മീനാ നബീസു ? " മീനല്ല മാധവേട്ടാ, ബാപ്പൂട്ടി ചീനവലക്കാരുടെ കുറച്ചു നാരൻ ചെമ്മീൻ കൊണ്ട് തന്നു. വല്ല്യ സാറിന് ചെമ്മീൻ വല്ല്യ ഇഷ്ട്ടാണെന്ന് അന്നാമ്മച്ചി പറഞ്ഞിരുന്നു. മാർക്കറ്റിൽ നിന്ന് കുറച്ചു പച്ചക്കറികളും , ഒരു കവർ നിറയെ ചെമ്മീനുമായി നബീസു ഫ്ലാറ്റിലേക്ക് വരുന്നുണ്ടായിരുന്നു.. മാധവൻ വലിച്ചു കൊണ്ടിരുന്ന ബീഡികുറ്റി കളഞ്ഞു കൊണ്ട് അവൾക്കടുത്തേക്ക് വന്നു കവർ തുറന്ന് നോക്കി. " ങാഹാ. നല്ല വല്ല്യ ചെമ്മീനാണല്ലോഡി പെണ്ണേ. "

മാധവേട്ടനു വേണേൽ കുറച്ചെടുത്തോ " ഏയ് വേണ്ടാ. രാത്രി ഇതും കൊണ്ട് ചെന്നാ പിന്നെ ഞാൻ തന്നെ കിള്ളെണ്ടി വരും. ദേ നോക്കിയെടി ഒരാള് വരുന്നത് കണ്ടോ ? ഗേറ്റിന് മുന്നിൽ നിർത്തിയ സ്കൂൾ ബസ്സിൽ നിന്ന് പുറത്തേക്കിറങ്ങി വരുന്ന അപ്പുവിനെ കണ്ട് മാധവൻ നബീസുവിനെ വിളിച്ചു ചൂണ്ടി കാണിച്ചു.. " ഹോ ആ നടപ്പിന്റെ പത്രാസ് നോക്കിയേ മാധവേട്ടാ. " എന്തൊക്കെ കാണിച്ചാലും ആ തള്ളേട സ്വഭാവം മാത്രം കിട്ടാതിരുന്നാ മതിയായിരുന്നു.. വാട്ടർ ബോട്ടിൽ കയ്യിലിട്ട് കറക്കി ചുറ്റും നോക്കി കൊണ്ട് അപ്പു ഗേറ്റ് കടന്ന് വരുന്നുണ്ടായിരുന്നു. നബീസു അവന്റെ വരവ് കണ്ട് കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്. " വെറുതെ എന്റെ കൊച്ചിനെ പറ്റി ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ മനുഷ്യാ. " ങാ ഇക്കണക്കിനാണെങ്കിൽ നിന്റേം മക്കളുടെ സ്വഭാവം ആയിരിക്കും മിക്കവാറും അവന് കിട്ടാൻ പോണത്. മാധവൻ അവളെ നോക്കി കളിയാക്കി ചിരിച്ചു.. നബീസു അവനെ കൺ നിറയെ നോക്കി നിൽക്കുകയാണ്. " എന്റെ വയറ്റിൽ പിറന്നില്ലെങ്കിലും പിള്ളേർക്ക് അവനോടുള്ള സ്നേഹം കാണുമ്പോ അവനും എന്റെ മോനാണെന്നാ തോന്നാ. " അത് വെറും തോന്നാലൊന്നുമല്ല പെണ്ണേ. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് അവൻ നിന്റെ മോൻ തന്നെയാ. നീയങ്ങോട്ട് മാറി നിന്നോ ഞാനൊരൂട്ടം കാണിച്ചു തരാം..

