എന്റെ ഉമ്മാന്റെ പേര്: ഭാഗം 23

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" തന്നോട് രണ്ട് പറയാൻ കണക്കാക്കി തന്നെയാ ഇങ്ങോട്ട് വന്നത്. പക്ഷെ ദേഷ്യത്തിൽ വാതിൽ വലിച്ചു തുറന്ന് പുറത്തേക്കിറങ്ങിയതും , തൊട്ട് മുന്നിൽ നിൽക്കുന്ന കോശിച്ചായനെ കണ്ട് രാജീവ് ഒന്ന് പതറി. പറഞ്ഞു തുടങ്ങിയത് പാതിയിൽ നിർത്തി കോശിച്ചയാൻ തിരിഞ്ഞു നടന്നു. " തല്ലിയാലും കൊന്നാലുമൊന്നും ഒരാളും നന്നാവില്ലെടോ രാജീവേ. എന്തും ഉപേക്ഷിച്ചു കളയാൻ വളരെ എളുപ്പമാ. സ്നേഹം കൊണ്ട് തിരുത്താൻ പറ്റാത്ത ഒരു തെറ്റിദ്ധാരണയും ജീവിതത്തിൽ ഇല്ലെടോ.. വളർന്ന് വരുന്ന ആ കൊച്ചിന് വേണ്ടിയെങ്കിലും സ്നേഹത്തോടെ ഒന്നിച്ചു പോടോ. അത് മനസിലാകുമ്പോൾ അവൾ താനെ മാറും.. നടന്ന് തുടങ്ങിയ കോശിച്ചയാൻ തിരിഞ്ഞു നിന്നു. രാജീവിന് അയാളോട് പറയാൻ വാക്കുകളില്ലായിരുന്നു.. " നമുക്കെന്തും ശരിയാക്കിയെടുക്കാൻ പറ്റും. പക്ഷെ ഈ പ്രായത്തിലുള്ള ഒരു കുഞ്ഞിന്റെ മനസ്സ് മുറിപ്പെട്ട് പോയാ ആ നീറ്റല് മാറ്റിയെടുക്കാൻ ഭയങ്കര പ്രയാസമാ. അവന് വേണ്ടി പരസ്പരം കലഹിക്കുമ്പോ ഇതൂടെ ഒന്നോർമ്മയിൽ വെച്ചോണം.. ജീവിതം ഒന്നേയുള്ളൂ. കുടുംബവും..

മാറ്റങ്ങളില്ലാത്ത ഏത് മനുഷ്യരാടോ ഉള്ളത്. കോശിച്ചയാൻ നിസ്വാർത്ഥമായ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സ്റ്റെപ്പിറങ്ങി താഴേയ്ക്ക് പോയി.. അയാളോട് മറുപടി പറയാൻ രാജീവിന് അപ്പോഴും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. " പപ്പാ ഞാനും ഇനി മുതൽ സ്കൂള് ബസ്സിൽ വന്നോട്ടെ ? " ങേ അതെന്താ കൊച്ചൂസെ ഇപ്പോ അങ്ങിനൊരു ചോദ്യം ? ഗ്ലാസ്സിലെ പാതി പാൽ കുടിച്ചു ടേബിളിൽ വെച്ചു കൊണ്ട് ജെന്നിഫർ ബോബിയുടെ അടുത്തേക്ക് വന്ന് മടിയിൽ ചാഞ്ഞിരുന്നു. ലാപ്പിന് മുന്നിൽ നിന്ന് മുഖമുയർത്തി അയാൾ അവളെ സംശയത്തോടെ നോക്കി.. " എന്റെയെല്ലാ ഫ്രണ്ട്സും ബസ്സിലാ വരണത്, " അത് മുൻപും അവര് അങ്ങിനെ തന്നെയല്ലേ വന്നിരുന്നത്. പിന്നെന്താ ഇപ്പൊ ഒരു പ്രത്യേകത. " അതല്ല പപ്പാ. എനിക്കിപ്പോ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട്, അവനും ബസ്സിലാ വരണത്, " ഓഹോ അപ്പൊ അതാണ് കാര്യം. എടിയെ നീയിത് വല്ലതും കേട്ടോ , മോൾക്ക് പുതിയ ഫ്രണ്ടിനെ കിട്ടീന്ന്. അത് കൊണ്ട് കൊച്ചിനി മുതൽ സ്കൂൾ ബസില് വന്നോളാന്ന്.. ബോബി ജെന്നിഫറിനെ നോക്കി കളിയാക്കിയ പോലെ ചിരിച്ചു കൊണ്ട് ഭാര്യയെ വിളിച്ചു..

