എന്റെ ഉമ്മാന്റെ പേര്: ഭാഗം 25

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

ബാഗിൽ നിന്ന് താക്കോലെടുത്ത് ബീന വാതിൽ തുറന്ന് അകത്തേക്ക് കയറിയ ലൈറ്റിട്ട ശേഷം കയ്യിലിരുന്ന കവറുകൾ മേശപ്പുറത്ത് വെച്ചു.. " ഇവനിതുവരെ വന്നില്ലേ ? ബീന അപ്പുവിന്റെ മുറിയിലേക്ക് നടന്നു നോക്കി. ശൂന്യമായ മുറി കണ്ട് അവരുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ കണിക തെളിഞ്ഞു വരുന്നുണ്ടായിരുന്നു.. സാരി തുമ്പ് കയ്യിലിട്ട് കശക്കി ഒന്നാഞ്ഞു ശ്വസിച്ചു കൊണ്ട് അവരുടെ ബെഡ്റൂമിലേക്ക് പോയി. നബീസു അപ്പുവിന്റെ കൈയും പിടിച്ചു റോഡിലൂടെ വേഗത്തിൽ നടക്കുകയാണ്. അവളുടെ ഉള്ളിൽ ഭയം ഉരുകിയിറങ്ങുന്നുണ്ടായിരുന്നു. ഇടയ്ക്ക് അവൾ അവനെ തിരിഞ്ഞു നോക്കുന്നുണ്ട്.. പിന്നാലെ കുരച്ചെത്തിയ നായയെ ഓടി തോല്പിച്ചതിലും വേഗത്തിൽ അപ്പു നബീസുവിന് പിറകെ പായുകയാണ്. പുളികൾ കൊണ്ട് നിറഞ്ഞ രണ്ട് പോക്കറ്റുകളും നടപ്പിൽ ഇരുവശത്തേക്കും തെന്നി മാറുന്നുണ്ട്.. ബീന ഫ്രഷായി ഹാളിലേക്ക് വന്നു കവറിൽ നിന്ന് സ്വീറ്റ്‌സുകൾ എടുത്ത് പുറത്ത് വെച്ചു.

ശേഷം എന്തോ ആലോചിച്ചു കൊണ്ട് സംശയത്തോടെ അവർ വീണ്ടും അപ്പുവിന്റെ മുറിയിലേക്ക് ചെന്നു അവന്റെ ബാഗ് വയ്ക്കാറുള്ള ചെറിയ ടേബിളിനടിയിൽ കുനിഞ്ഞു നോക്കി. പെട്ടെന്നവർ ബാൽക്കണയിലേക്ക് നടന്ന് താഴെയുള്ള കുട്ടികളുടെ കളി സ്ഥലത്തേക്ക് നോക്കി. ഹാലജന്റെ നരച്ച വെളിച്ചത്തിൽ അവിടെ കുറച്ചു കുട്ടികൾ നിന്ന് കളിക്കുന്നുണ്ടായിരുന്നു. മുഖത്ത് ദേഷ്യം പിന്നെയും ഇരുണ്ട് കൂടുകയാണ്. ചുണ്ടനക്കി എന്തോ പിറുപിറുത്തു കൊണ്ട് അവർ ഹാളിലേക്ക് പോയി. നബീസു അപ്പുവിനെയും കൊണ്ട് ധൃതിയിൽ ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് ഓടി കയറി.. പരിചയക്കാർ ആരെങ്കിലും കാണുന്നുണ്ടോ എന്ന് അവൾ പേടിയോടെ ചുറ്റിലും പരതുകയാണ്. അകത്തേക്ക് നടക്കുന്നതിനിടയിൽ പാർക്കിൽ കളിക്കുന്ന കുട്ടികളുടെ ബഹളം കേട്ട് അപ്പു തിരിഞ്ഞു നോക്കി. ലിഫ്റ്റിന് മുന്നിലെത്തിയതും അവൾ സ്റ്റെയറിന്റെ കൈവരിയിൽ പിടിച്ചു അൽപ്പനേരം ഒന്ന് നിന്നു. ഇരുവരും നന്നായി വിയർത്തൊഴുകുകയാണ്. കിതപ്പ് ശ്വാസത്തെ വലിഞ്ഞു മുറുക്കിയത് പോലെ അവൾ വല്ലാതെ അണക്കുന്നുണ്ടായിരുന്നു.