അപ്പുവിനെ നോക്കി കൊണ്ട് നബീസു പെട്ടെന്ന് സെക്യൂരിറ്റി ക്യാബിനിന്റെ പിന്നിലേക്ക് മാറി നിന്നു. " ഹലോ എന്തൊക്കെയുണ്ട് വിശേഷം? " ആന്റി വീട്ടീ പോയോ അങ്കിളെ ? മാധവൻ ഒന്നുമറിയാത്തത് പോലെ നിൽക്കുകയാണ്. അവന്റെ നാവ് അപ്പോഴും അവളെ കുറിച്ച് മാത്രമാണ് തിരക്കുന്നത്. " ആന്റിയോ , അവള് എപ്പോഴേ പോയി. ഇനിയിങ്ങോട്ട് വരുന്നില്ലെന്നാ പറഞ്ഞത്, " അതെന്താ ? " നമ്മടെ സെബാസ്റ്റിൻ അങ്കിള് അവളെ ദുബായിക്ക് കൊണ്ട് പോകാന്ന് പറഞ്ഞിട്ടുണ്ടത്രേ, ഹാ അവളും മക്കളും നാളെ അങ്ങോട്ട് പോകാൻ പോകുവാന്നാ പറഞ്ഞത് " എന്നെ പറ്റിക്കാൻ പറയണതല്ലേ, എനിക്കറിയാല്ലോ എന്നെ കൂട്ടാതെ ആന്റി എങ്ങും പോവില്ലെന്ന്.. " അയ്യോ അല്ല.. ഞാനെന്തിനാ അപ്പൂനോട് കള്ളം പറയുന്നത്. സത്യായിട്ടും അവള് പോയി. കഷ്ട്ടായി പോയി.ല്ലേ അപ്പു.. മാധവൻ സങ്കടം അഭിനയിച്ചു. പെട്ടെന്ന് അവന്റെ മുഖത്തെ ചിരി മാഞ്ഞു അയാളെ നിരാശയോടെ നോക്കി. നബീസു ക്യാബിനിന്റെ മറവിൽ നിന്ന് അപ്പുവിനെ എത്തി നോക്കുന്നുണ്ടായിരുന്നു. അവൻ അയാളോട് മറ്റൊന്നും ചോദിക്കാതെ തിരിഞ്ഞു നടന്നു.

" അപ്പൂസേ കൂയ്യ്‌. നബീസു മെല്ലെ തലയെത്തിച്ചു അവനെ നോക്കി. പെട്ടെന്നവൻ തിരിഞ്ഞു നിന്നതും അവൾ തല പിന്നിലേക്ക് വലിച്ചു. മാധവൻ അപ്പോഴും ഒന്നുമറിയാത്തത് പോലെ മറ്റെവിടെയോ നോക്കി നിൽപ്പുണ്ടായിരുന്നു.. അവൻ അയാളെ സംശയത്തോടെ നോക്കികൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. " അപ്പൂസേ.. ഡാ കള്ളാ. കൂയ്യ്‌.. " ആന്റി. അവൾ വീണ്ടും മെല്ലെ തലയെത്തിച്ചു നോക്കി. അവളുടെ ശബ്ദം തിരിച്ചറിഞ്ഞതും അവന്റെ മുഖത്ത് വീണ്ടും പഴയ ചിരി വിടർന്നു.. അവൻ പതിയെ ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടി. അവൻ വരുന്നത് കണ്ടപ്പോൾ അവൾ പിന്നിലോട്ടു മാറി മറ്റൊരു മൂലയിൽ ഒളിച്ചു. " ദേ ഞാൻ ദുബായിക്ക് പോവാ നീ വരുന്നുണ്ടോടാ കുറുമ്പാ. " ഹാ ഹാ ഹാ ആന്റിയെ പിടിക്കട്ടെ. അവൾ ക്യാബിനിന്റെ അരികിലൂടെ അവനെ നോക്കി കൊണ്ട് പതിയെ പിന്നിലോട്ടു നടന്നു അവനെ കളിപ്പിക്കുകയാണ്. അവനും ആ കളി ഹരം പിടിച്ചിരിക്കുന്നു. മെല്ലെ അവളെ തേടി ഒറ്റടി വെച്ചു പതുങ്ങി പതുങ്ങി അവനും മുന്നോട്ട് നടന്നു. ഇരുവരുടെയും ഒളിച്ചു കളി കണ്ട് മാധവൻ നോക്കി നിൽക്കുകയാണ്.