" ആട്ടെ എന്താ പുതിയ ഫ്രണ്ടിന്റെ പേര്. " നിരഞ്ജൻ. എസ് . രാജീവ്. അപ്പുണ്ണീന്നാ വിളിക്ക്യ.. " ആര് വിളിക്കും. " അതറിയില്ല.. " അതൊക്കെ ആദ്യമേ ചോദിച്ചുവെക്കണ്ടേ എന്റെ കൊച്ചു ത്രേസ്യ കൊച്ചേ. ആട്ടെ ഫ്രണ്ട് സുന്ദരനാണോ ? " ങാ.. അവന്റെ കവിളിൽ രണ്ട് ചെറിയ ഡിംബിളുണ്ട് പപ്പാ. ചിരിക്കുമ്പോ നല്ല ഭംഗിയാ അവനെ കാണാൻ. " ആഹാ.. നീയിത് വല്ലതും കേൾക്കുന്നുണ്ടോടി, മോളിപ്പോഴേ അവൾക്കുള്ള ആളെ തപ്പി പിടിച്ചിട്ടുണ്ട്. " പിന്നെ അഞ്ചിലായ കൊച്ചാ ആളെ തപ്പി പിടിക്കാൻ പോണത്. ചുമ്മാ ഓരോ വേണ്ടാതീനം പറഞ്ഞുണ്ടാക്കാതെ മനുഷ്യാ. ആനി കുറച്ചു വെജിറ്റബിൾ സാലഡും പാത്രത്തിലാക്കി അവർക്കടുത്തേക്ക് വന്നു. " അവന്റെ ചിരി കൊള്ളാം, നുണക്കുഴി കൊള്ളാന്നൊക്കെ ദേ നിന്റെ മോള് തന്നെയാ പറഞ്ഞത്.. " പിന്നെ അങ്ങിനെ നോക്കിയാ സ്കൂളിൽ പഠിക്കുമ്പോ ആനീടെ മുടികൊള്ളാം, മൂക്ക് കൊള്ളാം, കണ്ണ് കൊള്ളാന്നൊക്കെ പറഞ്ഞു എന്റെ പിന്നാലെ എത്ര പേര് നടന്നിട്ടുണ്ടെന്നാ വിചാരം. അവരോടൊക്കെ എനിക്കൊന്നും തോന്നിയിട്ടില്ലല്ലോ. "

പിന്നെ നത്തോലി ഉണങ്ങിയത് പോലെയിരുന്ന നിന്റെ പിന്നാലെ പിള്ളേരുടെ ഘോഷയാത്രയായിരുന്നു പോലും. ഈ ത്രിസന്ധ്യ നേരത്ത് ഇങ്ങനെ തള്ളി മറിക്കല്ലേ ന്റെ പൊന്നു പെണ്ണുമ്പിള്ളേ. അല്ല അവരിനി മുടീം മൂക്കും കൊള്ളാന്ന് തന്നെയാണോ പറഞ്ഞത്.. " അയ്യേ. ഈ മനുഷ്യൻ. ബോബി ആനിയുടെ ചെവിക്കരികിലേക്ക് തലയടുപ്പിച്ചു. അവൾ ചമ്മലോടെ അയാളുടെ മുഖത്ത് ഒന്ന് നുള്ളി. ഇരുവരുടെയും ചിരിയുടെ കാരണമാറിയതെ ജെന്നിഫർ തുറിച്ചു നോക്കുകയാണ്. " കാണാൻ കൊള്ളിലെങ്കിലും അതൊക്കെ നോക്കാൻ ആളുകൾക്ക് ഒരു മടിയുമില്ലെടി. " ഓ പറയുന്നത് കേട്ടാൽ തോന്നും ഇങ്ങേര്‌ വല്ല്യ ഷാരൂഖ് ഖാനായിരുന്നെന്ന്. ഞാൻ അന്നും ഇന്നുക്കെ ഇങ്ങനെ തന്നായിരുന്നു. " അതേ കൂടുതൽ വർത്തനമൊന്നും പറയണ്ട, ഈ കാണുന്ന കോലത്തിൽ ആക്കിയെടുക്കാനെ ഞാൻ കുറെ കിടന്ന് കഷ്ടപ്പെട്ടതാ. അതൊന്നും എന്റെ മോള് മറന്ന് പോകരുത്.. " കൊച്ചിരിക്കുമ്പോഴാണോ ഇച്ഛായ ഈ വക കുരുത്തക്കേട് കാണിക്കുന്നത്. അയാൾ ആനിയെ കളിയാക്കി കൊണ്ട് മാറത്ത് വിരല് കൊണ്ട് തോണ്ടി. അവൾ അയാളുടെ വയറ്റിൽ ഒന്ന് അമർത്തി നുള്ളി.. ജെന്നിഫർ രണ്ട് പേരെയും മാറി മാറി നോക്കിയിരിക്കുകയാണ്.