നബീസു സാരി തുമ്പ് കൊണ്ട് അപ്പുവിന്റെ മുഖം തുടച്ചു, മുടി കോതിയൊതുക്കിയ ശേഷം ബട്ടണിൽ വിരലമർത്തി. നാലാം നിലയിൽ നിന്ന് ലിഫ്റ്റ് താഴേയ്ക്കിറങ്ങി വന്നു അവർക്ക് മുന്നിൽ തുറന്നു. " മമ്മിയെത്ര ദേഷ്യപ്പെട്ടാലും മോനൊന്നും പറയരുത് ട്ടോ. " ങാ.. അവൾ അപ്പുവിന്റെ മുഖത്തെ വിയർപ്പ് വീണ്ടും സാരി തലപ്പ് കൊണ്ട് ഒപ്പിയെടുത്തു.. " ആന്റി. " എന്തെടാ. " ആന്റി അവരെ അടിക്കുവോ ? " ങാ ഞാനൊന്ന് ചെല്ലട്ടെ കൊടുക്കുന്നുണ്ട് രണ്ടിനും. " വേണ്ടാ അടിക്കണ്ട അവര് പവോല്ലേ.. അപ്പു നബീസുവിനെ വട്ടം പിടിച്ചു. അവന്റെ മുഖം വാടുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി.. ലിഫ്റ്റ് ഏഴാം നിലയിൽ വന്ന് നിന്നു. നബീസു അവനെയും കൊണ്ട് പുറത്തേക്കിറങ്ങി. പതിയെ ചുറ്റും നോക്കി കൊണ്ട് എട്ടാം നിലയുടെ പടവുകൾ കയറി. " ആന്റി പറഞ്ഞത് ഓർമയുണ്ടല്ലോ മമ്മി എന്ത് പറഞ്ഞാലും മോൻ ദേഷ്യം കാണിക്കരുത്. ചെല്ല് . "ആന്റി പോവുവാണോ? " അപ്പു അകത്തേക്ക് കേറിയിട്ടേ ആന്റി പോകുന്നുള്ളൂ. അവൾ അവന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ കൈ കൊണ്ട് തുടച്ചശേഷം ചേർത്തുപിടിച്ചൊരുമ്മ കൊടുത്തു.

അവൻ അവളെയും അഗാധമാം വിധം കെട്ടിപുണരുകയാണ്. മുകളിലേക്ക് എത്തിയതും അവളൊന്ന് തലയെത്തിച്ചു വാതിൽക്കലേക്ക് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവനെ പറഞ്ഞുവിട്ടു. അപ്പു വാതിൽക്കലെത്തി കൊളിങ് ബെല്ലമർത്തി കൊണ്ട് നബീസുവിനെ ഒന്ന് തിരിഞ്ഞു നോക്കി . അവൾ ഇമവെട്ടാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ് . പെട്ടെന്ന് കതക് തുറക്കുന്ന ശബ്ദം കേട്ടതും അവൾ സ്റ്റെപ്പിന് താഴെക്കിറങ്ങി നിന്നു. "എവിടെയായിരുന്നെടാ ഇത്രയും നേരം? " കളിക്കാൻ .. ബീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നുണ്ടായിരുന്നു. അപ്പു അവരെ ശ്രദ്ധിക്കാതെ തല കുനിച്ചു. " സ്കൂളിൽപോയി വന്നിരിക്കുന്ന കോലം കണ്ടില്ലേ? മ്മ്. ഉം. കേറി പോ. അപ്പു പതിയെ തലചരിച്ചു നബീസു നിന്നിടത്തേക്ക് നോക്കി കൈ വീശികാണിച്ചു .അവളവനെ മെല്ലെ എത്തി നോക്കുന്നുണ്ടായിരുന്നു. "പുറത്താരാടാ ഉള്ളത്?

ബീന അവനെ നോക്കി കണ്ണുരുട്ടികൊണ്ട് വാതിൽക്കലേക്ക് വന്നു. പെട്ടെന്ന് നബീസു തല പിന്നിലേക്ക് വെട്ടിച്ചു മാറി നിന്നു. പുറത്താരുമില്ലെന്ന് കണ്ടപ്പോൾ ബീന വാതിൽ വലിച്ചടച്ച് അകത്തേക്ക് കയറി. ശബ്ദം കേട്ട് നബീസുവൊന്ന് ഞെട്ടി. അവനെ കുറിച്ചോർത്തപ്പോൾ അവളുടെ ഉള്ളിൽ പേടി വല്ലാതെ ഉയരുന്നുണ്ടായിരുന്നു. വാതിക്കലേക്ക് ഒരിക്കൽക്കൂടി എത്തിനോക്കികൊണ്ട് അവൾ താഴേക്കിറങ്ങി . "നിന്റെ പോക്കറ്റിൽ എന്താടാ ഈ മുഴച്ചിരിക്കുന്നത് ? ബീന അവനെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു . അപ്പു ഞെട്ടലോടെ രണ്ടു പോക്കറ്റും പൊത്തിപ്പിടിച്ചു. " ഞാൻ ചോദിച്ചത് കേട്ടില്ലേ? അവരുടെ ശബ്ദം ഉയർന്നു. അപ്പു പേടിയോടെ പോക്കറ്റിൽ നിന്ന് ഒരു പുളിയെടുത്തു കാണിച്ചു.. " ഇതേവിടുന്നാ.. " ഫ്ര.. ണ്ട്. സ് ത ന്നതാ. " ഏത് ഫ്രണ്ട്സ് ? " താ.. താഴെയുള്ള. " ഉം . അവർ പിന്നെയും അവനെ നോക്കി കണ്ണുരുട്ടി.. അപ്പു നിന്ന് പേടിയോടെ നിന്ന് വിറയ്ക്കുന്നുണ്ട്. ആരുടെയും മനസ്സ് നീറ്റാത്ത ഒരു നുണയുടെ ധൈര്യത്തിൽ അവൻ സ്വയം സംരക്ഷിക്കുകയാണ്. " അയ്യേ അപ്പൂസ് പേടിച്ചു പോയോ ? മമ്മി ഒരു തമാശ കാണിച്ചതല്ലേ.

