എന്റെ ഉമ്മാന്റെ പേര്: ഭാഗം 24

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

ചുറ്റും കാട്ടു വള്ളികൾ ചുറ്റി പടർന്ന് ഒരു കോട്ട പോലെ തോന്നിപ്പിക്കുന്ന ഇടിഞ്ഞു വീണു തുടങ്ങിയ പഴയൊരു തറവാടിന് മുന്നിൽ എത്തിയതും അപ്പു പേടിയോടെ പിന്നോട്ട് വലിഞ്ഞു. ആഷിത അവനെ കളിയാക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. അവൻ പേടിയോടെ ചുറ്റും നോക്കുകയാണ് . പെട്ടെന്നൊരു കാറ്റ് വീശിയടിച്ചു. മരങ്ങളും വള്ളികളും ഒന്നുറക്കെ ചിലച്ചു കൊണ്ട് ഇളകിയാടി തുടങ്ങി. കണ്മുന്നിൽ അത്ഭുതം നടക്കുന്നത് പോലെ അപ്പു ചുറ്റും കണ്ണ് മിഴിച്ചു നോക്കുകയാണ്.. " ഡി വേം വാ. " അയ്യോ ഞാനും വരുന്നു.. മുബീന ആഷിതയെ പിടിച്ചു വലിച്ചു കൊണ്ട് ഓടി. കാര്യം മനസ്സിലാവാതെ പേടിയോടെ അപ്പുവും പിന്നാലെ പാഞ്ഞു. കാറ്റ് പിന്നെയും ചൂളമടിച്ചു വട്ടം കറങ്ങി മാനം മുട്ടെ വളർന്ന കാര മരത്തിന്റെ ചില്ലകളെ ഉലച്ചു കടന്ന് പോയി. പഴുത്ത് പാകമായ കാരയ്ക്കകൾ ചാറ്റൽ മഴ പോലെ താഴേയ്ക്ക് ഞെട്ടറ്റ് വീഴുന്നുണ്ടായിരുന്നു. മുബീനയും ആഷിതയും ഓടി ചെന്ന് അവ പെറുക്കിയെടുത്തു. കൈ കുമ്പിൾ നിറഞ്ഞു തുടങ്ങിയതും മുബീന പാവാട തുമ്പ് വിശറി പോലെ വിടർത്തി പിടിച്ചു.

കാറ്റ് പിന്നെയും ചില്ലകളെ ഉമ്മവെച്ചുലയ്ക്കുകയാണ്. ആഷിത മരത്തിന് ചുറ്റും ഓടി നടന്ന് എല്ലാം പെറുക്കിയെടുത്ത് മുബീനയുടെ പാവാടയിലേക്ക് ഇടുന്നുണ്ട്. പിന്നാലെ അപ്പുവും. " ദേ ഇതാണ് കാരയ്ക്കാ, തിന്ന് നോക്കിയേ മുബീന അതിൽ നിന്നൊരെണ്ണം നഖം കൊണ്ട് അമർത്തി നോക്കി, ഉടുപ്പിൽ തുടച്ച ശേഷം അപ്പുവിന് നീട്ടി. അവൻ സന്തോഷത്തോടെ ഓടി വന്ന് അത് വാങ്ങി വായിലേക്കിട്ടു കടിച്ചു. നേർത്ത പുളിപ്പും ചവർപ്പും. അപ്പുവിന്റെ ചുണ്ടും കവിളും ഒന്ന് പുളിച്ചു കോട്ടി. " ഇനി തിരിച്ചു വരുമ്പോ നോക്കാടി. " ഇഷ്ട്ടായോടാ കോരങ്ങാ ? ആഷിത താഴെ വീണത് മുഴുവൻ പെറുക്കിയെടുത്ത ശേഷം മരത്തിന് മുകളിലേക്ക് നോക്കി. മുബീന അപ്പുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവൻ കാരയ്ക്ക വായിലിട്ട് കടിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു. " ഡി ഇതെല്ലാം കൂടെ ഇങ്ങനെയിട്ടാ എനിക്ക് നടക്കാൻ പറ്റൂല്ല. മുബീന രണ്ട് കൈകൾ കൊണ്ട് പാവാട താങ്ങി പിടിച്ചു പതിയെ മുന്നോട്ട് വേച്ചു വേച്ചു നടന്നു. ആഷിത കയ്യിലുള്ളത് കൂടി പാവാടയിലേക്ക് കൊണ്ടിട്ടു. " ഡാ കോരങ്ങാ നിന്റെ ബാഗിങ്ങ് തന്നെ.