അവൻ നബീസു നിന്ന സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ അവൾ അവിടെനിന്ന് മാറി മറ്റൊരു മൂലയിൽ ഒളിച്ച ശേഷം വീണ്ടും ഒച്ചയുണ്ടാക്കി വിളിക്കും. അവനും അത് പോലെ ശബ്ദമുണ്ടാക്കി അവളെ തേടി നടക്കുന്നുണ്ട്. നബീസു അവനെ പറ്റിച്ചു സെക്യൂരിറ്റി ക്യാമ്പിനിന്റെ അകത്തേക്ക് കയറി വാതിലിന്റെ മറവിൽ മറഞ്ഞിരുന്നു അവനെ തലയെത്തിച്ചു നോക്കുകയാണ്. " ആന്റി എവിടെ ? " ആ. അപ്പു ചുറ്റിലും അവളെ തേടി നടന്ന് കാണാതെ വന്നപ്പോൾ മാധവനെ സംശയത്തോടെ നോക്കി. അയാൾ ഒന്നുമറിയാത്ത പോലെ കൈ മലർത്തി. " കൂയ്യ്‌ .. ഹാ ഹാ. പിടിക്കട്ടെ.. അവൻ ശബ്ദമുണ്ടാക്കി കൊണ്ട് ഒരു വട്ടം കൂടി ക്യാമ്പിന് ചുറ്റും അവളെ തിരഞ്ഞു നടന്നു. അവൾ അകത്ത് നിന്ന് അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. " ആന്റി ഇവിടെ ഇല്ലേ അങ്കിളെ. നബീസുവിനെ അവിടെയെങ്ങും കാണാതായതോടെ അവന്റെ മുഖം പിന്നെയും മങ്ങി. അയാൾ അപ്പോഴും മറുപടിയൊന്നും പറഞ്ഞില്ല. അവൻ വീണ്ടും ഒരു വട്ടം കൂടി ക്യാമ്പിന് ചുറ്റും നടന്ന ശേഷം പോകുന്നത് പോലെ കാണിച്ചു കൊണ്ട് ക്യാബിനിന്റെ അരികിൽ ഒളിച്ചു നിന്നു. " എങ്ങോട്ട് പോയി ? " ഹാ. ഹാ. ആന്റിയെ പിടിച്ചേ, ആന്റിയെ പിടിച്ചേ.

അവൻ പോയോ എന്നു നോക്കി നബീസു മാധവനോട് ആംഗ്യം കാണിച്ചു ചോദിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയതും അപ്പു അവളെ വട്ടം കയറി പിടിച്ചു.. " നീയിവിടെ ഒളിച്ചു നിക്കായിരുന്നല്ലേഡാ കള്ള തെമ്മാടി. " ഈ അങ്കിളാ കള്ളൻ, ആന്റി ദുബായിക്ക് പോയീന്ന് എന്നോട് കള്ളം പറഞ്ഞു. " ആണോ, ഈ കിളവൻ എന്റെ അപ്പൂനെ പറ്റിച്ചേ.. നമുക്കെ ഈ അങ്കിളിനെ വെട്ടത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താം. പോരെ. " വേണ്ടാ നമുക്ക് അപ്പാപ്പന്റെ കൈയിലെ തോക്ക് കൊണ്ട് വെടി വെക്കാം. അപ്പു വാട്ടർ ബോട്ടിൽ തോക്ക് പോലെ പിടിച്ചു മാധവനെ വെടി വെക്കുന്നത് പോലെ കാണിച്ചു. അയാൾ രണ്ട്കൈയും നെഞ്ചത്ത് ചേർത്ത് വെച്ചു അവനെ നോക്കി.. നബീസുവിന് ചിരി വരുന്നുണ്ടായിരുന്നു. " എന്റമ്മേ ഈ കുരുപ്പ് ആള് മോശമല്ലല്ലോ.. " ങാ നോക്കി കണ്ടുമൊക്കെ നടന്നോ മാധവേട്ടാ അല്ലെങ്കിൽ ഞങ്ങള് വെടി വെക്കും. അല്ലെ അപ്പൂസേ " ങാ.. " ങാ ചിരിച്ചോ ചിരിച്ചോ, തലയ്ക്ക് വെളിവില്ലാത്ത നിന്റെ തള്ള പിശാച് ഓടിക്കുമ്പോ ഞാനെ കാണൂ.. അപ്പു അയാളെ നോക്കി ഉറക്കെ ചിരിച്ചു..

" ഇതെന്താ ആന്റി ? " ഇതോ ഇതാണ് ചെമ്മീൻ, " ചെമ്മീൻന്ന് പറഞ്ഞാൽ " ചെമ്മീൻന്ന് പറഞ്ഞാൽ , ഈ കടലിലും കയാലിലും ഒക്കെ ഉണ്ടാവുന്ന ഒരു മീൻ. അപ്പു ഇത് കഴിച്ചിട്ടില്ലേ ? " മ്മ് ച്ചും.. അയ്യോ.. അപ്പു അവളുടെ കയ്യിലിരുന്ന കവർ തുറന്ന് നോക്കി കുനിഞ്ഞു നോക്കി. ജീവനുള്ള ചില ചെമ്മീനുകൾ കവറിനുള്ളിൽ കിടന്ന് പിടയ്ക്കുന്നുണ്ടായിരുന്നു. അവൻ പെട്ടെന്ന് പേടിച്ചു മുഖം മാറ്റി.. " ഇത് എനിക്കും തരോ ? " പിന്നെന്താ , ആന്റി ഇന്നിത് കൊണ്ട് ബിരിയാണി വെക്കുമ്പോ അപ്പൂസിനും തരാം. അപ്പാപ്പന്റെ വീട്ടിലേക്ക് വരോ " ങാ. " ചെല്ലട്ടെ മാധവേട്ടാ , " ബൈ കിളവാ " ഓടെട മാക്രി . അപ്പു മാധവനെ കളിയാക്കി കൊണ്ട് വായ് പൊത്തി ചിരിച്ചു. അയാൾ അവന്റെ ചന്തിയിൽ സ്നേഹത്തോടെ ഒന്നടിച്ചു.. " എന്നെയെടുക്കോ ആന്റി " പെണ്ണുകെട്ടിക്കാറായാ പൊണ്ണൻ ചെക്കാനായി. ഹമ്മെ.. കവറുകൾ ഒരു കയ്യിലേക് മാറ്റി പിടിച്ച ശേഷം നബീസു അപ്പുവിനെ പൊക്കിയെടുത്ത് ഒക്കത്തിരുത്തി ലൈഫിറ്റിനടുത്തേക്ക് നടന്നു. കയ്യിലെ കവറുകളും, അപ്പുവിന്റെ ബാഗും ,അവന്റെ ഭാരവും എല്ലാം കൂടിയായപ്പോൾ നബീസു കുഴഞ്ഞു പോകുന്നുണ്ടായിരുന്നു. അവൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചു.. "

എന്റമ്മേ. ഈ പണ്ടാരത്തിന് എഴുന്നുള്ളാൻ കണ്ട നേരം. ബീനയുടെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് കയറി വരുന്നത് കണ്ട് കാബിനിൽ ഇരുന്ന മാധവൻ ഞെട്ടിയെഴുനേറ്റു. കാർ പോർച്ചിലേക്ക് കയറ്റി നിർത്തി ബീന പുറത്തേക്കിറങ്ങി.. " ഡാ അപ്പുകുട്ടാ ഓടിക്കോടാ, എന്തോ ഓർത്തത് പോലെ മാധവൻ ക്യാബിനിൽ നിന്നിറങ്ങി അകത്തേക്കോടി. നബീസു അവനെയും എടുത്ത് തളർന്ന് ലൈഫിറ്റിന് അരികിലെ സ്റ്റെപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ബീന ഒന്ന് രണ്ട് കവറുകളും ബാഗുമെടുത്ത് കാർ ലോക്ക് ചെയ്ത് ലൈഫിറ്റിനടുത്തേക്ക് നടക്കുകയാണ്.. " ഡാ നോക്കി നിക്കാതെ ഓടിക്കോ. " എന്താ മാധവേട്ടാ, എന്താ പറ്റിയെ. " എന്റെ പൊന്നു പെണ്ണേ കഥാപറയാനൊന്നും നേരമില്ല , ജീവൻ വേണേൽ എങ്ങോട്ടേലും ഓടിക്കോ. ഇവന്റെ തള്ള പണ്ടാരം കുറ്റീം പറിച്ചു വരുന്നുണ്ട്. " അയ്യോ.. " ങേ അപ്പുവും നബീസുവും ഒന്നിച്ചു ഞെട്ടി നോക്കി. മാധവന് വെപ്രാളം കൂടുകയാണ്. " എങ്ങോട്ടാന്ന് വെച്ചാ ഇവനേം കൊണ്ട് പോടി , ദേ ആ പിശാചിങ്ങോട്ട് എത്തി.. " വാ ആന്റി. അപ്പു പേടിയോടെ അവളുടെ കൈ പിടിച്ചു വലിച്ചു ഏറ്റവും താഴെയുള്ള സ്റ്റയറിന് അടിയിലേക്ക് ഒളിച്ചു.