" ഹലോ ഹലോ. എന്നെ ഇനി മുതല് ബസ്സില് വിടോ ഇല്ലയോ ഭാര്യയും ഭർത്താവും അത് പറയുന്നുണ്ടോ. " അതിപ്പോ.. എന്തായാലും ഈ വരുന്ന ഹാൾഫ് ഇയർ എക്സാം കഴിയട്ടെ. അത് കഴിഞ്ഞിട്ട് നമുക്ക് ബസ്സിലും ലോറിയിലും ഒക്കെ കേറാം. " ഓ.. വല്ല്യ കാര്യയി പോയി.. ഹും. " എന്നാ വേഗം പോയിരുന്നു പഠിച്ചോ.. പപ്പയ്ക്ക് ഇച്ചിരി പണിയുണ്ട്. അയാൾ വീണ്ടും ലാപ്പിൽ എന്തൊക്കെയോ ടൈപ്പ് ചെയ്ത് തുടങ്ങി. ജെന്നിഫർ അയാളെ നോക്കി മുഖം കോട്ടി കൊണ്ട് പതിയെ എഴുനേറ്റു മുറിയിലേക്ക് നടന്നു. " അതേ കൊച്ചു അഞ്ചിലായി, അവൾക്ക് കൂട്ടിനൊരു ബേബി ഡോളിനെ കുറിച്ചു ആലോചിക്കേണ്ട സമയമായി.. " ആദ്യം എന്റെ മോൻ ഈ പണിയൊക്കെ വേഗം തീർത്ത് രാത്രി നേരത്തെ വാ. ബാക്കിയൊക്കെ നമുക്ക് അന്നേരം ആലോചിക്കാം. " അതെന്നാ വർത്താനമാ പെണ്ണേ ഈ പറയുന്നേ, ഇതൊക്കെ ഒരു ടൈം ടേബിള് വച്ചിട്ട് ചെയ്യേണ്ടതാണോ. " ദേ ഇച്ഛായ വേണ്ടാ വേണ്ടാ.. ആ പെണ്ണ് എങ്ങാനും ഇങ്ങോട്ട് വന്നാലുണ്ടല്ലോ. " അവളിപ്പോഴെങ്ങും ഇങ്ങോട്ട് വരില്ല മോളെ.. " ആഹാ.. അയാൾ ലാപ്പ് അടച്ചു വെച്ചു കൊണ്ട് അവളുടെ വയറ്റിലൂടെ ഇരുകൈകളും ചേർത്ത് മുറുകെ കെട്ടിപിടിച്ച ശേഷം കഴുത്തിൽ ഒന്ന് അമർത്തി ചുംബിച്ചു.

അവൾ അയാളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അയാളിലേക്ക് ചേർന്നിരുന്നു. ഒരു രാത്രിയുടെ ആരവം ഉയർന്നു തുടങ്ങുമ്പോൾ ഒരു ദിക്കിൽ മകനുവേണ്ടി കലഹിക്കുന്ന മാതാപിതാക്കളുടെ മാനസീക വിചാരങ്ങളാണ്. എതിർ ദിശയിൽ മകളുടെ സന്തോഷങ്ങളെ ഓർത്ത് പ്രണയിക്കാൻ തുടങ്ങുന്ന മറ്റൊരു മാതാപിതാക്കളും.. ഒരിടത്ത് പ്രണയം എന്നന്നേക്കുമായി നഷ്ട്ടപെടുമ്പോൾ മറ്റൊരിടത്ത് പ്രണയം തഴച്ചു വളരുകയാണ്.. ദിവസങ്ങൾ ഇതളുപോലെ കൊഴിഞ്ഞുപോയി കൊണ്ടിരുന്നു. ബീന പിന്നെയും അവളുടെ തിരക്കുകളിലേക്ക് ചേക്കേറി തുടങ്ങി. രാജീവും. ഔപചാരികപരമായ ചില സംഭാഷണങ്ങൾ അല്ലാതെ പ്രണയമെന്ന വാക്കുപോലും അവരുടെ മനസ് മറന്നുപോയിരിക്കുന്നു.. എങ്കിലും പുറം കാഴ്ചക്കാരുടെ ഉള്ളറയിൽ അവരിപ്പോഴും മാതൃക ദമ്പതികളാണ്. നബീസുവിന്റെ കുടിലിൽ അവളുടെയും മക്കളുടെ സ്നേഹലാളനങ്ങളിൽ അപ്പു സന്തോഷവനാണ്.. കോശിച്ചയാനും അന്നാമ്മച്ചിയും അപ്പുവെന്ന കൊച്ചരുവിയുടെ കുളിരിൽ അവരുടെ ഏകാന്തത മറന്ന് തുടങ്ങിയിക്കുന്നു.

