എന്റെ ഉമ്മാന്റെ പേര്: ഭാഗം 27

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

അടുത്ത ദിവസം ബീന പതിവിലും നേരത്തെ ഓഫീസിലേക്ക് ഇറങ്ങി. നബീസുവിനെ എങ്ങനെ അഭിമുഖീകരിക്കും ? കഴിഞ്ഞ രാത്രി മുതൽ തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ അതേ ചോദ്യം യാത്രയിലുടനീളം ബീനയെ വീണ്ടും അലോസരപ്പെടുത്തുകയാണ്. മനസാക്ഷിയുടെ കണ്ണാടി തനിക്ക് നേരെ വിരൽ ചൂണ്ടിയിട്ടും തെറ്റ് സമ്മതിച്ചു കൊടുക്കാൻ ബീനയുടെ അനാവശ്യമായ ഈഗോ അവരെ അനുവദിക്കുന്നുണ്ടായിരുന്നില്ല. തികച്ചും സ്വാർത്ഥമായ ഒരു കാരണത്തിനു വേണ്ടി സ്വന്തം മകനു മുന്നിൽ മാതൃത്വം പണയപ്പെടുത്തിയപ്പോൾ പോലും അവരുടെ മനസ്സ് ഇത്രയും ആകുലപ്പെട്ടിരുന്നില്ല. എന്നും ജയം മാത്രം അനുഭവിച്ചാനന്ദിച്ചിരുന്ന ബീനയുടെ മനസ്സ് വെറും ഒരു വേലക്കാരിയുടെ മുന്നിൽ തോൽക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ ചിന്തകൾ അവരുടെ ആത്മാവിനെ കീറിമുറിക്കുകയാണ്. കാലം ഒരിക്കലും ഒരാൾക്കുമാത്രം എഴുതി നൽകിയ തീറാധാരം അല്ല ജയം. ഇനിയും തിരക്കുകൾ വിഴുങ്ങിയിട്ടില്ലാത്ത നഗര പാതയിലൂടെ മനസ്സിനെ അലട്ടുന്ന ചിന്തകളെക്കാൾ പതിയെ ഇഴഞ്ഞുനീങ്ങുകയായിരുന്നു ബീനയുടെ കാർ .

"എന്താണ് മിസ്റ്റർ മാധവൻ എന്തായി മോൾടെ പെണ്ണുകാണൽ ? " ങാ. ഇന്നലെ വന്നവർക്ക് താൽപ്പര്യമുണ്ടെന്നാ പറഞ്ഞത് രാജീവ് ബാഗും തൂക്കി കാർ പോർച്ചിലേക്ക് വരുന്നുണ്ടായിരുന്നു.. അയാളെ കണ്ട് മാധവൻ അടുത്തേക്ക് ചെന്നു. " എന്നാ പിന്നെ അതങ്ങ് ഉറപ്പിച്ചൂടെ ? " ഹാ. ഉറപ്പിക്കണമെന്നുണ്ട് , പിന്നെ ബാക്കിയുള്ള കാര്യങ്ങൾക്കൊരു നീക്ക് പോക്ക് കാണാതെയെങ്ങിനാ സാറേ അവർക്ക് വാക്ക് കൊടുക്കണെ. " അതിന് കല്യാണം നാളെ തന്നെയൊന്നുമല്ലലോ, സമയം ആവുമ്പോഴേയ്ക്കും നമുക്കൊരു വഴി കാണാടോ കിളവാ. അല്ല ചെക്കാനെന്താ ജോലി? " കെ എസ് ആർ ടീ സീല് കണ്ടക്ടറാണ്. " ആഹാ. അപ്പോ പിന്നെ വിട്ട് കളയേണ്ട മാധവേട്ടാ. കാര്യങ്ങള് അതിന്റെതായ രീതിയിൽ മുന്നോട്ട് പോട്ടെ. ങാ പിന്നെ ഇന്ന് വൈകീട്ട് ഒരു മഹാത്ഭുതം നടക്കും. " ങേ എന്ത് മഹാത്ഭുതം ? " ഇന്നെന്റെ പെമ്പറന്നോര് നബീസൂനോട് സോറി പറഞ്ഞു