" അപ്പു മുകളിലേക്ക് പോയോ? " ങാ എത്രെയും വേഗം മേലോട്ടെടുക്കാനാ എന്നും ഞാൻ പ്രാർത്ഥിക്കുന്നത്. ബീന ധാർഷ്ട്യത്തോടെ അയാളെ നോക്കി. മാധവൻ പിറുപിറുത്തു കൊണ്ട് നടന്നു. " എന്താ ,എന്താ പറഞ്ഞത് " ഞാനൊരു ശ്രീകൃഷ്ണ സ്തുതി പാടിയതാണെ, ന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ. അമ്പാടി കണ്ണാ ഓടിവാ കണ്ണാരം പൊത്താൻ ഓടിവാ.. ബീന ലിഫ്റ്റിന് മുന്നിലേക്ക് നടന്ന് വന്നതും മാധവൻ ഒരു ശ്രീകൃഷ്ണ ഭക്തി ഗാനം പാടി കൊണ്ട് രണ്ട് കൈയും കൂപ്പിയടിച്ചു ഒന്നുമറിയാത്തത് പോലെ പുറത്തേക്ക് നടന്നു. അവർ ഇഷ്ടപ്പെടാത്തത് പോലെ അയാളെ തറപ്പിച്ചു നോക്കുണ്ടായിരുന്നു. അപ്പു സ്റ്റെപ്പിന് താഴെ നിന്ന് ബീനയെ എത്തി നോക്കുകയാണ്. ലിഫ്റ്റ് താഴേയ്ക്കിറക്കി തുറന്നു.അവരതിൽ കയറി മുകളിലേക്ക് പോയി. " ങാ ഇനി രണ്ട് പേരും ഇറങ്ങി പോരെ, ആ കുരിശ് മേലോട്ട് പോയിട്ടുണ്ട്.. ബീന ലിഫ്റ്റിൽ കയറി പോകുന്നത് മാധവൻ മതിലിന്റെ മറവിൽ നിന്ന് എത്തി നോക്കി കൊണ്ട് വീണ്ടും അങ്ങോട്ട് വന്നു. " ഹോ ന്റെ കൊച്ചിനോടൊന്ന് സ്നേഹത്തോടെ മിണ്ടാനും പറയാനും എന്തൊക്കെ കാട്ടി കൂട്ടണം എന്റെ അപ്പുകുട്ടാ. "

ങാ ബാക്കിയിനി പിന്നെ സ്നേഹിക്കാം, ഇവനെ കണ്ടില്ലെങ്കിൽ ആ ജന്തു പിന്നേം താഴേയ്ക്ക് വരും. ലിഫ്റ്റ് മുകളിൽ നിന്ന് താഴേയ്ക്ക് വന്നു നിന്നു.നബീസു അവനെയും കൊണ്ട് അകത്തേക്ക് കയറി. " പോയി കുളിച്ചിട്ട് വേഗം വാ, ആന്റി വേറൊറൂട്ടം കൂടി ഉണ്ടാക്കുന്നുണ്ട്. വരോ ? " ങാ.. നബീസു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് ലിഫ്റ്റിറങ്ങി. അവൻ അവൾക്ക് നേരെ കൈ വീശി. " സ്കൂൾ ബസ്സ് പോയിട്ട് നേരം കുറെയായല്ലോടാ.ഇതുവരെ നീയെവിടെയായിരുന്നു. " അത്, ഞാൻ,. മീനെ കാണാൻ പോയി. " ഉം. ലിഫ്റ്റിറങ്ങി ചെന്നതും വാതിൽക്കൽ ബീന ദേഷ്യത്തിൽ നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് നബീസുവിന്റെ കൈയിലെ കവർ ഓർമ വന്നപ്പോൾ അവൻ അവരോടൊരു നുണ പറഞ്ഞു. അവർ അവനെ ആകെയൊന്ന് നോക്കി മൂളി കൊണ്ട് അകത്തേക്ക് പോയി. സ്നേഹമാണെന്നു പറയുക എന്നതിൽപരം വലിയ കാപട്യമല്ല, സ്നേഹിക്കപ്പെടുന്ന ഒരാൾക്ക് വേണ്ടി പറയുന്ന നുറുങ്ങ് കള്ളം. അപ്പു ധൃതിയിൽ മുറിയിലേക്കോടി ബാഗും മറ്റും വലിച്ചെറിഞ്ഞിട്ടു കൊണ്ട് കുളിക്കാൻ കയറി. ബീന അടുക്കളയിൽ അവന് വേണ്ടി ന്യൂഡിൽസ് ഉണ്ടാക്കുകയാണ്. എളുപ്പത്തിൽ കുളി കഴിഞ്ഞു അവൻ ഡ്രസ് മാറി പുറത്തേക്ക് വന്നു. ബീന അടുക്കളയിൽ കാര്യമായ പണിയിലാണ്. "