ജെന്നിഫർ ഒരു ശലഭം പോലെ അപ്പുവിന് ചുറ്റും വട്ടമിട്ട് പാറി പറക്കുകയാണ്. പങ്ക് വെയ്ക്കപ്പെടുബോൾ മാത്രമാണ് സ്നേഹത്തിന്റെ അർത്ഥവും അന്വർത്ഥമാകുന്നത്. ഒരിക്കലും വറ്റി വരണ്ടുണങ്ങി പോകാതെ ആ ജലാശായം വീണ്ടും വീണ്ടും നിറഞ്ഞൊഴുകയാണ്.. കമ്പനിയുടെ അന്വൽ മീറ്റിങ്ങിനുള്ള തീയതിയും സമയവും അറിയിച്ചു കൊണ്ട് യുകെയിലുള്ള ഹെഡ് ഓഫീസിൽ നിന്ന് ബീനയ്ക്ക് അറിയിപ്പ് വന്നു. ആളും ആരവങ്ങളുമായി ഒരാഴ്ച്ച ഡൽഹിയുടെ ചൂടിലേക്ക് പറിച്ചു നടണം.. തന്റെ കീഴിലുള്ള സൗത്ത് സോൺ കൈവരിച്ച ഒരുവർഷത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഡയറക്ടർ ബോർഡിന്റെ പ്രശംസ പിടിച്ചു പറ്റുക, അതിന്റെ ക്രെഡിറ്റിൽ ഹെഡ് ഓഫീസിലേക്ക് കുടിയേറണം. ബീനയുടെ ചിന്തകൾ ചൂട് പിടിച്ചു തുടങ്ങിയിരുന്നു. പക്ഷെ രാജീവിനെ എങ്ങിനെ പറഞ്ഞു മനസിലാക്കുമെന്ന് ഓർത്തപ്പോൾ അവർക്ക് ടെൻഷൻ കൂടുന്നുണ്ടായിരുന്നു.. ചിന്തകൾ കാടുകയറി തുടങ്ങിയപ്പോൾ ബീന ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ തീരുമാനിച്ചു. രാജീവിനെ പറഞ്ഞു സമ്മതിപ്പിക്കണമെങ്കിൽ ആദ്യം അപ്പു സന്തോഷവാനായിരിക്കണം എന്നവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. സ്വന്തം കാര്യലാഭത്തിന് വേണ്ടി മാത്രം സ്വന്തം മകനെ ഒരമ്മയ്ക്കെങ്ങിനെയാണ് സ്നേഹിക്കാൻ കഴിയുക?

ഏത് നുണയുടെ പുറംമോഡി കാണിച്ചാണ് അവനെ വശത്താക്കുക?അവന് തന്നെ വലിയ പേടിയാണ്. അത് ബീനയ്ക്ക് പലപ്പോഴും മനസിലായിട്ടുമുണ്ട്. അവന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്തൊക്കെയാണെന്ന് ഇന്നോളം അവർ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല. അമ്മയുടെ മാറിലെ ചൂടേറ്റുറങ്ങാൻ അവന്റെ മനസ് കൊതിച്ചപ്പോളെല്ലാം അവർ അവനെ അകറ്റി നിർത്തിയിട്ടേയുള്ളു. സ്നേഹമുണ്ടെന്നു കാണിക്കാൻ വേണ്ടിയെങ്കിലും ബീന അപ്പുവിനെ ഒരിക്കൽ പോലും മോനേയെന്നു വിളിച്ചിട്ടില്ല. ഒരു ചെറിയ തെറ്റിന് പോലും അവനെ ശകാരിക്കാനും, മര്യാദ പഠിപ്പിക്കാനും മാത്രമായിരുന്നു അവരുടെ ശ്രമം. കാണിക്കാനല്ലെങ്കിൽ പിന്നെ സ്നേഹം പറയാൻ മാത്രമായിട്ടെന്തിനാണ്? ഡ്രൈവിംഗിനിടയിലും അപ്പുവിന് എന്ത് വാങ്ങി കൊടുത്ത് സ്വാധീനിക്കും എന്നുള്ള ആലോചനയിലായിരുന്നു ബീന. പെട്ടെന്നാണ് മുൻപേപ്പോഴോ രാജീവ് അവനുവേണ്ടി വാങ്ങികൊണ്ടു വന്ന സ്നാക്സുകളെ കുറിച്ച് അവരോർത്തത്. ബീന വണ്ടി പെട്ടെന്ന് സിഗ്നലിൽ നിന്ന് വലത്തോട്ട് തിരിച്ചു മാർക്കറ്റ് റോഡിലേക്ക് കയറ്റി അല്പം കൂടി മുന്നോട്ട് പോയി. പെട്ടെന്ന് ഇടതു വശത്ത് മലബാർ സ്വീറ്റ്സ് എന്നൊരു ബോർഡ് കണ്ടതും അവർ വണ്ടി കടയുടെ അരികിലേക്കൊതുക്കി നിർത്തി .