അപ്പു ബാഗ്‌ ഊരി അവൾക്ക് നീട്ടി. ആഷിത അതിന്റെ ചെറിയ അറ തുറന്ന് നോട്ട് ബുക്കുകൾ വലിയ കള്ളിയിലേക്ക് മാറ്റിയ ശേഷം കാരയ്ക്കകൾ എല്ലാം അതിലേക്ക് പെറുക്കിയിട്ടു. ആഷിത അപ്പുവിന്റെ കൈ പിടിച്ചു പിന്നെയും മുന്നോട്ട് നടന്നു. " അയ്യോ പാമ്പ്. " അത് പാമ്പല്ലടാ, അരണയാ നിരനിരയായി നിൽക്കുന്ന ജാതി മരങ്ങളുടെ തടത്തിലെ ഉണങ്ങിവീണ ഇലകൾക്ക് മീതെ ഒരു അരണ പാഞ്ഞു പോയി. അപ്പു പേടിച്ചു ആഷിതയ്ക്ക് പിന്നിലേക്ക് മാറി. "എന്താ നോക്കണേ? "അതോ ദാ ഇപ്പൊ കാണിച്ചു തരാം ആഷിത കരിയിലകൾക്ക് മീതെ പരത്തുകയാണ്. സംശയത്തോടെ അവളെ നോക്കികൊണ്ട് അപ്പുവും പിന്നാലെ കൂടി. അവൾ കാലുയർത്തി ഇലകൾ തട്ടിമാറ്റിക്കൊണ്ട് വീണ്ടും മുന്നോട്ട് നടന്നു. പെട്ടെന്ന് മരച്ചോട്ടിൽ ഒരു ജാതിക്ക ഞെട്ടറ്റ് വീണത് കണ്ട് ഓടി ചെന്ന് അവളത് കുനിഞ്ഞെടുത്തു. ഇളം മഞ്ഞ നിറത്തിൽ പൊളിഞ്ഞടർന്ന ജാതിക്ക അവൾ കൈകൊണ്ട് വിടർത്തിയശേഷം മണത്തുനോക്കി.നേർത്ത എരിവുള്ള ഗന്ധം അവളുടെ തലച്ചോറിലേക്ക് ഇരച്ചുകയറി. "ഇതെന്താ താത്തു "ഇതാണ് ജാതിക്ക അപ്പു മരത്തിന് മുകളിലേക്ക് നോക്കി. തിങ്ങി നിറഞ്ഞു പാകമായ ജാതിക്കകൾ കാറ്റിൽ ഇളകിയാടുന്നുണ്ടായിരുന്നു.

ആ.. ഹ് നല്ല മണം അവൾ അത്‌ രണ്ടായി പിളർത്തി അവന്റെ മൂക്കിന് നേരെ അടുപ്പിച്ചതും അവൻ മുകളിലേക്കൊന്നാഞ്ഞു ശ്വസിച്ചു. നേർത്ത എരിവുഗന്ധം അവന്റെ സിരകലിലേക്കും പാഞ്ഞു കയറി. കണ്ണുകൾ കൗതുകം കൊണ്ട് വിടരുകയാണ് . "ഇത് തിന്നാൻ പറ്റോ താത്തു "പിന്നെന്താ തിന്നാലോ " അവൾ പൊളിച്ചെടുത്ത ജാതിക്കയുടെ പുറം തോട് പാവാടകൊണ്ട് തുടച്ചശേഷം അവനു നീട്ടി . "തൂ ഫ്‌ , ഇത് കൊള്ളുല്ല. അവനതു വാങ്ങി ഒന്ന് കടിച്ചു നോക്കി. നേർത്ത പുകച്ചിൽ നാവിൽ തട്ടി പൊള്ളിയതു പോലെ അവനത് പുറത്തേക്ക് തുപ്പി. ആഷിതയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു. " വേഗം വാടി. വൈകി ചെന്നാ ഉമ്മാന്റെ കയ്യീന്ന് കിട്ടും. മുബീന കാരയ്ക്കകൾ ബാഗിലാക്കി പുറത്ത് തൂക്കി പിന്നാലെയെത്തി. ആഷിത അപ്പുവിനെയും പിടിച്ചു പിന്നെയും മുന്നോട്ട് നടന്നു വീണ് കിടന്നിരുന്ന ജാതിക്കകൾ മുഴുവൻ പെറുക്കിയെടുത്ത് ബാഗിലാക്കി. ജാതികൾ പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്മണ്ണിന്റെ വരമ്പുകൾ കടന്ന് അവർ പിന്നെയും മുന്നോട്ട് നടന്നു. പകലുറക്കമുണർന്ന സൂര്യൻ സന്ധ്യാ സ്നാനത്തിന് പടിഞ്ഞാറൻ പടവുകളിറങ്ങി തുടങ്ങിയിരുന്നു.. മുബീന ജാതിക്കയുടെ പുറം തോട് പൊളിച്ചെടുത്ത് കടിച്ചു തിന്നുകൊണ്ടു മറ്റൊരിടത്തേക്ക് നടന്നു..