അവിടെ നിക്കെടാ അപ്പു ശബ്ദമുണ്ടാക്കാതെ പതുങ്ങി പതുങ്ങി വാതിൽ തുറന്നതും ബീനയുടെ അലർച്ച കേട്ട് ഞെട്ടി വിറച്ചു. " ഉം.. എങ്ങോട്ടാ.. " താ.. ഴെ ക . ളി.. " ദേ ഇതും കഴിച്ചു ഇവിടിരുന്നു പഠിച്ചോളണം. കളിക്കാൻ നടക്കുന്നു. ബീന നൂഡിൽസ് ഒരു ബൗളിലാക്കി മേശപ്പുറത്ത് കൊണ്ട് വന്നു വെച്ചു.. നബീസു ഉണ്ടാക്കാൻ പോകുന്ന പുതിയ രുചിക്കൂട്ടുകളെ കുറിച്ചോർത്തപ്പോൾ അവന് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു. ബീനയോട് ദേഷ്യവും. " നിന്നോട് ഇവിടെ വന്നിരിക്കാൻ പറഞ്ഞത് കേട്ടില്ലേടാ. അപ്പു പേടിയോടെ മേശയ്ക്കു മുന്നിൽ വന്നിരുന്നു. അവർ ന്യൂഡിൽസ് കൊണ്ട് വന്ന് അവന്റെ അരികിലേക്ക് നീക്കി വെച്ചു. " ഉം.. ഇന്നാ വേഗം കഴിക്ക്.. " എനിക്കിത് വേണ്ടാ " വേണ്ടേ? അതെന്താ വേണ്ടാത്തെ ? " എനിക്ക് ഇങ്ങനെ ഇങ്ങനെ ഇണ്ടാക്കിയിട്ട് ഇങ്ങനെ കാണിക്കണത് മതി. " അതെന്താ? അപ്പു നബീസുവുണ്ടാക്കുന്ന മുട്ടപത്തിരിയുടെ രീതികൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊടുക്കുകയാണ്. ബീനയ്ക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.

" ഇങ്ങനെ ഇങ്ങനെ കാണിച്ചിട്ട് , പിന്നെ ഇങ്ങനെ റോൾ ചെയ്തിട്ട് മധുരോള്ള ഫുഡ്. " ങാ ഇപ്പോ അങ്ങിനെ അങ്ങിനെ കാണിക്കുന്നതൊന്നുമില്ല, ഇത് കഴിച്ചാ മതി. ഉം. വേഗം കഴിക്ക്.. " എനിക്ക് വേണ്ടാ. " ദേ എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം ഇരുന്ന് കഴിക്കാൻ നോക്കപ്പു. " എനിക്ക് അതൊക്കെ ആന്റി ഇണ്ടാക്കി തരോല്ലോ. " അവന്റൊരാന്റി മിണ്ടാതിരുന്ന് കഴിക്കേടാ.. നബീസുവിന്റെ പേര് അപ്പുവിന്റെ നാവിൽ നിന്ന് അറിയാതെ പുറത്തേക്ക് ചിതറി വീണു.. ബീന ദേഷ്യം കൊണ്ട് മേശപ്പുറത്ത് ശക്തിയായി അടിച്ചു കൊണ്ട് അവന് നേരെ അലറി.. " എനിക്കിത് വേണ്ടാന്ന് പറഞ്ഞില്ലേ. അവന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് ആദ്യമായൊരു ദേഷ്യം പുറത്തേക്ക് ചാടി. ബീനയെക്കാൾ ശബ്ദത്തിൽ അലറി കൊണ്ടവൻ മുന്നിലിരുന്ന നൂഡിൽസ് ബൗളിൽ കൈ കൊണ്ട് തള്ളി. അത് മേശപ്പുറത്തു നിന്ന് തെന്നി മാറി താഴേയ്ക്ക് വീണു പൊട്ടി ചിതറി. ബീന ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുകയാണ്...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story