" റാണിയല്ലേ ഇത് ? കാറിൽ നിന്നിറങ്ങി ബേക്കറിയിലേക്ക് നടക്കുമ്പോൾ എതിരെ നടന്നുവരുന്ന ഒരു സ്ത്രീയെ കണ്ട് ബീന സൂക്ഷിച്ചുനോക്കി. ബീനയെ കണ്ടതും അവരുടെ നടപ്പിന്റെ വേഗത കുറഞ്ഞു. കൺ തടങ്ങൾ കറുത്ത് കുഴിഞ്ഞു പോയിരിക്കുന്നു. എണ്ണമയമില്ലാത്ത മുടി അലസമായി ചുരുട്ടി കെട്ടി വച്ചിട്ടുണ്ട്. മുഖം വിയർപ്പിൽ കുതിർന്നു കരുവാളിച്ചിരുന്നു. പഴയ അലങ്കാരങ്ങളുടെ പ്രൗഢിയില്ലാതെ നിസാഹയായ വീട്ടമ്മയുടെ കോലത്തിൽ റാണി തളർന്ന് പോയിരിക്കുന്നു. "ഇതെന്ത് വേഷമാ റാണി. വീട്ടില് നിക്കുമ്പോ പോലും ഡ്രസ്സിംഗിൽ കോംപ്രമൈസ് ചെയ്യാത്ത താൻ തന്നെയാണോ ഇത്. " എനിക്ക് ഇപ്പൊ പഴയപോലെ വലിയ ആഗ്രഹങ്ങളൊന്നും ഇല്ല ബീനേ .ജീവിച്ചിരിക്കിന്നിടത്തോളം കാലം മനസമാധാനത്തോടെ ഇരിക്കണം അത്രേ വേണ്ടു കയ്യിലിരുന്ന വലിയൊരു സഞ്ചി താഴെ വെച്ച ശേഷം. നിറം മങ്ങിയ പഴയ പോളിസ്റ്റ്ർ സാരിയുടെ തുമ്പ് അലക്ഷ്യമായി കുത്തി വച്ചിരുന്ന അരക്കെട്ടിൽ നിന്ന് വലിച്ചെടുത്തു അവർ മുഖം തുടച്ചു. ബീന അവരെ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്. "അതിനുമാത്രം തനിക്ക് എന്താടോ പെട്ടെന്ന് പറ്റിയത് ? എന്താണെങ്കിലും നമുക്ക് വഴിയുണ്ടാക്കാം. " ഏയ്. ഇനി അതിന്റെയൊന്നും ആവശ്യമില്ല ബീനെ. മതിയായി.

അന്ന് ഹോസ്പിറ്റലിലെ ആ പ്രശ്നം കഴിഞ്ഞ് പൊന്നേ പിന്നെ രാജീവ്‌ എന്റെ ഹസ്ബൻഡിനെ കണ്ടിരുന്നു. ഞാൻ എന്റെ ഹസ്ബൻഡ് അറിയാതെയാണ് നമ്മുടെ ആക്റ്റീവിറ്റീസിനൊക്ക വന്നിരുന്നത് . അതറിഞ്ഞപ്പോൾ ഇത്രേം നാളും ഞാനങ്ങേരെ പറ്റിക്കായിരുന്നുന്നും പറഞ്ഞു രാത്രി വന്ന് എന്നെ കുറെ ചോദ്യം ചെയ്തു. ദേഷ്യത്തിൽ ഞാനും എന്തൊക്കെയോ വിളിച്ചു പറഞ്ഞത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ. പിന്നെ കണ്ണു തുറക്കുമ്പോ ഞാൻ മെഡിക്കൽകോളേജിലെ പേ വാർഡിലാണ്. ഒരാഴ്ച അവിടെ കിടന്നു. പിന്നെ കോട്ടയ്‌ക്കലിൽ പോയി ഉഴിച്ചിലും കിഴിയുമൊക്കെ ചെയ്തിട്ടാ ഇങ്ങനെയെങ്കിലും നടക്കാറായത്. " ങേ, രാജീവോ ? ഇതൊന്നും ഞങ്ങളറിഞ്ഞില്ല ല്ലോ റാണി ബീന ഒന്ന് ഞെട്ടി നോക്കി.. " അറിഞ്ഞിട്ടും വല്ല്യ പ്രയോജനം ഒന്നും ഇല്ല ബീനെ. ആസ്പത്രീന്ന് വന്നപ്പോ ഞാൻ വാങ്ങി വച്ചിരുന്ന വിലകൂടിയ സാരികളൊക്കെ അങ്ങേര് എടുത്ത് കത്തിച്ചു കളഞ്ഞു. ദേ ഈ താലി മാലയൊക്കെ ബാക്കി എല്ലാഗോൾഡും ബാങ്ക് ലോക്കറിലും വെച്ചു പൂട്ടി. " ഇത്രയൊക്കെ ചെയ്തിട്ടും റാണിയൊരു കോംപ്ലെയ്ൻറ് പോലും കൊടുത്തില്ലെന്ന് ഓർക്കുമ്പോഴാ എനിക്ക് അതിശയം. " രാജീവ് തല്ലിയപ്പോ ബീനയെന്താ പരാതി കൊടുക്കാഞ്ഞത് ? മറ്റുള്ളവരുടെ കാര്യത്തിൽ നമുക്ക് എന്ത് ഉപദേശം വേണമെങ്കിലും കൊടുക്കാൻ പറ്റും ബീനെ.

