എന്റെ ഉമ്മാന്റെ പേര്: ഭാഗം 22

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" എനിക്കിത് വേണ്ടാന്ന് പറഞ്ഞില്ലേ. അവന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് ആദ്യമായൊരു ദേഷ്യം പുറത്തേക്ക് ചാടി. ബീനയെക്കാൾ ശബ്ദത്തിൽ അലറി കൊണ്ടവൻ മുന്നിലിരുന്ന നൂഡിൽസ് ബൗളിൽ കൈ കൊണ്ട് തള്ളി. അത് മേശപ്പുറത്തു നിന്ന് തെന്നി മാറി താഴേയ്ക്ക് വീണു പൊട്ടി ചിതറി. ബീന ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുകയാണ്. " വെച്ചുണ്ടാക്കി തരുന്നതും പോരാ , അഹങ്കാരം കാണിക്കുന്നോടാ ബീന അപ്പുവിന്റെ കൈ മുട്ടിന് മുകളിൽ വലിച്ചു അടിച്ചു. ഉറപ്പില്ലാത്ത ഇളം മാംസത്തിൽ കൈ പതിഞ്ഞതും അവന്റെ ശരീരം പൊള്ളിയടർന്നത് പോലെ തോന്നി. അപ്പുവിന്റെ ദേഷ്യം കൂടിവരികയാണ്. മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ചില്ല് പാത്രം അവൻ കൈ കൊണ്ട് വീണ്ടും തട്ടിയേറിഞ്ഞു. വലിയ ശബ്ദത്തിൽ അത് താഴെ വീണുടഞ്ഞു. " ഇനി ചെയ്യോ , ചെയ്യോന്ന്. ദേഷ്യം തലയിലേക്ക് ഇരച്ചു കയറി ബീനയുടെ സമനില തെറ്റി പോകുന്നുണ്ട്. അവർ നിഷ്കരുണം അപ്പുവിന്റെ ഇരുകൈകളും വീശിയടിക്കുകയാണ്. ദായനീതയിലേക്ക് വീണു പോയ അവന്റെ കരച്ചിൽ വീടിനകത്ത് മുഴങ്ങി തുടങ്ങി..

" ഓകെ ഞാൻ വിളിക്കാം.. എന്ത് തോന്ന്യയാസമാടി നീയി കാണിക്കുന്നെ. " ദേ പുന്നാര മോൻ ചെയ്ത് വെച്ചേക്കുന്നത് കണ്ടില്ലേ ? ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറിയ രാജീവ് പെട്ടെന്ന് കോൾ കട്ട് ചെയ്ത് അപ്പുവിനടുത്തേക്ക് ഓടി. അപ്പു ഏങ്ങി കരയുകയാണ്.. " ഇത് പൊട്ടിച്ചതിനാണോടി കൊച്ചിനെ നീയിങ്ങനെ തല്ലിയത് ? " പിന്നെ ഇതൊക്കെ കണ്ടിട്ട് ഞാൻ നോക്കി നിക്കണോ ? അതെങ്ങിനാ തന്തടെ ദേഷ്യം കണ്ടല്ലേ മോനും പഠിക്കുന്നത്.. " നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് നിന്റെ ഫ്രസ്ട്രേഷൻ കൊച്ചിന്റെ മേലേക്ക് തീർക്കരുതെന്ന് അപ്പുവിന്റെ സങ്കടം കണ്ട് രാജീവിന് ബീനയോടുള്ള ദേഷ്യം ഇരച്ചു കയറിയതും അയാൾ കൈ നീട്ടി അവരുടെ മുഖമടച്ചു ആഞ്ഞടിച്ചു. ചെവി പൊത്തിയുള്ള അടിയിൽ ബീന ഒന്നുലഞ്ഞു കൊണ്ട് പിന്നോട്ട് തെന്നി.. " ഒന്നൂല്ലടാ. അച്ഛനില്ലേ.. അപ്പു ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ട് രാജീവിനെ കെട്ടി പിടിച്ചു.. അവന്റെ ഉയർന്നു വന്ന നിശ്വാസം വിതുമ്പലിൽ മുറിഞ്ഞു പോകുകയാണ്.. അയാൾ അവനെ ചേർത്ത് പിടിച്ചു മുടിയിലും ദേഹത്തും തലോടി ആശ്വസിപ്പിക്കുന്നുണ്ട്. "