അപ്പൂനെ കാണാതെ മമ്മി എത്ര മാത്രം പേടിച്ചൂന്ന് അറിയോ. ആഹാ ഇത് കുറെയുണ്ടല്ലോ. ഇതൊക്കെയിവിടെ എടുത്ത് വെച്ചു വേഗം പോയി കുളിച്ചിട്ട് വാ.. ദേഷ്യം ഉള്ളിൽ തളച്ചിട്ടു കൊണ്ട് അവർ അവന് മുന്നിൽ കുനിഞ്ഞിരുന്നു പോക്കറ്റിൽ കൈയിട്ട് പുളികൾ എല്ലാം മേശപ്പുറത്ത് വെച്ചു. അപ്പുവിന് അവളുടെ പെട്ടെന്നുള്ള മാറ്റം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ പേടിയോടെ അവരെ തന്നെ നോക്കി നിൽക്കുകയാണ്. " അപ്പു തനിയെ കുളിക്കോ അതോ ഇന്ന് മമ്മി കുളിപ്പിക്കണോ ? " ഞാൻ കുളിച്ചോളാ. അവർ അപ്പുവിന്റെ തോളിൽ നിന്ന് ബാഗ് ഊരി മാറ്റിയ ശേഷം ഷർട്ടിന്റെ ബട്ടണഴിച്ചു. അവന്റെ ഭയം വിട്ടു പോയിട്ടില്ലായിരുന്നു. എങ്കിലും അവന്റെ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി.. ഓർമവെച്ചിട്ട് ആദ്യമായാണ് ബീന അവനോട് ഇത്ര സ്നേഹത്തോടെ സംസാരിക്കുന്നത്, ചേർത്ത് പിടിച്ചു വാത്സല്യത്തോടെ പെരുമാറുന്നത്. കളങ്കമറിയാത്ത ഒരു കുരുന്ന് മനസിനെ സ്നേഹം അഭിനയിച്ചു കബളിപ്പിക്കാൻ ശ്രമിക്കുകയാണവർ. അളന്ന് മുറിച്ചു നൽകുന്ന മാതൃത്വത്തിൽ പോലും സ്വാർത്ഥയാകുന്നൊരമ്മ.

സ്നേഹമെന്ന കള്ളം പറഞ്ഞു ഒരാളെ പറ്റിക്കാൻ എന്തെളുപ്പമാണ്. ബീനയെ ആകെയൊന്ന് നോക്കി കൊണ്ട് അപ്പു റൂമിലേക്ക് പോയി. " ദേ അപ്പൂന് വേണ്ടി മമ്മിയെന്തൊക്കെയാ കൊണ്ട് വന്നെന്ന് നോക്കിയേ . അപ്പു കുളി കഴിഞ്ഞു പെട്ടെന്ന് തിരിച്ചു തിരിച്ചു വന്നു. ബീന സ്വീറ്റ്‌സുകൾ ഓരോന്നായി മേശപ്പുറത്ത് നിരത്തി വയ്ക്കുകയാണ്. അവർ അവനെയെടുത്ത് കസേരയിൽ കയറ്റിയിരുത്തി. " ദേ ഇത് അപ്പൂന് ഇഷ്ട്ടയോ. ? പഞ്ചസാര നീരിൽ മുങ്ങി കുതിർന്ന ഒരു ചെറിയ ബോക്സ് ഗുലാബ് ജാം അവന് മുന്നിൽ തുറന്ന് വച്ചു. ഇടയ്ക്കൊരു ദിവസം രാജീവ് കൊണ്ട് വന്ന സ്വീറ്റ്‌സ് പാക്കറ്റിൽ അതും കണ്ടിരുന്ന ഓർമ്മയിൽ അവർ അവന് വേണ്ടി ആദ്യം വാങ്ങിയത് അതായിരുന്നു. ബർഫി മുതൽ ലഡുവും, ജിലേബിയും, മോദക്കും, ചം ചം തുടങ്ങി അവനിന്നോളം രുചി പോലും അറിഞ്ഞിട്ടില്ലാത്ത, എന്നാൽ ബീനയുടെ കാഴ്ചയിൽ മനോഹരങ്ങളെന്ന് തോന്നിയ പലതരം മധുരപലഹാരങ്ങൾ അവന് മുന്നിൽ അവർ നിരത്തി വച്ചു.

