എന്റെ ഉമ്മാന്റെ പേര്: ഭാഗം 26

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" വരാൻ അതികം വൈകൊ ? " ഇവിടുന്ന് പോകുവാ, വരുക, അത്ര താമസം . രാജീവ് അവരെ കളിയാക്കിയ പോലെ ചിരിച്ചു.. ബീനയ്ക്ക് ഉള്ളിൽ ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും പുറമെ കാണിക്കാതെ ചിരിക്കാൻ ശ്രമിച്ചു.. രാജീവ് അപ്പുവിനെയും കൊണ്ട് പുറത്തേക്കിറങ്ങി. ഒന്നും പറഞ്ഞു പോകരുത് എന്ന് ബീന അപ്പോഴും അവനെ കണ്ണ് കൊണ്ട് വിലക്കുന്നുണ്ടായിരുന്നു.. അപ്പു അവരെ പേടിയോടെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അയാളുടെ കൈ പിടിച്ചു നടന്നു. രാജീവ് അപ്പുവിനെയും കൊണ്ട് ലിഫ്റ്റിൽ കയറി താഴേയ്ക്കിറങ്ങി " നമ്മളാന്റീടെ വീട്ടീ പോവാണോ അച്ഛാ ? " അപ്പൂസ് വൈകുന്നേരം അവിടന്നല്ലേ വന്നത് ഇനിയും പോണോ. അപ്പു നിഷ്കളങ്കമായി അയാളെ നോക്കി പുഞ്ചിരിച്ചു.. ഈ ഭൂമിയിൽ അവൻ സന്തോഷം കണ്ടെത്തുന്ന ഒരേയൊരു സ്വർഗ്ഗം നബീസുവിന്റെ കൊച്ചു കൂരയാണെന്ന് അയാൾക്കും അറിയാം.

" ഡ്യൂട്ടി മാറാനായില്ലേ ബേബി ചേട്ടാ. " ഏയ് ഇന്ന് മോളുടെ പെണ്ണുകാണൽ പ്രമാണിച്ചു മാധവൻ ലീവല്ലേ സാറേ. രാജീവ് അവനെ തോളിൽ കയറ്റി ലിഫ്റ്റിറങ്ങി പുറത്തേക്ക് നടന്നു. സെക്യൂരിറ്റി ശിവൻ പച്ച നിറത്തിലുള്ള ആമത്തിരി ക്യാബിനിലെ ഇരിപ്പിടത്തിനരികിൽ കത്തിച്ചു വയ്ക്കുന്നുണ്ടായിരുന്നു. " ഓ. അക്കാര്യം ഞാൻ മറന്നു. " അല്ല അച്ഛനും മോനും കൂടി ഈ സമയത്ത് കൊതുക് കടീം കൊണ്ട് എങ്ങോട്ടാ ? " ഏയ് ഞങ്ങള് ചുമ്മാ കുറച്ചു കാറ്റ് കൊള്ളാൻ ഇറങ്ങിയതാ , അല്ലെ അപ്പൂസേ. " ങാ. നമ്മടെ വടക്കേ കടവിലിരുന്നാ ഈ സമയത്തു നല്ല കാറ്റ് കിട്ടും. പക്ഷെ കൊതുകിരുത്തില്ല. ഇന്നാ ഇത് ഒരു കഷ്ണം കത്തിച്ചു വെച്ചിരുന്നാ കുറച്ചാശ്വാസം കിട്ടും. സെക്യൂരിറ്റി ശിവൻ എരിഞ്ഞു തുടങ്ങിയ ആമതിരിയുടെ തുമ്പ് നീട്ടിയൊടിച്ചു രാജീവിന് നീട്ടി. അയാൾ അതും വാങ്ങി വടക്കേ കടവിലേക്ക് നടന്നു.. എപ്പോഴോ വീശിയ കാറ്റ് തീരത്തും പടികെട്ടുകളിലും വാകയുടെ ഇലകൾ പൊഴിച്ചിട്ടിരുന്നു.. ഇളം മഞ്ഞ നിറത്തിൽ നേർത്ത മേലങ്കിയണിഞ്ഞത് പോലെ ഓളങ്ങൾക്ക് മീതെ അവ ഇളകിയാടുന്നുണ്ടായിരുന്നു.. "