പിള്ളേരാകുമ്പോ കുറച്ച് വാശീം ദേഷ്യക്കെ കാണിച്ചെന്നിരിക്കും. ഇതുപോലെക്കെ തന്നെയാടി പുല്ലേ നീയും വളർന്നത്, അല്ലാതെ ഒറ്റ ദിവസം കൊണ്ട് മൂടും മുലേം വെച്ചു നൂലിൽ കെട്ടിയിറക്കിയതോന്നുമല്ല നിന്നെ. അതെങ്ങിനാ മനസ്സ് നിറച്ചു ദുഷിപ്പും കൊണ്ട് നടക്കുന്ന നിനക്കത് മനസിലാക്കാനുള്ള കമോൻസെൻസില്ലല്ലോ. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ഇവിടെ എന്റെയും എന്റെ മോന്റെയും ഇഷ്ട്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം നിന്നാ മതി, അല്ലെങ്കിൽ ഇപ്പൊ തന്നെ ഇവിടുന്നിറങ്ങിക്കോണം, അമ്മയെന്നും പറഞ്ഞു നടക്കുന്നു ശവം. രാജീവ് ഉടുമുണ്ടിനറ്റം കൊണ്ട് അവന്റെ കണ്ണും മുഖവും തുടച്ചു. രണ്ട് കൈകളും വിരൽപാടുകളെറ്റ് ചുവന്ന് തിണർത്ത് കിടപ്പുണ്ടായിരുന്നു.. ബീന മുഖം പൊത്തി തലകുനിച്ചിരിക്കുകയാണ്. " അമ്മേ ഹാ.. " ങാ വിളിക്കടി. അങ്ങിനെ അമ്മെന്ന് വിളിച്ചു വിളിച്ചു ആ വാക്കിന്റെ അർത്ഥം ആദ്യം പഠിക്ക്. ഇനി മേലാൽ കൊച്ചിന്റെ നേരെ നിന്റെ കൈ പൊങ്ങീന്ന് ഞാനറിഞ്ഞാൽ നിന്നെ രണ്ടായി ചവിട്ടി കീറി ഞാൻ അടുപ്പില് വെക്കും.

ചെവിയും തലയും കുത്തി വലിച്ചു വേദനിക്കുന്നത് പോലെ ബീന ഞരങ്ങുന്നുണ്ടായിരുന്നു. അയാൾ അപ്പുവിനെ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു. " ഓ എന്നെയിങ്ങനെ അടിച്ചും തൊഴിച്ചും പേടിപ്പിച്ചു നിർത്താന്നാവും വിചാരം. " അങ്ങിനൊരു വിചാരവുമില്ലഡി.. ......മോളെ. തല്ലിയാൽ നീ നന്നാവില്ലെന്നു എന്നെയെനിക്ക് മനസിലായതാ, കയ്യിലിരുപ്പ് ഇതാണെങ്കിൽ മിക്കവാറും നിന്നെ കൊല്ലേണ്ടി വരും. അപ്പുവിന്റെ ഭയന്നുപോയ മുഖം കണ്ടപ്പോൾ പുറത്തേക്ക് വന്ന തെറി അയാൾ കടിച്ചിറക്കി.. " ങാ. പുതിയ ബന്ധങ്ങളും ആൾക്കാരേക്കെ കിട്ടിയപ്പോ അച്ഛനും മോനും ഞാനിപ്പോ അധികപറ്റായി. " ഭർത്താവിന്റെ കൂടെ കിടന്നത് കൊണ്ടോ, ഒരു കൊച്ചിനെ പ്രസവിച്ചത് കൊണ്ടോ ഒന്നും ഒരു പെണ്ണും ഭാര്യയും അമ്മയുമൊന്നുവില്ലെടി. ഈ പറഞ്ഞതിനിടയ്ക്ക് കുറെ കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ട്. അതെന്താണെന്ന് ഇനിയെങ്കിലും മനസിലാക്കടി മറുതെ. ദേ അതികം കിടന്ന് നേഗിളിച്ചാൽ നിന്നേം കൊന്ന് ഞാൻ വല്ല ജയിലിലും പോയി കിടക്കും, എന്റെ കൊച്ചിനെ നോക്കാൻ അവന്റെ മനസറിയുന്നവര് വേറെയുണ്ടടി പിശാച്ചെ. രാജീവ് അവരെ തറപ്പിച്ചു നോക്കി കൊണ്ട് അപ്പുവുമായി പുറത്തേക്ക് പോയി. ബീനയുടെ ആത്മാവ് മരവിച്ചു പോവുകയാണ്..