ഇങ്ങോട്ട് തിരികെ വിളിക്കാൻ പോകുന്നു. " ങേ, ഇതെങ്ങിനെ സംഭവിച്ചു. ? മാധവൻ ഒന്ന് ഞെട്ടി നോക്കി.. " അതൊക്കെ സംഭവിച്ചു. ഈ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കുന്ന ഒരു നാട്ട് വൈദ്യമില്ലേ, അത് ഞാനെടുത്തങ്ങ് പ്രയോഗിച്ചു. " ങാ പ്രയോഗിക്കുന്നതൊക്കെ കൊള്ളാം. ഒടുക്കം കടി തിരിഞ്ഞു കിട്ടാതിരുന്നാ മതി. "

അങ്ങിനെ കൊത്താൻ വിടർത്തുന്ന പത്തിയുടെ ഉച്ചിക്കടിക്കാനും എനിക്കറിയാ മോനെ മാധവാ. അപ്പോ ചെല്ലട്ടെ വൈകീട്ട് നേരത്തെ വരാനുള്ളതാ. " ങാ എന്തായാലും ആ കഥ കെട്ടിട്ടെ ഞാനിന്ന് രാത്രി പോകുന്നുള്ളൂ.. രാജീവ് കാറിനരികിലേക്ക് നടന്ന് നീങ്ങുന്നത് കണ്ട് മാധവൻ പിന്നിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. " അല്ല മാധവേട്ടാ ടൂർ കഴിഞ്ഞു നമ്മടെ അരവിന്ദൻ വന്നില്ലേ ? " എവിടുന്ന്. മോള് വന്നാൽ അങ്ങേരെ കണി കാണാൻ പോലും കിട്ടില്ല. ഊട്ടിയും കോടയ്ക്കാനാലും ഒക്കെ കണ്ടു കഴിഞ്ഞപ്പോ, മോളെ കൂട്ടി ഡൽഹിക്ക് പോയീന്ന് പറഞ്ഞു കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഇനി അവിടുന്നെങ്ങോട്ടാണാവോ അടുത്ത ഓട്ടം ? " ഓഹോ. ആളിപ്പോ ഡൽഹിയിൽ എത്തിയോ.. ങാ പിന്നെ നബീസുനെ കാണുമ്പോ ഇതൊന്നും ചെന്ന് പറഞ്ഞേക്കരുത്, " ഏയ് ഞാൻ പറയാനൊന്നും പോണില്ല.. " എന്നാ വൈകീട്ട് കാണാം രാജീവിന്റെ കാർ വേഗത്തിൽ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. " ഈശ്വരാ ആ മറുത പിശാചിന്റെ അഹന്ത ഇന്നത്തോടെ തീർക്കണെ. മാധവന്റെ ഉള്ളിൽ അറിയാതെ ചിരി പൊട്ടി.. " ഇന്നലെ ഈവനിംഗ് ഞാനും താത്തൂമാരും കൂടി ഒരു സ്ഥലത്ത് പോയി. " ഹു ഈസ് താത്തൂ നിരഞ്ജൻ. വാട്ടീസ് മീനിംഗ് ബൈ ദാറ്റ് ? "

താത്തൂ ഈസ് മൈ സിസ്റ്റേഴ്‌സ്. രാവിലത്തെ ക്ലാസ്സുകൾ കഴിഞ്ഞുള്ള ഇടവേളയിൽ ചുറ്റിനും കൂടിയ മൂന്ന് നാല് കുട്ടി സുന്ദരികളെ പുളി കഥ പറഞ്ഞു കൊതി കൂട്ടാൻ നോക്കുകയായിരുന്നു അപ്പു. " ങാ. എന്നിട്ട് നിങ്ങളെല്ലാം കൂടി എവിടെയാ പോയത്? " അതൊരു സ്ഥലാ, പേരറിയല്ല. കണ്ടാ പേടിയാകും. കൊറേ ഫ്രൂട്‌സ് ഒക്കെയിണ്ട് അവിടെ ? " യൂ മീൻ ഗോസ്റ്റ് ഐലൻഡ് ? " ങാ. " എന്ത് ഫ്രൂട്‌സാ അവിടെയുള്ളത്? കുട്ടികളുടെ ആകാംഷയോടെ അവന് മുന്നിലേക്ക് നീങ്ങിയിരുന്നു. " സീ ഇത് നിങ്ങള് കഴിച്ചിട്ടുണ്ടോ ? " ഇതെന്ത് ഫ്രൂട്ട്സാ. എവിടെ നോക്കട്ടെ.. ? "ഇതാണ് പുളി. അവൻ ടീച്ചർ വരുന്നുണ്ടോ നോക്കിക്കൊണ്ട് ബാഗിന്റെ കുഞ്ഞറയിൽ നിന്ന് ഇരുമ്പൻ പുളിയും വാളൻപുളിയും ഓരോന്ന് വീതമെടുത്ത് ഡെസ്ക്കിന് മുകളിൽ വച്ചു. " ഇതിന്റെ ടേസ്റ്റ് എന്താ? സ്വീറ്റ് ആണോ? "ഏയ് ഇതിനു വേറൊരു ടേസ്റ്റ്ആ . "എനിക്ക് തരോ? " ങാ. അവൻ മൂളിക്കൊണ്ട് വാളൻപുളിയുടെ തുമ്പ് ഒടിച്ചു ഒരുവൾക്ക് നീട്ടി. അവളത് ആകാംക്ഷയോടെ വായിൽ വച്ച് കടിച്ചു. പച്ച പുളിയുടെ നേർത്ത ചവർപ്പും പുളിപ്പും നാവിലേക്ക് അരിച്ചിറങ്ങിയതും അവൾ മുഖം കോട്ടി കുളിർന്നു വിറച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.

രുചി മനസ്സിലായില്ലെങ്കിലും അവളുടെ ചേഷ്ടകൾ കണ്ട് മറ്റുള്ളവരുടെ വായിലും വെള്ളം നിറയുന്നുണ്ടായിരുന്നു. "എനിക്കും തരോ? "ങാ ... കൂട്ടത്തിൽ കൊതി മൂത്ത മറ്റൊരുവൾ അപ്പുവിനെ നേരെ കൈ നീട്ടി. അവൻ പിന്നെയും ഒരു കഷണം ഒടിച്ച് അവൾക്കു കൊടുത്തു. അവൾ ഒരു ചിരിയോടെ അത് വായിലേക്ക് വെച്ച് കടിച്ചു. " മ്മ് ട്ടും. വായ് പുളിച്ചപ്പോൾ അവൾ നാവും മേൽ മോണയും കൂട്ടി മുട്ടിച്ച് ശബ്ദമുണ്ടാക്കി. അവളുടെ പുരികവും നെറ്റിയും മുകളിലേക്ക് കോച്ചി വലിഞ്ഞു പോകുന്നുണ്ടായിരുന്നു.. "എനിക്ക് ആ പുളി മതി. " ഏയ് അത് ഞാൻ തരൂല്ല, ഇത് ജെന്നിഫറിന് കൊടുക്കാനാ. " ജെന്നിഫറോ അതാരാ ? അങ്ങിനോരാൾ നമ്മുടെ ക്ലാസ്സിൽ ഇല്ലല്ലോ. " നമ്മടെ ക്ലാസിലല്ല, ഫിഫ്ത്തിലാ. മറ്റൊരുവൾ ഇരുമ്പൻ പുളിക്ക് നേരെ കൈ നീട്ടിയതും അപ്പു അതെടുത്തു ബാഗിന്റെ കള്ളിയിലേക്ക് വെച്ചു. അത് കണ്ട് അവളുടെ മുഖം വാടി. " അതില് വേറെയും ഉണ്ടല്ലോ. ഒരെണ്ണം താ നിരഞ്ജ, പ്ലീസ്. " ഒരെണ്ണം കൊടുക്ക് നിരഞ്ജ. " ങാ. ഇനി ആർക്കും തരൂല്ലട്ടാ. " ങാ. അപ്പുവിന്റെ നിബന്ധന അവർ തലകുലുക്കി സമ്മതിച്ചു. അവൻ ബാഗിന്റെ സിപ്പ് തുറന്ന് ഒരു ചെറിയ ഇരുമ്പൻ പുളിയെടുത്തു നീട്ടി. അവളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നുണ്ടായിരുന്നു. " ഇനി ആ സ്ഥലത്തു പോകുമ്പോ ഞങ്ങക്കും വരാമോ ?