ഇതില് ഫിഷ് ഉണ്ടാവോ അച്ഛാ. " പിന്നെ , ഇതിലും കടലിലുമൊക്കെ ഒരുപാട് ഫിഷ് ഉണ്ടാവും. ദേ അവരെ കണ്ടോ അവര് ആ വല കൊണ്ട് ഫിഷിനെ പിടിക്കാൻ നിൽക്കുവാ.. രാജീവ് അപ്പുവിനെയും കൊണ്ട് മുകളിലെ പടവിൽ വന്നിരുന്നു. കടവിന് കുറച്ചു മാറി സ്വർണ നിറത്തിൽ കത്തുന്ന റാന്തൽ തൂക്കിയാ ഒരു ചെറുവഞ്ചിയിൽ രണ്ട് പേർ പുഴയിലേക്ക് വലയെറിയാൻ കാത്ത് നിൽപ്പുണ്ടായിരുന്നു.. " എന്നേം അതിൽ കൊണ്ടുവോ അച്ഛാ ? " പിന്നെന്താ. " അപ്പൊ നമ്മള് ഫിഷിനെ പിടിക്കോ ? " അതും പിടിക്കാം. വെക്കേഷനാവട്ടെ, എന്നിട്ട് നമുക്കോരിടം വരെ പോകാം. വഞ്ചിയിൽ നിന്നയാൾ തോളിൽ തൂക്കിയ വല ഞെറിഞ്ഞു പുഴയിലേക്ക് കറക്കിയേറിയുന്നുണ്ടായിരുന്നു. അപ്പു അത് കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്.. " അപ്പൂസിനോട് മമ്മിയിന്ന് എന്തെങ്കിലും പറഞ്ഞോ? " ങാ " മമ്മി എന്താ മോനോട് പറഞ്ഞത് ? "

അത് ആരോടും പറയരുതെന്ന് മമ്മി പ്രോമിസ് ചെയ്യിച്ചെക്കുവാ " ആണോ, എന്നാ അപ്പൂസ് പയ്യെ പറഞ്ഞാ മതി, അല്ലേൽ വേറെ ആരേലും കേട്ടാലോ. " ങാ.. രാജീവ് അപ്പുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.. " അതില്ലേ അച്ഛാ. മമ്മി എവിടെയോ ടൂർ പോവാണെന്നാ പറഞ്ഞേ. കൊറേ ദിവസം കഴിഞ്ഞേ വരുള്ളുന്ന്.. " ഓഹോ. അപ്പോ അതാണ് കാര്യം. പിന്നെ മമ്മി വേറെന്താ പറഞ്ഞേ ? അയാൾ അൽപ്പം കൂടി അവനോട് ചേർന്നിരുന്നു.. അവൻ ചുറ്റും ആരേലും ഉണ്ടോയെന്ന് നോക്കികൊണ്ട് രഹസ്യം പറയുന്ന പോലെ അയാളുടെ പിന്നിലൂടെ കഴുത്തിൽ തൂങ്ങി.. ബീന അവന്റെയുള്ളിൽ വരിഞ്ഞു കെട്ടിയ നുണയുടെ കളിയോടം രാജീവിന് മുന്നിലെ തിരയിളക്കത്തിലേക്ക് അവൻ അഴിച്ചു വിടുകയാണ്. " എന്നും മമ്മി സ്വീറ്റ്‌സ് വാങ്ങി തരും, സ്കൂളീന്ന് കൊണ്ട് വരും, ഹോം വർക്ക് ചെയ്യിക്കും. " എന്നാര് പറഞ്ഞു.? "

മമ്മി. അച്ഛൻ ചോയിച്ചാ അങ്ങിനെ പറയാണോന്നാ പറഞ്ഞേക്കണെ. " ആഹഹ. രാജീവിന്റെ മനസിൽ ബീനയോടുള്ള പുച്ഛം കൂടുകയാണ്. " അച്ഛൻ ഇതാരോടും പറയല്ലേട്ടോ. മമ്മി അറിഞ്ഞാൽ വഴക്ക് പറയും. " അച്ഛൻ ആരോട് പറയാനാ അപ്പൂസേ. " പ്രോമിസ് ? " പ്രോമിസ് . എന്നാ നമുക്ക് പോകാം. അപ്പു കഴുത്തിൽ കിടന്ന് കൊണ്ട് അയാൾക്ക് നേരെ കൈ നീട്ടി. രാജീവ് അപ്പുവിന്റെ കൈ കൂട്ടി പിടിച്ചു കൊണ്ട് അവനെയും കഴുത്തിൽ തൂക്കി എഴുനേറ്റു നടന്നു.. " അപ്പൂസേ നമുക്ക് മമ്മിയെ ടൂർ വിടാണോ ? " ങാ " അതെന്തിനാ ? " അപ്പോ എനിക്ക് കൊറേ നേരം താത്തൂന്റെക്കെ കൂടെ കളിക്കാല്ലോ. " അമ്പട. അവന്റെ ശരീരം മാത്രമേ സ്വന്തം വീട്ടിലുണ്ടായിരുന്നുള്ളൂ.. മനസ്സ് മുഴുവൻ അപ്പോഴും അവിടെ അവർക്കൊപ്പമാണ്. " അപ്പൂസിന് ഏറ്റവും കൂടുതലിഷ്ട്ടം ആരോടാ ? " ആന്റിയോട് ? " പിന്നെ ? " താത്തൂനോട് " പിന്നെ " അച്ഛനോട് " പിന്നെയോ? " ജെന്നിഫറിനോട് " ജെന്നിഫറോ അതാരാ. " എന്റെ ഫ്രണ്ടാ. " ഓഹോ. അപ്പൊ ഫ്രണ്ടും ഉണ്ടോ..