നോവുകൾ കലങ്ങി കൺ കോണുകളെ നനയിക്കുന്നുണ്ട്. അവർക്ക് വേദനിച്ചപ്പോൾ മനസ്സ് ആദ്യം തിരഞ്ഞത് അമ്മയെന്ന വാക്കാണ്. ആലങ്കാരികമായി പറഞ്ഞാൽ അവരും ഒരമ്മയാണ്, പക്ഷെ പലപ്പോഴും അവരത് മറന്ന് പോകുകയാണ്.. പേറ്റ്നോവറിഞ്ഞ അമ്മയുടെ സാമിപ്യത്തെക്കാൾ, പോറ്റമ്മയുടെ നിഴല് നൽകുന്ന കരുതലുള്ള മുഖമാണ് അവന്റെ മനസ്സ് നിറയെ.. " മോനെന്തിനാ മമ്മിയെ ദേഷ്യം പിടിപ്പിക്കാൻ പോയത് ? " എനിക്ക് ന്യൂഡിൽസ് ഇഷ്ട്ടല്ല.. അവനെയുമെടുത്ത് അയാൾ കൊറിഡോറിലൂടെ നടക്കുകയാണ്. " പിന്നെന്താ അപ്പൂന് വേണ്ടത്, അച്ഛൻ വാങ്ങി തരാല്ലോ. " എനിക്ക് ആന്റി ഇണ്ടാക്കണത് മതി. " അപ്പോ മമ്മിയുണ്ടാക്കണത് അപ്പൂന് വേണ്ടേ. " വേണ്ടാ.. "അതെന്താ ? " എനിക്ക് മമ്മിയെ ഇഷ്ട്ടല്ല.. " അയ്യോ അങ്ങിനൊന്നും പറഞ്ഞൂടാ, നമ്മടെ മമ്മി പാവല്ലേ " അല്ല. എനിക്ക് മമ്മിയെ വേണ്ടാ, ആന്റീടെ അടുത്ത് പോയാ മതി. വെറുപ്പ് എന്ന വികാരത്തിന്റെ തീവ്രതയറിയാത്ത ഒരു പത്ത് വയസ്സ്കാരന്റെ വാക്കുകൾ അയാളെ വല്ലാതെ വേദനിപ്പിക്കുകയാണ്. ബന്ധങ്ങളുടെ ആഴവും പരപ്പും അവൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്നേഹിക്കപ്പെടാൻ മാത്രം ഒരു നന്മയും അമ്മയെ കുറിച്ചു അവന്റെ കുഞ്ഞോർമ്മയുടെ താളുകളിൽ എഴുതപ്പെട്ടിട്ടില്ല.

പക്ഷെ വെറുക്കപ്പെടാൻ കാരണങ്ങളേറെയും. ഹൃദയത്തിന്റെ നാല് കോണുകളിൽ ആരെല്ലാമുണ്ടാകുമെന്നു തിരഞ്ഞു പോയാൽ അമ്മയെന്ന് വാക്കിനുടമയൊഴികെ പലരെയും അവിടെ കണ്ടേക്കാം. ഭംഗിയേറെയുണ്ടായിട്ടും സുഗന്ധം പരത്താതെ, ആ ഗന്ധം അനുഭവിക്കാതെ ഏത് പൂവിനെയാണ് ഒരാൾക്ക് സ്നേഹിക്കാനാവുക.. " അച്ഛനൊരു കാര്യം പറഞ്ഞാ അപ്പൂട്ടൻ കേൾക്കോ? രാജീവ് അപ്പുവിനെയും കൊണ്ട് നബീസുവിനടുത്തേക്ക് നടന്നു. അവൻ അയാളെ സംശയത്തോടെ നോക്കുകയാണ്.. " ഇതൊക്കെ കാണുമ്പോ ആന്റിയും അപ്പാപ്പനും എന്ത് പറ്റിയതാണെന്ന് ചോദിച്ചാ അപ്പൂസെന്തു പറയും. " മമ്മി അടിച്ചാണെന്നു " അയ്യോ അങ്ങിനെ പറഞ്ഞാ അപ്പാപ്പനും ആന്റിയുക്കെ മമ്മിയെ വഴക്ക് പറയില്ല. നമ്മടെ മമ്മിയല്ലേ , ഇത്തവണ നമുക്ക് ആരോടും പറയണ്ട, ഇനി അപ്പൂനെ തല്ലിയാൽ നമുക്ക് അവരോടൊക്കെ പറയാം. ദേ ഇന്നിത് പറഞ്ഞില്ലെങ്കിൽ അച്ഛൻ എന്നും വൈകീട്ട് ആന്റീടെ വീട്ടിൽ കൊണ്ടുപോകാം . സമ്മതിച്ചോ. " ങാ.. " അപ്പൊ അപ്പൂസിത് ആരോടും പറയില്ലല്ലോ. പ്രോമിസ് " പ്രോമിസ്.. അയാൾ സ്വന്തം ഭാര്യയുടെ പ്രതിച്ഛായ കളങ്കപ്പെടാതിരിക്കാൻ മകനെ സ്നേഹത്തിന്റെ അമൃതൂട്ടുന്ന പറുദീസ വാഗ്ദാനം ചെയ്തു മോഹിപ്പിക്കുകയാണ്..