" അയ്യോ, താത്തുമാരില്ലാതെ അവിടെ നമ്മക്ക് ഒറ്റക്ക് പോകാൻ പറ്റൂല്ല. അവിടെ വല്യ ഒരു ഡോഗ് ഉണ്ട്. ഞങ്ങള് പോയപ്പോ അത് കടിക്കാൻ ഓടിച്ചിട്ടു. " എന്നിട്ട് ? " ഞങ്ങള് ഓടിയപ്പോ അത് പൊറകെ ഓടി. അപ്പോ സൈക്കിളിൽ ഒരു ചേട്ടൻ വന്നു. " അതാരാ ? " ആ. എനിക്കറിഞ്ഞൂടാ, " സൂപ്പർ ഹീറോയാണോ? " ഏയ് , ആ ചേട്ടൻ ചിരിക്കണത് മിസ്റ്റർ ബീനെ പോലെയാ. അപ്പു വായ് പൊത്തി ചിരിച്ചു. " എന്നിട്ട് ആ ചേട്ടനും ഓടിയോ, " ഇല്ല. ആ ചേട്ടൻ ഒരു പാത്രമെടുത്ത് ഡോഗിനെ എറിഞ്ഞപ്പോ അത് ഓടി പോയി.. " ഇവനിതൊല്ലാം ബഡായി പറയുവാ കാവ്യാ. പെട്ടെന്ന് അപ്പുവിന്റെ ക്ലാസ്സിലെ ഒരാൺകുട്ടി അകത്തേക്ക് കയറി വന്നു. " നീയാ ബഡായി പറയണത്, നിരഞ്ജൻ പാവാ. " അയ്യേ , ചമ്മി പോയി. റോണി ചമ്മി പോയി. അപ്പുവും കൂട്ടരും അവനെ കളിയാക്കി ചിരിച്ചു.. " നീ പോടാ ബഡായി നിരഞ്ജ. " പോടാ കോരങ്ങാ, നീയാണ് ബഡായിക്കാരൻ. അപ്പുവിന് ദേഷ്യം വന്നു.. ഒപ്പമുള്ളവർ റോണിയെ നോക്കി പിന്നെയും കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ബെല്ലടിച്ചതും കുട്ടികളെല്ലാം അവരവരുടെ സീറ്റുകളിൽ പോയിരുന്നു. " മിസ്സെ, നിരഞ്ജൻ എന്നെ കോരങ്ങാന്ന് വിളിച്ചു. ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നതും റോണി പരാതിയുമായി ചെന്നു.