പറമ്പിന് വടക്ക് കിഴക്കേ ഭാഗത്തായി രണ്ട് ഇരുമ്പൻ പുളിമരം കൊമ്പുകളിൽ ഇടത്തൂർത്ത തൊങ്ങലുകൾ ഞാത്തിയത് പോലെ പൂത്തുലഞ്ഞു നിൽപ്പുണ്ടായിരുന്നു. " ദെ നോക്കിയെടി. മുബീന വിളിച്ചു കൂവിക്കൊണ്ടു അതിന് ചുവട്ടിലേക്ക് ഓടി. അപ്പു ഇരുമ്പൻ പുളി മരത്തിലേക്ക് സൂക്ഷിച്ചു നോക്കി. ഇളം പച്ച നിറത്തിലുള്ള അലങ്കാര ബൾബുകൾ പോലെ സൂര്യന്റെ പടിഞ്ഞാറൻ വെളിച്ചത്തിൽ അവ ചെറുതായി തിളങ്ങുന്നുണ്ട്. ഇതുവരെ കാണാത്ത അത്ഭുതങ്ങളുടെ ലോകത്താണ് അവന്റെ മനസ്സ്. ആഷിത ആകാശ ഗോപുരം പോലെ വളർന്ന് പൊങ്ങിയ തെക്കേ അതിരിലെ വാളൻ പുളി മരത്തിനടയിലേക്ക് നടന്നു. മുൻപ് വീശിയ കാറ്റ് കുറെ പഴുത്ത നീളൻ പുളികൾ പൊഴിച്ചിട്ടു പോയിട്ടുണ്ടായിരുന്നു. കണ്ണിൽ കണ്ടതെല്ലാം അവള് പെറുക്കി കൂട്ടി. മുബീന കയ്യെത്തുന്ന കൊമ്പിലെ ഇരുമ്പൻ പുളികൾ കുലയോടെ പൊട്ടിച്ചെടുക്കുകയാണ്.. ചില്ലകളിലൂടെ ഉറുമ്പുകളുടെ സായാഹ്ന ജാഥ പോകുന്നുണ്ടായിരുന്നു.. " ഡാ നീയീ മരത്തിൽ കേറുവോ ? " ങാ. " ഡി വേണ്ടാട്ടോ , അവനതൊന്നും ശീലമില്ലാത്തതാ.

ഉമ്മിയെങ്ങാനും അറിഞ്ഞാ നല്ല ശരിക്ക് കിട്ടും. " ങാ ഇങ്ങനൊക്കെയാ ഓരോന്ന് പഠിക്കുന്നത്. നീ കേറിക്കോടാ കോരങ്ങാ. ഞാൻ പിടിച്ചോളാം. " ദേ അതില് നല്ല കടിയൻ ഉറുമ്പുണ്ടട്ടോ അപ്പൂസേ നോക്കണേ അപ്പു ധൃതിയിൽ മുബീനയ്ക്ക് അടുത്തേക്കോടി.. ആഷിത പെറുക്കി കൂട്ടിയ വാളൻ പുളികളുമായി അവർക്കടുത്തേക്ക് വന്നു. അവന്റെ കാര്യത്തിൽ നബീസുവിനെ പോലെ തന്നെ കരുതലാണ് ആഷിതയ്ക്കും. മുബീന ബാഗ് താഴെ വെച്ച കൊണ്ട് അപ്പുവിനെ വട്ടം പൊക്കി മരത്തിന്റെ ചെറിയ കൊമ്പിൽ ചവിട്ടിച്ച ശേഷം താങ്ങി പിടിച്ചു.. " ഇവനാണോ മരം കേറാൻ അറിയില്ലെന്ന് നീ പറഞ്ഞത്.? " ന്റെ അള്ളോ ഈ ചെക്കൻ കേറണ നോക്കിയെടി. ബലമില്ലാത്ത ഇരുമ്പൻ പുളിയുടെ ചെറിയ ചില്ലകളിൽ അൽപ്പം പേടിയോടെ അപ്പു മുറുകെ പിടിച്ചു പതിയെ മുകളിലേക്ക് തൂങ്ങി കയറി. മുബീന അവന്റെ പിന്നിൽ താങ്ങി പിടിച്ചിട്ടുണ്ട്.. ആഷിത കണ്ണ് മിഴിച്ചു നിൽക്കുകയാണ്.. അപ്പു ഒരു കൈ എത്തിച്ചു പുളി കുലകൾ പറിച്ചു താഴേയ്ക്കിട്ടു. " ഡി മുബീ മതി വാ പോവാം.. ആഷിത രണ്ട് തരം പുളികളും അപ്പുവിന്റെ ബാഗിൽ നിറച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി. പടിഞ്ഞാറൻ പടവുകളിറങ്ങി പോകുന്ന സൂര്യന്റെ നിറം മങ്ങി തുടങ്ങിയിരുന്നു..

മുബീന അപ്പുവിനെ പതിയെ താഴേയ്ക്കിറക്കി. " ന്റെ ഉമ്മാ ഇവന്റെ ഷർട്ടിൽ അപ്പിടി അഴുക്കായല്ലോടി " ങാ ഞാൻ നിന്നോട് പറഞ്ഞതല്ലേ അവനെ കേറ്റണ്ടാന്ന്. ഉമ്മാ വരുന്നെന് മുന്നേ വീട്ടിലെത്താ വേം വാ.. താഴേക്കിറങ്ങുമ്പോൾ ചില്ലയിൽ ഉരഞ്ഞു അപ്പുവിന്റെ ഷർട്ടിൽ മരത്തിലെ അഴുക്ക് പറ്റി പിടിച്ചിരുന്നു. മുബീനയും ആഷിതയും പരസ്പരം പേടിയോടെ നോക്കി പാവാടയുടെ തുമ്പ് കൊണ്ട് മെല്ലെ തുടച്ചു.. ഷർട്ടിൽ ആകെയൊന്ന് നോക്കിയപ്പോൾ അവന്റെ ഉള്ള് ഒന്ന് ആന്തിയെങ്കിലും, താൻ ചെല്ലുന്ന സമയത്ത് ബീന അവിടെയുണ്ടാവില്ല എന്നോർത്തപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. കാരയ്ക്കയും, ജാതിയും, കുറച്ചു വാളൻ പുളിയും കൊണ്ട് തന്നെ ബാഗിന്റെ ചെറിയ കള്ളി നിറഞ്ഞിരുന്നു. പിന്നെയും പുളികൾ ബാക്കിയാണ്.. മുബീന പാവാടയുടെ അരികിലെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതിയെടുത്ത് താഴെ വെച്ച ശേഷം കുറച്ചു പുളികൾ പോക്കറ്റിൽ തിരുകി കയറ്റി. പിന്നാലെ ആഷിതയും.. " ഇന്ന് നിന്നെ നിന്റെ മമ്മി ശരിയാക്കും അപ്പു. ഇരുവരും പോക്കറ്റിൽ വാരി നിറയ്ക്കുന്നത് കണ്ടപ്പോൾ അപ്പുവിനും ഉത്സാഹമായി പെട്ടെന്നവനും നിക്കറിന്റെ രണ്ട് പോക്കറ്റുകളിലും പുളികൾ വാരി നിറച്ചു. പിന്നെയും കുറച്ചു പുളികൾ ബാക്കിയാണ്.