രാജീവ് അവന്റെ മുടി കൈ കൊണ്ട് വകഞ്ഞൊതുക്കി, മുഖത്തെ കണ്ണീർ പാടുകൾ തുടച്ച ശേഷം കോളിംഗ് ബെല്ലിൽ അമർത്തി.. " ആഹാ. അപ്പുക്കുട്ടൻ ഇന്ന് നേരത്തെയാണല്ലോ. കയറി വാടോ രാജീവേ. എടി പെണ്ണേ ദേ നിന്റെ പുത്രൻ വന്നിട്ടുണ്ട്. ഇംഗ്ലീഷ് ചാനലിലെ കൊറിയൻ തല്ല് പടത്തിന്റെ ശബ്ദം കുറച്ചു കൊണ്ട് കോശിച്ചയാൻ വാതിൽ തുറന്നു. അപ്പു രാജീവിന്റെ കൈയിൽ നിന്നിറങ്ങി അകത്തേക്കോടി. " ആഹാ അപ്പൂസിത്ര വേഗം വന്നോ? ശബ്ദം കേട്ട് നബീസു ഹാളിലേക്ക് വന്നു. പിന്നാലെ അന്നാമ്മച്ചിയും. " എനിക്ക് ബിരിയാണി വേണം. " അയ്യോ ആന്റിയത് ഉണ്ടാക്കാൻ പോന്നതെയുള്ളൂ.. ഇപ്പോ അപ്പൂട്ട്ന് ആന്റി വേറൊരൂട്ടം തരാം.. അവൾ അവനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു. " പിന്നെ എന്നായുണ്ടാഡോ വിശേഷം. തന്റെ ഓഡിറ്റിംഗും തിരക്കൊക്കെ കഴിഞ്ഞോ. " ഇല്ല.. ഈയാഴ്ച്ച കൂടിയുണ്ട്. കോശിച്ചയാൻ ടിവിയുടെ ശബ്‌ദം അൽപ്പമുയർത്തി. യാന്ത്രീകമായി അയാൾക്ക് മറുപടി കൊടുക്കുമ്പോഴും രാജീവിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.

അപ്പുവിന്റെ നാവിൽ നിന്ന് ഭാര്യയെ കുറിച്ച് വെറുപ്പ് നിറഞ്ഞൊരു വാക്ക് വീണു പോകുന്നുണ്ടോ ? ശരീരം ടീവിക്ക് മുന്നിൽ പണയം വെച്ച് അയാൾ മനസ്സും കാതും അടുക്കളയുടെ ഇടനാഴിയിലേക്ക് പറഞ്ഞയച്ചു.. " ഇതെന്താ ആന്റി ? " ഇതാണ് ഉണ്ണിയപ്പം. അടുപ്പിന് മുകളിലെ ഇന്റാലിയത്തിന്റെ അപ്പച്ചട്ടിയുടെ ചെറിയ കുഴികളിൽ ഉണ്ണിയപ്പം മൊരിഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു.. നബീസുവിനോടൊപ്പമുള്ള ഓരോ ചെറിയ കാഴ്ചകൾ പോലും അവന്റെ കണ്ണുകൾക്ക് പുതുമയും കൗതുകവുമേകുകയാണ്.. അന്നാമ്മച്ചി വേവായത് നേർത്ത കമ്പി കൊണ്ട് കുത്തിയെടുത്തു ചെറിയ അരിപ്പ പാത്രത്തിലേക്ക് ഇടുന്നുണ്ട്. അതിൽ നിന്ന് ചൂടാറിയ ഒരെണ്ണം എടുത്ത് നബീസു അപ്പുവിന് നീട്ടി. " ഊഫ്.. " അച്ചോടാ പൊള്ളിയോ ? അവൻ അതിലൊന്ന് കടിച്ചു. ഉള്ളിലെ ചൂട് പല്ലിലും ചുണ്ടിലും തട്ടിയപ്പോൾ അവൻ പെട്ടെന്ന് ഊതികൊണ്ട് കൈ പുറത്തേക്ക് വലിച്ചു. നബീസു അത് വാങ്ങി രണ്ടായി പൊളിച്ച ശേഷം കയ്യിലിട്ട് ഊതി ചൂടാറ്റി അവന്റെ വായിൽ വെച്ചു കൊടുത്തു.. എണ്ണയുടെ നൂറപ്പും , ശർക്കരയിൽ പൊതിഞ്ഞ ചെറിയ തേങ്ങാ ക്ഷണങ്ങളും അവന്റെ നാവിൽ കൊതി കൂട്ടുന്നുണ്ട്. " എപ്പോഴാ ബിരിയാണി ഇണ്ടാക്കണെ ? " ഇതൂടെ കഴിഞ്ഞിട്ട് നമ്മള് ബിരിയാണി വെക്കും.