പക്ഷെ അതേ പ്രശ്നം നമ്മള് ഫേസ് ചെയ്യുമ്പോഴേ നമുക്കതിന്റെ സീരിയസ്നസ് മനസിലാക്കു. എനിക്ക് കുറച്ചു തല്ല് കിട്ടിയെങ്കിലെന്താ അങ്ങേര് കള്ള് കുടി നിർത്തി. എന്നും വൈകീട്ട് നേരത്തെ വരും, എല്ലാവരും കൂടി ഏഴ് മണിക്ക് കുടുംബ പ്രാർത്ഥന ചൊല്ലും. മക്കളുംമൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. മില്ലിലെ കാര്യങ്ങളിൽ ഞാൻ കൂടെ സഹായിക്കും. ഒരു തല്ല് കൊണ്ട് ജീവിതമെന്താണെന്നു പഠിച്ചു. ഇപ്പൊ വീട്ടില് സന്തോഷമുണ്ട് , സമാധാനവും.. " റാണിയുടെ ഈ മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. റാണി അവരെ നോക്കി ഒന്ന് മന്ദഹസിച്ചു. ബീനയ്ക്ക് തല പെരുക്കുന്നത് പോലെ തോന്നി.. " ഒരാളെയും വിശ്വസിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യരുത് ബീനെ. ഒരിക്കൽ അത് നഷ്ടപ്പെട്ടുപോയാ തിരിച്ചു കിട്ടാൻ വല്ല്യ പാടാ. അല്ല ബീനയെന്താ പതിവില്ലാതെ ഈ വഴി..? " ഞാൻ മോന് കുറച്ചു സ്വീറ്റ്‌സ് വാങ്ങാൻ വന്നതാ. " നല്ലത്. ഇപ്പോഴെങ്കിലും മോന്റെ കാര്യം ശ്രദ്ധിക്കാൻ ബീനയ്ക്ക് തോന്നിയല്ലോ.. സന്തോഷം. ആഴ്ച്ചയിലൊരിക്കൽ അടുത്തുള്ള ഓർഫനേജിലെ പിള്ളേർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നുണ്ട്. അതിന്റെ സാധനങ്ങൾ വാങ്ങാൻ വന്നതാ.

പിന്നെ ബീനെ എന്റെ മെംബെർഷിപ് ക്യാൻസൽ ചെയ്യ്തേക്കാൻ ചേച്ചിയോട് ഒന്ന് പറയണം. " അത് വേണോ റാണി ? " വേണം ബീനെ. കുടുംബത്ത് സന്തോഷോം സമാധനോമില്ലെങ്കിൽ നമ്മളൊക്കെ എന്തൊക്കെ ഉണ്ടാക്കിയെടുത്തിട്ടും ഒരു കാര്യോമില്ല. ഒരു സ്ത്രീ എന്നതിനേക്കാൾ, ഇപ്പോഴാ ഞാൻ ശരിക്കുമൊരു ഭാര്യായും , അമ്മയുക്കെയായതെന്ന് തോന്നുന്നു. എന്റെ കുടുംബത്തെ മറന്ന് ഇനിയൊന്നും എനിക്ക് വേണ്ടാ. അതില് ഞാനിപ്പോ ഹാപ്പിയാണ്. എന്നാ പോട്ടെ ബീനെ. റാണിയുടെ വാക്കുകൾക്ക് രാജീവിന്റെ കൈ തലങ്ങളെക്കാൾ കാഠിന്യവും മൂർച്ചയുമുണ്ടായിരുന്നു. ആത്മാവിലെ നേർത്ത് പാളികൾ വരെ പുകഞ്ഞു നീറുകയാണ്. റാണി സഞ്ചിയുമെടുത്ത് നടന്നു. സമ്പന്നതയിൽ അഹങ്കരിച്ചു നടന്നിരുന്ന അവളുടെ പെട്ടെന്നുള്ള മാറ്റങ്ങൾ ബീനയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. നടന്നു നീങ്ങുന്ന റാണിയെ നിസഹായമായി ബീന ഒരിക്കൽ കൂടി നോക്കി. ഒരുവൾ പറഞ്ഞു പോയ ഒരായിരം നുണകളുടെ കൂലിയും വാങ്ങി കുടുംബവും ജീവിതവുമെന്താണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