" ങാ. അവൻ പറഞ്ഞ പേരുകളിൽ മൂന്നാം സ്ഥാനത്താണ് തന്റെ പേര് എന്ന് കേട്ടപ്പോൾ അയാളുടെ ഉള്ളിൽ വല്ലാത്തൊരു വേദന തോന്നി. അകാരണമായി ഒരു കുഞ്ഞുങ്ങളുടെ മനസിലും ആരോടും വെറുപ്പോ ഭയമോ ഉണ്ടാവില്ലെന്ന പരമമായ സത്യം അയാൾക്കും നന്നായറിയാമായിരുന്നത് കൊണ്ട് അമ്മയെന്ന പേരിനുടമയുടെ സ്ഥാനം ചോദിച്ചു അവന്റെ മനസ്സ് അളക്കാൻ അയാൾ തുനിഞ്ഞില്ല.. " ദേ അപ്പൂസേ നമ്മളെവിടെയാ പോയെ ന്ന് മമ്മി ചോദിച്ചാൽ എന്ത് പറയും. " ഒന്നും പറയൂല്ല.. " ഗുഡ്.. രാജീവ് അവനെയും തോളിലേറ്റി മുകളിലേക്ക് പോയി.. " രണ്ടാളും കൂടി എവിടെ പോയതാ ? " ഞങ്ങളോ, ഞങ്ങള് കുറച്ചു ചക്കക്കുരു കിട്ടൊന്നു നോക്കി പോയതാ. ബെല്ലടി കേട്ട് ബീന വന്ന് വാതിൽ തുറന്നു. രാജീവ് അവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അപ്പുവുമായി അകത്തേക്ക് കയറി.. " ചക്കക്കുരുവോ ഈ രാത്രിയെന്തിനാ ചക്കക്കുരു ? " ചുമ്മാ. അതും കഴിച്ചു കിടന്നാൽ രാത്രി നല്ല എന്റർടൈന്മെന്റ് ആയിരിക്കൊന്നു പറഞ്ഞു കേട്ടു. " രാജിവെന്തോക്കെയാ ഈ പറയുന്നേ. ദേ ഫുഡ് എടുത്ത് വച്ചിട്ടുണ്ട് വാ കഴിക്കാം

. " ഇത്ര സ്നേഹത്തോടെ വിളിക്കുമ്പോ എങ്ങിനെയാ വേണ്ടാന്ന് പറയാ. അല്ലെ അപ്പൂസേ. ന്നാ കഴിച്ചേക്കാം.. രാജീവും അപ്പുവും പരസ്പ്പരം നോക്കി കൊണ്ട് വാഷ് റൂമിലേക്ക് പോയി കൈ കഴുകി വന്നിരുന്നു.. " ഇതെന്താ ഫ്രൈഡ് റൈസോ. ങാഹാ. ഇന്ന് കാര്യായിട്ടാണല്ലോ? " വരുന്ന വഴിക്ക് നമ്മടെ പഴയ പാരീസ് ഹോട്ടലിൽ ഒന്ന് കയറി. ബീന വെളുത്തു കുഴിഞ്ഞ സെറാമിക്ക് ബൗളിൽ നിന്ന് ചൂടാക്കിയ ഫ്രൈഡ് റൈസ് രണ്ട് പാത്രത്തിലേക്ക് വിളമ്പി. ഒപ്പം തിക്കായ ചില്ലി ചിക്കനും.. " ഇതെന്താ സംഭവം.? " അപ്പൂന്റെ പ്രോഗ്രസ് കാർഡാ ? ബീന പ്ലാറ്റിനരികിലേക്ക് ചുവന്ന പ്രോഗ്രസ് കാർഡ് നീക്കി വെച്ചു.. " ങാഹാ.. എവിടെ നോക്കട്ടെ. ങേ ഇതെന്താ ഇവന് എല്ലാത്തിലും മാർക്ക് വളരെ കുറവാണല്ലോ ? എന്ത് പഠിക്കാനാടാ എന്നും രാവിലെ നീ സ്കൂളീ പോകുന്നത്. അപ്രീതിക്ഷതമായ രാജീവിന്റെ ദേഷ്യപ്പെടൽ കണ്ട് അപ്പു ഞെട്ടി പോയി. അയാൾ ബീന കാണാതെ അവന് നേരെ ഒരു കണ്ണടച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ട്.