അന്നാമ്മച്ചി കുറുകിയിരുന്ന ഉണ്ണിയപ്പ കൂട്ടെടുത്ത് പിന്നെയും കുഴികളിലേക്ക് ഒഴിക്കുകയാണ്. " ഹാ.. നബീസു അപ്പുവിന്റെ രണ്ട് കൈയിലും പിടിച്ചു കിച്ചൻ സ്ലാബിലേക്ക് പൊക്കിയിരുത്തി. അടി കൊണ്ട തിണർപ്പിൽ അവളുടെ കൈ മുറുകിയപ്പോൾ അവന് വല്ലാതെ വേദനിച്ചു.. " ഇതെന്താ അപ്പൂ ഈ കയ്യിലൊക്കെ, ആരേലും മോനെ അടിച്ചോ? നബീസു ബനിയന്റെ കൈകൾ മുകളിലേക്ക് ഉയർത്തി നോക്കി. ഇരു കൈകളിലും ചുവന്നു തടിച്ച വിരൽപാടുകൾ കിടപ്പുണ്ട്.. നബീസുവിന്റെ ചോദ്യം കേട്ടതും രാജീവിന്റെ ഉള്ളിൽ പെട്ടെന്നൊരു വിറയൽ അനുഭവപ്പെട്ടു. അയാൾ വീണ്ടും അടുക്കളയിലേക്ക് കാത് കൂർപ്പിക്കുകയാണ്. " ആരാ മോനെ തല്ലിയത്? " നേരണല്ലോ ഇതെന്താ പറ്റിയെ? അവൾ ഒരേ ചോദ്യം പിന്നെയും ഉയരുകയാണ്. അന്നാമ്മച്ചിയും അപ്പുവിന്റെ കൈകൾ പിടിച്ചു നോക്കി.. അപ്പു ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. പക്ഷെ അവന്റെ കണ്ണുകളിൽ ഒരു നനവ് പൊടിയുന്നുണ്ടായിരുന്നു.. നബീസുവിന് എന്തെന്നില്ലാത്ത ദേഷ്യം വരുന്നത് പോലെ തോന്നി.. "

അകത്തെ മുറിയിൽ ഒരു കുഴമ്പ് ഇരിപ്പുണ്ട് മോളെ, നീയതെടുത്ത് അവന്റെ കയ്യിലൊന്ന് പുരട്ടി കൊടുക്ക് ആ തടിപ്പൊക്കെ കുറഞ്ഞോളും. നബീസു അവന്റെ രണ്ട് കൈകളിലും ഒരിക്കൽ കൂടി ഒന്ന് നോക്കിയ ശേഷം മെല്ലെ അവനെ തലോടി കൊണ്ട് അപ്പുറത്തേക്ക് നടന്നു. അവൾ വരുന്നത് കണ്ടപ്പോൾ രാജീവ് അടുക്കളയിലേക്കുള്ള നോട്ടം ടീവിയിലേക്ക് തിരിച്ചു. " ഇതെന്നത്തിനാ പെണ്ണേ കുഴമ്പ്. " എന്താന്നറിയില്ല അപ്പൂന്റെ കൈയിൽ വല്ലാത്ത തടിപ്പ് , അതില് പുരട്ടാനാ. " തടിപ്പോ, അതെന്നാ പറ്റി, എന്തേലും കുത്തിയതോ കടിച്ചതോ ആണൊന്ന് ആദ്യം നോക്ക് , എന്നിട്ട് ഇട്ടാ മതി. " ങാ. " അതെന്നാടോ രാജീവേ കൊച്ചിന്റെ കയ്യേല് എന്തോ പാടെന്ന് പറയുന്നേ , താൻ കണ്ടില്ലായിരുന്നോ? " പാടോ, ഏ.. യ് .. ഞാ . ഞാ..നൊന്നും കണ്ടില്ലല്ലോ. കോശിച്ചയാൻ സംശയത്തോടെ രാജീവിനെ നോക്കി. വെപ്രാളത്തിൽ അയാളുടെ വാക്കുകൾ മുറിഞ്ഞു പോകുകയാണ്.. അടുക്കളയിലേക്ക് നടന്ന നബീസു പെട്ടെന്ന് തിരിഞ്ഞു നിന്നു അയാളെ രൂക്ഷമായി നോക്കി. അവളുടെ കണ്ണിൽ കത്തിയെരിയുന്ന അമർഷം കണ്ടപ്പോൾ രാജീവ് മുഖം വെട്ടിച്ചു മാറ്റി..