കഷ്ടപ്പെട്ട് പറിച്ചെടുത്തത് ഉപേക്ഷിച്ചു പോകാൻ അവർക്ക് തോന്നിയില്ല.. മുബീന ബാഗ് എടുത്ത് തോളത്തിട്ടു , താഴെയിരുന്ന ചെറിയ പേപ്പർ പൊതിയും കുറച്ചു പുളിയും എടുത്ത് പിടിച്ചു മുന്നോട്ട് നടന്നു. ആഷിതയും അപ്പുവും ബാക്കിയുള്ള പുളികളുമെടുത്ത് പിന്നാലെയും.. " വേഗം നടന്നോ മുബീ ഇപ്പൊ തന്നെ ഇരുട്ടാവും.. ആഷിത അപ്പുവിന്റെ കൈ പിടിച്ചു വേഗത്തിൽ നടന്നു. ചെറിയ രണ്ട് പോക്കറ്റുകളും പുളി കൊണ്ട് നിറഞ്ഞപ്പോൾ അവന്റെ നടപ്പിന് വേഗമുണ്ടായിരുന്നില്ല.. " ഞങ്ങക്ക് തരാതെ ഒറ്റക്കു തിന്നുവാണല്ലേ ഡി ദുഷ്ട്ടെ.. "അതിന് ഞാൻ ദേ ഈ ഒരണ്ണമേ എടുത്തിട്ടുള്ളു മുബീന മെല്ലെ ഉപ്പും മുളക്പൊടിയും കൂട്ടി തിരുമിയ ചെറിയ പൊതി ഉള്ളം കൈയിൽ തുറന്ന് പിടിച്ചു. പാവാട കീശയിൽ നിന്ന് ഒരു ഇരുമ്പൻ പുളിയെടുത്ത് തുമ്പ് കടിച്ച ശേഷം പൊതിയിൽ ഒന്ന് മുക്കി തിന്നുന്നത് കണ്ടപ്പോൾ ആഷിതയുടെ വായിൽ വെള്ളമൂറി. അവളത് ഒച്ചയുണ്ടാക്കി ഉള്ളിലേക്ക് കുടിച്ചിറക്കി.. "എനിക്കും വേണം അപ്പു ഓടിവന്ന് മുബീനയുടെ കയ്യിൽ തൂങ്ങി.അവൾ കടിച്ച പുളിയുടെ ബാക്കി ഒന്ന് കൂടി പേപ്പറിൽ മുക്കിയ ശേഷം അപ്പുവിന്റെ വായിലേക്ക് നീട്ടിയതും അവൻ അതിൽ മെല്ലെ കടിച്ചു. പുളിയുടെ രസമുകുളം നാവിലേക്ക് പൊട്ടിയൊഴുകി.

നാവിലെ ജലാംശം വരണ്ടു പോയത് പോലെ പല്ല് പുളിച്ചു മുഖം കോട്ടി അവനൊന്നാകെ വിറച്ചു.. " ഇനീം വേണം.. " അയ്യടാ കൊതിയാ.. അപ്പു വീണ്ടും മുബീനയുടെ കൈയിൽ തൂങ്ങി.. മുബീന ചിരിച്ചു കൊണ്ട് ഒന്നുകൂടി പൊതിയിൽ മുക്കി അവന് നീട്ടി.. അവനത് കടിച്ചുകൊണ്ടു പുറത്തേക്ക് ഒന്നൂതി.. എരിവും ഉപ്പും പുളിയും ഒന്നിച്ചവന്റെ നാവിലേക്കലിഞ്ഞിറങ്ങിയപ്പോൾ തൊണ്ട കുഴി ഉയർന്ന് താഴ്ന്നുണ്ടായിരുന്നു.. " ഇത് മുഴുവനും നമ്മള് തിന്നാൻ പോവാണോ താത്തൂ.. " ഏയ്. ഇത് നമ്മള് കൊണ്ട് പോയി അച്ചാറിടും, ദേ ഈ പുളി ഉണക്കി ചമ്മന്തിയുണ്ടാക്കും. കാരയ്ക്ക ഉപ്പിലിട്ട് കഞ്ഞിയുടെ കൂടെ കഴിക്കും. " അപ്പോ എനിക്കും തരോ. " ഇതൊക്കെ നിനക്ക് താരൻ വേണ്ടിയാട കോരങ്ങാ നമ്മളിന്ന് വന്നത്.. മുബീന അപ്പുവിന്റെ കവിളിൽ വിരല് കൊണ്ട് തോണ്ടി. അവൻ അവളെ നോക്കി ഗാഢമായി പുഞ്ചിരിച്ചു.. സന്ധ്യയെ ഇരുട്ട് പുണർന്നു തണുത്ത കാറ്റ് വീശി തുടങ്ങി. മൂവരും പുളികൾ എരിവിൽ മുക്കി കടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. " ഉമ്മി വന്നിട്ടുണ്ടെൽ നമുക്കിന്ന് കിട്ടും.. മുള്ള് കമ്പികൾക്ക് അടിയിലൂടെ നിരങ്ങിപുറത്തേക്കിറങ്ങി ഇടവഴിയിലൂടെ അവർ വേഗത്തിൽ നടന്നു..