പക്ഷെ മുൻ ധാരണകളില്ലാതെ തുടങ്ങിയ നാടകത്തിലെ രംഗ സംഭാഷണം ഒരു മിഴിയടക്കൽ കൊണ്ട് അവന് മനസ്സിലാക്കാനാവുന്നുണ്ടായിരുന്നില്ല.. " ഹാ അവനെ വഴക്ക് പറയല്ലേ രാജീവ്. ഞാൻ കുറച്ചു സലാഡ് എടുത്തിട്ട് വരാം. ബീന പ്ലേറ്റ് രണ്ടും അവർക്ക് മുന്നിലേക്ക് നീട്ടി വെച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.. അയാൾ ബീന ആടി തീർക്കുന്ന വേഷത്തിന്റെ ഉള്ളളക്കുകയായിരുന്നു. " അയ്യേ അപ്പുസ് പേടിച്ചു പോയോ.. മമ്മിയെ പറ്റിക്കാൻ അച്ഛനൊരു തമാശ കാണിച്ചതല്ലേ.. ദേ മമ്മി വരുമ്പോ അച്ഛൻ വേറൊരു തമാശ കൂടികാണിക്കാൻ പോകുവാ. അപ്പൂസ് പേടിക്കരുത് ട്ടോ.. രാജീവിന്റെ പെരുമാറ്റം കണ്ട് അപ്പു വല്ലാതെ വിതുമ്പി പോയിരുന്നു.. അയാൾ അവനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയാണ്. ബീന സാലഡുമായി അവർക്കടുത്തേക്ക് വരുന്നുണ്ടായിരുന്നു. " ദേ മമ്മി വരുന്നുണ്ട്. അച്ഛൻ തുടങ്ങാൻ പോകുവാണെ. നീയിങ്ങന കണ്ട പറമ്പിലെ പുല്ലും പുളീമൊക്കെ പറിച്ചു നടന്നാൽ ഇതൊക്കെയോ കിട്ടു. ട്യൂഷന് വിട്ട് നിന്റെ മമ്മീടെ എത്ര രൂപയാ ആ സാറ് കൊണ്ടുപോയി തിന്നത് , അതിന്റെ ഗുണം പോലുമില്ലാതെ പഠിക്കാൻ നടക്കുന്നു. " ഹാ. അവനെ വഴക്ക് പറഞ്ഞത് മതി രാജീവേ. അവനിനി നന്നായി പഠിച്ചോളും.

. " എന്ത് പഠിച്ചോളുന്ന്. പാരേന്റ്‌സ് ആരേലും ഒരാള് ടീച്ചറെ ചെന്ന് കാണാണോന്ന് ദേ എഴുതി കൊടുത്തു വിട്ടിരിക്കുന്നത് കണ്ടില്ലേ. എനിക്കെങ്ങും വയ്യാ. നിന്റെ മമ്മിയെ വിളിച്ചോണ്ട് പോയാ മതി. " ങാ ഞാൻ പോയിക്കോളം, . " ങേ എങ്ങിനെന്ന് ? " അപ്പൂന്റെ ടീച്ചറെ ഞാൻ പോയി കണ്ടോളാന്ന് , രാജീവ് അത് കഴിച്ചെ. ബീന കൈയിലിരുന്നു സാലഡ് പ്ലേറ്റിലേക്ക് കോരിയിട്ടു. രാജീവ് അപ്പുവിനെ നോക്കി വീണ്ടും ഒന്ന് കണ്ണടച്ചു ചിരിച്ചു.. " എന്തേ ഇങ്ങനെ നോക്കണേ ? " ഏയ്.. നീയിവിടിരുന്നെ , ചോദിക്കട്ടെ. " എ.. എ.. ന്തേ.. " ഹാ ഇരിക്കടി.. നിനക്ക് എന്നോട് എന്തേലും ചോദിക്കാനോ പറയാനോ ഉണ്ടേൽ അത് നേരെയങ്ങ് പറഞ്ഞോ. അതാണ് നമുക്ക് രണ്ട് പേർക്കും നല്ലത്. " എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്, പക്ഷെ എല്ലാം കെട്ടിട്ട് മാത്രേ രാജീവ് റിയാക്ട്ട് ചെയ്യാവൂ. ? " ആയിക്കോട്ടെ.. ബീന സാലഡ് മേശപ്പുറത്ത് വെച്ചു കൊണ്ട് അയാൾക്ക് മുന്നിലിരുന്നു. രാജീവ് വാരിയെടുത്ത ഫ്രൈഡ് റൈസ് പ്ലേറ്റിലേക്ക് കുടഞ്ഞിട്ടു കൊണ്ട് കസേരയിലേക്ക് മലർന്നിരിക്കാൻ ശ്രമിക്കുകയാണ്. "