" ഞാനൊരു കോൾ ചെയ്തിട്ട് വരാം അച്ചായാ. രാജീവ് പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത ശേഷം നബീസുവിനെ ഒന്ന് പാളി നോക്കി കൊണ്ട് പുറത്തേക്ക് നടന്നു.. " സാറൊന്ന് നിന്നെ ? പുറത്തേക്ക് നടന്ന അയാൾക്ക് പിന്നാലെ നബീസുവുമിറങ്ങി.. പെട്ടെന്നയാൾ തിരിഞ്ഞു നിന്നു. " എനിക്ക് പറയാനുള്ള അർഹതയില്ലെന്നറിയാം. പക്ഷെ ഇങ്ങനൊക്കെ കാണുമ്പോ പറയാതിരിക്കാൻ തോന്നണില്ല സാറേ.. എന്ത് തെറ്റിന്റെ പേരിലായാലും ഒന്നുമറിയാത്ത ആ കൊച്ചിനെ ഇങ്ങനെ തല്ലരതായിരുന്നു. ഞാൻ പെറ്റതല്ലെങ്കിലും അവന്റെ കൈ കണ്ടപ്പോ എന്റെ മനസ്സ് നൊന്തു. പക്ഷെ നിങ്ങൾക്ക് അതില്ലെന്ന് നിങ്ങടെ സംസാരം കേട്ടപ്പോ മനസിലായി. " അല്ലാ അത് പിന്നെ ഞാൻ.. അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അയാൾ പതറി പോകുകയാണ്.. " സാറ് പറയാൻ പോകുന്ന ന്യായം എന്ത് തന്നെയായാലും അത് മനസിലാക്കാനുള്ള ബുദ്ധിയൊന്നും എനിക്കില്ല. പക്ഷെ മകളെന്ന് പറഞ്ഞാ നമ്മുടെ ദേഷ്യം തീർക്കാനുള്ള ഒരു ഉപകരണമാണ് മാത്രം വിചാരിക്കരുത് സാറേ.. എല്ലാം കാണുന്നൊരീശ്വരൻ മുകളിലുണ്ട്, അതോർത്താൽ മതി..

പറഞ്ഞത് തെറ്റായെങ്കിൽ ക്ഷമിക്കണം. അയാൾക്ക് നേരെ കൈ കൂപ്പികൊണ്ട് നബീസു അകത്തേക്ക് നടന്നു. ഒരു കുറ്റവാളിയെ പോലെ അയാളുടെ തല താഴേയ്ക്ക് കുനിഞ്ഞു പോയി.. അച്ഛനെന്നത് സംരക്ഷകൻ കൂടിയാണെന്ന് അവൾ അയാളെ ഓർമിപ്പിക്കുകയായിരുന്നു.. സ്നേഹത്തെപ്രതി സ്നേഹിക്കുന്നവർ നോവ് തിന്ന കാരണം ബോധിപ്പിക്കേണ്ടിവരുക എത്ര ദുസ്സഹമായ കാര്യമാണ്. " നമ്മടെ മക്കളെ നമ്മള് സ്നേഹിക്കേo മനസിലാക്കേം ചെയ്യുന്നപോലെ വേരോരാൾക്കും പറ്റില്ല.. ഈ ലോകത്ത് ആരും ആർക്കും പകരമാവില്ലാട്ടോ സാറേ നടന്ന് തുടങ്ങിയ അവൾ വീണ്ടും അയാളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുകയാണ്. സ്വന്തം രക്തത്തിൽ ജനിച്ച മകനെ സ്നേഹിക്കാനും മനസിലാക്കാനും ഒരു വേലക്കാരിയോളം പൊന്നൊരു മനസില്ലാതെ പോകുന്നതോർത്തപ്പോൾ അയാൾ വീണ്ടും അവൾക്ക് മുന്നിൽ പരാജയപ്പെട്ടു പോയിരിക്കുന്നു. ഒരു നോട്ടത്തിൽ അഗ്നിയെറിഞ്ഞവൾ അയാളെ ദഹിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി വാതിൽ അടച്ചു. എല്ലാം കേട്ട് കൊണ്ട് കട്ടിളപടിക്കരികിൽ കോശിച്ചയാൻ ചാരി നിൽപ്പുണ്ടായിരുന്നു.. " കടിച്ചു വേദനിപ്പിക്കുന്ന ഉരുമ്പ് പോലും ചില സമയത്ത് മനുഷ്യരോട് മനസാക്ഷി കാണിക്കും. അല്ലെടി മോളെ.. നാളെയവനെ ഞാൻ ശരിക്കൊന്നു കാണുന്നുണ്ട്..