അവന്റെ കാഴ്ചപ്പാടിൽ കോരങ്ങൻ എന്ന വിളി ഇന്നോളം ആരും കേട്ടിട്ടില്ലാത്ത അതീവ ലജ്ജാകരമായ അസഭ്യങ്ങളിൽ ഒന്നായിരുന്നു. " നിരഞ്ജൻ സ്റ്റാൻഡ് അപ്പ്. എന്തിനാ റോണിയെ കോരങ്ങാ ന്ന് വിളിച്ചത്? ഇങ്ങനെ ആരെയും വിളിക്കരുതെന്ന് ഞാൻ പലതവണ നിരഞ്ജനോട് പറഞ്ഞിട്ടില്ലേ? അപ്പു പേടിയോടെ പതിയെ എഴുനേറ്റ് നിന്നു. മറ്റുള്ള കുട്ടികൾ അവനെ നോക്കി ഇരിക്കുകയാണ്. " അവന്റെ കൈയിൽ വീട്ടീന്ന് കൊണ്ട് വന്ന എന്തോ സ്വീറ്റ്‌സ് ഉണ്ട് മിസ്സെ. അപ്പു പെട്ടെന്ന് കൈ പിന്നിലേക്ക് മറച്ചു പിടിച്ചു. " അത് എന്താ നിരഞ്ജൻ? ഷോ മി യുവർ ഹാൻഡ്. ടീച്ചർ അവനരികിലേക്ക് വന്നു അപ്പുവിന്റെ കൈ പിടിച്ചു നോക്കി. " പുളിയോ, എവിടുന്നായിത് ? " വീ..ട്ടീ.. ന്ന്. " ഈ വക സാധാനങ്ങളൊന്നും സ്കൂളിൽ കൊണ്ട് വരരുതെന്ന് നിരഞ്ജന് അറിഞ്ഞൂടെ. " ങാ. ടീച്ചർ അവന്റെ കൈയിൽ നിന്ന് അത് പിടിച്ചു വാങ്ങി അവനെ നോക്കി കണ്ണുരുട്ടി. അപ്പു ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുകയാണ്. അപ്പുവിന്റെ പെൺസുഹൃത്തുക്കൾ ദേഷ്യത്തോടെ റോണിയെ നോക്കി. അവൻ അവരെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. " ഇനി ഇതുപോലെ എന്തെങ്കിലും ബാഗിലുണ്ടോ? " മ്മ്ച്ചും . " ഉം ഡോണ്ട് റിപ്പീറ്റ് തിസ്. സിറ്റ് ഡൗണ് . ടീച്ചറുടെ ചോദ്യം തീരുന്നതിന് മുൻപേ അപ്പു ചുമലിളക്കി ശബ്ദമുണ്ടാക്കി.

അവർ അവനെ ചൂഴ്ന്ന് നോക്കി കൊണ്ട് പുളിയുമായി അവരുടെ ഇരിപ്പിടത്തിലേക്ക് പോയി. " ഞാനിന്ന് വൈകീട്ട് കുറച്ചു നേരത്തെ പോകും റാഫി ? " അപ്പോ ഇന്നത്തെ ഈവനിംഗ് മീറ്റിങ് ? ഓഫീസിൽ ഇരിക്കുമ്പോഴും ബീനയുടെ ചിന്തകൾ ആകെ കലുഷിതമായിരുന്നു. അവർ സബോർഡിനെറ്റ് റാഫിയെ കാബിനിലേക്ക് വിളിപ്പിച്ചു. " അത് നമുക്ക് നാളെത്തേക്ക് പോസ്റ്റ്പോൺ ചെയ്യാം. " എന്ത് മാറ്റി മാം, രാവിലെ മുതൽ ഭയങ്കര ഡള്ളണല്ലോ ? " യാ. ഫീൽ നോട്ട് വെൽ റാഫി. പിന്നെ ആനുവൽ റിപ്പോർട്ട് കംപ്ലീറ്റ് ആയാൽ മെയിലിലേക്കിട്ടേക്കു. " ഷുവർ മാം. പിന്നെ ഡൽഹിക്ക് ആരൊക്കെയാ പോകുന്നതെന്ന് ഇതുവരെ ഡിസൈഡ് ചെയ്തിട്ടില്ല ? " യാ. ഐ നോ. ഇറ്റ് വിൽ ബി ക്ലിയർ റ്റുമൊറോ. " ഓകെ മാം.. അല്ല മാം ലഞ്ച് കഴിക്കുന്നില്ലേ? " ഇല്ല റാഫി, ഗേറ്റ് മീ വൺ കോഫി. " ഓകെ മാം. റാഫി മൂളി കൊണ്ട് ക്യാബിന് പുറത്തേക്ക് പോയി. ബീന കസേരയിൽ ചാരി കിടന്നു കൊണ്ട് നെറ്റിയിൽ വിരലോടിക്കുകയാണ്.. പെട്ടെന്ന് മൊബൈലിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ട് അവർ ഫോണെടുത്തു നോക്കി. ഡിസ്പ്ലേയിൽ രാജീവിന്റെ മെസ്സേജ്.