" ന്റെ ഉമ്മാ പട്ടി.. അൽപ്പം മുന്നോട്ട് നടന്ന് വളവ് തിരിഞ്ഞതും തോട്ടുവക്കിൽ ഒരു പട്ടിയെ കണ്ട് അവർ ഭയന്ന് നിന്നു. ആഷിത അപ്പുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. അവൻ അവളെ വട്ടം പിടിച്ചു പിന്നിലേക്ക് മാറി. പട്ടി അവരെ രൂക്ഷമായി നോക്കി കൊണ്ട് മുരളുന്നുണ്ടായിരുന്നു. മുബീന പേടിയോടെ കാലടികൾ പിന്നോട്ട് വെച്ചു. പെട്ടെന്ന് കാലിൽ വാടി വീണ ഒരു കുഞ്ഞു തേങ്ങ തടഞ്ഞു. " ഓടിക്കോടാ അപ്പൂസേ.. അവളത് എടുക്കാൻ കുനിഞ്ഞതും പട്ടി കുരച്ചു കൊണ്ട് മുന്നോട്ട് ചാടി. മുബീനയും ആഷിതയും അപ്പുവിനെയും കൊണ്ട് തിരിഞ്ഞോടി.. കുരച്ചു കൊണ്ട് പട്ടിയും അവർക്ക് പിന്നാലെ പാഞ്ഞു.. വരമ്പും ഇടവഴികളും കടന്ന് മൂന്ന് പേരും ഓടുകയാണ്. ഇടയ്ക്ക് അപ്പു തിരിഞ്ഞു നോക്കി പേടിയോടെ അലറി വിളിക്കുന്നുണ്ട്.. ആഷിത ഓട്ടത്തിനിടയിൽ ഒച്ചയുണ്ടാക്കി പട്ടിയെ ഓടിക്കാൻ ശ്രമിക്കുകയാണ്. മൂവരും വല്ലാതെ ഓടി കിതയ്ക്കുകയാണ്. ഓടി കലുങ്കിന് മുന്നിലേക്കെത്തിയതും പെട്ടെന്ന് ദൂരെ നിന്ന് പട്ടിയുടെ നേരെ ഒരു തൂക്കു പാത്രം വന്നു വീണു. പട്ടി ഒന്ന് മോങ്ങി കൊണ്ട് തിരിഞ്ഞോടി.

ഒന്നും മനസ്സിലാവാതെ ആഷിതയും കൂട്ടരും കലുങ്കിന് കൈ വരിയിൽ തളർന്നിരുന്നു കൊണ്ട് ചുറ്റും നോക്കി. അവർ വല്ലാതെ കിതയ്ക്കുകയാണ്.. ആഷിത അപ്പുവിന്റെ പുറം തടവി കൊടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവർക്കടുത്തേക്ക് ഒരു സൈക്കിൾ പാഞ്ഞു വന്നു നിന്നു. " ഞാൻ വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ കാണായിരുന്നു. " ഓ ഇവനായിരുന്നോ ? പാൽക്കാരൻ പീതാംബരന്റെ മകൻ ലാലു സൈക്കിളിന്റെ ബെല്ലോന്ന് നീട്ടിയടിച്ചു കൊണ്ട് മുബീനയെ നോക്കി ചിരിച്ചു. മുബീന കിതപ്പിനിടയിൽ അവനെ ദേഷ്യത്തോടെ നോക്കി പിറുപിറുത്തു. " എന്റെ മുബീ ഈ സന്ധ്യ സമയത്തു ഇതിലെയൊക്കെ വരുമ്പോ നോക്കണ്ടേ? " ഇതിലും ഭേദം ആ പട്ടി കടിക്കുന്നതായിരുന്നു. " നീയെതാടാ. ? " ഞാൻ ലാലു. എന്നെ മനസിലായില്ലാ.? ആഷിത ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു. ലാലു പട്ടിയെ എറിഞ്ഞ പാൽ പാത്രം എടുത്തു സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കി കൊണ്ട് അവളെ നോക്കി ചിരിച്ചു. " ഏത് ലാലു ? " പാൽക്കാരൻ പീതാംബരന്റെ മകൻ , ഞാനല്ലേ എന്നും രാവിലെ വീട്ടില് പാലും കൊണ്ട് വരുന്നത്. " ങാ.. താങ്ക്സ് . വാടി പോവാം. ആഷിത മുബീനയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു. അപ്പു ലാലുവിനെ തന്നെ സൂക്ഷിച്ചു നോക്കുകയാണ്. ലാലു സംശയത്തോടെ അവനെയും.