മറ്റൊരുവൾ എത്രയാവർത്തി പറഞ്ഞിട്ടും, അറിഞ്ഞിട്ടും, അത് മനസ്സിലാവാതെ പിന്നെയും പുതിയ നുണകളുടെ വിത്തുകൾ തേടി നടക്കുകയാണ്.. ചിലരങ്ങിനെയാണ്. കാലം മാറ്റത്തിന്റെ പാതകൾ കണ്മുന്നിൽ എത്രവട്ടം വെട്ടിതെളിച്ചു കൊടുത്താലും, ആ വഴികൾ അവർ മനപ്പൂർവം മറന്ന് കളയും മാറ്റങ്ങളില്ലാത്ത മനുഷ്യരില്ല. മാറ്റങ്ങൾ നല്ലതിന് വേണ്ടിയുമ്പോഴാണ് മനുഷ്യരും നന്മയുള്ളവരാകുന്നത്. " നമ്മളെവിടെയാ താത്തൂ പോണേ ? " അവിടെയൊരു പറമ്പിലെ വലിയൊരു കാരമരമുണ്ട്. ഇപ്പോ ചെന്നാ നമുക്ക് കൊറേ കാരക്ക കിട്ടും.. സ്കൂള് വിട്ട് വരുന്ന അപ്പുവിനെയും കാത്ത് മുബീനയും ആഷിതയും വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.. അവർ നബീസു കാണാതെ അപ്പുവിനെയും കൊണ്ട് വടക്കോട്ടുള്ള ഇടവഴി കയറി നടന്നു തുടങ്ങി. " കാരക്ക ന്ന് പറഞ്ഞാലെന്താ താത്തൂ. " നിന്നോടെന്ത് പറഞ്ഞാലും നിനക്ക് സംശയമണല്ലോടാ മണ്ടാ. " അവനറിയാഞ്ഞിട്ടല്ലെടി മുബീ. കാരയ്ക്കാന്ന് പറഞ്ഞാ ഒരു ഫ്രുട്ടാ. അവിടെ അത് മാത്രമല്ല, പേരയ്ക്ക, ജാതി, നീളൻ പുളി, ഇരുമ്പൻ പുളിയൊക്കെയുണ്ട്. പിന്നെ നമ്മള് അവിടെ പോയതോന്നും ആരോടും പറയരുത് ട്ടോ. " ആന്റിയോടും പറയണ്ടേ? " അയ്യോ ഉമ്മിയോട് പറഞ്ഞാ നമ്മളെ തല്ലും. ചിലപ്പോ അപ്പൂനും വഴക്ക് കിട്ടും.

" എന്നാ ഞാൻ ആരോടും പറയൂല്ല.. " നല്ല കുട്ടി.. ആഷിത് അവന്റെ കൈയിൽ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു. " ഇനിയും കൊറേ പോണോ താത്തൂ.? " ഇപ്പോ എത്തും.. " നീഎന്താ അവളെ മാത്രം താത്തൂന്ന് വിളിക്കണേ ? അപ്പോ ഞാൻ നിന്റെ താത്തുവല്ലേ. ? " നീ കോരങ്ങനാ. കോരങ്ങൻ താത്തൂ. " ങാഹാ.. ഞാൻ കോരങ്ങനാണല്ലേ, നിക്കെടാ വിടെ.. അപ്പു മുബീനയെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് മുന്നോട്ട് ഓടി.. മുബീന അവനെ പിടിക്കാൻ പിന്നാലെയും.. കോളനിയുടെ അതിർത്തി വിട്ട് അവർ പിന്നെയും പച്ചപ്പിന് ഉള്ളിലേക്ക് നടന്ന് കൊണ്ടിരുന്നു. വെള്ളം കുറഞ്ഞ ഒരു കൈ തോടിന് കുറുകെയുള്ള ചെറിയ കലുങ്കിന് കണ്ടപ്പോൾ അപ്പു അതിന്റെ കൈ വരികളിൽ ചവിട്ടി താഴേയ്ക്ക് നോക്കി.. നീണ്ടു നിവർന്ന് കിടക്കുന്ന പറമ്പും പച്ചപ്പും അവന് കൗതുകം പകരുകയാണ്. " ദേ താത്തൂ ഫ്രോഗ്, " ടാ കോരങ്ങാ അത് തവളയാ അങ്ങിനെ പറഞ്ഞു പഠിച്ചാ മതി. ഓ വല്ല്യൊരു സായിപ്പ് വന്നേക്കുന്നു.. മുബീന അപ്പുവിന്റെ ബാഗിൽ പിടിച്ചു വലിച്ചു.. കലുങ്കിറങ്ങി കൈ തൊടിനരികിലെ പൊന്ത പുല്ലുകൾക്കിടയിലെ നടപ്പാതയിലൂടെ അവർ അപ്പുവിനെയും കൊണ്ട് നടന്നു. ദൂരെയൊരു തെങ്ങും പറമ്പ് കണ്ടു അവന്റെ സംശയം പിന്നെയും ഉയർന്നു.