ഏത് മധുരം നല്കിയാണ് സ്വന്തം മകന്റെ മനസ്സ് കീഴടക്കുക എന്നവർക്ക് അപ്പോഴും നിശ്ചയമില്ലായിരുന്നു. എന്നും വഴിയോരക്കാഴ്ചകളിൽ കാണാറുള്ള നിറമുള്ള ചില്ലു കൂടുകൾ കൺമുന്നിൽ നിരന്നത് പോലെ അവൻ അദ്ഭുതത്തോടെ ഓരോന്നിലും മാറിമാറി നോക്കുകയാണ്. ബീനാ ഒരു ചെറിയ സ്പൂണെടുത്ത് ഗുലാബ് ജാമിൽ നിന്ന് അൽപ്പം കോരി അവന് നീട്ടി. ഉള്ളിൽ സന്തോഷം നിറയുന്നുണ്ടെങ്കിലും കൺ കോണുകളിലെ പേടിയുടെ ലഞ്ചന വിട്ട് പോയിട്ടില്ലായിരുന്നു. എങ്കിലും അവൻ അവൾ നീട്ടിയ മധുരത്തിന് മുന്നിൽ വായ് തുറന്നു. " ഇഷ്ട്ടയോ ? " ഉം. അവൻ ഒന്ന് മൂളി.. ഗുലാബ് ജാമിന്റെ മധുരത്തിന് മീതെ അവർ പിന്നെയും പലതും അവനെ ഊട്ടുകയാണ്.. " മമ്മിയൊരു കാര്യം പറഞ്ഞാൽ അപ്പു കേൾക്കോ. ? " ങാ. അവൻ മൂളി കൊണ്ട് സംശയത്തോടെ അവരെ നോക്കി.. " അതുണ്ടല്ലോ അപ്പൂസേ. മമ്മിക്ക് ജോലി കാര്യത്തിന് വേണ്ടി കുറച്ചു ദിവസം ദൂരെ ഒരു സ്ഥലത്ത് പോയി നിൽക്കേണ്ടി വരും അപ്പൊ അച്ഛൻ ചോദിക്കും അപ്പൂനെ ആരാ സ്കൂളീന്ന് കൊണ്ട് വരുന്നെന്ന്, അപ്പൊ മമ്മി പറയും ഇത്ര ദിവസം എന്നും വൈകീട്ട് മമ്മിയാണ് അപ്പൂനെ സ്കൂളീന്ന് കൊണ്ട് വന്നെന്ന് . അപ്പൊ അച്ഛൻ അപ്പൂനോട് ആരാ സ്കൂളിന്ന് കൊണ്ട് വന്നെന്ന് ചോദിച്ചാൽ മമ്മിയാണെന്ന് പറയണം.. അപ്പൂസ് പറയോ ?

" ങാ. " പിന്നെ എന്നും മമ്മി അപ്പൂന് ഇഷ്ട്ടോള്ളതൊക്കെ ഉണ്ടാക്കി തരും, കളിക്കാൻ പാർക്കിൽ കൊണ്ടോവും, അപ്പൂനെ പഠിപ്പിക്കും , ഹോം വർക്ക് ചെയ്യിക്കും എന്നൊക്കെ പറയണം. പറയോ . പ്രോമിസ്. " ങാ. നൽകിയ മധുരത്തിന് മീതെ അവർ അവന്റെ മനസ്സിൽ നുണകളുടെ അധിമധുരം കൂടി കോരി നിറയ്ക്കുകയാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി അവൻ പറഞ്ഞ , ആരെയും നോവിക്കാതെ കൊച്ചു കള്ളങ്ങളെക്കാൾ വലിയ കല്ല് വെച്ച അസത്യം പറയാൻ മുലപ്പാലൂട്ടിയ ഒരമ്മയുടെ സ്വാർത്ഥതാ അവനെ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.. അച്ഛനെ ജയിക്കാൻ 'അമ്മ നിരത്തുന്ന ചതുരംഗം കളത്തിലെ വെറുമൊരു കാലാൾഭടൻ മാത്രമാവുകയാണ് അവൻ. ഊട്ടിയതത്രെയും സ്നേഹമാണെന്ന് വിശ്വസിച്ചു പോയ അപ്പു,അവർ പഠിപ്പിച്ച നാടകത്തിലെ വെറുമൊരു കോമാളിയാണെന്ന് തിരിച്ചറിയാതെ പറഞ്ഞത് മുഴുവൻ തല കുലുക്കി സമ്മതിച്ചു. പേടിയുടെ കണിക പൂർണമായി വിട്ടു പോയില്ലെങ്കിലും . കള്ളം പറഞ്ഞു കടം കൊണ്ട സ്നേഹത്തിന്റെ അർത്ഥമാറിയതെ അവന്റെയുള്ളിൽ അവരോട് ഒരു മണൽ തരിയോളം സ്നേഹം തോന്നി തുടങ്ങിയിരുന്നു " ഇത് ഞാൻ എടുത്തോട്ടെ ? " വെക്കേടാ അവിടെ, മധുരത്തിന്റെ കൂടെ പുളിയുള്ളത് കഴിച്ചാൽ ഛർദിക്കില്ലേ അപ്പു..

അവൻ ഒരു നേർത്ത ചിരിയോടെ പുളിയിലേക്ക് കൈ നീട്ടി. പെട്ടെന്ന് ബീനയുടെ മുഖം മാറി, അവർ കൈ കൊണ്ട് അവന്റെ കൈ തണ്ടയിൽ ഒന്നടിച്ചു. അവൻ ഞെട്ടലോടെ കൈ പിന്നോട്ട് വലിച്ചു. ബീന തമാശ പോലെ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. " ഇനി നമുക്ക് പഠിക്കാം. വാ. ബീന ക്ലോക്കിലേക്ക് നോക്കി സമയം ഏഴ് മണി. രാജീവ് വരാനുള്ള സമയമായി എന്നു മനസിലായപ്പോൾ അവർ അവനെ കസേരയിൽ നിന്നിറക്കി സോഫയിലിരുത്തി. ബാഗ് എടുത്തു തുറന്ന് ബുക്കുകൾ പുറത്തേക്ക് വെച്ചു.. പെട്ടെന്ന് അതിനിടയിലെ പ്രോഗ്രസ് കാർഡ് കണ്ടപ്പോൾ മാത്രമാണ് അപ്പുവിന് അതിനെ കുറിച്ചോർമ്മ വന്നത്. കഴിഞ്ഞ പരീക്ഷയ്ക്ക് കിട്ടിയ മാർക്കുകളുടെ അവസ്ഥ വളരെ മോശമാണെന്ന് അവൻ നന്നായിട്ടറിയാം. അവന്റെയുള്ളിലെ പേടി പിന്നെയും നുരഞ്ഞു പൊങ്ങി തുടങ്ങി.. " മാത് സിന് ഹോം വർക് ചെയ്യാനുണ്ടല്ലോ ? കണക്കിന്റെ നോട്ട് ബുക്ക് മാറ്റി വെച്ചശേഷം ബീന മറ്റ് നോട്ട് ബുക്കുകൾ ഓരോന്നായി എടുത്ത് തുറന്ന് നോക്കുകയാണ്. അപ്പു തലകുനിഞ്ഞിരുന്നു അവരെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.

മുൻപ് പലതവണ പ്രോഗ്രസ് കാർഡ് കൊണ്ടുവന്ന് കാണിച്ചപ്പോഴുള്ള അനുഭവങ്ങൾ വളരെ ദുസഹമായിരുന്നു. കിട്ടിയ മാർക്കിനെക്കാളും നഷ്ടപ്പെട്ടു പോയ ചുരുക്കം ചില മാർക്കിനെ കുറിച്ചുള്ള ചോദ്യം ചെയ്യലായിരുന്നു ഏറെയും. മറ്റുള്ളവരുടെ മക്കൾക്ക് കിട്ടിയ ഉയർന്ന മാർക്കിന് മുന്നിൽ ഉടഞ്ഞു പോയ അവരുടെ ആത്മാഭിമാനത്തിന്റെ പേരിലുള്ള ശകാരവും, ഭേദ്യവുമായിരുന്നു. അപ്പോഴും അവർ അവന് കിട്ടിയ തൊണ്ണൂറ്റിയൊൻപത് മാർക്കിന്റെ പ്രായത്നത്തെ അവർ ഒരിക്കൽ പോലും പ്രശംസിച്ചില്ല, ഒരു പുഞ്ചിരി കൊണ്ട് പോലും അവന് ആശംസകൾ അറിയിച്ചില്ല. മങ്ങി പോയ അന്തസ്സിന്റെ പേരിൽ അവന്റെയുള്ളിൽ ശേഷിച്ചിരുന്ന ആത്മവിശ്വാസം കൂടി അവർ തച്ചുടച്ചു കളഞ്ഞിരുന്നു. " ഇതെന്താടാ കഴിഞ്ഞ തവണത്തേക്കാളും മാർക്ക് കുറവാണല്ലോ. നീ പഠിച്ചു പഠിച്ചു താഴേയ്ക്കണോ വരുന്നേ. parents some one needs to come and meet the class teacher. മനുഷ്യനെ നാണം കെടുത്താനായിട്ട്. ബീന പ്രോഗ്രസ് കാർഡിന് അടിയിലെ നോട്ട് ദേഷ്യത്തിൽ ഉറക്കെ വായിച്ചു. അപ്പു ഞെട്ടി അവരെ തന്നെ നോക്കിയിരിക്കുകയാണ്.