" വാടാ കോരങ്ങാ പോണ്ടേ . " പോവാണെ . ബൈ.. മുബീന അപ്പുവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.. അവൻ ലാലുവിനെ നോക്കി ചിരിച്ചു കൈ വീശി കൊണ്ട് അവൾക്ക് പിന്നാലെ ഓടി.. ആളെ മനസ്സിലായില്ലെങ്കിലും അവനും അപ്പുവിനെ നോക്കി ചിരിച്ചു.. " ഇത് അനിയനാണോ മുബീ. " അല്ല എന്റെ വാപ്പ. ഒന്ന് പോയെടാ. മുബീന ലാലുവിനെ തിരിഞ്ഞു നോക്കി കണ്ണുരുട്ടി. അവൻ ചമ്മിയ പോലെ ഒന്ന് ചിരിച്ചു കൊണ്ട് സൈക്കിളുമെടുത്തു പോയി.. " ഉമ്മി വീട്ടില് വന്നിട്ടുണ്ടാവല്ലേ ന്റെ റബ്ബേ. ചുറ്റും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ആഷിതയും മുബീനയും അപ്പുവിന്റെ കൈ പിടിച്ചു ധൃതിയിൽ നടന്നു.. " അവനിനി വരൊന്നു തോന്നാണില്ല മോളെ. " ശരിയാ. ചിലപ്പോ അവിടെ അവന്റെയാ തള്ള ഭൂതം നേരത്തെ വന്നു കാണും. പേടിച്ചിട്ടാവും വരാഞ്ഞത്. കോശിച്ചയാനും അന്നാമ്മച്ചിയും പരസ്‌പരം നോക്കി കൊണ്ട് കടുത്ത ആലോചനയിലാണ്. നബീസു മൂകമായി വാതിൽക്കൽ അപ്പുവിനെ നോക്കി നിൽക്കുകയായിരുന്നു. സെബാസ്റ്റിന്റെ നാൽപ്പത്തഞ്ചാം പിറന്നാൾ പ്രമാണിച്ചു കോശിച്ചയാനും അന്നാമ്മച്ചിയും നബീസുവിനെ കൊണ്ട് പാലട പ്രഥമൻ ഉണ്ടാക്കിച്ചിരുന്നു.

വൈകീട്ട് വരുമ്പോൾ അപ്പുവിന് കൊടുക്കാൻ ഒരു പങ്ക് മാറ്റി വെച്ചു കാത്തിരിക്കുകയായിരുന്നു എല്ലാവരും.. " ശോ ഇന്നെന്റെ കൊച്ചിനെ ഒന്ന് കണ്ടു പോലുമില്ല. ഞാനെന്നാ പോയിക്കോട്ടെ അന്നാമ്മച്ചി. " ഉം. രാത്രി രാജീവിനെ കണ്ടാൽ അയാളുടെ കയ്യിലെങ്ങാനും കൊടുത്ത് വിടാം. നബീസു പടിക്കെട്ടിലേക്ക് തലയെത്തിച്ചു നോക്കി കൊണ്ട് നിരാശയോടെ അകത്തേക്ക് കയറി. " ദാ പിള്ളേർക്കുള്ളത് മറന്ന് പോകണ്ട. കോശിച്ചയാൻ ഒരു തൂക്ക് പാത്രം മേശപ്പുറത്തേക്ക് നീക്കി വെച്ചു. " ആ മാധവേട്ടൻ ഇന്ന് വന്നിരുന്നേൽ അങ്ങേരോടെങ്കിലും ഒന്ന് ചോദിക്കായിരുന്നു. " ഇന്നയാളുടെ മോളെ ആരോ പെണ്ണുകാണാൻ വരുന്നെന്നല്ലേ പറഞ്ഞത്, അതിനിയെന്തായോ എന്തോ. നീയിനി വൈകികണ്ട പെണ്ണേ, പോകാൻ നോക്കിക്കോ. അവനെ നമുക്ക് നാളെ കാണാം. " ശോ. നബീസുവിന്റെ മനസ്സ് പിന്നെയും അവനെ കാണാൻ കഴിയാത്തതിൽ പരിവേദനപ്പെടുകയാണ്. കോശിച്ചയാനും, അന്നാമ്മച്ചിയും കൂടി അവനെ കാണാതെ വല്ലാതെ നിരാശയിലായിരുന്നു. സങ്കടത്തോടെ അവൾ തൂക്ക് പാത്രമെടുത്ത് വാതിലടച്ചു പുറത്തേക്ക് നടന്നു..