" Don't forget to go to Appu's school. മെസ്സേജ് വായിച്ചു കൊണ്ട് അവർ കൈയിൽ വാച്ചിലേക്ക് നോക്കി. സമയം ഒരു മണി. " ഓ ഇനി അങ്ങോട്ട് കെട്ടിയെടുക്കണോല്ലോ, വെറുതെ ഓരോന്ന് ചാടി കേറിയേൽക്കണ്ടായിരുന്നു. നാശം. ക്ലാസ് ടീച്ചർ, നബീസു ഹോ. എല്ലാം കൂടി എന്റെ തല പെരുക്കുന്നുണ്ട്. " മാമിതാരോടാ ഈ ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നത്? ടേബിളിന് മീതെ തലയിൽ കൈയൂന്നി കുനിച്ചിരുന്നു ദേഷ്യത്തിൽ ബീന സ്വയം സംസാരിക്കുകയാണ്. റാഫി അവർക്കുള്ള കോഫിയുമായി അകത്തേക്ക് വന്നു കൊണ്ട് അവരെ സംശയത്തോടെ നോക്കി. " ഹേയ് നതിങ് റാഫി. താങ്ക്യു. " വെൽ കം മാം. റാഫി കയ്യിലിരുന്ന കോഫി അവർക്ക് നീട്ടിയ ശേഷം നന്ദി പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. ബീന പിന്നെയും ആലോചനയിലേക്ക് വീണു. " ഇതെന്ത് അച്ചാറാ നബീസു ? " ഇന്നലെ അവര് കൊണ്ടുവന്ന ചെമ്മീ പുളിയാ. വച്ചോണ്ടിരുന്നാ ചീഞ്ഞു പോകും. അതാ ഇന്നലെ രാത്രി ഇത് അച്ചാറിട്ട് വെച്ചത്. " ആഹാ. ഇത് കൊള്ളാല്ലോഡി പെണ്ണേ. കോശിച്ചയാന് ഭക്ഷണം വിളമ്പിയ കൂട്ടത്തിൽ നബീസു അവൾ കൊണ്ട് വന്ന ഇരുമ്പൻ പുളിയച്ചാർ പ്ലേറ്റിലേക്ക് ഇട്ടു. അയാളത് തൊട്ട് നക്കി രുചിയറിഞ്ഞ ശേഷം ചോറിനൊപ്പം കുഴച്ചുരുട്ടി ആസ്വദിച്ചു കഴിക്കുകയാണ്. "

ഉള്ള മരത്തിലും കാട്ടിലൊക്കെ കേറി വിയർത്ത് കുളിച്ചാ മൂന്നും കൂടി വന്നത്. ആ കോലം അന്നാമ്മച്ചി ഒന്ന് കാണണോയിരുന്നു. സത്യം പറഞ്ഞാ സന്ധ്യക്ക് പിള്ളേരുടെ കൂടെ അവനെ കൂടി കണ്ടപ്പോ എന്റെ നല്ല ജീവനങ്ങ് പോയി. പിന്നെ ഒരു കണക്കിന് കൈയും മുഖോക്കെ കഴുകിച്ചു ഇവിടെ കൊണ്ടൊന്നാക്കി. " എന്തായാലും മൂന്നുപേരും കൊള്ളാം. നബീസു ഇന്നലെ നടന്ന കഥകളൊക്കെ അവരെ പറഞ്ഞു കേൾപ്പിക്കുകയായിരുന്നു. കോശിച്ചയാനും അന്നാമ്മച്ചിയും അത് കേട്ടിരുന്നു