തെണ്ടി. കോശിച്ചയാന്റെ ദേഷ്യവും ആളി കത്തുകയാണ്. ഒരു മൗനത്തിൽ അവൾ അയാൾക്ക് മറുപടി നൽകികൊണ്ട് അടുക്കളയിലേക്ക് പോയി. പെറ്റതല്ലെങ്കിലും ഒരു ജീവന്റെ തുടിപ്പ് അവളെയവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.. ഏത് ഉറപ്പിന്റെ പിൻബലത്തിലാണ് അപ്പുവിനെ തേടി വീണ്ടും കോശിച്ചായന്റെ മുന്നിലേക്ക് തിരികെ ചെല്ലുകയെന്ന് അയാൾക്ക് നിശ്ചയമില്ലായിരുന്നു.. ഭാര്യയോടുള്ള ദേഷ്യവും വെറുപ്പും രക്തത്തെ അവിയാക്കി പുറത്തേക്കൊഴുക്കുകയാണ്. " എനിക്ക് നല്ല പേടിയുണ്ട് ചേച്ചി. " ഹാ അങ്ങിനെ പേടിക്കാൻ തുടങ്ങിയ ജീവിക്കാൻ പറ്റോ ബീനെ. അല്ല രാജീവ് അവിടെയില്ലല്ലോ അല്ലെ ? " ഇല്ല ചേച്ചി, പുറത്തേക്ക് പോയി, അതാ ഞാൻ ധൈര്യത്തോടെ വിളിച്ചത് . രാജീവ് അപ്പുവിനെയും കൊണ്ട് പുറത്തേക്ക് പോയതും ബീന മൊബൈൽ എടുത്ത് അരുന്ധതിയെ വിളിച്ചു.. രാജീവ് ഇപ്പോഴേങ്ങും വരില്ലെന്ന ധൈര്യത്തിൽ അവർ ഫോൺ സ്‌പീക്കറിൽ വെച്ചു സംസാരിച്ചു കൊണ്ട് താഴെ വീണ് ചിതറിയ ചില്ല് കഷ്ണം പെറുക്കുകയാണ്. അയാൾ ഇല്ലെന്ന് അറിഞ്ഞതോടെ അരുന്ധതിയും സമാധാനത്തോടെ ഒരു ദീർഘനിശ്വാസമെടുത്തു. മുകളിലേക്ക് വന്നു വാതിൽ തുറക്കാൻ തുടങ്ങിയ രാജീവ് ബീനയുടെ സംസാരം കേട്ട് അവിടെ തന്നെ നിന്നു.. " രാജീവിപ്പോ പഴയ പോലെയൊന്നുമല്ല.

ആളാകെ മാറി പോയി. ചെറിയ കാര്യത്തിന് പോലും എന്നോടിപ്പോ ദേഷ്യ. മോനെയോന്ന് അടിച്ചുന്ന് പറഞ്ഞു ഇന്നും എന്നെ തല്ലി, " ഹോ. മക്കള് എന്തേലും തെറ്റ് ചെയ്താൽ അമ്മമാർ വഴക്ക് പറയും അടിക്കും, അതൊക്കെ എല്ലാ വീട്ടിലും നടക്കുന്നതാണ്, ഇത്ര നിസാര കാരണത്തിന് പോലും രാജീവ് ഇങ്ങനെ അരഗന്റായി ബീഹേവ് ചെയ്യുന്നുണ്ടേൽ അതിന് ഞാൻ ബീനയെ മാത്രേ കുറ്റം പറയു. ഇവിടെ ഞാനെന്റെ പിള്ളേരെ എത്ര തല്ലിയാലും ചീത്ത പറഞ്ഞാലും എന്റെ ഹസ് മറുത്തൊരക്ഷരം മിണ്ടില്ലല്ലോ, അതാണ് എന്റെ പവർ. ബീന പഴയ പോലെ ഇനിയും നമ്മുടെ എല്ലാ ആക്ടിവിറ്റീസിലും പങ്കെടുക്കണം, ബോൾഡാവൻ ശ്രമിക്കണം. നമുക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ നമ്മള് മാത്രേ ഉള്ളു ബീനെ. " ഞാൻ വരാം ചേച്ചി , നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങണം, കൊച്ചിനേം നോക്കി ഈ നരകത്തിലിങ്ങനെ അടച്ചിരുന്നു മടുത്തു. കാര്യങ്ങളൊക്കെ വിചാരിക്കുന്ന പോലെ ഒന്ന് ട്രാക്കിലായാൽ പഴയ പോലെ എല്ലാ പരിപാടിയിലും ഞാനുമുണ്ടാവും. " ഉണ്ടാവണം, ബീനയ്ക്ക് എന്ത് പ്രശ്നം വന്നാലും ഞങ്ങളുടെ എല്ലാ സപ്പോർട്ടുമുണ്ടാവും. " അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടടി പന്ന കഴി..........മോളെ.. ബീനയോടുള്ള ദേഷ്യവും വെറുപ്പും ഉള്ളിൽ ആളി കത്തി അയാളുടെ സമനില തെറ്റിപോയതും , രാജീവ് വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കയറി.