അത് നെക്സ്റ്റ് വീക്ക് . ഡൽഹിയിൽ വെച്ച് കമ്പനിയുടെ അന്വൽ പ്രോഗ്രാം ആണ്.. വൺ വീക്ക്.. സൗത്ത് സോണിന്റെ ചാർജ് മുഴുവൻ എനിക്കാണ്. പോകാതിരിക്കാൻ പറ്റില്ല.. "ങാ പതിവില്ലാത്ത ഈ സ്നേഹപ്രകടനവും സൽക്കാരവുമൊക്കെ കണ്ടപ്പോതന്നെ തോന്നി എന്തോ കാര്യമുണ്ടെന്നു. " ഏയ്. ഇത് അങ്ങിനെയല്ല രാജീവ്. " പിന്നെങ്ങിനെയാണ്? ക്യാൻ യൂ എക്സ്‌പ്ലൈൻ ഫോർ തിസ്. ? " സൗത്ത് സോണിന്റെ റെസ്പോസിബിലിറ്റി എന്നെയേല്പിച്ചപ്പോ ആ ഒരു സന്തോഷത്തിൽ വാങ്ങിയതാ, അല്ലാതെ രാജീവ് കരുതുന്നത് പോലെ മറ്റൊന്നുമില്ല.. ബീന അയാൾക്ക് മുന്നിൽ പിന്നെയും ചെറുതാവുകയാണ്. രാജീവ് ഒന്നുമറിയാത്തത് പോലെ മന്ദഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. " ഓകെ സമ്മതിച്ചു. അപ്പോ ഈ ഒരാഴ്ച്ച അപ്പൂന്റെ കാര്യങ്ങൾ ആര് നോക്കും.? ഇപ്പൊ കുറച്ചു നാളായിട്ട് നീയാണല്ലോ അവനെ കെയർ ചെയ്യുന്നത് ? അവനെ സ്കൂളീന്ന് പിക്ക് ചെയ്യുന്നതും, കളിക്കാൻ കൊണ്ട് പോകുന്നതും , പഠിപ്പിക്കുന്നതും ഒക്കെ നീയല്ലേ. അല്ലെ അപ്പു. " ങേ. ങാ.. അപ്രതീക്ഷിതമായ ചോദ്യം കേട്ട് അപ്പു ഞെട്ടി അയാളെ നോക്കി..

ബീന വല്ലാതെ വിയർത്ത് തുടങ്ങിയിരുന്നു.. " കേട്ടല്ലോ.. അപ്പോ ഇതൊക്കെ ആര് ചെയ്യും. അതിനൊരുത്തരം മാത്രം എനിക്ക് കിട്ടിയാ മതി. " അത് പിന്നെ.. രാജീവി..നൊ..ന്നു അഡ്.. ജസ്റ്റ് . ചെയ്...തൂ.. ടെ ബീന അയാളെ ശ്രദ്ധിക്കാതെ വിക്കി തുടങ്ങി.. " ങാ എന്നാ പോകണ്ടാ. നീ ഡൽഹിക്ക് പോയത് കൊണ്ട് ഇവിടൊരാൾക്കും ഒരു ഗുണോമില്ല. ദെൻ വൈ ഷുഡ് ഐ ബോതേർ. " പ്ലീസ് പ്ലീസ് . അങ്ങിനെ പറഞ്ഞൊഴിയല്ലേ രാജീവ്. എല്ലാ ഡയറക്ടർ ബോർഡ് മെംബെർസും പങ്കെടുക്കുന്ന പ്രോഗ്രാമാ ഇത്തവണത്തേത്‌. എനിക്ക് ഹെഡ് ഓഫീസിലേക്കൊരു പ്രൊമോഷൻ കിട്ടിയാൽ അത് നമ്മുക്ക് കൂടി നല്ലൊരു അഡ്വാൻന്റെജ് അല്ലെ. പ്ലീസ് രാജീവ്. .. കസേരയിൽ നിന്ന് എഴുനേറ്റ നടന്ന രാജീവിന് മുന്നിൽ ബീന തടസം നിന്നു കൊണ്ട് അയാൾക്ക് മുന്നിൽ അപേക്ഷിക്കുകയാണ്..