അൽപ്പം മുൻപ് അവൻ കണ്ട മുഖമായിരുന്നില്ല ആ സമയം അവരുടേത്. എത്രയൊക്കെ സ്നേഹം അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിച്ചിട്ടും ഉള്ളിന്റെയുള്ളിൽ അവരോളിച്ചു വെച്ച അവരുടെ യഥാർത്ഥ ഭാവം പിന്നെയും പുറത്തേക്ക് വരുകയാണ്. " കെട്ടിയൊരുങ്ങി പഠിക്കാൻ നടക്കുന്നു. അയ്യേ. ഈ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞെന്ന് വെച്ചു അപ്പുവെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ, നമുക്ക് നന്നായി പഠിച്ച് അടുത്ത പരീക്ഷയ്ക്ക് വല്ല്യ മാർക്ക് വാങ്ങാല്ലോ.. ഇനിയെല്ലാം മമ്മി പഠിപ്പിച്ചു തരാം. പോരെ. പെട്ടെന്ന് രാജീവ് വാതിൽ തുറന്ന് അകത്തേക്ക് കയറിയതും , അയാളെ കണ്ടിട്ടും കാണാത്തത് പോലെ ഇരുന്ന് കൊണ്ട് പെട്ടെന്ന് ബീന സംസാരത്തിൽ മാറ്റം വരുത്തി അയാൾക്ക് മുന്നിൽ അവനെ സ്നേഹിച്ചാശ്വസിപ്പിക്കുന്നത് പോലെ പെരുമാറാൻ തുടങ്ങി. ഓരോ നിമിഷവും മിന്നി മാറിക്കൊണ്ടിരിക്കുന്ന അവരുടെ ഭാവവ്യത്യാസങ്ങൾ കണ്ട് അപ്പു അവരെ നോക്കി കണ്ണ് മിഴിക്കുകയാണ്. " ങാ രാജീവിന്ന് നേരത്തെ വന്നോ ? " ങാ. എല്ലാ ദിവസത്തേക്കാളും ഇന്ന് കുറച്ചു വൈകി. അകത്തേക്ക് കയറി വന്ന രാജീവിനെ കണ്ട് അവർ പെട്ടെന്ന് ചാടിയെഴുന്നേറ്റു.

അമ്മയിൽ നിന്ന് ഒരു ഉത്തമ ഭാര്യയുടെ വേഷത്തിലേക്ക് സ്വയം പരകായപ്രവേശം നടത്തുകയാണ് ബീന. രാജീവ് അവരെ പരിഹാസ രൂപേണ നോക്കി. " ഇതെന്താ ഒരു ബേക്കറി മുഴുവൻ ഈ മേശപ്പുറത്തുണ്ടല്ലോ,? " ഓ അത് ഞാനിന്ന് ഓഫീസിന്ന് വന്നപ്പോ അപ്പൂന് വേണ്ടി കുറച്ചു സ്വീറ്റ്‌സ് കൊണ്ട് വന്നതാ.. പറയാൻ മാത്രമൊന്നുമില്ല അല്ലെ അപ്പൂസേ ? " എന്താ ണെന്ന്. എനിക്കങ്ങോട്ട് ക്ലീയറായില്ല.. " അല്ലെങ്കിലും ഞാനെന്ത് ചെയ്താലും ഒടുക്കം കുറ്റം മാത്രമല്ലേ കിട്ടു.. ഫ്രഷായിട്ട് വാ ഞാൻ ചായയെടുക്കാം. ബീന അയാളെ ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് നടന്നു. രാജീവിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. അയാൾ അപ്പുവിനെ നോക്കി ഇതൊക്കെ എന്താ എന്നുള്ള രീതിയിൽ പുരികം ഉയർത്തി കാണിച്ചു . അവൻ അയാളെയും അടുക്കളയിലേക്കും ടേബിളിൽ ഇരുന്ന പ്രോഗ്രാസ് കാർഡിലേക്കും പേടിയോടെ മാറി മാറി നോക്കുകയാണ്. " ആഹാ ഇത് കൊള്ളാല്ലോ, ഇതേവിടുന്നാ അപ്പൂസേ ഈ പുളിയൊക്കെ? " അത് അപ്പൂന്റെ ഫ്രണ്ട്സ് ആരോ കൊടുത്തതാന്നാ പറഞ്ഞേ. " ആണോ ടാ.. " ങാ ങാ .. അപ്പു എന്തോ പറയാൻ തുടങ്ങിയതും അടുക്കളയിൽ നിന്ന് ബീന തലയെത്തിച്ചു നോക്കി. അവൻ അവരെ ഒളികണ്ണിട്ട് നോക്കി കൊണ്ട് തലകുലുക്കി. "