ലിഫ്റ്റിനടുത്തേക്ക് നടന്നപ്പോഴും അവൾ സ്റ്റെപ്പിൽ കയറി തലയെത്തിച്ചു മുകളിലേക്ക് ഒന്ന് നോക്കി.. ഒരു നോക്കെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മനസ്സ് പിന്നെയും ആശിച്ചു പോകുന്നുണ്ടായിരുന്നു.. " അതേ പോകല്ലേ. ലിഫ്റ്റിറങ്ങി നബീസു താഴെയെത്തി. വാതിൽക്കൽ വന്നു നിന്നിരുന്ന ഓട്ടോ ആളെയിറക്കി പോകാൻ തുടങ്ങിയതും നബീസു കൈ കാണിച്ചു വിളിച്ചു. " ഒന്ന് അംബേദ്ക്കർ കോളനി വരെ പോണം. " ഇവിടുന്ന് നടക്കാനുള്ള ദൂരമല്ലേയുള്ളൂ ചേച്ചി. " നല്ല സുഖമില്ലാഞ്ഞിട്ടാ ചേട്ടാ ? " ങാ എന്നാ കേറിക്കോ.. ഓട്ടോക്കാരൻ നീരസത്തോടെ അവളെ നോക്കി. തളർച്ച ശരീരത്തിനല്ല മനസിനാണെന്ന് അയാളെ എങ്ങിനെ പറഞ്ഞു മനസിലാക്കുമെന്നറിയാതെ നബീസു വണ്ടിയിൽ കയറി. ഓട്ടോ അവളെയും കൊണ്ട് ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങിയതും ബീനയുടെ കാർ ഉള്ളിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ഒരേ കുരുന്നിന് വേണ്ടി പെറ്റമ്മയും പോറ്റമ്മയും ഒരേ കവാടം കയറിയിറങ്ങി വരുകയും പോവുകയുമാണ്. ഒരാൾ നുണയുടെ നൂൽ ചിറകിലേറി സ്വർത്ഥമായ സ്നേഹം കാണിക്കാൻ വരികയാണ്. മറ്റൊരാൾ ഹൃദയത്തിന്റെ ഓരോ മിടിപ്പിലും അവനെ കുറിച്ചു മാത്രം ഓർമിച്ചു കൊണ്ട് പോവുകയും ചെയ്യുന്നു. ഓട്ടോ നബീസുവിനെ കോളനിയുടെ വാതിൽക്കലറിക്കി.

കാശ് കൊടുത്ത ശേഷം അവൾ പതിയെ വീട്ടിലേക്ക് നടന്നു. ദൂരെ നിന്നെ ഉമ്മറത്ത് ലൈറ്റുകൾ കാണാതായപ്പോൾ അവളുടെ ഉള്ളിൽ ആധി പെരുകി തുടങ്ങി.. " വാതിലും പൂട്ടിക്കൊണ്ട് ഇവള് രണ്ടും കൂടി ഇതേവിടെ പോയി. നബീസു പാത്രം വാതിൽക്കൽ വെച്ചു കൊണ്ട് വീടിന് ചുറ്റും അവരെ നോക്കുകയാണ്. ഉമ്മറ കോലായിൽ ഭിത്തിയോട് ചേർന്ന് അവരുടെ ബാഗ് രണ്ടും ഇരിപ്പുണ്ടായിരുന്നു.. നബീസുവിന്റെ പേടി കൂടി വരുകയാണ്. അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി. " ഹോ ഭാഗ്യം ഉമ്മ വന്നിട്ടില്ലെടി. ആഷിത നെഞ്ചത്ത് കൈ വെച്ചു ആശ്വസിച്ചു കൊണ്ട് അപ്പുവിനെയും കൊണ്ട് മുറ്റത്തേക്ക് ഓടി കയറി, പിന്നാലെ മുബീനയും. പെട്ടെന്ന് വാതിൽക്കലെ ലൈറ്റ് തെളിഞ്ഞതും മൂവരും ഞെട്ടി നിന്നു. അപ്പുവിനെ ആഷിത പാവടയ്ക്ക് പിന്നിലെക്ക് നീക്കി പിടിച്ചു. " ഇത്രനേരം എവിടെയായിരുന്നേഡി അസത്തുക്കളെ. മനുഷ്യനെ പേടിപ്പിക്കാനായിട്ട്. നബീസു ദേഷ്യത്തോടെ വാതിൽക്കലേക്കിറങ്ങി വന്നു. ഇരുവരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.. " അപ്പു. നീയെന്താ ഇവിടെ ? അപ്പു ഒരു കള്ള ചിരിയോടെ ആഷിതയുടെ പിന്നിൽ നിന്ന് വെളിച്ചത്തേക്ക് വന്നു. അഴുക്ക് പുരണ്ടു, വിയർത്തൊഴുകിയ മുഖവും വസ്ത്രങ്ങളും കണ്ട് നബീസു അവനെ ഞെട്ടി നോക്കി. "