" ഞാൻ പറഞ്ഞല്ലോ . അപ്പുവിനെ ആര് നോക്കും. ആ കാര്യത്തിൽ മാത്രം നീയെനിക്ക് clearity തന്നാ മതി.. " അതിപ്പോ. ഞാൻ.. എനിക്ക്.. " ങാ എന്നാ ഇപ്പോള്ള പോസ്റ്റും ജോലിയൊക്കെ തന്നെ മതി.. രാജീവ് അവരെ മറികടന്ന് വാഷ് റൂമിലേക്ക് നടന്നു കൊണ്ട് അപ്പുവിനെ നോക്കി കണ്ണടച്ചു കാണിച്ചു. ബീന എന്ത് പറയണമെന്നറിയാതെ കുഴയുകയാണ്.. കൺ മുന്നിൽ നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ അപ്പു കണ്ണ് മിഴിക്കുന്നുണ്ട്.. " എന്നാ ഒരാഴ്ചത്തേക്ക് നമുക്കൊരാളെ നിർത്തിയാലോ.. " ങാ.. അങ്ങിനെ വഴിക്ക് വാടി ഭാര്യെ. അയാൾ പിറുപിറുത്തു കൊണ്ട് ഉള്ളിൽ ചിരിച്ചു. " ഞാൻ പറയുന്നത് വല്ലോം രാജീവ് കേട്ടോ. ഒരാഴ്ചത്തെക്ക് നമുക്കൊരാളെ നോക്കിയാലോ ന്ന്. " അന്ന് ആശുപത്രിയിൽ വന്ന പോലത്തെ സാധനങ്ങളല്ലേ എന്റെ പൊന്നേ വേണ്ടാ. നീ ഒന്ന് പോയെ.. " എങ്കിൽ രാജീവ് തന്നെയൊരാളെ സജസ്റ്റ്‌ ചെയ്യ്. " ങാ ബെസ്റ്റ്.. എന്റെ അറിവിൽ അപ്പൂനെ നന്നായി കെയർ ചെയ്യാൻ പറ്റുന്ന ഒരാളെയുള്ളൂ. ങാ അല്ലെങ്കിൽ വേണ്ടാ, ഇനി ഞാൻ അവരെ സജസ്റ്റ് ചെയ്തിട്ട് വേണം നാളെ നീയോരോന്ന് പറഞ്ഞുണ്ടാക്കാൻ.

" ഹാ എന്ത് പറഞ്ഞാലും രാജീവിന് പറ്റില്ലെന്ന് പറഞ്ഞാലെങ്ങിനെയാ. ഇതേന്റെ കരിയറിന്റെ പ്രശ്നമാണ്. ഇനി ചിലപ്പോ ഇതുപോലൊരു അവസരം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് അതിലെനിക്ക് ചാൻസെടുക്കാൻ പറ്റില്ല.. ആളാരാണെങ്കിലും രാജീവ് പറയ്. ഞാൻ സംസാരിക്കാം.. " വേറെയാര് , മുൻപ് അപ്പൂനെ നോക്കിയിരുന്ന നബീസു തന്നെ. " ങ്ങേ അവളോ ? രാജീവ് അപ്പുവിനെ നോക്കി എങ്ങിനെയുണ്ട് എന്ന അർത്ഥത്തിൽ പുരികം ഉയർത്തി കാണിച്ചു കൊണ്ട് തലകുലുക്കി. നബീസുവിന്റെ പേര് കേട്ടതും അവന്റെ മുഖം വിടർന്നു. ബീനയുടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു. " ഏയ് അവള് ശരിയാവില്ല.. " ങാ ഞാൻ എന്റെ ചോയ്സ് പറഞ്ഞു. പിന്നെ നിന്റെ ഏജൻസിക്കാര് പറഞ്ഞു വിടുന്നവര് കൊച്ചിനെ നോക്കുമെന്താണ് ഉറപ്പ്. ഞാൻ വരുന്ന സമയം നിനക്കാറിയല്ലോ. അത് വരെ അപ്പൂനെ ഈ വരുന്നവരുടെ കൂടെ എന്തുറപ്പിലാ ഒറ്റയ്ക്ക് വിട്ടിട്ട് പോണെ. ഉത്തരം പറയുമ്പോ അത് കൂടി എനിക്ക് കൺവീസാവണം. സീ എന്റെ ഫസ്റ്റ് പ്രീയോറിറ്റി എന്റെ മോനാ. അവന്റെ കാര്യത്തിൽ എനിക്കും ചാൻസസെടുക്കാൻ പറ്റില്ല.. മനസ്സിലായല്ലോ. "