അപ്പൂന്റെ ഫ്രണ്ട്സ് പുളി കൊടുത്തൂന്ന് പറഞ്ഞിട്ടും ഇവള് അവനെയൊന്നും പറഞ്ഞില്ലേ. ഇവക്കിതെന്ത് പറ്റി. ഈശ്വരാ ഇനി തലയ്ക്കകത്തെ വല്ല സ്ക്രൂവും ഇളകി പോയോ ? രാജീവ് ഒരു ഇരുമ്പൻ പുളിയെടുത്തു കടിച്ചു കൊണ്ട് അടുക്കളയിലേക്ക് പാളി നോക്കി. ബീന രാജീവിനോട് എങ്ങിനെ മീറ്റിങ്ങിന്റെ കാര്യം പറഞ്ഞു തുടങ്ങുമെന്ന് അടുക്കളയിൽ നിന്ന് സ്വയം പറഞ്ഞു നോക്കുന്നുണ്ടായിരുന്നു. അയാൾ അവരെ അൽപ്പം നേരം സൂക്ഷിച്ചു നോക്കി കൊണ്ട് മുറിയിലേക്ക് നടന്ന ശേഷം അപ്പുവിനെ പതിയെ കൈ കാണിച്ചു വിളിച്ചു. അപ്പു ബീന ശ്രദ്ധിക്കുന്നുണ്ടോയെന്നു നോക്കിയ ശേഷം വേഗത്തിൽ എഴുനേറ്റ് മുറിയിലേക്കോടി. ഒരു മിന്നായം പോലെ അവരത് കണ്ടതും ഒന്ന് ഞെട്ടി. ഇനി താൻ പറഞ്ഞു പഠിപ്പിച്ചതും വല്ലതും അപ്പു രാജീവിനോട് പറയുമോ എന്നോർത്ത് ധൃതിയിൽ ചായ എടുത്തു ഗ്ലാസ്സിലേക്ക് ഒഴിച്ചു.. " ഇതെത് ഫ്രണ്ട്സാ അപ്പൂസേ ഇത്രേം പുളിയൊക്കെ തന്നത് ? " ഇത് തന്നത് ഫ്രണ്ട്സ് അല്ല അച്ഛാ താത്തൂമാരാ. " ആഹാ. നീയാള് കൊള്ളാല്ലോടാ അപ്പുകുട്ടാ. അപ്പു പുറത്തേക്ക് തലയെത്തിച്ചു ബീന വരുന്നുന്നുണ്ടോന്ന് നോക്കി കൊണ്ട് രാജീവിനോട് രഹസ്യം പറഞ്ഞു. അയാൾക്ക് ചിരി വരുന്നുണ്ടായിരുന്നു.. " അല്ലെടാ അപ്പൂസേ ഇന്നെന്താ നിന്റെ മമ്മിക്ക് നമ്മളോടിത്ര സ്നേഹം , എന്ത് പറ്റി ? അവള് നിന്നോടെന്തെലും പറഞ്ഞോ ? " അതില്ലേ അച്ഛാ ഞാൻ ഞാനിന്ന് ആന്റീടെ വീട്ടീന്ന് വന്നപ്പോ കൊറേ വൈകി. പക്ഷെ മമ്മി എന്നെ വഴക്ക് പറഞ്ഞില്ല.