ചിരിക്കുന്നുണ്ടായിരുന്നു. " അവനാകെയുള്ള കൂട്ട് നിന്റെ മക്കളാ, അപ്പോ അവര് വിളിച്ചാൽ അവൻ എവിടെ വേണേലും പോകും. അതിന് അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല പെണ്ണേ. " കാര്യക്കെ ശരിയാ , പക്ഷെ അവന്റെ അമ്മയിത് അറിഞ്ഞാലുണ്ടാകാൻ പോണ പുകില് സാറിനറിയല്ലോ. ഇന്നലെ വന്നിട്ട് ഇനി എന്തൊക്കെയാണാവോ ഉണ്ടായത്?. വൈകീട്ട് അവൻ വന്നൊന്നു കാണാതെ ഉള്ളിലൊരു സമാധാനം കിട്ടില്ല. അപ്പുവിനെ കുറിച്ചോർത്തപ്പോൾ നബീസുവിന്റെ ഉള്ളിൽ ആധി പെരുകുന്നുണ്ടായിരുന്നു.. " ആ ജന്തുന്റെ കാര്യം പറയാതിരിക്കാ നല്ലത്. ഇത്ര മെനകേട്ട സ്ത്രീകളുണ്ടാവോ. നീ കുറച്ചു അച്ചാറിങ്ങിട്ടെ.

" ദേ അച്ചായാ നിങ്ങളീ ഹൈ ബിപിയും വെച്ചോണ്ട് ഉള്ള അച്ചാർ മുഴുവൻ ഇങ്ങനെ കഴിക്കല്ലേ. " ഇച്ചിരി അച്ചാർ കഴിച്ചിട്ട് തട്ടി പോകുന്നേൽ അങ് പോട്ടെടി ഭാര്യെ. " എന്ത് പറഞ്ഞാലും അവസാനം ഇതങ് പറഞ്ഞൊഴിഞ്ഞാ മതീല്ലോ. അന്നാമ്മച്ചി പരിഭാവത്തോടെ അയാളെ നോക്കീ.. " ദേ സാറേ പ്രഷർ ഉണ്ടെങ്കി കുറച്ചൂ കഴിച്ചാ മതീട്ടോ. " ഹാ അവളതെക്കേ പറഞ്ഞോളും നീയങ്ങോട്ട് ഇട്ടെ പെണ്ണേ. അല്ലെടി മോളെ നീ അവളെ അന്നാമ്മച്ചീന്നും എന്നെ സാറെന്നും വിളിക്കുന്നത് എവിടുത്തെ മര്യാദയാ ? " അല്ല അത് പിന്നെ. " ങാ ഒരു പിന്നെയുമില്ല. ദേ നീയും ഇനി എല്ലാരും വിളിക്കണ പോലെ അച്ചായാന്ന് വിളിച്ച മതി. കേട്ടല്ലോ. " ങാ.. " ഹാ നോക്കി നിൽക്കാതെ ഇങ്ങോട്ട് വിളിമ്പടി.. അച്ചായൻ ഉറക്കെ ചിരിച്ചു. നബീസു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പ്ലേറ്റിലേക്ക് അച്ചാർ വിളമ്പി. " ഇതെന്താ മിസ്സെ ഉച്ചയ്ക്ക് കറിയൊന്നുമില്ലാഞ്ഞിട്ടാണോ ഈ ചെമ്മീ പുളി കടിച്ചു കൂട്ടണത്. " ഏയ്. ഇതിന്ന് ക്ലാസ്സിലെ ഒരു കുട്ടീടെ കയ്യീന്ന് കിട്ടീതാ. കണ്ടപ്പോ ഒരു കൊതി ഭക്ഷണം കഴിക്കുന്നതിനിടയിൽ അപ്പുവിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ഇരുമ്പൻ പുളിയെടുത്ത് ടീച്ചർ ഒന്ന് കടിച്ചു. " എന്താ മിസ്സെ. ഇങ്ങനെ വാക്കൂള് തോന്നാൻ വിശേഷം വല്ലതും ആയോ ? " അയ്യേ. വിശേഷം ഒന്നുമായിട്ടല്ല. നമ്മളും പണ്ട് സ്കൂളീ പഠിക്കുമ്പോ ഇതൊക്കെ പറിച്ചു നടന്നിട്ടുള്ളതല്ലേ മിസ്സെ , ഇത് കണ്ടപ്പോ പെട്ടെന്ന് അതൊക്കെ ഓർമ്മവന്നു. " ഉം നോസ്റ്റു നോസ്റ്റു.. "

അത് പിന്നെ ആർക്കായാലും ഉണ്ടാവില്ലേ മിസ്സെ. " ങാ എന്ന ഒരു കഷ്ണം എനിക്കൂടെ താ.. ടീച്ചേഴ്സ് അവരുടെ പഴയ സ്കൂൾ കാലഘട്ടങ്ങളുടെ ഓർമ്മകൾ പറഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കുകയാണ്. " ഇതെന്താ അപ്പു.? " ഇത് പുളിയാ, കൊച്ചൂന് തരാൻ കൊണ്ടോന്നതാ ഞാൻ. " എന്നാ താ.. ജെന്നിഫറും അപ്പുവും ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി കൊണ്ട് വരുന്നുണ്ടായിരുന്നു.. അപ്പു ചുറ്റും നോക്കി കൊണ്ട് പോക്കറ്റിൽ നിന്ന് രണ്ട് തരം പുളികളുമെടുത്ത് അവൾക്ക് നീട്ടി. " ങാ ഇത് ഞാൻ തിന്നിട്ടുണ്ട്. അമ്മെടെ വീട്ടില് ഇതിന്റെ വല്ല്യൊരു ട്രീയുണ്ട്. " അതെവിടെയാ ? " അത് കൊറേ ദൂരെയാ.കാഞ്ഞിരമറ്റം ന്നാ പറയാ. അവൾ അതിലൊരു കുഞ്ഞു പുളിയെടുത്തു കടിച്ച ശേഷം ബാക്കിയെല്ലാം കഴുകിയടച്ചു വെച്ച പാത്രം തുറന്ന് അതെലേക്കിട്ടു അടച്ചു. " അപ്പൂന്റെ വീട്ടില് ഇതിന്റെ ട്രീയുണ്ടോ? " മ്മ് ച്ചും. " പിന്നെവിടുന്ന ഇത്രേം പുളി? " അത് താത്തൂ തന്നതാ. ഇതിന്റ് ട്രീയുള്ള സ്ഥലോക്കെ താത്തൂനൊക്കെയെ അറിയുള്ളൂ.. " ഓരോസം എന്നെ താത്തൂന്റെ വീട്ടി കൊണ്ടോണോട്ടോ. " ങാ.. ഇരുവരും ഒരുമിച്ചു കളിപറഞ്ഞു വരാന്തയിലൂടെ നടക്കുകയാണ്. ഈസമയം ബീനയുടെ കാർ സ്കൂളിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി വരുന്നുണ്ടായിരുന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story