ഇവനേം കൊണ്ട് രണ്ടും കൂടെ എവിടെ പോയതാടി ? " ഞങ്ങളെങ്ങും പോയില്ല. അല്ലെ അപ്പു.. " ആന്റിക്ക് പുളി വേണോ. " എന്റുമ്മോ ഈ കോരങ്ങൻ. അപ്പു നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് പുളിയെടുത്തു നീട്ടി. കുറ്റവാളികളെ പോലെ അവൾക്ക് മുന്നിൽ തലകുനിച്ചു നിന്നിരുന്ന ആഷിതയും മുബീനയും പരസ്പ്പരം ഞെട്ടി നോക്കി. " അവന്റൊരു പുളി ഇങ്ങോട്ട് വാടാ.. തെണ്ടി തിരിഞ്ഞു വന്നിരിക്കുന്ന കോലം കണ്ടില്ലേ.. ന്റെ പടച്ചോനെ ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പുകിലാണോ ഉണ്ടാവാൻ പോണത്. കുറച്ചു നേരത്തെയെങ്ങാനും ആയിരുന്നേൽ ഇതൊക്കെയെന്ന് നനച്ചാറ്റിയിടെങ്കിലും ചെയ്യായിരുന്നു.. നബീസു അപ്പുവിനെ പിടിച്ചു വലിച്ചു കിണറ്റിൻകരയിലേക്ക് നടന്നു. അവളുടെ ശകാരം കേട്ടിട്ടും അവൻ അവളെ നോക്കി പുഞ്ചിരിക്കുകയാണ്. ആഷിതയും മുബീനയും മിണ്ടാതെ നോക്കി നിൽക്കുന്നുണ്ട്.. നബീസു അപ്പുവിന്റെ മുഖം കഴുകി സാരി തുമ്പ് കൊണ്ട് തുടച്ചു. നിക്കറഴിച്ചു ഷർട്ട് നേരെയാക്കി. കൈ കൊണ്ട് മൂടി കൊതിയൊതുക്കിയ ശേഷം പുറത്തേക്ക് നടന്നു.. " അയ്യോ എന്റെ ബാഗ്. " നോക്കി നിൽക്കാതെ ആ ബാഗങ്ങ് കൊടുക്കടി .. അപ്പു നബീസുവിനെ പിടിച്ചു നിർത്തി. അവൾ പിള്ളേരെ നോക്കി ദേഷ്യപ്പെട്ടു.. ഇരുവരും മുഖത്തോട് മുഖം നോക്കി തരിച്ചു നിൽക്കുകയാണ്.

" അത് പിന്നെ ഉമ്മാ പുളീം കാരക്കേo ഈ ബാഗിലാ. " ന്റെ റബ്ബേ.. കുരുത്തംകേട്ടതുങ്ങള്.. അതെല്ലാം എടുത്ത് മാറ്റി ആബാഗിങ് താടി ജന്തു.. നബീസു ആഷിതയുടെ കൈയിൽ വലിച്ചടിച്ചു.. ഇരുവരും പേടിച്ചു ബാഗ് തുറന്ന് പുളിയും കാരക്കയും കുടഞ്ഞിട്ടു. " പഠിക്കുന്ന പുസ്തത്തിന്റെ മീതെയാണോടി ഇതൊക്കെ സ്വരുകൂട്ടി വെക്കുന്നത് അസത്തെ.. ബാഗിനുള്ളിൽ നിന്നും തെറിച്ചു വീണ ഒരു നോട്ടുബുക്ക് മുബീനയെടുത്ത് പാവാട കൊണ്ട് തുടച്ച ശേഷം മറിച്ചു നോക്കി. പെട്ടെന്ന് അതിനുള്ളിൽ ഒരു കാർഡ് കണ്ട് അവൾ മെല്ലെ അതെടുത്തു ഒന്ന് ഓടിച്ചു നോക്കി.. " വായിക്കാൻ കണ്ട നേരം ഇങ്ങോട്ട് താടി.. " അപ്പു പോവാണെ. നാളെ വരാം.. ആഷിത ബുക്ക് പിടിച്ചു വാങ്ങി ബാഗിൽ വെച്ച ശേഷം നബീസുവിന് നീട്ടി. അപ്പു ചിരിച്ചു കൊണ്ട് അവർക്ക് നേരെ കൈ വീശി.

" ദേ നാളെ ഇതിന്റെ പേരിൽ എന്റെ കൊച്ചിനെ ആരേലും എന്തേലും ചെയ്തൂന്ന് ഞാനറിഞ്ഞാലാ രണ്ടിനും ശരിക്കും എന്റെ കയ്യീന്ന് കിട്ടാൻ പോണത്.. പറഞ്ഞേക്കാം.. അപ്പു വീട്ടിൽ എത്തിയാൽ ഉണ്ടായേക്കാവുന്ന ബീനയുടെ മാരകമായ പ്രതികരണത്തെ പറ്റി ആലോചിച്ചപ്പോൾ നബീസുവിന്റെ ഉള്ള് വിങ്ങി പിടയുന്നുണ്ടായിരുന്നു. അവരെ നോക്കി ദഹിപ്പിച്ചു കൊണ്ട് അവൾ അപ്പുവിനെയും പിടിച്ചു വേഗത്തിൽ നടന്നു.. മുബീനയും ആഷിതയും ഒന്നും മിണ്ടാതെ പേടിച്ചു നോക്കുകയാണ്. " അല്ലെങ്കിലും അവനിന്ന് അവന്റെ മമ്മീടെ കയ്യീന്ന് ശരിക്കും കിട്ടും . " നീയൊന്ന് മിണ്ടതിരുന്നെടി. " നീയവന്റെ പ്രോഗ്രസ് കാർഡ് കണ്ടില്ലല്ലോ " ഇല്ല.. എന്തേ. " ങാ. എല്ലാത്തിനും നല്ല മാർക്കാ, ഇന്നെന്തായാലും അതിന്റെ പേരിൽ അവന് ശരിക്ക് കിട്ടും. " പടച്ചോന് നിരക്കാത്തതൊന്നും പറയല്ലെടി മുബീ പാപം കിട്ടുട്ടോ. ന്റെ പടച്ചോനെ അവനെ കത്തൊണെ. ആഷിത സങ്കടത്തോടെ അവര് പോയി മറയുന്നത് നോക്കി നിൽക്കുകയാണ്. മുബീന താഴെ കിടക്കുന്ന പുളിയും കാരയ്ക്കയും പെറുക്കിയെടുത്ത് അകത്തേക്ക് പോയി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story