എന്നെ കുളിച്ചു തരന്നൊക്കെ പറഞ്ഞു. പിന്നെ കുറെ സ്വീറ്റ്‌സൊക്കെ വാങ്ങി കൊണ്ട് വന്നു എനിക്ക് തന്നു. " ആഹാ. അപ്പോ അങ്ങിനെയൊക്കെയാണ് കാര്യങ്ങളല്ലേ " എന്നും മമ്മി ഇതുപോലെ വാങ്ങി കൊണ്ട് വരോ അച്ഛാ ? ബീനയുടെ സ്നേഹം സത്യമാണെന്ന് വിശ്വസിച്ചു പോയ അവന്റെ മനസ്സ് അവരിൽ നിന്ന് ഇനിയും കരുതൽ പ്രതീക്ഷിക്കുണ്ടായിരുന്നു.. " അതിപ്പോ ഓരോ ദിവസത്തെ വട്ട് പോലിരിക്കും, അല്ലാതെ ഞാനെന്ത് പറയാനാ ടാ.. " പിന്നില്ലേ അച്ഛാ. " എന്താ അപ്പൂസേ അച്ഛനോടൊരു രഹസ്യം പറച്ചിൽ. രാജീവും അപ്പുവും ശബ്ദം താഴ്ത്തി സംസാരിക്കകയാണ്. കട്ടിള പടിക്ക് അരികിൽ മറഞ്ഞു നിന്ന് എത്ര ശ്രമിച്ചിട്ടും ബീനയ്ക്കത് കേൾക്കാൻ കഴിയാതെ വന്നപ്പോൾ അവർ ചായയുമായി അകത്തേക്ക് കയറി. അവരെ കണ്ട് ഒരു ഞെട്ടലോടെ അപ്പു പറയാൻ തുടങ്ങിയത് പെട്ടെന്ന് നിർത്തി. അവർ അവനെ നോക്കി ഒന്നും പറഞ്ഞു പോകരുത് എന്ന് അർത്ഥത്തിൽ കണ്ണുരുട്ടുന്നുണ്ടായിരുന്നു. രാജീവ് ഇരുവരെയും മാറി മാറി ശ്രദ്ധിക്കുന്നുണ്ട്. " ദാ ചായ. " ഇതെന്താ " ഇത് അപ്പൂന് വാങ്ങിയ ഗുലാബ് ജാമാ. " ചായയോടൊപ്പം കഴിക്കാൻ പറ്റിയ സാധനം. ഇതിന്റെ ചെറിയ പിരിയല്ല , വലിയെന്തോ ആണ് ഇളകി പോയെക്കുന്നത്. " രാജീവ് എന്തേലും പറഞ്ഞോ? "

ഏയ് നല്ല ചായാന്ന് പറഞ്ഞതാ. രാജീവ് ചായ കപ്പെടുത്ത് ഒന്ന് മൊത്തി. കടുപ്പത്തിലുള്ള അരിഷ്ട്ടം കുടിച്ചത് പോലെ അയാളുടെ മുഖമാകെ വലിഞ്ഞു. " നിനക്ക് എന്നോടെന്തെലും പറയാനുണ്ടോ ബീനെ? " ഏ.. എന്ന് അപ്പു പറഞ്ഞോ ? " നിന്റെ കാര്യങ്ങളൊക്കെ ഇപ്പൊ കൊച്ചാണോ പറയുന്നത്.? " അതല്ല.. " പിന്നെ? അപ്പൊ പറയാൻ ഒന്നൂല്ലല്ലോ. " അങ്ങിനെ പ്രത്യേകിച്ച് ഒന്നും. " എന്നാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം. അപ്പു വരുന്നോടാ അച്ഛന്റെ കൂടെ.. " ങാ. " ഹാ. ആ കൊച്ചിനെയിങ്ങനെ നോക്കി പേടിപ്പിക്കല്ലെടി, അവൻ ദഹിച്ചു പോകും. ബീന പറഞ്ഞു തീരുന്നതിന് മുൻപേ രാജീവ് ചാടിയെഴുന്നേറ്റു. ഒപ്പം അപ്പുവും. അവർ അപ്പുവിനെ ദേഷ്യത്തിൽ നോക്കി ഭയപ്പെടുന്നുണ്ടായിരുന്നു.. രാജീവ് അവനെയും കൊണ്ട് പുറത്തേക്കിറങ്ങി. പറയാൻ കിട്ടിയ നല്ലൊരവസരം കൈ വിട്ട് പോയതോർത്ത് ബീനയ്ക്ക് നീരസം തോന്നി.. " വരാൻ അതികം വൈകൊ ? " ഇവിടുന്ന് പോകുവാ, വരുക, അത്ര താമസം . രാജീവ് അവരെ കളിയാക്കിയ പോലെ ചിരിച്ചു.. ബീനയ്ക്ക് ഉള്ളിൽ ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും പുറമെ കാണിക്കാതെ ചിരിക്കാൻ ശ്രമിച്ചു.. രാജീവ് അപ്പുവിനെയും കൊണ്ട് പുറത്തേക്കിറങ്ങി. ഒന്നും പറഞ്ഞു പോകരുത് എന്ന് ബീന അപ്പോഴും അവനെ കണ്ണ് കൊണ്ട് വിലക്കുന്നുണ്ടായിരുന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story