അവളും അപ്പുവിനെ നോക്കുമെന്താണ് ഉറപ്പ്. പഴയ വൈരാഗ്യം മനസിൽ വെച്ചു അവള് ഇവനെ എന്തേലും ചെയ്യില്ലെന്ന് ആര് കണ്ടു.. " എല്ലാ പെണ്ണുങ്ങൾക്കും നിന്റെ മനസ്ഥിതി ആണെന്ന് കരുതുന്നത് തന്നെ ഒരു മാനസീക രോഗാ. പിന്നെ അവര് അപ്പൂനെ എങ്ങിനെയാ നോക്കിയിരുന്നതെന്ന് നിനക്കും നന്നായിട്ടറിയാം. നിന്നെക്കാൾ കൂടുതൽ അവൻ അവരെ സ്നേഹിക്കുന്നൂന്ന കാരണം പറഞ്ഞല്ലേ നീയവരെ അന്ന് പറഞ്ഞു വിട്ടത്. എന്തേലും പറയുമ്പോ അതുടെ ഓർത്തിട്ടു വേണം. " അവളെ തന്നെ വിളിക്കണോന്ന് രാജീവിനെന്തായിത്ര വാശി. " ദേ ഇതാണ് നിന്റെ കുഴപ്പം. എത്രയൊക്കെ സ്നേഹം കാണിച്ചാലും നിന്നെ പോലെ മനസാക്ഷിയില്ലാത്ത വർഗ്ഗങ്ങൾ പഠിച്ചതെ പാടു. ഞാൻ പറയാനുള്ളത് പറഞ്ഞു. ചോയ്സ് ഈസ് യുവേഴ്‌സ്. പിന്നെ കുറെ ഗുലാബ് ജമോ , ഫ്രൈഡ് റൈസോ വാങ്ങി കൊടുത്താലൊന്നും മക്കൾക്ക് സ്നേഹമുണ്ടാവില്ല. അവർക്ക് മനസ്സിലാവുന്ന തരത്തിൽ അവരെ സ്നേഹിച്ചാ മാത്രേ അത് ഇങ്ങോട്ടും തിരിച്ചു കിട്ടു. ഇതൊക്കെ ഇനി എന്ന് മനസിലാക്കോ എന്തോ. രാജീവ് പുച്ഛത്തോടെ നോക്കി കൊണ്ട് മുറിയിലേക്ക് പോയി.

എന്ത് ചെയ്യണമെന്നറിയാതെ ബീന കസേരയിൽ തളർന്നിരുന്നു.. അപ്പു ഇരുവരെയും മാറി മാറി നോക്കി കൊണ്ട് ഭക്ഷണം ഒരു പിടി വാരി വായിൽ വെച്ചു.. ആവോളം കൊടുത്താൽ മാത്രം തിരിച്ചു കിട്ടുന്ന ഒന്നാണ് സ്നേഹമെന്ന് ബീന ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. " ഞാനിപ്പോ എന്ത് വേണമെന്നാ രാജീവ് പറയുന്നത്.? " ഞാനെന്ത് പറയാൻ. ആവശ്യം നിന്റെയല്ലേ, എന്ത് വേണമെന്ന് നീ തന്നെ തീരുമാനിച്ചോ. ബീന സങ്കോചത്തോട് മുറിയിലേക്ക് ചെന്നു. രാജീവ് ലാപ്പിൽ അക്കൗണ്ടുകൾ നോക്കുന്നുണ്ടായിരുന്നു.. " ഓകെ. രാജീവ് പറഞ്ഞത് പോലെ അവളെ തന്നെ നമുക്ക് വിളിക്കാം.. പക്ഷെ അവളോട് ഈ കാര്യം ആര് പറയും. രാജീ.. വോ.. ന്ന് പ.റ..... പറഞ്ഞു തുടങ്ങിയത് അവർ പാതിയിൽ നിർത്തി.. " ങാ ഞാൻ വിളിച്ചത് തന്നെ. ആവിശ്യക്കാരനെ ഔചിത്യം പാടില്ല മോളെ. തന്നെ താനേ പോയങ് വിളിച്ചാ മതി. "ഞാനെങ്ങിനെയാ ഒറ്റയ്ക്ക് അവളെ ഫേസ് ചെയ്യുന്നത് ? സ്വന്തം മകനെ അളവിൽ കൂടുതൽ സ്നേഹിച്ചു എന്നാ കാരണം പറഞ്ഞാണ് അവളെ അവർ വാക്കുകൾ കൊണ്ട് തല്ലിയിറക്കിയത്. കാരണം സ്വാർത്ഥമായാലും അതേ മകന് വേണ്ടി വീണ്ടും അവൾക്ക് മുന്നിൽ യാചിക്കാൻ അവർ നിർബന്ധിതയാകുകയാണ്. തലച്ചോറ് ഉരുകിപിളർന്ന് പോകുന്നത് പോലെ ബീനയ്ക്ക് വല്ലാത്ത പേടിയും ചമ്മലും തോന്നി.