അയാളെ കണ്ട് കൈകുമ്പിളിലെ തുണ്ട് പേപ്പറിൽ പെറുക്കി വെച്ച ചില്ല് കഷ്ണങ്ങൾ ബീനയുടെ കൈയിൽ നിന്ന് അറിയാതെ താഴേയ്ക്ക് വീണു പോയി. അലർച്ചയിൽ വാക്കുകൾ അവ്യക്തമായി പോകുന്നത് കേട്ടപ്പോൾ അരുന്ധതി ചെവിയിൽ നിന്ന് എടുത്തു നോക്കി. " നിങ്ങക്ക് പോയി ചത്തൂടെ പിശാച് മോറി തള്ളേ. കുടുംബം കലക്കാൻ ഇറങ്ങിയെക്കുന്നു. ഈ മൈ.......... ഉള്ളത് കൊണ്ടല്ലേ നിയീവക പട്ടി തീട്ടങ്ങളെയൊക്കെ വിളിച്ചു മോങ്ങുന്നത്.. രാജീവ് ദേഷ്യത്തിൽ മേശപ്പുറത്തിരുന്ന മൊബൈൽ എടുത്ത് തറയിൽ ശക്തിയായി എറിഞ്ഞു. ഫോൺ പല പല കഷ്ണങ്ങളായി ചിതറി തെറിച്ചു.. ഒരു മൂളക്കം അരുന്ധതിയുടെ ചെവിയിലൂടെ പാഞ്ഞു കയറി തലച്ചോറിനെ പെരുപ്പിച്ചു. ഉടലും തലയും പുളിച്ചു തികട്ടിയത് പോലെ ഈർഷ്യയോടെ അവർ ചെവിയിൽ നിന്ന് ഫോൺ വെട്ടിച്ചു മാറ്റി. ബീന പേടിച്ചു വിറയ്ക്കുകയാണ്.. " നിനക്കീ വീടും കൊച്ചുമൊക്കെ നരകമാണല്ലേ, പിന്നെന്തിനാടി അവനെ പ്രസവിക്കാൻ പോയത്. ജനിച്ചപ്പോഴേയങ് കൊന്നു കളഞ്ഞൂടായിരുന്നോ ? രാജീവ് കൈ നീട്ടി ബീനയുടെ രണ്ട് കവിളുകളിലും ആഞ്ഞടിച്ചു.. ബീന നില തെറ്റി നിന്ന് കറങ്ങുകയാണ്. " നാളെ മുതൽ നിനക്ക് ഓഫീസിൽ പോണ്ടേ. നീ പോണം..

ഈ മുഖവും വെച്ച് തന്നെ നാളെ നീ ഓഫീസിപോണം.. ഇത് കണ്ട് കാരണം തിരക്കുന്നവരുടെ മുഴുവൻ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നീ നിന്ന് നാറി നാണം കെടണം. ഇന്നത്തോടെ നിന്നെ തല്ലുന്നത് ഞാൻ നിർത്തി, ദേഷ്യം പോയിട്ട് എന്റെ കഴപ്പ് തീർക്കാൻ പോലും ഇനിയീ ജന്മത്ത് ഞാൻ നിന്നെ തൊടില്ല.. അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് എനിക്ക് നിന്നോട്. എന്റെ മോനെ എങ്ങിനെ വളർത്തണമെന്ന് എനിക്കറിയാം. നീയിനി നിന്റെ ഇഷ്ടത്തിന് ജീവിച്ചോടി ശവമേ.. തൂഫ്. രാജീവ് അവരുടെ മുഖത്തേക്ക് കർപ്പിച്ചു തുപ്പി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.. അവരുടെ മനസ്സും ശരീരവും ചിതറിനുറുങ്ങിയില്ലാതായത് പോലെയായി. അടിയേക്കാൾ മൂർച്ചയുള്ള അയാളുടെ വാക്കുകൾ ആത്മാവിനെ കുത്തി വലിച്ചു വേദനിപ്പിക്കുകയാണ്. ഭൂമി പിളർന്ന് ഒന്നിലാതായി പോയെങ്കിലെന്ന് ബീന ചിന്തിച്ചു പോയി.. വെളുത്തു മർദ്ധവമുള്ള രണ്ട് കവിൾ തടങ്ങളിലും കൈ തലം ചുവന്ന തീവണ്ടി പാത തീർത്തിട്ടുണ്ട്. അഹങ്കാരം പവിത്രമായ ഭാര്യഭർതൃ ബന്ധത്തെ തച്ചുടച്ചു കളഞ്ഞിരിക്കുന്നു. പൊൻ നൂലിൽ കോർത്ത് കെട്ടിയ താലി ഇനിയവർക്ക് വെറുമൊരു അലങ്കാരം മാത്രമാണ്. നാല് ചുമരുകൾക്കുള്ളിൽ പരിചിതരായ വെറും അപരിചിതർ മാത്രമായി തീരുകയാണ് അവർ ഇനി. കണ്ണിയകന്ന് പോയ സ്നേഹത്തെ വിളക്കി ചേർക്കാൻ സ്നേഹമെന്ന മൂല പദാർത്ഥത്തിന് മാത്രമേ കഴിയൂ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story