ആഷിത് അതിനെ മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെയായി അവന് പറഞ്ഞു മനസിലാക്കി കൊടുക്കുണ്ടായിരുന്നു. കൗതുകങ്ങൾ അവന്റെ കാഴ്ചയുടെ ഭംഗി കൂട്ടുകയാണ്.. " അയ്യോ താത്തൂ പാമ്പ്.. കാൽപ്പെരുമാറ്റം കേട്ട് , തോട്ട് വക്കിൽ വിശ്രമത്തിലായിരുന്ന മഞ്ഞ ചേര നടപാതയ്ക്ക് കുറുകെ പാഞ്ഞു പോയി. ജനിച്ചിട്ടിന്നോളം ടീവിയിൽ മാത്രം കണ്ട് ശീലിച്ച ഇഴ ജന്തുവിനെ കണ്ടതും അപ്പു പേടിച്ചു തിരിഞ്ഞോടി. " അയ്യോ അതൊന്നും ചെയ്യൂല്ല അപ്പൂസേ, അത് ചേരയാ. " ഇല്ല. എനിക്ക് പേടിയാ. ഞാൻ വന്നില്ല. " അത് പോയെടാ കോരങ്ങാ. ദേ നോക്കിയേ. മുബീന പുല്ലിന് മുകളിലൂടെ ഒന്ന് കാലോടിച്ചു കാണിച്ചു. അപ്പു മുന്നോട്ട് നടന്ന് ആഷിതയുടെ മറവിൽ നിന്ന് വീണ്ടും പാമ്പ് പോയ വഴിയേ നോക്കുകയാണ്.. ആഷിത ചിരിച്ചു കൊണ്ട് അപ്പുവിനേയും പിടിച്ചു മുന്നോട്ട് നടന്നു.. പുല്ലിൽ ചെറിയ അനക്കം തട്ടുമ്പോൾ പോലും അവൻ പേടിയോടെ ഞെട്ടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. അവർ അവനെയും കൊണ്ട് പിന്നെയും മുന്നോട്ട് നടന്നു. കോണ്ക്രീറ്റ് കുറ്റികളിൽ മുള്ള് കമ്പികൾ വലിഞ്ഞു കെട്ടിയ ഒരു പറമ്പിന് മുന്നിൽ എത്തിയതും അവർ ഒന്ന് നിന്നു. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന, കാഴ്ചയിൽ ഒരു നിബിഡ വനമെന്ന് തോന്നിപ്പിക്കുന്ന ഇരുണ്ട ഒരിടം. അപ്പു ആകെയൊന്ന് നോക്കി കൊണ്ട് പേടിയോടെ ആഷിതയോടെ പറ്റി ചേർന്ന് നിൽക്കുകയാണ്.

മുബീന ചുറ്റും നോക്കി കൊണ്ട് വേലിക്കെട്ടിന് അടുത്തേക്ക് നടന്നു. മുൻപ് എപ്പോഴോ ഇളക്കി മാറ്റിയിട്ടത് പോലെ മുള്ള് വേലിയുടെ ഒരറ്റം അവള് ഒരരികിലേക്ക് വലിച്ചു മാറ്റിയ ശേഷം കുനിഞ്ഞു അകത്തേക്ക് കയറി. " നോക്കി നിക്കാതെ വാടി മുബീന കൈ കാണിച്ചു വിളിച്ചു. ആഷിത അപ്പുവിന്റെ കൈ പിടിച്ചു വേലിക്കരികിലേക്ക് നടന്നു. " ഇവിടെ പാമ്പ് ഉണ്ടാവോ താത്തൂ. " ഇവിടെ പാമ്പും ചെമ്പോന്നും ഇല്ലെടാ കോരങ്ങാ. ഇങ്ങോട്ട് വന്നേ. മുബീന അവനെ കുനിച്ചു പിടിച്ചു പതിയെ ഉള്ളിലേക്ക് കയറ്റി. പിന്നാലെ ആഷിതയും. " നമ്മളെന്തിനാ ഇവിടെ വന്നേ. " മുതലയെ പിടിക്കാൻ. ഇങ്ങോട്ട് നടക്കേടാ മാക്രി. മുബീന അവനെയും വലിച്ചു കൊണ്ട് പതിയെ അകത്തേക്ക് നടന്നു.. ഒപ്പം ആഷിതയും. " ഇവിടെ ഗോസ്റ്റ് ഉണ്ടാവോ താത്തൂ. " അയ്യേ. അപ്പൂസിത്ര പേടി തൂറാനാണോ. ചുറ്റും കാട്ടു വള്ളികൾ ചുറ്റി പടർന്ന് ഒരു കോട്ട പോലെ തോന്നിപ്പിക്കുന്ന ഇടിഞ്ഞു വീണു തുടങ്ങിയ പഴയൊരു തറവാടിന് മുന്നിൽ എത്തിയതും അപ്പു പേടിയോടെ പിന്നോട്ട് വലിഞ്ഞു. ആഷിത അവനെ കളിയാക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. അവൻ പേടിയോടെ ചുറ്റും നോക്കുകയാണ് . പെട്ടെന്നൊരു കാറ്റ് വീശിയടിച്ചു. മരങ്ങളും വള്ളികളും ഒന്നുറക്കെ ചിലച്ചു കൊണ്ട് ഇളകിയാടി തുടങ്ങി. കണ്മുന്നിൽ അത്ഭുതം നടക്കുന്നത് പോലെ അപ്പു ചുറ്റും കണ്ണ് മിഴിച്ചു നോക്കുകയാണ്............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story