" എന്തേ ഇപ്പോ കുറ്റബോധം തോന്നുന്നുണ്ടല്ലേ. നമ്മള് ആരെയും വിലകുറച്ചു കാണരുത് ബീനെ. മനുഷ്യനാണ്, ഒരാവിശ്യം വരുമ്പോൾ ആരാ എപ്പോഴാ ഉപകാരപ്പെടുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല..ഓകെ ഒരു കാര്യം ചെയ്യാം നിന്റെ കൂടെ ഞാനും വരാം. പക്ഷെ ഞാൻ ഒരക്ഷരം മിണ്ടില്ല. അവരെ പറഞ്ഞു കൺവീൻസ് ചെയ്യുന്നതൊക്കെ നിന്റെ കാര്യം. കേട്ടല്ലോ. " ഉം.. അയാൾ അവരുടെ മനസിനെ വലിഞ്ഞു മുറുക്കാൻ ശ്രമിക്കുകയാണ്. നിസഹായതയിലേക്ക് ബീന തളർന്ന് തുടങ്ങിയിരിക്കുന്നു. " ഡി ഇതിലിത്ര ചമ്മണ്ട കാര്യമൊന്നുമില്ല. അന്നത്തെ മാനസികാവസ്ഥയിൽ നിനക്കൊരു തെറ്റ് പറ്റി. ഇപ്പോ അത് മനസിലായപ്പോ തിരുത്തുന്നു. ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളു. " സോറി പറയാനോ, ഞാനോ ? " പിന്നെ നിന്റെ തന്ത വന്നു പറയോ ? " അതിനെന്തിനാ എന്റെ അച്ഛനെ പറയണേ.?

" അങ്ങേരാണല്ലോ നിന്നെയുണ്ടാക്കിയ പ്രൊഡക്ഷൻ മാനേജർ. അപ്പോ ഇടക്കൊക്കെ ഒന്ന് സ്മരിക്കണ്ടേ.. എടി പോത്തെ , കാട്ടു പോത്ത് കണ്ടാമൃഗമേ.. ചെയ്തത് തെറ്റാണെന്ന് തോന്നിയാ അത് തിരുത്തുന്നത് തലപോണ കാര്യമൊന്നുമല്ല, ഒരു സോറി പറഞ്ഞാൽ അവരുടെ മനസ്സിൽ നിന്നൊടുള്ള മതിപ്പ് കൂടെയുള്ളൂ. അല്ലാതെ ഉള്ള ഈഗോയും കെട്ടിപിടിച്ചോണ്ടിരുന്നാൽ ഒരാവിശ്യത്തിന് ഒരു പട്ടി പോലും തിരിഞ്ഞു നോക്കാനുണ്ടാവില്ല. നിനക്ക് ഡൽഹിക്ക് പോണം ന്നുണ്ടെങ്കിൽ എന്ത് വേണമെന്ന് നീ ശരിക്ക് ആലോചിക്ക്. തീരുമാനം ഓകെ ആണെങ്കിൽ അവരെ കാണാൻ പോകാൻ നാളെ വൈകീട്ട് ഞാൻ നേരത്തെ വരാം. ഇപ്പൊ പോയി വല്ലോം കഴിക്കാൻ നോക്ക്. കുറെ കെട്ടി പൊതിഞ്ഞു കൊണ്ട് വന്നിട്ടില്ലേ അതൊക്കെ കഴിച്ചു തീർത്തിട്ട് കിടന്നാ മതി. വിട്ടോ വിട്ടോ. ഹാ പോടി..

ദേ പിന്നെ ഇതും ആലോചിച്ചോണ്ട് നടന്ന് നാളെ ഉച്ചയ്ക്ക് അപ്പൂന്റെ ടീച്ചറെ കാണാൻ പോകാൻ മറക്കണ്ട. കേട്ടല്ലോ.. രാജീവ് അവരെ എഴുന്നേൽപ്പിച്ചു വിട്ടു.. ബീനയുടെ ചിന്തകൾ തലയ്ക്കുള്ളിൽ പെരുമ്പറ മുഴക്കി തുടങ്ങിയിരുന്നു. അയാളെ ഒന്ന് പാളി നോക്കി കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവർ യാന്ത്രീകമായി പുറത്തേക്ക് നടന്നു. " നിന്നെയല്ല നിന്റെ തന്തയെ വിറ്റ കാശുണ്ട് എന്റെ കയ്യിലുണ്ടടി മോളെ.. എന്നോടാ കളി. രാജീവ് ബീന പോയി മറയുന്നത് നോക്കി കൊണ്ട് ഉള്ളിൽ പറഞ്ഞു ചിരിച്ചു.. ചെയ്ത് പോയ ഓരോ തെറ്റിനും തൻ്റെ നല്ല പാതിയെ കൊണ്ട് തന്നെ അയാൾ പ്രായശ്ചിത്തം ചെയ്യിക്കാൻ ശ്രമിക്കുകയാണ്............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story